Asianet News MalayalamAsianet News Malayalam

നീറ്ററുകൊല, മായാ കിരണ്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മായാ കിരണ്‍ എഴുതിയ കഥ 

 

chilla  malayalam short story by Maya Kiran
Author
Thiruvananthapuram, First Published Sep 16, 2021, 7:55 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla  malayalam short story by Maya Kiran


നീറ്ററുകൊല

ഉത്തമന്‍ ആ കവലയിലേയ്ക്ക് വന്നിറങ്ങിയപ്പോള്‍ സമയമേതാണ്ട് പന്ത്രണ്ടര കഴിഞ്ഞു കാണണം. ഏതായാലും വഴിവിളക്കിന്റെ അതിപുരാതന സങ്കല്‍പ്പമായൊരു മഞ്ഞവെളിച്ചമല്ലാതെ മറ്റൊരു വെട്ടവും ഏഴയലത്തില്ല എന്നതയാളെ ക്ഷണിക നേരമെങ്കിലും ഭ്രമിപ്പിച്ചിരിയ്ക്കണം. ആ കവലയുടെ ഓരങ്ങളിലുള്ള കടകളെല്ലാം ഷട്ടര്‍ ഇട്ടു പൂട്ടിക്കഴിഞ്ഞിരുന്നു.  നാലും കൂടിയ ആ കവലയുടെ വടക്കു കിഴക്കേ മൂലയിലുള്ള സനലിന്റെ പൂക്കടയ്ക്കരികെ മാത്രം അല്‍പ്പം വെട്ടം അവശേഷിച്ചിട്ടുണ്ട്. 

''മ് അവനും ഭാര്യേം കൂടി നാളെ അമ്പലത്തിലേയ്ക്കുള്ള അടുക്കുമാല കെട്ടുകയായിരിയ്ക്കും' അയാളങ്ങനെ പിറുപിറുത്തു കൊണ്ടൊന്നാടി നിന്നു.

''ശ്ശെടാ ! ഒരു പൂന്തോട്ടം സ്വന്തമായുണ്ടേലും ജീവിയ്ക്കാനൊക്കാത്ത ഇക്കാലത്തും അവരീ പൂക്കച്ചോടം കൊണ്ടക്കെ എങ്ങിനെ കഴിയുന്നോ എന്തോ?'' അയാള്‍ അതിശയപൂര്‍വ്വം തന്നെ സ്വയം ചോദിച്ചു പോയി.

''ഒന്നവിടം വരെ പോയി നോക്കിയാലോ? സുനിയെ ഒന്ന് കാണുകേമാവാം, പിന്നെ പറ്റിയാ അവന്റെ ഭാര്യേം!'' മനസ്സിലെ ശങ്കയെ അനുധാവനം ചെയ്തു കൊണ്ട് പെട്ടെന്നയാള്‍ ഉടുത്തിരുന്ന മുണ്ടൊന്നു കൂടി മാടിക്കുത്തി അങ്ങോട്ടേയ്ക്ക് രണ്ടടി വച്ചു.

''ഒഹ് കോപ്പ്! അല്ലങ്കി വേണ്ട, അവന്റെ തള്ളയവിടെയൊണ്ടങ്കി പണിയാണ്. ഈ പാതിരാത്രീലവടെ ചെല്ലണതവര്‍ക്ക് പിടിയ്ക്കത്തില്ല. തന്നേമല്ല പണ്ടാരം നാക്കെടുത്താ പിന്നെ ക്ണാപ്പ് വര്‍ത്താനേ പറയത്തൊള്ളു. പോവാണ്ടിരിയ്ക്കണതാ ബുദ്ധി!'' 

ശ്ശെ പറയാന്‍ മറന്നു, ഫോര്‍ട്ട് കൊച്ചിയില്‍ ഒരു കോണ്‍ട്രാക്ട് കമ്പനി തൊഴിലാളിയാണ് ഈ ഉത്തമന്‍. ആറടി പൊക്കത്തിലെ ഒത്ത ശരീരമയാളെ ആജാനബാഹു എന്ന വിശേഷണത്തിലേയ്ക്കിറക്കി നിര്‍ത്തിയിരുന്നു. രസകരമായ കാര്യമെന്തെന്നാല്‍ ഉത്തരത്തില്‍ ഉദാത്ത മാതൃക പിന്തുടരുന്നവനാണുത്തമനെന്നാണ് അയാളുടെ സ്വത്വനിര്‍ണ്ണയം.
എന്നാലോ അതേ സമയം തന്നെ അസാധ്യ കള്ളത്തരം മിനുക്കുന്ന ശരീരഭാഷയാണയാള്‍ക്ക് എന്നൊരു 'കുളിക്കടവ് പെയ്‌ത്തൊ'ള്ളത് അയാള്‍ക്കുമറിയാം. 'ഊത്ത് ഉത്തമ 'നെന്നൊരു വട്ടപ്പേര് അയാളുടെ പ്രവര്‍ത്തനമേഖല സാധൂകരിയ്ക്കും വിധത്തില്‍ ഒത്തിണങ്ങിയിരുന്നു എന്നതിവിടെ പരമാര്‍ത്ഥഗണത്തില്‍ ചേര്‍ത്തു വായിയ്ക്കണം.

''കോപ്പിലെ പരിപാടി! എന്നാലും ലതല്‍പ്പം കടന്ന ചെയ്ത്തായ് പോയന്റ പാറോ, ചെറിയ കാലാണെലും ന്തൊരു കനമെന്റെ ഭഗോതീ. നെഞ്ചിന്‍ കൂടില്ലേ ചവിട്ട് കിട്ടീത. ശ്ശോ ഇദ് പണിയാവാതിരുന്നാല്‍ മതിയാരുന്നു! ' അയാള്‍ ആകാശം നോക്കി ഒരു കയ് നെഞ്ചിന്‍മേല്‍ വച്ച് കൊണ്ട് ആരോടെന്നല്ലാതെ പറഞ്ഞു. ശേഷം സ്വന്തം കൈത്തണ്ടയില്‍ മെല്ലെ തടവി.

''നരഹത്തിന് എന്നാ നഖവാ, പൊല... അല്ലേ വേണ്ട..!'' പറയാന്‍ വന്നത് വിഴുങ്ങി  അയാള്‍ കഴുത്തിന് പിന്നില്‍ തടവി. പിടലിയിലെവിടെയൊക്കെയോ വല്ലാതെ നീറുന്നുണ്ട്. ഉടുത്തിരുന്ന കൈലിയിലും ഇട്ടിരുന്ന ഷര്‍ട്ടിലും ഉളുമ്പ് മണക്കുന്നു. ഒരു തരം ചത്തുപൊങ്ങിയ മീനിന്റെ മണം. അയാള്‍ക്കാകെ ഒരറപ്പു തോന്നി.

''ഹാ വീടെത്തിട്ട് ഒന്ന് കുളിയ്ക്കണം.'' പുറത്തെ ആ മണം കളയാന്‍ നല്ല ഒന്നാം തരം ഡോവ്‌സോപ്പ് മാത്യു തന്നിട്ട്ണ്ടല്ലോ.
അതൊന്ന് പരീക്ഷിയ്ക്കയുമാവാം ഈ അവിഞ്ഞ മണോം കളയാം.'' അയാള്‍ ഉരിഞ്ഞു തുടങ്ങിയ മുണ്ടൊന്ന് മുറുക്കിയുടുത്ത് മാടിക്കുത്തിക്കൊണ്ട് മുന്നോട്ട് നടന്നു.

''പിന്നെയിനി ആ അകത്തെ മണം, ലഹരിയല്ലേയത.... ശ്ശെടാ! അദ് അവ്‌ടെ കിടക്കട്ടെന്ന്! ആരറിയാന്‍? അതൊരു സുഖാല്ലേ?.. യേത്....?''

സ്വയമങ്ങനെ പുലമ്പിക്കെണ്ട് അയാള്‍ ഏതോ ഒരോര്‍മയില്‍ വഷളലിപ്തനായ് കുലുങ്ങിചിരിച്ചു. രാത്രിയുടെ ഇരുട്ടിന്റെ മറ അയാളില്‍ ലഹരിയായതുപോലെ .

'പിഞ്ചു പൂവിതള്‍ ചന്തം കടയ്ക്കയില്‍ -
നൊന്തു തേടുന്ന പൂവണ്ടു തന്നെ ഞാന്‍ -
പിഞ്ചിളം തേനരത്തുള്ളിയെങ്കിലും -
കൊണ്ടുപോയിടും വണ്ടു ഞാന്‍ ശുണ്ഡിതന്‍ ! ' 

ഈണത്തിലൊരു  ചൊല്‍ക്കവിത ചൊല്ലിക്കൊണ്ടയാളേതോ ചിന്തയിലങ്ങ് നടന്നു. കുറുനരിയുടെ കാല്‍പ്പതനത്തോടെ .


''എന്നാലും എന്തൊക്കെയാരുന്ന്, എതിര്‍പ്പ്, രോദനം, അലര്‍ച്ച! ഒടുക്കമോ? കുംഭ വീര്‍ത്ത തവളകളുടേത് മാതിരി പതുപതുത്ത ആ പഞ്ഞിക്കെട്ട്! ... ശ്ശോ ഞെരിയ്ക്കുമ്പോളാണ് മാധവാ, സ്വര്‍ഗ്ഗമല്ലേ സ്വര്‍ഗ്ഗം!'' അയാള്‍ ഒരു നിമിഷ നേരത്തില്‍ തന്റെ കൈവെള്ളയിലേക്ക് ഒന്ന് നോക്കി. 

അന്നേരം തന്നെയാണ്, മാനം പൊട്ടിച്ച് താഴെ വീണ നിലാവിന്റെ തുണ്ട് അയാളുടെ കൈയില്‍ വീണ് ചിതറിയത്.

''ടപ് !' പിന്നില്‍ നിന്നൊരൊച്ചകേട്ട്, ഒന്ന് നടുങ്ങിയയാള്‍ തിരിഞ്ഞു നോക്കി. വൈദ്യരുടെ ഹോട്ടലിലെ വളര്‍ത്തു പൂച്ചയാണ്, പാതിരാത്രി കഴിഞ്ഞനേരത്തു വിട്ടിളിനെ പിടിയ്ക്കാന്‍ നോക്കുകയാണത്.

'ഛെ ! ഈ നശൂലത്തിനൊന്നും ഉറക്കൊമില്ലേ? മനുഷ്യനെ പേടിപ്പിക്കാന്‍ ഇറങ്ങിക്കോളും.'' അയാള്‍ ഉള്ളാലെ പറഞ്ഞു .

മനസ്സുകൊണ്ടെന്നാലും, പേടി എന്ന വാക്ക് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, ഊത്തനുത്തമന്റെ കണ്ണുകള്‍ തനിക്കു പിന്നിലായ്, കിഴക്കോട്ട്  മഞ്ഞചേരപോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പൂഴി റോഡിലേക്ക് നീണ്ടു.  ആ പൂഴിറോഡ് ചെന്ന് നിക്കുന്നത് വേമ്പനാട് കായലിന്റെ കടവിന്പറ്റെയാണ്. വെറുതെയയാളുടെ ചിന്തകള്‍ അങ്ങനെ നിന്ന നില്‍പ്പില്‍ കാടുകയറ്റാന്‍ തുടങ്ങി. എന്നാല്‍ നിജസ്ഥിതി എന്താണെന്നാല്‍, ആ കുറ്റാക്കുറ്റിരുട്ടില്‍, അവിടെയെങ്ങും ഒരു പൂച്ചക്കാളി പോലൂല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ അയാള് മടിച്ചുവെന്നതാണ്. ഭ്രാന്തുപിടിച്ചു പൂത്തു കായ്ച്ചു നില്‍ക്കണ കൈതക്കാടുകളും, പെണ്ണിന്റെ നാണമെന്നു ദുഷ്പേര് കേട്ട തൊട്ടാവാടികളും യാതോര് പേടില്ലാതെ വളര്‍ന്ന് മുറ്റി നില്‍ക്കണ ഇടാണാ കടവ്, വേമ്പനാട് കായല്‍ക്കടവ്! കക്കാ നീറ്റണ മണം ഉള്ളില്‍ നിറയുന്നൊരു വിജനമായ ശവപ്പറമ്പ് പോലൊരിടം! ആ തോന്നലില്‍ പക്ഷേ അയാളൊന്നു വിറച്ചു.

വേമ്പനാട് കായലിലെ നീറ്ററുകൊലയെപ്പറ്റി പണ്ട് ചേക്കുട്ടി മാമന്‍ പറഞ്ഞ കാര്യമാണ് അപ്പോ ഉത്തമനോര്‍മ വന്നത് . 

നേരം കെട്ട നേരത്ത്, സൂചി വീണാല്‍ കേള്‍ക്കുന്നത്രയും ഭ്രാന്തമായ ആ നിശബ്ദതയില്‍ ചോര വാര്‍ന്നഎ വെള്ളത്തില്‍ മുങ്ങിച്ചത്തു പൊങ്ങുന്ന നീറ്ററുകൊല! 

ആളായും ആലായും നത്തായും നരിയായും കാറ്റായും കനലായും കൂടുമാറുന്ന നീറ്ററുകൊല.

പെണ്‍ നെഞ്ചു പെഴപ്പിച്ച ചാത്തനും ചങ്കരനും ചാവുകാട്ടിയ നീറ്ററുകൊല.

കെഴക്ക് വെള്ള കീറണേനും മുന്നെ, വേലിയെറങ്ങണേനും മുന്നേ, തനിയ്‌ക്കൊത്തവരെ കായല്‍ത്തട്ടിലെയ്ക്കൂറ്റിപ്പായണ നീറ്ററുകൊല!

ഇരുമ്പു തൊട്ടയയുന്ന ചെഞ്ചോരത്തുള്ളിയുടെ ചൂരും ശ്വാസം മുട്ടിപ്പിടഞ്ഞുടയുന്ന പ്രാണനും കായലിന്റെ ഉള്‍ത്തട്ട് തൊട്ടുചേരുന്ന നിമിഷം അതുണരും, കൂടുവിട്ട് കൂടുമാറിക്കാലനായതുണരും. 

അതെ! 'നീറ്ററുകൊല!' ആ ഓര്‍മ്മയില്‍ ഉത്തമനൊന്നു പിടഞ്ഞു. അയാളിലെ ഭയം കക്ക നീറ്റണ പോലെ വേവിയ്ക്കാന്‍ കഴുത്തിന് പിന്നിലൊരു പാട്! ഇളം നഖം കിനിഞ്ഞിറങ്ങിയ പാട്.

എന്നാലോ, അപ്പഴും സ്വയം സാന്ത്വനമാവാനും അയാള്‍ മാര്‍ഗ്ഗം കണ്ടെത്തി.

'ഹാ സ്വയംചത്തതും  തല്ലിക്കൊന്നതും ഒക്കെ കൂടി കൊറേ പാവങ്ങള്‍ ആ കായലിന്റെ അടിത്തട്ടിലൊണ്ടല്ലോ. അതിലേതെങ്കിലും ഒക്കെയാവും ആശതീര്‍ക്കാനും പകയൊടുക്കാനും ഒക്കെയായിട്ട് ഇറങ്ങി നടക്കണത്.' അങ്ങിനെ അയാള്‍ സ്വയംസമാധാനിപ്പിയ്ക്കാനാവുന്നതു പോലെ ശ്രമിച്ചു.  ഉള്ളിലെ വ്യാഘ്രം മെല്ലെയുറങ്ങുന്നതയാളറിഞ്ഞു, നിസ്സഹായനായി!

എങ്കിലും 'അറുകൊലപ്പേടി'  ഒന്ന് തട്ടിയതിനാല്‍ ഊത്ത് ഉത്തമന്‍ സാധാരണ ശബ്ദധാരയ്ക്കപ്പുറം പല ആവൃത്തി ബന്ധിത ശബ്ദ വീചികളും ശ്രദ്ധിച്ച് ഗ്രഹിയ്ക്കാന്‍ തുടങ്ങി. അല്ലെങ്കിലും ഭയം, അതൊരു സിംഹഗുഹയാണ്, പേടിച്ചരണ്ട മാന്‍പേടകള്‍ ഓടിയൊളിയ്ക്കും തരത്തില്‍ ഇരുട്ടടഞ്ഞ ഒന്ന്.

അയാള്‍ തന്റെ മടിക്കുത്തില്‍ സൂക്ഷിച്ചിരുന്ന ബീഡിയെടുത്ത് കത്തിച്ചുകൊണ്ട് റോഡ് മുറിച്ചുകടന്ന് പടിഞ്ഞാറ്റു ദിക്ക് ലാക്കാക്കി നടന്നു.

ഇരുട്ട് അതിന്റെ നിറമൊട്ടും കുറയ്ക്കാതെ നെഞ്ച് വിരിച്ചങ്ങു കിടക്കുന്നുണ്ട്. റോഡിന്റെ രണ്ടരികുകളിലും തൊട്ടാവാടികള്‍ കണ്ണടച്ചുറങ്ങുന്നു . ആ വഴിയിലൂടെ നടക്കുമ്പോള്‍ ദൂരെ നിന്നും ചീവീടുകളുടെ നിലയ്ക്കാത്ത നിലവിളിയൊച്ചകള്‍ അയാളെ വല്ലാതെ ഭയചിത്തനാക്കിക്കൊണ്ടിരുന്നു.

'ഓ എന്നാ പേടിക്കാനാ, ഒരു നൂറടികൂടി മുന്നോട്ടു പോയ് ദേവിയമ്മേടെ മുന്നിലൊന്നു കൈ കൂപ്പുമ്പോ ഈ ഉള്ളു പതര്‍ച്ചയ്ക്ക് ഒരറുതി വരൂല്ലോ'  അങ്ങിനെ ഒരന്തം കണക്കുകൂട്ടി അയാള്‍ മുന്നോട്ടു നടന്നു. അല്ലെങ്കിലും മറ്റാശ്രയമില്ലാതാവുന്നവര്‍ക്ക് ഭക്തിത്വ വികസനം സ്വാഭാവികമെന്ന് സാക്ഷ്യം .

'ഡാ ഉത്തമാ നീ ഈ പാതിരാത്രി എവിടെ പോയിട്ട് വരണെണ്? കമ്പനീന്നാണാ?'

ഒന്ന് ഞെട്ടിയെങ്കിലും പിന്നില്‍ നിന്നാരോ അങ്ങനൊന്നു ചോദിച്ചപ്പോലെ തോന്നിയാണയാള്‍ തിരിഞ്ഞു നോക്കിയത് .

ഒരു കെട്ട് ഞാറ്റ്കയറും തലേല്‍ വെച്ചോണ്ട് വന്നയാളെ പക്ഷേ തിരിച്ചറിയാന്‍ ഉത്തമന്‍ തന്റെ കണ്ണുകളെ കഴിയുന്നത്ര ചിറുക്കിച്ചു നോക്കേണ്ടി വന്നു. 

'ഹാ മംഗളന്‍' അയാളുടെ മുഖത്ത് പെട്ടെന്നാണ് ഒരുണര്‍വ്വ് വന്ന് നിറഞ്ഞത്.

'ങ്ഹാ എടാ മംഗളാ നീയാരുന്നാ, ഞാനൊന്ന് പതറി. അല്ലടാ ഈ പാതിരാത്രി നീ ഈ കയറ്റു കെട്ടുമായിട്ട്  ഇതെവിടന്ന് വരണ്? കുമരകത്ത് പോയാരുന്നാ?'

'ഓഹ് ! ഒന്നും പറയണ്ടെന്റെ ഉത്തമാ, ഞാന്‍ നമ്മട കെഴക്കേ കടവീന്ന് വരണ വഴിയാണടാ. ഈ കയറെടുക്കാന്‍ പോയതാ.'

'അതെന്നാടാ ഈ നേരത്ത് ? ഈ നേരത്ത് തലയ്ക്ക് വിവരവൊള്ള ആരേലും കയറെടുക്കാന്‍ പോവോടാ. അതും കെഴക്ക്! കൊള്ളാം' ഉത്തമന്‍ സംശയദൃഷ്ടിയോടെ പറഞ്ഞു

'ഓഹ് അതാണാ കാര്യം?' 

'അതേയ്‌നോക്കാനറിയാത്തവനെ നോക്കാനേപ്പിച്ചതിന്റെ ഗുണാണ' ആ വര്‍ത്തമാനത്തില്‍ ഉത്തമനൊന്നു പതറിയതു പോലെ തോന്നി. 

'ടാ നീ ആരട കാര്യാ പറയണേ?'

'ഡാ മ്മടെ ശാര്‍ങ്ങനെ. അവനെയാ ഞാന്‍ ഈ കയറെടുക്കാന്‍ പറഞ്ഞത് ഏപ്പിച്ചത്'

'എന്നിട്ട്'

'ഹാ പളു! അവന്‍ നമ്മടെ ആ കണ്ടനാട്ട് ബാബുന്റെ ഷാപ്പിന്ന് കള്ള് മോന്തിയേച്ച് ആ കവലേലെ  ഷെഡില്‍ തന്നെ കെടപ്പൊണ്ട്.  ഞാന്‍ ഉച്ച കഴിഞ്ഞപ്പ തൊട്ടു പറേണയാണ് പോയാ കയറെടുക്കാന്‍. എടാ ഇന്ന് ഉച്ചയ്ക്ക് മുമ്പ് കൊടുക്കണ്ട മൊതലാണിത് .അറീവാ?..  എരണംപിടിച്ചവന്‍ അതൊക്കെ എവടന്നു കേള്‍ക്കാന്‍?'

'ഓ അപ്പം അവനാ വെയ്റ്റിംഗ് ഷെഡിലൊണ്ടാരുന്നാ? അടിപൊളി! സത്യത്തീ ഞാന്‍ ഒന്ന് പേടി കിട്ടിയാടാ ഞാന്‍ ഇങ്ങോട്ട് നടന്നത്.' ഉത്തമന്‍ ജാള്യത മറയ്ക്കാതെ പറഞ്ഞു

'അത് നല്ല വിറ്റ് തന്നളിയാ, നിനക്കും പേടിയാ? ഞാനത് ബോധിച്ചെന്റെ ഊത്താ...' 

മംഗളന്‍ അര്‍ത്ഥഗര്‍ഭമായി ഒന്ന് നിശ്വസിച്ചു. ഉത്തമന്‍ പക്ഷേ അത് ശ്രദ്ധിയ്ക്കാതെ മുന്നോട്ട് നടന്നു. അയാളുടെ വലതുവശം ചേര്‍ന്ന് മംഗളനുണ്ടെന്നത് സത്യത്തില്‍ അയാള്‍ക്കൊരാശ്വാസമായിരുന്നു.

'ടാ ഊത്താ, അപ്പം നിന്റെ പെടലിടെ നീറ്റല് കൊറഞ്ഞോടാ? നന്നായി ചോര പൊടിഞ്ഞിട്ടൊണ്ടല്ലാ' 

അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ ഒന്നു വിരണ്ടു പോയ അയാള്‍ വരണ്ട ചൊറിപ്പാടില്‍ നഖം കൊണ്ട് വരയുന്നൊരു ഭാവത്തോടെ  തന്റെ വലതുവശം ചേര്‍ന്ന് നടക്കുന്ന മംഗളന്റെ ആ രൂപത്തിലാകെയൊന്നു നോക്കി. പക്ഷേ ഒരു ഭാവമാറ്റവുമില്ലാതെ മംഗളന്‍ മുന്നോട്ട് നടക്കുന്നത് കണ്ട് ഉത്തമന്‍ ഒന്നു പരിഭ്രമിച്ചു .

'അല്ലടാ മംഗളാ ,നീ എന്നതാ ഇപ്പം ചോദിച്ചേ? ഞാന്‍ ശരിയ്ക്കും കേട്ടില്ലടാ' വിറയ്ക്കുന്ന ശബ്ദത്തോടെ അയാളുടെ ഹിതമറിയാനായി ഉത്തമന്‍ ചോദിച്ചു .

'എന്നതാടാ ഊത്താ നീ പിച്ചും പേയും പറയണത്? ഞാനൊന്നു മൂളീട്ട് കൂടീല്ല, അല്ലേല് തന്നെ എനിക്ക് ഒന്ന് ശ്വാസം വിടാന്‍ തന്നെ മേല, അപ്പഴാ. കോപ്പ്! നീ നടന്നേ.' 

'പിന്നാരാ എന്നോട് മിണ്ടീതെന്റെ ഭഗോതീ? ഇനി എങ്ങാനും എനിക്ക് തോന്നിതാണോ? പക്ഷേ ആ ചോദ്യമത്ര വെടിപ്പല്ലേല്ലാ. ഞങ്ങള് രണ്ടു പേര്‍ക്ക് മാത്രമറിയാവുന്ന ആ രഹസ്യം!' അതെങ്ങനെ? ' അയാള്‍ ഭയത്തോടെ സ്വയം ചോദിച്ചു .

'ഇളം നഖവല്ലേടാ ഊത്താ, തൊളഞ്ഞ് കേറത്തില്ലയോ? അപ്പവെങ്ങനാ നീറ്റല് കൊറയണതല്ലേടാ?' 

ഭയപ്പെടുത്തും വിധം സാന്ദ്രമായ ഇളം പെണ്‍ ശബ്ദത്തില്‍ ഇത്തവണ പിറകില്‍ നിന്നായിരുന്നു  ആ ചോദ്യം!എന്നാല്‍ കള്ളത്തോട്ടിലെ കലുങ്കില്‍ നിന്നും ബഹിര്‍ഗമിയ്ക്കുന്ന കലക്കവെള്ളത്തിന്റെ കുത്തൊഴുക്കിന്റെ ഹുങ്കാരം പോലെ ശക്തമായിരുന്നു അതിന്റെ കാരണം .

അയാള്‍ ഞെട്ടിത്തിരിഞ്ഞു. എന്നാല്‍ അവിടമാകെ ഇരുട്ട് മാത്രം! അയാളില്‍ ഭക്തി ഉറുമ്പെന്ന പോലെ കൈവഴികളായി പിരിഞ്ഞു തുടങ്ങി.

'ഹ ഹ നീ ഭയന്നോടാ?'

തന്റെ തൊട്ടു മുന്നില്‍ നിന്നും മുളയ്ക്കു കാറ്റു പിടിക്കണ പടര്‍ച്ചയോടെ  അടുത്ത ചോദ്യം വന്നലച്ചത് കേട്ട മാത്രയില്‍ മാത്യു ഒഴിച്ചു കൊടുത്ത നാല് പെഗ്ഗില്‍ മുങ്ങി നിന്ന അയാളുടെ മനസ്സിന്റെ ധൈര്യം ചിറ പൊട്ടിയ പോലെ പുറത്തേക്കൊഴുകിപ്പോയി.

പെട്ടെന്ന് മുന്നിലേക്ക് വെട്ടിത്തിരിഞ്ഞിട്ടും അയാള്‍ക്ക് അവിടെ ആരെയും കാണാന്‍ കഴിഞ്ഞില്ല. അതേ സമയം ഭയം അയാളില്‍ തേരട്ടപോലെ നുരഞ്ഞു കയറാന്‍ തുടങ്ങിയിരുന്നു .

'എടാ മംഗളാ ഡാ നീ ഒന്നും കേട്ടില്ലല്ലേ? എനിയ്‌ക്കെന്തോ പറ്റണുണ്ടടാ' വിറയ്ക്കുന്ന ശബ്ദത്തോടെ, തന്റെയൊപ്പം നടക്കുന്ന മംഗളനെ വിളിച്ചു കൊണ്ട് വലതു വശത്തേക്ക് വെട്ടിത്തിരിഞ്ഞ ഉത്തമന് അത് കണ്ട് തൊണ്ട വരളുന്നപോലെ തോന്നി. 

അത്രനേരം തനിക്കൊപ്പമുണ്ടാരുന്ന മംഗളന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടി! അവളുടെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. തുടയില്‍ നിന്നും ചോരയിറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
 

അത് കണ്ട് അയാളില്‍ നിന്നും മെല്ലെ ബോധം വിടുതല്‍ നേടിപ്പോയി.

--------------------

ആ നേരത്തും കായലിലെ കാറ്റിന്റെ മണം മൂക്കിലടിച്ചപ്പോഴാണ് ഉത്തമന് ബോധം വന്നത്. കക്കാ നീറ്റണ രൂക്ഷ ഗന്ധം.

'ഇതെങ്ങനെ?'

അയാള്‍ ഭാരം തൂങ്ങിയ കണ്‍പീലികള്‍ വിടര്‍ത്തി വച്ച് ചുറ്റും നോക്കി . കായലിന്നരികെയുള്ള അനിയത്തിപ്പൊരയുടെ കിഴക്കേ കടവത്തായിരുന്നു ഉത്തമനപ്പോള്‍. മദഗന്ധം പേറിയ പെണ്ണിന്റെ ഇടത്തെ മുലപോലെ കറുത്തിരുണ്ട മദാലസമായി കിടക്കുന്ന കാക്കാക്കൂനയുടെ അതിരില്‍ ഒരാളനക്കം കണ്ടതോടെ ഉത്തമനാശ്വാസമായി.

'ശാര്‍ങ്ങന്‍!'

ഉത്തമന്‍ ഒരു പകപ്പോടെ പറഞ്ഞു.

ഒന്ന് കണ്ണു തെളിഞ്ഞപ്പോ അയാള്‍ക്ക് മിണ്ടാമെന്നായി' അത് ശരി ഞാന്‍ സ്വപ്നം കണ്ടതാണല്ലേ?  മംഗളന്‍ പറഞ്ഞത് ശാര്‍ങ്ഗന്‍ കുടിച്ച ബോധമില്ലാതെ വെയ്റ്റിംഗ് ഷെഡില്‍ കെടക്കാണെന്നാണല്ലോ? എന്നാലും എനിക്കെന്നാണാവോ അങ്ങനെ ഒക്കെ  തോന്നാന്‍. ശ്ശെടാ ഞാന്‍ പടിഞ്ഞാട്ടാണല്ല നടന്നത്, എന്നിട്ടിപ്പം കിഴക്കേയറ്റത്ത്, ഈ കായലിന്റെ പറ്റെ എങ്ങനെത്തിയോ ന്തോ? ഒന്നും പിടികിട്ടണില്ലല്ലാ ദൈവത്തോ'  അയാള്‍ തല ഇരു വശത്തേയ്ക്കും വെട്ടിച്ചു.

ഓരോന്നാലോചിയ്ക്കാണതിന്റെടേല്‍ അയാളുടെ പിടലിയില്‍ ഒരു നീറ്റലുണ്ടായത് അയാളിലാകെ കുറ്റബോധം നിറഞ്ഞ പ്രാണഭയം നിറച്ചു.

'ശാര്‍ങാ' 

ഉത്തമന്‍ കണ്ണടച്ച് കൊണ്ട് ഒരു ഞെരക്കത്തോടെ വിളിച്ചു.

'ആഹാ നീ ഒണന്നാ? ഞാന്‍ വരുമ്പം നീ ഇവിടെ പാമ്പായി കിടക്കണ കണ്ടാരുന്ന്, പിന്നെ എന്റെ പണി തീരത്തില്ലെല്ലോന്നോര്‍ത്ത് ഞാന്‍ വിളിച്ചില്ലന്നൊള്ളടാ'

'ആഹാ അത് കൊള്ളാം' ഉത്തമന്‍ ഇടം കൈ കുത്തി മെല്ലെ എണീറ്റിരുന്നു .

'ശാര്‍ങ്ങാ നീ അടിച്ച് കോണ്‍ തെറ്റി ആ കവലേല്‍ കെടക്കാന്ന് മംഗളന്‍ പറഞ്ഞാരുന്ന്. അല്ല മംഗളന്‍ എവിടെടാ?' 
ഉത്തമന്‍ കൈകളില്‍ പറ്റിയ മണ്ണ് കൊട്ടിക്കരഞ്ഞുംക്കൊണ്ട് ചോദിച്ചു .

'നീ എന്നാ മൈത്താണ്ടി ആണെടാ ഈ പറേണെ? നീ അതും മറന്നാ? പത്തു കൊല്ലം മുന്നേ ഈ  കായലില്‍, ഇതേ കടവില് വെട്ട് കൊണ്ട് വീണു ചത്തവനല്ലേടാ അവന്‍? അവന്റെ മോളേം കൊണ്ടല്ലെടാ നീ ഇന്നലെ നിന്റെ മൊതലാളിയെ കാണാന്‍ പോയെ? എന്നിട്ട് നിന്റെ സൂക്കേട് തീര്‍ന്നാ?  ഇവിടെ ഞാന്‍ മാത്രവേ കാര്യങ്ങളറിഞ്ഞിട്ടൊള്ള.  വേണ്ടാരുന്നെടാ! ഒര് പാവം കൊച്ചാര്ന്നത്. നിന്റെ കടി! വേറെന്നാ പറയാനാ' 

അന്നേരമാ സ്വിമ്മിങ് പൂളില്‍ നീല നിറമുള്ള വെള്ളത്തില്‍ പാതിയും നഗ്‌നമായ ഒരു പിഞ്ചു ശരീരം അയാളില്‍  ശ്വാസം വിലക്കിക്കൊണ്ടിരുന്നു. അവളുടെ ഇടം കൈയ്യിലെ നഖത്തിന്റെ ഓര്‍മപ്പാടുകളിലൂടെ പ്രാണന്‍ പുറത്തേയ്ക്കിഴയാന്‍ തുടങ്ങി. ഇടത്തെ പിടലിയില്‍ നീറ്റലിന്റെ ആഴം കൂടി കൂടി വലിയൊരു തടാകം രൂപപ്പെട്ടു. ആ നേരമയാളുടെ ഇടത്തേ ചെവിയുടെ അതിരില്‍ വണ്ട് മൂളിപ്പിടഞ്ഞു. 

അതേ സമയം മറ്റൊരു കരയില്‍ നിന്നെന്ന പോലെ മംഗളന്റ ശബ്ദമയാള്‍ കേട്ടു...ഒരലര്‍ച്ച പോലെ...

'എടാ നീ വന്നേ നീ ഒന്ന് വന്ന് നോക്കിക്കേ നമ്മടെ പാറു ദേ മുങ്ങിപ്പോണെടാ, ഒന്ന് രക്ഷിയ്ക്കടാ എടാ..'

ശാര്‍ങ്ങന്‍ൈറ അലര്‍ച്ച കേട്ട് അയാള്‍ ശക്തമായി കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണുകള്‍ക്ക് മുകളില്‍ കല്ലുകള്‍ കയറ്റിവച്ച ഭാരത്തോടെ അയാള്‍  കായലിനടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയ്‌ക്കൊണ്ടേയിരുന്നു, .ഭാരമില്ലാത്ത അയാളുടെ പ്രാണന്‍ കുമിളകളായ് മേലേയ്ക്കുയര്‍ന്നു.

നേരം ഇരുട്ടു പൊളിച്ചു വെളുത്തു വന്നപ്പഴേയ്ക്കും ഉത്തമന്റുത്തമ ദേഹം ചത്തുപൊങ്ങി നിന്നിരുന്നു, അതിനടുത്തായി ഒരു വാസന സോപ്പിന്റെ കാലി കവറും! സത്യത്തില്‍ അപ്പോഴേക്കും അയാളില്‍ നിന്നും ആ ഉളുമ്പുമണമേ മറഞ്ഞുപോയിരുന്നു.

Follow Us:
Download App:
  • android
  • ios