ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മോഹന്‍ ബാബു എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


നിശ്ചലതയുടെ കടുത്ത പച്ചനിറം വലകെട്ടിയൊരു തടാകത്തിനു മുകളില്‍ മെറിന്‍ ഉറക്കത്തിലായിരുന്നു. ഒരു വെണ്‍മേഘത്തിന്റെ ലാഘവം അവളുടെ മേനിയുടെ നിറവായി നിലകൊണ്ടു. പതഞ്ഞുറയുന്ന തണുപ്പിന്റെ നേര്‍ത്ത ശീല്‍ക്കാരം താളമയമാക്കുന്ന മുറിയില്‍ വഴി തെറ്റിവന്ന വെയില്‍തുമ്പികളെ പോലെ ബൈ ദി റിവേഴ്സ് ഓഫ് ബാബിലോണും റാ റാ റാഷ്പുട്ടിനും ഒഴുകി. പൊടുന്നനെ പെയ്‌തൊരു മഴയില്‍ മുളപൊട്ടിയ ചെടികളുടെ പുതുനാമ്പുകളില്‍ കടിച്ചും ഉമ്മവെച്ചും നടക്കുന്ന ആട്ടിന്‍കുട്ടിയെപോലെ അവളുടെ മനസ്സും അപ്പോള്‍ സ്വപ്നസന്നിഭമായി. ആ ചുണ്ടുകളില്‍ അവളെറിയാതെ പൊടിഞ്ഞൊരു പുഞ്ചിരി കണ്ണുകളില്‍ പൂക്കളായി വിരിഞ്ഞു. മാര്‍ഗ്ഗമദ്ധ്യേ ഓട്ടം വെടിഞ്ഞൊരു ഓട്ടക്കാരിയെ പോലെ സ്വതന്ത്രയായവള്‍ മലനിരകള്‍ക്കിടയിലെ താഴ്വാരങ്ങളില്‍ വെയില്‍കായുന്ന അരുവികള്‍ക്കൊപ്പം അലസമായി ശയിച്ചു.

മെറിന്‍ ഉറക്കത്തില്‍ നിന്നും മെല്ലെ കണ്ണുകള്‍ തുറക്കുമ്പോള്‍ ബാബിലോണിന്റ തീരങ്ങളില്‍ അലയുന്ന റാഷ്പുട്ടിന്‍ ഏറെനേരത്തിനു ശേഷമാണ് അവളുടെ മനസ്സില്‍നിന്നും മാഞ്ഞത്.

വെള്ളിവെളിച്ചം നിറഞ്ഞ മുറിയിലെ മാര്‍ദ്ദവം മുറ്റിയ കിടക്കയില്‍ അവള്‍ സ്വസ്ഥയും അപ്പോള്‍ പാറിവീണൊരു തൂവല്‍പോലെ നിര്‍വികാരയും ആയിരുന്നു. മോടികൂടിയ വസ്ത്രങ്ങളില്‍ തിളങ്ങുന്ന രണ്ടുപെണ്‍കുട്ടികളില്‍ ഒരാള്‍ നേരത്തെ എപ്പോഴോ തേച്ചുപിടിപ്പിച്ച ക്രീം കൃത്യതയോടെ അവളുടെ മുഖത്തുനിന്നും അടര്‍ത്തി മാറ്റുമ്പോള്‍ മറ്റൊരാള്‍ രോമങ്ങള്‍ നീക്കം ചെയ്ത ശരീരത്തിലും കൈകാലുകളിലും മൃദുലമായി മര്‍ദ്ദിച്ചും തടവിയും അവളിലെ മാഞ്ഞുതുടങ്ങിയ കമനീയതകളെ തിരികെ വരുത്തുന്ന തിരക്കിലും. മാറും അരക്കെട്ടും മാത്രം മറച്ചവള്‍ കാത്തുകിടന്നത് കൊഴിയുന്ന യൗവനത്തിന്റെ വാടിയ പൂക്കള്‍ ആ ദേഹത്തുനിന്നും ഒന്നൊന്നായി അടര്‍ത്തിമാറ്റാന്‍ വേണ്ടിയും. നാല്പതുകളുടെ പാതി പിന്നിടുന്നൊരു പെണ്ണിന്റെ ആത്മവിശ്വാസം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ പൊള്ളത്തരം അവളെ നോക്കി അപ്പോള്‍ ചിരിക്കുന്നുണ്ടായിരുന്നു.

വൃത്താകൃതില്‍ മുറിച്ചുവെച്ച വെള്ളരിയുടെ കിനിയുന്ന തണുപ്പില്‍ ഉറക്കം അടയിരിക്കുന്ന കണ്ണുകള്‍ക്കുതാഴെ തുറന്നിരിക്കുന്ന ഉള്‍കണ്ണുകളിലേക്ക് അനുവാദമില്ലാതെയാണ് പപ്പ വീണ്ടും കടന്നു വന്നത്. ആദ്യത്തെ വരവില്‍ തന്റെ ഇഷ്ടക്കേട് മനസ്സിലാക്കിയിട്ടാവണം ക്ഷമാപണം നിറഞ്ഞ മുഖത്തോടെ പപ്പ പിന്‍വാങ്ങിയത്. എന്തോ അത്യാവശ്യം പറയുവാനുള്ള അക്ഷമ പപ്പയുടെ ഈ വരവില്‍ നിഴലിച്ചപ്പോള്‍ അവളുടെ മനസ്സില്‍ ഒരു വിങ്ങല്‍ നിറഞ്ഞു. പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന കുറ്റബോധത്തിന്റെ നൊമ്പരത്തില്‍നിന്നെപ്പോലെ ആ കണ്ണുകള്‍ നിറയുന്നുവോ? വെറുതെ തോന്നിയതാണെങ്കിലും വെള്ളരിക്കഷണങ്ങള്‍ എടുത്തുമാറ്റി കണ്ണുകള്‍ തുറക്കാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. 

മുറിയിലെ കനത്ത പ്രകാശത്തില്‍ തനിക്കുചുറ്റും വിശുദ്ധിയുടെ വെള്ളച്ചിറകുകളും വീശി പറന്നുനടക്കുന്ന മാലാഖമാരെയാണ് മെറിന്‍ കണ്ടത്. അന്ത്യകര്‍മങ്ങള്‍ക്കു മുന്നോടിയായി കര്‍ത്താവിന്റെ സ്തുതിയും മഹത്വവും അവര്‍ തന്റെ കാതുകളിലേക്ക് കാഹളമരുളുന്നുവോ എന്നും അവള്‍ അതിശയിച്ചു.

മാഡം റിലാക്‌സ് ചെയ്തുകൊള്ളു. അരമണിക്കൂറിനുള്ളില്‍ ഫ്രീ ആകും. ഫേഷ്യല്‍ ചെയ്ത മുഖത്തിന്റ അവസാന മിനുക്കുപണിയും ചെയ്യുന്ന പെണ്‍കുട്ടി പതിയെ പറയുമ്പോള്‍ മാത്രമാണ് മെറിനു സ്ഥലകാലബോധം ഉണ്ടായത്. 

രാത്രി പ്രതീക്ഷിച്ചതിലും വൈകിയാണ് ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്തതും വീട്ടിലെത്തിയതും. അവള്‍ ഒന്നൊന്നായി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടുമണിക്കാണല്ലോ പപ്പയുടെ സംസ്‌കാരശുശ്രൂഷയെന്നും അതിനാണല്ലോ നാല്പത്തിയെട്ടോളം മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെ എത്തിയതെന്നും അവള്‍ ആശ്വസിച്ചു. ചുവരില്‍ ക്ലോക്കിലേക്ക് നോക്കി അവള്‍. സമയസൂചികള്‍ പന്ത്രണ്ടുമണിയുടെ പ്രണയാലിംഗനത്തില്‍ മുഴുകി സ്വയംമറന്ന് ഒന്നായി നില്‍ക്കുന്നു. ആ കാഴ്ചയുടെ അപൂര്‍വതയില്‍ അവള്‍ ഓര്‍മ്മിച്ചത് ഈ പ്രണയം എത്ര നേരത്തേക്ക് എന്നായിരുന്നു. മെറിന്‍ ചിരിച്ചു, കാലം എത്ര ഭംഗിയിലാണ് കള്ളക്കളി നടത്തുന്നത്. അപ്പോള്‍ വീണ്ടും ആരോ ചോദിച്ചത് ഒരു കൗതുകം പോലെയാവാം കത്രീന വീശിയതിന്റെ അടുത്താണോ മാഡത്തിന്റെ വീടെന്നും രണ്ടുമണിക്കല്ലേ പപ്പയുടെ സംസ്‌കാരമെന്നും മറ്റും. 

ഒരാഴ്ച്ചയില്‍ കൂടുതലായി തന്നെയും കാത്ത് മോര്‍ച്ചറിയുടെ തണുപ്പും പുതച്ചു കിടന്നിരുന്ന പപ്പയെ ഇപ്പോള്‍ വീട്ടില്‍ കൊണ്ടുവന്നു കാണും. വല്യതിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ അന്ത്യകുദാശയും ആരംഭിച്ചുകാണും. പന്തല്‍നിറയെ ബന്ധുക്കളെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞും കാണും. കാലത്ത് ഒന്‍പതുമുതല്‍ ഇതിനുള്ളില്‍ തന്റെ ശരീരം ഇവരെ ഏല്പിച്ചു ഉറങ്ങിപ്പോയത് മാത്രം അറിയാം. ഫ്‌ലൈറ്റില്‍ കയറുംമുമ്പേ മുന്‍കൂട്ടി ചെയ്തുപോയൊരു ഉടമ്പടിയുടെ തീര്‍പ്പ്. ആത്മവിശ്വാസമെന്ന മിഥ്യാബോധത്തിന് ഇത്തരം ചെയ്തികള്‍ അനിവാര്യമെന്നു കരുതപ്പെടുന്ന മുന്‍വിധികളെ താനായിമാത്രം എങ്ങനെ വേണ്ടെന്നുവയ്ക്കും ?

ഉത്തരത്തിനായി കാതോര്‍ക്കാതെ, അതിന്റെ അതിര്‍ത്തി വരമ്പിനു മുകളിലൂടെ അവളുടെ മനസ്സ് ചാടിക്കടന്നു.

ഒറ്റയ്ക്കായിരുന്നു യാത്ര. ആറുമാസം മുന്‍പ് കുടുംബസമേതം അവധിക്കു വന്നുപോയതല്ലേയുള്ളൂ. ചാക്കോച്ചന് ഉടന്‍ ഒരവധി കിട്ടില്ല. മാത്രമല്ല സ്‌കൂളില്‍ അവസാനവര്‍ഷത്തിലെത്തിയ രണ്ടു കുട്ടികള്‍. അതും മുതിര്‍ന്ന ഇരട്ടകുട്ടികള്‍. ഭൂമിയിലെ പപ്പയുടെ അവസാന നിമിഷങ്ങളിലെങ്കിലും കൂട്ടിരിക്കാനും അന്ത്യചുംബനം നല്കാനും തനിക്ക് വരാതിരിക്കാന്‍ കഴിയില്ലല്ലോ. പപ്പക്ക് ആണായും പെണ്ണായും ഇപ്പോള്‍ താന്‍ ഒരുത്തി മാത്രം. എന്റെ അന്ത്യയാത്രക്ക് നീ വരില്ലേ എന്ന് ബോധംപോകുന്നതിനും തലേന്ന് ഒരു യാചനപോലെ പറയുന്ന പപ്പയുടെ വാടിയമുഖം മൊബൈലിന്റെ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവള്‍ ഉറപ്പിച്ചതാണ് പപ്പയുടെ സംസ്‌കാരശുശ്രൂഷക്ക് എങ്ങിനെയും എത്തണമെന്ന്. തനിക്കൊരിക്കലും പപ്പയുടെ ആഗ്രഹം നിരസിക്കാനാവില്ലല്ലോ.

ചാക്കോച്ചന്‍ ഇപ്പോള്‍ ഉറക്കത്തില്‍ ആയിരിക്കും. ഗ്രീന്‍ചാനലിലൂടെ പുറത്തെത്തിയപ്പോള്‍ തന്നെ എത്തിയ വിവരം അയാളെ വിളിച്ചു പറഞ്ഞു. അപ്പോള്‍ ഇടയ്ക്കിടയ്ക്ക് വിളറിപിടിച്ചവനെ പോലെ എന്തൊക്കെയാ ചോദിച്ചത്. എത്തിയോ, വണ്ടിവന്നോ, ആരാ ഡ്രൈവര്‍, ഏതു വണ്ടിയാ, ഓള്‍ട്ടോയോ സ്വിഫ്‌റ്റോ, തുടങ്ങി ആവശ്യമുള്ളതും ഇല്ലാത്തതുമായി കുറേ ചോദ്യങ്ങള്‍. ഒരു പുരുഷന്റെ അഹന്തയുടെയും സംശയത്തിന്റെയും ചീഞ്ഞമണമുള്ള വാക്കുകള്‍. ചോദ്യം കേട്ടാല്‍ ഒരു പൊട്ടന്റെ നിഷ്‌കളങ്കത തോന്നിക്കുമെങ്കിലും ആള് വിളഞ്ഞ വിത്താണെന്നും മനസ്സിലിരുപ്പ് എന്താണെന്നും അവള്‍ക്കറിയാം. കഴിഞ്ഞതവണ അവധിക്കു വന്നപ്പോള്‍ പുതിയൊരു പയ്യനായിരുന്നു ഡ്രൈവര്‍. തന്റേടവും ആകര്‍ഷവും നിറഞ്ഞ അവന്റെ പെരുമാറ്റത്തില്‍ ആകൃഷ്ടയായി അവനോട് കൂടുതല്‍ സംസാരിക്കുന്നതും ഇടപഴകുന്നതും അയാള്‍ക്കൊട്ടും പിടിച്ചില്ല.അവനോട് അതിരുവിട്ടൊരു ബന്ധത്തിന് താന്‍ ശ്രമിക്കുന്നുവെന്നോ മറ്റോ വെറുതെ മെനഞ്ഞെടുക്കുവാനും പിന്നീടുള്ള രാപകലുകള്‍ കലഹവും അസ്വസ്ഥതയും കൊണ്ട് നിറക്കുവാനും അയാള്‍ വിദഗ്ധനാണ്. അതൊരുപക്ഷെ അയാള്‍ക്ക് ഷണ്ഡത്വം ബാധിച്ചതിന്റെ ലക്ഷണം ആവാം. എന്നാലും അണ്ണന്‍കുഞ്ഞ് മരങ്കേറ്റം മറക്കില്ലന്ന് പറയുമ്പോലെയാ കൈയിലിരുപ്പ്. താനില്ലാത്ത ചില ദിവസങ്ങളില്‍ കുട്ടികളെ സ്‌കൂള്‍ വാനില്‍ കയറ്റിവിട്ടിട്ട് ഫ്‌ലാറ്റില്‍ തിരിച്ചെത്തി, എന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കുക ആണെങ്കിലും ആ ജോലിക്കാരി അച്ചാമ്മയുടെ ചന്തിക്ക് പലപ്പോഴും പിടിച്ചിട്ടുണ്ടെന്ന് പലതവണ അവള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ അയാളുടെ ഒരു അവകാശംപോലെയാ ചെയ്യുക. ഇതൊക്കെ ചോദിക്കാനോ വഴക്കുണ്ടാക്കാനോ എവിടെ സമയം? എത്ര ഓടിയിട്ടും സമയത്തിനൊപ്പം ഒരിക്കലും എത്താനാകാതെ സാമാന്തരമായി നീണ്ടുകിടക്കുന്ന ട്രാക്കിന്റെ ഓരത്ത് ഓട്ടം മടുത്തോ മറന്നോ തനിക്ക് നില്‍ക്കാനാവില്ലല്ലോ എന്നും അവള്‍ സ്വയം സങ്കടപ്പെട്ടു.

ചിലതൊക്കെ കണ്ടില്ല കേട്ടില്ല എന്നുനടിച്ച് കഴിവതും അയാളുടെ മുന്നില്‍ ചെന്നുചാടാതെ ശ്രദ്ധിക്കണം എന്നല്ലാതെ അവളോട് എന്ത് പറയാന്‍? നിവൃത്തികേടിന്റെ പര്യായമാണ് അവളും. നാട്ടിലെ കനത്ത ബാധ്യതകളെ മറികടക്കണമെങ്കില്‍ എല്ലാം സഹിച്ചേ പറ്റു എന്നവള്‍ക്ക് നന്നായി അറിയാം. ഇവിടെ അയാള്‍ക്കും തനിക്കും പലപ്പോഴും ജോലി രണ്ടുസമയം ആയിരിക്കും. അല്ലെങ്കില്‍ തന്നെ അയാളെക്കൊണ്ടെന്താ പ്രയോജനം. ഒരു കാവല്‍നായയെ പോലെ ആണെങ്കിലും അഹന്ത നിറഞ്ഞ ആണധികാരം കൃത്യമായി പ്രയോഗിക്കാന്‍ അറിയാം. വളരെ അപൂര്‍വമാണ് ഒരുമിച്ച് കിടക്കാനുള്ള അവസരംപോലും ഉണ്ടാകുക. ഒരേ കിടക്കയില്‍ കിടക്കുമ്പോഴും രണ്ടുപേരും രണ്ടുലോകത്തായിരിക്കും. മുഖാമുഖം കിടന്ന കാലം പോലും മറന്നുപോയിരിക്കുന്നു. പണത്തിന്റെ കണക്കുകളും അതിന്റെ കിലുക്കവും കേട്ട് റബ്ബര്‍പാലുപോലെ അയാളുടെ മനസ്സ് കല്ലിച്ചുപോയിരിക്കാം. പലപ്പോഴും ആ ശബ്ദത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പണത്തിനോടുള്ള ആര്‍ത്തിയുടെ ദുര്‍ഗന്ധം മനംപുരട്ടല്‍ ഉണ്ടാക്കും. ഇത്തവണ ഡ്രൈവര്‍ പ്രായമുള്ളൊരു അച്ചായനാണെന്നും പഴയ പയ്യന്‍ ഒരു പീഡനക്കേസ്സില്‍ കുടുങ്ങി ജയിലിലാണെന്നും ഒരു നുണ കാച്ചിയപ്പോള്‍ അയാളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ ആവാത്തവിധം പതഞ്ഞു പൊങ്ങികാണും. അതിന്റെ പ്രതികരണമായിരിക്കും ഫോണിന്റെ മറുതലക്കല്‍ കേട്ട വികൃതമായ അപശബ്ദങ്ങള്‍. ഒടുവില്‍ അയാള്‍ തിരിച്ചും ചിന്തിക്കും.


കുറുക്കന്റെ ജീനുകള്‍ കലര്‍ന്ന ബീജത്തിന്റെ പരമ്പരയിലെ ഒരു കണ്ണിയാണ് അയാള്‍. അതില്‍നിന്നും പൊട്ടിമുളച്ച അടുത്തനാമ്പ് ഇരട്ടകളാണെല്ലോ എന്ന് കൂട്ടിവായിച്ചപ്പോള്‍ അവളുടെ മനസ്സില്‍ ഒരു ചിരിപൊട്ടി. കുറുക്കന്റെ ബുദ്ധി ഇല്ലാത്തവനെകൊണ്ട് എന്താണ് പ്രയോജനം എന്നൊരു നീതിയുടെ പാലം അവളിലേക്ക് അപ്പോള്‍ നീണ്ടുവന്നു. ആ പാലത്തില്‍നിന്നും താഴേക്ക് ആരോ പതിക്കുന്നത് ആശങ്കയോടെയാണ് അവള്‍ നോക്കിയത്. അത് തന്റെ കുഞ്ഞനിയന്‍ ജോയിമോനാണെല്ലോ എന്നവള്‍ തിരിച്ചറിഞ്ഞത് ഒരു ഞെട്ടലോടെ ആയിരുന്നു. മണ്ടനും ധൂര്‍ത്തനുമായി ജീവിതം തകര്‍ത്തു കളയാതിരിക്കാന്‍ കുറുക്കന്റെ ജീനും കലരുന്നതല്ലേ ആ പാലം കടക്കുവാനുള്ള എളുപ്പവഴി എന്നൊരു ബോധോദയം ആയിരുന്നു അവള്‍ക്ക് ആ കാഴ്ച.

പപ്പയുടെ വേദന മുഴുവനും തന്റെ ഒരേയൊരു മകന്‍ ജോയിമോന്‍ ആയിരുന്നു. ഒരു തിരുമണ്ടനും തോന്നിയ വാസിയുമെന്നാണ് പപ്പ പറയുക. തന്നിഷ്ടത്തിന് വളരാന്‍ പറ്റിയ മണ്ണിലെ പാഴ്മരം പോലാണവന്‍ വളര്‍ന്നത്. അനിയന്ത്രിതമായ ദുശ്ശീലങ്ങളില്‍ പടര്‍ന്നുകയറിയ ഒരു വഷളന്റെ ജീവിതത്തിലേക്കാണ് അവന്‍ എത്തപ്പെട്ടത്. കൂട്ടികൊടുപ്പുകാരുടെ നെറികെട്ട സൗഹൃദങ്ങളും ബോധത്തിന്റെ ചില്ലുജാലകങ്ങളെ തച്ചുടക്കുന്ന ലഹരിക്കും അവന്‍ അടിമയായി. സ്വയം വരിച്ചതല്ലെങ്കിലും അതില്‍നിന്നുള്ള മോചനത്തിനല്ല അവന്‍ ശ്രമിച്ചത്. അറ്റം കാണാത്ത ഒരു ഗുഹയുടെ തമസ്സിന്റെ ആഴങ്ങളിലേക്കവന്‍ സ്വയം ചാടി മറയുക ആയിരുന്നു.

താന്‍ ജനിച്ച് പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ക്ഷണിക്കപ്പെടാതെയാണ് ജോയിമോന്‍ ഞങ്ങളില്‍ ഒരംഗമായത്. അപ്രതീക്ഷിതവും അനാവശ്യവുമായിരുന്നു ജോയിമോന്റെ വരവ് എന്ന് പപ്പ പറയാത്ത ദിവസങ്ങള്‍ കുറവായിരുന്നു. അവന്റെ ജനനത്തിന്റെ രണ്ടുനാളുകള്‍ക്കു ശേഷം നടന്ന മമ്മയുടെ മരണത്തോടെ പപ്പയുടെ ജീവിതവും തകര്‍ന്നു. നമ്മുടെ വീട്ടിലേക്കു കടന്നുവന്ന മരണദൂതനാണ് അവനെന്നു പറയുമ്പോള്‍ പപ്പ ചിരിക്കുകയാണോ അതോ കരയുകയാണോ എന്ന് ഞാന്‍ ശങ്കിച്ചിട്ടുണ്ട്.

കണ്ണാടിക്കു മുന്നിലെ ടേബിളില്‍ ഫോണിന്റെ മണിനാദം മുഴങ്ങിയപ്പോള്‍ മെറിന്‍ വീണ്ടും കണ്ണുകള്‍ തുറന്നു. ആരാണീ സമയത്ത് എന്നവള്‍ അക്ഷമ ആയപ്പോള്‍ അടുത്തുനിന്ന പെണ്‍കുട്ടി വളരെ ഭവ്യതയോടെ ഫോണ്‍ അവളുടെ കൈയ്യില്‍ കൊടുത്തു. തെളിഞ്ഞുനിന്ന നമ്പരിലേക്ക് നോക്കി ഇത് അവന്‍ തന്നെ എന്ന് മനസ്സില്‍ ഉരുവിട്ട് ഫോണ്‍ കട്ടുചെയ്തു.

കൂടെക്കരുതിയ ഒരേയൊരു ട്രോളിബാഗും കൊണ്ട് എയര്‍പോര്‍ട്ടിന്റെ തിക്കിത്തിരക്കുന്ന പാതയിലേക്ക് എത്തുംമുന്‍പ് ചിരിച്ചുകൊണ്ടവന്‍ മുന്നില്‍. മാറ്റാരെയോ തിരയും പോലെ ചുറ്റുപാടും അവന്റെ കണ്ണുകള്‍ പരതുമ്പോള്‍, ഞാന്‍ മാത്രമേ വന്നുള്ളൂ എന്ന അറിവില്‍ അവന്റെ ആഹ്ലാദം പലമടങ്ങ് ഇരട്ടിച്ചുവോ? ആ കണ്ണുകളില്‍ എന്തൊക്കെയോ ആശയുടെ പ്രകാശമാണോ നിറയുന്നത്? കാറിന്റെ പിന്‍സീറ്റില്‍ നീണ്ടയാത്രയുടെ മടുപ്പും ആലസ്യവും കാരണം മയക്കത്തിലേക്ക് വഴുതുമ്പോഴും അവന്‍ പറയുന്ന തമാശ നിറച്ച സംഭാഷണങ്ങളില്‍ സന്തോഷം അധികരിച്ചു നില്‍ക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. എല്ലാ അടിയും തടയും പഠിച്ച പുതുതലമുറയുടെ പ്രതിനിധിയാണെല്ലോ ഇവനെന്ന് മയക്കത്തിലും അവള്‍ ഓര്‍ത്തുചിരിച്ചു.

വീടിന്റെ ഗേറ്റിനുള്ളില്‍ കാര്‍ പാര്‍ക്ക്ചെയ്ത ശേഷം വാതില്‍ തുറന്നുപിടിച്ച് ആവശ്യമുള്ളപ്പോള്‍ വിളിച്ചാല്‍ മതി എന്നുപറഞ്ഞ് എന്റെ ഫോണിലേക്കവന്‍ മിസ്ഡ് കാള്‍ ചെയ്തപ്പോള്‍ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ആ നമ്പര്‍ തന്നെയാണ് ഇപ്പോള്‍ തെളിഞ്ഞത്. അക്ഷമ ഒരുപക്ഷെ ഭ്രാന്തായും പരിണമിച്ചേക്കാം. മെറിന്‍ ഫോണിന്റെ സ്വിച്ച് ഓഫാക്കി.

മാഡത്തിന് ഇനി എഴുന്നേല്‍ക്കാം. ഈ പാക്കേജ് ഞങ്ങള്‍ പൂര്‍ത്തിയാക്കി. ഇതുപറഞ്ഞ് ആ പെങ്കൊച്ച് സുസ്‌മേരവദനയായി. അനാകര്‍ഷമായൊരു പൂവിനോടെന്നപോലെ ആ പെണ്‍കുട്ടിയോട് എന്തോ ഒരു വെറുപ്പ് തോന്നി. എന്തിന്? തന്നെപ്പോലെ ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിലെ പാരവശ്യങ്ങളില്‍ നീന്തിയും മുങ്ങിയും മറുകര കാണാന്‍ പാടുപെടുന്നൊരു പെണ്ണായിരിക്കും ഇവളും. മെറിന്‍ കുറ്റബോധത്തോടെ വാലറ്റ് തുറന്നു. പകരം നല്‍കിയത് ഡോളറുകളായിരുന്നു, അതും എത്രയെന്നുപോലും നോക്കാതെ. മുന്‍കൂറായി തയ്യാറാക്കിവെച്ചിരുന്ന വസ്ത്രങ്ങള്‍ ഒന്നൊന്നായി അണിഞ്ഞപ്പോള്‍ ഒരു ശോകനായികയെ പോലെ മെറിന്‍ ശോഭിച്ചു. 

അന്ത്യശുശ്രുഷയുടെ പ്രാര്‍ത്ഥനകളാലും സ്തുതികളാലും നിറഞ്ഞ ചടങ്ങുകള്‍ക്കിടയിലും എല്ലാവരും തിരയുന്നത് തന്നെയായിരിക്കും, പപ്പയുടെകൂടെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരയുന്ന പുന്നാരമകള്‍ മെറിനെ. സങ്കടം നിറഞ്ഞൊരു കടല്‍ അവളുടെ മനസ്സില്‍ ഒരു ചുഴലിയായി ചുറ്റിത്തിരിഞ്ഞു.

തിങ്ങിനിറഞ്ഞ പന്തലിലെ കനത്തുനില്‍ക്കുന്ന ദുഖത്തിന്റെ അന്തരീക്ഷത്തിലേക്ക് മെറിന്‍ കടന്നുചെന്നു. പപ്പയുടെ ജീവിതത്തിന്റെ നന്മകളെ വാനോളം പുകഴ്ത്തിക്കൊണ്ട് പ്രസംഗിക്കുന്നത് ഏതെങ്കിലും ഒരു പുരോഹിതന്‍ ആയിരിക്കും. കാത്തിരുന്നപോലെ എല്ലാ കണ്ണുകളും തന്നിലായിരിക്കും.അവള്‍ക്കതറിയാം.അതിനാല്‍ അവള്‍ ആരെയും നോക്കിയില്ല. ആരെയും ശ്രദ്ധിച്ചുമില്ല. പപ്പയെ മാത്രം നോക്കി. പാതി തുറന്ന ആ കണ്ണുകളിലെ നോട്ടം തനിക്കുനേരെ നീണ്ടുവരുന്നത് അവള്‍ കണ്ടു. ക്ഷമാപണം തുടിക്കുന്ന തന്റെ നോട്ടത്തില്‍ പപ്പ പുഞ്ചിരിച്ചുവോ? 


പപ്പയുടെ തലക്കുപിന്നില്‍ കത്തുന്ന മെഴുകുതിരികള്‍ക്കും തിളങ്ങുന്ന വെള്ളിക്കുരിശിനും മറവില്‍ തന്നേയും പപ്പയേയും മാറിമാറി നോക്കുകയും ഇടക്കിടെ വിവശനാകുകയും ചെയ്യുന്ന നരച്ചതാടിയുള്ള കിഴവനില്‍ അവളുടെ കണ്ണുകള്‍ തറഞ്ഞുനിന്നു. ഓ, അതു നമ്മടെ ഏലിയാച്ചായനല്ലേ. അവള്‍ അന്തിച്ചു. പപ്പയുടെ മൂത്തസഹോദരന്‍ ഏലിയാസ്. മമ്മിയുടെ വിയോഗം മുതലാക്കി ആഘോഷിച്ചവന്‍. പന്ത്രണ്ടുവയസ്സു മാത്രമുള്ളൊരു പെണ്‍കുഞ്ഞിന്റെ അജ്ഞതയിലും നിഷ്‌ക്കളങ്കതയിലും ആടിതിമിര്‍ത്തൊരു പുരുഷന്‍, ഈ എണ്‍പതാം വയസ്സിന്റെ നിസ്സഹായതയില്‍ കുറ്റബോധത്തിന്റെ തടവറയില്‍ ബന്ധിക്കപ്പെട്ടുവോ? ആ മുഖം ഭൂമിയിലെ ഇളകിയ മണ്‍കൂനകളിലേക്ക് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവോ? തന്റെ കുഞ്ഞു സ്വപ്നങ്ങളില്‍ കറുത്തമഷി ഒഴിച്ചവന്‍.
അവള്‍ ഏറെനേരം ശങ്കിച്ചു നിന്നപ്പോള്‍ ഒരു കുഞ്ഞുമെറിന്‍ ആ പന്തലിന്റെ കറുത്ത പ്രതലത്തിലേക്ക് കടന്നുവന്നു.
വെറും പന്ത്രണ്ടു വയസ്സുള്ളൊരു പെണ്‍കുട്ടി പൊടുന്നനെ ഒരു ചെടിയായും പിന്നീട് എല്ലാദിക്കിലേക്കും ചില്ലകള്‍ പടര്‍ത്തി ഒരു മരമായും വളര്‍ന്നുനിന്നു. ആ ചില്ലകളില്‍ ഒരു ഭ്രാന്തന്‍ കാറ്റ് ശീല്‍ക്കാരത്തോടെ ചുറ്റിത്തിരിഞ്ഞു. കുന്തിരിക്കത്തിന്റെ വിശുദ്ധമായ പുകച്ചുരുളിനൊപ്പം ആ കാറ്റിന്റെ ഭ്രാന്തന്‍ ചുഴിയിലേക്ക് ഏലിയാസ്സ് സ്വയം വിലയം പ്രാപിച്ചു. അപ്പോള്‍ ആകാശത്തിന്റെ അതിരുകള്‍ ഭേദിക്കുമാറ് മുഴങ്ങിയ സ്തുതിഗീതങ്ങളില്‍ അവളുടെ ചെവികളില്‍ മുഴങ്ങി. പപ്പയുടെ മനസ്സില്‍ എന്നോ ഒരിക്കല്‍ തളംകെട്ടിനിന്ന ആ കണ്ണീര്‍ മടപൊട്ടിച്ച് ചെവികളുടെ വശങ്ങളില്‍കൂടി ഒഴുകിപ്പരക്കുന്നത് നോക്കിനില്‍കുമ്പോള്‍ അവളുടെ മനസ്സിന്റെ വരണ്ട നിലങ്ങളില്‍ പെയ്തത് മഴയുടെ വന്യതയായിരുന്നു. ആ തീരാനോവില്‍നിന്നും ഉറവ പൊട്ടിയൊരു നിര്‍ച്ചാലിന്റെ ജലസമൃദ്ധിയില്‍ ഒരു ജലകന്യകയായി അവള്‍ നീന്തിത്തുടിച്ചു.