ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

ടിക് .. ടിക്..
ടിക്.. ടിക്

ക്ലോക്കിലെ സൂചിക്കും ഹൃദയത്തിനും ഒരേ താളമാണന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങളുണ്ടാകും. അത്തരം ചില നിമിഷങ്ങളിലൂടെ കടന്നു പോകുകയായിരുന്നു നമ്മുടെ നായിക,ലെനാ ജയിംസ്. 

കാര്‍ഡിയോളജി വിഭാഗം ഐ.സി.യു വിന് മുന്നിലെ വരാന്തയില്‍ ഇരിക്കുമ്പോള്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ഭര്‍ത്താവ് ജയിംസിന്റെ ആരോഗ്യം മാത്രമേ മനസ്സിലുണ്ടായുള്ളൂ. ഒരു മാസം മുന്‍പ് ഒരു നെഞ്ചു വേദന വരുന്നതു വരെ എന്നും മധുവിധു ആഘോഷിച്ച രണ്ടര വര്‍ഷക്കാലം, എത്ര പെട്ടെന്നാണത് നിരാശക്കും കണ്ണുനീരിനും വഴിമാറിയത്!

ജന്മനാ ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടായിരുന്നെങ്കിലും ഘട്ടം ഘട്ടമായി നടന്ന ട്രീറ്റ്‌മെന്റുകള്‍ ഫലപ്രദമായി എന്നു വിശ്വസിച്ച് ദാമ്പത്യം ആസ്വദിക്കുന്നതിനിടയിലാണ് വില്ലനായി എത്തിയ നെഞ്ചുവേദന എല്ലാം കീഴ്‌മേല്‍ മറിച്ചത്. 

ആരോഗ്യമുള്ള ഹൃദയവാല്‍വുകള്‍ക്കായുള്ള അന്വേഷണം അവസാനിച്ചത് രണ്ടു ദിവസം മുന്‍പാണ്. ഒരാക്‌സിഡന്റില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഹൃദയവുമായി മാച്ച് ചെയ്യുന്നുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. 

ഒടുവില്‍ ഇന്ന് ശസ്ത്രക്രിയ നടക്കുമ്പോള്‍ തന്റെ ഹൃദയത്തിന് ഒന്നും സംഭവിക്കാതിരിക്കാന്‍ അവള്‍ പാടുപെടുകയായിരുന്നു. ഇഷ്ട വിവാഹമല്ലായിരുന്നെങ്കിലും തന്റെ വെറുപ്പിനെ ഇഷ്ടമാക്കി മാറ്റിയ മാന്ത്രികനെ എങ്ങനെ സ്‌നേഹിക്കാതിരിക്കും? 

ഹൃദയത്തില്‍ എന്നോ പതിഞ്ഞു പോയ ഒരു പഴയ ചിത്രത്തെ മായ്ക്കാന്‍ ആ മാന്ത്രികന്റെ നോട്ടത്തിനു പോലും കഴിയുമായിരുന്നെന്നോര്‍ത്ത് ഒരു നിമിഷം പുളകിതയായി നിന്നപ്പോള്‍, ഐ.സി.യുവിന്റെ മുറി തുറന്ന് ഡോക്ടര്‍മാര്‍ പുറത്തിറങ്ങി. അങ്ങോട്ടേക്ക് ഓടിച്ചെന്ന ബന്ധുജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കേള്‍ക്കാനാഗ്രഹിച്ച വാര്‍ത്ത കേട്ടു-'ഓപറേഷന്‍ സക്‌സസ്. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യില്‍. എല്ലാവരും പ്രാര്‍ത്ഥിക്കു.'

സന്തോഷത്തോടെ കരഞ്ഞു പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ ഐ സി യു വില്‍ നിന്ന് ഒരു ബോഡി കൊണ്ടു പോകുന്നതു കണ്ടു. അതിലേക്ക് വെറുതെ നോക്കിയ നിമിഷം ഞെട്ടിത്തരിച്ചു പോയി 

'എന്റെ ഹൃദയം എന്നും നിനക്കായ് മാത്രം മിടിക്കും. നീയുളളിടത്തോളം കാലം നിന്നോടൊപ്പം ചലിക്കും.'

പണ്ടെങ്ങോ കിട്ടിയ പ്രണയ ലേഖനത്തിന്റെ വരികള്‍ ഓര്‍മ്മയിലേക്ക് വന്നു.

'നിന്റെ സന്തോഷങ്ങള്‍ എന്റെയും.'- വിവാഹക്ഷണക്കത്ത് കൊടുക്കാന്‍ ചെന്നപ്പോള്‍ അവസാനമായി പറഞ്ഞ വാക്ക് കാതുകളില്‍ മുഴങ്ങി കേട്ടപ്പോള്‍ അവള്‍ തന്റെ കാതുകള്‍ പൊത്തിപ്പിടിച്ചു.

'നമ്മുടെ ഡോണര്‍ ആയിരുന്നു. ഇവനോടും കുടുംബത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല'

ജയിംസിന്റെ അമ്മച്ചിയുടെ വാക്കുകള്‍ ലെന കേട്ടത് മുറിഞ്ഞു പോയ ബോധത്തിന്റെ അതിര്‍വരമ്പുകളിലെവിടെയോ ആയിരുന്നു.

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona