Asianet News MalayalamAsianet News Malayalam

കലിപ്പന്റെ നീലിമ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നിഥിന്‍കുമാര്‍ ജെ പത്തനാപുരം എഴുതിയ ചെറുകഥ

chilla malayalam short story by nidhinkumar j pathanapuram,
Author
Thiruvananthapuram, First Published Oct 14, 2021, 7:18 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by nidhinkumar j pathanapuram,

 

രാത്രിയുടെ നിശ്ശബ്ദതയില്‍ നീലിമ തനിച്ചിരുന്നു തേങ്ങി. അവളുടെ മനം അത്രേമേല്‍ നൊന്തിരിക്കാം. നോവാതെ ഒറ്റക്കൊരാളും ഇത്രമേല്‍ കരയില്ല. വേദനക്ക് കാരണം ചെറുതോ വലുതോ ആവട്ടെ. ഓരോ വ്യക്തിയുടെയും വികാരം വ്യത്യസ്തമായിരിക്കും. കണ്ണീരൊഴുക്കിയൊരു പുഴയാക്കുന്നവരെല്ലാം ദുര്‍ബലരാണെന്നണല്ലോ പൊതുവെ പറയാറ്. 

രാത്രിയേറെ വൈകിയാണ് നീലിമയൊന്ന് കിടന്നത്. മെത്തയില്‍ മുട്ടില്‍മേല്‍ മുഖമൊന്നമര്‍ത്തി കരഞ്ഞത് എത്രനേരമെന്നു നീലിമ പോലും ചിന്തിച്ചിരിക്കില്ല. പുലര്‍ച്ചെ അമ്മ ശാരദ ഫാന്‍ ഓഫാക്കാനായി മുറിയില്‍ വന്ന് ലൈറ്റ് ഇടുമ്പോളും നീലിമയുണര്‍ന്നു കിടന്നിരുന്നു.

'നീ നേരത്തെ ഉണര്‍ന്നോ?'

അമ്മയുടെ അത്ഭുതത്തോടുള്ള ചോദ്യം നീലിമ ശ്രദ്ധിച്ചിരുന്നില്ല. ഉറങ്ങിയെങ്കില്‍ വേണ്ടേ എഴുന്നേല്‍ക്കാന്‍?. ആ നിമിഷം അമ്മക്ക് പിന്നാലെ നീലിമയും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ഇത് ഒരിക്കലും പതിവുണ്ടായിരുന്നില്ല. മുഖമെത്ര കഴുകിയിട്ടും കണ്ണുകള്‍ കുഴിഞ്ഞുതന്നെയിരുന്നു.

അടുക്കളയില്‍ അമ്മ ചായയുണ്ടാക്കുന്നതിനിടയില്‍ നീലിമ ചോദിച്ചു.

'അമ്മേ. ഞാന്‍ കോളേജില്‍ യൂത്ത്‌ഫെസ്റ്റിവലിനു ഡാന്‍സ് ചെയ്യുന്നതിന് അമ്മ എതിരാണോ?'

എടുത്ത വായില്‍ അമ്മയൊരു മറുചോദ്യമാണ് ചോദിച്ചത്.

'ശരത് എന്ത് പറഞ്ഞു?'

'ശരത്തേട്ടനാണോ അതൊക്കെ നിശ്ചയിക്കുന്നത്?'

നീലിമ ചോദിച്ചു.

'പിന്നല്ലാതെ, നിന്നെ കെട്ടേണ്ടവനാ ശരത്. അവന്റെയിഷ്ടം നോക്കണ്ടേ. അടുത്തമാസം കഴിഞ്ഞാല്‍ കല്യാണമാ. അത് നീ മറക്കണ്ട.'

ഒന്നും മിണ്ടാതെ തലകുനിച്ച് നില്‍ക്കുന്ന നീലിമയെ നോക്കി ശാരദ പറഞ്ഞു.

'എന്തെ?'-മറുപടിയൊന്നും പറയാതെ നില്‍ക്കുന്നത് ശ്രദ്ധിച്ച ശാരദ തിരക്കി.

'ശരത്തേട്ടന് താല്‍പര്യമില്ലമ്മേ. ഞാനിന്നലെ ചോദിച്ചിരുന്നു.'

നീലിമ പറഞ്ഞു.

'എന്നിട്ട് എന്താ അവന്‍ പറഞ്ഞത്?'

'ആണ്‍കുട്ടികള്‍ ഒക്കെയില്ലേ. അവര്‍ക്കൊപ്പം തുള്ളിചാടാനായി വിടാന്‍ താല്‍പര്യമില്ലെന്ന്.'

നീലിമയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു.

'എന്നാ നീ ചെയ്യണ്ട. അവന് താല്‍പര്യമില്ലേല്‍ അതിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല.'

അമ്മ വ്യക്തമാക്കി.

'എന്നാലും.'

'ഒര് എന്നാലുമില്ല, നീയെ ഈ ചായയെടുത്തു കുടിക്ക്.'

ശാരദ തന്റെ മകള്‍ക്ക് നേരെ ചായ നീട്ടി പറഞ്ഞു. നീലിമയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഡിഗ്രി അവസാനവര്‍ഷം, കോളേജിലെ അവസാനത്തെ യൂത്ത് ഫെസ്റ്റിവല്‍. നീലിമ ഒരുപാട് കൊതിച്ചിരുന്നു. പത്ത് വര്‍ഷമായി നീലിമ ക്ലാസിക്കല്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സും പഠിച്ചിട്ടുണ്ട്. കോളേജില്‍ ഡാന്‍സിന് പേര് നല്‍കിയത് നീലിമ പോലും അറിയാതെ കൂട്ടുകാരികളായിരുന്നു. നീലിമ ആവട്ടെ അത്രമേല്‍ സന്തോഷത്തിലുമായിരുന്നു. കാര്യങ്ങള്‍ കൂട്ടുകാര്‍ പറഞ്ഞപ്പോ ഡാന്‍സ് പഠിപ്പിച്ചതും നീലിമ തന്നെ. മുന്‍കൂട്ടി വീട്ടിലും ശരത്തിനോടും പറയാന്‍ വിട്ടുപോയി എന്നത് സത്യമായിരുന്നു. സമ്മതിക്കുമെന്ന് അവള്‍ വിശ്വസിച്ചു.

'കൂട്ടുകാരോട് ഇനിയെന്ത് പറയും, നാളെ കഴിഞ്ഞാല്‍ യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങും. ഇനി പിന്മാറിയാല്‍, നശിക്കുന്നത് ടീം മൊത്തമായിരിക്കുമല്ലോ. പത്ത് പേരുടെ പ്രയത്‌നം ഒരാള്‍ക്കു വേണ്ടി വെള്ളത്തിലാവും. പകരം ഒരാളെ നിര്‍ത്താനാണേലും രണ്ടു ദിവസം കൊണ്ടെങ്ങനെ അത്രയും ചുവടുകള്‍ പഠിച്ചെടുക്കും'-നീലിമയുടെ ചിന്തയിങ്ങനെ കാടുകയറി.

'എല്ലാം തുടങ്ങുമുന്‍പേ പറയണമായിരുന്നു. വീട്ടുകാര്‍ക്കും ശരത്തേട്ടനും സര്‍പ്രൈസ് കൊടുക്കാനായി ശ്രമിച്ചതൊടുവില്‍ ഇങ്ങനെയായി..'

രണ്ടുവര്‍ഷമായതേയുള്ളു നീലിമയും ശരത്തും പ്രണയത്തിലായിട്ട്. അതിനൊരു വര്‍ഷമുന്‍പ് ശരത് നീലിമയുടെ പിന്നാലെ നടന്നു തുടങ്ങിയതാണ്. ഇരുവരുടെയും വീട്ടുകാരറിഞ്ഞ് ആറുമാസം മുന്‍പ് നിശ്ചയം നടത്തുകയും ചെയ്തു. അതിനു ശേഷമാണ് ശരത്ത് മാറിയത്. 

പ്രണയിക്കുന്നതിനു മുന്‍പും പ്രണയിച്ച രണ്ട് വര്‍ഷകാലവും ശരത് ഇങ്ങനെയൊന്നും ആയിരുന്നില്ല. എന്തിനും പൂര്‍ണ പിന്തുണനല്‍കുന്ന ഒരാള്‍. സ്വന്തമായെന്ന് തോന്നിയതിനാലാവാം ഇങ്ങനെ. 

ആലോചനക്കിടയില്‍ ശരത്തിന്റെ കാള്‍ വന്നതൊന്നും നീലിമയറിഞ്ഞില്ല. അല്പം കഴിഞ്ഞ് മൊബൈലില്‍ നോക്കുമ്പോള്‍ മിസ്സ്ഡ് കാള്‍. തിരികെ വിളിച്ചു.

'നിനക്ക് ഞാന്‍ വിളിച്ചാല്‍ എടുക്കാന്‍ വയ്യാതായില്ലേ.'

അതായിരുന്നു കാള്‍ എടുത്തപാടെ മറുപടി.

'ഞാന്‍ കേട്ടില്ല.'

വളരെ താഴ്മയായി നീലിമ പറഞ്ഞു. എന്നിട്ടവള്‍ കഴിഞ്ഞ രാത്രിയില്‍ താന്‍ ചോദിച്ചതൊന്നുടെയൊന്ന് ആവര്‍ത്തിച്ചു ചോദിച്ചു.

'ശരത്തേട്ടാ. ഞാന്‍ ഡാന്‍സ് ചെയ്‌തോട്ടെ? ഇത് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ചോദിക്കില്ല. പിന്നെ ഞാന്‍ ഡാന്‍സ് എന്നല്ല ഒരു പരിപാടിയിലും പങ്കെടുക്കില്ല. സത്യം. ഈയൊരു തവണത്തേക്ക്.'

അവള്‍ കരയുംപോലെയായിരുന്നു അത് പറഞ്ഞത്.

'നിനക്ക് പറഞ്ഞാല്‍ മനസിലാവില്ലേ. പറ്റില്ല. ഞാന്‍ പറഞ്ഞിട്ടും നീയിത് ചെയ്താല്‍... ആയിക്കോ.. പക്ഷെ എന്നെ മറന്നേക്കണം.'

ശരത് കാള്‍ കട്ട് ചെയ്തു. 

നീലിമ വിങ്ങി കരഞ്ഞിരുന്നു. അവള്‍ കതക് തുറന്നു പുറത്തേക്കിറങ്ങി. കതകിനടുത്തായി അമ്മ നിന്നിരുന്നു.

'സാരമില്ലെടീ, അവനു ഇഷ്ടപെടാതിരിക്കാന്‍ എന്തേലും കാരണം കാണും. നമ്മള്‍ പെണ്ണുങ്ങള്‍ കെട്ടിയവനെ അനുസരിക്കണം, ബഹുമാനിക്കണം. നല്ല പെണ്ണിന്റെ ലക്ഷണമതാണ്.'

അമ്മയവളെ ആശ്വസിപ്പിച്ചു.

അടുക്കളയിലേക്ക് തിരികെപോകുന്നതിനിടയില്‍ മകളോട് പല്ല് തേച്ച് എന്തെങ്കിലും വന്ന് കഴിക്കാന്‍ പറയാന്‍ അവര്‍ മറന്നില്ല. ശാരദ പോയതിനു പിന്നാലെ നീലിമ മുറിയില്‍ കയറി കതക് വീണ്ടുമടച്ചു. 

മുറിയില്‍ മേശയയ്ക്കു പുറത്തായി ചിലങ്ക. ഭിത്തിയില്‍ മനോഹരമായി ഒട്ടിച്ചിരിക്കുന്ന മൃണാളിനിയുടെയും മല്ലികയുടെയും ചിത്രങ്ങള്‍ 

ശാരദ കതകില്‍ വന്ന് തുടരെ തുടരെ തട്ടി. അവള്‍ വാതില്‍ തുറന്നില്ല. 

'ഡി.. കതക് തുറന്നെ..'

ശാരദയുടെ പല തവണയുള്ള വിളികേട്ടു നീലിമ വാതില്‍ തുറന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ നീലിമ തുടച്ചുമാറ്റി.

'എന്താ' അവള്‍ തിരക്കി.

'ഫോണില്‍ ശരത്. സംസാരിക്ക്.'

ശാരദ പറഞ്ഞു.

'ഹലോ..'-നീലിമ കാതില്‍ ഫോണ്‍ വെച്ച് പറഞ്ഞു.

'നിനക്ക് എന്റെ കാള്‍ എടുക്കാന്‍ പറ്റില്ലല്ലേ?'-ശരത് ആകെ കലികയറി നില്‍ക്കയാണ്.

'എടുക്കാന്‍ തോന്നിയില്ല. മനസ്സ് ശരിയല്ല... പിന്നെ ഞാന്‍ വിളിക്കാം.'

നീലിമ വിനയം തെല്ലും പോകാതെ പറഞ്ഞു.

'ഓ. നിന്റെ സമയത്ത് നീ വിളിക്കാമെന്ന്..'

നീലിമ അതിനു മറുപടി പറഞ്ഞില്ല. ശരത്തിന്റെ രക്തം തിളച്ചുകയറി, അയാള്‍ ഫോണിന്റെ മറുവശം നിന്ന് അലറാന്‍ തുടങ്ങി. കാതില്‍ നിന്നും മൊബൈല്‍ ഒരല്പം മാറ്റി പിടിച്ചതിനു ശേഷം വീണ്ടും കാതിനോട് ചേര്‍ത്തുവെച്ച് നീലിമ ചോദിച്ചു.

'കഴിഞ്ഞോ?'

നീലിമയുടെ ശാന്തത വീണ്ടും ശരത്തിനെ കലികയറ്റി.

'ശരത്തേട്ടന്‍ ഇനി കേട്ടോ..'നീലിമ പറഞ്ഞു തുടങ്ങി.

'എനിക്ക് ഇരുപത്തിരണ്ട് വയസായി. വ്യക്തി സ്വാതന്ത്ര്യം എന്നത് എനിക്കുമുണ്ട്. നിയമപ്രകാരം സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും എനിക്ക് ഉണ്ട്. പിന്നെ, ശരത്തേട്ടനെ ഞാന്‍ പ്രണയിച്ചത് ഒരു നല്ല ജീവിത പങ്കാളി ആകുമെന്ന് കരുതിയാണ്. ശരത്തേട്ടന് ഉള്ള അവകാശങ്ങള്‍ തന്നെയാണ് എനിക്കുമുള്ളത്. എന്റെ അവകാശത്തെ, എന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും ഇല്ലാതാക്കാനും ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. വീട്ടുകാര്‍ക്ക് പോലും ഒരു പ്രായം കഴിഞ്ഞാല്‍ മക്കളെ ഭരിക്കാന്‍ കഴിയില്ല. പത്ത് വര്‍ഷമായി ഞാന്‍ നൃത്തം പഠിക്കുന്നു. എന്റെ സ്വപ്നം യാഥാര്‍ഥ്യം ആകാന്‍ വേണ്ടിയാണ് എന്റെ അച്ഛനും അമ്മയും എന്നെ നൃത്തം പഠിക്കാനായി അയച്ചതും ഞാന്‍ പഠിച്ചതും. ഒരാള്‍ക്കു വേണ്ടി ഞാന്‍ എന്തിന് എന്റെ സ്വപ്നങ്ങള്‍ മറക്കണം?'

'എന്ന് വെച്ചാല്‍?'-ശരത്തൊന്ന് ഇടയില്‍ കയറി ചോദിച്ചു.

'എന്ന് വെച്ചാല്‍ മറ്റൊന്നുമല്ല, ഞാന്‍ നാളെ കഴിഞ്ഞുള്ള യൂത്ത് ഫെസ്റ്റിവലില്‍ ഡാന്‍സും ചെയ്യും അടിച്ചുപൊളിക്കുകയും ചെയ്യും. അതിനു ശേഷം അവസരം വന്നാല്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുകയും ചെയ്യും. എനിക്കെന്റെ ചെറിയ ജീവിതം വെറുതെ പാഴാക്കാന്‍ കഴിയില്ല. മറ്റൊരാള്‍ക്ക് വേണ്ടി എന്റെ സന്തോഷം ഇല്ലാതാക്കാനും പറ്റില്ല. ശരത്തേട്ടനെ എനിക്ക് ഇഷ്ടമാണ്. പക്ഷെ അതും പറഞ്ഞ് എന്റെ സ്വാതന്ത്ര്യം പൂട്ടി വെക്കാന്‍ പറ്റില്ല. മനസ്സിലായോ. ഇനി ശരത്തേട്ടന് തീരുമാനിക്കാം. എനിക്ക് പിന്തുണ തരാനൊന്നും ഞാന്‍ പറയില്ല. പക്ഷെ എന്റെ ഇഷ്ടങ്ങളില്‍ തലയിടരുതെന്നു മാത്രം.

ഒരു കാര്യം കൂടി പറയട്ടെ. ഞാന്‍ ഒരു വളര്‍ത്തു മൃഗമല്ല, വാലാട്ടാനും അനുസരിക്കാനും. ആരുടെയും വേലക്കാരിയുമല്ല. എനിക്ക് വേണ്ടത് അധികാരിയെയല്ല പങ്കാളിയെയാണ്, ആലോചിച്ച് മറുപടി പതിയെ പറഞ്ഞാ മതി, നാളെയോ മറ്റന്നാളോ. മറ്റന്നാ എന്റെ ഡാന്‍സ് ഉണ്ട് ആരേലും വീഡിയോ എടുക്കുവാണേല്‍ അയച്ചുതരാം. ഓക്കേയെന്നാല്‍.'

നീലിമ കാള്‍ കട്ട് ചെയ്തു. 

അവളുടെ മുഖത്ത് ജീവിതത്തിലിന്നേവരെ അനുഭവിക്കാത്ത ഒരു ശാന്തത നിറഞ്ഞു. 

Follow Us:
Download App:
  • android
  • ios