Asianet News MalayalamAsianet News Malayalam

Malayalam Short Story : ജയിലഴികളില്‍ കാറ്റുവീശുന്നു, നിഷ ആന്റണി എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  നിഷ ആന്റണി എഴുതിയ ചെറുകഥ

chilla malayalam short story by Nisha Antony
Author
Thiruvananthapuram, First Published Aug 8, 2022, 3:38 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Nisha Antony

 

മഞ്ഞിനേക്കാള്‍ തണുത്ത മറ്റെന്തോ ഭൂമിയിലേക്ക് വീണ ഒരു പുലര്‍ച്ച ആയിരുന്നു അത്. വര്‍ഷങ്ങളായ് എന്നെ ബാധിച്ചിരുന്ന സുരക്ഷിതത്വമില്ലാത്ത ഉറക്കത്തില്‍ ഞാനെന്റെ ശരീരത്തെ വളച്ചുകൂട്ടി പുതപ്പിനു കീഴില്‍ ഒതുക്കി. 

മഴത്തണുപ്പ്  വന്നെന്നെ വിളിക്കുമ്പോള്‍ ഞാന്‍ അവനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. എനിക്ക് ഉണരണമെന്നേ തോന്നിയില്ല. കുറച്ചു നാളായ് ശിഥിലമായ് പോയിരുന്ന എന്റെ ഹൃദയം ഒരു യാചക സന്തതിയെപ്പോലെ അവന്റെ നെഞ്ചോടള്ളിപ്പിടിച്ച് തേങ്ങിക്കൊണ്ടിരുന്നു.

ഞാന്‍ അനുഭവിച്ചിരുന്നത് ഒരു സ്വപ്നത്തിന്റെ തിരക്കഥയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ ശരീരം പിന്നെയും വിതുമ്മിക്കൂടി. അട്ട ചുരുളുമ്പോലെ ചുരുണ്ട് ഒരു തുണിക്കഷണത്തിന് കീഴെ പതുങ്ങാന്‍ ആഗ്രഹിച്ചെങ്കിലും എന്റെയുള്ളിലെ ഞാന്‍ തന്നെ ബഹുമാനിക്കുന്ന 'അപരിചിത' ഉയിര്‍ത്തുണര്‍ന്നു പുറത്തേക്കിറങ്ങി.

മഴ പെയ്ത് ആലിപ്പഴങ്ങള്‍ നനുത്തിറങ്ങുന്ന മുറ്റം. ഒരിലക്കഷണത്തിലേക്കൊഴുകാന്‍ തുടങ്ങിയ മഴ മിഠായിയെ കൈ വെള്ളയിലാക്കി ഞാന്‍  നാവിലേക്കലിയിച്ച നിമിഷത്തില്‍ എനിക്ക് നാട്ടിലെ രാമന്റെ കടയിലെ നാരങ്ങാ മിഠായികള്‍ ഓര്‍മ വരികയും എന്റെ ഓര്‍മ്മപ്പെരുവഴികളില്‍ അവന്‍  വീണ്ടും നടക്കാന്‍  തുടങ്ങുകയും ചെയ്തു.

കഥാപാത്രത്തിന്റെ പേരും സ്ഥലവും അമ്മയോട് വ്യക്തമാക്കിയാല്‍ ഒരിക്കലും പോകാനാഗ്രഹിച്ച സ്ഥലത്തേക്ക് വിടില്ല എന്നറിയാവുന്നത് കൊണ്ട്  'എനിക്കൊരു സ്ഥലത്ത് അത്യാവശ്യമായ്  പോയേ തീരൂ ' എന്ന് ഞാന്‍  നിര്‍ബന്ധംപിടിച്ചു. എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്നോര്‍ത്തിട്ടാണോ, മകളുടെ വിഷാദഭാവം മാറട്ടെ എന്ന് കരുതീട്ടാണോ ഒരു നിബന്ധനയില്‍ യാത്രയ്ക്ക് അമ്മ സമ്മതിച്ചു.

'ശന്തനു നെന്നെ കിട്ട്യേല്ലേല്‍ ഇന്റെ ഫോണിലേക്കാ വീഡിയോ കോള്‍ വിളിയ്ക്ക്യാ.. സന്ധ്യയ്ക്ക് മുമ്പ് തിരിച്ചെത്തണം. എനിക്ക് കള്ളം പറയാന്‍ വയ്യ.'

അമേരിക്കന്‍ രതിയുടെ ചൂടില്‍ എരിയുമ്പോഴും ശന്തനുവിലെ സദാചാരമലയാളി കൃത്യമായ ഇടവേളകളില്‍ ജോലി സ്ഥലത്ത് നിന്ന് വീഡിയോ കോള്‍ വിളിച്ച് ക്ഷേമാന്വേഷണം നടത്തിപ്പോന്നു.

അതു മാത്രല്ല. ഇപ്പോ പണ്ടത്തെക്കാലം പോലാണോ. സന്ധ്യയായാല്‍ പെങ്കുഞ്ഞുങ്ങള്‍ക്ക് വഴിനടക്ക്വാനാവോ?

സന്ധ്യയ്ക്കും രാത്രിയ്ക്കും അല്ലമ്മേ പ്രശ്‌നം. മനുഷ്യര്‍ക്കാണ്  എല്ലാക്കാലത്തും സൂക്കേട്. 

അനൂഖി  സാരി ധരിച്ചു വന്നു.

വെറും അമ്മ -മകള്‍ മിണ്ടലുകള്‍ക്കപ്പുറത്ത് നിന്ന് മകളുടെ നീലിച്ച ഭാവവും, അമര്‍ച്ച ചെയ്യപ്പെട്ട നിലവിളികളും  ഏതെങ്കിലും കാലത്ത് അമ്മമാര്‍ മനസ്സിലാക്കുമോ എന്ന ചോദ്യം വായുവിലേക്കയച്ച്  അവള്‍ കാറിലേക്ക് കയറി. ഒപ്പം പത്ത് വയസ്സുള്ള അനൂഖി കാലങ്ങള്‍ക്കിപ്പുറത്ത് നിന്ന് അമ്മയോട് വീണ്ടും കലഹിക്കാന്‍ ആരംഭിച്ചു.

രണ്ട്

'എനിക്ക് ട്യൂഷന് പോണ്ടാ' 

നീലയും മഞ്ഞയും പൂമ്പാറ്റകള്‍ പറക്കുന്ന കുട്ടിയുടുപ്പിനുള്ളിലെ  മുതിര്‍ന്നുവരുന്ന ഭയത്തെ മുഴുവന്‍ പുറത്തേക്കൊഴുക്കി അനൂഖി കരഞ്ഞു.

'പോണ്ടാന്ന് പറഞ്ഞാ എങ്ങന്യാ ശര്യാവാ. അച്ഛനറിഞ്ഞാല്‍ അനൂട്ടിക്ക് തല്ല് കിട്ടും.'

'ദീപനില്ലാതെ ഞാന്‍ പോവില്ല. എനിക്കും ഓനും ഒരുമിച്ചല്ലെ ട്യൂഷന്‍ ഏര്‍പ്പാടാക്കിയത്?  എന്നിറ്റ് ഓനേടെ? അമ്മ ഓനോടും പറ വരാന്‍.'

'ഞാന്‍ പറഞ്ഞാ കേക്കുന്നതര്വാണോ ഓന്‍. ഇയ്യന്നെ പറ.' 

അമ്മ വിറകും ഒതുക്കിപ്പിടിച്ച് അകത്തേയ്ക്ക് കയറി.

വാല്യക്കാരന്‍ കുഞ്ഞിരാമന്റെ ഒപ്പം ചന്തത്തുരുത്തിലൂടെ നടക്കുമ്പോഴും പൂമ്പാറ്റയുടുപ്പിലെ കുഞ്ഞു ശരീരം തളരാന്‍ തുടങ്ങിയിരുന്നു. ലോകം മുഴുവന്‍ പെട്ടെന്ന് ഇരുട്ടിലായ് പോയെന്നും അതിലൊരു പെങ്കുട്ടി പകച്ച കണ്ണുകളോടെ വെളിച്ചം തിരഞ്ഞ് ചുമരില്ലാത്ത വഴിയില്‍ കൈകൊണ്ട് തപ്പി പിടഞ്ഞ് നടക്കുന്നതായും 
അനൂഖിയ്ക്ക് തോന്നി.

'ന്നാ എനിക്കൊരു ചുരിദാറ് വാങ്ങിച്ച് താ.ഞാന്‍ അതിട്ടോണ്ട് പൊയ്‌ക്കോളാ....

കൗമാരമെത്തും മുന്നേ ശരീരത്തെ വസ്ത്രത്തില്‍ ഒളിപ്പിക്കാനുള്ള ദുസ്സഹമായ വേദനയോടെ അനൂഖി
അമ്മയോട് ചിലമ്പി.

'മൊട്ടേന്ന് വിരിഞ്ഞില്ല. അയ്‌നും മുന്നേ ഫാഷന്‍ ഭ്രമാണ്. മിണ്ടാണ്ട് പൊക്കോളാ...'

സ്‌നേഹശൂന്യമായ വാക്കുകള്‍ അമ്മയുടെ വായില്‍ നിന്നും ചത്തു തൊഴിഞ്ഞു കൊണ്ടിരുന്നു.

കുഞ്ഞിരാമേട്ടന്‍ ഇന്റൊപ്പം ട്യൂഷന്‍ കഴിയണവരെ  നിക്ക്വോ?

വ്യസനത്തോടെയുളള തന്റെ ചോദ്യത്തിനുനേരെ കുഞ്ഞിരാമന്‍ അയാളുടെ ബുദ്ധിമുട്ട് പറഞ്ഞു.


'കുട്ട്യന്താ തമാശ പറയ്യാ! കുട്ടീന്റാട ഇനിയ്ക്ക് തോനെ പണീല്ലേ. പയ്യിനെം കന്നൂട്ടീനേം തൊഴുത്തില് കെട്ടണം. വെറക് അടുപ്പിന്റാത്ത് കൊണ്ടിടണം. കുട്ടീന്റച്ഛന്റെ പാര്‍ട്ടിക്കാര് വര്‌മ്പോ നെലത്തെ കമ്പളം തട്ടി വൃത്തിയാക്കണം.'

പകലിനവസാനം ഇലകള്‍ നിലാവ് ചൂടി തുടങ്ങിയിരിക്കുന്നു.

തനിക്കും ദീപനും ട്യൂഷനെടുക്കാന്‍ തീരുമാനിച്ച  മുറിയ്ക്ക് ഒറ്റവരി ജനാല മാത്രായിരുന്നു  ഉണ്ടായിരുന്നത്. അതിനുപുറത്ത്  വിളഞ്ഞ് മൂത്ത് നിന്നിരുന്ന ഒരാല്‍മരം മുറിയിലേയ്ക്ക് എപ്പോഴും ഇരുള്‍ പടര്‍ത്തി വിട്ടു. ഇലകള്‍ക്കിടയിലൂടെ വരുന്ന ഇത്തിരിവെട്ടം പോലും തന്നെ പിടി കൊടുക്കരുത് എന്ന് വിചാരിച്ചിട്ടാവും
ട്യൂഷനെടുക്കുന്ന സമയങ്ങളില്‍ അയാള്‍  ജനാലവാതില്‍ ചാരിയിട്ടിരുന്നു.

ദൂരെ നിന്നേ ആല്‍മരച്ചുവട്ടില്‍ സൈക്കിള്‍ കണ്ടു.

'കുട്ട്യന്താ ആത്തേക്ക് പോവാത്തെ?'

ദ'ീപനെവിടെ കുഞ്ഞിരാമേട്ടാ...'

'ഊയ്ശ് ....അക്കുട്ടിനെ എന്തിനാ അനൂട്ടി ശ്രദ്ധിക്കണേ.'

'ദീപനില്ലാതെ ഞാന്‍ പോവില്ല. ഓന്‍ ഓന്റച്ഛന്റെ പൊടി മില്ലിലുണ്ടാവും. എന്നെ ആട കൊണ്ടാക്കിത്തരി ഇങ്ങള്.'

തേങ്ങലിന്റെ ഒച്ച പെരുമ്പറ ആവൂന്ന് പേടിച്ചിട്ടാവാം  കുഞ്ഞിരാമേട്ടന്‍ അരിപ്പൊടി മില്ലിലേയ്ക്ക് നടന്നു.

വിചാരിച്ചത് പോലെ ദീപന്‍ ഓന്റച്ഛന്റെ കസേരയില്‍ വല്ല്യാള് ചമഞ്ഞ്  ഇരിക്കുന്നുണ്ടായിരുന്നു..

വെളുത്ത മുഖത്തെ വിരിഞ്ഞ് നിന്ന പുരികങ്ങള്‍ 'നീയെന്തിനാ ഇങ്ങോട്ട് വന്നത്' എന്നുള്ള ചോദ്യമുന്നയിച്ചു.

'ഇയ്യ് വര്വോ ട്യൂഷന് എന്റൂടി?'

ഒരു പത്ത് വയസ്സുകാരിയ്ക്ക് താങ്ങാന്‍ പറ്റാത്തത്ര ദുഃഖമത്രയും സ്വരത്തില്‍ ചുമന്ന് ഞാന്‍ അവനോട് ചോദിച്ചു.

'നെനക്ക് അച്ഛനോട് പറഞ്ഞ് രാമന്റെ കടേന്ന് ലാക്ടോ കിംഗ് മുഠായി മേടിച്ചരാം.'

'ഞാന്‍  ട്യൂഷന്‍ നിര്‍ത്തീതാ.'

'ഇയ്യ് പഠിക്കണ്ട.'

'ആടെ ഇന്റൊപ്പം വെറുതെ വന്നിരുന്നാല്‍ മതി.'

എന്റെ കണ്ണ് നെറഞ്ഞൊഴുകുന്നത് കണ്ടിട്ടോ, നാല് മുഠായി മധുര പ്രലോഭനമോര്‍ത്തിട്ടാണോ എന്നറിയില്ല അവന്‍ പത്ത് വയസ്സുകാരിയുടെ സംരക്ഷകനായി.

പകുതി പേടിച്ചും പകുതി ധൈര്യത്തിലും നടന്ന് അടഞ്ഞ മുറിയുടെ മുന്നിലെത്തിയപ്പോള്‍ താന്‍ ഒന്നൂടി പറഞ്ഞു.

'അയ്യാള് ഇറങ്ങി പൂവ്വാന്‍ പറഞ്ഞാലും ഇയ്യ് പൂവ്വരുത്. പോവ്വോ?'

'ഇല്ല.'

'ഇന്റെ കയ്യിലടിച്ച് സത്യം ചെയ്യ്.'

'അനൂട്ടിയ്ക്കെന്തിനാ ഇത്ര പേടി?'

ആരെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ചോദ്യം ദീപന്‍ ചോദിച്ചപ്പോ തന്നെ പഴുത്ത  മഞ്ഞപ്പരു പൊട്ടിയ പോലെ മലിനമായ ഉത്തരം പുറത്തേക്ക് ചാടി.

'അയാളെന്നെ നുള്ളും.'

'അനൂട്ടി പഠിക്കാഞ്ഞിട്ടല്ലെ?'

'അല്ല.'

'പിന്നെ?'

'ഇനിക്കറീല്ല.'

എന്തുത്തരമാണ് അവന് മനസ്സിലാക്കാന്‍ വേണ്ടി  പറയണ്ടത് എന്നറിയാതെ   വളര്‍ന്നുപോയൊരു ബാല്യം ഏങ്ങലടിച്ചു.

ഒരു ശൈശവത്തെ ഉരിഞ്ഞെടുത്ത് കൗമാരത്തിലോട്ടും യുവത്വത്തിലോട്ടും വിഷം തളിച്ച് മൂപ്പെത്തിക്കുന്ന  ഭ്രാന്തന്‍ നായയുടെ ഉളുമ്പ് നാറ്റത്തെക്കുറിച്ച് ഒരു പത്ത് വയസ്സുകാരന് എന്ത് അറിയാനാണ്.

'കരയണ്ട. ഇന്നയാള് നുള്ളില്ല.' 

ദീപന്‍ ധൈര്യം ഭാവിച്ചു.

ട്യൂഷന്‍ തുടങ്ങി.

അയാള്‍ കസേരയുടെ കൈയ്യില്  കൈചാരി ഇരുന്നു. പുസ്തകം മറിച്ചു. മറുകൈയ്യുടെ വിരലുകള്‍ വിറക്കുന്നതും ഇടയ്ക്കിടെ കസേരപ്പിടിയിന്‍മേല്‍ അമര്‍ത്തിപ്പിടിക്കുന്നതും മാത്രം താന്‍ ശ്രദ്ധിച്ചു. വായുവില്‍ കലര്‍ന്ന അക്കങ്ങളും അക്ഷരങ്ങളും മുഴുവന്‍ കാമവെറി പൂണ്ട നായയുടെ ഛര്‍ദിലുകളായി തന്റെ മേല്‍
ചുറ്റിക്കറങ്ങി.

'ഇയ്യാരെ കാണാനാ കുത്തിരിക്ക്ണ്. എണീറ്റ് പോയൂട്.'

അയാള്‍ ദീപനോട് ഒച്ചയിട്ടു.

'ഞാമ്പോണില്ല. ഇതെന്റച്ഛന്റെ മുറിയാ'

ദീപന്റെ  മറുപടി അയാള്‍ക്ക് മുഷിഞ്ഞു. പിന്നീടയാള്‍ ഒന്നും പറഞ്ഞില്ല.

ഇടയ്ക്ക് ഏത്തക്കാ പൊരിച്ചതും പാലൊഴിച്ച ചായയുമായി ആണ്ടിയുടെ ഹോട്ടലില്‍ നിന്നും സപ്ലെയര്‍ വന്നു.

അയാള്‍ മാത്രം അതൊക്കെ സ്വാദോടെ കഴിച്ചു.

ദീപന്‍  അയാളിലേയ്ക്ക് മാത്രം കണ്ണയച്ചിരുന്നു. ഇടയ്ക്ക് മാത്രം അവന്‍ ചത്തു നിലമ്പറ്റിയ ഒരെട്ടുകാലിയെ മുളവടി കൊണ്ട് തട്ടിക്കളിച്ചു.

വിശന്ന ചെന്നായ എത്ര നേരം കൂട്ടിലൊളിക്കും.

അയാള്‍ ദീപന്റെ ചെറിയ പ്രായത്തെ അവഗണിച്ച് വേട്ടയ്‌ക്കൊരുങ്ങാന്‍ തുടങ്ങി.

കറുത്ത നിറമുള്ള നീണ്ട അഞ്ച് കുരുടി പാമ്പുകള്‍ ഇഴഞ്ഞ് തന്റെ കാല്‍ വണ്ണയിലെ ഉടുപ്പുയര്‍ത്തിയ നിമിഷം ദീപന്‍ പാഞ്ഞു വന്നു.

'മാഷോളെ നുള്ളണ്ട.'

'നുള്ള്യാ?'

അയാള്‍ക്ക് കിതച്ചു തുടങ്ങിയിരുന്നു.

ദീപന്റെ കയ്യൊന്ന് താണുയര്‍ന്നു.

കൂര്‍ത്ത് മൂര്‍ത്ത പെന്‍സില്‍ അയാളുടെ കൈ മണ്ടമേല്‍ നൂണിറങ്ങി. രക്തം കിനിഞ്ഞു.

അയാള്‍ ഭ്രാന്തനെപ്പോലെ പുറത്തേക്ക് നിലവിളിച്ചോടി.

ഒപ്പം താനും ഉറക്കെ നിലവിളിച്ചു.

ആള്‍ക്കാര്‍ ഓടി വന്നു.

ഒരാങ്കുട്ടിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന പെങ്കുട്ടിയെക്കണ്ട് പുറം ലോകം ആര്‍ത്തിരമ്പിയപ്പോള്‍ ഞാനാരെയും ശ്രദ്ധിക്കാതെ അവന്റെ നെഞ്ചിന്‍ ചോട്ടില്‍ പറ്റിക്കിടന്ന് മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു.

ദീപാ, എനിക്ക് പേടിയാവുന്നു.


മൂന്ന്

എനിക്ക് ദീപനതാണ് ശ്രീനി. അയാളുടെ ശല്ല്യത്തില്‍ നിന്നും, ഭയത്തില്‍ നിന്നും എനിക്ക് സ്വാതന്ത്ര്യം തന്നതവനാണ്. അവനൊരിക്കലും ഒരു പെണ്ണിനെ കൊല്ലാമ്പറ്റൂന്ന് എനിക്ക്  തോന്നണില്ല.

'നിന്നെം കൊണ്ട് ഞാന്‍ ജയിലിപ്പോയെന്നറിഞ്ഞാ എന്റച്ഛനും നിന്റമ്മയും എന്നെ കൊല്ലും. വേറെ എത്രയോ പേരെ നിനക്ക് പ്രേമിക്കാനുണ്ട്?'

'ശ്രീനി, അന്ന് പത്തു വയസ്സിലൊരു പെങ്കുട്ടിക്ക് ലൈംഗികാക്രമണം എന്താന്ന് പോലും അറീല്ല. അതവളുടെ നാവിനോ  ശരീരത്തിനോ വഴങ്ങാത്തതാണ്. തന്നെ കൊല്ലാന്‍ വരുന്ന എന്തോ ഒന്നായിട്ടാണ് കരുതുക.  ആരോടും പറയാന്‍ പറ്റാതെ, പറഞ്ഞാല്‍ തന്നെ ആരും  മനസ്സിലാക്കാത്ത ആ പ്രായത്തില്‍ അവനെനിക്ക് നല്‍കിയ  സംരക്ഷണം ഒരു പെങ്കുട്ടിക്കും നിഷേധിക്കാന്‍ പറ്റാത്ത കരുതലാണ്. പ്രേമമെന്ന ദുര്‍ബലമായ പേര് മാത്രം നീയതിനിടരുത്.'

കാര്‍ ഒരു ചെറു കുഴിയിലേക്ക് ചാടി ഓഫായി.

'എത്ര നന്നാക്കിയിട്ടും നമ്മുടെ റോഡുകള്‍ പണി തരുന്നത് കണ്ടില്ലേ? ഇതുപോലെയാ മനുഷ്യന്റെ കാര്യത്തിലും. കുഴീല് വീണാ ഒന്നുകില്‍ തള്ളണം. അല്ലേല്‍ സ്വയം എടുക്കണം. നന്നാവണമെന്ന് അവനോ, അവന്റെ കുടുംബക്കാര്‍ക്കോ ആഗ്രഹമില്ലായിരുന്നു.'

'ഞാനവനെ ഓര്‍ത്തിരുന്നെങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല.'

'അവന് കള്ളു മാത്രല്ല. കഞ്ചാവും ഉണ്ടായിരുന്നു. രണ്ടിന്റേം കൂടി ലഹരിയില്‍ പറ്റിയ അബദ്ധമാണെന്നാ നാട്ടുകാര് പറയുന്നത്.'

ശ്രീനി പറഞ്ഞു.

'അവനും അത് സമ്മതിച്ചോ?'

'നീ കാണുമ്പം ചോദീര്...'

അനൂഖി നിശബ്ദയായ് ഇരുന്നു.

ജയിലിന് മുന്നിലേക്ക് ചെന്നിറങ്ങിയപ്പോള്‍ അവള്‍ക്ക് ആല്‍മരവും ഇരുട്ടും, അയാളെയും ഓര്‍മ വന്നു. 

സമയം കൊഴിയുന്നു. കടല്‍ത്തിരകള്‍ കടല്‍ ഭിത്തിയിലടിച്ചുയരുന്ന ശബ്ദം സ്വന്തം ഹൃദയത്തില്‍ നിന്നുകേള്‍ക്കാം.

ഇരുമ്പ് കൊണ്ട് അഴിയടിച്ചുണ്ടാക്കിയ ചുമരിനപ്പുറത്ത് നിന്നും ആളനക്കത്തിന്റെ നിഴല്‍ അടുത്ത് വന്നുകൊണ്ടിരുന്നു.

എല്ലാവരുടെയും അനിഷ്ട കഥാപാത്രം. ലഹരിയില്‍ ഭാര്യയെക്കൊന്നവന്‍. നാട്ടുകാര്‍ക്ക് ഭ്രാന്തന്‍. വീട്ടുകാര്‍ക്ക് കുടുംബപ്പേര്  നശിപ്പിച്ചവന്‍.

അവള്‍ മുന്നിലേക്ക് നടന്നു. ഷഡ്പദങ്ങള്‍ പോലും ചെല്ലാന്‍ മടിച്ചു നില്‍ക്കുന്ന തോട്ടം.

ഒരു കാലത്ത് തനിക്കേറെ വേണ്ടപ്പെട്ടവര്‍ ഉണ്ടായിരുന്നിട്ടും, സഹപാഠിയില്‍ നിന്ന് മാത്രം പാറിവീണ  നന്മയില്‍  പുനര്‍ജനിച്ചൊരാള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് ഇപ്പോഴെങ്കിലും അവനറിയണമെന്ന ആഗ്രഹത്തോടെ അനൂഖി നടന്നു.

അച്ഛനുപേക്ഷിച്ചപ്പോള്‍ നാഥനും അമ്മയുപേക്ഷിച്ചപ്പോള്‍ അനാഥനുമായ് പോയ ഒരുവനെ അവള്‍ അഴികള്‍ക്കുള്ളിലൂടെ ആലിംഗനം ചെയ്തു.

അപ്പോള്‍ പുറത്ത് മരങ്ങള്‍ പുഞ്ചിരിക്കാന്‍ തുടങ്ങി.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

Follow Us:
Download App:
  • android
  • ios