Asianet News MalayalamAsianet News Malayalam

Malayalam Short Story : മാറുമറക്കാത്ത കുഞ്ഞിപ്പെണ്ണ്, ഒ എ ബഷീര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ഒ എ ബഷീര്‍ എഴുതിയ ചെറുകഥ   

chilla malayalam short story by O A Basheer
Author
Thiruvananthapuram, First Published Aug 9, 2022, 2:38 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by O A Basheer

 

ജടുക്ക വണ്ടിയും പല്ലക്കും പോയ വഴിയെ ഇന്ത്യന്‍ ബസ്സും മയില്‍ വാഹനവും  ഓടിത്തുടങ്ങിയിട്ടും തന്റെ മാറുകള്‍ മറക്കാതെതന്നെ  ഞങ്ങളുടെ ഗ്രാമത്തിലൂടെ കുഞ്ഞിപ്പെണ്ണ് നടന്നു.
 
അമ്മ നാടിച്ചിക്ക് കഴുത്ത് മുതല്‍ നെഞ്ച് വരെ പല നിറത്തിലും കോലത്തിലുമുള്ള കല്ല് മാലകള്‍ ഉള്ളതിന് പുറമെ മാറത്ത്  സാബൂന്‍ തേക്കാതെ അലക്കി വെളുക്കാത്തൊരു മുണ്ട് ചിലപ്പഴൊക്കെ ഉണ്ടാകുമായിരുന്നു.  നെല്‍ച്ചെടികള്‍ക്കിടയില്‍ പുല്ല് പറിക്കാന്‍ കുമ്പിടുമ്പോള്‍ നാടിച്ചിയുടെ മാംസളമല്ലാത്ത മാറിടം തൂങ്ങിയാടുന്നത് കാണാന്‍ അവര്‍ ചൂടുന്ന വലിയ കുണ്ടന്‍  കുട ഒരു തടസ്സമായി നില്‍ക്കും.

മുറുക്കാന്‍ ചവച്ച് വരമ്പത്തിരിക്കുമ്പോഴും മറ്റും അത് മാലകള്‍ക്ക് കീഴെ പരന്ന് കിടക്കും അന്നേരം അവരൊരു ചിമ്പാന്‍സിയുടെ കോലമായി എനിക്ക് തോന്നാറുണ്ടായിരുന്നു.

എന്നാല്‍ മകളായ കുഞ്ഞിയുടെ കഴുത്തില്‍ ശീമ വെള്ളിയുടെ ചങ്കേലസ്സ് കുത്തചരടില്‍ കോര്‍ത്തതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.

മാറ് മറക്കുന്നതിനെ ആരും ചോദ്യം ചെയ്യാതിരുന്നിട്ടും മുട്ടിന് താഴെ മുണ്ടുടുക്കാമെന്നായിട്ടും കുഞ്ഞിയെന്ന പതിനാലുകാരിക്ക് എന്ത് കൊണ്ടോ ആ പരിഷ്‌കാരത്തിനോടത്ര പ്രതിപത്തി തോന്നിയിരുന്നില്ല എന്ന് വേണം കരുതാന്‍. 

ഇല്ലത്തെ സ്ഥിരം പണിക്കാരിയായിരുന്നു അവരെങ്കിലും അവിടെ പണിയില്ലാത്ത  ദിവസങ്ങളില്‍ ഞങ്ങളെ പാടത്തും അവര്‍ എത്തും.

അന്നൊരു ദിവസം അലുമിനിയ പാത്രത്തില്‍ ഉമ്മ കഞ്ഞി വിളമ്പിക്കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു 'മാണ്ട പെങ്കോലുട്ട്യേ... ങ്കക്കിവിടെ ബായെലണ്ട്.'

അത് കേട്ട ഉമ്മ പറഞ്ഞു: 'അതൊക്കെ ങ്ങള് പണിട്ക്ക്ണ വേറെ സ്ഥലത്ത്. ഇബടെ വെരുമ്പൊ പിഞ്ഞാണത്തിലെ തരൂ.'

ഇല്ലത്ത് അവര്‍ക്ക് കഞ്ഞി കുടിക്കാന്‍ മുറ്റത്തെ മൂലയില്‍ ഓരോ കുഴികുത്തിയിട്ടുണ്ടാവും അതില്‍ വാട്ടിയ വാഴയില വച്ചാണ് കഞ്ഞി വിളമ്പുക. അതിലേക്ക് കൂട്ടാന്‍ കാര്യമായി ഒന്നും ഉണ്ടാവാറില്ല.  കടിച്ച് കുട്ടാന്‍ ഒന്ന് രണ്ട് പറങ്കി മൊളക് തൊടിയില്‍ നിന്നും അവര്‍ നേരത്തെ കരുതിക്കാണും. 

അല്‍പം മടിയോടെ ഉമ്മ നീട്ടിയ  കഞ്ഞിപ്പാത്രവും വാങ്ങി അവര്‍ പ്ലാവിന്‍ ചുവട്ടിലേക്ക് നടക്കവെ ഉമ്മ വീണ്ടും പറഞ്ഞു 'നാടിച്ച്യേ ഇവടെ കോലായ്‌മെക്ക് പോരി...'

'വേണ്ട മാപ്പള്‍ച്ച്യേ മ്പളവടെ..'

ഉമ്മ സമ്മതിച്ചില്ല അവസാനം അവര്‍ പുള്ളത്തിണ്ടില്‍ ഇരുന്ന് പ്ലാവില കുത്തി കൈലാക്കിയത് കൊണ്ട് കഞ്ഞി കോരിക്കുടിച്ചു. ഒപ്പം വാഴയിലയിലെ ചക്കക്കൂട്ടാനും പച്ച മാങ്ങയും ചെമ്മീന്‍ ചുട്ടരച്ച് പച്ച വെളിച്ചെണ്ണ ഉറ്റിച്ച ചമ്മന്തിയും കൂട്ടി സ്വാദ് ആസ്വദിച്ച് കൊണ്ട് ആര്‍ത്തിയോടെ കഴിച്ചു.

ശേഷം നാടിച്ചി അവരുടെ വലിയ കോന്തലക്കെട്ടഴിച്ച് മുറുക്കാനെടുത്ത് ചവച്ചു. മറ്റുള്ളവരോടായി എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കെ അവരുടെ ഇരുവായ് കോണിലൂടെയും ചുകപ്പൊലിച്ചത് ഉള്ളം കയ്യിനാല്‍ തുടച്ച് ഉടുമുണ്ടില്‍ തേച്ചു.

തിണ്ടില്‍ പിടിച്ച് നെല്‍കറ്റ ചവിട്ടി മെതിക്കുന്ന പുഴുങ്ങിയ മുതിരയുടെ  തിളക്കവും നിറവുമാര്‍ന്ന 
കുഞ്ഞിയുടെ നെറ്റിയിലും മുക്കിന്മേലും ഉരുണ്ട് കൂടി തിളങ്ങിയ വിയര്‍പ്പ് തുള്ളികള്‍ താഴോട്ടിറങ്ങി പൂര്‍ണ്ണ നഗ്‌നമായ നെഞ്ചില്‍, മൂസാക്കാന്റെ പീടികയില്‍ കുപ്പിയിലേക്ക് കാസര്‍ട്ട് ഒഴിച്ച് കൊടുക്കുന്ന തകരക്കാളം പോലെയുള്ള മുലകള്‍ക്കിടയിലൂടെ ചാലിട്ടൊഴുകുന്നത്  ഞാനെന്ന പത്ത് വയസ്സുകാരന്‍ വെറുമൊരു രസത്തോടെ നോക്കി നില്‍ക്കുന്നത് കണ്ട്  ഉമ്മ പറഞ്ഞു.

'കുഞ്ഞ്യേ ജ്ജ്ങ്ങനെ ഒരു മുണ്ടും കൂടെ മാറത്തിടാതെ നടക്ക്ണത് അത്ര ശര്യല്ല ട്ടൊ. ഇപ്പത്തെ കാലത്തെ ചെറ്യേ മക്കളെ കണ്ണ് വരെ...'

അന്ന് വൈകുന്നേരം  കൂലി കൊടുത്ത ശേഷം ഉമ്മയുടെ പഴയ കുപ്പായങ്ങളും ഒരു തോര്‍ത്ത് മുണ്ടും കുഞ്ഞിയുടെ കൈകളില്‍ വച്ച് കൊടുത്ത് കൊണ്ട്  ഉമ്മ പറഞ്ഞു 'നാളെ വരുമ്പോള്‍ ഈ കുപ്പായം ഇട്ടേ ഇങ്ങട്ട് വരാമ്പാടുള്ളൂ...'
 
ശേഷം ഒന്നും കൂടെ ശബ്ദം കനപ്പിച്ച് കൂട്ടിച്ചേര്‍ത്തു: 'കേട്ടല്ലൊ ല്ലെ അല്ലാതെങ്ങാനും വന്നാ രണ്ടിനും ഒരു മുറുക്ക് വെള്ളം ഞാന്തരൂല.' 

ഉമ്മ അങ്ങനെ ആയിരുന്നു സ്‌നേഹിക്കുന്ന പോലെ ശാസിക്കാനും മടി കാണിക്കാറില്ല. പണിക്കാര്‍ക്ക് ഞങ്ങളെന്താണോ തിന്നുന്നത് അത് നേരത്തിന് വയര്‍ നിറച്ച് കൊടുക്കുക. ഇനി വഴിപോക്കര് ആയാലും ഭിക്ഷക്കാര് വന്നാലും  വെറുതെ വിടില്ല. 

പിന്നെയും പല തരത്തിലുള്ള നെല്‍കറ്റകള്‍ മഴയത്തും വെയിലത്തും മുറ്റത്ത് മെതിച്ചെങ്കിലും
പഴയ കോലത്തില്‍ മാറ് മറക്കാതെ കുഞ്ഞിയെ കണ്ടതായി ഓര്‍ക്കുന്നില്ല.

ഞാന്‍ ഏഴില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഒരു ദിവസം സ്‌കൂള്‍ വിട്ട് വന്ന് കൊയ്‌തൊഴിഞ്ഞ കണ്ടത്തിലുണ്ടാക്കിയ മധുരക്കിഴങ്ങ് പുഴുങ്ങിയതും ചക്കരച്ചായയും മഞ്ചമേലിരുന്ന് കുടിച്ച് കൊണ്ടിരിക്കെ,  അരിയിടിച്ചത് ഉരലില്‍ നിന്ന് വാരി തരിക്കുന്ന അമ്മായിയോട് ഉമ്മ ചോദിക്കുന്നത് കേട്ടു

'അല്ല... സത്യത്തിലോക്ക് പള്ളേലുണ്ടായ്‌നൊ'

'പിന്നല്ലാതെ അത് കലക്കാനല്ലെ ഉമ്മത്തും കായ്... പിന്നെ രക്തം നിന്നില്ലോലൊ'

'എന്തോ ഏതോ..സത്യം കൊന്നോല്‍ക്ക് അല്ലെ  അറിയൂ ഇനിപ്പൊ ഞമ്മളായ്ട്ട്...'

 മുമ്പ് പറഞ്ഞ് മുഴുമിപ്പിക്കാത്തതിന്റെ ബാക്കി കേട്ട് കാര്യമായി ഒന്നും മനസ്സിലാകാതെ ചോദിച്ചു: 'ആരെയാ കൊന്നത് ഇമ്മാ?'

'അത്... അത് ഞമ്മളെ പണിക്കാരത്തി കുഞ്ഞില്ലെ... ഓള് ചത്തൂന്ന് കേട്ടു.'

'എങ്ങനെ ആരാ കൊന്നത്?'

'അല്ലാഹ്...അങ്ങനെ ഒറക്കെ പറയല്ലെ അങ്ങനെ പറഞ്ഞാ പോലീസ് വന്ന് അന്നെ പുടിച്ചൊണ്ടോവും.  ആരും കൊന്നതല്ല ഓള് പള്ളയില്‍ വെര്ത്തം വന്ന് മരിച്ചതാ.'

ഭയം അഭിനയിച്ച് കൊണ്ട് അന്നാ പറഞ്ഞത് പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും വളര്‍ച്ചയുടെ പടവുകള്‍ കേറുന്നതിനനുസരിച്ച് കാലം എനിക്കാ കഥ പറഞ്ഞു തന്നു. 

ഇന്നിപ്പൊ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് വച്ച മുലക്കരത്തെ ചിലരെല്ലാം വീണ്ടും തുറന്ന് പുറത്തെടുപ്പോള്‍, മറക്കാതിരിക്കാന്‍ ചുര്‍ക്കയിലിട്ട് വച്ച  കുഞ്ഞിയുടെ ആ കഥ!  ഓര്‍മ്മകളാകുന്ന ചില്ലു ഭരണിയില്‍ നിന്നുമെടുത്ത് രുചിച്ചാല്‍ രസഭേദം വരാത്ത  അവളുടെ രൂപവും ഭാവവും ഒരു കേന്‍വാസില്‍ വരച്ചിടാന്‍ എനിക്കാവും.  അവളുടെ ആ  വലിയ ശബ്ദം  കാതുകളില്‍ ഇന്നുമുണ്ട്. 

ചില്ല് കുപ്പിയില്‍ മണ്ണ് പൊതിയാതെ നഗ്‌നമാക്കപ്പെട്ട വേരുകളാല്‍ പുഷ്പിക്കാതെ പോയ  വെറുമൊരു പച്ചിലച്ചെടി. അതായിരുന്നു അവള്‍!

അന്ന് അവളുടെ ചവിട്ടേറ്റ നെന്മണികള്‍ അറയിലെ ബല്ലക്കൊട്ടയില്‍ നിറച്ചപ്പോഴും അത്  അവരുടെ കയ്യിനാല്‍ പുഴുങ്ങിയുണക്കി കുന്താണിയിലിട്ട് കുത്തിത്തൊലിച്ച് അരിയാക്കിയപ്പോഴൊന്നും ആര്‍ക്കും അയിത്തമുണ്ടായിരുന്നില്ല. കുഞ്ഞിയുടെ വിയര്‍പ്പ് തുള്ളികള്‍ ഇറ്റിയ നെന്മണികള്‍ വിശേഷങ്ങള്‍ക്ക് കാഴ്ചവച്ചപ്പോഴും  അയിത്തമായിരുന്നില്ല. 

അല്ലാത്തപ്പോഴൊക്കെ അയിത്തമായിരുന്ന തൊട്ടുകൂടാത്ത, കണ്‍മുമ്പിലെ ശകുനശരീരങ്ങള്‍  ഇരുട്ടുകളില്‍ മാത്രം പൂജിക്കപ്പെട്ടു!

ചില കുലസ്ത്രീകള്‍ അവരുടെ അറവാതിലിന്റെ തിരുകുറ്റിയില്‍ വെള്ളമൊഴിച്ച് ചീപ്പൂരി വക്കുമ്പോള്‍ കുഞ്ഞിമാരുടെ വൈക്കോല്‍ പുരയുടെ ഓല വാതിലിന്റെ ഇല്ലാത്ത സാക്ഷ നീക്കി വക്കേണ്ടതായ ആവശ്യമില്ലല്ലോ. 


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

Follow Us:
Download App:
  • android
  • ios