Asianet News MalayalamAsianet News Malayalam

ചാവുകൊതിപ്പോര്‍,  പിഎം ഇഫാദ് എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പിഎം ഇഫാദ് എഴുതിയ കഥ

chilla malayalam short story by PM Ifad
Author
Thiruvananthapuram, First Published Jun 11, 2021, 6:54 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by PM Ifad

 

...പിച്ചിച്ചീന്തി കിടന്ന ചന്ദ്രന്റെ വെള്ളി വെളിച്ചത്തില്‍, ഭൂമിയുടെ കയ്പ്പുള്ള മണ്ണിലേക്ക്, കണ്ണ് തുറിപ്പിച്ച്, തീട്ടമൊലിപ്പിച്ച്, മര കൊമ്പില് തൂങ്ങിയ പത്രോസിനെ മേരി ശവത്തണുപ്പില് തൊട്ടറിഞ്ഞു, പിന്നെ ഉപ്പിന്റെ മണമുള്ള കരച്ചില്‍  തൊണ്ട തൊടാതെ വിഴുങ്ങി...

ഇല ചാര്‍ത്തിന്റെ നരച്ച പച്ചയെ തിളപ്പിച്ചിട്ട വെയില്‍ സ്വര്‍ണ്ണ വര്‍ണ്ണമാക്കുന്ന നേരത്തിലായിരിക്കും മേരി ഉച്ചി തൊട്ട് കാലിന്റെ അടി വരെ വിയര്‍പ്പിച്ച് നേടിയ ഒരു പൊട്ടിയ ബക്കറ്റ് വെള്ളത്തില്‍ ജോസൂട്ടിയെ കുളിപ്പിക്കുന്നുണ്ടാവുക. സൂര്യനവന്റെ ശരീരത്തില്‍ നിന്നും കൊഴിച്ചിടുന്ന മഞ്ഞ സര്‍പ്പങ്ങള്‍ ഇഴഞ്ഞ് കേറി ജോസൂട്ടിയുടെ കറുത്ത മേനിയില്‍ വെളിച്ചം വിഷം പോലെ കൊത്തിയിറക്കുമ്പോ അവന് തേനിന്റെ നിറമായിരിക്കും. അത് കണ്ട് മേരി ഉള്ളോണ്ടും, വലത്തെ കോണില്‍ പൊട്ടിയ ചുണ്ട് കൊണ്ടും അവനെ ഉമിനീരിന്റെ ചൂട് പകര്‍ത്തി ചുംബിക്കും. അവന്റെ എല്ലുന്തിയ മുതുകത്ത് സോപ്പ് തേപ്പിക്കുമ്പോ അവളുടെ കണ്ണ് വിറക്കും, വെള്ളം നിറയും, ഈ ചെക്കനെ ഒന്നു പുഷ്ടിപ്പെടുത്താന്‍ തന്റെ കയ്യിലൊന്നുമില്ലെന്ന് പിടയും. ബക്കറ്റിലെ തവളപ്പൊട്ടുകള്‍ നിറഞ്ഞ മഞ്ഞ കലര്‍ന്ന വെള്ളം അവന്റെ പല്ലുന്തിയ വായിലേക്ക് കുത്തി തിരുകി തേപ്പിക്കുമ്പോ തന്റെ  ചക്കര മോന്‍ വലുതായിട്ട് തന്നെ ഒരീസെങ്കില്‍ ഒരീസം മീനും കൂട്ടിയൂട്ടുമെന്ന് അവള്‍ കണ്ണിലും കരളിലും സ്‌നേഹം നിറച്ച് നിനച്ചിരിക്കും. 

പാലത്തിനപ്പുറത്തുള്ള കുറ്റിക്കാട് കടന്ന് ചേമ്പിന്റെ താള് പറിച്ചിട്ട് എന്നും കാലത്ത് കോളനിയുടെ പടിഞ്ഞാറേ മൂലയില് അടുപ്പ് കൂട്ടി മുളകും മഞ്ഞളും ഇച്ചിരി പടിയോളം ചേര്‍ത്ത് ഇളക്കുമ്പോ തന്നെ നുറുക്കിയിട്ടെങ്കില്‍ ലേശം ഇറച്ചി തന്റെ മോനെ തീറ്റിക്കണമെന്ന് ആലോചിക്കാത്ത നേരം മേരിക്കില്ല. കുറച്ചു ദിവസം മുമ്പുള്ള, നിലാവിന്റെ നീല വെളിച്ചം കടുക് താളിച്ചിട്ട ഒരു രാത്രിയാണ് ജോസൂട്ടിക്ക് കോളനിയുടെ പടിഞ്ഞാറേ പുറത്തെ കൂട്ടിയിട്ട കച്ചറ കൂമ്പാരത്തിന് അടുത്ത് നിന്ന് ഒരു ചത്ത കാക്കയെ കിട്ടിയത്, അത്ഭുതമതല്ല അതിന്റെ രാത്രി പോലെ കറുത്ത കൊക്കിന്റെ ഇടയില്‍ ഒരു കുഞ്ഞ് കളിപ്പാട്ട കാര്‍ ട്രാഫിക്കില്‍ ചുവന്ന വെളിച്ചം കണ്ടാലെന്ന പോലെ വിറങ്ങലിച്ചു കിടന്നിരുന്നു. അന്ന് മുതല്‍ അവനത് താഴെ വെച്ചിട്ടില്ല. മേരീടെ പുറം റോഡാക്കിയും അവന്റെ തന്നെ കൈ മൈതാനമാക്കിയും അവനാ കാറിനെ മാംസത്തിലൂടെ ഓടിപ്പിച്ചു കൊണ്ടിരുന്നു .കുളിക്കുമ്പോഴും അവനത് താഴെ വെക്കാതെ കുനിഞ്ഞ് നിന്ന് കൊണ്ട് അവളുടെ വിയര്‍ത്ത മുതുകില്‍ ഓടിപ്പിച്ചു കൊണ്ടിരുന്നു.

പത്തു വയസ്സുണ്ടേലും അവനെ അവള് തന്നെയേ കുളിപ്പിക്കത്തൊള്ളൂ, അതിനിയിപ്പോ ആരൊക്കെ വേണ്ടാതീനം പറഞ്ഞാലും അവളാ ഒച്ച ചെവിയില് തുണി കുത്തി തിരുകി കളയുന്ന മെഴുക്കിനൊപ്പം അങ്ങ് കളയും. കോളനിയില്‍ നിന്ന് ആകാശപ്പാതയുടെ കൈവരിയിലൂടെ നോക്കിയാല്‍ അപ്പുറത്ത്  ആകാശത്തിന്റെ വെളുത്ത് തുടുത്ത കവിള്‍ ചുംബിച്ച് നാണിപ്പിക്കുന്ന പന പോലത്തെ ഉയര്‍ന്ന കെട്ടിടങ്ങള്‍ കാണാം. ആകാശപ്പാത മുതല്‍ അങ്ങേ തലക്ക് നിന്ന് തുടങ്ങുന്ന പാടത്തിന്റെ അതിര് വരെ ഏതോ രാക്ഷസക്കരണ്ടി കൊണ്ട് കോരിയെടുത്ത കുഴി പോലെ താഴ്ന്നും കുഴിഞ്ഞും  കിടക്കയാണ്. അവിടെയാണ് കോളനി. മഴക്കാലത്തിന്റെ നനഞ്ഞ മാസങ്ങളിലേക്ക്  ഘടികാരത്തിന്റെ മുള്ളുകള്‍ മുക്കി നിരങ്ങിയെത്തുമ്പോ റോഡിലെ വെള്ളം മുഴവന്‍ ഒലിച്ച് വന്ന് കോളനിയുടെ ഓട നിറഞ്ഞ് കൊതുവിന്റെ കുഞ്ഞുമക്കളെ പരത്തും. മൂക്ക് പൊത്തിക്കുന്ന മണത്തിലേക്ക് കോളനിയിലെ ആളുകള്‍ തണുപ്പിന്റെ വെരുകിനെ ആട്ടിയോടിച്ചുകൊണ്ട് കിടന്നുറങ്ങുമ്പോഴും വലിച്ചിട്ട ടാര്‍പ്പോളിന്റെ വിടവിലൂടെ മഴയുടെ നനഞ്ഞ നാവുകള്‍ അവരുടെ മേനി നക്കി വടിക്കുകയാവും.

അപ്പോഴെല്ലാം മേരി അപ്പുറത്തെ ദിവാകരന്റെ മഴപ്പാട്ടുകളെ വെറുക്കാറുണ്ട്. ഈ സമയത്തെല്ലാം പായേല് തിരുത്തിക്കുറിച്ച ചരിത്രം പോലെ മെലിഞ്ഞുണങ്ങിയ രണ്ട് ശവങ്ങളായി മേരിയും ജോസൂട്ടിയും നിലത്തോട് അമര്‍ന്ന് ചേരും.
രാത്രിയുടെ വിലുകള്‍ പതിയെ തൊട്ടുതൊട്ട് ജോസൂട്ടിയെ മേരീടെ ചൂടിലേക്ക് ഉറക്കത്തിനൊപ്പം നുള്ളി വിടും. ഈ രാത്രിയിലും ഉറക്കത്തിന്റെ വീഞ്ഞിനെ കുടിച്ച് തുപ്പി ജോസൂട്ടി സ്വപ്നങ്ങളുടെ വര്‍ണ്ണ വെറിയിലൂടെ കാറിനെ ഓടിപ്പിച്ചു കയറ്റി. ഇരുട്ടിന്റെ കണ്ണിലൂടെ, തലയില്‍ പൂത്ത ഇടങ്ങളിലൂടെ അവനെ അവന്‍ തന്നെ കാറുമായി പായിച്ചു. കണ്‍പീലി പോലെ നിറഞ്ഞ മരങ്ങളുടെ ഇടയില്‍ പെട്ട് അവന്റെ ഓട്ടത്തിന് കൊളുത്ത് വീണപ്പോ കര്‍ത്താവ് കുരിശിന്റെ താഴെ കിതച്ച് ഇരിക്കുന്നതാണ് കണ്ണില്‍ പെട്ടത്.

പെട്ടെന്ന്, വഴി തെറ്റി പോയ ആടിനെ കുരുക്കിട്ട് പിടിക്കുന്ന കര്‍ത്താവിന്റെ ജനിമൃതികളുടെ നരച്ച താടിരോമം അവനെ പിന്തുടര്‍ന്നപ്പോള്‍ ദൈവങ്ങള്‍ പോലും കടക്കാത്ത അശുദ്ധിയുടെ ഇരുണ്ട കോളനിയുടെ  മൂലയിലേക്ക്, സ്പര്‍ശനമേറ്റ തൊട്ടാവാടിയെ പോലെ അവന്‍ ചുരുങ്ങി തീര്‍ന്നു. അറച്ച് നിന്ന കര്‍ത്താവ് ഓടയുടെ വെള്ളത്തിലേക്ക് വേര് പിടിച്ച ചെടിയുടെ പടര്‍പ്പിലൂടെ മുകളിലേക്ക് കടന്നു കയറി. അതില്‍പ്പിന്നെ ജോസൂട്ടി കര്‍ത്താവിനെ വിളിച്ചിട്ടില്ല, മുട്ടിപ്പായി നിന്ന് മുന്തിരി തോപ്പുകളെ ആഗ്രഹിച്ചിട്ടുമില്ല. പിറ്റേന്ന് പുലരീടെ വെളിച്ചം കീറി പുറത്ത് വന്നപ്പോ ജോസൂട്ടീടെ കയ്യില് കാറുണ്ടായിരുന്നില്ല. ഏതോ സ്വപ്നത്തില് മറന്നു വെച്ചൂന്ന് അവന്‍ മേരിയോട് കൊഞ്ചി. കര്‍ത്താവും തന്നെ കൈവിട്ടൂന്നുള്ള അപ്പത്തിന്റെ മണമുള്ള സത്യം അവന്‍ അവന്റെ കുഞ്ഞു ഹൃദയത്തില്‍ കുഴിച്ചിട്ടു.

പണ്ട് ഇത് പോലെത്തെ ഒരു മഴക്കാലത്താണ് ജോസൂട്ടിക്ക് പനി പിടിച്ചത്, പനീന്ന് പറഞ്ഞാ നെറ്റീല് അരിയിട്ടാല്‍ വെന്ത് പോണ ചൂടുള്ള പനി, അങ്ങനെ തന്നെയാ മേരി കയറു പൊട്ടിച്ചത്.

അമ്മച്ചീ,മിണ്ടാതിരി എന്നൊക്കെ ജോസുട്ടീടെ വായേന്ന് പനിച്ചൂടുള്ള വര്‍ത്താനം പൊട്ടി തെറിച്ച് വീഴുമെങ്കിലും മേരീടെ ഒറ്റ കുഞ്ഞെല്ലെയോ, അവളുടെ ചക്കര മോനെല്ലെയോ സങ്കടം കാണത്തില്ലെയോ..ആശൂത്രീല്‍ കൊണ്ടോയിട്ടൊന്നും എന്റെ ചെക്കന് പനി മാറുന്നില്ല്യ ന്റെ കര്‍ത്താവെ എന്നൊക്കെ ദിവാകരന്റെ മുമ്പില് കെടന്ന് അവള് നേലോളിച്ചിട്ടുണ്ട്. ഇനി ഇപ്പൊ ആ കാണുന്ന ഏമാന്മാരുടെ ആശൂത്രീല് കൊണ്ടോവാന്‍ തനിക്കൊട്ട് ത്രാണീമില്ല എന്ന് തല തല്ലിയിട്ടുമുണ്ട്. എന്ത് പറയാനാ, ദിവസം ചെല്ലും തോറും ജോസൂട്ടി ശൂന്യതയിലേക്ക് എന്ന പോലെ ചുരുങ്ങി വന്നു, ഒരു കാലിന് മുടന്ത് കയറിക്കൂടി, ഞൊണ്ടിയുള്ള അവന്റെ നടത്തം കണ്ടിട്ടൊരു ദിവസം പൂച്ചയെ അറുത്ത് കൂട്ടാനുണ്ടാക്കി തീറ്റിച്ചപ്പോ പിന്നെ ജോസൂട്ടി നിര്‍ത്താതെ ഛര്‍ദിച്ചു, എന്ത് പണിയാ ന്റെ മേരീ ഈ കാട്ടണത് എന്ന് ചുറ്റുള്ളൊര് ചോയ്ച്ചപ്പോ പിന്നെ എന്ത് ചെയ്യണോടി കഴുവേറികളെ എന്ന് മീശ മുളപ്പിച്ച് പൂച്ചയെ പോലെ മുരണ്ടു. കുരുതിച്ചോറ് തിന്ന ജോസൂട്ടിക്ക് വാല് മുളച്ചു.

'ആ മേരീടെ ഒച്ച കേട്ടില്ലേ പൂച്ചേടെ പോലെ'

'അവള് അറുത്ത പൂച്ചേടെ പ്രേതമാടി അത്'

തണ്ടുള്ള ചില പെണ്‍പിള്ളേര് മുറു മുറുത്തു.

മേരിക്ക് പണ്ട് മുതലേ സൂക്കേടാ..മിക്ക ദിവസങ്ങളിലും പനിച്ചു വിറക്കും .ഒരു പഴം തുണി പോലെ അവള്‍ എപ്പോഴും വാടി തളര്‍ന്നൊരു കിടപ്പാണ്. എന്നിരുന്നാലും അവള്‍ക്ക് ചെളിയില്‍ പണിയെടുത്ത ഓര്‍മ്മ ഉണ്ടത്രേ, പാടത്തിന്റെ ഒടമയുടെ വീട്ടു മുറ്റത്തു കുഴികുത്തി കഞ്ഞി കുടിച്ചതിന്റെ രുചി നാവില്‍ തൂങ്ങി കിടപ്പുണ്ടത്രേ. ഇപ്പൊ എന്റെ മണ്ണ് എവിടെ എന്ന് ദിവാകരനോട് കരഞ്ഞപ്പോ അയാള്‍ വാക്ക് മറന്ന തരിശുഭൂമിയായി കുന്തിച്ചിരുന്നു. മൗനത്തിന്റെ ടിക്കറ്റ് കീറപ്പെട്ട് അയാള്‍ നീണ്ടു നിന്ന നിസ്സംഗതയുടെ തീവണ്ടിയേറി.

ദിവാകരനെ അറിയാന്‍ പാടില്ലേ, മേരീടെ കെട്ടിയോന്‍ ചത്തതില്‍ പിന്നെ അവളെ നോട്ടം കൊണ്ടേലും സഹായിച്ചുട്ടള്ളത് അങ്ങോരാണ്, സന്ന്യാസി ആയിരുന്നെന്നാ കേള്‍വി. ഇതൊക്കെ ആരറിയുന്നു, ഒക്കെ ഒരു തരം മായ അല്ലേന്ന്...

കുറച്ചു നാള് മുമ്പാണ്, ആകാശപ്പാത കടന്ന് കോളനിയില്‍ നിന്നും എതിര് ദിശേക്ക് പായണ റോഡില്‍ മുളച്ച ഒരു വീട്ടിലേക്ക് വിഴുപ്പലക്കാന്‍ ദിവാകരന്‍ വഴി മേരിക്ക് പണി ശരിയാക്കിയത്. അതങ്ങനെ ഒരാഴ്ച്ച പോയി.

പെട്ടന്ന് ഒരു ഉച്ച പൊട്ടുന്ന നേരത്താണ് വിയര്‍പ്പിന്റെ തിരമാലകളില്‍ കുളിച്ച് ആളില്ലാത്തുരുത്തിലൊറ്റ പെട്ട കപ്പല്‍ കണക്കെ ദിവാകരന്റെ ശ്രദ്ധയിലേക്ക് മേരി കയറി വന്നത്.

'അവര് എന്നെ പറഞ്ഞ് വിട്ട് അണ്ണാ'

'ഉം..എന്നാ പെറ്റിയേടി'

'എനിക്കെന്തോ ഒരു മുഷിഞ്ഞ വാടയാന്നാ അവിടുത്തെ പെണ്‍പെറന്നോത്തി പറയിണത് '

അവള് നെലോളിക്കുന്ന സ്വരത്തില് പറഞ്ഞ് നിര്‍ത്തിയപ്പോ ഉച്ചയുടെ മാറ് പൊട്ടി ഒലിച്ചിറങ്ങിയ വെയിലിന്റെ ചെറു മീനുകള്‍ കോളനിമുറ്റത്ത് ചത്തുപൊങ്ങി.

'എനിക്കറിയാമായിരുന്നെടി ഇങ്ങനെ വല്ല കൊനിഷ്ടും പറഞ്ഞ് നിന്നെ ആ കൂത്താടിമക്കള് ഒഴിവാക്കൂന്ന്, നിന്നെ പറഞ്ഞയക്കാന്‍ പാടില്ലായിരുന്ന് '

'എന്നാത്തിനാ ദിവാകരേട്ടാ ഇങ്ങനെ, എനിക്ക് മടുത്തു, മുഷിഞ്ഞ വാടയാണ് പോലും, സര്‍ക്കാര് പോലും ഇങ്ങ് വരാത്തത്  എന്തേന്ന് ഇപ്പോഴാ തിരിയിണത്'

'അത് വിടെടി, പക്ഷേങ്കില് അങ്ങനെ വിടാനും ഒക്കത്തില്ല, നാള് കൊറേ ആയില്ല്യോടി നമ്മളീ കോളനീല്. നമ്മളെയോക്കെ അവര് കള പോലെയാന്നെ കാണുന്നെ, പര നാറികള് '

'എനിക്ക് അവരെ തീര്‍ക്കണം ദിവാകരേട്ടാ, മനിഷ്യനെ തിരിച്ചറിയാന്‍ പെറ്റൂല്ലെങ്കി..'

ഞെരിച്ച പല്ലിലൂടെ തെറി വഴുതി വീണു. പിന്നെ അവള് ക്ഷമിച്ചു.

നിലാവ് പട്ടുമെത്ത വിരിക്കാന്‍ തുടങ്ങിയപ്പോ രാത്രിയുടെ അള്‍ത്താരയിലേക്ക് കുമ്പസാരിക്കുന്ന മേരിയും കര്‍ത്താവിനെ മറന്ന ജോസൂട്ടിയും ചുരുങ്ങി തീര്‍ന്നു.

 

..................................................

അവള് നെലോളിക്കുന്ന സ്വരത്തില് പറഞ്ഞ് നിര്‍ത്തിയപ്പോ ഉച്ചയുടെ മാറ് പൊട്ടി ഒലിച്ചിറങ്ങിയ വെയിലിന്റെ ചെറു മീനുകള്‍ കോളനിമുറ്റത്ത് ചത്തുപൊങ്ങി.

​​​​​​​
chilla malayalam short story by PM Ifad

 

ജോസൂട്ടിക്ക് പതിനാറ് തികഞ്ഞതിന്റെ അന്ന്. ആകാശം ആണേല്‍ ചോര ചാറിച്ചീഞ്ഞ പോലെ ചുമന്ന് കിടക്കയാണ്, കഫം നിറഞ്ഞ മേഘം. ഓടയിലേക്ക് വേര് പിടിച്ച ചെടിയുടെ ഒരില മിണ്ടാട്ടം മുട്ടിയ ജോസൂട്ടിയുടെ വിരലുകള്‍ക്കിടയില്‍ അമര്‍ന്നു, പിന്നെ അവന്റെ വായിലെ ഉമിനീരിനൊപ്പം ശയിച്ചു. കോളനീടെ ചൂരും ചാറും നിറച്ച് അവന്റെ ശരീരം കാര്‍മേഘം പോലെയിരുണ്ടു.

പെട്ടന്നാണ് ഒരു നാറ്റവും പേറി കാറ്റിന്റെ ഗര്‍ഭത്തിലൂടെ ഒരു ലോറി അലറി കരഞ്ഞ് കോളനീടെ പടിഞ്ഞാറേ മൂലക്ക് ചെന്ന് നിന്ന് കിതച്ചത്, കീഴ് ശ്വാസം പോലെ അതിന്റെ പുകക്കുഴല് വിട്ട് വന്ന കറുത്ത പുകയെ കാറ്റ് പിടിച്ച് അവിടം തേച്ച് പരത്തി. മിന്നലിന്റെ നീല വെളിച്ചം ഒന്ന് കനപ്പിച്ച് പുറകെ ഇടിയുടെ കൈ ഒന്നു വിറച്ചു. ലോറീടെ ഉച്ചിയില്‍ കേറി നിന്ന് ഒരുത്തന്‍ വേസ്റ്റ് പറക്കിയിടാന്‍ തുടങ്ങിയില്ല അപ്പോഴേക്കും പിഞ്ഞിയ സാരിയില്‍ കാറ്റ് പിടിപ്പിച്ച്, കറുത്ത മേനിയെ ഒന്നു കൂടി കറുപ്പിച്ച്, കണ്ണില് ചോരയുടെ ചുവപ്പ് വെള്ളം കോരിയൊഴിച്ച് മേരി വന്നു തുള്ളി.

'എടാ പന്നി, നിന്റെയൊക്കെ ഏമാന്മാരുടെ ബാക്കി ഇവിടുള്ള പാവത്തുങ്ങളുടെ തലേ തന്നെ കൊട്ടണം ലെ..നീയും നിന്റെ പണം തീനികളും കൂടി ഇതൊക്കെ ഇവിടെ തള്ളിത്തള്ളി ന്റെ കൊച്ചിനെ പനി പിടിപ്പിച്ചു..നാറീ'

'പോടീ നായ്'

അവന്റെ പുകല ചൂര് പിടിച്ച ശ്വാസത്തിലൂടെ കുറേ തെറി വാക്കുകള്‍ കൂടി ചത്തു മലച്ചു.

ഇരുണ്ട് കേറി പുകഞ്ഞ ആകാശത്തിന് കീഴേ അവളുടെ തള്ള വിരലിന് തീ പിടിച്ചു. കൈപ്പിടിയിലുണ്ടായ വാക്കത്തി ഉയര്‍ന്ന് താണപ്പോ തമിഴന്റെ ശരീരത്തില്‍ നിന്നും ചോരക്കൊഴുപ്പിന്റെ വസന്തം ഇറങ്ങി വരുവായിരുന്നു, ഒന്നു കൂടി വാക്കത്തി പിടഞ്ഞപ്പോ അയാളുടെ തൊണ്ട കീറി പൊളിഞ്ഞ് പ്രാണന്റെ ജമന്തി പൂക്കള്‍ അഴിഞ്ഞു വീണു.

'എനിക്ക് മുഷിഞ്ഞ വാട ആണല്ലേടാ നായേ' മേരി അലറി.

'അമ്മച്ചീ' ജോസൂട്ടി ഒറ്റ കുതിപ്പിന് മേരിയുടെ അടുത്തെത്തി അവളെ താങ്ങി പിടിച്ചു.

'ഇവനെ എല്ല, ഇവന്റെ ഒക്കെ ഏമാന്മാരെയാ തീര്‍ക്കേണ്ടത്, നമ്മുടെ ഒക്കെ മേലാളനെ, കുഴി കുത്തി ചേറില് കഞ്ഞി അനത്തിയ ഒടമയെ, കൈപ്പാങ്ങിന് കിട്ടിയാ ഞാന്‍ ഏതവനേം തീര്‍ക്കും'

മേരി വിറച്ചു, കറുത്ത മേനിയിലൂടെ പച്ചഞരമ്പുകള്‍ ഉറഞ്ഞു തുള്ളി, നെറ്റി പൊട്ടി വിയര്‍പ്പൊലിപ്പിച്ച്, മുലയുടെ ഇടുക്കില്‍ പറ്റിയ ചോര തുടച്ച് കളയുമ്പോ അവള് കര്‍ത്താവിനെ വിളിച്ചില്ല, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന് കരഞ്ഞില്ല. ജോസൂട്ടിയെ ചേര്‍ത്ത് നിര്‍ത്തി അവള് തമിഴന്റെ നുറുങ്ങിയ ശരീരത്തില്‍ തറഞ്ഞുനിന്ന നോട്ടത്തെ പറിച്ചു കളഞ്ഞു.

ദിവാകരനെ വിളിക്കാന്‍ പോയിട്ട് വന്നപ്പോ മേരിയെ അവിടെ കാണാനില്ല. ചോര ചീറ്റി ചുവന്ന നിലം റോസാപ്പൂ പോലെ ചുമന്നു തുടുത്തു കിടന്നു. 'എവിടെടാ നെന്റെ അമ്മച്ചീ'ന്ന് ദിവാകരന്‍ ഒച്ച പൊളിച്ചപ്പോ ജോസൂട്ടി ലോറിടെ മൂലക്ക് തല തല്ലി കരഞ്ഞു.

'എനിക്ക് പ്രാന്ത് പിടിക്കണ് ദിവാകരേട്ടാ'

മൂരിയെ അറവുശാലയിലേക്ക് വലിക്കുന്ന പിടപ്പോടെ ദിവാകരന്‍ അവനെ തന്റെ രോമം നിറഞ്ഞ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു .ഒച്ചപ്പാടും ബഹളോം ചുറ്റുമാളുകളും നിരന്നപ്പോ ജോസൂട്ടിക്ക് തലയിലോട്ട് ഒരു ഇരപ്പ് അങ്ങ് കേറി കൊളുത്തി.

എല്ലേ തന്നെ ജോസൂട്ടി ഒരു മിണ്ടാട്ടം മുട്ടിയ ചെക്കനാണെന്നാ പൊതു വചനം. ഏത് നേരോം അവന്‍ സ്വപ്നത്തില് പകച്ചിരിപ്പാണ്. 

പണ്ടൊരുനാള് തന്റെ കളിപ്പാട്ടക്കാറ് കട്ട കര്‍ത്താവിനെ അവന് ഇപ്പോഴും ദേഷ്യമാണ്. ഓടയിലേക്ക് വേര് പിടിച്ച ചെടിയെ നോക്കിയിരിക്കും ചില നേരങ്ങളില്, അതിലൂടെ ആകാശത്തേക്ക് പടര്‍ന്നു കയറുന്ന അദൃശ്യ മനുഷ്യരെ ഓര്‍ക്കും അപ്പോഴൊക്കെ. ജോസൂട്ടിക്ക് കോളനീത്തന്നെ ഒരു കൂട്ടുകാരനുണ്ട്. വളവള രവിടെ മോന്‍ അപ്പു.

കോളനീടെ മൂലക്ക് ഒരുമിച്ച് തൂറാനിരിക്കുമ്പോ തുടങ്ങിയ ചങ്ങാത്തമാണ്. വട്ടം വരച്ച് അതില്‍ തൂറി മറ്റേ വട്ടത്തിലേക്ക് ഒരുമിച്ച് ചാടുമ്പോ മുഖത്ത് നോക്കി പരസ്പരം ചിരിച്ച് പൂക്കും, നാണിച്ച് ചുവക്കും. ജോസൂട്ടിടെ കാക്കച്ചുണ്ടില് മേരിക്ക് പുറമെ ആദ്യമായി ചുംബിച്ചത് അപ്പുവാണ്, അന്നൊരു ഞായറാഴ്ചയായിരുന്നു. കുങ്കുമ പൊട്ട് കുത്തിയ ആകാശത്തിന് കീഴേ കുറ്റിക്കാടിന്റെ മറവില് രണ്ട് പേരും മറഞ്ഞിരുന്ന് കൈ മുറുകെപ്പിടിച്ചിരുന്നപ്പോ അപ്പൂന്റെ വയറ്റില് ഒരു തുമ്പീടെ ചിറകടിയോളം സുഖമുള്ള നോവ് പടര്‍ന്നു.


'ജോസൂട്ടി നമ്മള് വലുതാവുമ്പം നമുക്ക് കല്ലിയാണം കഴിക്കണം ട്ടോ'


ജോസൂട്ടിക്ക് കണ്ണ് നിറഞ്ഞു, ചുണ്ട് വിടര്‍ന്ന് ശ്വാസം വലിച്ച് അവന്‍ അപ്പൂനെ ചേര്‍ത്ത് പിടിച്ച് ചെവി കടിച്ചിട്ട് ഇങ്ങനെ പറഞ്ഞു.

'നമ്മള് കെട്ടിയില്ലേലും എനിക്ക് നീയും, നിനക്ക് ഞാനും'

'നെന്റെ അമ്മച്ചീ ചീത്ത പറയുവോടാ ജോസൂട്ടി എന്നെ'

'നിനക്ക് അറിയത്തില്ല്യോടാ എന്റെ അമ്മച്ചി പാവാ'

അപ്പൂന് വയറ്റീന്ന് കുളിര് കേറി ചുണ്ടിലെത്തി  നിവര്‍ന്നു. ജോസൂട്ടിയുടെ ചകിരി പോലത്തെ മുടിയില്‍ വിരലോടിച്ച് അവന്‍ തന്റെ ചുണ്ട് ജോസൂട്ടിയുടെ ചുണ്ടിനോട് ചേര്‍ത്ത് വെച്ചു. രണ്ട് ശ്വാസങ്ങളിലേക്ക് പ്രേമത്തിന്റെ വിത്ത് ഒളിച്ചു കടന്ന് പുളഞ്ഞു. പിന്നെയെല്ലാ ദിവസവും കുറ്റിക്കാടിന്റെ മറവില് അവര് പ്രേമിക്കും. പ്രേമം എന്നൊക്കെ പറഞ്ഞാ കണ്ട് നിക്കുന്നോരുടെ ചെകിള പൂക്കണ പ്രേമം.ര ണ്ടും രണ്ടിനു വേണ്ടി ചങ്ക് പറിക്കും.

'നിനക്കാ അപ്പൂനായിട്ട് എന്നതാടാ' പായേല് കിടക്കുമ്പോ ഒരു ദിവസം മേരി ജോസൂട്ടിയുടെ മുതുക് തലോടി ചോദിച്ചു.

'എനിക്ക് അവനെ ഇഷ്ടാ'

'ആണുങ്ങള് തമ്മില്‍ അങ്ങനെയൊള്ള ഇഷ്ടവൊക്കെ പാടുവോടാ'

'ഓ എന്നാ പാടിയാല്, എനിക്ക് ഇഷ്ടാ, അവനും, ഞങ്ങള് കെട്ടും'

മേരിക്ക് ചിരി വന്നു, പിണങ്ങി കിടന്ന ജോസൂട്ടിയെ തന്റെ മാറിലേക്ക് അടുപ്പിച്ച് മേരി പറഞ്ഞു: 'നീ അവനെ പ്രേമിച്ചോടാ, ആര്‍ക്ക് ആരെ വേണേലും പ്രേമിക്കാന്നെ, എന്നാലും നെന്റെ അമ്മച്ചിയോളം സ്‌നേഹിക്കണ്ട കെട്ടാ' അവള് കൊഞ്ചി. ജോസൂട്ടി സന്തോഷം കൊണ്ട് മേരീടെ കവിളില് കടിച്ചു.

'അമ്മച്ചിയെ നോക്കാടാ, നീ നടന്നേ' ദിവാകരന്‍ വലിച്ചു പിടിച്ച് ജോസൂട്ടിയേം കൊണ്ട് നടന്നു. ഇരുട്ട് ചിതറി വീണ് പുഴയെ നരപ്പിച്ചു തുടങ്ങി. പല്ലിലേക്ക് ഇരക്കുന്ന തണുപ്പ്. കുറ്റിക്കാട് കടന്ന് കുറച്ചുകൂടി നടന്നപ്പോ ഒരു പെരുവിരല് അവന്റെ നെറ്റിയില്‍ തട്ടി. മുകളില്‍ നിലാവിന്റെ നീലിച്ച വിഷത്തിന് താഴെ മരത്തിന്റെ കൊമ്പില്‍ മേരീടെ രണ്ട് തുറിച്ച കണ്ണും നാവും ഇലപ്പടര്‍പ്പ് പോലെ കിടന്നാടി.

 

.........................................

ആകാശം പഴുത്തു ചീഞ്ഞു. ചലം കണക്കെ മഴയിറങ്ങി. കാറ്റ് കേറിയ ചാറ്റല്‍ ഇറയത്തെ പായേല് കിടന്ന ജോസൂട്ടിയെ നനച്ചും, തണുപ്പിച്ചും മേരീടെ ചൂടില്ലാത്ത ഇരുട്ടിലേക്ക് തള്ളിയിട്ടു.

chilla malayalam short story by PM Ifad

 

3.

പുഴയുടെ വക്കത്ത് പുല്‍പ്പരപ്പിനെ ചന്തിയമര്‍ത്തി തോല്‍പ്പിക്കുമ്പോ ജോസൂട്ടി അപ്പൂന്റെ തോളിലേക്ക് ചാരി. നെഞ്ചില് നിന്ന് ഏതോ പാറ പൊട്ടി കണ്ണിലൂടെ ഉറവായൊഴുകി അപ്പൂന്റെ തോള് നനച്ചു കൊണ്ടിരുന്നു. േജാസൂട്ടിയുടെ മുഖം മെല്ലെ പിടിച്ചുയര്‍ത്തി കണ്ണീരിന്റെ ഉപ്പ് രുചിക്കണ ചുണ്ടില്‍ ചുംബിച്ച്, ജോസൂട്ടിയുടെ ആത്മാവില്‍ പിടച്ചു കൊണ്ടിരുന്ന സങ്കടത്തിന്റെ കുറേ മീനുകളെ ചൂണ്ടയിട്ട് വലിച്ച് ഉള്ളിലേക്ക് നിറച്ചു. പിന്നെയും പിന്നെയും ചുംബിച്ചു. പുഴ വെള്ളത്തിലേക്ക് ചോര നിറക്കണ ആകാശം വെന്തു കിടന്നു.

'എല്ലേലും അവള് ചെയ്തതിലിപ്പോ എന്നാ തെറ്റ് പറയാന്‍ പെറ്റുവോടാ..പകയുണ്ടായിരുന്ന് അവള്‍ക്ക്.. ദാ അപ്പുറത്തുള്ള കൂത്താടികളോടും പിന്നെ ജീവിതത്തിനോടും' ദിവാകരന്‍ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

'മതവൊന്നുമെല്ലെടാ. ഇവിടെ ഇപ്പോ ജാതിയല്ലേ വില്ലന്‍..നീയും ഞാനുമൊക്കെ തമ്മില്‍ എന്നാ വ്യത്യാസമാടാ ഉള്ളേ, നമ്മളും അവരും എന്നാ വ്യത്യാസമാടാ ഉള്ളേ. അവന്മാരുടെ തീട്ടത്തിന്റെ വിലയുണ്ടോടാ നമുക്ക്.. ഇല്ല, ദൈവം പോലും അവരുടെ കൂടെയെല്ലേ, നമുക്കുള്ള പൊറുതി ഇവിടെ വേരുറച്ച് പോയി, ഈ ചെളിയില്.  ഈ ഓടയില് വിരിഞ്ഞ പൂവും അവരുടെ നെടുനീളന്‍ ഫ്‌ളാറ്റിനും വീടിനുംകീഴില്‍ വിരിഞ്ഞ പൂവിനും ഒരേ മണമാ. എന്നിട്ട് അത് പനിനീരും നമ്മുടേത് വെറും പുല്ലുമായത് എങ്ങനെയാടാ, എല്ലേലും പത്തു രണ്ടായിരം വര്‍ഷമായി നമ്മളീ തിരവ് അനുഭവിക്കാന്‍ തുടങ്ങീട്ട്. തീവണ്ടി മുറികള് എ ക്ലാസ് ബി ക്ലാസ് കമ്പാര്‍ട്ട്‌മെന്റ് ആയി തിരിക്കും പോലെ, ചോരേം നീരും മണക്കണ നമ്മളെ അങ്ങനെ രണ്ട് മൂന്ന് ഭാഗത്ത് ആക്കി നിര്‍ത്തിയാ അതീ കുറഞ്ഞ് എന്നാ പെഴച്ച കാര്യമാടാ ഉള്ളേ.'

തൊണ്ട പൊട്ടി ഒച്ചയെടുത്തെങ്കിലും മറവിയുടെ മുള്ള് കക്കുന്ന മണലില്‍ അത് ചോര ചീറ്റി വിറങ്ങലിച്ചു കിടന്നു.

'തിരയോ തിര തിരകള്‍
കുഞ്ഞിക്കണ്ണം തിരകള്‍
അമ്മേടെ, അച്ഛന്റെ
പൊന്നോമന തിരകള്‍'

'സെമിത്തേരിയില്‍ പറഞ്ഞുറപ്പിച്ച കല്ലറയിലൊന്നുമല്ല, തെമ്മാടി കുഴിയിലാ എന്റെ പാട്ട് ഒറങ്ങാന്‍ പോണത്.'

'ന്റെ അപ്പനെങ്ങനാ ചത്തത് ദിവാകരേട്ടാ?' 

വെന്ത മാംസത്തിന്റെ മണമുള്ള ചോദ്യം വിറച്ചു വീണു. കാറ്റ് പിടിച്ചത് പറന്നു പോയി.

'അത് നിനക്ക് അറിയത്തില്ലയോ പിന്നെ എന്നാത്തിനാ ചോദ്യം...നെന്റെ അമ്മച്ചീടെ പോലെ തന്നെ, തൂങ്ങീട്ട്'

'എന്നാത്തിന്, അപ്പനെ പെറ്റി പറ ദിവാകരേട്ടാ' 

ജോസൂട്ടീടെ ഒച്ച ചിലമ്പി, കണ്ണീന്ന് കണ്ണീര് പെറ്റിറങ്ങി.

'കൊറേ ഒക്കെ പത്രോസ്, നെന്റെ അപ്പന്‍, തന്നെ പറഞ്ഞ് കേട്ടതാ, നേരാണാ നുണയാണാ എന്നൊന്നും ഞാന്‍ ചോദിക്കാന്‍ പോയിട്ടില്ല. എല്ലേ തന്നെ നേരും നുണയും തീര്‍പ്പ് കല്പിക്കാന്‍ ഞാന്‍ ആരാ'

കള്ള് മോന്തിയാലെന്ന പോലെ ലഹരി പിടിച്ച് ദിവാകരന്‍ പറഞ്ഞ് തുടങ്ങി:

'നെന്റെ അപ്പന്‍ പണ്ട് തോമാ മൊതലാളീടെ പണിക്കാരനായിരുന്ന്, ഇവനെ മൊതലാളീം കൂട്ടരും കൊറേ കൊള്ളരുതായ്മക്ക് കൊണ്ട് നടന്ന്  നാറ്റിച്ചൂന്ന് എന്റെ തോളത്ത് കിടന്ന് കരഞ്ഞിട്ടുണ്ട്. അവിഹിതത്തില് പെറ്റ പെണ്ണിന് കെട്ടിയോന്‍ ചമയല്, മോട്ടിക്കല്, അങ്ങനെ പലതും. ഗതികേട് കൊണ്ടായിരിക്കുവോടാ, എല്ലേ പിന്നെ അവന്‍ ഇട്ടേച്ചും പോരത്തില്ല്യോ. അവന്മാരിക്ക് ഇവനെ പുച്ഛമായിരുന്നെടാ, അവനത് സഹിച്ചട്ടില്ല, ഒരിക്കലും. ഒരീസം ഇവനെന്നാ ചെയ്തൂന്ന് വെച്ചാ, ദൂരെ ഏതോ ഒരു പള്ളീ പോയി മാമോദീസാ അങ്ങ് മുങ്ങി, പത്രോസ് ന്നുള്ള പേരും കൈക്കൊണ്ടു, എങ്ങനാ എന്നൊന്നും അറിയത്തില്ല. മതം മാറിയാ ഇവനെ പിന്നെ ഇച്ചിരി വില കൂട്ടി കാണുമെന്ന് ഇവന്‍ വിചാരിച്ചൂന്ന്. തോമാടെ അടുക്കല് എത്തിയപ്പോ അങ്ങോര് പറഞ്ഞുവത്രെ നീയൊക്കെ എത്ര മുങ്ങിയാലും നിന്റെ ജാതീടെ മുഷിപ്പ് മാറത്തില്ലാന്ന്. അത്രേം നാളും കാല് നക്കിയ പട്ടി തോളുരുമ്മി പള്ളിലിരിക്കിണതും, എടവകേല് ഇങ്ങനൊരു കുരിപ്പ് നുളഞ്ഞ് കേറിയതും അവന്മാരിക്ക് സുഖിച്ചില്ല. കലിപ്പ് കേറി ഇവനെ കേറി പണിഞ്ഞു. രണ്ടീസെങ്കിലും ബോധമില്ലാണ്ട് കെടന്നൂന്ന് അവന്‍ കട്ടായം പറഞ്ഞ്. കലി തീരാണ്ടായപ്പോ നെന്റെ അപ്പന്റെ ഒരു ഒടപെറന്നോന്‍ ചെക്കനെ മൊതലാളീം കൂട്ടരും കെട്ടിയിട്ട് സുനയില്‍ ഗുണ്ട് കെട്ടി വെച്ച് മാറിയിരുന്ന് തിരി കൊളുത്തി. പൊട്ടി ചെതറി ചോര ചീറ്റി അവന്‍ ചത്തു. കണ്ടറിഞ്ഞ് പത്രോസ് എത്തിയപ്പോഴേക്കും മൊതലാളി കാട്ടീലുള്ള ഫാമിലേക്ക് മാറി. ഇവന്‍ പക്ഷേങ്കില് തോമാനെ കാട്ടീക്കേറി തീര്‍ത്തു. പിന്നെ ഏഴ് വര്‍ഷം ജയില്, അത് കഴിഞ്ഞാ അവന്‍ ഇവിടെ വന്നത്, മേരീനെ കെട്ടിയത്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞപ്പോ നെന്റെ അപ്പന് വട്ട് എളകി, ഏത് നേരോം പിച്ചും പേയും.. പറഞ്ഞിട്ട് കാര്യമില്ലടാ, പൊട്ടി ചെതറി കിടന്ന ഒടപ്പെറന്നോനേം, കൊറേ മൈര് ജീവിതോം കണ്ടോനാ നെന്റെ അപ്പന്‍, ഇളകിയില്ലേലാ അത്ഭുതം. നെന്റെ അമ്മ തൂങ്ങിയ അതേ മരത്തില് ഒരീസം ഞങ്ങ കണ്ട്, ശ്വാസം കിട്ടാണ്ട് പിടഞ്ഞപ്പോ കടിച്ചു പറിച്ച നാവീന്ന് ചോര പൊട്ടി ചുമന്ന വായേം പൊളിച്ചവനൊരു കിടപ്പായിരുന്ന്.. നീ അപ്പൊ മേരീടെ വയറ്റില് ഒന്നും അറിയാണ്ട്...

ആകാശം പഴുത്തു ചീഞ്ഞു. ചലം കണക്കെ മഴയിറങ്ങി. 

കാറ്റ് കേറിയ ചാറ്റല്‍ ഇറയത്തെ പായേല് കിടന്ന ജോസൂട്ടിയെ നനച്ചും, തണുപ്പിച്ചും മേരീടെ ചൂടില്ലാത്ത ഇരുട്ടിലേക്ക് തള്ളിയിട്ടു. വീണ കയത്തില് സ്വപ്നത്തിന്റെ ചൂരറിഞ്ഞ ജോസൂട്ടി മലയടി വാരത്തെ രണ്ടാക്കി മുറിച്ചിടുന്ന പാളത്തിന് ഇരുവശം അപ്പനേം അമ്മച്ചിയേം കണ്ടു.

'തീവണ്ടി വരണിണ്ട് ജോസൂട്ട്യേ'

മേരിയാണ്. കാണാതായ കുഞ്ഞാട് അവളുടെ മടിയില് കുണുങ്ങി കിടപ്പുണ്ടായിരുന്ന്. കര്‍ത്താവിന് കൊടക്കുകേലാന്ന് അവള് പിറുപിറുക്കണത് കേട്ട് അവന് ചിരി വന്നു. ഇനീം പോയാലോന്ന് കരുതീട്ടാവും കുഞ്ഞാടിന്റെ കഴുത്തില് മണിയൊച്ച കിലുങ്ങണ ലിംഗം കെട്ടി വെച്ചിട്ടുണ്ടായിരുന്ന്.

'ആ ലിംഗം എന്റെ ഒടപെറന്നോന്റെ ആണെടാ, നീ പേടിക്കണ്ട'

മലയിറങ്ങി വന്ന കാറ്റിനെ കൊത്തിനുറുക്കി പായിക്കണ മരത്തിന് താഴേ പാളത്തിന്റെ പുളിച്ച തുരുമ്പ് മണത്തിനടുത്ത് ജോസൂട്ടി ഇരുന്നു.

'ഈ വരണ തീവണ്ടിയില് ഞങ്ങള് പോകും' വാര്‍ത്താനം പറയാന്‍ ചുണ്ട് അനങ്ങിയപ്പോ അപ്പന്റെ ചിറിയുടെ വശത്തിലൂടെ നിലാവൊലിച്ചിറങ്ങി.

'കേട്ടാ നിങ്ങള്, ഇവന് നമ്മടെ വളവളടെ ചെറുക്കനോട് പ്രേമം ആണെന്ന്'

'ആന്നോടാ'

'ഉം' അവന്‍ മൂളി.

രാത്രീടെ പുതപ്പ് കുടഞ്ഞ് തീവണ്ടിയുടെ കിതപ്പ് കുളിച്ചൊരുങ്ങി വന്നു. പാളത്തിന്റെ ഞരമ്പിലൂടെ തേഞ്ഞൊരഞ്ഞ്, ഓടിയെത്തിയപ്പോ വേഗം വെരണേടാ എന്നും പറഞ്ഞ് മേരിയും പത്രോസും തീവണ്ടി കയറി. കറുത്ത വെളിച്ചത്തില്‍  ഒഴിഞ്ഞു കിടന്ന പാളത്തില് മാംസം പൊളിഞ്ഞ്, മജ്ജയൊലിച്ച്, അസ്ഥി നുറുങ്ങി കോളനിയിലെ ഓടയിലേക്ക് വേരുറച്ചിരുന്ന ചെടി ചത്തു കിടക്കുന്നത് കണ്ടാണ് ജോസൂട്ടി ഒന്നു ഞെട്ടിയത്, പിന്നെ അടുത്ത് ചെന്ന് അത് കയ്യിലെടുത്തു, ഒരു പിഞ്ചു കുഞ്ഞെന്ന കണക്കെ ശവക്കച്ച കൊതിച്ച് അത് വിറങ്ങലിച്ചു കിടന്നു. ചക്രത്തിന്റെ കോന്ത്രന്‍ പല്ലുകള്‍ ചവച്ചു തുപ്പിയ ചെടിയുടെ വേരില്‍ ചോരയുടെ തുള്ളിപ്പാടുകള്‍.

സ്വപ്നത്തിന്റെ തുന്നല്‍ കെട്ടഴിച്ച് ജോസൂട്ടി കോളനി മുറ്റത്തേക്ക് ഇറങ്ങി നടന്നു. ഓടിയെത്തിയപ്പോ ആ ചെടിയവിടെ ഉണ്ടായിരുന്നില്ല ,പ്രേതം പോലെ ഒരു ഇല മാത്രം കൊഴിഞ്ഞു കിടന്നിരുന്നു. നിലാവിന്റെ ചിതറിയ വെളിച്ചം, വവ്വാലിന്റെ തൂങ്ങിക്കിടപ്പിലൂടെ മറിഞ്ഞു പോയ രാത്രി, ചീവിടിന്റെ ഒച്ചയിലേക്ക് നുറുങ്ങി വീണ ഇടിയൊച്ചകള്‍, അതുമാത്രം. എന്തൊക്കെയോ ഏതൊക്കെയോ ഉറങ്ങിയും ഇറങ്ങിയും പോയി. തോട്ട പൊട്ടി വെന്ത പന്നിയെ പോലെ ജോസൂട്ടി പിടഞ്ഞു, ധൃതി കൂട്ടി..

തീവണ്ടി കേറണം, ചങ്കിലേക്ക് ഇരച്ചിറങ്ങിയ ചോരയുടെ കൊഴുപ്പില്‍ അവനോര്‍ത്തു.

പുലരി വെട്ടിയിട്ട ചക്ക പോലെ വന്നു വീണു. 

കാലത്ത് തന്നെ ഈ ചെക്കന്‍ എവിടെ പോയെന്നും വിചാരിച്ച് അപ്പു കുറ്റിക്കാട് കടന്ന് ജോസൂട്ടിയെ തിരക്കി നടന്നു. വെളിച്ചത്തിന്റെ കയ്യും കാലും എടുത്ത് മാറ്റി വെച്ച്, കൊന്നപ്പത്തലിന്റെ കൈവഴിയിലൂടെ ഒഴുകിയെത്തിയപ്പോ അപ്പു അറച്ചു നിന്നു. 

അപ്പനും അമ്മച്ചിയും തൂങ്ങിയ അതേ മരത്തില് ജോസൂട്ടി...

അവന്റെ ഒലിച്ച തീട്ടമണത്തിലേക്ക് കാലം കുത്തിയൊലിച്ചപ്പോ പണ്ട് ചെറുപ്പത്തില് തൂറുമ്പോ കൂട്ടായ രണ്ട് ചെറുതുങ്ങള് അപ്പൂന്റെ കരളിലേക്ക് അണച്ചു കയറി. മരത്തിന്റെ അടുത്ത് തന്നെ കിടന്ന ഒരു തിളങ്ങുന്ന കളിപ്പാട്ടക്കാര്‍ എടുത്ത് മേനിയിലൂടെ ഓടിച്ചു കൊണ്ടവന്‍ പുഴ വക്കത്തേക്ക് നടന്നു.

Follow Us:
Download App:
  • android
  • ios