Asianet News MalayalamAsianet News Malayalam

അരൂപികളുടെ ആകാശം, പ്രസന്ന കെ എം എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രസന്ന കെ എം എഴുതിയ കഥ
 

chilla malayalam short story by prasanna km
Author
Thiruvananthapuram, First Published Oct 22, 2021, 6:35 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by prasanna km

 

ഇന്നലെ ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. ആകാശത്തിലൂടെ പറന്നു നടക്കുകയായിരുന്നു. അങ്ങനെ പറന്ന് പറന്ന് ഞാന്‍  ആത്മാക്കളുടെ ലോകത്തെത്തി. അവിടെ ധാരാളം ആത്മാക്കള്‍. ചിലര്‍ അപ്പൂപ്പന്‍ താടി പോലെ പറന്നു നടക്കുന്നു. ചിലരാകട്ടെ അരപ്പു കല്ലിന് കാറ്റ് പിടിച്ചതുപോലെ ഒരു ഭാഗത്തിരിക്കുന്നു. ചിലര്‍ ചാടിക്കളിച്ച് ഒരു കൊമ്പില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിച്ചാടി രസിക്കുന്നു. 

ആരും എന്നെ കണ്ടിട്ടില്ല എന്നു തോന്നുന്നു. അതിന് ഞാനൊരു ആത്മാവല്ലല്ലോ? ദൂരെ വലിയ ഒരു കൊട്ടാരം കാണാം. ആരോ അവിടെ  വലിയൊരു ജനല്‍ തുറന്നിട്ട് ഇടക്കിടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്. ചിരപുരാതനമായ ഒരു പ്രാചീന ഗൗരവം മുഖത്തണിഞ്ഞ് നില്‍പ്പാണ് കക്ഷി. പണ്ടെങ്ങോ കണ്ട് മറന്ന ഒരു ബൈബിള്‍ നാടകത്തിലെ കഥാപാത്രത്തിന്റ മുഖം മനസ്സിലേക്കോടി വന്നു. 

ഇതിനിടക്ക് എന്റെയടുത്തേക്ക് പറന്നു വന്ന ഒരു പഞ്ഞിക്കെട്ടു പോലെയുള്ള ആത്മാവിനെ ഞാന്‍ തൊടാന്‍ നോക്കി. പറ്റുന്നില്ല. ചിലപ്പോള്‍ എനിക്ക് ജീവനുള്ളത് കൊണ്ടാകും. അതോ ഇവിടെയും കൊറോണ വന്നുവോ? ഞാന്‍ കൈ സാനിറ്റെസ് ചെയ്യണമായിരുന്നോ? ശ്ശോ ഇങ്ങോട്ട് പറന്നു വന്നപ്പോള്‍ സാനിറ്റൈസര്‍ എടുക്കാനും മറന്നു പോയി. 

ഏയ് ഇത് ആത്മാക്കളുടെ ലോകമല്ലേ? ഇവിടെയെന്തു കൊറോണ. 

ഇങ്ങനെ മണ്ടത്തരങ്ങള്‍ ആലോചിച്ചു കൂട്ടുന്നതിനിടയില്‍ വലിയ ജനാലക്കരുകില്‍ വീണ്ടും ആ ഗൗരവമുഖം പ്രത്യക്ഷപ്പെട്ടു. ഇങ്ങേരിനി ഇവിടത്തെ പ്രിന്‍സിപ്പാള്‍ വല്ലതുമാണോ? എന്തായാലും അവിടെ നിന്നും ആള്‍ എല്ലാവരേയും വീക്ഷിക്കുന്നുണ്ട്. ആ മുഖത്ത് ഗൗരവം കാണേക്കാണേ കൂടി വരുന്നത് പോലെ. എന്റെ നെഞ്ചിടിപ്പും കൂടി വന്നു. 

ഇനി എന്നെയെങ്ങാനും കണ്ടിട്ടുണ്ടാകുമോ? ഇവിടെ നിന്നും സിക്‌സര്‍ അടിക്കുമോ? ഉള്ളില്‍ ഒരു ചങ്കിടിപ്പോടെ നോക്കി നിന്നപ്പോള്‍ അദേഹത്തിന്റെ കൈകള്‍ മാത്രം ജനലിലൂടെ നീണ്ടു നീണ്ടു വന്നു. ശ്വാസമടക്കിപ്പിടിച്ച് ഞാന്‍ നോക്കി നിന്നു. അരപ്പു കല്ലിന് കാറ്റു പിടിച്ച പോലെ കുറെ ആത്മാക്കള്‍ അവിടെയവിടെയായി ഇരിക്കുന്ന കാര്യം ഞാന്‍ നേരത്തേ പറഞ്ഞിരുന്നല്ലോ? ( ഈ ഉപമ  പണ്ട് കണക്ക് ടീച്ചര്‍ എന്നെ നോക്കി പറഞ്ഞതാണ്. എത്ര ചീത്ത പറഞ്ഞാലും തല്ലിയാലും മടി മാറാത്ത എന്നെയാണ് അരപ്പു കല്ല് എന്നുദ്ദേശിച്ചത്. എത്ര കാറ്റടിച്ചാലും അരപ്പു കല്ലിന് ഒരു ചലനവുമുണ്ടാകില്ലല്ലോ?) 

എന്തായാലും ഈ ഉപമ മറന്നു പോകാഞ്ഞത് ഭാഗ്യം . അതുകൊണ്ട് ഇപ്പോള്‍ എനിക്കതെടുത്ത് പ്രയോഗിക്കാന്‍ പറ്റി. അല്ലെങ്കില്‍ ആ ആത്മാക്കളുടെ ഇരിപ്പിനെപ്പറ്റി ഞാന്‍ എങ്ങനെ പറയുമായിരുന്നു?

അങ്ങനെ അരപ്പുകല്ല് പോലെ നിശ്ചലമായിരുന്ന കുറെ ആത്മാക്കളെ ആ കൈകള്‍ പിടിച്ചു കൊണ്ടുപോയി. പെട്ടെന്ന് അവിടെയാകെയൊരു നിശ്ശബ്ദത. എനിക്കെന്തോ പേടി തോന്നി. പറന്നു നടന്ന ആത്മാക്കളെല്ലാം പെട്ടെന്ന് ഒരു സ്ഥലത്ത് വന്നു കൂട്ടം കൂടി നിന്നു. ആരും പറന്ന് നടക്കുന്നത് കാണുന്നില്ല. അവര്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ കാത് കൂര്‍പ്പിച്ചു നിന്നു. എവിടെ നിന്നോ ഒരു നേര്‍ത്ത സംഗീതം കേള്‍ക്കുന്നു. പണ്ടെങ്ങോ കണ്ട ഗുരു എന്ന സിനിമയിലെ പാട്ട് പോലെ എനിക്ക് തോന്നി. തങ്ങളുടെ ഊഴം ആയിട്ടില്ല എന്നോ മറ്റോ അവര്‍ പറഞ്ഞ പോലെ എനിക്ക് തോന്നി.

എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. അരപ്പുകല്ല് പോലെ ഇരിക്കുന്ന ഒരാത്മാവിനെ ഞാന്‍ തൊട്ട് നോക്കി. ഭാഗ്യം തൊടാന്‍ പറ്റുന്നുണ്ട്. ഇനി എന്നെ കാണുന്നുണ്ടാകുമോ? ഞാന്‍ വീണ്ടും ഉറക്കെ ചോദിച്ചു. എവിടേക്കാണ് ആ ആത്മാക്കളെ കൊണ്ട് പോയത്?

വളരെയടുത്താണ് ഞാനെങ്കിലും ശബ്ദം വളരെ അകലെ നിന്നും വരുന്നത് പോലെ തോന്നി. ഇനി പറഞ്ഞ കാര്യങ്ങള്‍ ശരിക്കുമോര്‍ക്കാന്‍ കഴിയുന്നില്ല. പക്ഷെ ഇങ്ങനെ പറഞ്ഞ തോര്‍ക്കുന്നു. 

''ഓര്‍മ്മകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടാത്ത ഒരാത്മാവാണ് ഞാന്‍. ഓര്‍മ്മകള്‍ പൂര്‍ണ്ണമായും മറന്നാലേ എന്റെ ഭാരം ഇല്ലാതാകൂ. എങ്കിലേ എനിക്കിവിടെ പറന്നു നടക്കാന്‍ പറ്റൂ.''-

ഞാന്‍ വീണ്ടും ചോദിച്ചു: ''എന്തോര്‍മ്മകളാണ് അങ്ങയെ അലട്ടുന്നത്?''

''കഴിഞ്ഞു പോയ ജന്‍മത്തിലെ ഓര്‍മ്മകള്‍ . ഇനിയും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളുടെ നിഴലുകള്‍ എന്നിലുള്ളത് കൊണ്ടാണ് എനിക്ക് നിന്റെ സ്വരം കേള്‍ക്കാന്‍ പറ്റുന്നത്.''

എന്റെ സംശയം മാറിയില്ല. ''ആ ആത്മാക്കളെ എങ്ങോട്ടാണ് കൊണ്ട് പോയത്?''

എന്റെ സംശയം മനസ്സിലാക്കിയതു പോലെ എനിക്കുള്ള മറുപടി കിട്ടി.

''ആ ആത്മാക്കളെ വീണ്ടും ഭൂമിയിലേക്ക് അയക്കും. വീണ്ടും മനുഷ്യരായി പിറക്കാന്‍''

പണ്ട് മുത്തശ്ശി പറഞ്ഞു തന്നതോര്‍ത്തു പോയി. വീണ്ടും മനുഷ്യ രൂപം കൈക്കൊള്ളാന്‍  ഒരാത്മാവും ആഗ്രഹിക്കില്ലത്രേ. പിന്നെ എന്തിനാണവര്‍ ഇത്രയും സന്തോഷിച്ചത്? പിടിച്ചു കൊണ്ടുപോയപ്പോള്‍ ഇവര്‍ എതിര്‍ക്കാന്‍ ശ്രമിക്കാഞ്ഞതെന്താണ്? പാറിപ്പറന്ന് രക്ഷപ്പെട്ടുകയായിരുന്നോ?

ഇത്രയും ചോദ്യങ്ങള്‍ ഒരുമിച്ച് ചോദിക്കാന്‍ തുനിഞ്ഞ എന്നെ നോക്കിക്കൊണ്ട് നമ്മുടെ ആത്മാവ് പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്.

'മകളേ , ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് നഷ്ടപ്പെട്ടതെന്താണെന്നോ? അത് നിങ്ങളുടെയെല്ലാം സ്‌നേഹസ്പര്‍ശമാണ്. സ്‌നേഹിക്കുന്നവരെ ഒന്നു തൊടാനോ അവരെ ചേര്‍ത്തു പിടിച്ചു സംസാരിക്കാനോ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കഴിവില്ല. അവരെയെല്ലാം കണ്ടു നില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയൂ. അതുകൊണ്ട് നീ സ്‌നേഹിക്കുന്നവരെ ഇപ്പോഴേ ചേര്‍ത്തു പിടിക്കൂ. ദുഖിക്കുന്നവരുടെ കൈ ചേര്‍ത്തുപിടിക്കൂ. അവരെ ആശ്വസിപ്പിക്കുവാന്‍ സ്‌നേഹത്തോടെയുള്ള ഒരു തലോടല്‍ മാത്രം മതി. ഇതൊന്നും കിട്ടാതെ മരിച്ചു പോയവരുടെ ആത്മാക്കളാണ് ഇവിടെ ഇങ്ങനെ അനങ്ങാതിരിക്കുന്നത്. നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാറ്റു പിടിച്ച അരപ്പു കല്ല് പോലെ. അവര്‍ക്ക് ആ ഭാരം മാറണമെങ്കില്‍, മറ്റ് ആത്മാക്കളെപ്പോലെപാറിപ്പറന്നു നടക്കണമെങ്കില്‍ നഷ്ടപ്പെട്ടു പോയ സ്‌നേഹസ്പര്‍ശനങ്ങളും തലോടലുകളും കിട്ടിയേ മതിയാകൂ. അതുകൊണ്ടാണ് അവരെ മാത്രം തെരഞ്ഞുപിടിച്ച് അടുത്ത ജന്‍മത്തേക്ക് പരുവപ്പെടുത്താന്‍ കൊണ്ട് പോകുന്നത്. നീയൊന്നാലോചിച്ചു നോക്കൂ, നിന്റെ പ്രിയപ്പെട്ടവര്‍ ഇങ്ങനെ ഭാരം പേറുന്ന ആത്മാക്കളാവണമോ അതോ തൂവല്‍പോലെ പാറിപ്പറന്നു നടക്കണമോ? ചിന്തിച്ചു നോക്കൂ.''

ചെവിയില്‍ ആ സ്വരം മുഴങ്ങുന്നതു പോലെ.

പിന്നെ പതുക്കെ പതുക്കെ കാഴ്ചകള്‍ മങ്ങിത്തുടങ്ങി. ശേഷം മഴ പെയ്തു തുടങ്ങി. വീണ്ടും മുത്തശ്ശി പറഞ്ഞു തന്നതോര്‍ത്തു. ആത്മാക്കള്‍ സന്തോഷിക്കുമ്പോഴാണത്രേ മഴ പെയ്യുന്നത്. 

പെട്ടെന്ന് ചാടിയെണീറ്റിരുന്നു. ഈ കണ്ടതെല്ലാം സ്വപ്നമായിരുന്നോ?

പുറത്ത് മഴ പെയ്യുന്നുണ്ടല്ലോ? ഇനി ഉറങ്ങുന്നതിന് മുന്‍പ് വായിച്ച പുസ്തകം അബോധമനസ്സില്‍ കയറി പണി തന്നതാണോ?

അടുക്കളയില്‍ നിന്നും നല്ല ചായയുടെ സുഗന്ധം വരുന്നു. എന്തായാലും അങ്ങോട്ട് ഒരു സന്ദര്‍ശനം നടത്തിക്കളയാം. പതിവു പോലെ അമ്മക്കുട്ടി രാവിലേ അടുക്കളയില്‍ കയറിയിട്ടുണ്ട്. പെട്ടെന്നെന്തോ അമ്മയോട് ഒരു പ്രത്യേക സ്‌നേഹം ഒഴുകി വരുന്നത് പോലെ. കൂടുതലൊന്നും ചിന്തിക്കാതെ പിറകിലൂടെ ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

ഞെട്ടിത്തിരിഞ്ഞു നോക്കിയ അമ്മയുടെ കണ്ണുകളില്‍ തെളിഞ്ഞ ഭാവം ഞെട്ടിച്ചുകളഞ്ഞു. കഴിഞ്ഞ രാത്രിയില്‍ സ്വപ്നത്തില്‍ കണ്ട ആത്മാവിന്റെ അതേ നിസ്സംഗഭാവം. 

അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചു ചേര്‍ന്നു നിന്നത് എന്നാണെന്നാലോചിച്ച്അവളുടെ തല പെരുത്തു. 

ചാറ്റല്‍ മഴ അപ്പോഴേക്കും പെരുമഴയായിത്തീര്‍ന്നിരുന്നു. താഴെ വീണുടഞ്ഞ ചായക്കപ്പിന്റെ സ്വരം ആരും കേട്ടതുമില്ല.

Follow Us:
Download App:
  • android
  • ios