Asianet News MalayalamAsianet News Malayalam

Malayalam Short Story : കൗസല്യ എന്ന കൗസല്യ, രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജി സ്‌നേഹലാല്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Raji Snehalal
Author
First Published Dec 5, 2023, 4:21 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Raji Snehalal

 

യൗവനത്തിന്റെ പ്രസരിപ്പില്‍ വെളുത്ത് മെലിഞ്ഞ്, നഖങ്ങളില്‍ ചായം പൂശിയ കൈകളിലേക്ക്  എണ്‍പത്തിയഞ്ചിന്റെ പടവുകളില്‍ വിശ്രമിക്കുന്ന, ഇളം കാറ്റില്‍ ഇളകിയാടുന്ന ആലിലകളെപ്പോലെ വിറക്കുന്ന കൈകള്‍, അവള്‍ വിരലുകള്‍ക്കിടയിലൂടെ വിരലുകള്‍ കടത്തി ആവുന്നത്ര മുറുക്കെ  ചേര്‍ത്തു പിടിച്ചു. ആ വിറയല്‍ അവളിലേക്ക് കൂടി പടര്‍ന്നു കയറി.  ശീതക്കാറ്റിലകപ്പെട്ടുപോയ പക്ഷിക്കുഞ്ഞിനെപ്പോലെയായി അവള്‍. വളരെ ശക്തിയില്‍ അതിവേഗത്തില്‍ എന്തോ ഒന്ന് അവളിലേക്ക് ഇടിച്ചു കയറി ബോധമണ്ഡലത്തെ വിഴുങ്ങിക്കളഞ്ഞു. ശരീരം തണുത്ത് മരവിച്ചു. ബോധം മറഞ്ഞു.

ബോധം വീണ്ടുകിട്ടുമ്പോള്‍ ജനാലയ്ക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന നീളന്‍ സോഫയില്‍ മുത്തശ്ശിയുടെ മടിയില്‍ തലവച്ചു കിടപ്പായിരുന്നു. ആ കിടപ്പിലും കൈകളുടെ പിടുത്തം അയഞ്ഞിരുന്നില്ല. കൈകളിലേക്ക് ചൂഴ്ന്ന് കയറിയ വിറയല്‍ ശരീരം മുഴുവനും വ്യാപിച്ചു. ഒരേ സമയം ചൂടും തണുപ്പും അവളുടെ  സിരകളിലേക്ക് ഓടിക്കയറി. അടര്‍ത്തി മാറ്റാന്‍ ആവാത്ത വിധം ചുക്കിചുളുങ്ങിയ കൈകള്‍ പിടിമുറുക്കി.

കൈകള്‍ വിടുവിച്ച് അവിടെ നിന്നും പുറത്ത് കടക്കണമെന്ന അവളുടെ ആഗ്രഹം ക്രമേണ ശക്തി കുറഞ്ഞ് ഇല്ലാതെയായി. അവളില്‍ നിന്നും ഒഴുകിവന്ന 'മുത്തശ്ശി' എന്നുള്ള വിളി തൊണ്ടയില്‍ തണുത്തുറഞ്ഞ് മരവിച്ചു കിടന്നു.

കൗസല്യാ ദേവി അതായിരുന്നു മുത്തശ്ശിയുടെ പേര്. അവളുടെ പേര് കൗസല്യ. വാലറ്റം ശൂന്യമായ വെറും കൗസല്യ.

തുറന്ന് കിടക്കുന്ന മൂന്ന് പാളികളുള്ള വീതി കൂടിയ വലിയ ജനാലയിലൂടെ കാറ്റ് നേര്‍ത്ത ഇളംമഞ്ഞ നിറത്തിലുള്ള ജനാലവിരികളെ വകഞ്ഞു മാറ്റി മുറിക്കകത്തേക്ക് കടന്ന് കയറി. ആ നിമിഷം ഒരു പഞ്ഞിക്കെട്ട് പോലെ ഈ കാറ്റ് തന്നെ പറത്തിക്കൊണ്ട് പോയേക്കുമോ എന്ന് പേടിച്ച് കണ്ണുകള്‍ ഇറുക്കിയടച്ച് കൈകളില്‍ പിടിമുറുക്കി. മെല്ലെ ശാന്തതയുടെ താഴ്വരയിലേക്ക് അവള്‍ നടന്നു കയറി. കണ്ണുകള്‍ തുറന്ന്  മുത്തശ്ശിയുടെ മുഖത്തിന് നേരേ മുഖം തിരിച്ചു വച്ചു.

മുത്തശ്ശിയുടെ മുഖത്ത് അവള്‍ക്കായി ഒരു നനുത്ത ചിരി വിരിഞ്ഞുവന്നു. മുറുക്കി ചുമപ്പിച്ച ആ ചിരി കണ്ടില്ലെന്ന് നടിക്കാന്‍ അവള്‍ക്ക് ആയിരുന്നില്ല. മുകളിലത്തെ നിരയിലെ ഒരു പല്ല് മാത്രമേ മുത്തശ്ശിയോട് യാത്ര പറഞ്ഞിരുന്നുള്ളൂ. പുകയിലക്കറ ലവലേശം പോലുമില്ലാത്ത പല്ലുകള്‍. ചുണ്ണാമ്പ്  മണക്കുന്ന വിരലുകള്‍ അവളുടെ കൈയിലെ  മുറുക്കിയുള്ള പിടുത്തത്തില്‍ നിന്നും അയഞ്ഞു തുടങ്ങിയിരുന്നു . ചുക്കിച്ചുളുങ്ങിയ ചുണ്ടുകള്‍ വശങ്ങളിലേക്ക്  നീണ്ടു വിടര്‍ന്ന്  പ്രകാശം പരത്തി നിന്നു.

മുത്തശ്ശിയുടെ നോട്ടം അവളുടെ കണ്ണുകളിലൂടെ കടന്നു കയറി ഹൃദയം വരെ കടന്നെത്തുന്ന നനവുള്ള സുഖമായി. സുഖമുള്ള തണുത്ത ഇളംകാറ്റ് അവളെ ചൂഴ്ന്ന് നില്‍ക്കുന്നതായും ഏറ്റവും സുഖമുള്ള കാലാവസ്ഥയായും എഴുതപ്പെട്ടു. കണ്ണുകള്‍ അടച്ച് മെല്ലെ മുത്തശ്ശിയുടെ ചൂടിലേക്ക്. പിന്നീടെപ്പോഴോ   ഭൂതകാലത്തിലേക്കവള്‍ നടന്നു കയറി. 

രണ്ട്

കൗസല്യ. ആ  പേര് അവള്‍ക്ക് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ട്  തന്നെ ആ പേര് തനിക്ക് ഇടാന്‍ കാരണക്കാരായവരോടും അവള്‍ക്ക് വെറുപ്പായിരുന്നു. മിക്കവര്‍ക്കും ഒരു ചെല്ലപ്പേരെങ്കിലും ഉണ്ടാകാറില്ലേ ? എന്നാല്‍ അവള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. എവിടെയും എപ്പോഴും കൗസല്യ എന്ന് മാത്രം. അങ്ങനെ മാത്രമേ വിളിക്കാന്‍ പാടുള്ളൂ എന്ന് മുത്തശ്ശിയുടെ ആഗ്രഹമാണത്രേ.  മുത്തശ്ശിയുടെ  ജന്മദിനവും ജന്മനക്ഷത്രവും എല്ലാം ഒരുപോലെ വന്ന അതേ ദിവസമാണ് തന്റെ  ജനനം. അങ്ങനെ ജന്മദിനവും നക്ഷത്രവും ഒന്നായി തീര്‍ന്ന രണ്ടു പേര്‍. പേരും ഒന്ന് തന്നെ ആകണമെന്ന മുത്തശ്ശിയുടെ ആഗ്രഹത്തെ  തള്ളിക്കളയാനുള്ള ആര്‍ജ്ജവം അവിടെ  ആര്‍ക്കും ഉണ്ടായിരുന്നില്ല. അങ്ങനെ ഈ ഞാന്‍ കൗസല്യയായി.

നാട്ടിന്‍പുറത്തെ സ്‌കൂളില്‍ നിന്നും നഗരത്തിലെ സ്‌കൂളിലേക്കുള്ള പറിച്ചുനടല്‍ മുതലാണ്  അവള്‍ പേരിനെ വെറുത്തു തുടങ്ങിയത്. അഞ്ചാം ക്ളാസിലെ ആദ്യദിനം മുതല്‍ അവള്‍ എല്ലാവരിലും ചിരിക്കുള്ള കാരണമായി.  മോഡേണ്‍ പേരുള്ള കുട്ടിക്കൂട്ടത്തിനിടയിലെ അറുപഴഞ്ചന്‍ പേരുകാരി. എന്ന് മാത്രമല്ല , ക്ലാസ്സിലെ രണ്ട് കുട്ടികളുടെ മുത്തശ്ശിമാരുടെ പേരും കൗസല്യ എന്നായിരുന്നു. ഇതൊന്നും പോരാഞ്ഞ് സ്‌കൂളിലെ തൂപ്പുകാരിയുടെ പേരും കൗസല്യ എന്നാണ്. അന്നുമുതല്‍ തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് പലപ്പോഴായി പേര് ഒരു ചോദ്യചിഹ്നമായി അവളെ ബുദ്ധിമുട്ടിച്ചു.

പാര്‍വതി, ലക്ഷ്മി  ഇതെല്ലാം പഴയ പേര് തന്നെയല്ലേ! പിന്നെ തന്റെ പേരിന് മാത്രമെന്താണ് ഇത്രയും പരിഹാസം! അവള്‍ക്ക് എല്ലാത്തിനോടും വെറുപ്പും ദേഷ്യവും തോന്നി. സ്‌കൂളില്‍ പോകില്ല എന്ന് കരഞ്ഞു ബഹളമുണ്ടാക്കി. പട്ടിണി കിടന്ന് നോക്കി. അവസാനം അടിയറവ് പറയാതെ തരമില്ലെന്നായി. 

അവള്‍ക്ക് ഒരു പുതുജീവന്‍ പോലെ ആയിരുന്നു ഹേമ ടീച്ചറുടെ വരവ്. എട്ടാം ക്ലാസ്സില്‍ ഹിസ്റ്ററി പഠിപ്പിക്കാന്‍ പുതുതായി വന്ന ടീച്ചര്‍ ആദ്യ ദിവസം തന്നെ അവള്‍ക്ക് കൗസു എന്ന ചുരുക്കപ്പേര് സമ്മാനിച്ചപ്പോള്‍ സന്തോഷത്തോടെ അതവള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. പിന്നീട് എവിടെയും എന്തിനും ഏതിനും കൗസു എന്ന്  മാത്രമായി. എന്നാലും മുത്തശ്ശിയുടെ അടുക്കലെത്തിയാല്‍ കൗസു എന്നത് കൗസല്യയിലേക്ക് വികാസം പ്രാപിക്കും. അപ്പോഴും  മുത്തശ്ശിയെ ശത്രുപക്ഷത്തുനിര്‍ത്തി അവള്‍ മുന്നോട്ട് നടന്നു.

എങ്കിലും പറയാതെ വയ്യ, യുക്തികൊണ്ട് നിര്‍വചിക്കാനാകാത്ത ചിലതും ജീവിതത്തിലുണ്ട്. അതിനാലാണ്, ഏറ്റവും പ്രിയമുള്ളതാരെന്ന ചോദ്യത്തിനുത്തരമായി കൗസല്യാ  ദേവി എന്ന ശത്രുപക്ഷം വരുന്നത്. ഇഷ്ടവും ഇഷ്ടക്കേടും ഒന്ന് തന്നെ ആയി തീരുന്ന സമസ്യ. എന്തുകൊണ്ടാണ് അങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അതിനാല്‍, വീണ്ടും ചോദ്യത്തിലേക്ക് തിരിച്ചു കയറും. 

നെറ്റിയിലൂടെ മുഖത്തേക്ക്  വീണു കിടന്ന മുടിയിഴകള്‍ വശങ്ങളിലേക്ക് ഒതുക്കി വയ്ക്കുന്ന വിറയ്ക്കുന്ന കൈകള്‍. ആ തലോടല്‍ അവളെ വീണ്ടും മുത്തശ്ശിയുടെ മടിയിലെ ലാളനയിലേക്ക് തിരിച്ചെത്തിച്ചു. അകമ്പടിയായി ഒഴുകിയെത്തുന്ന പുള്ളുവന്‍ പാട്ടിന്റെ നേര്‍ത്ത ഈരടികള്‍.

'മുത്തശ്ശി, ഇന്ന് എന്തെങ്കിലും പ്രത്യേകതയുള്ള ദിവസമാണോ. ഈ പാട്ട് എവിടുന്നാ കേള്‍ക്കുന്നേ? നമ്മുടെ കാവില്‍ നിന്നാണോ?' മുത്തശ്ശിയുടെ ലാളനയില്‍ നിന്നും എഴുന്നേറ്റ് സോഫയിലേക്ക് ചാരിയിരുന്നു കൊണ്ടവള്‍ ചോദിച്ചു.

ജനാലയിലൂടെ പുറത്തേക്ക് നോക്കി ശ്രദ്ധയോടെയുള്ള മുത്തശ്ശിയുടെ ആ ഇരുപ്പ് ഒരു യോഗിനിയുടേതിനു സമമാണെന്ന് അവള്‍ക്ക് തോന്നി.  ആ മാറ്റം അവളെ  ആശയക്കുഴപ്പത്തിലേക്ക് പിന്നെയും തള്ളിവിട്ടു.
കുറച്ചു നേരം മുന്‍പ് താന്‍ കടന്നു പോയ നിമിഷങ്ങള്‍ , വീണ്ടും അവളുടെ മനസ്സിലേക്ക് ശീതക്കാറ്റിനെ അടിച്ചു കയറ്റി.  മുത്തശ്ശിയുടെ വിറക്കുന്ന കൈകളിലേക്കും തന്റെ കൈകളിലേക്കും മാറി മാറി നോക്കി. ചിന്താഭാരത്താല്‍ ശിരസ്സ് കുനിഞ്ഞു. ശരീരം കുഴഞ്ഞു. അവിടെ വീണുപോയേക്കുമോ എന്ന് ഭയപ്പെട്ടു. സര്‍വ്വശക്തിയും സംഭരിച്ചു ുറന്ന് കിടന്ന വാതിലിലൂടെ പുറത്തേക്ക് ഓടിയിറങ്ങി.  

ബാംഗ്ലൂരില്‍ നിന്നും ഇങ്ങോട്ടേക്ക് വരാതിരിക്കാനായി എല്ലാ അടവുകളും പുറത്തെടുത്തിട്ടും നടക്കാതെ വന്നപ്പോഴാണ് ഇത്തവണ വരേണ്ടി വന്നത്.  കഴിഞ്ഞ  വര്‍ഷം ഇങ്ങോട്ടേക്ക് വന്നിരുന്നില്ല. ഇത്തവണ വന്നേ പറ്റൂ എന്നുള്ള മുത്തശ്ശിയുടെ ആവശ്യത്തിന് മുന്നില്‍ അവസാനം വഴങ്ങുകയായിരുന്നു. എത്ര ശ്രമിച്ചാലും പിടിവിടാത്ത വിധം ചുറ്റി വരിയപ്പെട്ട്  ഏതോ ഒരു കാന്തികശക്തി ഇങ്ങോട്ടേക്ക് വലിച്ചടിപ്പിക്കുന്നതായി അവള്‍ക്ക് തോന്നിയിട്ടുണ്ട്.

മുറിയില്‍ നിന്നും ഇറങ്ങിയോടിയതിന് അവള്‍ക്ക് കുറ്റബോധം തോന്നി. മനസ്സിലെ മഞ്ഞുരുകി തെളിനീരായി വീണ്ടും ഒഴുകിത്തുടങ്ങി. തിരികെ നടന്ന് വീണ്ടു, മുറിയുടെ വാതില്‍ക്കലെ പാതി തുറന്നുകിടക്കുന്ന വാതില്‍പ്പാളിയുടെ ജാലകവിരിപ്പഴുതിലൂടെ  അകത്തേക്ക് ഒളിഞ്ഞു നോക്കി. മുത്തശ്ശി അപ്പോഴും പുറത്തേക്ക്  നോക്കി അതേ ഇരുപ്പാണ്. ശബ്ദമുണ്ടാക്കാതെ പതുക്കെ അകത്തേക്ക് കടന്ന് മുത്തശ്ശിയോട് ചേര്‍ന്നിരുന്നു. തല ചരിച്ച് തോളിലേക്ക് ചേര്‍ത്തു വച്ച് മുഖമുയര്‍ത്തി ഒന്നുമറിയാത്ത ഭാവത്തില്‍ ചിരിച്ചു. ആ നിമിഷത്തില്‍ നെറുകയില്‍ പതിഞ്ഞ നനുത്ത ചുംബനം എല്ലാ ആശങ്കകളെയും മായ്ച്ചു കളയാന്‍ ശക്തിയുള്ളതായിരുന്നു.

'ഇന്നത്തെ ദിവസത്തിന് വളരെയേറെ പ്രത്യേകതകള്‍ ഉണ്ട്.'

അവളുടെ കൈയ്യില്‍ പിടിച്ച് പതുക്കെ എഴുന്നേറ്റ് ജനാലയുടെ അടുത്തേക്ക് നടന്ന് മുത്തശ്ശി പറഞ്ഞു .

'ഇനി ഒരിക്കലും ഇതുപോലൊരു ദിവസം ഉണ്ടാകുകയില്ല.' 

അനേകം അര്‍ത്ഥങ്ങളെ അകമേ വഹിക്കുന്ന വാക്കുകള്‍ ആയിരുന്നു അത്. അന്നേരം മുത്തശ്ശിയുടെ കണ്‍കോണുകളില്‍ നീരുറവ പൊടിച്ചു തുടങ്ങും പോലെ അവള്‍ക്ക് തോന്നി. അനുസരണയുള്ള കൊച്ചു കുഞ്ഞിനെപ്പോലെ ചേര്‍ന്ന് നിന്ന് ചുളുക്കുകള്‍ നിറഞ്ഞ പഞ്ഞിക്കൈകളില്‍ തലോടി. കവിളില്‍ ചേര്‍ത്തുരുമ്മി.

തുറന്നു കിടക്കുന്ന ജനാലയിലൂടെ കുറച്ചകലെയുള്ള  കാവിലെ കാഴ്ചകളിലേക്ക്  അവള്‍ ഇറങ്ങിച്ചെന്നു. പുള്ളുവന്‍ പാട്ടിന്റെ നേര്‍ത്ത ഈരടികള്‍ അപ്പോഴും അവിടെ അലയടിച്ചു.

'കൗസല്യേ.. എനിക്ക് കുറച്ചു കാര്യങ്ങള്‍ കാണിച്ചു തരാനും  പറയാനുമുണ്ട്.'

മുറിയിലെ വലിയ തടിയലമാരയുടെ താക്കോല്‍ക്കൂട്ടം മശവിരിപ്പിന്റെ അടിയില്‍ നിന്നും ശ്രദ്ധയോടെ എടുത്ത് അവളുടെ കൈകളിലേക്ക് വച്ചു കൊടുത്തു. 

'ഇനി മുതല്‍ ഇത്  നിനക്കുള്ളതാണ്. ഇതിലുള്ളതെല്ലാം നിനക്ക് മാത്രമുള്ളതാണ്. ഒരിക്കലും ഒന്നും നഷ്ടപ്പെടുത്തരുത്. മറ്റൊരാളെ എല്‍പ്പിക്കുകയുമരുത്.' 

പറയുമ്പോള്‍ മുത്തശ്ശിയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കുന്നത് അതിശയത്തോടെ അവള്‍ നോക്കി നിന്നു.

വിറയ്ക്കുന്ന കൈകളില്‍ നിന്നും താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങുമ്പോള്‍ അവളുടെ കൈകളും വിറച്ചു.  താക്കോല്‍കൂട്ടം വഴുതിപ്പോകാതിരിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. 'തുറക്കാനുള്ള സമയം ആയിട്ടില്ല എന്നാലും ഒരു കൂട്ടം മാത്രം നിനക്ക് ഞാന്‍ കാട്ടിത്തരാം.'

ചിത്രപ്പണികളുള്ള ആ വലിയ അലമാര ഒന്ന് തുറന്ന് കാണാനുള്ള ആഗ്രഹം മുന്‍പ് പലതവണ  വന്നിട്ടുണ്ട്. പക്ഷേ മടി കാരണം ചോദിച്ചിട്ടില്ല. ഇപ്പോഴിതാ അത് മുന്നിലേക്ക് തുറന്ന്  പിടിച്ചിരിക്കുന്നു.

അഞ്ച് തട്ടുകളുള്ള, വീതിയും ഉയരവും കൂടിയ, കൊത്തുപണികളാല്‍ മോടി കൂട്ടിയ വലിയ അലമാര.മുകളിലത്തെ ഒന്നാമത്തെയും രണ്ടാമത്തെയും തട്ടുകള്‍ അടപ്പുള്ളതാണ്.

'നിനക്ക് ഇപ്പോള്‍ കാട്ടിത്തരാനുള്ളത്, ഏറ്റവും താഴത്തെ തട്ടിലാണിരിക്കുന്നത്'-മുത്തശ്ശി അവളെ ചേര്‍ത്തു പിടിച്ച് പറഞ്ഞു.

അലമാരയുടെ താഴത്തെ തട്ടില്‍ ഭദ്രമായി സൂക്ഷിച്ചു വച്ച കഡുസൂര്‍ പെട്ടി. സാമാന്യം നല്ല ഭാരമുണ്ട്. വളരെ ആയാസപ്പെട്ട് അത് പുറത്തേക്കെടുത്തു.

'ഇത് നിനക്കായി ഞാന്‍ സൂക്ഷിച്ചു വെച്ചതാണ്. എന്നാലും ഇന്ന് തുറക്കേണ്ട. സമയമായിട്ടില്ല.'-മുത്തശ്ശി ചിരിച്ചു.

അലമാര അടച്ച് താക്കോല്‍ക്കൂട്ടം തിരിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുത്തശ്ശി തടുത്തു. ചേര്‍ത്തു പിടിച്ച് നെറുകയില്‍ ഉമ്മ വച്ചുകൊണ്ട് പറഞ്ഞു.

'ഞാന്‍ പറഞ്ഞില്ലേ. ഇനി മുതല്‍ ഇത് നിന്റെ കയ്യിലാണ് ഉണ്ടാവേണ്ടത്. വച്ചോളു.'

മറുത്തുപറയാനുള്ള സാവകാശം കൊടുക്കാതെ മുത്തശ്ശി തുടര്‍ന്നു.

'എനിക്ക്, എന്റെ കൗസല്യയോടൊപ്പം ഇവിടെയെല്ലാം നടന്നു കാണണം. എന്തേ? ഒന്ന് പോയാലോ...'

അവള്‍ തലയാട്ടി.

85 വയസ്സ് കഴിഞ്ഞിട്ടും തന്നേക്കാള്‍ ചുറുചുറുക്കൊടെ മുത്തശ്ശി നടന്ന് നീങ്ങുന്നത് നോക്കി നിന്നു. അന്നേരം അവള്‍ അത്ഭുതത്തോടെ മുത്തശ്ശിയുടെ കൈകളിലേക്ക് നോക്കി. ആ കൈകള്‍ അപ്പോള്‍ വിറച്ചില്ല. അവള്‍ക്കത് ചോദിക്കണമെന്ന് തോന്നി. പിന്നീട് എന്തുകൊണ്ടോ  ചോദിക്കണ്ട എന്ന് തീരുമാനിച്ചു.

മുത്തശ്ശിയുടെ മുഖത്ത് നോക്കി ആരും ചോദ്യങ്ങള്‍ ചോദിക്കുക പതിവില്ല. ആഢ്യത്വവും  ആജ്ഞാശക്തിയും  നിറഞ്ഞ മുഖത്ത് നോക്കി ആരും മറുത്തൊന്നും പറയാത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് ഉത്തരമായിരിക്കുന്നു.

'സാധിക്കില്ല; അത്രതന്നെ.'


മൂന്ന്

വീതി കൂടിയ നീളന്‍ വരാന്തയിലൂടെ നടന്ന്, മുറ്റത്തേക്കിറങ്ങാന്‍ വേണ്ടി ചെരുപ്പുകള്‍ തിരഞ്ഞ കണ്ണുകളെ ശാസിക്കും വിധം മുത്തശ്ശി തടുത്തു.

'മണ്ണിനെ അറിഞ്ഞു വേണം നടക്കാന്‍. അതിന് മണ്ണിലേക്ക് ചവിട്ടി തന്നെ നടക്കണം. നമ്മളെ അറിഞ്ഞാല്‍ ഈ പ്രകൃതിയും മണ്ണും നമ്മളെ  സ്‌നേഹിക്കുകയും നമ്മളോട്  സംസാരിക്കുകയും കഥകള്‍ പറയുകയും ചെയ്യും.'

'ചിലതൊക്കെ പറഞ്ഞാല്‍ മനസ്സിലാവില്ല. അനുഭവിച്ചു തന്നെ അറിയണം.'

മുറ്റത്തേക്ക് ഇറങ്ങി നടന്ന മുത്തശ്ശിയുടെ പിറകെ അവളും നടന്നു തുടങ്ങി. മുത്തശ്ശിയുടെ കൈയ്യുടെ വിറയല്‍ നിശ്ശേഷം മാറിയിരിക്കുന്നു. പരസഹായം ആവശ്യമില്ലാത്ത ആരോഗ്യം എന്നും മുത്തശ്ശിയുടെ സമ്പാദ്യമായിരുന്നു. ആകെയുണ്ടായിരുന്ന ഒരു ബുദ്ധിമുട്ട് കൈയുടെ വിറയല്‍ മാത്രമായിരുന്നു. ഇപ്പോള്‍ അതും മാറിയിരിക്കുന്നു. അവള്‍ അത്ഭുതത്തോടെ അത് നോക്കിനിന്നു. 

'എങ്ങോട്ടാ രണ്ടാളും കൂടേ.'- പുറകില്‍ നിന്നും അച്ഛന്റെ ചോദ്യം.

'ദൂരേക്കൊന്നും പോകില്ലച്ഛാ... നമ്മുടെ പറമ്പിനപ്പുറം പോകില്ല.'

തിരിഞ്ഞുനിന്ന് മറുപടി കൊടുത്തശേഷം വീണ്ടും മുത്തശ്ശിയുടെ കൂടെ നടന്ന് തുടങ്ങി.

വിശാലമായ മുറ്റത്തിന്റെ വടക്ക് കിഴക്കേ വശത്ത്, സാമാന്യം വലിപ്പമുള്ള ദീര്‍ഘചതുരാകൃതിയില്‍, വശങ്ങള്‍ ഉയര്‍ത്തി കെട്ടിയ തറയില്‍ നിറയെ മഞ്ഞയും ചുമപ്പും കലര്‍ന്ന രാജമല്ലിച്ചെടികള്‍ പൂത്തുനില്‍ക്കുന്നു. അതിന്റെ ഒരു വശത്തായി കണിക്കൊന്ന മരം. മുത്തശ്ശി അങ്ങോട്ടേക്കാണ് ആദ്യം നടന്നു ചെന്നത്.

'കൗസല്യേ  നിനക്ക് ഓര്‍മ്മയുണ്ടോ. നിന്റെ ആഗ്രഹം അനുസരിച്ചാണ് ഇവിടെ രാജമല്ലിയും കണിക്കൊന്നയും നിനക്ക് വേണ്ടി വെച്ച് പിടിപ്പിച്ചത്.'

മുത്തശ്ശി ചിരിച്ചു.

അവള്‍ ഇവിടെ ഉള്ളപ്പോള്‍ എല്ലാം,  ഇതേ സ്ഥലത്ത് വന്ന് നിന്ന് ഇതേ വാചകം പറയുക എന്നത് മുത്തശ്ശിയുടെ ഇഷ്ടങ്ങളില്‍ ഒന്നാണ്. പക്ഷേ ഇന്ന് അത് പറയുമ്പോള്‍ മുത്തശ്ശിയുടെ മുഖം വികസിക്കുന്നതും കണ്ണുകളില്‍ പ്രകാശം നിറയുന്നതും ഒരു കൊച്ചു കുട്ടിയുടെ  കൗതുകത്തോടെ അതെല്ലാം  നോക്കി കാണുന്നതും അവള്‍ കണ്ടുനിന്നു.

അവിടെനിന്നും നോക്കിയാല്‍ കുടുംബ ക്ഷേത്രവും കാവും കാണാനാവും. മുത്തശ്ശിയുടെ നോട്ടം കണ്ടപ്പോള്‍ അവള്‍ക്ക് ഊഹിക്കാനായി, യാത്ര അങ്ങോട്ടേക്കാവും. അത് തെറ്റിയില്ല. അങ്ങോട്ടേക്ക് തന്നെയാണ്.

തെളിഞ്ഞ വഴിയിലൂടെ നടന്ന്ആല്‍ത്തറയുടെ അരികിലൂടെ ക്ഷേത്രക്കുളത്തിനടുത്തേക്ക്. പുള്ളുവന്‍ പാട്ടിന്റെ  ഈരടികള്‍ നിശ്ശബ്ദമായി പിന്‍വാങ്ങി കഴിഞ്ഞിരിക്കുന്നു. 

ഇരുവശവും വെട്ടുകല്ലുകള്‍ കൊണ്ട് ഉയര്‍ത്തിക്കെട്ടിയ ക്ഷേത്രക്കുളത്തിന്റെ പടവുകളിലൂടെ പതുക്കെ താഴേക്കിറങ്ങി.   
  
വെട്ടുകല്ലുകള്‍ക്കിടയില്‍ പലതരത്തിലുള്ള പുല്ലുകളും വള്ളികളും നിറഞ്ഞിരിക്കുന്നു. വലുതും ചെറുതുമായ കാട്ടുപൂക്കളും വള്ളിച്ചെടികളും. വലിയ മരങ്ങള്‍ ജലത്തിലേക്ക് നിഴല്‍ വീഴ്ത്തി. ഉണങ്ങിയതും പഴുത്തതുമായ ഇലകള്‍ ഇളംകാറ്റില്‍ ജലത്തിനു മുകളിലൂടെ തെന്നി നീങ്ങി.

'നിന്റെ മുത്തശ്ശനും ഞാനും  മിക്കപ്പോഴും  ഇവിടേക്ക് വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഈ പടവുകളില്‍ കുറച്ചു നേരം ചിലവഴിച്ചിട്ടേ പോകൂ.'

മുത്തശ്ശിയുടെ മുഖത്ത് ഓര്‍മ്മകളുടെ സുഗന്ധം പരന്നു. ഒപ്പം, ചുണ്ടില്‍ നാണത്തില്‍ കുതിര്‍ന്ന ചിരി.

കവിള്‍ ചാലുകളിലൂടെ ഒഴുകിയിറങ്ങുന്ന സന്തോഷം ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ചിതറിത്തെറിക്കുന്ന സൂര്യരശ്മിയില്‍ തിളങ്ങി നിന്നു. ആ കാഴ്ചയില്‍  മുന്നിലുള്ളത് ഒരു വൃദ്ധ മാലാഖയാണ് എന്ന് അവള്‍ക്ക് തോന്നി. ചുമന്ന ചുണ്ടും വെള്ളാരം കണ്ണുകളും നരച്ചു വെളുത്ത തലമുടിയില്‍ താന്‍ കുറച്ചു മുന്‍പ് വച്ചു കൊടുത്ത മഞ്ഞ രാജമല്ലിപ്പൂവും. 

കാറ്റിലൊഴുകിയെത്തുന്ന പൂമണം. പടവുകളില്‍ നിന്നും കുളത്തിലെ തണുത്ത വെള്ളത്തിലേക്കു കാലുകള്‍ നനച്ചുകയറിയപ്പോള്‍ കുളിരും ഇഷ്ടവും ഉറവ പൊട്ടി.

ക്ഷേത്രദര്‍ശനം കഴിഞ്ഞ്, ഇലകള്‍ വീണുണങ്ങിയ നടവഴിയിലൂടെ കാവിലേക്ക്. സുഗന്ധം പരത്തി നില്‍ക്കുന്ന ഇലഞ്ഞിയും ചെമ്പകവും പിന്നെ പേരറിയമരങ്ങളും. ഇലഞ്ഞിപ്പൂക്കള്‍ അവള്‍ പെറുക്കിക്കൂട്ടി എടുത്തു.

'മുത്തശ്ശി.. നമുക്ക് നാളെയും വരണം. അവര്‍ പാട്ട് നിര്‍ത്തി മടങ്ങും മുന്‍പ്'

'കൗസല്യേ..നിനക്കറിയുമോ, പുള്ളോര്‍പ്പാട്ട്  മുറുകുമ്പോള്‍ കാവില്‍ ചലനം വച്ചു തുടങ്ങും. അതും കൂടി ചേരുമ്പോഴാണ് കാവിന്റെ ജീവന്‍ പൂര്‍ണ്ണതയിലെത്തുന്നത്. ആ ജീവന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തരുത്.'

അവള്‍ നിശബ്ദം കേട്ടുനിന്നു. കാറ്റിലാടിയുലയുന്ന  വള്ളിച്ചെടികളുടേയും വൃക്ഷശിഖരങ്ങളുടേയും ശബ്ദം അവളെ  പേടിപ്പെടുത്തി. കാലുകള്‍ക്കരികിലൂടെ നാഗങ്ങള്‍ ഇഴഞ്ഞു മാറുന്നുണ്ടോ എന്ന പേടിയോടെ മുത്തശ്ശിയുടെ കയ്യില്‍ മുറുക്കെപ്പിടിച്ചു. നെറ്റിയില്‍ തൊടുവിച്ച മഞ്ഞള്‍ തിലകത്തിന്റെ ധൂളികള്‍ നാസികാഗ്രത്തിലേക്കു പടര്‍ന്നു വീണു. മഞ്ഞള്‍ മണം അവളിലേക്ക് ചൂഴ്ന്നിറങ്ങി.

വീട്ടിലേക്ക് തിരികെ എത്തുമ്പോള്‍ സന്ധ്യയായി തുടങ്ങിയിരുന്നു. കാലുകള്‍ വല്ലാതെ  വേദനിക്കുന്നുണ്ട്  . ചെരിപ്പിടാതെ ഇത്രയും നടക്കുന്നത് ആദ്യമായാണ്. പൊടിയും അഴുക്കും കാല്‍പ്പാദങ്ങളെ പൊതിഞ്ഞു.  മുത്തശ്ശി പറഞ്ഞത് ശരിയായിരുന്നു എന്നവള്‍ക്ക് തോന്നി.

തിമര്‍ത്തു പെയ്യുന്ന മഴയുടെ താളത്തില്‍, ലയിച്ചു നില്‍ക്കുന്ന പ്രകൃതി. മങ്ങിക്കത്തുന്ന ബള്‍ബിന് ചുറ്റും ചിറകടിക്കുന്ന ഈയാംപാറ്റകള്‍.  ഇരുള്‍വന്യതയിലേക്ക് ജാലകവിരികളെ മറയാക്കി മുത്തശ്ശിയുടെ സംരക്ഷണവലയത്തില്‍  അവള്‍ കടന്നു ചെന്നു.

കാവില്‍ നിന്ന് പെറുക്കി കൊണ്ടുവന്ന ഇലഞ്ഞിപ്പൂവിന്റെ മണം അവിടെമാകെ  നിറഞ്ഞു. നിയോണ്‍ വെളിച്ചത്തിനൊപ്പം, ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്ന മേശപ്പുറത്ത് എന്നും കത്തിച്ചു വയ്ക്കുന്ന മണ്‍ചിരാത്   തെളിഞ്ഞു കത്തുന്നു. അതിന് ചുറ്റും ഇലഞ്ഞിപ്പൂക്കള്‍.  ഒരു വശത്തായി അടുക്കിവച്ചിരിക്കുന്ന ഭഗവത്ഗീതയും രാമായണവും. തൊട്ടടുത്തായി സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഫ്രയിമിനുള്ളില്‍  രണ്ട് തലമുറയിലെ കൗസല്യമാര്‍ ചിരിച്ചിരിക്കുന്ന വര്‍ണ്ണചിത്രം.

'മുത്തശ്ശി.. മുത്തശ്ശി സന്തോഷവതിയാണോ'-മുത്തശ്ശിയുടെ മടിയില്‍ തലവച്ച് കിടന്ന് കൈയ്യുയര്‍ത്തി പഞ്ഞിപോലെയുള്ള ചുളുങ്ങിയ കവിളില്‍ തലോടിക്കൊണ്ടവള്‍ ചോദിച്ചു.

'ഉം...'

'മുത്തശ്ശന്‍ പോയി കഴിഞ്ഞും, എങ്ങനെയാ  സന്തോഷം?'

'മുത്തശ്ശന്‍ പോയെങ്കിലും കാലം എനിക്ക് നിന്നെ തന്നില്ലേ. എനിക്ക് സന്തോഷമാണ്.'

'അതെയോ..'-ഉറക്കെ ചിരിച്ച് കവിളുകളില്‍ നല്‍കിയ ചുംബനചൂട് മാറും മുന്നേ മുത്തശ്ശിയുടെ  ചോദ്യം വന്നു.

'കൗസല്യേ,  അലമാരയിലുള്ള ആ പെട്ടിയില്‍ എന്താണെന്ന് കാണണ്ടേ? പോയി തുറന്നു നോക്കിക്കോളൂ.'

വളരെ ആയാസപ്പെട്ട് പുറത്തേക്ക് വലിച്ചെടുത്ത ആ പെട്ടിയില്‍ എന്തായിരിക്കും എന്ന് അവള്‍ക്ക് ഊഹിക്കാനായില്ല. 

തുറന്നപ്പോള്‍ അവളുടെ കണ്ണ് ആദ്യമുടക്കിയത് മഞ്ഞപ്പട്ടില്‍ പൊതിഞ്ഞു വച്ച എന്തോ ഒന്നിലാണ്. തുറന്ന് നോക്കി. മുത്തശ്ശിയുടെ ചെറുപ്പകാലത്തെയും യൗവനകാലത്തെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍. അവളുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു.

'ഇതെങ്ങനെ മുത്തശ്ശിയുടെ ഫോട്ടോ ആവും. ഇത് എന്റെ ഫോട്ടോയല്ലേ?'

അവള്‍ ഫോട്ടോകള്‍ എല്ലാം പടര്‍ത്തിയിട്ടു നോക്കി. ഒന്ന് രണ്ട് ഫോട്ടോയില്‍ മുത്തശ്ശനും ഒപ്പമുണ്ട്.

'അതെ ഇത് മുത്തശ്ശി തന്നെയാണ്. ശരിക്കും തന്നെപ്പോലെ തന്നെ. അല്ല. താന്‍ മുത്തശ്ശിയെപ്പോലെയാണ്.'

സന്തോഷത്തോടെ ആ ഫോട്ടോയും എടുത്ത്  മുത്തശ്ശിയുടെ അരികിലേക്ക് ഓടിയെത്തി.

യോഗിനീഭാവത്തില്‍ കണ്ണുകള്‍ അടച്ചുള്ള  മുത്തശ്ശിയുടെ ഇരിപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ആഗ്രഹിക്കാതെ മാറി നിന്നു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ആകാംക്ഷ അടക്കാനാകാതെ അവള്‍ മുത്തശ്ശിയുടെ തോളില്‍ പിടിച്ചു കുലുക്കി. ഒരു വശത്തേക്ക് ചരിഞ്ഞു തുടങ്ങിയ മുത്തശ്ശിയെ നേരെ പിടിച്ച് അവള്‍ പകച്ചു നിന്നു. 

ദൈവമേ, ശ്വാസം നിലച്ചിരിക്കുന്നു! 

അവള്‍ക്ക് ഉറക്കെ കരയണമെന്ന് തോന്നി. ശബ്ദം തൊണ്ടയില്‍ തണുത്തുറഞ്ഞ്  മരവിച്ചു കിടന്നു. 

യാത്ര പോലും പറയാതെ ഇത്ര നിശബ്ദമായി ഒരാള്‍ക്ക് എങ്ങനെയാണ് പോകാന്‍ സാധിക്കുക! അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.  കയ്യില്‍ പിടിച്ചിരുന്ന മുത്തശ്ശിയുടെ പഴയ ഫോട്ടോ  കൈയില്‍ നിന്നും വഴുതി നിലത്തേക്ക് വീണു. ശരീരമാസകലം ഒരു വിറയല്‍.  ആ വിറയല്‍ ചുരുങ്ങിച്ചുരുങ്ങി തന്റെ കൈകളിലേക്ക് മാത്രമായി മാറിയതുപോലെ അവള്‍ക്കു തോന്നി.  അതോടെ ആകെ തളര്‍ന്ന് അവള്‍ മുത്തശ്ശിയുടെ കാല്‍ച്ചുവട്ടിലേക്ക് ഇരുന്നു. അവളുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. 
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios