Asianet News MalayalamAsianet News Malayalam

Malayalam Short Story| കുഞ്ഞോളുടെ ചോദ്യങ്ങള്‍, സഫീറ താഹ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സഫീറ താഹ എഴുതിയ ചെറുകഥ

chilla malayalam short story by Safeera thaha
Author
Thiruvananthapuram, First Published Nov 19, 2021, 5:54 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Safeera thaha

 

കുഞ്ഞിലേ ഒരിക്കല്‍ രാമേട്ടന്റെ കടയില്‍ സാധനം വാങ്ങാന്‍ ചെന്നപ്പോള്‍ അവിടെ ചൂട് പിടിച്ച ചര്‍ച്ച. ചൈനയും ഇറാഖും ഇന്ത്യയും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും.... വിഷയങ്ങള്‍ക്ക് പഞ്ഞമില്ലാതെ ഒഴുകിനടക്കുമ്പോള്‍ ഇത്തിരിയോളമുള്ള  എന്നെ ശ്രദ്ധിക്കാന്‍ ആര്‍ക്കാ സമയം!

ഓരോരുത്തരും ചര്‍ച്ചയോടൊപ്പം അകത്താക്കിയ ചായയുടേം ബോണ്ടയുടെയും ബീഡിയുടെയും അവരവരുടെ വിഹിതം പറ്റുബുക്കില്‍  എഴുതിച്ചേര്‍ക്കുന്നു. വീണ്ടും  ചൂട് ചായ മൊത്തികുടിക്കുന്നു.  'ഇവിടെ രാഷ്ട്രീയം പറയാന്‍പാടില്ല, കടം പറയരുത്' എന്ന വാക്കുകള്‍ പേറുന്ന നിരപ്പലക എല്ലാവരെയും നോക്കി ഇളിക്കുന്നു.  

എഴുതിവെച്ചവര്‍ പോലും അവഗണിക്കുന്ന നിയമങ്ങള്‍ എന്നെ ചിന്തിപ്പിക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്. അതോ എഴുതിവെച്ചു കഴിഞ്ഞാല്‍ അനുസരിക്കേണ്ട എന്നാണോ? 

'കുഞ്ഞോളെ ഇനിയെന്താ വേണ്ടേ'

മൂന്നാമത്തെ പ്രാവശ്യവും രാമേട്ടന്‍ ചോദിച്ചു. ആറാമതും ഞാന്‍ 'രാമേട്ടാ തേന്‍മുട്ടായി കൂടെ താ' എന്ന് പറഞ്ഞു. ചിന്തകളെ ചൈനയിലും ക്യൂബയിലും അലയാന്‍ വിട്ട്, കടയില്‍ സാധനം വാങ്ങാന്‍ വന്നവരെ തിരിഞ്ഞുനോക്കാതെ ചര്‍ച്ചയില്‍ മുഴുകിയ  അയാളെ ഞാന്‍ കൗതുകത്തോടെ നോക്കി.  പാവത്തിന്റെ ചിന്തകള്‍ക്ക് വിമാനമേറി പറക്കാന്‍ വിസയും പാസ്‌പോര്‍ട്ടും ഒന്നും വേണ്ടല്ലോ. 

ആ പൈസ ഇനി ഉമ്മാക്ക് തന്നെ തിരികെക്കൊടുക്കണമല്ലോ എന്ന് വ്യസനിച്ചു കൊണ്ട് സത്യസന്ധതയുടെ ആള്‍രൂപമായി വീട്ടിലേക്കെത്തി. 

വീടെത്തിയപ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍ സായാഹ്നചര്‍ച്ചയിലാണ്.

'ത്രേസ്യയ്ക്ക് ഇനി അവറാച്ചനെ വേണ്ടത്രേ.'

'പെണ്ണിന്റെ അഹമ്മതി! ലോകം നശിക്കുന്നത് ഇങ്ങനെയാ'-ആമിനുമ്മ പറഞ്ഞത് അങ്ങനെയാണ്. 

'ആണായാല്‍ കുടിക്കും, പെടുക്കും, കഞ്ചാവും അടിക്കും, ചിലപ്പോള്‍ ഒരെണ്ണം പൊട്ടിച്ചെന്നുമിരിക്കും. എന്നാലെന്താ മണിമണി പോലത്തെ മൂന്ന് കൊച്ചുങ്ങളെ അവക്ക് കിട്ടീലെ.....'

സുമിത്ര ചേച്ചിയും പറഞ്ഞു..... അങ്ങനെ അങ്ങനെ ചര്‍ച്ച പുരോഗമിക്കുന്നു. 

ന്യൂസ് കേള്‍ക്കാന്‍ ചെവിവട്ടം പിടിക്കുന്ന എന്നെ  ഉമ്മ ഓടിച്ചുവിട്ടു. 'കുറ്റിപ്പെന്‍സിലിന്റെ അത്രേ ഉള്ളൂ, ബല്യ കാര്യം കേള്‍ക്കാന്‍ എന്തൊരു ഉത്സാഹം!'-

അരുതെന്നു പറയുന്ന കാര്യങ്ങളില്‍ ഞാനറിയാതെ എന്തോ ഗൂഢമായി പതിയിരിപ്പുണ്ട് എന്ന വിശ്വാസം  മുന്‍പേ ആഴത്തിലുള്ളത് കൊണ്ടുതന്നെ  വീണ്ടും  തുളസി പറിക്കാനും റോസയ്ക്ക് വളമിടാനും ആരെയും ശ്രദ്ധിക്കാത്ത ഗാര്‍ഡനര്‍ ആയി ഞാനവിടെ ചുറ്റിപ്പറ്റി നിന്നു. ബല്യകാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ വളര്‍ച്ച മുരടിച്ചാലോ എന്ന് അന്ന് ചിന്തിച്ചോ എന്നെനിക്ക് ഓര്‍മ്മയും ഇല്ലാ !

'ഒരുമ്പെട്ടോള്. ഇവള്‍ക്കൊക്കെ ആണിന്റെ വിലയറിയോ!'-എന്ന് അവറാച്ചന്റെ അമ്മായി പറയുന്നുണ്ട്. 

മദ്യപിച്ചു ലക്ക്‌കെട്ട് കഞ്ചാവ് വലിച്ചുകേറ്റി അടിയും തൊഴിയുമായി നടക്കുന്ന ഭര്‍ത്താവിനെ വേണ്ടെന്ന് വെച്ച് ജീവനും ജീവിതവും രക്ഷിച്ച  ആ ത്രേസ്യ  ഒരുമ്പെട്ടോളായത് എങ്ങനെയെന്ന് എന്റെ കുഞ്ഞ് മനസ്സില്‍ അന്നേ സംശയം നിറഞ്ഞിരുന്നു. കുടിക്കുന്നവരെയാണോ ആണുങ്ങള്‍ എന്ന് പറയുന്നത് അപ്പോള്‍ ബാക്കിയുള്ളവരോ? അല്ലെങ്കിലും ഉത്തരം കളഞ്ഞുപോയ കുറെയേറെ ചോദ്യങ്ങളുടെ നിഴലുകള്‍ എന്റെ ചിന്തകളെ അന്നേ കവര്‍ന്നെടുത്തിരുന്നല്ലോ !

കുഞ്ഞുങ്ങളെ എങ്ങനെയാണ് അങ്ങേര് അവര്‍ക്ക് കൊടുത്തത്. ത്രേസ്യ ചേച്ചിയല്ലേ വയറ്റില്‍ ഇട്ടോണ്ട് നടന്നതും പാല്‍ കൊടുത്തതും, സംശയങ്ങള്‍ മഴപോലെ വന്നെങ്കിലും കൂണ്‍ പൊടിയുന്ന ആയുസ്സ് മാത്രേ അതിനുണ്ടാകൂ..... ഗാര്‍ഡനറെ തറപ്പിച്ചുനോക്കുന്ന ഉമ്മാനെ കാണുമ്പോള്‍ പച്ചില ചവിട്ടി കളിച്ചുകൊണ്ട് ഞാനോടി കളമൊഴിയും. 

പിറ്റേന്നും ഈവനിംഗ് വാര്‍ത്തകള്‍ വായിക്കാന്‍ സ്ത്രീശക്തികള്‍ ഒത്തുകൂടി. 'ഗള്‍ഫിലെത്തി പുത്തനഞ്ചുണ്ടാക്കിയ ഹമീദിന്  തൊഴിലുറപ്പിനു പോയി ചുമടെടുത്ത് ഉച്ചിയിലെ മുടി പൊഴിഞ്ഞ, ഈര്‍ക്കില്‍ പോലത്തെ ഐഷത്തിനെ വേണ്ടെന്ന്!'

ആരിഫ ഉമ്മയാണ് ആ ബോംബ് അവിടെ പൊട്ടിച്ചത്. അതിന്റെ തീയും പുകയും ചുറ്റാകെ വ്യാപിച്ചപ്പോള്‍ ഉറങ്ങിക്കിടന്ന നാവുകള്‍ പോലും പല അഭിപ്രായവുമായി പുറത്ത് ചാടി !

'അവള്‍ കൊള്ളാഞ്ഞിട്ടാ, അവള്‍ക്ക് മിടുക്കില്ലാഞ്ഞിട്ടാ....'

'അല്ലെങ്കിലും അതൊരു തണുപ്പത്തിയാ. മിണ്ടാത്ത ഭൂതം'

'എന്താരുന്നു ഹമീദ്ക്കാ ന്നു അവള്‍ടെ ഒരു പുന്നാരം! മണ്ടത്തി. അവള്‍ കൊള്ളില്ല. അത് പറഞ്ഞാല്‍ മതീലോ'

ഹമീദ്ക്ക പെണ്ണ് കെട്ടിയെന്നു പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ശരീരത്തിന്റെ മിനുപ്പിനും മേക്കപ്പിനും വിവാഹജീവിതത്തില്‍ പ്രാധാന്യമുണ്ടല്ലോ എന്നാണ്! ഇനിമുതല്‍ അതൊക്കെ ശ്രദ്ധിക്കണം എന്നോര്‍ത്തതിനൊപ്പം ഐഷത്ത് ഇത്താക്ക് സമയത്തിന് ആഹാരം കഴിച്ച്  കുളിച്ച് ഒരുങ്ങികൂടെ എന്ന് അന്ന് ഞാനൊരുപാട് കുണ്ഠിതപ്പെട്ടിരുന്നു. എന്നാല്‍ ചില ഓര്‍മ്മകള്‍ എന്നിലേക്ക് ഓടിയെത്തിയപ്പോള്‍ ഈ ലോകത്തില്‍ ഞാനേറ്റവും വെറുക്കുന്ന മനുഷ്യന്‍ ഹമീദ് ഇക്കയായി !

ഒരിക്കല്‍  സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ വീട്ടില്‍ ഉമ്മയില്ലായിരുന്നു. ഉമ്മ വരുന്നത് വരെയും അവരുടെ വീട്ടിലാണിരുന്നത്. ഐഷത്ത കശുവണ്ടി ഫാക്ടറിയിലെ  പണികഴിഞ്ഞു വന്ന് ആടിനെയും കോഴിയേയും തീറ്റി, അന്നത്തെ പാലും മുട്ടയും കടയില്‍കൊടുത്ത പൈസ വാങ്ങി തയ്യല്‍ മെഷീന്റെ അടവ് തീര്‍ത്തു ഒന്ന് നടുവ് നിവര്‍ക്കാന്‍ കിടന്നപ്പോള്‍ അമ്മിണിയേടത്തി പെറ്റിക്കോട്ട് തയ്ക്കാന്‍ വന്നു. ചാടിപ്പിടഞ്ഞെഴുന്നേറ്റ് ഒരു മണിക്കൂര്‍ കൊണ്ട് അത് തീര്‍ത്തുകൊടുക്കുന്നത് വരെ ചുറ്റുവട്ടത്തെ വിശേഷങ്ങളൊക്കെയും പശ്ചാത്തല വിവരണത്തോടെ അവരിലേക്ക് കുടഞ്ഞിട്ടു. എവിടെ നിന്നാണ് ഇത്രയുമേറെ നാട്ടുവിശേഷങ്ങള്‍ എന്നോര്‍മ്മിക്കാന്‍ സമയമില്ലാതെ,  അവര്‍ തയ്യല്‍ക്കൂലി കൊടുത്ത  100 രൂപയും കൊണ്ട് ഞങ്ങള്‍  പാറമട വീട്ടിലെ വറീതേട്ടന് ആ ആഴ്ചയിലെ ചിട്ടിപ്പൈസ കൊണ്ട്‌കൊടുത്തു, അവിടെനിന്നും കപ്പയും വാങ്ങി  തിരികെ വന്നു.  ഇത്ത കപ്പ പൊളിച്ചു പുഴുങ്ങാന്‍ വെച്ചു. ഞാനൊരു ബാലരമയിലേയ്ക്ക് ചേക്കേറി. എന്നുമെന്നും രക്ഷിക്കാന്‍ മായാവി എന്താ ഇവരുടെ ശമ്പളക്കാരനോ? ഈ രാധയ്ക്കും രാജൂനും വളര്‍ന്നൂടെ? ഇവര്‍ക്ക് ഈ ഉടുപ്പേ ഉള്ളോ എന്നൊക്കെ ആലോചിച്ച് ഒരു മാങ്ങാമിട്ടായി വായിലിട്ട് ഞാനങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ ഇത്ത കാന്താരി പൊട്ടിക്കാന്‍ പുറത്തിറങ്ങി. ഹമീദ് ഇക്ക കുടിച്ചു കൂത്താടി എത്തിയത് അപ്പോഴാണ്. 

'ആഴ്ക്കാടി കപ്പ? നിന്റെ മറ്റവനാണോടി കാന്താരി, പൊട്ടിച്ചു തേച്ചുകളയും എന്തരവളെ' എന്നൊക്കെ പറഞ്ഞുകൊണ്ട് നിത്യവുമുള്ള ഒപ്പന തുടങ്ങി. ഇത്ത അടിയും തൊഴിയും മൗനമായി സഹിക്കുമ്പോഴും എന്നെ നോക്കി കണ്ണീര്‍വാര്‍ക്കുന്നുണ്ടായിരുന്നു. 'മക്കള്‍  പൊയ്‌ക്കോ 'എന്നവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാതെ ഞാന്‍ ഇറങ്ങിയോടി. കൂടെ അവരുടെ മൂന്ന് ആണ്മക്കളും! ഇല്ലേല്‍ അവരുടെ തോല്‍ പൊളിയുമെന്നുറപ്പാണ് !

പതിവ് കലാപരിപാടിക്ക് തിരശീല വീഴില്ല എന്നുറപ്പായപ്പോള്‍ ചിട്ടിപിടിച്ചും ആടിനെയും കോഴിയേയും വിറ്റും  ഉമ്മാന്റെ കൈയില്‍നിന്നും കുറച്ച് പൈസ കടം വാങ്ങിയും താമസിയാതെ അവര്‍ ഹമീദ്ക്കാനെ ഗള്‍ഫിലേക്ക് വിട്ടു. എന്നാല്‍ കുടിക്കാന്‍ യാതൊരു വഴിയുമില്ലാതെ ഗത്യന്തരമില്ലാതെ പുള്ളി നന്നായി. അവര്‍ ജീവിച്ചു തുടങ്ങി എന്നുപറയാം. ആദ്യമാദ്യം പൈസയൊക്കെ മുറപോലെ വന്നു. അപ്പോഴും ഇത്ത ജോലിക്ക് പോയി. 

മൂന്നാല് മാസം കഴിഞ്ഞപ്പോള്‍ വിളിയുമില്ല പൈസയുമില്ല. കുറേനാള്‍ ഇത്ത കരഞ്ഞും വിളിച്ചും നടന്നിട്ടും ആരൊക്കെ പറഞ്ഞിട്ടും പുള്ളിക്ക് 'ഐഷാനെ വേണ്ടാ' എന്ന് പറഞ്ഞു. മൊഴിചൊല്ലാതെ തന്നെ പുള്ളി വേറെ നിക്കാഹും ചെയ്തു. അപ്പോഴും ആളുകള്‍ പറഞ്ഞു, 'ഐഷത്ത് കൊള്ളാഞ്ഞിട്ടാ .....'

ഇടനാഴിയുടെ അങ്ങേയറ്റത്തെ ജാലകവിടവിലൂടെ അവരുടെ വീട്ടില്‍ തെളിഞ്ഞു കത്തുന്ന പ്രകാശവലയത്തിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഞാനോര്‍ത്തു ആ വെളിച്ചം ചുറ്റാകെയുള്ള ഇരുട്ടിനെ വല്ലാതെ കട്ടിയുള്ളതാക്കുന്നില്ലേ? പെട്ടെന്ന് തന്നെയോര്‍ത്തു ആ വെളിച്ചമുള്ളത് കൊണ്ടല്ലേ ഞാനാ ഇരുട്ടിനെ കണ്ടെത്തിയത്? ചോദ്യങ്ങള്‍ സൂചികൊരുത്ത പോലെയാണ്, ചെറുതായി കോറിവേദനിപ്പിച്ചു കൊണ്ടിരിക്കും, ചിലപ്പോള്‍ ഉത്തരം കിട്ടിയാലും!

ആരോടും പരിഭവമില്ലാതെ അവര്‍ മക്കളെ വളര്‍ത്തി. കൂടുതല്‍ ഊര്‍ജ്ജത്തോടെ ജോലിയെടുത്തു, തളരാതെ ജീവിച്ചു. 

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഹമീദ്ക്കാന്റെ രണ്ടാമത്തെ പെമ്പ്രന്നോത്തി സൈനബ അപ്രത്യക്ഷമായി.  അവര്‍ക്കായി  വാങ്ങിയിട്ട കാറും 'ഡ്രൈവറും 'മാത്രം അവര്‍ക്കൊപ്പം സഹയാത്രികരായി. ഹമീദ് സമ്മാനിച്ച കുഞ്ഞ് ഒന്നുമറിയാതെ തൊട്ടിലില്‍ ഉറങ്ങി. 

'പാവം ഹമീദ് 'എന്നും 'അവനത് വേണം' എന്നും അഭിപ്രായങ്ങള്‍ നൂറായി!

'സൈനബ !അവളാണ് പെണ്ണ് !'

'ആ ഹമീദ് കൊള്ളാഞ്ഞിട്ടാ'

'സൈനബ ആളൊരു പിരളി പിടിച്ച സാധനമാ'-അപ്പോഴും നാട്ടുകാര്‍ പറഞ്ഞു. 

എന്നാല്‍ ഐഷത്ത്  അപ്പോഴും കണ്ണീര്‍ വാര്‍ത്തു.ആ കുഞ്ഞിനെയോര്‍ത്ത്! നാണക്കേട് കൊണ്ട് നാട്ടിലേക്ക് വരാത്ത ഹമീദിന്റെ കുഞ്ഞ് ഐഷത്തയുടെ നാലാമത്തെ സന്താനമായി, സഹോദരിമാര്‍  ഇല്ലാത്ത ചേട്ടന്മാര്‍ അതിനെ പൊന്നുപോലെ നോക്കി.

അപ്പോഴും നാട്ടുകാര്‍ പറയുന്ന പല അഭിപ്രായങ്ങളില്‍  ഞാനാകെ വലഞ്ഞു! ഐഷത്തായാണോ സൈനബയാണോ ഹമീദാണോ നല്ലത്! എത്രയെത്ര ചോദ്യങ്ങളാണ് എന്നില്‍നിന്നും വീണ്ടെടുക്കാനാകാതെ കളഞ്ഞുപോകുന്നത്! ഉത്തരം കിട്ടില്ലെന്നറിഞ്ഞുകൊണ്ട് വിഴുങ്ങിക്കളയുന്നത്!

എങ്കിലും ഒന്ന് ഞാന്‍ തിരിച്ചറിഞ്ഞു, സൈനബയെന്ന ഇരുട്ട് കാരണമാണ് ഐഷത്ത്  എന്ന പ്രകാശത്തെ കണ്ടെത്തിയത് എന്ന!

ഇന്നും ഞാന്‍ എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊരു കുറവുമില്ല. ജീവിതാനുഭവങ്ങള്‍ നമ്മിലേക്ക് ബാക്കിവെയ്ക്കുന്നത് കുറെ ചോദ്യങ്ങളാണ്. അതിന് ഉത്തരം കണ്ടെത്തുമ്പോഴാണത്രെ കഥകളുണ്ടാകുന്നത്, ആ കഥകള്‍ക്കും ജീവിതമുണ്ടാകുന്നത്!

Follow Us:
Download App:
  • android
  • ios