ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സജിന മുനീര്‍ എഴുതിയ ചെറുകഥ  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വെള്ള പുതച്ച് ചാവുപായയില്‍ കിടത്തിയ അയാളുടെ ജീവനറ്റ ശരീരം കാണാനെത്തിയ കാഴ്ചക്കാരിലൊരാള്‍ മാത്രമായിരുന്നു അവള്‍. 

ഒരു കാലത്തവളുടെ പ്രണയ നിശ്വാസങ്ങളുടെ ഉള്‍ത്തുടിപ്പുകളേറ്റുവാങ്ങിയതാണയാള്‍. പക്ഷെ അയാളുടെ സ്‌നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ വെറുമൊരു കോമാളി മാത്രമായവള്‍ അടയാളപ്പെട്ടു.

അതുകൊണ്ടുതന്നെയാവണം അയാളുടെ മരവിച്ച ശരീരത്തിന് ചുറ്റും പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ചു വലം വെയ്ക്കുമ്പോള്‍ അറിയാതെ പോലും അവളൊന്നു തേങ്ങിയില്ല. 

അവളുടെ പത്തുവയസ്സുകാരി മകള്‍ ആദ്യമായും അവസാനമായും കാണുന്നത് വെളുത്ത തുണിക്കെട്ടുകള്‍ക്കുള്ളില്‍ പുറത്തുകാണുന്ന അയാളുടെ ഈ കരുവാളിച്ച മുഖമാണ്. തെല്ലു ഭയത്തോടെ ആ കുഞ്ഞിക്കണ്ണുകള്‍ അയാളുടെ മുഖത്ത് ഒരല്‍പ്പനേരം തങ്ങി നിന്നു. മകനാകട്ടെ പലപ്പോഴും ഓര്‍മ്മകളില്‍ തിരഞ്ഞ് പരാജയപ്പെട്ട അച്ഛന്റെ മുഖം അവ്യക്തമായി കണ്ടു. പ്രത്യേകിച്ചൊരു ഭാവവും ആ കുഞ്ഞുങ്ങളുടെ മനസ്സിലും മുഖത്തും പ്രത്യക്ഷപ്പെട്ടില്ല കാരണം അവര്‍ വന്നത് തികച്ചും അപരിചിതനായ ഒരാളുടെ മരണവാര്‍ത്തയറിഞ്ഞാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് പൂമ്പാറ്റയെ പോലെ പാറിപ്പറന്നു നടക്കുമ്പോഴായിരുന്നു ആ വിവാഹം നടന്നത്. ഇനി പൂക്കാനിരിക്കുന്ന പൂക്കാലത്തിലെ പൂക്കളെല്ലാം ഇറുത്തെടുത്താണ് ആ വരണ മാല്യം തീര്‍ത്തതെന്ന് അവളറിയാന്‍ ഒരുപാട് വൈകി.

രണ്ട് ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങള്‍ ആയതുകൊണ്ടും അത്യാവശ്യം സാമ്പത്തികം ഉള്ളതുകൊണ്ടും ഒരു ഗവണ്‍മെന്റ് ജോലിക്കാരനെ തന്നെ അവരവള്‍ക്കു വേണ്ടി കണ്ടെത്തി. കാഴ്ചക്കു സുമുഖന്‍, നല്ല കുടുംബ സ്വത്ത് അന്വേഷിച്ചവരെല്ലാം നല്ല അഭിപ്രായം. അതോടെ അവളുടെ ഭാവി ജീവിതം സുരക്ഷിതമായിരിക്കും എന്നവര്‍ കരുതി.

കവിത വിരിയുന്ന ആ കണ്ണുകളില്‍ തിളങ്ങിനിന്ന കിനാവുകള്‍ക്ക് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മണിയറയിലെ മുല്ലപ്പൂ ഗന്ധം മാഞ്ഞുപോകുന്നതോടൊപ്പം ആ ബന്ധത്തിന്റെ പരിമളവും മാഞ്ഞു പോയ്‌ക്കൊണ്ടിരുന്നു. വൈകാതെ ദുഃഖ പര്യവസായിയായ ഒരു നാടകമായിത്തീര്‍ന്നു അവളുടെ ജീവിതം

വികലമായ മനസ്സുള്ള ഏകാധിപതികളായി ഭര്‍തൃവീട്ടുകാര്‍ മാറിയപ്പോള്‍ അയാള്‍ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ അവളെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. എങ്കിലും അവള്‍ക്കയാളെ വെറുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യമാദ്യമുണ്ടായിരുന്ന വാക്കുതര്‍ക്കങ്ങളെല്ലാംലാളിച്ചു വളര്‍ത്തിയ മകളായതുകൊണ്ട് ഉണ്ടായതാവാമെന്ന ബന്ധുജനങ്ങളുടെ കണ്ടുപിടിത്തത്തിലൊതുങ്ങി. 


ഉദരത്തില്‍ തളിരിട്ട കുഞ്ഞു ജീവന്റെ ചലനം തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കൊരു പ്രതീക്ഷയായിരുന്നു. പക്ഷേ അവന്റെ കളിചിരികള്‍ക്കൊന്നും അവരുടെ ജീവിതത്തെ പ്രകാശ പൂരിതമാക്കാന്‍ കഴിഞ്ഞില്ല. അത് നോവില്‍ നിന്നു നോവിലേക്ക് വഴുതിവീണു കൊണ്ടേയിരുന്നു.

ഓരോ തവണ കണ്ടുമുട്ടുമ്പോഴും അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷ മുറ്റിയ മുഖത്തെ നിസ്സഹായത അവളെ പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

ഒടുവില്‍ ഇളയ മകളെ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് പ്രണയിക്കപ്പെടാനും, സ്‌നേഹിക്കപ്പെടാനും കൊതിച്ച നിസ്വാര്‍ത്ഥയായൊരു പെണ്ണിന്റെ മനസ്സ് കൊടുങ്കാറ്റിലാടിയുലഞ്ഞ ചെറുവള്ളം പോല്‍ തകര്‍ന്നത്. അവളുടെ നെടുമംഗല്യമഴിഞ്ഞു വീണത്. 

തന്റെ സ്‌നേഹത്തിനോ, നന്മയ്‌ക്കോ കുഞ്ഞുങ്ങള്‍ക്കോ അയാളുടെ മനസ്സിന്റെ ഇടവഴിയില്‍ പോലുമൊരിടം ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിനു മുന്‍പേ അയാള്‍ക്കുണ്ടായിരുന്നതും ഇന്നും തുടരുന്നതുമായ പ്രണയമാണ് അന്നുമിന്നും അയാള്‍ക്ക് പ്രിയപ്പെട്ടതെന്നും എത്ര ലാഘവത്തോടെയാണയാള്‍ പറഞ്ഞു കളഞ്ഞത്. ആ പാതിരാത്രിയിലാണ് പരിഹാസത്തിന്റെ കൂരമ്പേറ്റ് മുറിവേറ്റു വീണ ചിറകറ്റ പക്ഷിയെപ്പോല്‍ അവളുടെ മനസ്സ് നിര്‍ജ്ജീവമായത്.

തിടുക്കപ്പെട്ടുള്ള ആ അസ്തമയത്തില്‍ പകച്ചുപോയ നിമിഷം അവള്‍ തേടിക്കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമായിരുന്നു. 

മദ്യപിച്ചു വന്ന് ഈ കാലമത്രയും തന്റെ സ്ത്രീത്വത്തെ അയാള്‍ അപമാനിച്ചതും, സ്വന്തം വീട്ടില്‍ ഒരു ജോലിയും ചെയ്യിക്കാതെ അമ്മ വളര്‍ത്തിയ മകള്‍ എല്ലുമുറിയെ വീട്ടുജോലി ചെയ്തിട്ടും ശകാരം മാത്രം ബാക്കിയായതും, വിശേഷാവസരങ്ങളിലെല്ലാം വെറും വീട്ടു ജോലിക്കാരി മാത്രമാകേണ്ടി വന്നതുമെന്തിനെന്ന നൂറു നൂറുചോദ്യങ്ങള്‍ക്കുത്തരവും അവള്‍ക്കന്നു ലഭിച്ചു

അതുകൊണ്ടുതന്നെ ഇളയ മകളെ പ്രസവിച്ചപ്പോഴും അയാളുടെ ജീവിതത്തിലേക്ക് തിരിച്ചു പോകേണ്ടി വന്നില്ല.

പിന്നീടങ്ങോട്ട് അതിജീവനത്തിന്റെ നാളുകളായിരുന്നു . ജീവിതത്തിലെ രണ്ടാം ഭാവം. ഇനിയൊരു തളിരും തളിരിടാനില്ലാത്ത കരിങ്കല്ലായ മനസ്സുമായി ചിരിക്കാന്‍ മറന്ന, നിറങ്ങളെ വെറുത്ത, ആത്മാഭിലാഷം ജീവത്യാഗം ചെയ്ത കടലാസുകഷ്ണം പോലൊരു ജീവിതം. 

കനവെരിഞ്ഞടങ്ങിയ അവളുടെ ജീവിതത്തിന് പുതുനാമ്പേകിയ രണ്ടു കുഞ്ഞു മക്കളുടെ ശൈശവത്തിലൂടെയും ബാല്യത്തിലൂടെയും അവളുടെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു. യൗവനത്തില്‍ ത്തന്നെ ജരാനരകള്‍ ബാധിച്ചു തുടങ്ങി.

ചുറ്റുമുള്ള കൂട്ടുകാരുടെ അച്ഛന്‍ കഥകളിലെ താര പരിവേഷങ്ങളും വീരസ്തുതികളും അമ്മയുടെ ചിറകുകള്‍ക്കുള്ളിലേക്കോടിയൊളിക്കാന്‍ ആ കുഞ്ഞുങ്ങളെ പലപ്പോഴും നിര്‍ബന്ധിപ്പിച്ചു. അവരുടെ വിശേഷ ദിവസങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളുമെല്ലാം അമ്മയും മക്കളും മാത്രമുള്ള ലോകത്തേക്ക് മാത്രമായി ചുരുങ്ങി.

അമ്മയുടെ കണ്ണുനീരിന്റെ കടല്‍വെള്ളത്തില്‍ ചായം ചാലിച്ച് അവര്‍ പുതിയ ക്യാന്‍വാസില്‍ നിറമുള്ള പൂക്കളുടെയും പൂമ്പാറ്റകളുടെയും ചിത്രങ്ങള്‍ വരയ്ക്കാന്‍ ശീലിച്ചു തുടങ്ങി.

ഒരു വാഹനാപകടത്തിന്റെ ബാക്കി പത്രമായി പുഷ്പചക്രത്തിനുള്ളില്‍ തുന്നിക്കൂട്ടിയ നിശ്ചലമായ ദേഹമായല്ലാതെ പിന്നീടുള്ള ജീവിതത്തില്‍ അറിയാതെ പോലുമയാളുടെ നിഴല്‍വെട്ടം പോലുമവരുടെ മുന്നിലെത്തിയില്ല.

പിതൃതര്‍പ്പണം ചെയ്യാന്‍ പോലും കാത്തുനില്‍ക്കാതെ ഇരുട്ടിന്റെ കണ്ണീരു വീണു കുതിര്‍ന്ന വഴിയിലൂടെ തന്റെ മക്കളുടെ കൈയും പിടിച്ചവള്‍ മുന്നോട്ടു നടന്നു.