Asianet News MalayalamAsianet News Malayalam

Malayalam Short Story: ജലഭയം, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
 

chilla malayalam  short story by Santhosh Gangadharan bkg
Author
First Published Feb 10, 2023, 3:06 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Santhosh Gangadharan bkg

 

കുളമായാലും കടലായാലും വരുണിന് പേടിയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയാലോ എന്നവന്‍ എപ്പോഴും ഭയപ്പെട്ടു.

അച്ഛന്‍ പുതുതായി വാങ്ങിയ വീട്ടിലേയ്ക്ക് അവര്‍ താമസം മാറ്റിയിട്ട് അധികം നാളുകളായിരുന്നില്ല. അതോടെ വരുണിന്‍റെ ഭയം അധികരിച്ചതേയുള്ളു. വീടിനോട് ചേര്‍ന്നായിരുന്നു അമ്പലക്കുളം. അവന് കിട്ടിയ മുറിയാണെങ്കില്‍ ആ കുളത്തിന് അഭിമുഖമായുള്ളതും. എല്ലാ ദിവസവും കാണാന്‍ പറ്റിയ കാഴ്ച തന്നെ!

അവന് ആ മുറി വേണ്ടെന്ന് പറഞ്ഞ് നോക്കി. പക്ഷേ, വലിയ മുറി അച്ഛനുമമ്മയ്ക്കുമുള്ളതാണ്. പിന്നെയുള്ള കൊച്ചുമുറി അവന്‍റെ അനിയത്തി ശൈലുവിനും. അപ്പോള്‍ പിന്നെ കിട്ടിയ മുറിയില്‍ കിടക്കാതെ വേറെ വഴിയൊന്നുമില്ലായിരുന്നു.

വെള്ളത്തിനോട് ഭയമായിരുന്നെങ്കിലും അവന്‍ കുളത്തിനെതിരെയുള്ള ജനലില്‍ കൂടി അതിനപ്പുറമുള്ള പ്രകൃതിഭംഗി ആസ്വദിക്കുമായിരുന്നു. കുളത്തിന് ചുറ്റും പൊക്കം കുറഞ്ഞ മതില്‍ കെട്ടിയിട്ടുണ്ട്. അവന്‍റെ ജനല്‍ അതിലും പൊക്കത്തിലായിരുന്നു. വീടും കുളവും തമ്മില്‍ മൂന്ന് മീറ്ററിന്‍റെ അകലമുണ്ടായിരുന്നെങ്കിലും കുളത്തിലേയ്ക്ക് വീഴുന്നതിനെ തടുക്കാനതിനാവില്ലെന്ന് വരുണ്‍ വിശ്വസിച്ചു.

അവന് നീന്തല്‍ അറിയില്ല. എങ്ങാനും കുളത്തിലേയ്ക്ക് വീണാല്‍ നേരെ താഴേയ്ക്ക് മുങ്ങിപ്പോകുമെന്നുള്ളത് ഉറപ്പ്. ശരീരം പൊങ്ങിവരുമ്പോള്‍ അവന് ശ്വസിക്കാന്‍ പറ്റുമെന്നാകില്‍ അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമായിരിക്കും.

അവിടെ നിന്നാല്‍ കുളത്തിന്‍റെ തെക്കേയറ്റത്ത് കുളിക്കുന്നവരെ കാണാം. കുളിക്കാനിറങ്ങാനായി പടിക്കെട്ട് പണിതിട്ടുണ്ട്. തൊട്ടടുത്തുള്ള അമ്പലത്തിലെ പൂജാരിയ്ക്ക് കുളിക്കാനായി ഒരു കുളിപ്പുരയുമുണ്ട്.

എത്ര പേരാണ് യാതൊരു പേടിയും കൂടാതെ അവിടെ കുളിക്കുന്നത്! അവരെ നോക്കിനിന്നാലെങ്കിലും വെള്ളത്തിലിറങ്ങാനുള്ള ധൈര്യം സംഭരിക്കാന്‍ പറ്റുമോ എന്നായിരുന്നു വരുണിന്‍റെ ചിന്ത. കുളത്തിന് എത്ര ആഴമുണ്ടെന്നാര്‍ക്കറിയാം! കുളത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തെ ചെറുമതില്‍ കവച്ച് വച്ച് ആനകള്‍ കുളിക്കാനായി ഇറങ്ങാറുണ്ട്. അമ്പലത്തിലെ ഉത്സവത്തിന് കൊണ്ടുവരുന്ന ആനകളേയാണ് പാപ്പാന്മാര്‍ അവിടെയിറക്കി കുളിപ്പിക്കുന്നത്. ആനകളാണെങ്കില്‍ കിട്ടിയ അവസരം പാഴാക്കാതെ മണിക്കൂറുകളോളം ആ തണുത്ത വെള്ളത്തില്‍ കിടക്കുന്നത് കാണാം.

അമ്പലക്കുളത്തിന്‍റെ മണ്‍ത്തിട്ടയില്‍ കൂടി വഴുതിയിറങ്ങുന്ന ആനകളെ കണ്ടപ്പോളാണ് വരുണിന്‍റെ മനസ്സില്‍ ഒരു ഉപായം തെളിഞ്ഞത്. അവന്‍റെ മുറിയിലെ ജനലില്‍ ഒരു സ്ലൈഡ് ഘടിപ്പിച്ചാല്‍ വെള്ളത്തിലേയ്ക്ക് ഊര്‍ന്നിറങ്ങാന്‍ നല്ല രസമായിരിക്കും. എറണാകുളത്തെ വണ്ടര്‍ലാ പാര്‍ക്കില്‍ കണ്ടതുപോലെ. പക്ഷേ, വെള്ളത്തില്‍ വീണാല്‍ പിന്നെ... വേണ്ടാ, മണ്ടത്തരമൊന്നും കാട്ടാതിരിക്കുന്നതാണ് നല്ലത്.

അന്ന് രാത്രി ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് കുളത്തിലേയ്‌ക്കൊരു സ്ലൈഡ് വയ്ക്കുന്ന കാര്യം ശൈലു അവതരിപ്പിച്ചത്. വരുണിന് മനസ്സില്‍ തോന്നിയത് ശൈലു പറഞ്ഞിരിക്കുന്നു.

''ഇതൊന്നും നടക്കുന്ന കാര്യമല്ല. അമ്പലത്തിന്‍റെയാണ് കുളം. നമ്മുടെ വീട്ടില്‍ നിന്നും സ്ലൈഡ് വയ്ക്കാന്‍ മുനിസിപ്പാലിറ്റി അനുവദിക്കുമെന്ന് കരുതണ്ട.'' കേട്ടപാടെ സോമന്‍ ശൈലുവിനോട് പറഞ്ഞു.

''ഒന്നാലോചിക്കുക പോലും ചെയ്യാതെ നിങ്ങളെന്തിനാ പറ്റില്ലെന്ന് പറയുന്നത്. ശ്രമിച്ച് നോക്കിയിട്ട് പറ്റിയില്ലെങ്കില്‍ വേണ്ടെന്ന് വച്ചാല്‍ പോരെ?'' കുട്ടികളോട് എല്ലാത്തിനും 'ഇല്ല' എന്ന് പറയുന്നതിനോട് വിമലയ്ക്ക് തൃപ്തിയില്ല.

''ശരി, ശരി. ഇനി അതിനെ ചൊല്ലിയൊരു തര്‍ക്കം വേണ്ട. സ്ലൈഡ് വയ്ക്കാന്‍ സാധിക്കുമോയെന്ന് ഞാന്‍ അന്വേഷിക്കാം. പോരേ?'' കൂടുതല്‍ തര്‍ക്കിച്ച് ആഹാരത്തിന്‍റെ രുചി കളയേണ്ടെന്ന് സോമന്‍ തീരുമാനിച്ചു.

വരുണിന് സ്ലൈഡ് വയ്ക്കുന്നതിനോട് താല്പര്യമില്ല. എങ്കിലും ആ സ്ലൈഡില്‍ കൂടിയൂര്‍ന്നിറങ്ങി കുളത്തിന്‍റെ ഏറ്റവും അടിയില്‍ പോയി അവിടെ വളരുന്ന ജീവജാലങ്ങളെ കാണുന്നതോര്‍ത്തപ്പോള്‍ അവന്‍റെ ദേഹമാസകലം കോരിത്തരിച്ചു. അവന് വെള്ളത്തിനോടുള്ള പേടി മാറി നീന്താന്‍ കഴിഞ്ഞെങ്കില്‍ എന്ത് രസമായിരുന്നു! കഥകളില്‍ വായിച്ചപോലെ കുളത്തിന്‍റെയടിയില്‍ ചിലപ്പോള്‍ പണ്ടുകാലത്ത് കളഞ്ഞുപോയ നിധികുംഭങ്ങളുണ്ടാകുമായിരിക്കും.

ശൈലുവിന്‍റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാനായിട്ടെങ്കിലും അവന്‍റെ ജലഭയം മാറ്റണം. അമ്മാമ്മ പറയാറുള്ളത് അവനോര്‍ത്തു. നമുക്ക് എന്തെങ്കിലും നേടണമെങ്കില്‍ അത് തന്നെ മനസ്സില്‍ വിചാരിച്ചുകൊണ്ടിരുന്നാല്‍ അത് സാധിച്ചെടുക്കാന്‍ കഴിയും. അവന്‍ അവനോട് തന്നെ പറഞ്ഞു അവന് വെള്ളത്തിനോട് ഭയമില്ലെന്ന്!

വരുണിന്‍റെ ചിന്ത മുഴുവന്‍ എങ്ങനെയൊരു സ്ലൈഡുണ്ടാക്കാമെന്നായി. അന്ന് രാത്രി അവന്‍ തന്‍റെ കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന് 'ഡു ഇറ്റ് യുവര്‍സെല്‍ഫ്' കിറ്റിന്‍റെ പേജ് കണ്ടുപിടിച്ചു.അതിലുണ്ട് സ്ലൈഡ് ഉണ്ടാക്കുന്ന വിധം. അത് നോക്കി പഠിച്ചിട്ടെ അവന്‍ ഉറങ്ങാന്‍ കിടന്നുള്ളു.

 

രണ്ട്

അവന്‍ സ്ലൈഡിനുള്ള ഒരു 'ഡിഐവൈ' കിറ്റ് ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു. വേറെയാരും വീട്ടിലില്ലാത്ത നേരത്ത് ആമസോണില്‍ നിന്നും പാക്കേജ് എത്തി. ആരും കാണാതെ അവന്‍ തന്‍റെ മുറിയിലിരുന്ന് സ്ലൈഡ് ഉണ്ടാക്കാനാരംഭിച്ചു.

ജനലിന്‍റെ കമ്പികള്‍ അവന്‍ ഇളക്കി നോക്കി. മുകള്‍ഭാഗത്ത് വിലങ്ങനെയുള്ള രണ്ട് കമ്പികള്‍ എളുപ്പത്തിലൂരി മാറ്റാന്‍ സാധിക്കും. താഴെയുള്ള കമ്പിയില്‍ സ്ലൈഡിന്‍റെ ഹുക്കുകള്‍ കൊളുത്തിയിട്ടാല്‍ മതി. കുളത്തിലേയ്ക്കുള്ള യാത്രയ്ക്ക് അവന്‍ തയ്യാറായി കഴിഞ്ഞു.

 

മൂന്ന്

പിറ്റേന്ന് അനുജത്തിയുടെ കൂടെയുള്ള തല്ലുപിടിത്തവും മറ്റുമായി സമയം കടന്നുപോയി. അച്ഛനുള്ളപ്പോള്‍ അമ്മയും കുട്ടികളും മര്യാദക്കാരായിരിക്കും. അല്ലാത്ത സമയം ബഹളം കൂട്ടാന്‍ വിമലയുമുണ്ടാകും.

അന്ന് വൈകുന്നേരം ശൈലു വരുണിനോട് ചോദിച്ചു. ''ചേട്ടനെന്താ വെള്ളത്തിനോടിത്ര പേടി?''

''ആരാ പറഞ്ഞേ എനിയ്ക്ക് വെള്ളം പേടിയാണെന്ന്? എനിയ്ക്ക് ഒരു ഭയവുമില്ല. ഒരു ദിവസം ഞാന്‍ നിന്‍റെ മുന്നില്‍ വച്ച് തന്നെ ആ കുളത്തിലേയ്ക്ക് ചാടുന്നുണ്ട്.'' അനുജത്തിയുടെ മുന്നില്‍ താഴ്ന്ന് കൊടുക്കാന്‍ അവന്‍ തയ്യാറല്ലായിരുന്നു.

അവള്‍ അവനെ വെറുതെ വിടാനുള്ള ഭാവമില്ലായിരുന്നു. ''ചേട്ടന് നീന്താന്‍ അറിയില്ലല്ലോ. എന്നിട്ടാണ് കുളത്തില്‍ ചാടുന്നത്! എപ്പോള്‍ കുളത്തിന്‍റെ അടി കണ്ടൂന്ന് ചോദിച്ചാല്‍ മതി.'' അവള്‍ പൊട്ടിച്ചിരിച്ചു.

''വരുണന്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ?'' വിമല അവരുടെ വഴക്കിലിടപ്പെട്ടു.

രണ്ടാളും ഇല്ലെന്ന് തലകുലുക്കി. ആദ്യമായാണ് അത് കേള്‍ക്കുന്നത്. എന്തായാലും പുതിയൊരു കഥ കേള്‍ക്കാന്‍ അവര്‍ തയ്യാറെടുത്തു. വിമല പറഞ്ഞ് തുടങ്ങി.

''ഹിന്ദുപുരാണങ്ങളില്‍ പറയുന്നത് വരുണന്‍ സമുദ്രങ്ങളുടെ അധിപനാണെന്നാണ്. ജലവുമായി ബന്ധപ്പെട്ടതെല്ലാം അദ്ദേഹത്തിന്‍റെ വരുതിയിലാണ്. മുതലയെ പോലെ തോന്നിപ്പിക്കുന്ന ''മകരം'' എന്നൊരു വിചിത്ര ജന്തുവിന്‍റെ പുറത്താണ് സ്ഥിരം സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്‍റെ കൈയില്‍ എപ്പോഴും ഒരു കയറുണ്ടാകും. അതെന്തിനാണെന്ന് അറിയാമോ?'' വിമല കഥ നിര്‍ത്തി കുട്ടികളുടെ മുഖത്തേയ്ക്ക് നോക്കി.

അവര്‍ അമ്മ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയാണ്. കുട്ടികളുടെ സംശയങ്ങള്‍ കഥകളിലൂടെ അവരെ പറഞ്ഞ് മനസ്സിലാക്കിക്കാനായിരുന്നു വിമലയ്ക്ക് താല്പര്യം.

''തെറ്റ് ചെയ്യുന്നവരെ പിടിക്കുന്ന ജോലി വരുണന്‍റെയാണ്. അവരെ കയറുകൊണ്ട് ചുറ്റിവരിഞ്ഞ് യമധര്‍മ്മന്‍റെ മുന്നിലെത്തിക്കും. യമനാണ് പിന്നെ നീതി നടപ്പാക്കുന്നത്.'' വിമല വരുണിന്‍റെ മുഖത്തേയ്ക്ക് നോക്കി. ''വരുണ്‍, അതാണ് നിന്‍റെ പേരിന്‍റെ ശക്തി. ജല രാജാവായ വരുണിന് ജലഭയമോ? ഒരിക്കലും പാടില്ല.''

വിമലയുടെ കഥ വരുണിനെ ഉഷാറാക്കി. ഇനിയൊരിക്കലും അവന് അപ്പുറത്തെ കുളം കണ്ടാല്‍ പേടിയാകില്ല. ജലഭയം മനസ്സില്‍ നിന്നകറ്റി പുതിയൊരു ആത്മവിശ്വാസത്തോടെയാണ് വരുണ്‍ അന്ന് ഉറങ്ങാന്‍ കിടന്നത്.

 

നാല്

കൊതുക് ശല്യമുള്ളത് കൊണ്ട് എല്ലാ ജനലുകളും വാതിലുകളും വിമല സന്ധ്യക്ക് മുമ്പേ കൊട്ടിയടയ്ക്കും. വരുണ്‍ അവന്‍റെ മുറിയിലെ ജനാല തുറന്നു.

അവന്‍ മുകളിലെ അഴികള്‍ ഊരിമാറ്റി. കിറ്റില്‍ നിന്നും സ്ലൈഡിന്‍റെ ഭാഗങ്ങള്‍ എടുത്ത് അവ തമ്മില്‍ ഘടിപ്പിച്ചു. ഓരോ മീറ്ററിന്‍റെ എട്ട് ഭാഗങ്ങള്‍. ആ ജനാലയില്‍ നിന്നും കുളത്തിന്‍റെ ജലനിരപ്പ് വരെയെത്താന്‍ എട്ട് മീറ്റര്‍ ധാരാളമായിരിക്കും.

അവന്‍ സ്ലൈഡ് പൊക്കി ജനാലയില്‍ കൂടി താഴേയ്ക്കിറക്കി. അതിന്‍റെ ഹുക്കുകള്‍ ജനാലയുടെ മുകളിലെ അഴിയില്‍ ഭദ്രമായി കൊളുത്തി. ഇപ്പോള്‍ സ്ലൈഡ് ഉപയോഗത്തിന് തെയ്യാറാണ്.

വരുണ്‍ അവന്‍റെ നൈറ്റ്ഡ്രസ്സ് മാറ്റി. അണ്ടര്‍വെയര്‍ മാത്രമായി വേഷം. അലമാരയില്‍ പിടിപ്പിച്ചിരുന്ന മുഴുനീളക്കണ്ണാടിയില്‍ അവന്‍ തന്നെത്തന്നെ നോക്കി. ഇപ്പോള്‍ തന്നെ കണ്ടാല്‍ ഡ്രസ്സിന് മുകളില്‍ അണ്ടര്‍വെയര്‍ ധരിച്ച സൂപ്പര്‍മാന്‍റെയും സ്‌പൈഡര്‍മാന്‍റെയുമൊക്കെ പോലുണ്ടെന്ന് അവന് തോന്നി. അതോടെ അവന്‍റെ ധൈര്യവും ഇരട്ടിച്ചു.

വരുണ്‍ ഒരു കസേരയില്‍ കയറി. അവിടെ നിന്നും സ്ലൈഡിന്‍റെ മുകളിലേയ്ക്ക് കാലെടുത്തുവയ്ക്കാന്‍ എളുപ്പമായി. അവന്‍ സ്ലൈഡില്‍ കാലുകള്‍ നീട്ടിയിരുന്നു. രണ്ട് ഭാഗത്തുമുള്ള റെയിലില്‍ കൈകള്‍ ഉറപ്പിച്ച് പിടിച്ചു. വഴുതിയിറങ്ങുമ്പോള്‍ സ്പീഡ് കുറച്ച് ശബ്ദം കേള്‍പ്പിക്കാതെ വേണം വെള്ളത്തില്‍ വീഴാന്‍. ഉറങ്ങുന്നവരെയുണര്‍ത്തരുതല്ലോ!

വൂഷ്... അവന്‍ തന്‍റെ 'ഡു ഇറ്റ് യുവര്‍സെല്‍ഫ്' സ്ലൈഡില്‍ വഴുതിയിറങ്ങി.

 

അഞ്ച്

പിറ്റേന്ന് ശനിയാഴ്ച. അതുകൊണ്ട് സോമന്‍ വീട്ടിലുണ്ട്. വാരാന്ത്യത്തിലെ രണ്ട് ഒഴിവ് ദിനങ്ങള്‍ ഭാര്യയും മക്കളുമായി കഴിയാനായിരുന്നു അയാള്‍ക്ക് താല്പര്യം.

എല്ലാവരും ഒന്നിച്ച് ടിവിയുടെ മുന്നിലാണ് ഇരിപ്പ്. കുട്ടികളുടെ സീരിയലായത് കൊണ്ട് വരുണും ശൈലുവും അതില്‍ നോക്കിയിരിക്കുന്നു. സോമന്‍ അന്നത്തെ പത്രത്തിലും വിമല തന്‍റെ മൊബൈലിലും.

''അച്ഛാ, സ്ലൈഡിന്‍റെ കാര്യമെന്തായി?'' ശൈലുവിന്‍റെ പെട്ടെന്നുള്ള ചോദ്യം സോമനെ അമ്പരപ്പിച്ചു. അയാള്‍ ദേഷ്യത്തില്‍ അവളെ നോക്കി. ടിവിയില്‍ വണ്ടര്‍ലായുടെ പരസ്യം കണ്ടപ്പോളാണ് അവള്‍ സ്ലൈഡിന്‍റെ കാര്യം ഓര്‍ത്തത്.

''ഓ, അതോ? ഞാന്‍ മുനിസിപ്പാലിറ്റിയില്‍ തെരക്കിയിരുന്നു. വീടുകളില്‍ നിന്നും പൊതുമുതലുമായി ബന്ധപ്പെടുത്തിയൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ട് നിനക്ക് തല്ക്കാലം സ്ലൈഡില്‍ കളിക്കാന്‍ പറ്റില്ല.'' സോമന്‍ ഉറപ്പിച്ച് പറഞ്ഞു.

അത് കേട്ടതും ശൈലുവിന്‍റെ മുഖം വാടി. ''അപ്പോള്‍പിന്നെ ഞങ്ങളെങ്ങനെയാണ് വെള്ളത്തില്‍ കളിക്കുന്നത്? എനിയ്ക്ക് ആ കുളത്തിലേയ്ക്ക് സ്ലൈഡ് ചെയ്തിറങ്ങണം.'

'അതിന് നിനക്ക് നീന്താനറിയില്ലല്ലോ. വരുണിനാണെങ്കില്‍ വെള്ളം കണ്ടാല്‍ തന്നെ പേടിയാണ്. പിന്നെന്തിനാണാവോ കുളത്തിലേയ്ക്കിറങ്ങാന്‍ സ്ലൈഡ്?'' സോമന്‍ കുട്ടികളെ കളിയാക്കി.

സോമന്‍റെ സംസാരം വിമലയ്ക്ക് പിടിച്ചില്ല. ''കുട്ടികളെ വെള്ളത്തില്‍ കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെ അവരെങ്ങനെയാണ് നീന്താന്‍ പഠിക്കുന്നത്?''

വിമല പറഞ്ഞത് ശരിയാണെന്ന അര്‍ത്ഥത്തില്‍ സോമന്‍ തലകുലുക്കി. ''ഞാന്‍ സമ്മതിച്ചു. നീ പറഞ്ഞതാണ് ശരി. നാളെ രാവിലെ കുളത്തില്‍ കളിക്കാന്‍ രണ്ടാളും തയ്യാറായിക്കൊള്ളു. ഞാന്‍ പുതിയതരം സ്ലൈഡ് ശരിയാക്കുന്നുണ്ട്.''

''പക്ഷേ, എനിയ്ക്ക് കുളത്തില്‍ മുങ്ങിപ്പോകാനിഷ്ടമില്ല. അത് അച്ഛന്‍ നോക്കിക്കൊള്ളണം.'' വെള്ളത്തില്‍ കളിക്കാനിഷ്ടമാണെങ്കിലും മുങ്ങിയാലോ എന്നായിരുന്നു ശൈലുവിന്‍റെ പേടി.

''ഒന്നാന്തരം നീന്തല്‍ വിദഗ്ദ്ധന്‍ സോമന്‍ കൂടെയുള്ളപ്പോള്‍ നിങ്ങളെന്തിന് പേടിക്കണം!'' സോമന്‍ നെഞ്ച് വിരിച്ച് രണ്ട് കൈയും ടാര്‍സന്‍റെ പോലെ നെഞ്ചത്തടിച്ച് പറഞ്ഞു.

വരുണ്‍ ശാന്തനായി ഇതെല്ലാം കേട്ടുകൊണ്ടിരുന്നു. നാളെ രാവിലെ അവര്‍ക്ക് കാണിച്ച് കൊടുക്കണം തനിയ്ക്ക് വെള്ളത്തിനെ പേടിയില്ലെന്ന്. അവര്‍ അത്ഭുതപ്പെടുന്നത് കാണണം.

 

ആറ്

വരുണ്‍ ശബ്ദമുണ്ടാക്കാതെ കുളത്തിലേയ്ക്ക് വഴുതിയിറങ്ങി. വെള്ളം തെറിപ്പിക്കാതെയാണ് അവന്‍റെ കാലുകള്‍ ജലനിരപ്പില്‍ ചെന്ന് തൊട്ടത്. ചുറ്റിനും ഇരുട്ടും നിശ്ശബ്ദതയും മാത്രം. അവന്‍ വെള്ളത്തിനുള്ളിലേയ്ക്ക് ഊളിയിട്ടിറങ്ങി. ജലനിരപ്പില്‍ തൊടുമ്പോള്‍ അവന്‍ കണ്ണുകളടച്ചാണ് വച്ചിരുന്നത്. കുളത്തിനടിയിലെത്തിയപ്പോള്‍ അവന്‍ കണ്ണുകള്‍ തുറന്നു. വെള്ളത്തിനുള്ളിലെ ഇരുട്ടുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുത്തു.

ഇപ്പോളവന് എല്ലാം കാണാമെന്നായി. ദൂരെ കാണുന്ന പ്രകാശം നോക്കി അവന്‍ നീന്തി. വെറുതെ കൈകാലിട്ടടിച്ച് ബഹളം കൂട്ടാതെ വെള്ളത്തില്‍ ജലമനുഷ്യനെപോലെ മുങ്ങാംകുഴിയിട്ട് നീങ്ങുകയായിരുന്നു വരുണ്‍.

തലയില്‍ കിരീടം വച്ചൊരാള്‍ ഒരു വിചിത്രജീവിയുടെ മുകളില്‍ ഇരിക്കുന്നത് അവന്‍ കണ്ടു. അമ്മ പറഞ്ഞ കഥ അവനോര്‍മ്മ വന്നു. ഇതാണ് വരുണന്‍. ലോകത്തെ സകല ജലസഞ്ചയങ്ങളുടേയും ദൈവം. ഇരിക്കുന്നതോ അദ്ദേഹത്തിന്‍റെ വാഹനമായ മകരത്തിന്‍റെ പുറത്തും. തന്‍റെ പേരിനാസ്പദമായ വരുണ ദേവനെ കാണാന്‍ സാധിച്ചത് ഭാഗ്യം തന്നെ. ദൈവമാണെങ്കിലും വെള്ളത്തില്‍ സഞ്ചരിക്കാന്‍ ഒരു മൃഗത്തിന്‍റെ സഹായം വേണം. താനാണെങ്കില്‍ വേറെയാരുടേയും സഹായമില്ലാതെ വെള്ളത്തില്‍ ഊളിയിടുകയാണ്. താന്‍ തന്നെ മിടുക്കന്‍. അപ്പോള്‍ അവന് തോന്നി തന്‍റെ പേരില്‍ നിന്നായിരിക്കണം ഈ ദേവന് വരുണന്‍ എന്ന പേര് കിട്ടിയതെന്ന്.

പലതരം മത്സ്യങ്ങള്‍ അവന് ചുറ്റും അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. പല നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ളവ. വിചിത്രമായ നിറങ്ങളോടു കൂടിയ മീനുകളെ കാണാന്‍ നല്ല രസം. '3' എന്നെഴുതിയ പോലെ ഒരു ജീവി ഊര്‍ന്നിറങ്ങുന്നു. പുസ്തകത്തില്‍ വായിച്ചത് അവനോര്‍മ്മ വന്നു. കടല്‍ക്കുതിരയാണത്. ഈ വിചിത്രജീവിയ്ക്കാരാണാവോ കുതിര എന്ന് പേരിട്ടത്? കുതിരയുമായി യാതൊരു സാമ്യവും കാണുന്നില്ല. നീളമുള്ള മൂക്കും ചുരുട്ടിയൊതുക്കിയ വാലും. സഞ്ചാരം കുത്തനേയും. വരുണന്‍റെ മകരത്തിന്‍റെ ഒരു ചെറിയ പതിപ്പ് പോലുണ്ട്.

ഒന്നിനെ പിടിച്ച് ശൈലുവിന് കൊടുക്കണം. രണ്ട് ദിവസം മുമ്പാണ് അവര്‍ തമ്മില്‍ കടല്‍ക്കുതിരയുടെ പേരില്‍ വഴക്കിട്ടത്. കുതിര വെള്ളത്തില്‍ ജീവിയ്ക്കില്ലെന്ന് അവള്‍ തീര്‍ത്തും പറഞ്ഞു. ഇതിനെ കണ്ടാല്‍ അവളുടെ ഡംഭിനൊരവസാനമാകും.

വരുണ്‍ കടല്‍ക്കുതിരയെ പിടിക്കാന്‍ കൈ നീട്ടി. ആ സമയത്താണ് വരുണന്‍ അവന്‍റെ നേരെ നോക്കിയതും കൈയിലുള്ള കയര്‍ എറിഞ്ഞതും. അതോടെ വരുണ്‍ ശ്വാസം കിട്ടാന്‍ വിഷമിച്ച് അലറിവിളിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവന്‍റെ വായില്‍ നിന്നും ഒരു ശബ്ദവും വെളിയില്‍ വന്നില്ല. വെള്ളത്തില്‍ നിന്നും പൊങ്ങിവരാനായി അവന്‍ കൈകാലിട്ടടിച്ചു.

 

ഏഴ്

ഞായറാഴ്ച രാവിലെ കുട്ടികള്‍ നേരത്തെയുണര്‍ന്നു. അച്ഛന്‍ തങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രണ്ടാളും.

സോമന്‍ വിമലയേയും കുട്ടികളേയും കൂട്ടി വീടിന്‍റെ പുറക് വശത്തെത്തി. കുളത്തിന്‍റെ ചെറുമതില്‍ കവച്ച് വച്ച് അപ്പുറത്തേയ്ക്ക് കടന്നു. വിമലയും വരുണും സോമന്‍റെ പുറകെ കുളത്തിട്ടയിലെത്തി. ശൈലുവിനെ സോമന്‍ എടുക്കേണ്ടി വന്നു.

സോമന്‍ കുളത്തിന്‍റെ തിട്ടയില്‍ കാലുകള്‍ നീട്ടിയിരുന്നു. എന്നിട്ട് കൈകള്‍ പുറകോട്ടാഞ്ഞ് മുന്നോട്ട് തെന്നിയിറങ്ങി. വൂഷ്... അയാള്‍ കുളത്തിലെ ജലനിരപ്പില്‍ ചെന്നുമുട്ടി, വെള്ളം നാലുപാടും തെറിപ്പിച്ചു. വെള്ളത്തില്‍ കിടന്ന് അയാള്‍ ബാക്കിയുള്ളവരെ കൂടെ ചെല്ലാന്‍ പ്രോത്സാഹിപ്പിച്ചു.

ശൈലു അച്ഛന്‍റെ നേരെ സ്ലൈഡ് ചെയ്തിറങ്ങി. അച്ഛനുള്ളപ്പോള്‍ അവളെന്തിന് പേടിക്കണം! സോമന്‍ ശൈലുവിനെ കൈകളില്‍ താങ്ങി വെള്ളത്തില്‍ നീന്താന്‍ സഹായിച്ചു. വിമല അവരെയെല്ലാം നോക്കി തിട്ടയുടെ മുകളില്‍ തന്നെ നിന്നതേയുള്ളു.

സോമന്‍ ശൈലുവിനെ കരയ്ക്കിരുത്തിയിട്ട് വരുണിനോട് പേടിയ്ക്കാതെ ഇറങ്ങി വരാന്‍ പറഞ്ഞു.

വരുണിന് ഭയമില്ലായിരുന്നു. അവന്‍ വരുണ ഭഗവാന്‍റെ അപരനാണ്. അവന്‍ സോമന്‍ നില്‍ക്കുന്നതില്‍ നിന്നും കുറച്ച് മാറിയിട്ട് വെള്ളത്തിലേയ്ക്ക് കുതിച്ചു. ജലനിരപ്പില്‍ സ്പര്‍ശിച്ചതും അവന്‍ ആ വെള്ളത്തില്‍ താഴ്ന്നു.

അതുകണ്ട് സോമന്‍ അമ്പരന്നു. നീന്തല്‍ അറിയാതെ അവന്‍ മുങ്ങി വെള്ളം കുടിക്കുകയേയുള്ളു. അയാള്‍ വരുണ്‍ മുങ്ങിയ ഇടത്തിന് നേരെ നീന്തിയടുത്തു.

വരുണ്‍ കുറേ ആഴത്തില്‍ മുങ്ങിയിരുന്നു. കുറേശ്ശേ വെള്ളം മൂക്കിനുള്ളിലും വായ്ക്കുള്ളിലും കയറി. പരിഭ്രമത്തില്‍ കൈകാലിട്ടടിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ മുകളിലേയ്ക്ക് പൊങ്ങിവന്നു.

വരുണിന്‍റെ തല ജലനിരപ്പിന് മുകളില്‍ കണ്ടപ്പോള്‍ സോമന് സമാധാനമായി. അയാള്‍ അവനെ കൈകളിലെടുത്തു. അച്ഛന്‍റെ രക്ഷാവലയത്തിലായപ്പോള്‍ വരുണ്‍ ചുമച്ച് വെള്ളം തുപ്പിക്കളഞ്ഞു.

വരുണ്‍ സ്വയം കൈയും കാലും ചലിപ്പിക്കാനാരംഭിച്ചപ്പോള്‍ സോമന്‍ അവനെ തന്നെ നീന്താന്‍ വിട്ടു. വരുണ്‍ സാവധാനം കരയിലേയ്ക്ക് നീന്തിയടുത്തു.

അടുത്തുള്ള അമ്പലത്തിലെ ചെണ്ടമേളം പോലെ മിടിക്കുകയായിരുന്നു വിമലയുടെ ഹൃദയം. വരുണ്‍ നീന്തിയടുക്കുന്നത് കണ്ടപ്പോള്‍ വെമ്പുന്ന മനസ്സ് തണുത്തു.

വിമല വടക്കേ ചക്രവാളത്തിലേയ്ക്ക് നോക്കി കൈകള്‍ കൂപ്പി. അവിടെ ദൂരെയെവിടെയോയുള്ളൊരു അമ്പലത്തിലെ വളരെ അപൂര്‍വ്വമായ വരുണ ദേവന്‍റെ പ്രതിഷ്ഠയോടവള്‍ നന്ദി പറഞ്ഞു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios