Asianet News MalayalamAsianet News Malayalam

Malayalam Short Story : മരംവെട്ട് രാജപ്പന്‍, സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സന്തോഷ് ഗംഗാധരന്‍ എഴുതിയ കഥ

chilla malayalam short story by Santhosh Gangadharan
Author
Thiruvananthapuram, First Published Dec 24, 2021, 3:14 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Santhosh Gangadharan

 

കുറച്ചുനേരമായി അയാള്‍ മരത്തിന്റെ തടിയോട് ചേര്‍ന്ന് നിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു. ഞാനിരിക്കുന്നേടത്തിന്ന് അയാള്‍ പറയുന്നത് കേള്‍ക്കാന്‍ പ്രയാസമായിരുന്നു. അയാളുടെ സഹായി കുറച്ച് മാറി അയാളേയും നോക്കിക്കൊണ്ട് നില്‍ക്കുകയാണ്.

ഒടുവില്‍ അയാള്‍ സംസാരം നിര്‍ത്തി ഏറ്റവും താഴെയുള്ള കൊമ്പില്‍ ചാടി പിടിച്ച് അനായാസം മുകളിലേയ്ക്ക് കയറി. നിമിഷനേരം കൊണ്ട് അയാള്‍ അമ്പതടിയോളം പൊക്കമുള്ള മരത്തിന്റെ മുക്കാല്‍ ഭാഗത്തിന് മേലെയെത്തി. പിന്നെ ഓരോരോ കൊമ്പുകളായി കൈയിലിരുന്ന വാക്കത്തി വച്ച് മുറിച്ചിടുവാന്‍ തുടങ്ങി. മുറിക്കുന്ന ഓരോ കൊമ്പിലും കയര്‍ കെട്ടുമായിരുന്നു. താഴെ നില്‍ക്കുന്ന സഹായി കയര്‍ വലിച്ച് മുറിഞ്ഞ് വീഴുന്ന കൊമ്പുകള്‍ അങ്ങുമിങ്ങും ചിതറി വീഴാതെ മുന്‍നിശ്ചയമനുസരിച്ചുള്ള ഭാഗത്തേയ്ക്ക് വീഴ്ത്തുകയാണ്.

വണ്ണം കൂടിയ കൊമ്പുകള്‍ വാക്കത്തിയില്‍ ഒതുങ്ങില്ല. അപ്പോള്‍ താഴെ നിന്നും മരം മുറിക്കുന്ന മെഷീന്‍ കയറില്‍ കെട്ടി മുകളിലേയ്ക്ക് വലിച്ചെടുത്ത് അതുപയോഗിച്ച് ആ കൊമ്പുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ മുറിച്ചിടും.

എന്റെ വീട്ടിലെ ഒരു വലിയ മരത്തിന്റെ കൊമ്പുകള്‍ മുറിച്ചിറക്കാന്‍ പറ്റിയ ഒരാളെ തപ്പാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായിരുന്നു. പലരും വന്ന് നോക്കി. മരത്തിന്റെ പൊക്കം കാണുമ്പോള്‍ പിന്നെ വരാമെന്നും പറഞ്ഞ് ഒരു പോക്കാണ്. പരിചയക്കുറവും ഭയവുമാണ് അവരെ പിന്തിരിപ്പിക്കുന്നതെന്ന് തോന്നുന്നു. കുറേ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് മരക്കൊമ്പുകള്‍ വെട്ടാന്‍ രാജപ്പനെ കിട്ടിയത്. മുനിസിപാലിറ്റിയുടെ സ്ഥിരം മരം വെട്ടുകാരനാണ്. ഏത് കറന്റ്കമ്പിയുടെ മുകളിലുള്ള കൊമ്പുകളും കമ്പികള്‍ക്ക് കുഴപ്പം തട്ടാതെ വെട്ടി വീഴ്ത്താന്‍ മിടുക്കനാണ് അയാള്‍. 

ഞാന്‍ മുകളിലേയ്ക്ക് നോക്കി. രാജപ്പന്‍ ഒരു മരത്തടിയുടെ മുകളിലൂടെ നടക്കുന്നു. ഇത്രയും ഉയരത്തില്‍ എവിടേയും പിടിക്കാതെ നടക്കുന്ന അയാളുടെ ധൈര്യം അപാരം തന്നെ.

ഇടയ്‌ക്കെപ്പോഴോ വെള്ളം കുടിക്കാനായി താഴെ വന്നപ്പോളാണ് അയാള്‍ എന്റടുക്കല്‍ വന്ന് സംസാരിക്കാന്‍ ആരംഭിച്ചത്.

''ഇരുപത്തിയെട്ട് വയസ്സില്‍ തുടങ്ങിയതാണ് സാറേ ഈ മരംവെട്ട്. ഇപ്പോള്‍ മുപ്പത്തെട്ട് കൊല്ലമായി ഇതുകൊണ്ട് ജീവിക്കുന്നു. മരങ്ങളോട് എങ്ങനെ വേണം പെരുമാറാനെന്ന് ഇപ്പോള്‍ ശരിയ്ക്കും അറിയാം. അവരോട് കുശലാന്വേഷണം നടത്തണം. വെട്ടുന്നതിന് മുന്‍പ് അവരുടെ സമ്മതം വാങ്ങണം. അല്ലെങ്കില്‍ പണി കിട്ടിയത് തന്നെ.'' 

അയാള്‍ കട്ടന്‍ ചായ ഒരു കവിള്‍ ഉള്ളിലാക്കിയിട്ട് തുടര്‍ന്നു. ''ആദ്യത്തെ മരംവെട്ട് രാജപ്പന്‍ ഒരിക്കലും മറക്കില്ല. കിഴക്കേനാലുവഴിയ്‌ക്കേയുണ്ടായിരുന്ന ഒരു ആല് വെട്ടാന്‍ ആശാന്റെ കൂടെ പോയതാണ്. വേറെ പണിയൊന്നുമില്ലാണ്ടായപ്പോള്‍ ആശാനാണ് മരംവെട്ടിന് കൂട്ടിയത്. ചെറിയ ചെറിയ മരങ്ങള്‍ വെട്ടി ശീലമാക്കിയിട്ടാണ് ആ വലിയ ആല് വെട്ടാന്‍ കൂടെ കൂട്ടിയത്. കുറേ കൊമ്പുകളൊക്കെ വെട്ടിയിറക്കിക്കഴിഞ്ഞപ്പോള്‍ ആശാനും കരാറുകാരും തമ്മിലൊടക്കി. ഇനി വെട്ടാന്‍ തന്നെ കാക്കണ്ടായെന്നും പറഞ്ഞ് ആശാന്‍ അവരോട് പിണങ്ങി സ്ഥലം വിട്ടു. മുനിസിപാലിറ്റീടെ പണിയല്ലേ. ഇട്ടേച്ച് പോയാല്‍ പിന്നെ വേറെവിടേം പണി കിട്ടാണ്ടാവും. അവരെന്നോട് കേറി വെട്ടാന്‍ പറഞ്ഞു. എന്റേനക്കേടിന് ഞാനതേറ്റു. പിന്നെയാണാ മരം എനിയ്ക്ക് ഒരു മുട്ടന്‍ പണി തന്നത്.''

അയാള്‍ സംസാരം നിര്‍ത്തി ചായ ഒറ്റ വലിയ്ക്കകത്താക്കിയിട്ട് തിരിച്ച് മരത്തിനടുക്കലേയ്ക്ക് പോയി. കിഴക്കേനാലുവഴിയിലെ ആല് അയാള്‍ക്ക് എന്ത് പണിയാണ് കൊടുത്തതെന്നറിയാനുള്ള ആകാംക്ഷ ഉള്ളിലൊതുക്കി ഞാനാ വരാന്തയിലിരുന്നു.അയാള്‍ അതിനിടയില്‍ അണ്ണാന്‍ കയറുന്നപോലെ മരത്തിന്റെ മുകളിലെത്തിക്കഴിഞ്ഞിരുന്നു.

അയാളുടെ തോളത്ത് തൂക്കിയിട്ടിരുന്ന കയറും അതിന്റെ ഒരറ്റത്ത് കെട്ടി വച്ചിരിക്കുന്ന മരപ്പലകയും എന്തിനുള്ളതാണെന്ന് എനിയ്ക്ക് മനസ്സിലായിരുന്നില്ല. ഞാന്‍ നോക്കി നില്‍ക്കുന്നതിനിടയില്‍ അയാള്‍ മരത്തടിയില്‍ ആ മരപ്പലക കെട്ടിയുറപ്പിച്ചു. എന്നിട്ട് കസേരയില്‍ ഇരിക്കുന്നപോലെ കാലുകള്‍ മരത്തിന്റെ രണ്ട് ഭാഗത്തേയ്ക്കുമായിട്ട് അതിലിരുന്നു. ആ ഇരിപ്പില്‍ അയാള്‍ എതിരെയുള്ള കൊമ്പ് വാക്കത്തിയ്ക്ക് വെട്ടാന്‍ തുടങ്ങി. 

വീണ്ടും ഇടയ്‌ക്കെപ്പോഴോ താഴെയിറങ്ങിയസമയം അയാള്‍ എന്റടുക്കല്‍ എത്തി.

''അപ്പോ ഞാനെവിടെയാ പറഞ്ഞ് നിര്‍ത്തിയെ സാറേ? ങാ... ആ നാലുവഴിയിലെ ആലിന്റടുത്ത്. പിന്നീടെപ്പോഴോ ആശാനെ കണ്ടപ്പോഴാ അറിഞ്ഞത് ആ ആല് പെശകാണെന്ന് ആശാന് അറിയാമായിരുന്നെന്ന്. അതാണയാള്‍ കൊമ്പ് വെട്ടിയ കാശുപോലും വാങ്ങാതെ വിട്ട് കളഞ്ഞത്. ഇത് വല്ലതും എനിയ്ക്കുണ്ടോ വിവരം! ഞാന്‍ കേറി വെട്ടാന്‍ തുടങ്ങിയില്ലേ.''

അയാള്‍ വര്‍ത്തമാനം നിര്‍ത്തിയപ്പോള്‍ ഞാന്‍ ആകാംക്ഷയോടെ അയാളുടെ മുഖത്ത് നോക്കിയിരുന്നു. വെട്ടുകാരന് പണി കൊടുക്കുന്ന വില്ലന്‍ ആല്. എന്തായാലും ഞാനല്ലാതെ വേറെയാരും ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, എനിയ്ക്കയാളെ അപ്പാടെ വിശ്വസിക്കാനാണ് അപ്പോള്‍ തോന്നിയത്.

''ആ ആലിന്റെ ഒരു വശത്ത് ഒരു ചിട്ടിക്കമ്പനീം മറുവശത്ത് നാല് കടമുറികളുള്ള ഒരു കെട്ടിടോം. രണ്ടിന്റേം ഇടയില്‍ കൂടി മരം വെട്ടിയിടണം. അതിനുള്ള കയറിന്റെ പണി രാജപ്പന്‍ ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. ആദ്യത്തെ വെട്ടാണെങ്കിലും രാജപ്പന് ഉന്നം തെറ്റില്ലെന്ന ഒരു മൂഢവിശ്വാസം. മരത്തിനും ജീവനുണ്ടെന്ന് അന്നാണ് സാറേ മനസ്സിലായത്. വെട്ടിയിട്ട മരം നേരേ താഴോട്ട് വരുന്നവഴിയില്‍ പതുക്കെ ഒന്ന് ചരിഞ്ഞു. ദാ കെടക്കണ് ചിട്ടിക്കമ്പനീടെ മണ്ടേല്.'' അയാള്‍ കണ്ണടച്ച് തല മുകളിലേയ്ക്ക് ഉയര്‍ത്തി വലതുകൈ നെഞ്ചത്ത് വച്ചു നിന്നു.

''എന്നിട്ട് ആളപായം വല്ലതും?'' ഞാനാരാഞ്ഞു. അയാളുടെ വാക്കുകളിലെ സംഭ്രമം എന്നിലേയ്ക്കും പകര്‍ന്നപോലെ.

''വെട്ടാന്‍ പോയത് ഞായറാഴ്ച ആയത് രാജപ്പന്റെ കാര്‍ന്നോമ്മാര് ചെയ്ത പുണ്യം. അല്ലേല് ഒരു പത്തെണ്ണമെങ്കിലും കുഴീലോട്ടെറങ്ങിയേനെ. ഇതിപ്പോ ഓടും പട്ടികേം നാലഞ്ച് മേശേം കസേരേം. അതിലൊതുങ്ങി. എന്നാലും പോയി അയ്യായിരം കയ്യീന്ന്. പക്ഷേ, അതീന്ന് രാജപ്പന്‍ പലതും പഠിച്ചു. അങ്ങനൊരു ഗൊണമുണ്ടായി.''

അതും പറഞ്ഞ് എന്റെ മറുപടിയ്ക്ക് കാക്കാതെ അയാള്‍ മരത്തിന്റെ മുകളിലേയ്ക്ക് തിരിഞ്ഞു. പിന്നീടയാളെ എന്റെ മുന്നില്‍ കിട്ടിയത് കൊമ്പിറക്കലെല്ലാം കഴിഞ്ഞ് കഞ്ഞി കുടിക്കാന്‍ താഴെ വന്നപ്പോളാണ്.

''വെട്ടാന്‍ പോണ മരത്തിനോട് സ്‌നേഹമില്ലാതെ പെരുമാറിയാല്‍ അവറ്റ അത് നമ്മെ അറിയിക്കുമെന്ന് തീര്‍ച്ചയാണ്. രാജപ്പനും കിട്ടി നാലഞ്ച് വട്ടം. അതീപ്പിന്നെ മരത്തിന്റെ മോളീക്കേറി നെഗളിപ്പ് കാട്ടീട്ടില്ല. നൊന്താലേ തിരിച്ചറിവുണ്ടാകൂന്ന് കാര്‍ന്നോമ്മാര് പറേണത് നേരാ. നോവണ മാതിരി കൊള്ളണം.'' രാജപ്പന്‍ അയാളുടെ വലത്തെ കാല്‍മുട്ടിന് മീതെ തൊട്ടുകാണിച്ചുകൊണ്ട് പറഞ്ഞു.

നല്ല നീളത്തില്‍ മുറിഞ്ഞതിന്റെ പാട് കാണാമായിരുന്നു. ആഴമുള്ള മുറിവായിരുന്നെന്ന് കണ്ടാലറിയാം. ''ഇതെങ്ങനെ പറ്റീതാ?'' ഇടയ്‌ക്കൊന്ന് വായ തുറക്കേണ്ടേ എന്ന് കരുതി ഞാന്‍ ചോദിച്ചു.

''പടിഞ്ഞാറൊരു വീട്ടിലെ മരത്തിന്റെ കൊമ്പറക്കുമ്പോള്‍ മെഷീന്‍ കയ്യീന്ന് വഴുക്കിക്കൊണ്ടതാ. സാധാരണ മെഷീന്‍ രാജപ്പന്റെ കൈയില്‍ വഴങ്ങിനിക്കണതാ. പക്ഷേ, അന്ന് വാക്കത്തിയ്ക്ക് വെട്ടീട്ട് മുറിയാഞ്ഞിട്ട് അതിന് നാലഞ്ച് തെറി പറഞ്ഞിട്ടാണ് മെഷീനെടുത്തത്. അപ്പഴത്തെ ദേഷ്യത്തിന് മെഷീന്‍ വയ്ക്കുമ്പോഴും വായില് ഭരണിപാട്ട് തന്നെയായിരുന്നു. അതിനുള്ളത് ഉടനെ കിട്ടി. ആറ് മാസം ആസ്പത്രീല് കെടക്കേണ്ടി വന്നു. പിന്നെയാണ് രാജപ്പന്‍ ഇവറ്റങ്ങളെ സ്‌നേഹിക്കാന്‍ പഠിച്ചത്.'' അയാള്‍ സംസാരം നിര്‍ത്തി കഞ്ഞിപാത്രം എടുത്ത് മോന്തി.

ചോറ് കൊടുക്കാമെന്ന് പറഞ്ഞതായിരുന്നു. പക്ഷേ, രാജപ്പനും കൂട്ടുകാരനും മരംവെട്ടിന്റെ സമയം കഞ്ഞിയെ പറ്റുള്ളു എന്ന് നിര്‍ബ്ബന്ധം. പിന്നെ അവര്‍ക്ക് വേണ്ടി പൊടിയരിക്കഞ്ഞി ഉണ്ടാക്കുകയായിരുന്നു എന്റെ ഭവതി.

കഞ്ഞികുടി കഴിഞ്ഞ് രാജപ്പന്‍ അയാളുടെ ഇടത്തെ കൈത്തണ്ട എന്റെ നേരെ കാട്ടി. ''ഇത് അതിന് മുന്നെ കിട്ടിയതാ. വാക്കത്തി സ്ലിപ്പായതാ. അത് പിന്നെ ഒരാഴ്ചകൊണ്ട് ഭേദായി. അന്നും കാര്യമറിയാണ്ടെ നെഗളിക്കായിരുന്നു. ഒടുവില്‍ ആസ്പത്രീ കിടക്കേണ്ടി വന്നപ്പളാണ് രാജപ്പന് ആശാന്‍ പറയാറുള്ളതിന്റെ ഉള്ള് മനസ്സിലായത്. അതീപ്പിന്നെ ഇത് വരെ രാജപ്പന് കൈ പിഴച്ചിട്ടേയില്ല.''

''എങ്ങനെയാണ് രാജപ്പന്‍ മരങ്ങളെ സ്‌നേഹിക്കുന്നെന്ന് അവയ്ക്ക് മനസ്സിലാകുന്നത്? പിന്നേം മരത്തില്‍ കയറി അതിന്റെ കൈയും കാലും വെട്ടി മാറ്റുകയല്ലെ ചെയ്യുന്നത്?'' അതുവരെ എന്റെ മനസ്സില്‍ തിങ്ങി നിറഞ്ഞിരുന്ന സംശയമായിരുന്നത്.

''അതേ, സാറെ, അവറ്റയോട് മിണ്ടീം പറഞ്ഞുമൊക്കെ വേണം വെട്ടിമാറ്റാന്‍. അതുമ്മ കയറനേണ് മുന്നെ കുറേ വിശേഷങ്ങള് ചോദിക്കേം പറയേം വേണം. പിന്നെ എന്തിനാണ് ഏതൊക്കെയാണ് മുറിക്കാന്‍ പോണതെന്ന് പറഞ്ഞ് മനസ്സിലാക്കിക്കണം. അപ്പപ്പിന്നെ അവറ്റയ്ക്ക് നമ്മോട് ഒരു വിരോധോം ഉണ്ടാവില്ല. നല്ല കുട്ടിയായിട്ട് നിന്നുതരും.''

''എന്നാലുമതിന് വേദനയെടുക്കില്ലേ രാജപ്പാ?''

''നമ്മുടെ കൊച്ചുങ്ങടെ മുടി വളര്‍ന്നാല്‍ അത് വെട്ടിക്കളയില്ലേ? കൈയിന്റേം കാലിന്റേം നഖം മുറിക്കാറില്ലേ? അത് പോലെ തന്നെയാണെ ഈ കൊമ്പിറക്കലും. കൊമ്പിറക്കിയാലേ തടിയ്ക്ക് പുഷ്ടിയുണ്ടാകുള്ളു.''

അത് ശരിയാണെന്ന് എനിയ്ക്കും തോന്നി. ഇയാള്‍ക്ക് മരങ്ങളുടെ മനഃശാസ്ത്രവുമറിയാം. വളരെ മെലിഞ്ഞ് ഏതാണ്ട് അഞ്ചടി അഞ്ചിഞ്ച് പൊക്കത്തില്‍ ഇരുനിറമായിട്ടുള്ള ദേഹപ്രകൃതം. കൊഴുപ്പ് അശേഷമില്ലാത്ത ശരീരം. മുഖത്ത് ഭയമെന്നൊരു വികാരം ഒരിയ്ക്കലും വരില്ലെന്ന് തോന്നും അയാളുടെ മനഃസ്ഥൈര്യം കാണുമ്പോള്‍. മുട്ടിന് മുകളില്‍ നില്‍ക്കുന്ന ഒരു കാവി തോര്‍ത്താണ് അരയില്‍ ചുറ്റിയിരിക്കുന്നത്.

അയാളുടെ കഴുത്തില്‍ കിടക്കുന്ന വളരെ നേര്‍ത്ത സ്വര്‍ണമാലയില്‍ കൊളുത്തിയിട്ടിരുന്ന ലോക്കറ്റ് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. പെട്ടെന്ന് കണ്ടാല്‍ പുലിനഖം പോലെ തോന്നുമെങ്കിലും അടുത്ത് നോക്കിയപ്പോള്‍ അതല്ലെന്ന് മനസ്സിലായി. വളരെ ചെറിയ ഒരു മരത്തടിയുടെ താഴെ രണ്ട് വശത്തേയ്ക്കും നീണ്ട് നില്‍ക്കുന്ന വേരുകള്‍. മുകളില്‍ മൂന്നുനാല് കൊമ്പുകളും കാണാമായിരുന്നു.അതും സ്വര്‍ണത്തില്‍ ഉണ്ടാക്കിച്ചത് തന്നെ. വേറെവിടേയും കാണാന്‍ വഴിയില്ലാത്ത ഒരു പ്രത്യേക ലോക്കറ്റ് തന്നെ.

ഞാന്‍ ലോക്കറ്റ് നോക്കുന്നത് കണ്ടപ്പോള്‍ രാജപ്പന്‍ പറഞ്ഞു, ''രാജപ്പനെ പോറ്റണത് ഈ മരങ്ങളാണ്. ചാവോളം അത് കൂടെയുണ്ടാകണമെന്നാണ് രാജപ്പന്റെ പൂതി. അതിനാണ് മരം തന്നെ ലോക്കറ്റിലാക്കിയത്. മരത്തേല് കേറുമ്പം ലോക്കറ്റ് പുറകോട്ടാക്കും. തടിയില്‍ തേഞ്ഞ് കൊളുത്തി കൈമോശം വന്നാലോ.'' അയാള്‍ വെളുത്ത പല്ലുകള്‍ കാട്ടി നല്ലൊരു ചിരി പാസ്സാക്കി. 

രാജപ്പനും കൂട്ടരും പോകാന്‍ തെയ്യാറായപ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞുറപ്പിച്ച സംഖ്യ അയാളെ ഏല്പിച്ചു. മരത്തിന്റെ തുഞ്ചാണിയില്‍ കയറിയുള്ള അയാളുടെ അന്നത്തെ പ്രകടനം കണ്ടപ്പോള്‍ കൊടുത്ത പതിനായിരം കുറഞ്ഞുപോയോ എന്നെനിയ്ക്ക് തോന്നിയിരുന്നു.

ഇനിയും ചില മരങ്ങള്‍ വെട്ടിമാറ്റാനുണ്ടെന്ന് ഞാന്‍ രാജപ്പനോട് പറഞ്ഞു. കൊമ്പിറക്കാനും ആയുസ്സെത്തിയ മരം മുറിക്കാനുമാണെങ്കില്‍ അയാള്‍ എപ്പോഴും തയ്യാറാണെന്ന് അറിയിച്ചു. പക്ഷേ, നല്ല മരങ്ങള്‍ മുറിക്കാന്‍ അയാള്‍ക്കിഷ്ടമില്ല. അതിനായി എത്ര കാശ് കൊടുക്കാമെന്ന് പറഞ്ഞാലും വരുകയുമില്ലെന്ന് അയാള്‍ കട്ടായം പറഞ്ഞു.

''നല്ല തേജസ്സോടെ നിക്കണ മരം മുറിക്കണത് ഒരാളെ കൊല്ലുന്നത് പോലെയല്ലേ, സാറേ? അത് ചെയ്യാന്‍ പാടുണ്ടോ? ശരീരം മുഴുവന്‍ പൊത്ത് വീണതാണെങ്കില്‍ പിന്നെ ആ പാവത്തിനെ അവിടെ നിര്‍ത്തി വിഷമിപ്പിക്കുന്നതിന് പകരം വെട്ടിക്കളയുന്നതാവും ഭംഗി. അതാണ് രാജപ്പന്റെ രീതി.''

ഇനിയും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുതെന്ന് പറഞ്ഞിട്ടാണ് രാജപ്പന്‍ സ്ഥലം വിട്ടത്.

പിന്നീട് ഏതാണ്ട് ആറ് മാസം കഴിഞ്ഞപ്പോളാണ് രാജപ്പനെ ഞാന്‍ വീണ്ടും വിളിച്ചത്. പറമ്പിലുള്ള ഒരു മാവിന്റെ കൊമ്പുകള്‍ വെട്ടിയിറക്കാനായിരുന്നു. അയാള്‍ പറഞ്ഞ സമയത്തിന് തന്നെ എത്തി. കൂടെ സഹായിയും. എന്തോ അയാള്‍ക്ക് പണ്ടത്തെ ഉഷാറില്ലാത്ത പോലെ തോന്നി. എങ്കില്‍പോലും ഒരു അസാദ്ധ്യപ്രകടനമായിരുന്നു ഇത്തവണയും രാജപ്പന്‍ കാഴ്ച വച്ചത്.

മാവിന്റെ തടി കുറേ ഉയരത്തില്‍ ശിഖരങ്ങളില്ലാതെയാണ് വളര്‍ന്നിരുന്നത്. അതുകൊണ്ട് നേരിട്ട് അതിന് മീതെ കയറാന്‍ കഴിയില്ലായിരുന്നു. രാജപ്പന്‍ മാവിന്റെയപ്പുറം നിന്നിരുന്ന ഒരു തെങ്ങില്‍ കയറി. അതിന്റ പാതി പൊക്കത്തില്‍ നിന്നും ഒരു കയര്‍ മാവിന്റെ ഒരു കൊമ്പിലേയ്ക്കറിഞ്ഞെടുത്തു. കയറിന്റെ ആ അറ്റവും ചേര്‍ത്ത് തെങ്ങില്‍ കെട്ടിയുറപ്പിച്ചു. എന്നിട്ട് കയറില്‍ തൂങ്ങിയാടി തെങ്ങില്‍ നിന്നും മാവില്‍ കയറിപ്പറ്റി. 

കൊമ്പുകളെല്ലാം വെട്ടിയിറക്കി താഴയെത്തിയ അയാളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

അയാളും കൂട്ടുകാരനും കട്ടന്‍ ചായയും ദോശയും കഴിക്കുന്നതിനിടയില്‍ ഞാന്‍ അയാളോട് ചോദിച്ചു, ''എന്താ, രാജപ്പാ ഇത്തവണ മനസ്സിലെന്തോ പ്രശ്‌നമുള്ളപോലെ തോന്നുന്നുണ്ടല്ലോ. എന്ത് പറ്റി?''

''ഒന്നും പറയണ്ട സാറേ. രാജപ്പന്‍ ഇതീക്കീഴില് ചെയ്യാത്തൊരു പണി ചെയ്യേണ്ടി വന്നു. മുനിസിപാലിറ്റീലെ സാറമ്മാര് കാരണാട്ടോ. കറണ്ടാപ്പീസിലെ എഞ്ചിനീയര്‍ സാറും കൂടെയുണ്ടായിരുന്നു. വടക്ക് ഒരു പറമ്പില് വലിയൊരു മരത്തിന്റെ കൊമ്പു് വെട്ടാന്‍ പോയതാണ്. ആ പറമ്പിന്റെ ഉടമസ്ഥര് വേറെയെവിടെയോ ആയിരുന്നു. വെട്ടാന്‍ കാശ് തരണത് മുനിസിപാലിറ്റി ആയതോണ്ട് അവര് പറയണതല്ലെ അനുസരിക്കാന്‍ പറ്റൂ.'' അയാള്‍ ദോശ പൊട്ടിച്ച് വായില്‍ തിരുകുന്നതിനിടയില്‍ പറഞ്ഞു.

''മരത്തിന്റെ കൊമ്പ് എപ്പോഴും വെട്ടുന്നതല്ലേ? പിന്നെ ഇവിടെ മാത്രം രാജപ്പന് മനസ്സ് നോവാന്‍ എന്താ പറ്റീത്?'' ഞാന്‍ അക്ഷമനായിരുന്നു.

''അതല്ലേ പറഞ്ഞുവരണത്. റോട്ടിലോട്ട് ചാഞ്ഞ് നിക്കണ കൊമ്പുകള്‍ മൊത്തം എന്നെകൊണ്ട് വെട്ടിച്ചു. അവറ്റയാണല്ലോ പ്രശ്‌നക്കാര്. ഞാന്‍ പല പ്രാവശ്യം പറഞ്ഞ് നോക്കിയിട്ടും മറുഭാഗത്തുള്ള കൊമ്പുകളൊന്നും വെട്ടാന്‍ സമ്മതിച്ചില്ല. അവിടെയാണ് മരത്തിന് ഏനക്കേട്. കാണാന്‍ അതിഗംഭീരനായ മരമായിരുന്നു. മുഖത്തൂന്ന് പാതി മീശ മാത്രം വെട്ടിമാറ്റിയാല്‍ എങ്ങനുണ്ടാവും. അമ്മാതിരി ഒരു എരണംകെട്ട വേഷമായിപ്പോയി അതിന്. കാണാന്‍ ഒരു മെനയുമില്ലാത്ത അവസ്ഥ. അത് മാത്രമല്ല,ഇനിയിപ്പോ കൊമ്പുകളുള്ള ഭാഗത്തേയ്ക്ക് ഭാരം കൂടും. അപ്പോ മരം അങ്ങോട്ട് ചായാന്‍ തുടങ്ങും. പിന്നെ താമസിയാതെ മറിഞ്ഞുവീഴും.'' അയാള്‍ സംസാരം നിര്‍ത്തി.

രാജപ്പന്റെ കണ്ണുകള്‍ ഈറനണിഞ്ഞോ എന്നെനിയ്ക്ക് തോന്നി. അയാളുടെ സ്വരത്തില്‍ കാലുഷ്യം കലര്‍ന്നിരുന്നു. മരങ്ങളോടുള്ള അയാളുടെ സ്‌നേഹം എത്ര വലുതാണെന്ന് എനിയ്ക്കപ്പോള്‍ മനസ്സിലായി.

''അത് കഴിഞ്ഞ് പൊലീസ് കോര്‍ട്ടേഴ്‌സില് ഒരു പ്ലാവ് വെട്ടാന്‍ പോയിരുന്നു. അതൊരൂക്കന്‍ തമാശയായിരുന്നു, സാറേ!'' രാജപ്പന്‍ വിഷമം മാറ്റാന്‍ വിഷയം മാറ്റി ചിരിക്കുന്നതാണെന്ന് തോന്നി. ''ചെറിയ കൊമ്പെല്ലാം വെട്ടിമാറ്റി, ഒരു കുഴപ്പോമില്ലാതെ. അപ്പോഴാണ് ആ പൊലീസുകാരന്‍ തനിസ്വരൂപം എടുത്തത്. ഏതാണ്ട് കള്ളമ്മാരോട് കയര്‍ക്കണപോലെ ഒരടുക്ക് തെറി. മരത്തിനേം ഞങ്ങളേമൊക്കെ ചേര്‍ത്തായിരുന്നു ആ അഭിഷേകം. ഞങ്ങള്‍ക്കിതൊക്കെ പരിചയാ. പക്ഷേ, മരത്തിന് ഇതൊട്ടുമങ്ങട് പിടിച്ചെന്ന് തോന്നണില്ല.''

അയാള്‍ വര്‍ത്തമാനം നിര്‍ത്തിയിട്ട് ചിരിക്കാന്‍ തുടങ്ങി. അയാളോടൊപ്പം ഞാനുമങ്ങ് ചിരിച്ചുകൊടുത്തു. പാവം.

''മരത്തിന്റെ മോളീന്ന് കൊമ്പ് താഴെ വീഴണസമയത്ത് ആ പൊലീസുകാരന്‍ രണ്ട് മൂന്ന് അടി മുന്നോട്ട് വച്ചിട്ട് എന്നെ നോക്കി ഇങ്ങറെങ്ങി വാടാന്ന് ഒരു വിളി. ദാ കെടക്കണു ആ കൊമ്പ് അയാളുടെ കാലുമ്മെ. അയാളാണെങ്കില്‍ താഴെയും. എനിയ്ക്ക് മോളിലിരുന്ന് ചിരിക്കാനാ തോന്നിയത്. ഭാഗ്യത്തിന് അയാളുടെ കാലിന് കാര്യമായിട്ടൊന്നും പറ്റീലാ. പക്ഷേ, മരത്തിനെ തെറി വിളിച്ചാല്‍ പണി കിട്ടൂന്ന് അന്നയള്‍ക്ക് മനസ്സിലായിട്ടൊണ്ടാകണം.''

രാജപ്പന്‍ ചിരി നിര്‍ത്തിയിട്ട് എന്റെ പറമ്പിന് ചുറ്റും നില്‍ക്കുന്ന മരങ്ങളെയെല്ലാം നോക്കി. എന്നിട്ട് ഒരോന്നും എങ്ങനെയാണ് പരിപാലിക്കേണ്ടതെന്ന് എനിയ്ക്ക് പറഞ്ഞുതന്നു.തേക്ക്, മഹാഗണി, മള്‍ബറി, തെങ്ങ്, അടയ്ക്കാമരം, മാവ്, പ്ലാവ്, പുളി, കടപ്ലാവ്. പിന്നെ പലതരം വാഴകളും. അങ്ങനെ സകല വൃക്ഷങ്ങളേയും പറ്റി അയാള്‍ക്കുള്ള അറിവ് എന്നെ അത്ഭുതപ്പെടുത്തി.

അന്നത്തെ കൂലിയും വാങ്ങി പോകുമ്പോള്‍ രാജപ്പന്‍ പറഞ്ഞത് ഞാന്‍ മറക്കില്ല. ''സാറേ, ആ വടക്കുള്ള പറമ്പിലെ മരത്തിനെ ഓര്‍ക്കുമ്പോളാണ് രാജപ്പന് സങ്കടം. ചതിയാണ് രാജപ്പന്‍ ചെയ്തത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചതി. ഇത്രയും നാള്‍ കഞ്ഞി തന്ന മരങ്ങളെ ചതിക്കയല്ലാര്‍ന്നു. ഇതിനി ചാവോളം രാജപ്പന്റെ കരള് കരിച്ചുകൊണ്ടിരിക്കും. ഇനി കാണാന്‍ പറ്റിയാല്‍ കാണാം.'' 

അയാളുടെ ചങ്ക് കീറുന്ന മട്ടിലുള്ള ആ പറച്ചില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചു. മരം വെട്ടിയാണ് ജീവിക്കുന്നതെങ്കിലും മരങ്ങളോടുള്ള അയാളുടെ അഗാധമായ സ്‌നേഹം അയാളുടെ ആ വാക്കുകളില്‍ സ്ഫുരിച്ചിരുന്നു.

പിന്നീട് രണ്ടോ മൂന്നോ കൊല്ലങ്ങള്‍ക്ക് ശേഷമാണ് എനിയ്ക്ക് രാജപ്പന്റെ സഹായം ആവശ്യമായി വന്നത്. പക്ഷേ, അയാളുടെ ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. സ്വിച്ചോഫാണെന്ന സന്ദേശം. നിര്‍ഭാഗ്യത്തിന് ഞാനയാളുടെ കൂട്ടുകാരന്റെ നമ്പര്‍ വാങ്ങിവച്ചിരുന്നില്ല. 

ഇത്രയും രസകരമായൊരു കഥാപാത്രത്തെ എങ്ങനെയെങ്കിലും കാണണമെന്നുറപ്പിച്ച് ഞാന്‍ മുനിസിപ്പല്‍ ഓഫീസിലെ ഒരു കൂട്ടുകാരന്റെ കൂടെ അയാളുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ചു. അയാളുടെ ഭാര്യയും മകന്റെ ഭാര്യയും ആണ് അവിടുണ്ടായിരുന്നത്.

അവര്‍ പറഞ്ഞത് വടക്കെവിടേയോ മരംവെട്ട് കഴിഞ്ഞ് വന്നതിന് ശേഷം അവിടുത്തെ വെട്ട് ശരിയായിരുന്നില്ലെന്ന് പറഞ്ഞ് വലിയ സങ്കടമായിരുന്നു രാജപ്പനെന്ന്. പിന്നെ കുറേ കഴിഞ്ഞപ്പോള്‍അയാള്‍ മരംവെട്ടിന് പോകാതായി. ഒരു മാസം മുമ്പ് വീണ്ടും വടക്കോട്ട് യാത്രയായി. കുറച്ച് നാള് കഴിഞ്ഞെ വരുള്ളൂന്ന് പറഞ്ഞിട്ടുള്ളതോണ്ട് അന്വേഷിച്ചില്ലായിരുന്നു. ഫോണ്‍ സ്വിച്ചോഫായിട്ട് ആളെ കിട്ടാണ്ടായപ്പോള്‍ അച്ഛനെ തിരക്കി മകന്‍ വടക്കോട്ട് പോയിട്ടുണ്ട്.

എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന് പറഞ്ഞിട്ട് ഞങ്ങള്‍ തിരിച്ച് പോന്നു. പിന്നീട് ജോലിത്തിരക്കിനിടയില്‍ രാജപ്പന്‍ എന്റെ സ്മൃതിയില്‍ നിന്നേ മറഞ്ഞു. 

പിന്നേയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് തോന്നുന്നു രാവിലെ പത്രം വായിക്കുമ്പോള്‍ കണ്ട ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചത്. വാര്‍ത്തയോടൊപ്പം ഒരു ഫോട്ടോയുമുണ്ടായിരുന്നു. 

'' ... പറമ്പിന്റെ ഉടമസ്ഥന്‍ കുറേ നാളുകളായി അവിടെ ചെന്നിട്ട്. കഴിഞ്ഞ രാത്രിയിലെ കാറ്റത്താണ് ആ മുത്തശ്ശിമരം മറിഞ്ഞ് വീണത്. വാര്‍ത്തയറിഞ്ഞ് അവിടെയെത്തിയ ഉടമസ്ഥനാണ് ചില്ലകളുടേയും ഇലകളുടേയും ഇടയില്‍ മരത്തിന്റെ തടിയോട് ചേര്‍ത്ത് കെട്ടിയ മരപ്പലകയില്‍ ഇരിക്കുന്ന നിലയില്‍ ഒരു അസ്ഥിപഞ്ജരം കണ്ടത്. അത് ആരാണെന്നറിയാനുള്ള ശ്രമം തുടരുന്നു. ...''

എന്റെ ശ്രദ്ധ ഫോട്ടോയിലേയ്ക്ക് തിരിഞ്ഞു.

താഴെ വീണ് കിടക്കുന്ന മരം. അടുത്തെവിടേയും കണ്ടിട്ടില്ലാത്തത്ര വലുപ്പമുള്ള ഒരു മരം. അതിന്റെ മുക്കാല്‍ ഭാഗത്തിന് മേലെയായി ഒരു കറുത്ത വട്ടം വരച്ചിട്ടുണ്ട്, അവിടെയാണ് അസ്ഥിപഞ്ജരം എന്ന് അടയാളപ്പെടുത്താനായിട്ട്.ആ ഭാഗത്തിന്റെ ഒരു ക്ലോസപ്പ് ഇന്‍സെറ്റായി കൊടുത്തിരിക്കുന്നു.

ഞാനാ ഇന്‍സെറ്റിലെ ഫോട്ടോ സൂക്ഷിച്ച് നോക്കി. അയാള്‍ തടിയില്‍ കെട്ടിയ ഒരു പടിയില്‍ കാലുകള്‍ രണ്ട് ഭാഗത്തേയ്ക്കുമാക്കിയിട്ടിരിക്കുകയായിരുന്നു.കൈരണ്ടും തടിയെ കെട്ടിപ്പിടിച്ച നിലയിലാണ്.കഴുത്തിന്റെ പിന്‍ഭാഗത്തേയ്ക്ക് കിടന്നിരുന്ന മാലയില്‍ എന്റെ കണ്ണുകളുടക്കി നിന്നു.

അതേ ലോക്കറ്റ്!

ചെറിയ ഒരു മരത്തടിയുടെ താഴെ രണ്ട് വശത്തേയ്ക്കും നീണ്ട് നില്‍ക്കുന്ന വേരുകളും മുകളില്‍ മൂന്നുനാല് കൊമ്പുകളും!

Follow Us:
Download App:
  • android
  • ios