Asianet News MalayalamAsianet News Malayalam

മഞ്ഞവെളിച്ചം

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സീമ പി എഴുതിയ കഥ

chilla  malayalam short story by Seema P
Author
Thiruvananthapuram, First Published Sep 14, 2021, 7:10 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla  malayalam short story by Seema P
 

മഞ്ഞവെളിച്ചം 

വേണമെങ്കില്‍ അയാള്‍ക്ക് അന്നപൂര്‍ണ്ണയെക്കൂടി ഒപ്പം കൂട്ടാമായിരുന്നു. എങ്കിലും പതിവുപോലെ  എങ്ങോട്ടാണ് പുറപ്പെടുന്നത് എന്ന് പോലും വ്യക്തമാക്കാതെ കാറിന്റെ ചാവിയെടുത്തു വിരലില്‍ ഇട്ടു കറക്കി മൂളിപ്പാട്ടും പാടി ഉന്മേഷത്തോടെ അയാള്‍ മുറ്റത്തേക്ക് ഇറങ്ങി. 

ഏറെ നാളായി ആശിച്ചിരുന്ന യാത്ര തരപ്പെട്ടിരിക്കുന്നു. ഗള്‍ഫില്‍ നിന്നും ജയപാലന്‍ വരുന്ന വിവരം രാവിലെ പവിത്ര ആണ് വിളിച്ചു പറഞ്ഞത്. അവള്‍ക്കൊപ്പം എയര്‍പോര്‍ട്ട് വരെ ചെല്ലണം. പവിത്രയുടെ കാര്‍ വര്‍ക്ക് ഷോപ്പില്‍ ആണത്രേ. കേട്ടപ്പോള്‍ സന്തോഷം അടക്കാനായില്ല. 

ജയപാലന്റെ ഭാര്യയായ പവിത്രയില്‍ ഒരു പെണ്ണിന് വേണ്ട എല്ലാ ഗുണങ്ങളും ഒന്ന് ചേര്‍ന്നിട്ടുണ്ട് എന്ന് പലപ്പോഴും തോന്നിയിരുന്നു. അവളെപ്പോലെ ഒരു പെണ്ണിനെ അല്ലേ താന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചിരുന്നത്. അവളുടെ ആകാരഭംഗി, മുഖത്തെ പ്രസാദാത്മകത, ചിരിയുടെ വെളിച്ചം, പെരുമാറ്റം ഇവയെല്ലാം ആരെയും ആകര്‍ഷിക്കാന്‍ പോന്നവയാണ്. 

ഒന്ന് നന്നായി ഉടുത്തൊരുങ്ങാനോ, ആളുകളോട് പെരുമാറാനോ, ഭംഗിയായി ചിരിക്കാനോ അറിയാത്ത അന്നപൂര്‍ണ്ണയോടോപ്പമുള്ള നിമിഷങ്ങളെ അയാള്‍ ഈയിടെയായി വല്ലാതെ മടുത്തു തുടങ്ങിയിരുന്നു. 

വീടിനു മുന്നില്‍ മതിലിനു പുറത്തേക്ക് പടര്‍ന്നു കിടന്ന ബോഗന്‍വില്ല പൂക്കള്‍ക്കരികില്‍ പവിത്ര കാത്ത് നില്‍ക്കുന്നുണ്ട്. മറ്റൊരു വസന്തം വിടരും പോലെ അവള്‍ ചിരിച്ചു. അവളോടൊപ്പം കാറിനുള്ളിലേക്കു കടന്നു വന്നു, ഹൃദ്യമായ സുഗന്ധം. 

'എന്താ അന്നപൂര്‍ണ്ണയെ കൂടെ കൂട്ടാഞ്ഞത്?'-കാറില്‍ കയറിയ ഉടനെ പവിത്ര തിരക്കി. 

'അവള്‍ക്കു യാത്ര ഇഷ്ടമല്ലല്ലോ. ഒരു തലവേദനയും.' തെല്ലു കുറ്റബോധത്തോടെ ആണെങ്കിലും കള്ളം പറയാതെ നിവര്‍ത്തിയില്ല. ജയപാലന്റെ വീട്ടിലേക്കുള്ള യാത്രകള്‍ അന്നപൂര്‍ണ്ണക്കു എന്നും ഹരമായിരുന്നു. കടലിലേക്ക് തുറക്കുന്ന ജനാലകളുള്ള ആ വീട് അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പവിത്രക്കും അറിയാവുന്നതാണ്. 

വണ്ടിയില്‍ കയറി എയര്‍പോര്‍ട്ടില്‍ എത്തും വരെയും പവിത്ര ജയപാലനെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. എത്ര പറഞ്ഞാലും മതി വരില്ലെന്ന് തോന്നിപ്പിക്കുന്ന സംസാരം. 

കൃത്യസമയത്തു തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. ഫ്‌ലൈറ്റ് വരാന്‍ വൈകിയിരുന്നെങ്കില്‍ അത്രയും സമയം കൂടി പവിത്രയോട് സംസാരിയ്ക്കണം എന്ന് അയാള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. 

പക്ഷെ ജയപാലന്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഒന്ന് കൂടി വെളുത്തു തടിച്ചു സുമുഖനായ ജയപാലനെക്കണ്ട് പവിത്ര കാറില്‍ നിന്നിറങ്ങി സന്തോഷത്തോടെ അടുത്തേക്കോടിച്ചെന്നു. നവദമ്പതികളെപ്പോലെ മുട്ടിയുരുമ്മി വന്നു കാറില്‍ കയറി മുന്‍സീറ്റില്‍ ഇരുന്ന ജയപാലന്റെ കഴുത്തില്‍ കൈയിട്ടു പുണര്‍ന്നു പവിത്ര വാചാലയായി. 

വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയപ്പോള്‍ അയാള്‍ മന്ത്രിച്ചു, 'നീ ഏല്‍പ്പിച്ചു പോയ നിധി തിരിച്ചേല്‍പ്പിക്കുന്നു'

'നീ ഒന്ന് കയറീട്ടു പോകു. എത്ര നാളായി കണ്ടിട്ട്'-ജയപാലന്‍ നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ അയാള്‍ വീട്ടിലേക്കു കയറി. 

ഭാരമേറിയ ലഗേജ് എടുത്തു പവിത്ര അകത്തേക്ക് നടന്നു. എത്ര സംസാരിച്ചാലും മതി വരാത്ത അവനില്‍ നിന്നും ഒഴിവാകാന്‍ തിടുക്കം കൂട്ടിയപ്പോളാണ് പവിത്ര വന്നത്. 

ഇളം മഞ്ഞ നിറമുള്ള നൈറ്റ് ഗൗണ്‍ അവളെ ഒന്ന് കൂടി സുന്ദരി ആക്കിയിരിക്കുന്നു. സോഫയില്‍ വന്നു ജയപാലനോട് ചേര്‍ന്നിരുന്ന അവളുടെ ഭംഗിയുള്ള കണ്ണുകള്‍ പാതി അടയും പോലെ. 

'നീയെന്താ ഉറങ്ങാന്‍ പോകുവാണോ..'-ജയപാലന്‍ കുസൃതിയോടെ ചോദിച്ചു. 

ഇനി യാത്ര പറഞ്ഞെ പറ്റു. ജയപാലന്‍ കൊണ്ട് വന്ന സമ്മാനപ്പൊതികള്‍ എടുത്തു അയാള്‍ ഇറങ്ങി. 

താഴെ എത്തിയപ്പോഴാണ് കാറിന്റെ കീ എടുക്കാന്‍ മറന്നത് ശ്രദ്ധിച്ചത്. അയാള്‍ തിരികെ കയറി വന്നു. കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോഴാണ് ഭിത്തിയില്‍ തമ്മില്‍ പുണര്‍ന്നു നിന്ന പൊടുന്നനെ അകലുന്ന നിഴലുകള്‍ കണ്ടത്. 

'നാശം.. ആരാ വന്നതെന്ന് നോക്ക്. ഒന്നിനെ ഒഴിവാക്കിയതേയുള്ളു. ആളൊരു വായില്‍ നോക്കി ആണ്. പിന്നെ എയര്‍പോര്‍ട്ടില്‍ പോരാന്‍ വിളിച്ചു എന്നേയുള്ളു. എത്ര നേരമാ ജയന്‍  പിടിച്ചിരുത്തിയത്.. എനിക്ക് ദേഷ്യം വന്നൂട്ടോ. അതാ കള്ളഉറക്കം നടിച്ചത് '

മുത്തു കിലുങ്ങും പോലെ ഉള്ളില്‍ നിന്ന് പവിത്രയുടെ ചിരി കേട്ടപ്പോള്‍ മനസ്സില്‍ എന്തെല്ലാമോ തകര്‍ന്നു വീഴും പോലെ അയാള്‍ക്ക് തോന്നി. 

ആവശ്യമില്ലാത്തിടത്തു ചിലവഴിച്ച നിമിഷങ്ങളെ പഴിച്ചു കൊണ്ട് തുറന്ന വാതിലിലൂടെ അകത്തു കയറി താക്കോലെടുക്കുമ്പോള്‍ ജയപാലനോട് ചേര്‍ന്ന് നിന്ന പവിത്രയുടെ വിളറിയ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു. 

'സോറി..' 

താഴെ എത്തി കാറെടുത്തു നഗരത്തിലെ തെരുവിലെ മഞ്ഞവെളിച്ചങ്ങളിലൂടെ  തനിച്ചു മുന്നോട്ട് നീങ്ങുമ്പോള്‍ അയാള്‍ക്ക് സങ്കടം വന്നു. 

നിലാവില്‍ താന്‍ തനിച്ചാക്കിയ അന്നപൂര്‍ണ്ണയോട് ജീവിതത്തില്‍ ആദ്യമായി അയാള്‍ക്ക് സഹതാപം തോന്നി.

Follow Us:
Download App:
  • android
  • ios