ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

അന്നും കടല്‍തീരത്തു നല്ല ആള്‍ത്തിരക്കുണ്ടായിരുന്നു.

അയാള്‍ പേരക്കുട്ടിയുടെ കൈകളില്‍ മുറുകെ പിടിച്ച് നടന്നു. പണ്ട് മകളുടെ കൈ പിടിച്ചും അയാള്‍ ഇതേ കടല്‍ കാണാന്‍ വന്നിരുന്നു. അന്ന് പക്ഷെ അയാളുടെ കൈകള്‍ക്ക് നല്ല ബലമുണ്ടായിരുന്നു. ഇന്ന് കാലം ചുളിവുകള്‍ വീഴ്ത്തിയ തന്റെ കൈകളെ അയാള്‍ക്ക് വിശ്വാസമില്ലതായിരിക്കുന്നു. മണലിലാഴ്ന്നു പോകുന്ന കുഞ്ഞു കാലടികള്‍ ശ്രദ്ധിച്ച് അയാള്‍ പതുക്കെ നടന്നു.

'കടലിനു അപ്പുറം എന്താണ് മുത്തശ്ശാ?'

'മറ്റൊരു കര. ഇത് പോലെ വേറെ ഒരു നാട്'

'അവിടെ ആരൊക്കെയാ ഉള്ളത്?'

കുട്ടിക്കാലത്തു അയാളുടെ മകളും ഇതേ ചോദ്യങ്ങള്‍ തന്നെയാണ് ചോദിക്കാറുള്ളതെന്ന് അയാളോര്‍ത്തു. എല്ലാ കുട്ടികള്‍ക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യങ്ങളാണ്.

'കടലിനെന്താ നീല നിറം? കടലിന്റെ അടിയിലാണോ സൂര്യന്റെ വീട്? ആ തോണിക്കാരന്‍ എങ്ങോട്ടാണ് പോവുന്നത്, കടലിന്റെ അടിയില്‍ കൊട്ടാരമുണ്ടോ. അവിടെ മുത്തുച്ചിപ്പികള്‍ ഒളിപ്പിച്ചിട്ടുണ്ടോ..?'

അങ്ങിനെ അങ്ങിനെ.....

ചോദ്യങ്ങള്‍ക്കെല്ലാം അയാള്‍ ഭാവനയില്‍ ഓരോ പുതിയ കഥ മെനഞ്ഞു.

കുട്ടിയുടെ കണ്ണുകള്‍ തലേദിവസമുണ്ടാക്കിയ മണല്‍ വീട് തിരയുന്നത് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു 

'നമുക്ക് വേറൊന്ന് ഉണ്ടാക്കാം '

അയാള്‍ മണലിലിരുന്ന് കുട്ടിയോടൊപ്പം വീടുണ്ടാക്കി. കുറച്ചു ദൂരെ കടലിനു വളരെ അടുത്ത് ആരോ ഉണ്ടാക്കിയ ഒരു വലിയ മണല്‍വീട്ടിലേക്കു കുട്ടി കൗതുകത്തോടെ നോക്കി.

'നോക്കൂ മുത്തശ്ശാ. എന്ത് ഭംഗിയാ കാണാന്‍. കൊട്ടാരം പോലെ'

പെട്ടെന്നൊരു വലിയ തിരമാല വന്ന് ആ വീടിനെ തട്ടിത്തെറിപ്പിച്ചു പിന്തിരിഞ്ഞോടി.

കുട്ടി ഭയപ്പാടോടെ മുത്തശ്ശനെ നോക്കി 'എന്റെ വീടും കടല് വന്നു കൊണ്ട് പോവോ'

'കുറച്ചു കഴിഞ്ഞാല്‍ തിര ഇങ്ങോട്ടും വരും'

കുട്ടിക്ക് സങ്കടം വന്നു, 'കടല്‍ ചീത്തയാ അല്ലെ'

അയാള്‍ക്ക് അതിന് മാത്രം ഉത്തരം ഇല്ലായിരുന്നു.

അയാളാലോചിച്ചു.  കുട്ടിക്കാലത്ത് അയാള്‍ക്ക് കടലിനെ ഭയമില്ലായിരുന്നു. പിന്നീടെപ്പോഴോ അതിന്റെ ഭാവം മാറി വന്നപ്പോഴും, പെട്ടെന്നൊരുനാള്‍ രൗദ്രഭാവം പൂണ്ട് ഒരുപാട് ജീവനപഹരിച്ചപ്പോഴും അയാള്‍ മറ്റുള്ളവരെപ്പോലെ കടലിനെ ശപിച്ചില്ല. എല്ലാം കഴിഞ്ഞ് ശാന്തമായുറങ്ങുന്ന കടലിനോട് അയാള്‍ക്ക് എന്തോ സഹതാപമായിരുന്നു.

ഒരു ശംഖിനുള്ളില്‍ ഒളിച്ചിരിക്കുന്ന കടലിന്റെ ഇരമ്പം കേള്‍ക്കാന്‍ അയാള്‍  വീണ്ടും വീണ്ടും കൊതിച്ചു.

എത്ര വേദനിപ്പിച്ചാലും ചിലരെ നമുക്ക് സ്‌നേഹിക്കാന്‍ കഴിയുന്നത് പോലെ അയാള്‍ കടലിനെ പ്രണയിച്ചു കൊണ്ടിരുന്നു.

അല്ലെങ്കിലും കടലിനെ വെറുക്കുന്നവരുണ്ടോ? തിര മായ്ച്ചു കളഞ്ഞ ഓര്‍മ്മകളുടെ കാലടിപ്പാടുകള്‍ തേടി വരുന്നവരെല്ലേ എല്ലാവരും.

സൂര്യന്‍ കടലിലേക്ക് താഴാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ എണീറ്റു.. 'നമുക്ക് മടങ്ങാം,'

ഒരു തിരമാല അവരുടെ അരികിലോളം വന്നു തിരിച്ചു പോയപ്പോള്‍ കുട്ടി ഭീതിയോടെ അയാളെ നോക്കി.

'എന്റെ വീട്..'

'സാരമില്ല.നമുക്ക് നാളെ വന്നു വേറൊന്ന് ഉണ്ടാക്കാം.'

അയാള്‍ കുട്ടിയുടെ കൈ മുറുകെപ്പിടിച്ചു തിരികെ നടന്നു.