Asianet News MalayalamAsianet News Malayalam

ദുരൂഹമായ ഒരു രാത്രിയുടെ മരണം, സുബിന്‍ അയ്യമ്പുഴ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സുബിന്‍ അയ്യമ്പുഴ എഴുതിയ കഥ

chilla malayalam short story by Subin Ayyampuzha
Author
Thiruvananthapuram, First Published Jul 9, 2021, 7:39 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by Subin Ayyampuzha

 

ക്ഷീണം. ഭാരമേറിയ കണ്‍പോളകള്‍, അതിനുമുകളിലായി നേരം ഇരുട്ടി കറുത്തപോയ മലനിരകളെപോലെ നീണ്ട പുരികങ്ങള്‍ക്കിടയില്‍ അസ്തമയസൂര്യന്‍. 

'മടുത്തു.' ആത്മഹത്യാകുറിപ്പില്‍ പലയിടത്തും ആ വാക്ക് അവള്‍ ആവര്‍ത്തിച്ചു. ഏറെ അസ്വസ്ഥമായി തീര്‍ന്ന എഴുത്തിന് സാക്ഷിയായി, അവള്‍ക്കു പുറകില്‍ സ്തംഭിച്ചു നിന്ന കയര്‍ വിധിയെ പഴിച്ചുകൊണ്ട് പതുക്കെയാടി. 

എത്രയെഴുതിയിട്ടും മന:ശാന്തി ലഭിക്കാതെ, വിട്ടുമുറ്റത്ത് ഗതികിട്ടാതെ അലഞ്ഞിരുന്ന പ്രേതാത്മാവായ തന്റെ ഭര്‍ത്താവിനെ അവള്‍ മനസിലോര്‍ത്തു. 

കലങ്ങിയ കണ്ണുകളില്‍ വീണ്ടും ജലപ്രവാഹം. വിവാഹശേഷം സ്വപ്നങ്ങളില്‍ പോലും ചായം പൂശിയ ചിത്രങ്ങള്‍ കാണുവാന്‍ കഴിഞ്ഞിട്ടില്ല. ദുസ്വപ്നങ്ങള്‍ ആയിരുന്നു സര്‍വ്വത്ര. 

ഒരിക്കല്‍ 'ഋ' എന്ന അക്ഷരത്തിനുള്ളില്‍ അകപ്പെട്ട് നൂല്‍ബന്ധമില്ലാതെ കിടന്നു നിലവിളിക്കുന്ന തന്റെ ഭര്‍ത്താവിനെ സ്വപ്നം കണ്ടു. ആ ദൃശ്യം യാതൊന്നും ഓര്‍മ്മിച്ചെടുക്കാനാവാത്ത വിധം ബോധത്തെ ചിതറിത്തെറിപ്പിച്ചു. വിറകൊണ്ട കൈകള്‍ ഇപ്പോള്‍ തണുത്ത് മരവിച്ചിരിക്കുന്നു. 

കുറിപ്പിന്റെ അവസാനമെത്തി. ആ വാചകം ഇങ്ങനെ അവസാനിച്ചു:

'നിങ്ങള്‍ എനിക്കു അന്യമായി തീര്‍ന്നിട്ട് കാലങ്ങള്‍ ഏറെ കഴിഞ്ഞു. ഈ കാലമത്രയും ഞാന്‍ മരണത്തെപറ്റി ചിന്തിച്ചിരുന്നു. എന്നാല്‍ മരുഭൂമിയിലെ മരുപ്പച്ചയെന്ന പഴകിയ ആരുടെയൊക്കെയോ ഛര്‍ദ്ദിലേറ്റ വാചകം മനസ്സിലൊരു പ്രതീക്ഷ തന്നിരുന്നു. എന്നാല്‍ ആ പ്രതീക്ഷയാണ് ഇന്ന് എന്നെ നായാടി തളര്‍ത്തുന്നത്. മടുത്തു. അതുകൊണ്ട് വിടപറയുന്നു. ഇനിയൊരിക്കലും കാണാത്ത ലോകത്തേക്ക് ഞാന്‍ മടങ്ങുകയായി'

എന്ന്
ലക്ഷ്മി

പണ്ടെങ്ങോ ഒരു കാളരാത്രിയില്‍ ശവരതിയില്‍ ഏര്‍പ്പെട്ടു മലിനമായ അതേ മെത്തയുടെ മുകളില്‍, ശൂന്യതയില്‍, അധികം വൈകാതെ ലക്ഷ്മിയുടെ കാലുകള്‍ പിടഞ്ഞുകൊണ്ടിരുന്നു. അവളുടെ പാദസരങ്ങള്‍ അറ്റുവീണു. വലിയൊരു താളത്തില്‍ അവ മെത്തയുടെ മാറില്‍ വീണുയര്‍ന്നു പൊങ്ങി. കണ്ണുകള്‍ ചുവന്നു, കൃഷ്ണമണികള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി, കൈകള്‍ വലിഞ്ഞുമുറുകി, രക്തവും ഉമിനീരും ഒഴുക്കി നാവ് പുറത്തേക്ക് ചാടി. 

അവസാന പിടച്ചിലില്‍ അറിയാതെ ഒഴുകിയ ജലം അവളുടെ തണുത്ത കാലുകള്‍ക്കിടയിലുടെ ധാരയായി ഒഴുകി. ആ കണ്ണുനീര്‍ കലര്‍ന്ന ജലധാര ശവരതിയേറ്റ് പാപിയായ മെത്തയെ മോചിതനാക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്തു.

എഴുത്തുകാരുടെ കൂട്ടായ്മയായ 'ഭാഷാസ്‌നേഹി'യുടെ ദിര്‍ഘമായ ചര്‍ച്ച കഴിഞ്ഞ് ഏറെ വൈകിയാണ് അയാള്‍ വീട്ടിലെത്തിയത്. ക്ഷീണിച്ചു തളര്‍ന്നതും വളഞ്ഞതുമായ ശരീരം, കുഴിഞ്ഞ് അപ്രത്യക്ഷമായ കണ്ണ്, നിഗൂഢതയില്‍ ഇരുള്‍ മൂടിയ മുഖം. അയാള്‍ കൈയ്യില്‍ കൂട്ടിപ്പിടിച്ചിരുന്ന വലിയ പുസ്തകം മേശപ്പുറത്തേക്ക് വച്ചു. വലിയൊരു ദിര്‍ഘശ്വാസമെടുത്തുപോയി. 

വിയര്‍ത്തുനാറിയ ജുബ്ബ ഒട്ടിച്ചേര്‍ന്ന് കിടന്ന് മരണവെപ്രാളമെടുത്തു. നെറ്റിയിലെ വിയര്‍പ്പ് മുഖമാക്കെ പടര്‍ന്നു. കറുത്തിരുണ്ട കാടുകള്‍ക്കിടയിലൂടെ അതൊരു പുഴയായി ഒഴുകി ഒരു നേര്‍രേഖയായി കഴുത്തിലൂടെ താഴേക്ക് നീങ്ങി. പാതിജീവന്‍ തുടിക്കുന്ന ആ ശരീരത്തെ നേര്‍രേഖ രണ്ടായി ഭാഗിച്ചു. ജുബ്ബ ഏറെ കഷ്ടപ്പെട്ട് ഊരിയെടുത്ത് നനഞ്ഞ് ഒഴുകിയ മുഖം തുടച്ചുകൊണ്ടിരിക്കെയാണ് കത്ത് ശ്രദ്ധയില്‍പെട്ടത്. 

അപ്പോഴേക്കും ലക്ഷ്മിയുടെ ഒടുവിലെ കണ്ണിരും വറ്റിപോയിരുന്നു. തൂങ്ങിയാടുന്ന അവളുടെ ജഡത്തിനു സാക്ഷിയായി നിന്നു കൊണ്ട് കത്തിലേക്ക് അയാള്‍ കണ്ണോടിച്ചു. 

പതിവുപോലെ കസേര വലിച്ചിട്ടിരുന്നു, അറിയാതെ താടിയില്‍ തടവി. മേശവലിപ്പില്‍ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു, കത്തില്‍ കാമ്പുള്ള ഭാഷ കണ്ട് കണ്ണ് നിറഞ്ഞു. ആ കണ്ണുനീരില്‍ കലര്‍ന്ന പുഞ്ചിരിയുമായി അയാള്‍ കത്തില്‍ പലതവണ മുങ്ങിനിവര്‍ന്നു. മതിയാവോളം നീന്തിതുടിച്ചു. കത്തിന്റെ ആഴത്തില്‍ പലതവണ മുങ്ങിനിവര്‍ന്നതിനാലാവാം മങ്ങിയ ഉള്‍ബനിയനില്‍ പായലും വിയര്‍പ്പും ജലവും ചളിയും ചേര്‍ന്ന് കറുത്ത ചോദ്യചിഹ്നങ്ങള്‍ വരച്ചു. അവ ശരീരമാകെ പടര്‍ന്നു. 

ഏകദേശം ഈ സമയത്താണ് ലക്ഷ്മിയുടെ ശരീരത്തില്‍ നിന്നും മോചിതയായ ആത്മാവ് അല്ലെങ്കില്‍ പ്രേതം അയാളുടെ മുന്‍പിലേക്ക് നിളപോലെ ഒഴുകി വന്നത്. ജീവിതത്തില്‍ കണ്ണുനീര്‍ കൊണ്ട് ശ്വാസം മുട്ടിയവര്‍ ചിരിക്കുമ്പോഴുള്ള മഞ്ഞ വെളിച്ചം അവള്‍ക്കുണ്ടായിരുന്നു. നീണ്ട നഖങ്ങളും മൂര്‍ച്ചയേറിയ ദംഷ്ട്രകളും ഉള്ള രക്ഷസ്സായി മാറിയെങ്കിലും നിലാവുദിച്ച ചന്ദ്രികപോലെ വെളുത്ത ആ കണ്ണുകളില്‍ ഒരു വലിയ കടല്‍ തന്നെ ഭ്രാന്തമായി ഒഴുകുവാന്‍ തടം കെട്ടിനിന്നിരുന്നു. ആ വേദനയില്‍ സ്വന്തം ശരീരത്തെ നിശബ്ദയാക്കി അയാള്‍ക്കുമുമ്പില്‍ അവളിരുന്നു. ഒരു രാത്രി പുലരുവരെ ആ നിശബ്ദത തുടര്‍ന്നു.

അവളുടെ തൂങ്ങിയാടുന്ന കാലുകളില്‍ പടര്‍ന്ന വേരുകള്‍ക്കിടയില്‍ കിടന്നു പിടയുവാനോ അവസാന നീരും വറ്റി ശൂന്യമായ കണ്ണുകളില്‍ നോക്കി സ്വയം പഴിക്കുവാനോ അയാള്‍ തയ്യാറായില്ല. ആ രാത്രി പുലരുംവരെ അവളുടെ ഒടുവിലെ രക്തവും തുപ്പലും ഛര്‍ദ്ദലും വീണ് കടലായി മാറിയ ആ ആത്മഹത്യാകുറിപ്പില്‍ അയാള്‍ നീന്തികൊണ്ടിരുന്നു. 

ആ കത്തിനെ ഒരര്‍ത്ഥമില്ലാത്ത കവിതയാക്കി അയാള്‍ മാറ്റികൊണ്ടിരുന്നു. 'ഋ' എന്ന അക്ഷരത്തിനുള്ളില്‍ പരിപൂര്‍ണ്ണ നഗ്‌നനായി അലറിവിളിക്കുന്ന ആ ഭ്രാന്തനെ അവള്‍ വീണ്ടും കണ്ടു. 

ചുരുട്ടി വലിച്ചെറിഞ്ഞ കടലാസുകഷണങ്ങള്‍ക്കിടയില്‍ അവള്‍ക്കും ആ രാത്രിക്കും ഒടുവില്‍ മരണം സംഭവിച്ചു...

Follow Us:
Download App:
  • android
  • ios