Asianet News MalayalamAsianet News Malayalam

Malayalam Short Story : പരിണാമം, സുമ റോസ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുമ റോസ് എഴുതിയ ചെറുകഥ

chilla malayalam short story by Suma Rose
Author
Thiruvananthapuram, First Published Jan 13, 2022, 2:30 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Suma Rose

 

ഒന്നുറങ്ങിയുണർന്ന ആഞ്ചലോ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുറത്ത് ഹെലികോപ്റ്ററുകൾ പറക്കുന്ന ശബ്ദം. മൊബൈലെടുത്ത് സമയം നോക്കി, 5.30.  നേരം പുലരാൻ ഇനിയും  സമയമുണ്ട്.  ശൈത്യകാലമായതിനാൽ താമസിച്ചാണ് നേരം വെളുക്കുക. 

ഉറക്കം വരാത്തതിനാൽ ആഞ്ചലോ എഴുന്നേറ്റ് ജനൽപ്പാളികൾ പാതിതുറന്നു. നേരം പരാപരാന്ന് വെളുത്തു തുടങ്ങുന്നതേയുള്ളു. തണുത്ത കാറ്റ് മുറിയിലേക്ക് അടിച്ചുകയറി. തന്റെ ഹൃദയത്തിലേക്കും കുളിരുപടരുന്നതായി ആഞ്ചലോയ്ക്ക് തോന്നി. അവന്റെയുള്ളിൽ ഒരു ചെറുപുഞ്ചിരി വിടർന്നു. ഇന്ന് മനോഹരമായ ഒരു സുദിനമാണ്, 2055 നവംബർ 12, ജനിതകശാസ്ത്രത്തിലെ തന്റെ കണ്ടെത്തലിന് ശാസ്ത്രലോകത്തിന്റെ അംഗീകാരം ലഭിച്ചതിന്റെ അനുമോദനച്ചടങ്ങ് യൂണിവേഴ്സിറ്റിയിൽ  നടക്കുന്ന ദിവസം.

14 വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ആഞ്ചലോ തന്റെ നേട്ടം കരസ്ഥമാക്കിയത്. ഈ ദിവസം, എറ്റവും സന്തോഷം തരുന്നത് കളിക്കൂട്ടുകാരി ആതില ചടങ്ങിനെത്തുന്നു എന്നതിനാലാണ്.   കുട്ടിക്കാലം മുതൽ ആത്മമിത്രങ്ങളായിരുന്ന മാർവലും കസിൻ ആതിലയും ഇല്ലാതെ ഈ  ചടങ്ങ് പൂർണ്ണമാവില്ലയെന്ന് ആഞ്ചലോയുടെ മനസ്സ് പറഞ്ഞു. കുറെ വർഷങ്ങളായി യാതൊരു സമ്പർക്കവും അവരുമായിട്ടില്ലായെങ്കിലും മാർവൽ പ്രശസ്തനായ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയിത്തീർന്നതിനാൽ നമ്പർ കിട്ടാൻ പ്രയാസമുണ്ടായില്ല.  മാർവൽ വഴി ആതിലയെ ക്ഷണിക്കുകയും  തീർച്ചയായും രണ്ടു പേരും വരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വളരെയേറെ സന്തോഷത്തോടെയാണ് അവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയതും.

ആഞ്ചലോയുടെ ഹൃദയം മുൻപെന്നതിനേക്കാൾ ശക്തമായി മിടിച്ചു. എന്തോ ഒരു വേദനയുടെ നെരിപ്പോട് ഹൃദയത്തിലെരിയുന്നതുപോലെ തോന്നി. 

അധ്യാപകരായ മോറിസ് - അകിത ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായിട്ടാണ് ആഞ്ചലോയുടെ ജനനം.  കുഞ്ഞുആഞ്ചലോയുടെ ശരീരത്തിന് ജന്‍മനാ തന്നെ അല്പം വിരൂപപ്രകൃതമായിരുന്നു. ചെമ്പൻ തലമുടിയും രോമവും പിന്നെ കൂർത്ത മുഖവും. വളരും തോറും വൈരൂപ്യം കൂടിക്കൂടി വന്നതല്ലാതെ കുറഞ്ഞില്ല. ഒരു അപൂർവ്വവസ്തുവിനെയെന്നപോലെ ആളുകൾ സൂക്ഷിച്ചു നോക്കി അടക്കം പറഞ്ഞു. 

മാതാപിതാക്കൾ പല ആശുപത്രികളിലും കാണിച്ചെങ്കിലും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല എന്ന ഉത്തരമായിരുന്നു ഡോക്ടർമാർ നൽകിയത്. വിദ്യാലയത്തിലെത്തിയതോടെ സഹപാഠികളുടെ പരിഹാസത്തിനും അവഗണനക്കും ഇരയാകേണ്ടിവന്നു. വീട്ടിൽ കരഞ്ഞുകൊണ്ടുചെല്ലുന്ന ആഞ്ചലോയെ മാതാപിതാക്കൾ ആശ്വസിപ്പിച്ച് മിടുക്കനായി വളരാൻ പ്രോത്സാഹിപ്പിച്ചു. സഹപാഠികളിൽ അവനോട് സൗഹൃദം കാട്ടിയിരുന്നത് മാർവലും കസിൻ ആതിലയുമായിരുന്നു. നക്ഷത്രക്കണ്ണുകൾ കൊണ്ട് ആഞ്ചലോയെനോക്കി പുഞ്ചിരിക്കുന്ന ചുവന്ന തലമുടിയുള്ള പെൺകുട്ടി. പഠനത്തിൽ മിടുക്കനായിരുന്ന ആഞ്ചലോ, മാതാപിതാക്കളുടെ അതീവശ്രദ്ധയും കൂടിയായപ്പോൾ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥികളിലൊരാളായി മാറി.

എന്തുകൊണ്ടാണ് താൻ മാത്രം ഇങ്ങനെ വിരൂപനായിമാറിയതെന്ന സംശയം അവനെ അലട്ടിക്കൊണ്ടിരുന്നു. പല തവണ മാതാപിതാക്കളോടും മുതിർന്നവരോടും ചോദിച്ചെങ്കിലും ക്യത്യമായ ഒരു ഉത്തരം കിട്ടിയില്ല. ജീനുകളാണ്  രൂപസ്വഭാവവ്യത്യാസങ്ങളെ നിർണ്ണയിക്കുന്നത് എന്ന് ജീവശാസ്ത്രക്ലാസിൽ കേട്ട ആഞ്ചലോ ലൈബ്രറിയിൽ ജീവശാസ്ത്രപുസ്തകങ്ങളുടെ വായനയിൽ മുഴുകി.     

ഉയർന്ന മാർക്കോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആഞ്ചലോ ജീവശാസ്ത്രത്തിൽ ബിരുദപഠനത്തിനായി നഗരത്തിലെ കോളേജിൽ ചേർന്നു. മാർവലും ആതിലയും നഗരത്തിലെ മറ്റൊരു  കോളേജിൽ ആയിരുന്നെങ്കിലും ഇടക്കിടയ്ക്ക് സൗഹൃദം പുതുക്കാനായി പാർക്കിലും കോഫി ഹൗസിലുമൊക്കെ അവർ ഒത്തുചേർന്നു. ഒരുമിച്ചു കൂടുമ്പോഴെല്ലാം ആതിലക്ക് തന്നോട് എന്തോ താല്പര്യക്കൂടുതലുണ്ടെന്ന് തിരിച്ചറിഞ്ഞ ആഞ്ചലോ പ്രായത്തിന്റെ ചാപല്യമായി കണ്ട് പാടേ അവഗണിച്ചു. സൗഹൃദം എന്നതിനപ്പുറം സ്നേഹബന്ധങ്ങൾ വളരുന്നത് തന്റെ പഠനത്തെ ബാധിച്ചാലോ എന്ന ചെറിയൊരു ഭയവും അവനുണ്ടായിരുന്നു. ആഞ്ചലോയുടെ താല്പര്യക്കുറവ് തിരിച്ചറിഞ്ഞതുകൊണ്ടാകാം  ആതിലയും സംഭാഷണങ്ങൾ സൗഹൃദത്തിൽ മാത്രം ഒതുക്കി.

കോളേജിൽ എത്തിയതോടെ ആഞ്ചലോയ്ക്ക് തവിട്ടു ചിമ്പാൻസി എന്ന ഇരട്ടപ്പേരു വീണു. പഠനത്തിൽ ശ്രദ്ധ ചെലുത്തിയ ആഞ്ചലോ അവഗണനകൾക്കും പരിഹാസങ്ങൾക്കുമിടയിൽ ജീവശാസ്ത്രത്തിൽ ഉന്നതവിജയം നേടി. ഉപരിപഠനത്തിനായി പ്രശസ്തമായ സാൻപോ യൂണിവേഴ്സിറ്റിയിൽ എത്തിയ ആഞ്ചലോ തൊട്ടടുത്തുള്ള ലാവിയ എന്ന സുന്ദരപട്ടണത്തിൽ താമസമാക്കി.

സാൻപോല മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന  പട്ടണങ്ങളാണ് ലാവിയ, സാൻപോ എന്നിവ.  150 വർഷങ്ങൾക്കുമുൻപ് ഇവിടം കാടുകൾ ആയിരുന്നു, പിന്നീട് കുറച്ചാളുകൾ ഇവിടെയെത്തി കൃഷിയാരംഭിച്ചു. പതിയെപ്പതിയെ ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും വ്യവസായശാലയുമൊക്കെ സ്ഥാപിതമായി. 90 വർഷങ്ങൾക്കു മുൻപാണ് റോബർട്ടോ എന്ന ജനിതകശാസ്ത്രജ്ഞൻ ഇൗ താഴ്വരയിൽ എത്തി, ജനിതക പഠനത്തിനായി ലാബോറട്ടറി സ്ഥാപിച്ചത്. വൻ ലോകരാജ്യങ്ങളുടെ സഹായം കൂടി ലഭിച്ചതോടെ അത്യാധുനിക ലാബുകളിലൊന്നായി മാറി. യൂണിവേഴ്സിറ്റിയും സ്ഥാപിതമായതോടെ  സാൻപോ തിരക്കുള്ള പട്ടണമായിമാറി.     

അടുത്തടുത്തുള്ള ചെറിയ മലകളെ കൂട്ടിയിണക്കുന്ന തൂക്കുപാലങ്ങൾ ഇവിടെ അങ്ങിങ്ങായികാണാം. ആഞ്ചലോയുടെ താമസസ്ഥലമായ ലാവിയയിൽ നിന്നും എട്ട് കിലോ മീറ്ർ പാലംവഴി  യാത്ര ചെയ്ത് വീണ്ടും മൂന്ന് കിലോ മീറ്റർ മലയടിവാരത്തിലേക്ക് യാത്ര ചെയ്താലേ സാൻ പോയിലെത്തുകയുള്ളു. വഴിയിൽ ഇന്ധനം
നിറക്കാൻ ഹൈഡ്രജൻ പമ്പുകൾ സ്ഥാപിച്ചിരിക്കുന്നു. കിഴക്കാംതൂക്കായ മലനിരകളിലൂടെയുള്ള  റെയിൽ - റോഡ് യാത്രകൾ അതിമനോഹരമാണ്. താഴെ പല നിറത്തിലുള്ള മരങ്ങൾ, തടാകങ്ങൾ, പ്രകൃതിക്കനുയോജ്യമായ രീതിയിൽ പണികഴിപ്പിച്ച കെട്ടിടങ്ങൾ, വീടുകൾ, വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ എന്നിവയെല്ലാം.

കുന്നുകൾ ഇടിച്ചുനിരത്താതെ പല തട്ടുകളിലായിട്ടാണ് യൂണിവേഴ്സിറ്റിയും ലാബോറട്ടറിയും നിർമ്മിച്ചിരിക്കുന്നത്.  വെള്ളത്തിന് യഥേഷ്ടം ഒഴുകാൻ പാകത്തിനുള്ള കനാലുകളും വളഞ്ഞുപുളഞ്ഞ വരകൾപോലെ അവിടവിടെയായി കാണാം. ജലാശയത്തിലേക്ക് മലിനജലം  പ്രവേശിക്കാതെ ക്രമീകരിച്ചിരിക്കുന്ന അതിവിപുലമായ ഒഴുവുചാൽ പദ്ധതിയും ഇൗ പട്ടണത്തിന്റെ പ്രത്യേകതയാണ്. ലാവിയയിൽ നിന്നും ഹെലികോപ്റ്റർ സർവീസും സാൻപോയിലേക്കുണ്ട്.. 

സാൻപോയിലെ ഗവേഷണകാലഘട്ടത്തിലുടനീളം ആഞ്ചലോ മാർവലിനോടും ആതിലയോടും അകലം പാലിച്ചു. മുഴുവൻ സമയവും തന്റെ ജനിതകവൈകല്യങ്ങളുടെ കാരണം കണ്ടെത്താൻ മാറ്റിവച്ചപ്പോൾ ആ സൗഹൃദത്തിന് താൽക്കാലിക വിരാമമിടേണ്ടിവന്നു.  ഏറ്റവുമൊടുവിൽ ആഞ്ചലോ ആ സത്യം കണ്ടെത്തി.  കൊവിഡായിരുന്നു അതിനു വഴിയൊരുക്കിയത്. 

2019 -ന്റെ അവസാനത്തിൽ ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് 2020 -ൽ  ലോകമാകെ പടർന്നുപിടിച്ച കോവിഡ് മഹാമാരി. ശ്വാസകോശത്തെ കാർന്നുതിന്ന ഭീകരരോഗത്താൽ ശ്വാസം കിട്ടാതെ ആയിരങ്ങൾ പിടഞ്ഞുമരിച്ചു. വൻ നഗരങ്ങൾ തൊട്ട് കൊച്ചുഗ്രാമങ്ങൾ വരെ അടച്ചുപൂട്ടി. വിദ്യാഭ്യാസസ്ഥാപനങ്ങൾപോലും അടച്ചിട്ടപ്പോൾ ആകെ തുറന്നിരുന്നത് അതുരാലയങ്ങൾ മാത്രമായിരുന്നു.  ആരാധനാലയങ്ങൾ അടച്ചതോടെ ആൾദൈവങ്ങളും രോഗശാന്തിശ്രുശൂഷകരും അപ്രത്യക്ഷമായി. ലോകത്തിന്റെ പല ഭാഗത്തും മൃതശരീരങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടി. ലോകം സ്തംഭിച്ച ദിനരാത്രങ്ങളിൽ മനുഷ്യൻ മനുഷ്യരിൽ നിന്നുമകന്ന് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയപ്പോൾ പരസ്പരസമ്പർക്കത്തിന് സാങ്കേതിക വിദ്യയെ അഭയം പ്രാപിച്ചു.  ലോകരാഷ്ട്രങ്ങൾ പരസ്പരം വാതിലുകൾ അടച്ച്, യാത്രകൾക്ക് വിലക്കേർപ്പെടുത്തി. മാസ്ക്ക് നിത്യോപയോഗവസ്തുവായി.

ലോകരാഷ്ട്രങ്ങളെല്ലാം മഹാമാരിയെ തടുക്കാൻ വാക്സിൻ വികസിപ്പിക്കാൻ ശ്രമിച്ചു. തദ്ദേശീയമായ പല ഗവേഷണപരീക്ഷണങ്ങളും നഗരങ്ങളിലെ ചില സ്വകാര്യ ആശുപത്രികളിലും പരീക്ഷണശാലകളിലും അനുമതിയില്ലാതെ നടന്നു. രോഗത്തിൽ നിന്നും രക്ഷപെടാൻ ജനങ്ങൾ പല ചികിത്സാരീതികളിലും അഭയം തേടി. സ്വകാര്യലാബുകൾ വളരെ രഹസ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്നുകൾ വലിയ വിലക്ക്  ആവശ്യമുള്ളവർക്ക് രഹസ്യമായി നൽകി. ഗവൺമെന്റിന്റെ പ്രതിരോധമരുന്ന് ലഭിക്കാൻ കാലതാമസം  നേരിടുമെന്നതിനാൽ പലരും ഇത്തരം മരുന്നുകൾ പാർശ്യഫലങ്ങളെക്കുറിച്ചാലോചിക്കാതെ സ്വീകരിച്ചു.

ആഞ്ചലോയുടെ മാതാപിതാക്കൾ സ്വീകരിച്ച പ്രതിരോധ മരുന്നിൽ വെക്ടർ വൈറസായത് ചിമ്പാൻസിയുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്തതായിരുന്നു.  വെക്ടർ വൈറസിൽ കോവിഡ് വൈറസ് സന്നിവേശിപ്പിച്ചാണ് വാക്സിൻ നിർമ്മിച്ചത്. നിർജ്ജീവമായ  ഇത്തരം വെക്ടർ ഡി. എൻ. എ യാതൊരു പ്രവർത്തനവും വാക്സിൻ സ്വീകരിക്കുന്നവരിൽ കാണിക്കാറില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായി, പുതുതലമുറയിലെ കോശങ്ങൾക്ക് വ്യതിയാനം വരുത്താൻ ഇവക്കു കഴിയും. അങ്ങനെയുണ്ടായ ഒരു വ്യതിയാനത്തിന്റെ പരിണിതഫലമായിരുന്നു ആഞ്ചലോയുടെ രൂപവൈകൃതങ്ങളുടെ രഹസ്യം. ഒരു തരത്തിൽ പറഞ്ഞാൽ, ഡാർവിന്റെ പരിണാമത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക്. ഒരുപാട് ചർച്ചകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ്, ശാസ്ത്രലോകം ആഞ്ചലോയുടെ കണ്ടെത്തൽ അംഗീകരിച്ചത്.

ചിന്തകൾക്ക് വിരാമമിട്ട് ആഞ്ചലോ മനോഹരമായി  വസ്ത്രം ധരിച്ചു.   ഒലിവ് നിറത്തിലുള്ള കാറിൽ സാൻപോയിലേക്ക് യാത്ര ചെയ്യുമ്പോൾ  മനസ്സ് നിർവികാരമായിരുന്നു. തന്റെ ജന്‍മ നാട്ടിൽ ഒരാഴ്ചയായി ചക്രവാതച്ചുഴിമൂലമുണ്ടായ ശക്തമായ കാറ്റും മഴയുമായതിനാൽ കുടുംബത്തിൽ നിന്നാരും ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കില്ല.

ആഞ്ചലോ യൂണിവേഴ്സിറ്റി ഹാളിൽ പ്രവേശിച്ചതും വലിയ ഹർഷാരവം ഉയർന്നു. ചടങ്ങിലുടനീളം പ്രമുഖവ്യക്തികൾ ആഞ്ചലോയെപ്പറ്റി സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾ തന്റെ കളിക്കൂട്ടുകാരെ പരതി ഹാളിലുടനീളം സഞ്ചരിക്കുകയായിരുന്നു. ഏകദേശം മധ്യഭാഗത്തായി കസേരയിലിരിക്കുന്ന മാർവലിനെയും ആതിലയെയും കണ്ടപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ചടങ്ങുകൾ അവസാനിച്ചപ്പോൾ ആഞ്ചലോ ചുറ്റുമുള്ളവരോട് കുശലം പറഞ്ഞു.  എല്ലാവരോടും നന്ദി പറയുമ്പോഴും   ആത്മമിത്രങ്ങളെ തിരഞ്ഞു. കുറച്ചകലെ ഒരു മരച്ചുവട്ടിൽ നിൽക്കുന്ന ആതിലയുടെയടുത്തേക്ക് അവൻ തിടുക്കത്തിൽ നടന്നു. മാർവൽ യൂണിവേഴ്സിറ്റി കാമ്പസ് ക്യാമറയിൽ പകർത്തുകയായിരുന്നു. ആഞ്ചലോ അവർക്കടുത്തെത്തി ആശ്ലേഷിച്ചു. അറിയാതെ അവരുടെ കണ്ണുകൾ നിറഞ്ഞു. 

അന്നുവരെ അനുഭവിച്ച അവഗണനകളും പരിഹാസങ്ങളും ആഞ്ചലോയുടെ കണ്ണീരിൽ കലർന്നിരുന്നു. രണ്ടു പേരും നീട്ടിയ പൂച്ചെണ്ടുകൾ വാങ്ങി.  ആരെക്കെയോ വന്ന് അനുമോദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ചടങ്ങിനെത്തിയവർ പലരും യാത്രപറഞ്ഞ് പിരിഞ്ഞുപോയി. ആഞ്ചലോ കാറിനടുത്തേക്ക് നടന്നു. മാർവലും ആതിലയും അവനെ അനുഗമിച്ചു.

താമസസ്ഥലമായ ലാവിയയിലേക്ക്  പാലത്തിലൂടെയുള്ള യാത്രയിൽ മനോഹരകാഴ്ചകൾ കണ്ട് മാർവൽ വാചാലനായെങ്കിലും ആതില നിശബ്ദയായിരുന്നു. ശൈത്യകാലത്തിന്റെ തണുത്ത കാറ്റ് മനസ്സിനെ കുളിരണിക്കുന്ന ആ താഴ്വരയിലൂടെ വീശുന്നുണ്ടായിരുന്നു.  പാലത്തിന്റെ ഒരരികിൽ മനോഹരമായ ഒരു വ്യൂ പോയിന്റിൽ ആഞ്ചലോ കാർ നിർത്തി അടുത്തുള്ള  ഷോപ്പിൽ നിന്നും കാപ്പി വാങ്ങി അവർക്കുനല്കി. അടുത്തുള്ള മേശക്കിരുവശത്തായി  അവരിരുന്നു. മാർവൽ പ്രകൃതിദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനാരംഭിച്ചു.  ആതില കാപ്പി ഉൗതിക്കുടിച്ച് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ആഞ്ചലോയെനോക്കി. മൗനത്തിനു വിരാമമിട്ട് ഭാവി പരിപാടികളെപ്പറ്റി ആഞ്ചലോയോട് ചോദിച്ചു. 

ചെറുതായി പെയ്യുന്ന ചാറ്റൽ മഴയെയവഗണിച്ച് അവരവിടിരുന്നു.  കൗമാരകാലഘട്ടത്തിൽ ആതിലയുടെ ഇഷ്ടത്തിൽ നിന്നും വഴുതിമാറിയതിന്റെ കാരണം അവൻ അന്നാദ്യമായി അവളോടു പറഞ്ഞു. സ്വപ്നങ്ങളും യാഥാർത്ഥ്യവും ആഗ്രഹങ്ങളുമെല്ലാം അവരുടെ ചർച്ചാവിഷയമായി. പണ്ട് ഒാടിക്കളിച്ചു നടന്നിരുന്ന കൗമാരക്കാലത്തിലെത്തിയതായി അവർക്കനുഭവപ്പെട്ടു.

ചാറ്റൽ മഴ  ചെറിയ വെയിലിന് വഴിമാറിയപ്പോൾ അകലെ മഴവില്ല് തെളിഞ്ഞുവന്നു. ആഞ്ചലോ ആതിലയെ നോക്കി പുഞ്ചിരിച്ചു. ഒരു നിമിഷത്തെ നിശബ്ദതക്കുശേഷം  തനിക്ക് ആതിലയോടുണ്ടായിരുന്ന സ്നേഹം വെളിപ്പെടുത്തി. അത് പ്രതീക്ഷിച്ചിരുന്നപോലെ ആതില അവളുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നൊരു മോതിരമെടുത്തു ആഞ്ചേലോയുടെ കരം ഗ്രഹിച്ച്, അവന്റെ വിരലിലണിയിച്ചു. 

ജീവിതത്തിലെ രണ്ട് അഭിമാനമുഹൂർത്തങ്ങൾ ഒരുമിച്ചുവന്ന ഇൗ ദിവസത്തിന് മനസ്സിൽ ദൈവത്തോട് അവൻ നന്ദി പറയുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തിന് അർത്ഥമുണ്ടായതായി ആഞ്ചലോ തിരിച്ചറിഞ്ഞു. അറിയാതെകണ്ണിലൂറിയ മിഴിനീർ അവരുടെ കാഴ്ചകളിൽ വർണ്ണം വിതച്ചു.  കൈകോർത്ത് അവർ കാറിനടുത്തേക്ക് നടക്കുന്ന ദൃശ്യം മാർവൽ തന്റെ ക്യാമറയിൽ പകർത്തി.

Follow Us:
Download App:
  • android
  • ios