ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. തോമസ് ജോസഫ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

വസന്തത്തിലെ ഒരു പ്രഭാതം. സൂര്യകിരണങ്ങള്‍ ഭൂമിയെ ആശ്ലേഷിക്കാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. വിവിധയിനം പൂക്കള്‍കൊണ്ട് ഭംഗിയായി തുന്നിയ പട്ടുടയാട ഞൊറിഞ്ഞുടുത്തു നില്‍ക്കുന്ന നവ വധുവിനെപ്പോലെ കാട് പൂത്തുലഞ്ഞ് നിന്നു.

ജീവജാലങ്ങള്‍ പ്രഭാതത്തിന്‍റെ ആലസ്യം വിട്ടുണര്‍ന്നു തുടങ്ങിക്കഴിഞ്ഞിരുന്നു. അവളുടെ-ആ പെണ്‍കിളിയുടെ - അഴക് കണ്ടിട്ടാവണം, ചെറിയൊരു കാറ്റില്‍ തെല്ല് വഴുതിമാറിയ ഇലകളുടെ വിടവിലൂടെ സൂര്യരശ്മികള്‍ അവളുടെ കണ്‍പോളകളില്‍ ഒരു മുത്തം കൊടുത്തു. ഒരു മരച്ചില്ലമേല്‍ ഇരുന്ന്, സ്വന്തം ചിറകുകളുടെ ചൂടില്‍ ഉറങ്ങുകയായിരുന്ന അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നു.

അവള്‍ - ആ പെണ്‍കിളി - മെല്ലെ എഴുന്നേറ്റിരുന്നു. പിന്നെ തന്‍റെ ചിറകുകള്‍ ചെറുങ്ങനെ വിടര്‍ത്തി, ദേഹം ഒന്ന് കുടഞ്ഞു, ചുണ്ടുകള്‍ ആ മരച്ചില്ലയില്‍ രാകി മിനുക്കി, തല തെക്കും പൊക്കും ചെരിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഒന്ന് നോക്കി.

നല്ല സുഖമുള്ള പ്രഭാതം. അവള്‍ മനസ്സിലോര്‍ത്തു.

'കൂ...കൂ...'- അവള്‍ നീട്ടിപ്പാടി. എന്നിട്ട് ചുറ്റും വിടര്‍ന്നു നില്‍ക്കുന്ന പൂക്കളെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട്, സുന്ദരമായ ചിറകുകള്‍ വിടര്‍ത്തി അവള്‍ പറന്നുയര്‍ന്നു, പുത്തന്‍ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും സാക്ഷിയാകാനെന്ന വണ്ണം.

'എന്നെപ്പോലെ തന്നെ എത്ര മനോഹരിയാണ് ഈ പ്രകൃതി.'-ഉയര്‍ന്നു പറക്കുന്നതിനിടെ അവള്‍ താഴെയുള്ള കാഴ്ചകള്‍ നോക്കിക്കൊണ്ട് സ്വയം പറഞ്ഞു.

വസന്തമെന്നത് കാലത്തിന്‍റെ ചിത്രകാരനാണ്, അവള്‍ക്ക് തോന്നി. തന്‍റെ ഊഴമാകുന്നതുവരെ ഏതോ നാട്ടിലെ ആര്‍ക്കും അറിയാത്ത ഒരിടത്ത് ഇനിയും വരാനിരിക്കുന്ന സൃഷ്ടികളെ കുറിച്ച് ധ്യാനനിമഗ്‌നനായി ഇരിക്കുകയാവും ആ ചിത്രകാരന്‍. ദൈവത്തിന്‍റെ മാലാഖ, വസന്തമെത്തുന്നതിന്‍റെ അറിയിപ്പുമായി പ്രകൃതിയിലേക്ക് ഇറങ്ങി, അതിനെ ഒരുക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അയാള്‍ തന്‍റെ ചായസഞ്ചിയും പേറി യാത്ര തിരിക്കുകയായി. പിന്നീടങ്ങോട്ട് പ്രകൃതിയുടെ ഉത്സവമാണ്.

പിങ്ക് നിറമുള്ള താമരപ്പൂക്കളുടെ ഏറ്റവും താഴ്ഭാഗത്തെ ഇതളുകള്‍ നന്നേ വിടര്‍ത്തിവയ്ക്കുന്നതും, അതിന്‍റെ ഏറ്റവും മുകളിലത്തെ ഇതളുകള്‍ നന്നേ കൂമ്പി വയ്ക്കുന്നതും, അവയുടെ ഓരോ ഇതളിലും ഒരേ നിറത്തിന്‍റെ വിവിധ ഭാവങ്ങള്‍ തീര്‍ക്കുന്നതുമെല്ലാം അയാള്‍ തന്നെ. അതേ ആള്‍ തന്നെയാണ് ഇത്രയും ഭംഗിയായി ചിരിക്കാന്‍ സൂര്യകാന്തിയെ പ്രേരിപ്പിക്കുന്നതും.

ഓരോ വസന്തവും ഓരോന്നില്‍ നിന്നും വ്യത്യസ്തമാണ്. അല്ലെങ്കിലും അതങ്ങനെയാണ്. ഏതൊരു കലാകാരനാണ് തന്‍റെ സൃഷ്ടികള്‍ എല്ലാം ഒന്നിനൊന്ന് മനോഹരവും വ്യത്യസ്തവുമാകണം എന്ന് ആഗ്രഹിക്കാത്തത്? അപ്പോള്‍ പിന്നെ ആരാലും തുലനം ചെയ്യാന്‍ സാധ്യമല്ലാത്ത ആ കലാകാരനും അങ്ങനെ തന്നെയാവില്ലേ ചിന്തിക്കുക! ആ പെണ്‍കിളി മനസ്സിലോര്‍ത്തു.

ഓ... അവിടം എത്ര മനോഹരമാണ്! അവള്‍ അല്‍പം താഴ്ന്ന് പറന്ന് ആ ദൃശ്യം ഒന്ന് അടുത്ത് കാണാന്‍ ശ്രമിച്ചു. വളരെ ശാന്തവും എന്നാല്‍ ഭംഗിയുള്ളതുമായ ഒരു തടാകം. അതിനുചുറ്റും ധാരാളം മരങ്ങള്‍ പൂത്തുവിടര്‍ന്നു നില്‍ക്കുന്നു. പൂക്കളില്‍ നിന്ന് തേന്‍ നുകരുന്നതിനിടെ ആലോല നൃത്തംചെയ്യുന്ന പൂമ്പാറ്റകള്‍, അവയെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ മൂളിപ്പറക്കുന്ന കരിവണ്ടുകള്‍, തുമ്പി തുള്ളുന്ന പൂത്തുമ്പികള്‍, വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യകിരണങ്ങള്‍ എല്ലാം എത്ര മനോഹരം. അല്‍പനേരം അവിടെ വിശ്രമിക്കാം എന്നു കരുതി അവിടേയ്ക്ക് പറന്നിറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ തടാകത്തിന്‍റെ മറുകരയിലെ ഒഴിഞ്ഞ കോണില്‍ അവള്‍ ആ ദൃശ്യം കണ്ടത്. പണ്ട് ആരോ തടികൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു നടപ്പാലം, അത് ആ തടാകത്തിലേയ്ക്ക് നീണ്ടുകിടക്കുന്നു, ആ പാലത്തിനോട് ചേര്‍ന്നു നിറയെ പൂത്തു നില്‍ക്കുന്ന ഒരു നീല്‍മോഹര്‍മരം, ഇളംകാറ്റില്‍ അതിന്‍റെ ഇതളുകള്‍ ആ നടപ്പാലത്തിലേയ്ക്ക് വീണുകിടക്കുന്നത് കണ്ടാല്‍, തലേന്ന് രാത്രി അതുവഴി പറന്നുപോയ ഏതോ ഒരു ഗഗനചാരിയുടെ കയ്യിലെ പൂക്കുടയില്‍ നിന്നും പൂക്കള്‍ തൂവിത്തെറിച്ചു കിടക്കുന്നതാണെന്നേ തോന്നൂ. അവള്‍ ആ മരത്തിന്‍റെ ഏതെങ്കിലുമൊരു ചില്ലയില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. എന്നിട്ട് അതിനെ ലക്ഷ്യമാക്കി പറന്നു.


അവള്‍ ആ മരച്ചില്ലയിലിരുന്നു ചുറ്റിലും ഒരിക്കല്‍ കൂടി കണ്ണോടിച്ചു.

'കൂ...കൂ...'-അവള്‍ മനോഹരമായി നീട്ടിക്കൂവി.

'കൂ...കൂ...'-തടാകത്തിന്‍റെ അങ്ങേ വശത്തു നിന്നും ആരോ അവള്‍ക്ക് മറുപടിയെന്നോണം കൂവുന്നു.

ചുവന്ന പൂക്കള്‍ ചൂടിയ തന്‍റെ തല അങ്ങുമിങ്ങും ചരിച്ച് അവള്‍ നോക്കി. അവിടെയെങ്ങും ആരേയും കാണാനുണ്ടായിരുന്നില്ല.

'കൂ... കൂ...'-അവള്‍ ഒരിക്കല്‍ക്കൂടി കൂവി.

'കൂ...കൂ...'' മറുതലയ്ക്കല്‍ നിന്ന് വീണ്ടും ആരോ കൂവുന്നു. അവള്‍ അവിടം മുഴുവന്‍ ഒരു വട്ടം ഉയര്‍ന്നു പറന്നുവീക്ഷിച്ചു. അവിടെങ്ങും ആരുമില്ല. അവള്‍ ഉറപ്പിച്ചു.

അപ്പോള്‍ താന്‍ കേട്ട ശബ്ദം? ഒരുപക്ഷേ തന്‍റെ തന്നെ ശബ്ദത്തിന്‍റെ പ്രതിധ്വനി ആയിരിക്കും, അങ്ങനെ ചിന്തിച്ചപ്പോള്‍ അവള്‍ക്ക് കൂടുതല്‍ രസം തോന്നി.

'കൂ...കൂ...'-അവള്‍ വീണ്ടും ഉച്ചത്തില്‍ കൂവി.


അവള്‍ ശബ്ദമുണ്ടാക്കുന്ന മുറയ്ക്ക് അങ്ങേ വശത്തു നിന്നും അതേ പോലൊരു ശബ്ദം വന്നുകൊണ്ടേയിരുന്നു.

അവള്‍ അല്‍പനേരം കൂടി അവിടെ തുടരാന്‍ തീരുമാനിച്ചു.

'കൂ...കൂ..'-അവിടെ നിന്നും പുറപ്പെടാന്‍ തുടങ്ങുന്നതിന് മുന്‍പ് അവള്‍ ഒരിക്കല്‍ കൂടി കൂവി.

'കൂ...കൂ...കൂ...കൂ...' ഇപ്രാവശ്യം അവള്‍ തന്‍റെ തന്നെ ശബ്ദത്തിന്‍റെ മാറ്റൊലി കേട്ടില്ല. അവിടെ മറ്റാരോ ഉണ്ട്!-അവള്‍ തീര്‍ച്ചയാക്കി. അത് ആരായിരിക്കും? ആരാണെങ്കിലും തന്നെ കളിയാക്കാന്‍ അയാള്‍ ആര്? അവള്‍ക്ക് ദേഷ്യം തോന്നി. താന്‍ അവിടം മുഴുവന്‍ ചുറ്റിയടിച്ചുനോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതല്ലേ. എന്നിട്ടും അവിടെ ആരോ ഉണ്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്തതിലുള്ള തന്‍റെ ജാഗ്രതക്കുറവിനെ അവള്‍ സ്വയം വിമര്‍ശിച്ചു.


'കൂ...കൂ..' വീണ്ടും ആരോ കൂവുന്നു. ആരാണത്? അവള്‍ക്ക് ദേഷ്യം കൂടിവന്നു. മാത്രവുമല്ല, ഇപ്പോള്‍ ആ ശബ്ദം കേട്ടത് താന്‍ ഇരിക്കുന്ന അതേ മരത്തില്‍ നിന്നാണ്. അവള്‍ സൂക്ഷിച്ചുനോക്കി. ആ മരത്തിന്‍റെ മറ്റൊരു ചില്ലയില്‍ നീല്‍മോഹര്‍ പൂക്കളുടെ ഇടയില്‍ തന്‍റെ ശരീരം ഒളിപ്പിച്ചുവച്ച് ഒരാണ്‍കിളി...

അത് അവള്‍ക്ക് കാണാനെന്നവണ്ണം തന്‍റെ തലയിലെ ഏഴു നിറത്തിലുള്ള പൂക്കള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് അവിടെ ഇരുന്നു. അവള്‍ക്ക് നന്നേ ചൊടിച്ചു. അത് മനസ്സിലാക്കിയിട്ടാവണം അവന്‍, അവിടേയ്ക്ക് പറന്നുവന്നു. എന്നിട്ട് മെല്ലെ, അവളിരിക്കുന്ന അതേ ചില്ലയില്‍ ഇരിപ്പുറപ്പിച്ചു.

'എത്ര സുന്ദരനാണവന്‍!'-അവളുടെ ദേഷ്യം ക്ഷണനേരം കൊണ്ട് അലിഞ്ഞില്ലാതെയായി.

'കൂ...കൂ..'-അവന്‍ അവളെ നോക്കിക്കൊണ്ട് കൂവി.

അവള്‍ക്ക് ചിരി വന്നു. അവള്‍ നാണത്തോടെ ചിരിച്ചു.

അല്‍പസമയം കൂടിക്കഴിഞ്ഞു. അവരിരുവരും അവിടെ നിന്ന് മറ്റൊരു ലക്ഷ്യത്തിലേയ്ക്ക് പറന്നുയര്‍ന്നു. കാലം പ്രകൃതിയിലെ ഓരോ ജീവകണത്തിനുള്ളിലും നിക്ഷേപിച്ചു പോന്ന പ്രേമം എന്ന സുന്ദരവും, ദിവ്യവുമായ അനുഭവം കണ്ടെത്താനെന്നവണ്ണം, ആ വസന്തകാലത്തിനു നടുവിലൂടെ ആത്മാവിന്റെ തേരും തെളിച്ചുകൊണ്ട് അവരിരുവരും പറന്നുനീങ്ങി.

കാലം കടന്നുപോയി. അതോടൊപ്പം ആ വസന്തവും മാഞ്ഞുപോയി. പകരം അതികഠിനമായ വര്‍ഷകാലം ആഗതമായി. മനോഹരമായ വസന്തകാലം, അവരിരുവര്‍ക്കുമായി നാല് പൊന്‍മുട്ടകള്‍ സമ്മാനിച്ചിട്ടാണ് കടന്ന് പോയത്. ആ മുട്ടകള്‍, പെണ്‍കിളിയുടെ നെഞ്ചിലെ ചൂടും, ആണ്‍കിളിയുടെ കരുതലുമേറ്റ് കാലത്തിന്‍റെ പൂര്‍ത്തിയില്‍ മിഴി തുറന്നു. നാല് ഓമനക്കിളികള്‍.

ശക്തമായ മഴയുടെ വരവറിയിച്ചുകൊണ്ട് വടക്കുദിക്കില്‍ നിന്നും കാറ്റ് വീശാന്‍ തുടങ്ങി. ക്ഷണനേരം കൊണ്ട് ആകാശം മേഘാവൃതമാകുന്നതു കണ്ട് ആണ്‍കിളി ധൃതിയില്‍ ഇരതേടാന്‍ ഇറങ്ങി.

'വേഗം മടങ്ങിവരണേ, ദൂരേയ്ക്ക് എങ്ങും പോകണ്ട.'-അവള്‍ അവനോട് പറഞ്ഞു.

അവന്‍ അവളുടെ ചുണ്ടില്‍ ഒരു മുത്തം കൊടുത്തശേഷം തങ്ങളുടെ കൂട്ടില്‍ അമ്മനെഞ്ചിന്‍റെ ചൂടേറ്റ് മയങ്ങുന്ന തന്‍റെ പൊന്നോമനകളെ ഒരു നോക്ക് നോക്കിക്കൊണ്ട് അവിടെ നിന്നും മെല്ലെ പറന്നകന്നു.

ആണ്‍കിളി ഇര തേടാന്‍ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞു! ഇതുവരേയ്ക്കും മടങ്ങിവന്നില്ല.

കാലവര്‍ഷം തകര്‍ത്ത് പെയ്യുകയാണ്. അല്ലെങ്കിലും ഈ ആണ്‍കിളികളെല്ലാം അങ്ങനെയാണ്, വസന്തകാല രാവുകള്‍ക്ക് നിറം കൂട്ടാന്‍ അവര്‍ക്ക് ഒരു ഇണയെ വേണം. അതു കഴിഞ്ഞാല്‍ പിന്നെ അവര്‍ പോയ വഴിയാണ്. പെണ്‍കിളി സങ്കടപ്പെട്ടു. എന്നാല്‍ താനുള്‍പ്പെടുന്ന അമ്മക്കിളികള്‍ക്ക് അങ്ങനെയല്ല. തങ്ങള്‍ക്ക് ഇതൊരു തപസ്സാണ്. ഏതൊരു പ്രതികൂല അവസ്ഥയിലും തന്‍റെ കുഞ്ഞുങ്ങളെയും അവ വളരുന്ന കൂടും ഉപേക്ഷിച്ച് ഒരു ലോകം തങ്ങള്‍ക്കില്ല. അല്ലെങ്കില്‍ തങ്ങള്‍ മരിക്കണം!

അങ്ങനെ പോയി അവളുടെ മനോവിചാരങ്ങള്‍.

ഒരു മണിയനീച്ച അവളുടെ മുന്നിലൂടെ മൂളിപ്പറന്ന് പോയി.

അവള്‍ പെട്ടെന്ന് മുന്നോട്ട് ആഞ്ഞു. ഒറ്റ കൊത്ത്! ഈച്ച അവളുടെ കൊക്കിലുടക്കി. അവള്‍ അതിനെ നാലായിട്ട് പകുത്തു. എന്നിട്ട് വിശന്നുകരയുന്ന തന്‍റെ കുഞ്ഞുങ്ങളുടെ വായിലേയ്ക്ക് അതിനെ ആഹാരമായി വിളമ്പി. നാലുപേരില്‍ ഒന്നാമന്‍ ഒന്ന് ചിലച്ചു. അതുകേട്ട് അവളുടെ ഉള്ളം കുളിര്‍ത്തു. മഴ തുടരുകയാണ്, ഒപ്പം കനത്ത കാറ്റും.

ആണ്‍കിളി വരുന്നതും കാത്തിരുന്നാല്‍ താനും തന്‍റെ കുഞ്ഞുങ്ങളും വിശപ്പുകൊണ്ട് മരിച്ചുപോകും. അവന്‍ ഇപ്പോള്‍ ഏതെങ്കിലുമൊരു പെണ്‍കിളിയുടെ ചൂട് പറ്റി ഇരിപ്പുണ്ടാകും. അതോര്‍ത്തപ്പോള്‍, അവള്‍ക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. കനത്ത മഴയും, കാറ്റും തെല്ല് ശമിച്ചു. അവള്‍ ഇരതേടാനായി ഇറങ്ങി. ഉയര്‍ന്നു പറക്കുന്നതിനിടെ മഴ വിതച്ച നാശനഷ്ടങ്ങള്‍ അവള്‍ നേരിട്ടു കണ്ടു. കടപുഴകി വീണ മരങ്ങള്‍ അങ്ങിങ്ങ് വീണുകിടക്കുന്നു. കൂട് നഷ്ടപ്പെട്ട കിളികള്‍ മറ്റു മരങ്ങളുടെ ചില്ലയില്‍ അഭയം തേടിയിരിക്കുന്നു. കുത്തിയൊലിച്ച് ഒഴുകുന്ന പുഴ, അതിലൂടെ ഒരു ആട്ടിന്‍കുട്ടി ഒഴുകിപ്പോകുന്നു...

എല്ലാം ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍. അങ്ങ് താഴെ കടപുഴകിവീണുകിടക്കുന്ന ഒരു മരത്തിന്‍റെ ചില്ലകള്‍ക്കിടയിലൂടെ ധാരാളം ഈച്ചകള്‍ മൂളിപ്പറക്കുന്നത് അവള്‍ കണ്ടു. വിശന്ന വയറിന്‍റെ അന്നം കണ്ടെത്തിയ അവളുടെ കണ്ണുകള്‍ തിളങ്ങി. അവള്‍ അവിടേയ്ക്ക് പറന്ന് അവയെ ഒന്നൊന്നായി കൊത്തിവിഴുങ്ങി. വിശപ്പൊന്ന് അടങ്ങിയപ്പോള്‍ അവള്‍ നിലത്ത് പറ്റിക്കിടന്ന ഇലകള്‍ സ്വന്തം കാലുകള്‍കൊണ്ട് ചിക്കി ചികഞ്ഞുനോക്കി. അവിടെ ധാരാളം പുഴുക്കള്‍ നുരയ്ക്കുന്നു.

പെരുമഴയിലും കാറ്റിലും പെട്ട് ചത്തുവീണ എന്തിനെയോ അവ ആഹാരമാക്കുകയായിരുന്നു.

അപ്പോള്‍ മറ്റൊരു ചില്ലയുടെ അടിയില്‍ അവള്‍ അത് കണ്ടു, ചലനമറ്റു വിറങ്ങലിച്ചുകിടക്കുന്ന ഒരു ആണ്‍കിളി. അപ്പോഴും അതിന്‍റെ ചുണ്ടില്‍ ഒരു കരിവണ്ടിനെ ഉടക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു. ആ കാഴ്ച കണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഒന്ന് ഉറക്കെ കരയണമെന്ന് അവള്‍ക്ക് തോന്നി. പക്ഷേ ശബ്ദം തൊണ്ടയുടെ പാതിയില്‍ ഉടക്കി, അവളുടെ നെഞ്ച് പിടഞ്ഞു, ദേഹംവിറച്ചു. മെല്ലെ അവള്‍ ചേതനയറ്റ് ആ ആണ്‍കിളിയുടെ മാറിലേക്ക് മറിഞ്ഞുവീണു.

അപ്പോള്‍ അവിടെ നിന്നും ഒരു കാറ്റ് പറന്നുയര്‍ന്നു. അങ്ങ് ദൂരെയായി ഒരു മരച്ചില്ലയില്‍ വിശന്നു തളര്‍ന്നുറങ്ങുന്ന നാല് കിളിക്കുഞ്ഞുങ്ങള്‍ക്ക് അനാഥത്വത്തിന്‍റെ വിറങ്ങലിച്ച തണുപ്പ് പകരാനെന്നവണ്ണം അത് അവിടം ലക്ഷ്യമാക്കി നീങ്ങി.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...