Asianet News MalayalamAsianet News Malayalam

സോഹ, വിനോദ് വിയാര്‍ എഴുതിയ കഥ

ചില്ലയില്‍ ഇന്ന്  വിനോദ് വിയാര്‍ എഴുതിയ കഥ
 

chilla malayalam short story by Vinod viyar
Author
Thiruvananthapuram, First Published Jun 19, 2021, 8:14 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by Vinod viyar

 

ഓടിയെത്തിയതും സിഗ്‌നലിന്റെ പിന്‍ബലത്തില്‍ ഡ്രൈവര്‍ ബസ്സ് മുന്നോട്ടെടുത്തുകഴിഞ്ഞിരുന്നു.

സോഹയ്ക്ക് വല്ലാത്ത നിരാശ തോന്നി. നാണക്കേട് ഓര്‍ത്താണ് ഉച്ചത്തില്‍ വിളിച്ചുകൂവാതിരുന്നത്. അത് അബന്ധമായി. നാവിന്റെ ഒരു ചെറിയ ചലനം പോലും കണ്ടക്ടറുടെ ശ്രദ്ധ ഒരുപക്ഷേ അവളിലേക്ക് പതിപ്പിച്ചേനെ, അത്രയ്ക്ക് അടുത്തെത്തിക്കഴിഞ്ഞിരുന്നു അവള്‍.

ഇനി ആറിനേയുള്ളൂ വണ്ടി. അരമണിക്കൂര്‍ ഇവിടെത്തന്നെ അങ്ങുമിങ്ങും നോക്കിനില്ക്കണം. ബസ്സ് കാത്തുനില്ക്കുന്നതു പോലെ സോഹ ഇത്രയും വെറുക്കുന്ന മറ്റൊന്നില്ല. നിന്നു നിന്നു കാലുകുഴയുനതിനേക്കാള്‍ പല കണ്ണുകള്‍ ആവേശത്തോടെ അവളെത്തന്നെ കൊത്തിവലിക്കുന്നതാണ് സഹിക്കാനാകാത്തത്. കലുങ്കിനു മുകളിലും കടയ്ക്കുള്ളിലും ഓട്ടോറിക്ഷയ്ക്കകത്തും ബസ് സ്റ്റാന്റിലും അങ്ങനെ അങ്ങനെ എവിടെയും ഇത്തരം കണ്ണുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. അത് തയ്യാറായി നില്ക്കുന്നു. സോഹയെപ്പോലെ സുന്ദരികളായ പെണ്‍കുട്ടികളുടെ വസ്ത്രങ്ങളിലൂടെ തുളച്ചിറങ്ങാന്‍...

ഒരുപക്ഷേ തനിക്കിന്ന് അഞ്ചരയുടെ ബസ്സ് കിട്ടുമായിരുന്നല്ലോ എന്നവള്‍ ഓര്‍ത്തു. ക്ലാസ്സ് കഴിഞ്ഞിറങ്ങാന്‍ നേരം ശ്രീധരന്‍ സാറിന്റെ കുഞ്ഞുവാവയെ കൊഞ്ചിക്കാന്‍ നിന്നില്ലായിരുന്നെങ്കില്‍. എങ്കില്‍ ഉറപ്പായും ഇപ്പോള്‍ എത്രയോ ദൃശ്യങ്ങളെ പിന്നിലേക്ക് തള്ളിവിട്ട് സൂര്യപ്രകാശവുമേറ്റ് കാറ്റിന്റെ കരവലയത്തില്‍ തുടിച്ച് പോകാമായിരുന്നു. അവള്‍ ദീര്‍ഘമായി നിശ്വസിച്ചു.

'ബസ് പോയല്ലോ മോളേ...'' നിനച്ചിരിക്കാതെ പൊട്ടുന്ന കതിന പോലെ ഒരു ശബ്ദം തെറിച്ചുവീണു. ഹോട്ടല്‍ തിണ്ണയില്‍, തന്റെ പാദങ്ങള്‍ക്കടുത്തു കൂടി മാര്‍ച്ച് ചെയ്യുന്ന ഉറുമ്പിന്‍ പട്ടാളങ്ങളെ ശ്രദ്ധിച്ചുനിന്നിരുന്ന അവളൊന്നു ഞെട്ടിയതുപോലെ തോന്നി. മുഖമുയര്‍ത്തിയതും ഒരാള്‍ ചിരിയോടെ മുന്നിലുണ്ടായിരുന്നു. വെളുത്തുനരച്ച ഒരു തടിയന്‍. വശങ്ങളിലെ രണ്ടു പല്ല് പോയിരിക്കുന്നു. ദുഷിപ്പിക്കുന്ന വസ്തുക്കളുടെ അമിതോപയോഗം കാരണം തിളക്കം നഷ്ടപ്പെട്ട പല്ലുകള്‍. ചുവന്നുകലങ്ങിയ കണ്ണുകള്‍. അസ്വീകാര്യമായ ചിരി.

അയാളെ സോഹയ്ക്കറിയാം. അങ്ങനെ നന്നായറിയില്ല; കണ്ടിട്ടുണ്ട്. പലപ്പോഴും എതിര്‍വശത്തുള്ള പീടികത്തിണ്ണയിലെ ബെഞ്ചില്‍ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. കാന്തത്തിന് നേരെ തിരിയുന്ന മൊട്ടുസൂചി പോലെ അയാളുടെ കണ്ണുകള്‍ എപ്പോഴും റോഡിലൂടെ പോകുന്ന പെണ്‍കുട്ടികളുടെ പിന്നാലെ ചലിക്കുന്നതു കാണാം.

'കുറച്ചുകൂടി നേരത്തേ എത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്നല്ലോ.' പല്ലുകള്‍ക്കകത്ത് തടവിലാക്കപ്പെട്ട ചുവന്ന പാമ്പ് ചലിച്ചു. അവള്‍ അതിനു മറുപടി പറഞ്ഞില്ല, ശരീരം ഒന്നുചെറുതായി ചലിച്ചെന്നു തോന്നി. ആ ചലനത്തില്‍ കുറെ ഉറുമ്പിന്‍ പട്ടാളങ്ങള്‍ ചതഞ്ഞുമരിച്ചു. ബാക്കിയുള്ളവ വേറൊരു പാത തെളിച്ച് നടക്കാന്‍ തുടങ്ങി.

അവള്‍ക്ക് വല്ലാത്ത അസഹനീയത തോന്നി. നിങ്ങളൊന്നു പോകാനെന്തു തരണം എന്ന മുഖഭാവം അവള്‍ പോലുമറിയാതെ വിരുന്നുവന്നു. അയാളുടെ കണ്ണുകള്‍ അവളുടെ കഴുത്തിനും താഴേക്ക് നീളുന്നു. അവള്‍ ചുരിദാറിന്റെ ഷോള്‍ നേരെയാക്കി പുസ്തകം ഒന്നുകൂടി അമര്‍ത്തിപ്പിടിച്ചു. രക്ഷയില്ല; അയാള്‍ കണ്ണും മനസ്സും കൊണ്ട് തന്നെ വസ്ത്രാക്ഷേപം ചെയ്യുന്നതുപോലെ സോഹയ്ക്കനുഭവപ്പെട്ടു. ഒരിക്കലും മറക്കാനിടയില്ലാത്ത അവളുടെ ചിത്രം മനസ്സിലെ ഭിത്തിയില്‍ ആണിയടിച്ചു തറച്ചിട്ട് അയാള്‍ അടുത്ത ചിത്രം കണ്ടെത്താനായി പിന്‍ വാങ്ങി. 

നാശം പോയല്ലോ, അവള്‍ക്ക് തെല്ലാശ്വാസം തോന്നി. എതിര്‍വശത്തുകൂടി മധ്യവയസ്‌കയായ ഒരു സ്ത്രീ പോകുന്നതുകണ്ടു. ആ വഷളന്‍ അവരുടെ പിന്‍ഭാഗത്തേക്ക് തന്നെ തുറിച്ചുനോക്കി നില്‍ക്കുന്നു. ഛെ... സോഹയില്‍ വല്ലാത്ത അമര്‍ഷം പുകഞ്ഞു.

വാച്ചിലെ സൂചികള്‍ പതിയെ ചലിക്കുന്നു. പെട്ടെന്ന് ആറുമണിയായെങ്കില്‍... ഈ നില്പ് ഇനി എത്ര നേരം! അവള്‍ അച്ഛനെ മൊബൈലില്‍ വിളിച്ചുനോക്കി. പരിധിയ്ക്ക് പുറത്ത് എന്ന മറുപടി വന്നു. നാശം... വീണ്ടും ഡയല്‍ ചെയ്തു. അതേ മറുപടി.

നിരത്തില്‍ ആളുകള്‍ വളരെക്കുറവാണ്. ആറുമണിക്കുള്ള വണ്ടി കാത്ത് താന്‍ ഒരാളേ ഉള്ളൂവെന്നതും സോഹയ്ക്ക് വല്ലാത്ത വിമ്മിട്ടമുണ്ടാക്കി. ഈ ഹോട്ടലിന്റെ തിണ്ണയില്‍ ഇങ്ങനെ നില്ക്കുന്നുണ്ടെങ്കിലും അവള്‍ അടിമുടി വിറയ്ക്കുകയായിരുന്നു. ഹോട്ടലിലേക്ക് കയറുന്നിടത്ത്, വലതുവശം ഉയര്‍ന്ന കസേരയില്‍ ചുറ്റുമേശയ്ക്കപ്പുറത്തിരുന്ന് പണം കൈകാര്യം ചെയ്യുന്ന കൊമ്പന്‍മീശക്കാരന്റെ കണ്‍കോണുകളും ഇടയ്ക്കിടെ പാളിവീഴുന്നുണ്ടായിരുന്നു. 

പടിഞ്ഞാറേക്ക് ശ്രദ്ധിച്ച ഏതോ നിമിഷത്തില്‍ അവരുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു. ഈശ്വരാ.. എന്തൊരു പരീക്ഷണം. എതിര്‍വശത്തുള്ള പീടികത്തിണ്ണയില്‍ ഇരിക്കുന്ന രണ്ടുപേര്‍ തന്നെ തന്നെ തുറിച്ചുനോക്കുന്നു. 

അവര്‍ എന്തൊക്കെയോ അടക്കം പറഞ്ഞുചിരിക്കുന്നു. എന്താവാം അവര്‍ പറയുന്നത്? തന്നെക്കുറിച്ചാവുമോ? അവള്‍ക്ക് എങ്ങോട്ടും നോക്കാന്‍ ശക്തിയില്ലാതായി. എല്ലാ കണ്ണുകളും തന്റെ നേര്‍ക്ക്. നോട്ടങ്ങള്‍ക്ക് നടുവില്‍!

പ്രതീക്ഷിക്കാതെ മഴ ചാറിത്തുടങ്ങി. ആകാശം നീലയാട മാറ്റി കറുത്തതുടുത്തിരിക്കുന്നു. അവളുടെ ദു:ഖത്തിന്റെ ചിഹ്നമാണീ നിറം. ഇനി നിറുത്താതെയുള്ള കരച്ചിലായിരിക്കും. ഇടയ്ക്കിടെ മിന്നലിന്റെ കൈകള്‍ അവളെപ്പുണര്‍ന്നേക്കാം. അപ്പോഴവള്‍ അവനെ ഉച്ചത്തില്‍ ശകാരിക്കും. പിന്നേയും കരയും.

മഴ പതിയെ ശക്തിപ്രാപിക്കുകയാണ്. സോഹയുടെ ഉള്ളില്‍ നിറുത്താതെ കൊള്ളിയാന്‍ മിന്നി. ബസ്സ് ഒന്നുപെട്ടെന്ന് വന്നെങ്കില്‍... ഇനിയുമുണ്ട് പത്ത് മിനിട്ട്. മൊബൈലിന് ജീവന്‍ വെയ്പ്പിച്ചു നോക്കി. പരിധിയ്ക്ക് പുറത്തു തന്നെ. 

കാര്‍മേഘം കറുപ്പിച്ച അന്തരീക്ഷത്തിലൂടെ മഴയുടെ കുഞ്ഞുങ്ങള്‍ യൗവനയുക്തരായി വീണുചിതറി. മഴയും ആസക്തിയോടെ സോഹയെ കൈനീട്ടിപ്പിടിച്ചു. അവള്‍ ഭിത്തിയോട് കൂടുതല്‍ ചേര്‍ന്നുനിന്നു. പുസ്തകങ്ങള്‍ ഒന്നുകൂടി അടക്കിപ്പിടിച്ചു. റോഡിനപ്പുറമുള്ള കാഴ്ചകളെല്ലാം അവ്യക്തമാക്കി മഴയുടെ പട്ടുസാരി താഴേക്കിറങ്ങുന്നു. തറയില്‍ പുളയുന്നു.

എട്ടുമിനിട്ട് ഇനിയും ബാക്കി. അവള്‍ ബസ്സ് വരുന്നിടത്തേക്ക് തന്നെ നോക്കിനിന്നു. മഴയുടെ ഒച്ചയില്‍ ബസ്സ് വരുന്ന ശബ്ദം കേട്ടെന്നുവരില്ല. പെട്ടെന്ന് ഇറങ്ങിച്ചെന്നില്ലെങ്കില്‍ അവരും നിര്‍ത്താതെ പോയേക്കും. എങ്കില്‍ തന്റെ കാര്യം!
അതവള്‍ക്ക് ഓര്‍ക്കാന്‍ പോലും വയ്യ. എങ്ങനെയെങ്കിലും ഇവിടുന്നൊന്നു രക്ഷപെട്ടാല്‍ മതി. കൊമ്പന്‍മീശക്കാരന്റെ കണ്ണുകള്‍ ഇപ്പോള്‍ തന്റെ ഏതു ശരീരഭാഗം തുളയ്ക്കുകയായിരിക്കും. അവള്‍ അങ്ങോട്ടുനോക്കാന്‍ ധൈര്യപ്പെട്ടില്ല.

ആ സമയം ചെരിഞ്ഞിറങ്ങുന്ന മഴയിലൂടെ നീരാടി ഒരു ഓട്ടോറിക്ഷ ഹോട്ടലിന്റെ മുന്നില്‍ വന്നുനിന്നു. അതില്‍ നിന്നും മൂന്ന് ആണുങ്ങള്‍ ഇറങ്ങിയോടി ഹോട്ടലിന്റെ തിണ്ണയിലേക്കു കയറി. അവരില്‍ കാക്കിധരിച്ച മൊട്ടത്തലയന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ അവളെത്തന്നെ തുറിച്ചുനോക്കി. അധികനേരം അവിടെ നില്‍ക്കാതെ അവര്‍ ഹോട്ടലിനകത്തേക്ക് പോകുന്നതുകണ്ടു. ഇനി നാലു മിനിട്ട് കൂടി... സെക്കന്റ് സൂചി പന്ത്രണ്ടില്‍ നിന്നു യാത്ര തുടങ്ങി... ഒന്ന്... രണ്ട്... മൂന്ന്... നാല്... 

റോഡിനപ്പുറത്തെ ഇലക്ട്രിക് പോസ്റ്റിനു മുകളിലിരുന്ന് ഒരു കാക്ക മഴകൊള്ളുന്നു, കറുത്തുതുടങ്ങിയ അന്തരീക്ഷത്തില്‍ ഒരു കട്ടയിരുട്ട് പോലെ. അത് താഴെ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. സിംഹാസനത്തിലിരിക്കുന്ന  ചക്രവര്‍ത്തിയുടെ ഭാവമായിരുന്നോ അതിന്! കാക്കത്തമ്പുരാന്‍!

മണി ആറ്. 

സെക്കന്റ് സൂചി പന്ത്രണ്ടുമായി പുണരുന്നു. 

മഴയേറ്റിതാ ബസ്സ് എത്തിക്കഴിഞ്ഞു. 

ബസ്സ് അവിടെ നിറുത്തി. ഒരാള്‍ ഇറങ്ങി കുട നിവര്‍ത്തി തെക്കോട്ടു നടന്നു. 

പക്ഷേ ആരും കയറിയില്ല! സോഹ കയറിയില്ല! ഉറക്കെ വിളിച്ചു പറയാന്‍ തോന്നി. സോഹ കയറിയിട്ടില്ല! ബസ്സ് മഴയ്ക്കുള്ളിലേക്കു പാഞ്ഞുകയറി അവിടെ നിന്നു മാഞ്ഞുപോയി.

സോഹ എവിടെ? 

ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കൊപ്പം ഒരു ചോദ്യം കൂടി. അതിന്റെ അവശേഷിപ്പുകളെ മറയ്ക്കാനെന്നോണം, പതിവില്ലാതെ നേരത്തെ അടച്ച ഹോട്ടലിനു മുന്നില്‍ മഴ ശക്തിപ്പെട്ടു.

Follow Us:
Download App:
  • android
  • ios