Asianet News MalayalamAsianet News Malayalam

പൂട, ശ്രീജി ടി എച്ച് എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ശ്രീജി ടി എച്ച് എഴുതിയ കഥ

chilla malayalam story by  Sreeji TH
Author
Thiruvananthapuram, First Published Jun 22, 2021, 7:18 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam story by  Sreeji TH

 

നനവിന്റെ തീരെ ചെറിയ പൊടികള്‍ ആകാശത്തു നിന്നും പാറി വീഴുന്നതു നോക്കിക്കൊണ്ട് കടും ചായച്ചൂടിനാല്‍ മഴത്തണുപ്പടരുകളെ പതുക്കെ അഴിച്ചു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. 

'എന്നാ മുടിഞ്ഞ കാറ്റായിരുന്നു. ന്യൂനമര്‍ദ്ദമാന്നാ കേട്ടത്' 

ചിരിക്കൊപ്പം കയ്യുമ്മയുടെ കാതില്‍ തൂങ്ങിയാടിയിരുന്ന തോടകള്‍ തലയാട്ടി. അടുപ്പിലിരുന്ന സമോവറില്‍ വെള്ളം തിളയ്ക്കുന്നതറിയുവാന്‍ ഇട്ടിരുന്ന ചെമ്പു നാണയം എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. കാറ്റു തല്ലിക്കൊഴിച്ച മരച്ചില്ലകള്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്. 

'മുകളിലെ കൊമ്പില്‍ കയറു മുറുക്കിയേച്ചും വലത്തോട്ട് വലിച്ചു പിടിയെടാ'

രാത്രിക്കാറ്റു വീഴ്ത്തിയ മദിരാശി മരത്തെ മുറിച്ചു മാറ്റുന്ന കൂട്ടത്തില്‍ നിന്നും തെറിച്ചു വന്ന അയാളുടെ ശബ്ദം പകല്‍ വെട്ടം പുളിപ്പിച്ച എന്റെ നോട്ടത്തെ അവിടേക്ക് നീട്ടി.

ബുദ്ധരൂപങ്ങള്‍ നിറഞ്ഞൊരു ടീ ഷര്‍ട്ട് അയാളുടെ ശരീരത്തെ മുഴുവനായി വിഴുങ്ങിയിട്ടും വിശപ്പു തീരാതെ തൂങ്ങിക്കിടപ്പുണ്ട്. കറുത്തു പോയൊരു തോര്‍ത്ത് ഒടിഞ്ഞു മടങ്ങിയൊരു കിരീട ബാക്കി പോലെ തലയില്‍ ചുറ്റിക്കിടന്നു.
പുറം കാഴ്ചകള്‍ക്കിടയിലേക്ക്  അലക്ഷ്യമായി നീണ്ട അയാളുടെ കണ്ണില്‍ ഞാന്‍ കുടുങ്ങിപ്പോയി.

'നീ വന്നെന്ന് ഞാനറിഞ്ഞു.'

യാതൊരു മുഖവുരയും കൂടാതെ അയാള്‍ ഉറക്കെ പറഞ്ഞതുകേട്ട് മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റിയിരുന്ന ബംഗാളികള്‍ തലയുയര്‍ത്തി എന്നെയൊന്ന് ഗൗനിച്ചു.

അലക്ഷ്യമായൊരു തലയിളക്കത്തോടെ ഞാന്‍ അയാള്‍ക്കു നേരേ ചിരിച്ചെന്നു വരുത്തി. താഴെ തുരുമ്പു പിടിച്ച വണ്ടി ചക്രത്തിനരികില്‍ നിന്നും കാലില്‍ മുട്ടിയുരുമ്മിയ പൂച്ചയെ ദേഷ്യത്തോടെ തട്ടിമാറ്റിക്കൊണ്ട് അയാളെ കാണുമ്പോള്‍ ഉള്ളില്‍ പടരുന്ന അകാരണമായൊരു വെറുപ്പിനേയും ദേഷ്യത്തേയും ചായച്ചൂടിനൊപ്പം ഞാന്‍ ഊതി പുറത്തേക്ക് വിട്ടു.

'എവിടായിപ്പം?'

തലയെ ചുറ്റിയിരുന്ന തോര്‍ത്തിനിടയില്‍ നിന്നും ജാലവിദ്യക്കാരന്റെ കൈവഴക്കത്തോടെ അയാള്‍ ഒരു പ്ലാസ്റ്റിക്ക് പൊതി പുറത്തെടുത്തു കൊണ്ട് എന്നോട് ചോദിച്ചെങ്കിലും കാറ്റു പറത്തി വിട്ട ഇലകള്‍ പോലെ ആ ചോദ്യം എന്നെ തൊടാതെ മാറിപ്പോയി.

തോര്‍ത്തഴിച്ച് ഒന്നു തല തുവര്‍ത്തിയ ശേഷം മഴ നനഞ്ഞ് ശരീരത്തോടൊട്ടിയ ടീ ഷര്‍ട്ട് അഴിച്ചെടുത്തു പിഴിഞ്ഞു കൊണ്ട് അയാള്‍ എനിക്കു നേരെ വന്നു. ശരീരത്തെ രോമക്കാടുകളില്‍ നരയുടെ മഞ്ഞു പടര്‍ന്നിട്ടുണ്ട്. കണങ്കാലിലെ തളപ്പു തഴമ്പ് ജീവിത വട്ടമായി അയാളേക്കാള്‍ കറുത്തുകിടന്നു. ജീവിതം അയാളുടെ മുതുകിനെ വല്ലാതെ മുന്നോട്ടു വളച്ചു കളഞ്ഞു.

'വേഗം, വേഗം...''
മുറിച്ചു മാറ്റിയ തടി കഷണങ്ങള്‍ റോഡിനരുകില്‍ അടുക്കി വയ്ക്കുകയായിരുന്ന ബംഗാളി ഒന്നുകൂടി തലയുയര്‍ത്തി.

'കള്ളക്കൂട്ടങ്ങളാ, പണിയെടുക്കുകേല'

പ്ലാസ്റ്റിക്ക് പൊതിയിലൊളിപ്പിച്ച ബീഡിയില്‍ ഒന്നെടുത്ത് തീ കൊളുത്തി കൊണ്ടയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

'എവിടാ ഇപ്പം കശ്മീരാന്നോ?'

'അല്ല, കോംഗോയിലായിരുന്നു.'

'കോംഗോയൊ, അതെവിടായിട്ടു വരും?'

ഒരു യാത്രികന്റെ നിരാശ കലര്‍ന്ന ജിജ്ഞാസ ആ ചോദ്യത്തില്‍ ബാക്കി നിന്നു. രോമങ്ങള്‍ നിറഞ്ഞ അയാളുടെ ശരീരത്തില്‍ നിന്നും മഴത്തണുപ്പിലേക്ക് തെങ്ങിന്‍ ചൂരുള്ള പുക ഉയര്‍ന്നു പൊങ്ങി.

'ആഫ്രിക്കന്‍ രാജ്യമാ'

'ഇന്ത്യന്‍ പട്ടാളത്തിനവിടെയെന്നാ എടവാടാ?'

'ഓ ചുമ്മാ പോയതാ'

'കുപ്പി വല്ലോം ഒണ്ടോ?'

അയാളുടെ ചോദ്യത്തിന് ഞാനൊന്നു ചിരിച്ചതേയുള്ളു. അതു കണ്ട് അയാളും തല കുലുക്കിയെന്ന് ചിരിച്ചു.

'പണിയൊതുങ്ങുമ്പം വീട്ടിലേക്ക് വന്നാല്‍ മതി.'

എന്റെ മറുപടി കേട്ട് മീശ പിരിച്ചു കൊണ്ടയാള്‍ അട്ടഹസിച്ചു ചിരിച്ചപ്പോള്‍ മുഖത്തെ രോമക്കാട്ടില്‍ ഒരു ഗുഹ തെളിഞ്ഞു.

'പെട്ടെന്നാകട്ടെടേയ്....'
 
തിരിഞ്ഞു നടക്കുന്ന അയാളുടെ ശബ്ദം എന്റെ ചെവിയില്‍ വന്നു തൊട്ടു.

 

2
'നടന്നാല്‍ അതിവേഗം
രാഘവന്‍ മാനേ തേടി
കടന്നു പിടിക്കാനായ്....'

ഇരുള്‍ വീഴുമ്പോള്‍ വഴിയിലൂടെ ആടിയാടി പോകുന്നൊരു പാട്ടായിരുന്നു എനിക്കയാള്‍. ഞങ്ങളുടെ വീടെത്തുന്നതിനും തൊട്ടു മുന്നേ അയാള്‍ നിശബ്ദമാകും. നിലത്തുറയ്ക്കാത്ത കാലുകളെ നേരെ നടത്തുവാനുള്ള ശ്രമത്തില്‍ ഇനിയും പായ വിരിയാത്തൊരു പായ് വഞ്ചിയായി അയാള്‍ മാറും. കഴിയുന്നത്ര തലകുനിച്ച് കണ്ണുകളെ താഴോട്ടാക്കി നടക്കുന്ന അയാളുടെ നിഴലില്‍ മാനായി തീര്‍ന്ന മാരീചന്‍ പുറത്തു ചാടാനാകാതെ കുതറിക്കൊണ്ടിരുന്നു.

'പൂട'യെന്ന വിളിപ്പേരിനപ്പുറം അയാളുടെ യഥാര്‍ത്ഥ പേര് എനിക്കറിയില്ലായിരുന്നു. ഒരിക്കല്‍ അച്ഛന്റെ മേശയിലിരുന്ന മൂലധനത്തിന്റെ പുറംചട്ടയിലെ മനുഷ്യന്‍ പൂടയെപ്പോലുണ്ട് എന്നു പറഞ്ഞതിനു കിട്ടിയ അടിയുടെ തിണര്‍പ്പ് ഇപ്പോഴും പുറത്തിരുന്ന് വിങ്ങുന്നുണ്ട്.

ചായ ഗ്ലാസിനൊപ്പം കാശും തിരികെ കൊടുക്കുമ്പോള്‍ ബാക്കി ചില്ലറ വട്ടം രണ്ട് സിഗരറ്റില്‍ ഒതുക്കിക്കൊണ്ട് തോടകള്‍ വീണ്ടും എന്നെ നോക്കി തലയാട്ടി ചിരിച്ചു.

'പോകുവാന്നോ, എന്നാ ഇത്ര തിടുക്കം?'

'പൂട പാപ്പന്‍ വല്ലാതങ്ങ് മെലിഞ്ഞു പോയല്ലോ?'

'ഭയങ്കര കുടിയാ, കുടിച്ചേച്ചും കലുങ്കേലും, കയ്യാലപ്പുറത്തുമൊക്കയാ കിടപ്പ്.'

'ഇപ്പോഴും ആ വീടൊക്കെയില്ലേ?'

'ഒണ്ടൊണ്ട്, അതീലിപ്പൊ ഇയാളെ കൂടാതെ മരപ്പട്ടീം, പാമ്പുമൊക്കെയാ സ്ഥിര താമസക്കാരായിട്ടൊള്ളത്.'

ദാരിദ്ര്യം പുകഞ്ഞ് നരപ്പു പടര്‍ന്നു പോയൊരു വീടായിരുന്നു അയാളുടേത്. ഒരിക്കല്‍ ഞാന്‍ അവിടെ പോയിട്ടുണ്ട് ചുവരോടു ചേര്‍ന്ന പലക തട്ടില്‍ നില കിട്ടാതെ വീണു കിടക്കുന്ന കുറേ പുസ്തകങ്ങള്‍, ലെനിന്റെ ഇതുവരെ കാണാത്ത ചിരിയ്ക്കുന്ന ഒരു ചിത്രം, അയയില്‍ ഞാന്നു കിടക്കുന്ന കുറേ തുണികള്‍, കാസ രോഗിയായ ഒരു റേഡിയോ അതായിരുന്നു അയാളുടെ മുറി. 

അച്ഛന്റെ സഹപാഠിയായിരുന്നെന്ന് കാണുമ്പോഴെല്ലാം അയാള്‍ എന്നെ ഓര്‍മ്മപ്പെടുത്തും. കുറുകേ നീന്തുന്ന അയാളുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും നിസ്സാരമെന്നു തോന്നിക്കുന്ന നീര്‍ച്ചാലുകള്‍ ആയിരുന്നെങ്കിലും വലിയൊരു കടല്‍ താണ്ടി തളരുന്ന ഒരുവന്റെ കിതപ്പും ഇടര്‍ച്ചയുമെല്ലാം അയാളില്‍ നിന്നും ഉയരും. നിലയില്ലാ കയത്തിലേക്ക് താഴ്ന്നുപോകും എന്ന് തോന്നുമ്പോഴെല്ലാം അയാള്‍ അച്ഛനെ തേടി വരുമായിരുന്നു. അയാളുടെ പ്രതിസന്ധികളെല്ലാം കൈപിടിച്ചുയാരാനുള്ള കട്ടമരമായിരുന്നു അച്ഛന്‍.

മുഖമുരസിയ പൂച്ചയുടെ പതുപതുത്ത ചൂട് വീണ്ടും താഴെ കാലില്‍ വന്നു തൊട്ടു.

'എന്നെ കെട്ടിക്കൊണ്ടു വരുമ്പം ഇങ്ങേരെയെനിക്ക് എന്നാ പേടിയായിരുന്നെന്നോ, ആനപോലെ തിമിര്‍ത്ത് നടന്നിരുന്ന മനുഷ്യനാ ഇപ്പം ഇതാ അവസ്ഥ.'

'ഒറ്റക്കായതുകൊണ്ടല്ലേ?'

'തള്ള ഒണ്ടായിരുന്നത് നേരത്തേ ചത്തു പോയി. പിന്നെ രണ്ട് കൂടപ്പിറപ്പുകളാ ഒള്ളത്. ഒരുത്തി സേലത്തെങ്ങാണ്ടും ഒരു പാണ്ടിയേയും കെട്ടി അവിടെയങ്ങ് കൂടിയേക്കുവാ. ഇളയവള്‍ പീലിപ്പോസ് ഉപദേശീടെ കൂട്ടത്തിലോട്ട് ചേര്‍ന്നു വെന്തിക്കോസായി. ഇതിയാനൊണ്ട് പെണ്ണും പെടക്കോഴീം ഇല്ലാണ്ട് ഇങ്ങിനെ നടക്കുവല്ല്യോ.'

ദുര്‍ബലമായൊരു നെടുവീര്‍പ്പോടെയായിരുന്നു കയ്യുമ്മ പറഞ്ഞത്. സമോവറിലെ ചെമ്പു നാണയത്തിന്റെ പിറുപിറുക്കലിപ്പോള്‍ വളരെ പതുക്കെയാണ്. ആരോടോ ചെയ്യുന്ന പ്രതികാരം പോലെയായിരുന്നു അയാളുടെ ജീവിതം.

കൃത്യതയില്ലാതെ പാറി വീഴുന്ന മഴത്തുള്ളികള്‍ ശരീര രോമങ്ങളില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന അയാളുടെ ചിത്രം ഞാന്‍ മൊബൈലില്‍ പകര്‍ത്തിക്കൊണ്ട് പുറത്തിറങ്ങി. റോഡിനു കുറുകേ വീണ മരം അപ്പോള്‍ മുറിച്ചുമാറ്റിയിരുന്നു. 
വീട്ടിലേക്കുള്ള ദൂരം ഒരു സിഗരറ്റിന്‍ വലുപ്പത്തോളം ചുരുക്കി ഞാന്‍ മുന്നോട്ടു നടന്നു.


3
വീട്ടിലേക്ക് കയറുമ്പോള്‍ അടുക്കള മണത്തോടൊപ്പം ആരോടോ സംസാരിക്കുന്ന ശബ്ദമായാണ് അമ്മ പാറി വന്നത്.

പുറകുവശത്തേക്കു ചെല്ലുമ്പോള്‍ അക്ഷമരായ കാക്കക്കൂട്ടത്തെ ഉപദേശിക്കുകയാണ്. ചില നേരങ്ങളില്‍ അമ്മ പഴയ സ്‌കൂള്‍ ടീച്ചറായി മാറും. മുന്നിലുള്ള ജീവികളോടും, ചെടികളോടും, മരത്തോടുമെല്ലാം സംസാരിക്കും.

കലപില കൂട്ടി വഴക്കുണ്ടാക്കുന്ന പൂത്താംകീരിക്കൂട്ടത്തോടും, ഭക്ഷണം ബാക്കി വച്ചു പോയ അണ്ണാനോടും, കടി കൂടുന്ന പൂച്ചകളോടുമെല്ലാം ഓരോരോ പുസ്തകങ്ങള്‍  വായിച്ചു കേള്‍പ്പിക്കും. മുഴുവനായി വായിക്കില്ല ചിലപ്പോള്‍ ഒരു ഖണ്ഡിക. അല്ലെങ്കില്‍ നാലുവരി അപ്പോഴേക്കും അവറ്റകള്‍ പോയിട്ടുണ്ടാകും

തൊടിയിലിറങ്ങി നടക്കുമ്പോള്‍ പൂക്കാത്ത പാവലു വള്ളിയേയും, പയറില തിന്നുന്ന പുഴുക്കളേയും ഓരോരോ എഴുത്തുകാരുടെ കഥകള്‍ പറഞ്ഞു കൊണ്ട്  വിമലീകരിക്കും, ഇനിയും കായ്ക്കാത്ത പ്ലാവിനെയും പേരയേയും ബഷീറിന്റെ വരികള്‍ പറഞ്ഞു കൊണ്ടായിരിക്കും കളിയാക്കുന്നത്, ചാമ്പക്കമരത്തേയും സപ്പോട്ടമരത്തേയും ധര്‍മ്മരാജയിലെ സംഭാഷണങ്ങള്‍ കൊണ്ട് ഭീഷണിപ്പെടുത്തും. ജാതിക്കും,കുരുമുളകുകൊടിക്കും ബാല്യകാല സ്മരണയും, നീര്‍മാതളം പൂക്കുമ്പോഴുമെല്ലാം വായിച്ചു കേള്‍പ്പിക്കുന്നതു കാണാം. ഓരോ ജീവികള്‍ക്കും ഓരോരോ പുസ്തകങ്ങളാണ് അമ്മ വായിച്ചു കേള്‍പ്പിക്കാറുള്ളത്. അമ്മയുടെ കഥകള്‍ കേള്‍ക്കുമ്പോഴേക്കും അവറ്റകള്‍ തലയാട്ടിച്ചിരിക്കും.അമ്മയോട് ഉറക്കെ വര്‍ത്തമാനം പറയും.

തനിച്ചു നിന്ന് ഉണങ്ങി തുടങ്ങിയ ചെമ്പകത്തിന്‍ മേലാണ് ഞാന്‍ അത്ഭുതം കണ്ടത്. അമ്മയുടെ കഥ പറച്ചിലുകള്‍ ഉണങ്ങി വരണ്ടു തുടങ്ങിയ ചില്ലകളില്‍ ജീവന്റെ രണ്ട് തളിരു പൊടിപ്പിച്ചിരിക്കുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുരയായിരുന്നു അമ്മ ചെമ്പകത്തിനരികില്‍ ഇരുന്നു കൊണ്ട് ഉറക്കെ വായിച്ചു തീര്‍ത്തത്. വലിയ പ്രഹരങ്ങള്‍ക്കു ശേഷവും വീണുപോകാതെ ഉയര്‍ന്നു നില്‍ക്കാനുള്ള വിദ്യ സൂസന്നയില്‍ നിന്നും അമ്മ ആ മരത്തിനു പകര്‍ന്നു കൊടുത്തു; ദുര്‍ബലമെങ്കിലും ആത്മാവിനുള്ളില്‍ വലിയ ലോകത്തെ എങ്ങനെ കൊണ്ടു നടക്കണമെന്നും. അമ്മയുടെ മുറിയിലേക്ക് പോകുമ്പോഴും കാക്കളുടെ ബഹളവും ശാസിക്കുന്നതിന്റെ ശബ്ദവും എന്നെ തേടി വന്നു.

മുറിയില്‍ വല്ലാത്തൊരു ശാന്തതയായിരുന്നു. 

വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ അച്ചടക്കമുള്ള കുട്ടികളെ പോലെയാണ് മേശയില്‍ ഇരിക്കുന്നതെങ്കിലും വരിതെറ്റി നിന്നൊരു കുട്ടിയെ പോലെ പത്മരാജന്റെ ലോല മാത്രം വേറിട്ടു കിടന്നു. എഴുതിക്കൊണ്ടിരിക്കുന്ന കടലാസുകള്‍ അക്ഷമരായി അമ്മയെ കാത്തിരുന്നു മടുത്തിട്ടെന്ന പോലെ ഇളകി. അമ്മ മണമുള്ള കിടക്കയിലേക്ക് ഞാന്‍ ഒരു കുട്ടിയെ പോലെ കിടന്നു കൊണ്ട് ലോലയെ കണ്ണിലേക്കു ചേര്‍ത്തു.

 

4
'എന്നാ ശരീരമാ, വിരിഞ്ഞുറച്ച നെഞ്ചും രോമക്കാടും, ഭയങ്കര സെക്‌സിയാണല്ലോ''

സ്റ്റാറ്റസ് ചെയ്ത പൂടയുടെ ചിത്രത്തിന് അവളുടെ കമന്റുണ്ട്. മൂന്ന് മിസ്ഡ് കോളുകളില്‍ അവള്‍ മുകളില്‍ തെളിഞ്ഞു ബാക്കിയായി നിന്നു. തിരിച്ചു വിളിക്കുവാന്‍ കഴിയാത്ത വിധം ഭൂതകാലത്തിലേക്ക് മറിഞ്ഞു വീണു കിടക്കുകയായിരുന്നു ഞാന്‍. ഒരു വിരല്‍ തോണ്ടിനാല്‍ അവളെ വിളിച്ചുണര്‍ത്താമെങ്കിലും ആദ്യമൊരു പരിഭവത്തിന്റെ ചാറ്റല്‍ മഴയില്‍ നനയാന്‍ കൊതിയുള്ളതിനാല്‍ ഞാന്‍ യാത്രാ ക്ഷീണം ബാക്കി വച്ച ഉറക്കത്തിലേക്ക് വഴുതി വീണു.

ഒരു മൂളലോടെ ജീവന്‍ തിരിച്ചു കിട്ടിയ ഫാനാണ് എന്നെയുണര്‍ത്തിയത്. താഴെ ചെല്ലുമ്പോള്‍ അയാള്‍ വരാന്തയിലിരുന്ന് കടും ചായ കുടിക്കുന്നുണ്ട്.

'ഉറങ്ങുവാരുന്നോ?'

'ചെറുതായൊന്ന് മയങ്ങി'

അല്‍പ്പനേരം എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നു. യാന്ത്രീകമായിരുന്നു അയാളുടെ ചിരി.

'വീട്ടിലിപ്പം ഒറ്റയ്ക്കാന്നോ?'

ഉത്തരം എനിക്കറിയാമായിരുന്നിട്ടും ആ ചോദ്യമാണ് വായില്‍ വന്നത്.

'ഒറ്റയ്ക്കു തന്നെ, അതല്ലേ നല്ലത്?'

എന്റെ ചിരിയിലും യാന്ത്രികത പടര്‍ന്നു.

'ഒറ്റക്കാവുന്നതാ എപ്പോഴും നല്ലത്, സ്വന്തം വഴിയില്‍ നമ്മുടെ മാത്രം കാല്‍പ്പാടുകളേ പതിയാന്‍ പാടുള്ളു. എങ്കിലേ പിന്നിട്ട വഴിയോരോന്നും നമ്മളുടേതു മാത്രമാകൂ.'

ഏതോ ഒരു നിമിഷം അയാള്‍ തത്വചിന്തകനായി തീര്‍ന്ന പോലെ എനിക്കു തോന്നി.

കൈയ്യിലിരുന്ന പൊതി ഞാന്‍ അയാള്‍ക്കു നേരേ നീട്ടി. അപ്രതീക്ഷിതമായൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കണ്ണുകള്‍ പോലെ വല്ലാത്തൊരു തെളിച്ചത്തോടെ വിടര്‍ന്നു.

'നിന്റെ പഴയ കുപ്പായം വല്ലോം ഉണ്ടോ?'

'എന്തിനാ?'

'പണിക്കിടാനാന്നേ.'

ഞാന്‍ കൊടുത്ത പഴയകിയ വസ്ത്രങ്ങളിലേക്ക് അയാള്‍ വല്ലാത്തൊരു ഇഷ്ടത്തോടെ നോക്കി.  നരച്ചു നിറം മങ്ങിയ അവയില്‍ പലതിലും  പുതിയ നിറങ്ങളും തിളക്കവും നിറയുന്നത് അയാളുടെ കണ്ണിലൂടെ കണ്ടു.

'ഇതിനൊന്നും വല്യ പഴക്കമില്ലല്ലോ?'

'എടുത്തോളൂ, ഞാന്‍ ഇടാറില്ല.'

'ഇന്നത്തെ കണിമോശമല്ലാരുന്ന്, വീട്ടില്‍ ചെന്നിട്ട് മിലിട്ടറിയൊക്കെ കഴിച്ച് ഒന്നു കെടക്കണം. രാവിലെ മുതല്‍ മഴ നനഞ്ഞതിനാലാകും വല്ലാത്ത ദേഹ നൊമ്പരം.'

അനാവശ്യമായൊരു തിടുക്കം അയാളില്‍ പെട്ടെന്നുണ്ടായി.

'അതെന്തു പോക്കാ, ഇപ്പം പഴയ പാട്ടൊന്നും പാടാറില്ലേ?'

'പാട്ടൊന്നും ഇപ്പയില്ലെടാ.'

ഒരു ബീഡിക്കു തീ കൊടുത്തുകൊണ്ട് അയാള്‍ എഴുന്നേറ്റു.

'നീയൊടനേ പോകത്തില്ലല്ലോ?'

'ഇല്ല'

ബീഡി പുകയെയും കൊണ്ട് പുറകിലേക്കൊരു കാറ്റു വന്നു. തിരിഞ്ഞു നടക്കുമ്പോള്‍ അമ്മ വാതിലുമറഞ്ഞു നില്‍പ്പുണ്ട്.

'പാവം'

ഒരു നെടുവീര്‍പ്പിനൊപ്പം അമ്മയുടെ നോട്ടം അയാളെ പിന്‍തുടര്‍ന്നു. 

'അമ്മേ, ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുവോ?'

'എന്നതാടാ, ഇപ്പം ഒരു സത്യവാങ്മൂലം.'

'അമ്മക്കൊരു കാമുകനുണ്ടായിരുന്നല്ലേ?'

പെട്ടെന്നുള്ള എന്റെ ചോദ്യക്കാറ്റില്‍ ഒരില പോലും തുളുമ്പാതെ നില്‍ക്കുന്നൊരു ഇലഞ്ഞിമരമായി അമ്മ മാറി. ഭൂമിയുടെ ആഴങ്ങളിലേക്ക് പോകുന്ന വേരുകള്ളെല്ലാം ഭൂതകാലത്തെ അത്രമേല്‍ ചേര്‍ത്തു പിടിയ്ക്കുന്നുണ്ട്. തൊടിയിലൂടെ അപ്പോള്‍ വീശിയ കാറ്റില്‍ മരങ്ങളും, ചെടികളും എന്തൊക്കയോ അമ്മയോടു പറയുന്നുണ്ടെങ്കിലും അല്‍പ്പം പോലും ഞെട്ടലില്ലാതെ അമ്മ ഒന്നു ചിരിച്ചു.

'നിന്നോടിതാരു പറഞ്ഞു.'

' അച്ഛന്‍ പറഞ്ഞിട്ടുണ്ട്'

ഒരു നിമിഷം അമ്മ അച്ഛന്റെ ചിത്രത്തിലേക്ക് നോക്കി പൊട്ടിച്ചിരിച്ചു. ചിത്രത്തിനു മുന്നിലെ ബള്‍ബിനുള്ളില്‍ പെട്ടെന്നൊരു വികൃതിക്കുട്ടിയായി തുള്ളിയിളകിക്കൊണ്ടിരുന്ന വെളിച്ചം അമ്മയുടെ കണ്ണിനുള്ളില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ കിടന്നു തിളങ്ങിക്കൊണ്ട് താഴേയ്ക്കടര്‍ന്നു.

'നടന്നാല്‍ അതിവേഗം 
രാഘവന്‍ മാനേ 
തിരഞ്ഞു പിടിക്കാനായ്......'

ഗേറ്റു കടന്നു പോയ പൂട ഒരു പാട്ടായി തിരിച്ചു വന്നെങ്കിലും അയാളുടെ പേരു ചോദിക്കുവാന്‍ ഞാന്‍ അപ്പോഴും മറന്നു പോയിരുന്നു.

Follow Us:
Download App:
  • android
  • ios