Asianet News MalayalamAsianet News Malayalam

സ്റ്റുഡിയോയുടെ വാതിൽ തുറന്നു, ആദ്യമായി കയ്യിലെത്തിയത് ആ പുസ്തകം, 'നീർമാതളം പൂത്ത കാലം'

'തൈരിൽ ചക്കര ഉരുക്കി തണുപ്പിച്ചു ചേർത്താൽ മിഷ്ടി ദൊയ് ആയി' ഇങ്ങനെ ആയിരുന്നു പുസ്തകത്തിൽ. പക്ഷേ, യഥാർത്ഥത്തിൽ ഈ ബംഗാളി പലഹാരം ഉണ്ടാക്കേണ്ട വിധം എങ്ങനെ എന്ന് മലയാളിയായ എന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നുവല്ലോ.

experience of reading Madhavikutty r j chachu writes  Madhavikutty death anniversary
Author
First Published May 31, 2024, 12:51 PM IST

ഏകദേശം 6 വർഷം മുൻപ് ആവും. 'ഓഡിയോ ബുക്കി'നെ കുറിച്ച് കേട്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. കണ്ണൂർ ഡിസി ബുക്സിലെ വിവേക് മാരാർ ആണ് ആദ്യമായി എന്നോട് ചോദിക്കുന്നത്. "ചച്ചു ഏതായാലും പുസ്തകം വായിക്കുന്നുണ്ടല്ലോ? എന്നാൽ പിന്നെ കോട്ടയം ഓഫീസിൽ പോയി ഓഡിയോ ബുക്കിന് വേണ്ടി വായിച്ചൂടെ" എന്ന്.  കണ്ണൂർ റെഡ് എഫ് എമ്മിൽ നിന്നും ജോലി രാജിവച്ചു ഇരിക്കുന്ന സമയം ആയിരുന്നു അത്. ആലുവയ്ക്ക് താമസം മാറ്റേണ്ടി വന്നതും ഇതേ സമയത്താണ്.

അങ്ങനെയാണ് ഒട്ടും പ്രതീക്ഷിക്കാതെ കോട്ടയത്തെ ഓഫീസിൽ എത്തിപ്പെട്ടത്. നേരെ കേറിച്ചെന്നത് അവിടുത്തെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ സഞ്ജീവേട്ടന്റെ  കളരിയിൽ.

ഞാൻ ജനിച്ചത് ആലുവയാണെങ്കിലും വളർന്നത് കണ്ണൂരായിരുന്നു. അതുകൊണ്ട് തന്നെ കോട്ടയത്തെ അച്ചടിഭാഷാ പ്രയോഗം എനിക്ക് വശമില്ലായിരുന്നു. എന്നാൽ, ആലുവയ്ക്കും കണ്ണൂരിനും ഇടയിൽ കിടന്നു ശ്വാസം മുട്ടുന്ന എന്റെ ഒരുതരം സങ്കരയിനം ഭാഷാ ശൈലി കേട്ടിട്ടും ഒട്ടും താമസം ഇല്ലാതെ, ചെറിയ ഒരു പരിചയപ്പെടലിനു ശേഷം നേരെ സ്റ്റുഡിയോ വാതിൽ എനിക്ക് തുറന്നു തന്നു. മൈക്കിന് മുന്നിൽ ഇരുന്നപ്പോൾ വായിക്കാൻ ഉള്ള പുസ്തകവും കയ്യിൽ തന്നു.

'മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം'

സത്യം പറഞ്ഞാൽ ഇതേവരെ ഏകദേശം അമ്പതോളം പുസ്തകങ്ങൾ ഓഡിയോ ബുക്കിനായി വായിച്ചെങ്കിലും,  സ്റ്റുഡിയോ ബൂത്തിൽ ഇരുന്നു അക്ഷരങ്ങളുടെ ആത്മാവിൽ തൊട്ടു വായിച്ച ചുരുക്കം ചില പുസ്തകങ്ങളേ ഉള്ളൂ. അതിൽ ഒന്നായിരുന്നു നീർമാതളം.

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വായിച്ചിരുന്നു. അതിനു ശേഷം വല്ലാത്തൊരു ആഗ്രഹം ആയിരുന്നു ഈ എഴുത്തുകാരിയെ നേരിൽ കാണണം എന്ന്. ഇന്നാണെങ്കിൽ ഒരുപക്ഷേ സാധിച്ചേനെ. പക്ഷേ അന്ന്, എന്തുകൊണ്ടോ എന്റെ ഈ കുഞ്ഞുകുഞ്ഞു വലിയ മോഹങ്ങൾക്കൊന്നും ആരും വലിയ വില കല്പിച്ചില്ലായിരുന്നു. പക്ഷേ, ഇതു വായിച്ച ശേഷം അന്ന് ഞാൻ കുറേനാൾ വളയും മാലയും കമ്മലും ഒക്കെ ഒഴിവാക്കിയിരുന്നു. കാരണം വേറൊന്നുമല്ല, ഇതിൽ പഴയ കുപ്പിയും പാട്ടയും കസവുമെല്ലാം ശേഖരിക്കാൻ വരുന്ന കാലുവിനോട് കമല പറയുന്നുണ്ട്, ഞാൻ ആഭരണങ്ങൾ  ഒന്നും ധരിക്കാറില്ലെന്ന്. 

അതും പോരാതെ ഇതിലെ പരിചാരിക ത്രിപുരയുടെ ഉപദേശം കേട്ട്, മുഖത്തെ വെയിൽ തട്ടിയ കറുപ്പ് മാറ്റാൻ അമ്മ കാണാതെ മഞ്ഞളും തൈരും ചാലിച്ചു പുരട്ടാനും, മധുരനാരങ്ങയുടെ തോൽ അരച്ച് പുരട്ടാനും ഒക്കെ ഒരു ശ്രമം ഞാൻ നടത്തിയിരുന്നു. എന്നാൽ അവിടം കൊണ്ടും തീർന്നില്ലായിരുന്നു എന്റെ അന്നത്തെ സാഹസം. ഇതിൽ ബംഗാളിക്കുട്ടികൾ കഴിക്കുന്ന ചില പലഹാരങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ 'മിഷ്ടി ദൊയ്' എന്ന പലഹാരം ഉണ്ടാക്കാൻ ഞാൻ അമ്മയോട് വാശിപിടിച്ചു.  

'തൈരിൽ ചക്കര ഉരുക്കി തണുപ്പിച്ചു ചേർത്താൽ മിഷ്ടി ദൊയ് ആയി'

ഇങ്ങനെ ആയിരുന്നു പുസ്തകത്തിൽ. പക്ഷേ, യഥാർത്ഥത്തിൽ ഈ ബംഗാളി പലഹാരം ഉണ്ടാക്കേണ്ട വിധം എങ്ങനെ എന്ന് മലയാളിയായ എന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നുവല്ലോ. അവസാനം തൈരിൽ പഞ്ചസാര ചേർത്ത ലസ്സി പോലും ഇഷ്ടമല്ലാത്ത എന്നെക്കൊണ്ട്, എന്റെ കണ്ണുനീർ പോലും വകവയ്ക്കാതെ, അന്ന് ഞാൻ സ്വന്തമായി ഉണ്ടാക്കിയ പാൽക്കാപ്പി പോലിരിക്കുന്ന 'ഇഷ്ടിദോയ്' മുഴുവൻ അമ്മ യാതൊരു ദയയും ഇല്ലാതെ മുഴുവൻ കഴിപ്പിച്ചു.

pria punaloor rajan image archive Madhavikkutti s famous photographs

ഇന്നും ഈ ഓർമ്മപ്പുസ്തകം വായിക്കുമ്പോൾ, നാലപ്പാട്ടെ അക്ഷരം മണക്കുന്ന അകത്തളങ്ങളിലും, നീർമാതളം പൂക്കുന്ന തൊടികളിലും നമ്മുടെ നിഴലും ശ്വാസവും പതിയുന്നുണ്ടെന്നു തോന്നിയത് എനിക്ക് മാത്രം ആവില്ലല്ലോ. കാരണം നീർമാതളം പൂത്തുനിന്നത് പലപ്പോഴും നമ്മുടെ മനസിലായിരുന്നു. അതിലെ വരികളിലൂടെ നടന്നെത്തുന്നത് നാലപ്പാട്ടെ തറവാട്ടു മുറ്റത്താണ്. അവിടുത്തെ പെണ്ണുങ്ങൾക്കിടയിൽ ഒരാളായി അമ്മമ്മയുടെ സ്നേഹത്തണലിൽ, കമലയെ പോലെ നമ്മളും ജീവിക്കുന്നതായി അനുഭവപ്പെടും. അതാണ്‌ ഈ പുസ്തകത്തിന്റെ മാസ്മരികതയും.

ഇതിലെ പല കഥാപാത്രങ്ങളും സംസാരിക്കുന്നത് വള്ളുവനാടൻ ശൈലിയിൽ ആണ്. അതുകൊണ്ട് തന്നെ വായിക്കുമ്പോൾ ആ ശൈലി ഒന്ന് പിടിച്ചോളൂ എന്ന്  എന്നോട് പറഞ്ഞിരുന്നു. നീട്ടലും കുറുകലും ഒക്കെയായി സ്നേഹം പുരണ്ട ആ ശൈലി അനുകരിക്കുമ്പോൾ എനിക്ക് ഓർമ വന്നത് 'ഈ പുഴയും കടന്ന്' എന്ന സിനിമയിലെ മുടി നരച്ച ആ അമ്മൂമ്മയെ ആയിരുന്നു.

ചില പുസ്തകങ്ങളിൽ രണ്ടോ മൂന്നോ കഥാപാത്രങ്ങൾക്കേ സംഭാഷണങ്ങൾ ഉണ്ടാകൂ. ബാക്കി എല്ലാം നരേഷൻ പോലെ ആയിരിക്കും. എന്നാൽ, ഇതിൽ ഒരുപാട് പേർ ഉണ്ട്. അവർ എല്ലാവരും തന്നെ പരസ്പരം വാതോരാതെ സംസാരിക്കുന്നവർ. ഇങ്ങനെ ഉള്ള പുസ്തകങ്ങൾ വായിക്കുന്നത് രസകരം ആണെങ്കിലും, അടുത്ത വരിയിൽ എന്ത് എന്ന് സംശയം വന്നേക്കാം. പ്രത്യേകിച്ച് ചിരിയും കരച്ചിലും ഒക്കെ വരുമ്പോൾ, അവ സംഭാഷണത്തിന്റെ അവസാനം ആണ് എഴുതിയിട്ടുണ്ടാവുക. അതായത്, ഒരു വരി സംഭാഷണത്തിന് ശേഷം 'അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു' അല്ലെങ്കിൽ 'അവൾ തേങ്ങി കരഞ്ഞു' എന്നാവും എഴുതുക. 

അപ്പോൾ അത് മുൻകൂട്ടി അറിഞ്ഞാലേ ചിരിച്ചു കൊണ്ട് വായിക്കാൻ പറ്റൂ. കാരണം മൈക്കിന് മുന്നിൽ ഇരിക്കുമ്പോൾ മുൻകൂട്ടി അവ വായിക്കാൻ ഉള്ള സമയം ഇല്ലല്ലോ. പക്ഷേ, ഒരു പുസ്തകത്തിന്റെ ആത്മാവറിഞ്ഞു വായിക്കാൻ തുടങ്ങിയാൽ യാതൊരു തടസമോ സംശയമോ ഇല്ലാതെ അടുത്ത വരിയിൽ എന്ത് എന്ന് നമുക്ക് ഉള്ളിൽ അറിഞ്ഞു വായിക്കാൻ പറ്റും. അതല്ലെങ്കിൽ റീ ടേക്ക് എടുത്തെടുത്ത് 10 പേജ് വായിക്കേണ്ട സമയം കൊണ്ട് രണ്ട് പേജ് പോലും വായിച്ചു തീർക്കാൻ കഴിഞ്ഞെന്നു വരില്ല.

4 ദിവസം കൊണ്ടായിരുന്നു ഈ പുസ്തകം ഞാൻ വായിച്ചു തീർത്തത്. എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ, അതിലേറെ എന്റെ പ്രിയപ്പെട്ട പുസ്തകം ആസ്വദിച്ചു വായിക്കാൻ പറ്റിയ സന്തോഷത്തിൽ ഞാൻ സ്റ്റുഡിയോ ബൂത്തിനു പുറത്തിറങ്ങിയപ്പോൾ സഞ്ജീവേട്ടൻ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു, 

'32 പേരെ ഓഡിഷൻ ചെയ്തിരുന്നു. മുപ്പത്തിമൂന്നാമത് ആയാണ് ശഷ്മ വരുന്നത്. എന്തായാലും പുസ്തകത്തിന്റെ ആത്മാവ് തൊട്ടു വായിച്ചു.' 

വെറുമൊരാഴ്ച്ചക്കാലം മാത്രം പൂത്തുനിൽക്കുന്ന നീർമാതാളം പക്ഷെ നമ്മുടെയൊക്കെ ഉള്ളിൽ പൂത്തുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ ആയി. ഇനിയും ഇതുപോലെ തന്നെ നിറഞ്ഞു പൂക്കും. ഈ ഒരായുഷ്കാലം മുഴുവൻ. അതേ ഭംഗിയോടു കൂടി തന്നെ.

ഇപ്പോൾ Storytel ലും KUKU FM ലും സ്വന്തം ശബ്ദത്തിൽ 'നീർമാതളം പൂത്ത കാല'മുണ്ട്. അത് കേൾക്കുമ്പോൾ ഒക്കെത്തന്നെയും മിഷ്ടിദോയ്‍ക്ക് വേണ്ടി വാശി പിടിച്ച ആ കുഞ്ഞായിപ്പോകും. 

വായിക്കാം: 

മാധവിക്കുട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍!

അവർ സ്നേഹമെന്ന് കുറിക്കുമ്പോൾ നാം അലിഞ്ഞുപോവുന്നതെന്താവും?

സെക്‌സ് മാത്രമല്ല ഞാന്‍ എഴുതിയിട്ടുള്ളത്, 27 വര്‍ഷം മുമ്പ് മാധവിക്കുട്ടി പറഞ്ഞത്

Latest Videos
Follow Us:
Download App:
  • android
  • ios