Asianet News MalayalamAsianet News Malayalam

Kamala Surayya Birthday : അവർ സ്നേഹമെന്ന് കുറിക്കുമ്പോൾ നാം അലിഞ്ഞുപോവുന്നതെന്താവും?

'എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട് പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാനറിയുമോ?' എന്നാണ് മാധവിക്കുട്ടി ചോദിക്കുന്നത്. അതുപോലെ നിരന്തരം അവർ സ്നേഹത്തിന് വേണ്ടി ഒച്ചയിട്ടു. 

love in the writings of Kamala Surayya
Author
Thiruvananthapuram, First Published Mar 31, 2022, 2:36 PM IST

സ്നേഹമില്ലാത്ത ജീവിതത്തെ നിങ്ങളെങ്ങനെ കാണുന്നു? അതൊരു വരണ്ട ഭൂമിയാണ്. സാഹസികതകളില്ലാത്ത, വെറുക്കുകയോ പൊറുക്കുകയോ വിട്ടുകൊടുക്കുകയോ വേണ്ടാത്ത, നിയന്ത്രണങ്ങളില്ലാതെ ഒഴുകാൻ തയ്യാറാവേണ്ടതില്ലാത്ത അനക്കമില്ലാത്ത നിലം പോലെ. 

പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
-എന്ന് റഫീഖ് അഹമ്മദ് എഴുതുന്നത് അങ്ങനെയാണ്. 

സ്നേഹത്തിലേക്കെടുത്തു ചാടണമെങ്കിൽ മനുഷ്യർക്ക്‌ വലിയ ധൈര്യം വേണം. ജീവിക്കാനും മരിക്കാനും വേണ്ടതിനേക്കാൾ ധൈര്യം. സ്നേഹത്തിലായിരിക്കുമ്പോൾ / പ്രണയത്തിലായിരിക്കുമ്പോൾ സത്യസന്ധമായിപ്പറയൂ നമ്മളെത്രവട്ടം മുറിവേറ്റിട്ടുണ്ടെന്ന്. എത്രവട്ടം ചോരവാർന്ന് മരിക്കാറായിട്ടുണ്ടെന്ന്. പക്ഷേ, എത്രയെത്രയോ കുഞ്ഞുതരികളായി ഉയിർത്തെഴുന്നേൽക്കുകയും നൂറായിരം പൂക്കളായി പൂത്തുപോയിട്ടുണ്ടെന്നും കൂടി എറ്റു പറയേണ്ടിവരും. 'സ്നേഹം കീരീടമണിയിക്കുക മാത്രമല്ല ചെയ്യുക. അത് നിങ്ങളെ കുരിശിലേറ്റുകയും ചെയ്യും.' എന്നെഴുതിയത് ഖലീൽ ജിബ്രാനാണ്. സ്നേഹം അങ്ങനെയാണ്, ആനന്ദത്തിനൊപ്പം വേദനകൂടി അത് ചുമക്കുന്നുണ്ട്, പ്രകടമായോ അല്ലാതെയോ. പക്ഷേ, മുറിപ്പെട്ട് മുറിപ്പെട്ടാണെങ്കിലും ഹീൽ ചെയ്യപ്പെടുന്ന എന്തോ ഒന്ന് സ്നേഹത്തിലുണ്ട്. അതുകൊണ്ടാണ് ധൈര്യമുള്ളവർ പിന്നെയും പിന്നെയും സ്നേഹത്തിൽ വീണുപോകുന്നത്.
 
സ്നേഹം കണ്ണീര് കൂടിയാണ്. അവനെ/അവളെ/അവരെ കുറിച്ച് ഒന്ന് ശരിക്കും ഓർത്തുപോയാൽ പോലും കണ്ണ് നിറയാൻ പാകത്തിന് ആർദ്രമായത്. സ്നേഹിക്കാതെ സ്നേഹിക്കപ്പെടാതെ മനുഷ്യനെങ്ങനെയാണ് ജീവിച്ച് തീർക്കുക? സ്നേഹിക്കാൻ പറ്റുന്ന മനുഷ്യർ ഭാഗ്യം ചെയ്‍തവരാണ്. അവരുടെ മനസ് ആനന്ദത്തിന്റെ വീടാകുന്നു. അവരുടെ ആത്മാവിന് വിദ്വേഷങ്ങളെ മറന്നുകളയാൻ പറ്റുന്നു. അവരെപ്പോഴും ആത്മാവുകൊണ്ട് ലോകത്തെ പുണരാൻ വെമ്പുന്നവരാകുന്നു. 

'നഗരത്തിന്റെ തിരക്കുകളിലും,
മുറിയിലെ ഏകാന്തതയിലും 
ഒരുപോലെ, 
'നിന്നെ ഓർമ്മയാവുന്നു'
എന്ന് ഒരാൾ മെല്ലെ വന്ന് 
സ്‍പർശിച്ചിട്ട് പോകുന്നു
കാണാത്തപ്പോഴും,
മിണ്ടാത്തപ്പോഴും,
കേൾക്കാത്തപ്പോഴും,
'നീ' എന്ന ഒരൊറ്റ പിടച്ചിലിനെ 
നെഞ്ചിനകത്തിരുത്തുന്നു'

ഓരോ സ്നേഹവും പുതിയതാണ്. സ്നേഹിക്കുമ്പോഴും സ്നേഹിക്കപ്പെടുമ്പോഴും ഈ ലോകവും പുതുമയുള്ളതാണ്. എല്ലാം മറന്ന് പ്രണയിക്കുന്നവരെ, ആനന്ദിക്കുന്നവരെ വാർധക്യം പോലും ബാധിക്കാതിരിക്കുന്നതെന്താവും? സ്നേഹം ഒരാളെ പുതുക്കിക്കൊണ്ടേയിരിക്കുന്നു. പിരിഞ്ഞ് പോകുമ്പോഴും വെറുക്കാതെയിരിക്കാനായെങ്കിൽ മനുഷ്യർക്ക്. 
സ്നേഹം, വേദനയും മുറിവും നിസ്സഹായതയും തരുന്നു. പക്ഷേ, സ്നേഹം ആനന്ദമാണ്. ജീവിച്ചിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണ്.

സ്നേഹത്തെക്കുറിച്ചുള്ള 
നിങ്ങളുടെ സ്വന്തം ധാരണയാൽ-
മുറിവേൽക്കുക
അങ്ങനെ പൂർണമനസോടും
ഹർഷവായ്‍പോടും 
ചോരയൊഴുക്കുക 
(ജിബ്രാൻ)

അതേ, മുറിവേറ്റാലും ചോരവാർന്നാലും ചിലർ വീണ്ടുമതിലേക്ക് എടുത്തുചാടുന്നു. മാധവിക്കുട്ടി അങ്ങനെയായിരുന്നു, സ്നേഹത്തിൽ വീഴാനുള്ള ധൈര്യം കാണിച്ചു കൊണ്ടേയിരുന്നു അവർ. അതെഴുതി കൊതിപ്പിച്ചു കൊണ്ടേയിരുന്നു. അതുകൊണ്ടാണ് മാധവിക്കുട്ടി/കമലാ സുരയ്യ പ്രിയപ്പെട്ടവളാവുന്നത്. അവരാർക്കും പിടികൊടുത്തില്ല. ഫിക്ഷനാണോ ജീവിതമാണോ എന്ന് വേർതിരിച്ചറിയാനാവാത്ത വിധം പ്രണയത്തെ കുറിച്ചു കൊണ്ടിരുന്നു. ശരീരത്തെ മാറ്റിനിർത്താതെ സദാചാരസമൂഹത്തിന്റെ കൂരമ്പുകൾ ഏറ്റുകൊണ്ടേയിരുന്നു. 

'ഞാൻ എഴുതുന്നത്‌ ഒരു ആത്മബലിയാണ്‌. തൊലികീറി എല്ലുപൊട്ടിച്ച്‌ മജ്ജ പുറത്തുകാണിക്കുകയാണ്‌ ഞാൻ. ഇതാണ്‌ ആത്മബലി. പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ്‌ ഞാൻ' എന്നാണവർ പറയുന്നത്. അതുകൊണ്ടാണ് നമുക്കത് സാങ്കൽപികമോ അനുഭവമോ എന്ന് വേർതിരിച്ചറിയാനാവാത്തത്. ആ എഴുതിവെച്ചിരിക്കുന്ന ജീവിതമെല്ലാം ഏതോ തരത്തിൽ അവർ ജീവിക്കുക തന്നെയായിരുന്നു എന്ന് തോന്നുന്നത്. കപടതകളില്ലാതെ, ഏച്ചുകെട്ടലുകളില്ലാതെ ആ വാക്കുകൾ അങ്ങനെ ഒഴുകുകയാണ് എന്ന് വായനക്കാർക്ക് തോന്നുന്നതും അങ്ങനെ തന്നെ.

സ്നേഹത്തിന്റെ 'കാൽപനിക'മായ സൗന്ദര്യത്തിൽ മദിച്ചുനടന്നയാളെന്ന് ഒരുപക്ഷേ ലോകമവരെ കാണുന്നുണ്ടാവണം. എന്നാൽ, അവരെന്തായിരുന്നു എന്നത് ഇനിയും അവരെഴുതിയിട്ടില്ലാത്ത, ശേഷിപ്പിച്ചിട്ടുപോയ എന്തോ നി​ഗൂഢത തന്നെ എന്ന് വിശ്വസിക്കാനാണിഷ്ടം. എല്ലാം വെളിപ്പെടുത്തുമ്പോഴും സ്വയം ഇനിയും വെളിപ്പെടാൻ ബാക്കിയുള്ളൊരാൾ. അല്ലെങ്കിലും ഒരു ജന്മത്തിലും ഒരാൾക്ക് പൂർണമായും താനാരാണ് എന്ന് ലോകത്തോട് വെളിപ്പെടുത്താനൊന്നും സാധ്യമല്ലല്ലോ? 

അപ്പോഴും സ്നേഹിക്കാൻ താൽപര്യമില്ലാതെ വഴിമാറി നടക്കുന്നവരെപ്പോലും അതിലേക്ക് വലിച്ചിടുന്ന മാന്ത്രികത മാധവിക്കുട്ടി തന്റെ എഴുത്തിലൊളിപ്പിച്ചിരുന്നു. പ്രണയത്തിലകംപുറം മുങ്ങാനാ​ഗ്രഹിച്ചവർ സ്വയം ആമിയായി മാറി. ആമിമാർ കൂടിയപ്പോൾ 'ഇതെന്തൊരു പ്രഹസനമാണ്' എന്ന് പോലും ലോകം ചോദിച്ചു. പക്ഷേ, മാധവിക്കുട്ടിയാവാൻ ലോകത്തിലാർക്കും ഒന്നിനും സാധ്യമല്ല, സാധ്യമാവുകയുമില്ല. കാരണം നേരത്തെ പറഞ്ഞത് തന്നെ, അവരെന്താണ് എന്നത് ഇനിയും പൂർണമായും നമുക്ക് വെളിപ്പെട്ട് കിട്ടിയിട്ടില്ല. പക്ഷേ, സ്നേഹത്തെ കുറിച്ച് അവർക്ക് അവരുടേതായ ധാരണകളുണ്ടായിരുന്നു. എപ്പോഴും സ്നേഹിക്കാൻ, സ്നേഹിക്കപ്പെടാൻ കൊതിച്ചുകൊണ്ടേയിരിക്കുന്ന ഒരാളുടേതെന്ന പോലെ. 

'എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട് പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാനറിയുമോ?' എന്നാണ് മാധവിക്കുട്ടി ചോദിക്കുന്നത്. അതുപോലെ നിരന്തരം അവർ സ്നേഹത്തിന് വേണ്ടി ഒച്ചയിട്ടു. വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു. 'സ്നേഹം ഒരു നദി പോലെയാണ്. ഇത്രഭാഗം വാത്സല്യം, ഇത്രഭാഗം പ്രണയം, ഇത്ര സൗഹൃദം എന്നു വേർതിരിക്കാൻ പറ്റില്ല. അതുകൊണ്ടല്ലേ സ്നേഹത്തിനിത്ര ഭംഗി' എന്ന് ചോദിച്ചതും അവർ തന്നെ. 

1988 -ലാണ് 'ചന്ദനമരങ്ങൾ' എന്ന നോവൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തെ എഴുതിയ നോവൽ -ശരീരത്തെ മാറ്റിനിർത്താതെയുള്ള പ്രണയത്തെ. നോവലിലെ പ്രണയികളായ കല്യാണിക്കുട്ടിയും ഷീലയും. കല്ല്യാണിക്കുട്ടി ഷീലയെ കുളപ്പുരയുടെ ചാണകം മെഴുകിയ നിലത്തേക്ക് പതിയെ വീഴ്ത്തുകയും ഷീലയുടെ ശരീരത്തെയാകെ കോരിത്തരിപ്പിക്കുകയും ചെയ്തുകൊണ്ട് നോവുന്ന ഉമ്മകള്‍ നല്‍കുന്നതിനെ കുറിച്ച് ചന്ദനമരങ്ങളിൽ എഴുത്തുകാരി പറയുന്നുണ്ട്. ലജ്ജയ്‌ക്കൊപ്പം തന്നെ അപമാനഭാരം കൂടി ഷീലയെ തളര്‍ത്തുന്നു. അപ്പോഴും ഷീല പറയുന്നത്, 'യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. ഞാനവളുടെ പ്രേമഭാജനമായി മാറി' എന്ന്. ഓർക്കണം, 34 വർഷങ്ങൾക്ക് മുമ്പാണ് ഒരു സ്ത്രീ മലയാളത്തിൽ 'ചന്ദനമരങ്ങൾ' എന്ന അധികമാർക്കും സഹിക്കാനാവാത്ത നോവൽ എഴുതുന്നത്. 

'ഹോ, ഈ കാൽപനികപ്രേമമൊക്കെ ഔട്ട്ഡേറ്റഡ് ആണ്, നിർത്തരുതോ' എന്ന് പ്രാക്ടിക്കലായി കടന്നുപോകുന്നവരുണ്ടാവാം. പക്ഷേ, പ്രണയികൾക്ക് വയസാവുന്നേയില്ല. ഏത് പ്രായത്തിലും എവിടെയും വച്ച് സംഭവിക്കാവുന്ന പ്രണയം ആരേയും ഒന്നുലച്ച് കളയുക തന്നെ ചെയ്യും. 'നിന്നെ കാണാതെ ഞാൻ വേവുന്നു', 'കാണാതെ, മിണ്ടാതെ നെഞ്ച് വിങ്ങുന്നു, ശ്വാസം നിലയ്ക്കുന്നു' എന്നൊക്കെ പറയുംവിധം ലോകത്തേത് സെക്കന്റിലും ആരെങ്കിലുമൊക്കെ പ്രണയിക്കുന്നുണ്ടാവണം, സ്നേഹിക്കുന്നുണ്ടാവണം. പലവട്ടം സ്നേഹിക്കപ്പെട്ട്, മുറിപ്പെട്ട് ആരെങ്കിലും ഇനി സ്നേഹം വേണ്ടായെന്ന് കഠിനഹൃദയാരാവുന്നുണ്ടാവണം. സ്നേഹത്തിന്റെ സാഹസികതകളെ ഭയന്ന് ആരെങ്കിലുമൊക്കെ വളരെ പ്രാക്ടിക്കലായ ജീവിതം ജീവിക്കുന്നുണ്ടാവണം. 

അപ്പോഴും അവരെ ഓർക്കുന്നു, 'പ്രകടമാക്കാനാവാത്ത സ്നേഹം നിരർത്ഥകമാണ്, പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും' എന്ന വാക്കുകളോർക്കുന്നു. മനുഷ്യൻ സ്നേഹത്തിന് കൊതിക്കുന്നില്ല എന്നത് കള്ളമാണ്. സന്ദേഹങ്ങൾ കൊണ്ട് സ്നേഹത്തിലേക്ക് എടുത്തുചാടുന്നില്ല എന്നത് സത്യമായിരിക്കിൽ പോലും. 

'മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്ന് വരും. പക്ഷേ, വികാരത്തിന്‍റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്ത് കൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്‍റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്' എന്ന അവരുടെ വാക്കുകൾ തന്നെയെടുക്കുന്നു. സ്നേഹമില്ലാത്ത ജീവിതങ്ങൾ കായ്ക്കാതെ, പൂക്കാതെ, വസന്തങ്ങളെ തൊടാതെ കടന്നുപോവുന്നു. സ്നേഹത്തെ കുറിച്ച് ഇതിലും വലിയ എന്തോർമ്മപ്പെടുത്തലാണ് നമുക്ക് കിട്ടാനുള്ളത്. 

 

Follow Us:
Download App:
  • android
  • ios