കോഴിക്കോട്​: കെ.എ കൊടുങ്ങല്ലൂർ കഥാ പുരസ്​കാരം ജി ആർ ഇന്ദുഗോപന്​. പടിഞ്ഞാറെ കൊല്ലം, ചോരക്കാലം എന്ന കഥക്കാണ്​ അവാർഡ്​. വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.എ കൊടുങ്ങല്ലൂരിന്‍റെ സ്​മരണയിൽ മാധ്യമം റിക്രിയേഷൻ ക്ലബ്​ ഏർപ്പെടുത്തിയതാണു പുരസ്​കാരം. പ്രശസ്​ത കഥാകാരൻമാരായ അയ്​മനം ജോൺ, പി.കെ പാറക്കടവ്​, നിരൂപകൻ രാഹുൽ രാധാകൃഷ്​ണൻ എന്നിവരടങ്ങിയ ജൂറിയാണ്​ അവാർഡ്​ നിർണയിച്ചത്​.

10,001 രൂപയും ഫലകവും ​പ്രശസ്​തി പത്രവും അടങ്ങിയ അവാർഡ്​ ഡിസംബർ രണ്ടാം വാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്​ ക്ലബ്​ പ്രസിഡൻറ്​ എൻ. രാജേഷ്​, ജനറൽ സെക്രട്ടറി എൻ. രാജീവ്​, പുരസ്​കാര സമിതി കൺവീനർ കെ.പി റജി എന്നിവർ അറിയിച്ചു. കൊല്ലം ഇരവിപുരം വാളത്തുംഗൽ ടി.ഗോപിനാഥ പിള്ളയുടെയും കെ.രാധയമ്മയുടെയും മകനായ ഇന്ദുഗോപൻ മലയാള മനോരമ യിൽ ദീർഘകാലം പത്രപ്രവർത്തകൻ ആയിരുന്നു. ഭാര്യ: വിധുബാൽ ചിത്ര. മക്കൾ: ചാരു സൂര്യൻ, ചാരു അഗ്നി.