ഞാൻ പാകിസ്ഥാൻ സന്ദർശിച്ചത് 2004 -ലായിരുന്നു. മലഞ്ചെരിവിലെ സാമാന്യം ഭേദപ്പെട്ട ഒരു ടൗണിൽ  വലിയൊരു അമ്പലം കണ്ടു. അതിന്റെ വാതിൽക്കൽ തന്നെ പത്താൻ സ്യൂട്ടുമിട്ടുകൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു. ജയന്തി രത്ന എന്നായിരുന്നു പേര്. കയ്യിലൊരു കുറുവടിയുമേന്തിക്കൊണ്ട് അയാൾ അമ്പലത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്ന ജനങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. 

ഇടയ്ക്കിടെ "ജയ് ശിവ് ശങ്കർ" എന്നുറക്കെ വിളിച്ചു പറയുന്നത് കേൾക്കാം. സംശയം തോന്നിയ ചിലരുടെ നെഞ്ചത്തുതന്നെ കുറുവടി വെച്ച് തടുക്കുന്നതും കണ്ടു. അപ്പോൾ അയാളുടെ ശബ്ദമുയർന്നു, "മുസ്ലീങ്ങൾക്ക് പ്രവേശനമില്ല". അയാൾ എന്നെയും തടഞ്ഞു. "നിങ്ങൾ ഹിന്ദുവാണോ?, മുസ്ലീങ്ങൾക്ക് പ്രവേശനമില്ല അകത്തേക്ക്" അയാൾ പറഞ്ഞു. 
 


 

ഞാനയാളെ എന്റെ ഇന്ത്യൻ പാസ്പോർട്ട് നിവർത്തിക്കാണിച്ചു. അതിലൂടെ കണ്ണോടിച്ചപ്പോൾ അയാൾക്ക് സംശയമേറി എന്ന് തോന്നുന്നു. "ക്രിസ്ത്യാനികൾക്കും പ്രവേശനമില്ലാത്തതാണ്. പിന്നെ, നിങ്ങൾ ഒരു ഇന്ത്യക്കാരനായ സ്ഥിതിക്ക്."

ഇപ്പോൾ സംസാരം ആത്മഗതത്തിലേക്ക് വഴുതിവീണപോലുണ്ട്. എന്നെ അയാൾ അകത്തേക്ക് കടത്തിവിടും എന്നുതന്നെ എനിക്ക് തോന്നി. കറാച്ചി നഗരഹൃദയത്തിൽ, ഒരു അമ്പലത്തിന്റെ നടയിൽ നിന്നുകൊണ്ട് മുസ്ലീങ്ങളെ ഓടിച്ചുവിടുന്നത് അപകടം പിടിച്ച പണിയല്ലേ? 

"ഒരിക്കലുമില്ല." അയാൾ പറഞ്ഞു,"ഞാൻ ഇവിടെ ജനിച്ചു വളർന്നവനാണ്. ഇവിടത്തുകാരൻ. എനിക്കിഷ്ടമുള്ള മതത്തിൽ ജീവിക്കാൻ എനിക്കവകാശമുണ്ട് അത് ഞാൻ ചെയ്യുന്നു. അതിനെന്താ..?"
 


 

തൊട്ടടുത്ത ദിവസം, ലക്ഷ്മി നാരായൺ ക്ഷേത്രത്തിന് പുറത്ത്, പുഴക്കരയിലായി ചെറിയൊരമ്പലം കൂടിയുണ്ടായിരുന്നു. അവിടെ നിത്യയൗവ്വനം പൂണ്ട ബനി എന്നൊരു ഗുജറാത്തി യുവതി നാലു പാക് യുവതികളെ തടഞ്ഞു നിർത്തുന്നുണ്ടായിരുന്നു. "മുസ്ലീങ്ങൾക്ക് പ്രവേശനമില്ല" ബനി അവരോട് ഒച്ചയിട്ടു. 

"ഞങ്ങൾക്ക് അകത്തൊക്കെ ഒന്ന് കയറി കറങ്ങിയാൽ മതിയാകും" റൂമി എന്നുപേരായ ഒരു പെൺകുട്ടി ബനിയോടിരന്നു. 

"കറങ്ങണമെങ്കിൽ മൃഗശാലയിൽ പൊക്കോണം" നിർദ്ദയമുള്ള ബനിയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു. 

പിള്ളേർ ബനിയെ സ്വാധീനിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. "ഞങ്ങൾ അകത്തുചെന്ന് ഒന്നു പ്രാർത്ഥിച്ചോട്ടെ " അക്കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. 

അതിനിടെ ആ അമ്പലത്തിനുള്ളിൽ നിന്ന്, ബനിയുടെ ഒരു അകന്നബന്ധു ഹീരാകുമാരി പുറത്തിറങ്ങിവന്നു. അവർ കുട്ടികളോട് ദേഷ്യപ്പെട്ടു,
"നിങ്ങൾക്ക് പ്രാർത്ഥിക്കണമെങ്കിൽ പോയി നിങ്ങളുടെ ദൈവത്തെ പ്രാർത്ഥിച്ചോളൂ. നിങ്ങൾ പശുവിനെ തിന്നുന്നോരല്ലേ? ഞങ്ങളുടെ ദൈവങ്ങളെ കളിയാക്കുന്നോരല്ലേ? തുണിയുടുക്കാതെ നിന്നാൽ അവർക്ക് തണുക്കില്ലേ എന്ന് ചോദിക്കുന്നോരല്ലേ? " 

അപ്പോൾ അങ്ങനൊക്കെ ആ കുട്ടികളോട് കയർത്തു സംസാരിച്ചെങ്കിലും, ഹീരാകുമാരിക്ക് ഉള്ളിന്റെയുള്ളിൽ പാകിസ്താനിലെ ജനങ്ങളോട് സ്നേഹം മാത്രമായിരുന്നു. "ഒരു ഗതിയും പരഗതിയുമില്ലാതായാൽ അവർ ഞങ്ങൾക്ക് അന്നത്തിനു മുട്ടില്ലാതെ കാക്കുക പോലും ചെയ്തെന്നിരിക്കും. എന്റെ ജന്മനാട് പാകിസ്ഥാൻ തന്നെയാണ്. എന്നിരുന്നാലും, ഞാൻ അഹിന്ദുക്കളെ എങ്ങനെയാണ് അമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കുക."

പാകിസ്ഥാനിൽ ഹിന്ദുക്കൾ രണ്ട് ശതമാനത്തിൽ കുറവേ ഉള്ളൂ എന്നാണ് കണക്ക്. എന്നാൽ അവിടെ ജീവിക്കുന്ന ഹിന്ദുക്കളിൽ പലരും പറഞ്ഞത് കണക്കിലുള്ളതിന്റെ ഇരട്ടിയെങ്കിലും കാണും എന്നാണ്. അതിൻപ്രകാരം, നാൽപതു ലക്ഷത്തിനും എൺപതു ലക്ഷത്തിനും ഇടക്ക് ഹിന്ദുക്കളുണ്ട് പാകിസ്ഥാനിൽ. അതിന്റെ 95 ശതമാനവും ജീവിക്കുന്നത് സിന്ധ് പ്രവിശ്യയിലാണ്. ദരിദ്രരായ കർഷകരും തൊഴിലാളികളുമാണ് അവർ. അപൂർവം ചിലർ സമ്പന്നരാണ്. സമ്പത്താർജ്ജിക്കാനും, മുട്ടൊന്നും കൂടാതെ അത് അനുഭവിക്കാനും, സ്വൈരജീവിതം നയിക്കാനും  അവർക്കവിടെ സാധിക്കുന്നുണ്ട്. ഉദാ. ഫാഷൻ ഡിസൈനറായ ദീപക് പ്രെവാനി. വലം കയ്യിൽ ഗണപതിയുടെ ടാറ്റൂവും കൊണ്ടാണ് ആൾ നടക്കുന്നത്. ഇന്തോ-പാക് വൈരുദ്ധ്യത്തെ ദീപക്  വളരെ ലളിതമായി വിവരിക്കുന്നുണ്ട്. " ഇന്ത്യക്കാർക്ക് സൽവാർ ഡിസൈൻ ചെയ്യാൻ അറിയില്ല, പാക്കിസ്ഥാനികൾക്ക് ചുരിദാറും"

പാകിസ്താന്റെ ചൈനയിലേക്കുള്ള കൾച്ചറൽ അംബാസഡറായിരുന്ന പ്രെവാനിക്ക് 'പാകിസ്താനി ഹിന്ദു' എന്ന തന്റെ സ്വത്വം ചില അസൗകര്യങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. പാകിസ്താനിലെ സിന്ധി സമൂഹം വരെ ചെറിയ ഒന്നാണ്. അവിടെ നിന്ന് യോജിക്കുന്നൊരു പെൺകുട്ടിയെ കണ്ടെത്തുക ദുഷ്കരമാണ്. " ചേർന്നൊരു വധുവിനെ ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു." പ്രെവാനി പറയുന്നു," എന്റെ ബിസിനസ് ഇവിടെ നല്ലപോലെ പോകുന്നതുകൊണ്ട് എന്നെത്തന്നെ ഇന്ത്യയിലേക്ക് എക്സ്പോർട്ട് ചെയ്യാനും പറ്റില്ല.." 

"വലിയ പ്രയാസമാണ് അവനു ചേരുന്ന വധുവിനെ കണ്ടെത്താൻ" രേണു, പ്രെവാനിയുടെ അമ്മ പറഞ്ഞു, "ഇന്ത്യയിൽ ആരും തന്നെ പാകിസ്താനിലേക്ക് പെണ്ണുകെട്ടിക്കാൻ തയ്യാറില്ല. എന്റെ വീട്ടിലേക്ക് ഒരു മുസ്‌ലിം പെൺകുട്ടിയെ വിളിച്ചുകൊണ്ടുവരാന്‍ ഞാൻ സമ്മതിക്കുകയുമില്ല. എനിക്ക് ഒത്തിരി മുസ്‌ലിം സ്നേഹിതരുണ്ട്. അവരൊക്കെ വളരെ സൗമ്യശീലരുമാണ്. അത് വേറെ, മുസ്ലിം മരുമകളെ കൊണ്ടുവരുന്നത് വേറെ." പറഞ്ഞുതീർന്നപ്പോൾ ആ കണ്ണുകൾ തിളങ്ങി. 

സിന്ധിലെ പാവപ്പെട്ട കർഷകരുടെ വീടുകൾക്കും, പണക്കാരായ സിന്ധികളുടെ മാളികകൾക്കും ഇടയിലാണ് ഡാനിഷ് കനേറിയയെപ്പോലുള്ള മിഡിൽക്ലാസ് കുടുംബങ്ങൾ താമസിക്കുന്നത്. പാകിസ്താന് വേണ്ടി കളിച്ച രണ്ടേ രണ്ടു ഹിന്ദുക്കളിൽ ഒരാളാണ് ഡാനിഷ്. പാകിസ്താനിലെ ഗുജറാത്തി സമൂഹത്തിന്റെ ഭാഗമാണ് ഡാനിഷും ഭാര്യ ധർമിതയും ഒക്കെ. ഡാനിഷിന്റെ സഹോദരൻ വിക്രാന്തിന്റെ വിവാഹം  ധർമിതയുടെ സഹോദരിയുമായി ഉറപ്പിച്ചിരിക്കുകയാണ്. 
 


 

പാകിസ്ഥാൻ പാർലമെന്റിൽ അംഗമായിരുന്നു കിഷിൻചന്ദ് പർലാനി. പാകിസ്താനിലെ ഹിന്ദു ജീവിതത്തെപ്പറ്റി അദ്ദേഹത്തിന് പറയാനുളളത് ഇതാണ്, " എൺപതുകൾ വരെയൊക്കെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇന്ത്യയോടുള്ള ഗൃഹാതുരത തന്നെയായിരുന്നു അതിനു പിന്നിലെ വികാരം. എന്നാൽ, പോകെപ്പോകെ ഇവിടുള്ളവർക്ക് ഒരു കാര്യം മനസ്സിലായി. പാകിസ്ഥാനിൽ നിന്ന് വരികയാണ്, ഹിന്ദുവാണ് എന്ന് പറഞ്ഞതുകൊണ്ട് അവിടെ ആരും ഒരു വിലയും കൽപ്പിക്കാൻ പോകുന്നില്ല എന്ന സത്യം. ഇവിടെ ഹിന്ദുക്കൾ ഏറെക്കുറെ സുരക്ഷിതരാണ്. ഒരൊറ്റ പേടി മാത്രമാണുള്ളത്. ബാബരി മസ്ജിദ് പോലുള്ള സംഭവങ്ങൾ അവിടെ ഇന്ത്യയിൽ നടക്കുമ്പോൾ ഇവിടെ അതിന്റെ പ്രതികാര നടപടികൾ നേരിടേണ്ടി വരുന്നത് ഞങ്ങൾക്കാണ്. ആ ഒരു പേടി മാത്രമാണ് പാകിസ്താനിലെ ഹിന്ദുക്കൾക്കുള്ളത്" 

എന്നാൽ ഈ സുരക്ഷിതതത്വവും സ്വൈരവും സമാധാനവുമൊക്കെ കറാച്ചി പട്ടണം വിട്ട് സിന്ധ് പ്രവിശ്യയുടെ ഉൾഗ്രാമങ്ങളിലേക്ക് ചെന്നാൽ പതുക്കെ അപ്രത്യക്ഷമാകും. അവിടെ താമസിക്കുന്ന പാവപ്പെട്ട കർഷകഹിന്ദുക്കളുടെ അനുഭവങ്ങൾ വേറെയാണ്. ഗ്രാമപ്രദേശങ്ങളിൽ ഹിന്ദുക്കൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണ് എന്നാണ് പാകിസ്താനിലെ മനുഷ്യാവകാശകമ്മീഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2003 സെപ്റ്റംബർ 17-ന് സായുധരായ വന്ന ആറുപേർ ചേർന്ന് മൂന്ന് ഹിന്ദു യുവതികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ഇടയ്ക്കിടെ നടക്കുന്നുണ്ടെന്നാണ് പ്രദേശത്തെ ഹിന്ദു സംഘടനകൾ പറയുന്നത്. 

കറാച്ചിയുടെ അതിർത്തിയിലായി ഒരു ശ്മശാനഭൂമിയുണ്ട്. അവിടെ വെച്ച്, നട്ടുച്ച വെയിലിന്റെ പുഴുക്കത്തിൽ, അഫ്ഗാനിയായ ഡ്രൈവർ ഒരു തത്വചിന്ത പങ്കുവെച്ചു. "ഹിന്ദുവായാലും മുസ്ലീമായാലും ശരി, ഒടുക്കം എല്ലാർക്കും വന്നെത്തേണ്ടത് ദാ ഇങ്ങോട്ടു തന്നെയല്ലേ? മുസ്ലിങ്ങൾക്ക് ഖബർ, ഹിന്ദുക്കൾക്ക് ചിതയെരിക്കാൻ ശവപ്പറമ്പ്. രണ്ടും ഇവിടെ അടുത്തടുത്തുതന്നെയുണ്ട്. ഉള്ളിൽ പുസ്തകങ്ങളൊന്നുമില്ലെങ്കിലും, ഒരു ലൈബ്രറിയുമുണ്ടിവിടെ. അതിനുള്ളിൽ മരിച്ചുപോയ ഹിന്ദുക്കളുടെ ചിതാഭസ്മം  സൂക്ഷിച്ചിരിക്കുന്നു. വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ബന്ധുക്കൾ. അവിടെ, അങ്ങ് ഇന്ത്യയിലേക്ക് ചെന്ന്, ഉറ്റവരുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കാൻ." 


( ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മനു ജോസഫിന്റെ,  'പാകിസ്ഥാനിലെ ഹിന്ദു ജീവിതം'  - How Hindus live in Pakistan -  എന്ന  പുസ്തകത്തിൽ നിന്ന് ഒരു ചെറിയ ഭാഗം, ലേഖകന്റെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്. വിവർത്തനം : ബാബു രാമചന്ദ്രൻ