സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്. സന്തോഷ് ഗംഗാധരന്‍ എഴുതിയ ഹൊറര്‍ നോവലെറ്റ് ഭാഗം 6

കഥ ഇതുവരെ

അവര്‍ പത്ത് പേര്‍. വടക്കേടത്ത് തറവാട്ടിലെ സഹോദരങ്ങളായ ഇന്ദിരയുടേയും ദേവകിയുടേയും മക്കളുടെ മക്കള്‍. ഒരവധിക്കാലത്ത് തറവാട്ടില്‍ ഒത്തുകൂടിയ അവര്‍ യാദൃശ്ചികമായി ഓജോ ബോര്‍ഡിനു പകരം ജ്യോത്സന്റെ കവടിയെടുത്ത് അരൂപികളുടെ സാന്നിധ്യം അന്വേഷിക്കുന്നു. പെട്ടെന്ന് കാലാവസ്ഥ മാറി. ആകാശം ഇരുണ്ടു. അപ്രതീക്ഷിതമായ ഒരു കാറ്റ് ചുഴറ്റിവീശി. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഞായറാഴ്ച എല്ലാവരും വടക്കേടത്ത് തറവാട്ടില്‍ കൂടി. സഞ്ജയിന്റെ കഥ കേള്‍ക്കാന്‍ കുട്ടികള്‍ക്കും താല്പര്യമായിരുന്നു. എന്താണീ ബ്രഹ്മരക്ഷസ്സെന്ന് അറിയാത്ത അവര്‍ക്ക് അത് മനസ്സിലാക്കാന്‍ ഉത്സാഹം കൂടി. 

ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ എല്ലാവരും നാലുകെട്ടില്‍ സമ്മേളിച്ചു. എത്ര തലമുറകളിലെ സഹോദരങ്ങള്‍ ഒത്തുചേര്‍ന്നിട്ടുള്ള സ്ഥലമാണത്!

മുന്നിലിരിക്കുന്നവരുടെ ശ്രദ്ധ തന്നിലാണെന്ന് ഉറപ്പു വരുത്തിയിട്ട് സഞ്ജയ് ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് നടന്ന സംഭവങ്ങളുടെ ചുരുള്‍ നിവര്‍ത്താന്‍ ആരംഭിച്ചു.

''നമ്മുടെയീ വടക്കേടത്ത് തറവാട്ടിലെ നാണിക്കുട്ടി മുതല്‍ക്കുള്ള കഥകളാണ് അറിവിലുള്ളത്. അതായത് ഞങ്ങളുടെയൊക്കെ അമ്മാമ്മയുടെ അമ്മ. അവരെ കല്യാണം കഴിച്ചത് വടക്കുള്ള ഒരു കിന്നരങ്കാവ് മനയ്ക്കലെ മൂത്ത തിരുമേനിയായിരുന്നു. നാരായണന്‍ നമ്പൂതിരിപ്പാട്. നാണിക്കുട്ടിയുടെ മക്കളായിരുന്നു കൊച്ചുകുട്ടി, അമ്മുക്കുട്ടി, പാറുക്കുട്ടി, ശങ്കരന്‍കുട്ടി, രാഘവന്‍കുട്ടി എന്നിവര്‍.

''നാണിക്കുട്ടിയ്ക്ക് താഴെ നാല് സഹോദരന്മാര്‍ - ദാമോദരന്‍, ഗോവിന്ദന്‍, കൃഷ്ണന്‍, ഗോപാലന്‍. ഇതില്‍ നമ്മുടെ കഥയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നവര്‍ കൊച്ചുകുട്ടിയും, അമ്മുക്കുട്ടിയും, പാറുക്കുട്ടിയും. അതില്‍ അമ്മുക്കുട്ടിയ്ക്ക് ആറ് മക്കള്‍ - ലീല, ഇന്ദിര, ദേവകി, ചന്ദ്രന്‍, കുട്ടന്‍, സരസു. പാറുക്കുട്ടിയ്ക്ക് വിലാസിനി, രാമന്‍ എന്നീ പേരുകളില്‍ രണ്ടുപേര്‍. ഇവരെല്ലാം ആരാണെന്ന് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നമ്മുടെ മുന്‍തലമുറക്കാര്‍.

''ഇവരെല്ലാവരും ഒന്നിച്ച് കൂട്ടുകുടുംബമായാണ് കഴിഞ്ഞിരുന്നത്. അത് തന്നെയാണല്ലോ നമ്മുടെ ചെറുപ്പത്തിലും കണ്ടിരുന്നത്. ഇപ്പോഴാണ് ഓരോരുത്തരായി വെവ്വേറെ വീട് വച്ച് മാറി താമസിക്കുന്നത്. എങ്കിലും ആ പഴയ കൂട്ടുകുടുംബത്തിന്റെ സ്‌നേഹബന്ധമാണ് നമ്മളെയെല്ലാം ഇന്നും ഇതുപോലെ ഒന്നിച്ചിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

''ഇനി നമുക്ക് കഥയിലേയ്ക്ക് കടക്കാം. ജ്യോത്സ്യന്‍ പെരിങ്ങോടന്‍ മാഷ് പറഞ്ഞ ആ ബ്രഹ്മരക്ഷസ്സ് എങ്ങനെ നമ്മുടെ തറവാട്ടില്‍ കയറിക്കൂടിയെന്നറിയണ്ടേ?''

എല്ലാവരും സഞ്ജയിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.

അയാള്‍ തന്റെ പോക്കറ്റില്‍ നിന്നും ഒരു ചുരുള്‍ കടലാസെടുത്ത് നിവര്‍ത്തി. അന്വേഷിച്ചറിഞ്ഞ കാര്യങ്ങള്‍ വൃത്തിയായി എഴുതിവയ്ക്കുന്നത് അയാളുടെ ശീലമായിരുന്നു. 

അയാള്‍ എഴുതിയത് വായിക്കാനാരംഭിച്ചു.

(അടുത്ത ഭാഗം നാളെ)

ഭാഗം ഒന്ന്: സര്‍പ്പക്കാവിലെ ബ്രഹ്മരക്ഷസ്, ഹൊറര്‍ നോവലെറ്റ്
ഭാഗം രണ്ട്: 
'നിങ്ങളുടെ തറവാട്ടില്‍ ബ്രഹ്മരക്ഷസ്സിന്റെ സാന്നിദ്ധ്യം കാണുന്നുണ്ട്!'
ഭാഗം മൂന്ന്: സര്‍പ്പക്കാവില്‍ ഇരുന്നയാളെ ഉണര്‍ത്തി വെളിയില്‍ കൊണ്ടുവന്നതാരാണ്?
ഭാഗം നാല്: സ്ഥാനഭ്രംശം വന്ന ആ രക്ഷസ്സിനെ എങ്ങനെ തളക്കും?
ഭാഗം അഞ്ച്: ആ ബ്രഹ്മരക്ഷസ് എവിടെയാണ് മറഞ്ഞത്?