Asianet News MalayalamAsianet News Malayalam

പ്ലേറ്റിലൊളിപ്പിച്ച പൊരിച്ച മീന്‍ ചോദിച്ചാല്‍പോലും  കൊടുക്കാന്‍ തോന്നുന്നത്ര അടുപ്പം!

കുട്ടിക്കാലം മുതല്‍ കൂടെ പോന്ന ബഷീറിനെക്കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ നിയാസ് കരീം എഴുതുന്നു. ചിത്രീകരണം: എ.കെ ജയന്‍ കുമാര്‍

In memory of Vaikom Muhammad basheer by Niyas Kareem
Author
Thiruvananthapuram, First Published Jul 5, 2021, 4:28 PM IST

'നന്നായി പഠിക്കുക. ഇല്ലെങ്കില്‍ ഏതെങ്കിലുമൊരു പ്രൈവറ്റുബസിലെ ചവിട്ടുപടിനിവാസിയായ കിളിയായിത്തീരും. പിന്നെ മംഗളം, മനോരമ തുടങ്ങിയ പൈങ്കിളിവാരികകള്‍ വായിക്കുന്ന പാത്തുമ്മ എന്നു പേരായ ഉമ്മാനോട്, കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് തൗബാ ചെയ്ത് പാത്തുമ്മായുടെ ആട് എന്ന വിശുദ്ധഗ്രന്ഥം ഓതാന്‍ പറയുക. 
വേറെ ഒന്നുമില്ല. ചുമ്മാ പോ. 

- വൈക്കം മുഹമ്മദ് ബഷീര്‍ (ഒപ്പ്)' 

 

In memory of Vaikom Muhammad basheer by Niyas Kareem

 

ഒരു പവര്‍കട്ട് രാത്രിയില്‍ ഉപ്പാവാന്റെ കൂടെ കൊതുകുവലയ്ക്കുള്ളില്‍ വെളിച്ചവും അത്താഴവും കാത്തുകിടക്കുന്നതിനിടെയാണ് ആ പേര് ആദ്യം കേട്ടത്. സ്വന്തമായി എഴുതുന്നതുപോയിട്ട്, പാഠപുസ്തകങ്ങള്‍ക്കപ്പുറം പൂമ്പാറ്റയോ ബാലരമയോ പോലും വായിച്ചുതുടങ്ങുന്നതിനും മുമ്പുള്ള കാലമാണ്. ആ പ്രായത്തില്‍ ഓര്‍ത്തിരിക്കാവുന്നതിലും വലിയ പേരായതിനാല്‍ നേരം വെളുക്കുംമുമ്പേ അതു മറന്നു. എന്നാല്‍, അന്നു രാത്രി കേട്ട അയാളുടെ കഥ പിന്നീടൊരിക്കലും ഞാന്‍ മറന്നില്ല. 

ആ ചേട്ടന്‍ ശരിക്കും പാവമായിരുന്നു. പക്ഷേ, ഒരു ദിവസം പൊലീസ് എന്തിനോ അയാളെപ്പിടിച്ച് ജയിലിലിട്ടു. നല്ലയാളായതിനാല്‍ ഭാഗ്യത്തിന് തല്ലിയില്ല. ഞങ്ങളുടെ വാടകവീടിന്റെ വിശാലമായ  പറമ്പില്‍ ഞങ്ങള്‍ കുട്ടികള്‍ കുട്ടിയും കോലും ക്രിക്കറ്റും കുഴിരാശിയും കളിക്കുന്നതുപോലെ ജയിലിനുള്ളില്‍ അയാള്‍ക്കിഷ്ടമുള്ളത് ചെയ്യാമായിരുന്നു. അയാള്‍ അവിടെ ഒരു പൂന്തോട്ടം വച്ചുപിടിപ്പിച്ചു. ഒരു ദിവസം മതിലിനപ്പുറത്തുനിന്ന് ഒരു പെണ്ണ് അയാളോട് സംസാരിച്ചു. ജയിലില്‍ ആദ്യമായി കേള്‍ക്കുന്ന പെണ്‍ശബ്ദം! 

ജയിലിലെ കൂറ്റന്‍ മതിലിനപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം കാണാതെ അവര്‍ അടുപ്പക്കാരായ കഥ കൊതുകുവലയ്ക്കുള്ളിലെ ഇരുട്ടിന്റെ നേര്‍ത്ത മറയ്ക്കപ്പുറം കിടന്ന് വികാരം തുളുമ്പുന്ന ശബ്ദത്തില്‍ ഉപ്പാവ പറഞ്ഞുതന്നപ്പോള്‍ എനിക്ക് നാണം വന്നു. ജീവിതത്തിലൊരു റോസാച്ചെടി പോലും നട്ടുവളര്‍ത്തിയിട്ടില്ലെങ്കിലും കഥയിലെ ചേട്ടനു പകരം എന്നെയും, ചേച്ചിയുടെ സ്ഥാനത്ത്, പലവട്ടം മിണ്ടാന്‍ കൊതിച്ച ഇംഗ്ലിഷ് മീഡിയത്തിലെ ചന്ദനക്കുറി തൊട്ട സുന്ദരിക്കൊച്ചിനെയും അതിനകം ഞാന്‍ സങ്കല്പിച്ചുകഴിഞ്ഞിരുന്നു. 

പെട്ടെന്നൊരു ദിവസം ആ ചേട്ടനെ ജയിലില്‍നിന്ന് വിട്ടയച്ചത്, മതിലിനപ്പുറമുള്ള കൂട്ടുകാരിയെ ഒന്നു കാണാനോ യാത്ര പറയാനോ സമ്മതിക്കാതെ പിരിയേണ്ടിവന്നത് എനിക്ക് സഹിക്കാനായില്ല. ഉപ്പാവ കഥ നിര്‍ത്തിയപ്പോഴേക്കും ഞാന്‍ കരഞ്ഞുതുടങ്ങിയിരുന്നു. ഇരുട്ടിനാല്‍ മറച്ചുപിടിച്ച മുഖം ആരും കാണുന്നില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്താന്‍ ഞാന്‍ അല്പനേരം കണ്ണടച്ച് കിടന്നു. 

കൊടുംതമാശക്കാരന്‍

പിന്നീട് പലപല രാത്രികളില്‍, പകലുകളിലായി ഉപ്പാവ പറഞ്ഞുതന്ന കഥകളിലൂടെ അയാള്‍ എന്റെ ബാല്യത്തിന്റെ ഭാഗമായി. ആദ്യത്തേത് സങ്കടപ്പെടുത്തുന്ന കഥയായിരുന്നെങ്കില്‍ പിന്നീട് കേട്ടതൊക്കെയും തമാശക്കഥകളായിരുന്നു. പുസ്തകം തിന്നുന്ന ആടിന്റെയും ഉപ്പുപ്പാന്റെ ആനയുടെയും മാന്ത്രികപ്പൂച്ചയുടെയും എട്ടുകാലി മമ്മൂഞ്ഞിന്റെയും ആനവാരി രാമന്‍നായരുടെയും പൊന്‍കുരിശുതോമയുടെയുമൊക്കെ പൊട്ടിച്ചിരിപ്പിക്കുന്ന കഥകള്‍. അപ്പോഴൊന്നും അയാള്‍ ഒരു കഥാകൃത്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഉപ്പാവ പലപ്പോഴായി പറയാറുള്ള തലശ്ശേരിക്കൂട്ടുകാരില്‍ തടിയന്‍ ഉമ്മറിനെയും പറക്ക്ന്ന ഹമീദിനെയും സിംബ അവോക്കറിനെയും അരച്ചാണ്‍ അയമ്മദിനെയും പോലെ ഏതോ ഒരു ബഷീര്‍. മനുഷ്യരെ ചിരിപ്പിച്ചു കൊല്ലുന്ന കൊടുംതമാശക്കാരന്‍.  

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഒരു ദിവസം സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ വീട്ടില്‍ മാസപ്പിറ കണ്ടപോലെ ആഘോഷം. ചോറുംവറ്റിന്റെ മണമുള്ള ഒരു ഇന്‍ലന്‍ഡ് ഇടയ്ക്കിടെ തുറന്നുവായിച്ച് ഉപ്പാവ പൊട്ടിച്ചിരിക്കുന്നുണ്ട്. 'ആ ഇന്‍ലന്‍ഡ് എന്റെയാണ്' എന്ന അവകാശഭാവത്തില്‍ എന്നെയും മൂത്ത ചേട്ടനെയുമൊക്കെ ചെറിയൊരു പുച്ഛഭാവത്തില്‍ നോക്കി രണ്ടാമത്തെ ചേട്ടന്‍ എളിക്ക് കയ്യും കൊടുത്തുനില്‍ക്കുന്നു. സംഗതികള്‍ കാര്യമായി തിരിഞ്ഞിട്ടില്ലെങ്കിലും ഉപ്പാവാന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ഉമ്മയും ഉഷാറിലാണ്. 

ചോദ്യങ്ങള്‍കൊണ്ട് ഉപ്പാവയെ ചേരയെപ്പോലെ ചുറ്റിവരിഞ്ഞപ്പോഴാണ് കാര്യമെന്തെന്ന് പിടികിട്ടിയത്. ആ ഇന്‍ലന്‍ഡ് സാക്ഷാല്‍ 'ബഷീറി'ന്റേതായിരുന്നു. അത്രയും കാലം പറഞ്ഞുകേട്ട തമാശക്കഥകളുടെ പടച്ചോനതാ നീല ഇന്‍ലന്‍ഡിലെ ചെറിയ അക്ഷരങ്ങളായി ഞങ്ങളുടെ വീട്ടില്‍ പതിവുചിരിയോടെ അവതരിച്ചിരിക്കുന്നു! 

അയാള്‍ വെറുമൊരു തമാശക്കാരന്‍ മാത്രമല്ല, വമ്പന്‍ എഴുത്തുകാരന്‍ കൂടിയാണെന്ന് അന്നാദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു. ഉപ്പാവാന്റെ കഥകള്‍ കേട്ടും പുസ്തകശേഖരം കണ്ടും കൊണ്ടും അത്യാവശ്യം വായനക്കാരനായി വളര്‍ന്ന രണ്ടാമത്തെ ചേട്ടന്‍ ആരാധന തലയ്ക്കുപിടിച്ചെഴുതിയ കത്തിന് അദ്ദേഹം മറുപടി അയച്ചിരിക്കുകയാണ്. അതിനോടകം പലവട്ടം വായിച്ചാനന്ദിച്ച ആ കത്ത് എനിക്കായി ഉപ്പാവ ഒരിക്കല്‍ക്കൂടി വായിച്ചുതന്നു. മുപ്പത്തിരണ്ടു വര്‍ഷത്തിനപ്പുറം കേട്ടത് ഇന്ന് വ്യക്തമായി ഓര്‍മയിലില്ലെങ്കിലും അതിലെ അവസാനവാചകങ്ങള്‍ ഏതാണ്ട് ഇങ്ങനെയായിരുന്നു:

 

In memory of Vaikom Muhammad basheer by Niyas Kareem

ഉപ്പാവയ്ക്കും  ഏട്ടനുമൊപ്പം ലേഖകനായ നിയാസ്. (മെറൂണ്‍ ഷര്‍ട്ട്)

 

'നന്നായി പഠിക്കുക. ഇല്ലെങ്കില്‍ ഏതെങ്കിലുമൊരു പ്രൈവറ്റുബസിലെ ചവിട്ടുപടിനിവാസിയായ കിളിയായിത്തീരും. പിന്നെ മംഗളം, മനോരമ തുടങ്ങിയ പൈങ്കിളിവാരികകള്‍ വായിക്കുന്ന പാത്തുമ്മ എന്നു പേരായ ഉമ്മാനോട്, കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് തൗബാ ചെയ്ത് പാത്തുമ്മായുടെ ആട് എന്ന വിശുദ്ധഗ്രന്ഥം ഓതാന്‍ പറയുക. 
വേറെ ഒന്നുമില്ല. ചുമ്മാ പോ. 

- വൈക്കം മുഹമ്മദ് ബഷീര്‍ (ഒപ്പ്)' 

വലത്തേ ചന്തി സീറ്റിനു വെളിയിലും മുഖം ഇടതുവശത്തെ പെട്ടിപ്പുറത്തിരിക്കുന്ന പെണ്ണുങ്ങളിലും നട്ട് ഇടക്കിടെ റോഡിലേക്കൊന്ന് പാളിനോക്കി, വീടിനുമുന്നിലൂടെ പൊടിപറത്തിപ്പായുന്ന 'വാടാനപ്പള്ളി' ബസിന്റെ ഡ്രൈവറും, ഒരേസമയം ബസിന്റെയും ഡ്രൈവറുടെയും കടിഞ്ഞാണ്‍ കൈകാര്യം ചെയ്യുന്ന റബ്ബര്‍ പന്തുപോലത്തെ കിളിയും അക്കാലത്തെ എന്റെ ആരാധ്യപുരുഷന്മാരില്‍ ചിലരായിരുന്നു. എങ്കിലും, ഡോക്ടറാവാന്‍ പഠിക്കുന്ന ഉയരം കുറഞ്ഞ ഇളയ ചേട്ടന്‍ ചെറിയ കാലുമായി സ്റ്റോപ്പുകള്‍തോറും മണിയില്‍ തൂക്കിയിട്ട ചരടില്‍ ഞാന്നുകിടന്ന് വാടാനപ്പള്ളി ബസിന്റെ വലിയ പടി ചാടിക്കയറുന്ന രംഗമോര്‍ത്തപ്പോള്‍ എനിക്ക് ചിരിയടക്കാനായില്ല. 

അന്നുരാത്രി, വലിയൊരു എഴുത്തുകാരനെ വീട്ടിലെത്തിച്ചതിന്റെ അഹങ്കാരത്തില്‍ ആകാശത്തിരുന്ന് ചോറുതിന്ന ഇളയ ചേട്ടനെ 'കിളി'യാകാന്‍ പഠിക്കുന്നവനെന്ന് ഉപ്പാവ കളിയാക്കിയതോടെ ഞങ്ങളുടെ ഊണുമേശയിലേക്ക് ബഷീര്‍ വീണ്ടും ഇറങ്ങിവന്നു. പുസ്തകങ്ങളോട് പൊതുവെ അടുപ്പം കൂടാന്‍ മടിച്ച മൂത്ത ചേട്ടന്റെ മുഖത്ത് അന്നാദ്യമായി 'വേണമെങ്കില്‍ ഞാന്‍ ബഷീറിനെ വായിക്കാം (ഉറപ്പൊന്നുമില്ല)' എന്ന ഭാവം കണ്ടു. 'മൂപ്പര് വലിയ രസികനൊക്കെയായിരിക്കും, പക്ഷേ കൊന്നാലും ഞാന്‍ മംഗളം, മനോരമ വിട്ട് പാത്തുമ്മാന്റെ ആട് വായിക്കൂല' എന്ന ഭാവത്തിലാണ് ഉമ്മ ഭക്ഷണത്തിനിരുന്നത്. ചോറിനുശേഷം ഒറ്റയ്ക്കു തിന്നാനായി ആരും കാണാതെ പ്ലേറ്റിലൊളിപ്പിച്ചുവച്ച പൊരിച്ച മീന്‍ ചോദിച്ചാല്‍പോലും ചെറിയൊരു കഷണം കൊടുക്കാന്‍ തോന്നുന്നത്ര അടുപ്പം അന്നുരാത്രി എനിക്ക് ബഷീറിനോടു തോന്നി.   
  
ആ ദിവസത്തോടെ, വൈക്കം മുഹമ്മദ് ബഷീര്‍ എന്ന, പേരുപോലെ വലുപ്പമുള്ള ആ എഴുത്തുകാരന്‍ എനിക്ക് പൂര്‍വ്വാധികം പ്രിയപ്പെട്ടവനായി. 

പറമ്പിലെ മാവുപേരകള്‍ക്കു മുകളിലും കശുമാവാഞ്ഞിലിമുളകള്‍ക്കു ചോട്ടിലുമിരുന്ന് മറ്റാരും കാണാതെ പൊട്ടിച്ചിരിച്ച്, ഏങ്ങിക്കരഞ്ഞ് വായിച്ചുതീര്‍ത്ത 'ബാല്യകാലസഖി'യാണ് ഞാനാദ്യമായി സ്വന്തം നിലയ്ക്ക് അനുഭവിച്ച ബഷീര്‍സാഹിത്യം. തുടര്‍ന്ന്, തന്നെക്കടിച്ച അട്ടയോടുപോലും സ്‌നേഹമുള്ള കുഞ്ഞുപാത്തുമ്മയുടെ 'ആനക്കഥ'യും ബാല്യകാലസഖിയുടെ പുതിയ പതിപ്പ് മുന്‍കാലുകൊണ്ട് ചവിട്ടി രണ്ടും മൂന്നും പേജുകളാക്കി നക്കിനക്കി സ്റ്റൈലായി ചവച്ചുതിന്ന കുരുകുരുത്തം കെട്ട 'പാത്തുമ്മാന്റെ ആടും' എന്റെ ഹൃദയത്തിലേക്ക് വെളിച്ചപ്പെട്ടു. ഹൈസ്‌കൂള്‍ ക്ലാസുകളിലെപ്പൊഴോ മലയാളം ടെക്സ്റ്റ്ബുക്കില്‍ വായിച്ച 'ഭൂമിയുടെ അവകാശികള്‍'ക്ക് പിന്നീട് ഏറെക്കാലം ഞങ്ങളുടെ ഒരേക്കര്‍ പുരയിടത്തില്‍ തുടര്‍ച്ചകളുണ്ടായി.  

പാമ്പും പഴുതാരയും കാട്ടുമുയലും കീരിയും തേളും പെരുച്ചാഴിയും പൂച്ചയും പട്ടിയും പലജാതി പക്ഷികള്‍ക്കൊപ്പം ഏറെക്കുറെ സമഭാവനയോടെ കഴിഞ്ഞ കാട്ടിനുള്ളിലെ, മരപ്പട്ടികളുടെയും എലികളുടെയും എട്ടുകാലികളുടെയും പല്ലികളുടെയും പാറ്റകളുടെയും സാമ്രാജ്യമായ പഴയ വീട്ടിലേക്ക് അധിനിവേശം ചെയ്ത ഇരുകാലിക്കുടുംബം മാത്രമായി ഞങ്ങളെ വാറ്റിയെടുത്തത് 'ഭൂമിയുടെ അവകാശികളാ'ണ്. കുറുക്കനെ താമ്രപത്രം കൊണ്ടെറിഞ്ഞ ബഷീറിനെപ്പോലെ അടുക്കളയിലെ സ്ഥിരം ശല്യക്കാരനായ കറുത്ത പൂച്ചയെ മത്തിത്തല കൊണ്ടെറിയുന്ന ഉമ്മ. മൃഗങ്ങളില്‍ ഒരു 'ജന്റില്‍മാന്‍' ഉണ്ടെങ്കില്‍ അത് മിസ്റ്റര്‍ മൂര്‍ഖനാണെന്ന് ക്വാര്‍ട്ടേഴ്‌സിലെ പൊന്തമൂടിയ ഇടവഴിയിലൂടെ എന്നും കോളജിലേക്ക് നടന്നുപോകുന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാറുള്ള ഉപ്പാവ. വെളുപ്പാന്‍കാലത്ത് കുളിരുകൊള്ളാന്‍ ബാത്ത്‌റൂമിലേക്കിഴഞ്ഞുവന്ന പാമ്പിനെ ഉറക്കപ്പിച്ചില്‍ വെറുംകൈ കൊണ്ടുപിടിച്ച് പുറത്തുകൊണ്ടിട്ട മൂത്ത ചേട്ടന്‍ (പിന്നീടദ്ദേഹം പാമ്പുപിടിത്തത്തില്‍ 'വാവ'യായി). 'ഡിസക്ഷന്‍' ചെയ്തുപഠിക്കാന്‍ കൊണ്ടുവന്ന തവളയെ ജീവന്‍ പോകാനായി ബക്കറ്റിലെ വെള്ളത്തിലിട്ടുവച്ച ഇളയ ചേട്ടന്‍. ഒരിക്കലും വെട്ടിയൊതുക്കാത്ത കാട്ടിനുള്ളിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ കാലമത്രയും പ്രിയമുള്ളവര്‍ ബഷീര്‍ കഥാപാത്രങ്ങളായി എന്നെ രസിപ്പിച്ചുകൊണ്ടേയിരുന്നു. 

ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ അസുലഭകാലഘട്ടത്തില്‍ നെഞ്ചിലേക്കുചേര്‍ന്ന, നേര്‍ത്ത ചന്ദനക്കുറിപോലുള്ള കൂട്ടുകാരിയെ ദേവിയായി സങ്കല്പിക്കാനായിരുന്നു എന്നിലെ കാമുകനിഷ്ടം. മതിവരാതിരുന്നിട്ടും മാസങ്ങള്‍ക്കകം പൂജ അവസാനിപ്പിക്കേണ്ടിവന്നപ്പോള്‍ ബഷീര്‍ എന്ന കാമുകന്‍ അഭയമായെത്തി. മറ്റൊരു കാടിനുനടുവിലെ ഏകാന്തമായൊരു വാടകവീട്ടില്‍ ഒറ്റയ്ക്കിരുന്ന് 'അനുരാഗത്തിന്റെ ദിനങ്ങള്‍' വായിച്ചുതീര്‍ത്ത് കണ്ണുതുടച്ച്, വിഷാദമോഹനമായൊരു മധുരപ്രണയത്തിന്റെ പൂവിന്‍കുഴലില്‍നിന്ന് വിറയ്ക്കുന്ന ചിറകുകളോടെ ഞാന്‍ പുറത്തേക്കുപറന്നു. 

എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനുമുന്നില്‍, രാത്രി വൈകിയുദിക്കുന്ന തെരുവുമക്കളുടെ ലോകത്തില്‍ പെട്ടുപോയ ഒരു രാത്രിയിലാണ് അതുവരെ എഴുത്തുകാരന്റെ അതിശയോക്തിയെന്നു കരുതിപ്പോന്ന 'ശബ്ദങ്ങളു'ടെ പരമാര്‍ഥം തിരിച്ചറിഞ്ഞത്. അവയവങ്ങളുടെ പേരുകൂട്ടിമാത്രം അമ്മയെ സംബോധന ചെയ്യുന്ന മധ്യവയസ്സ് പിന്നിട്ട മകനും തത്തുല്യമായ തെറിവിളികളിലൂടെ മകനെ നേരിട്ട് അയാള്‍ക്കൊപ്പമിരുന്ന് അക്ഷോഭ്യയായി എച്ചില്‍ തിന്നുന്ന വൃദ്ധമാതാവും. സംസാരത്തിനിടെ ചില പേരുകളുരുവിട്ട് 'അവനാണോ എന്റെ തന്ത' എന്ന് താടിയും മുടിയും നരച്ച മകന്‍ ചോദിക്കുന്നുണ്ട്. അല്ലെന്നു കേള്‍ക്കുമ്പോള്‍ പൂര്‍വാധികം മലിനമായ വാക്കുകളാല്‍ അയാള്‍ സ്വന്തം അമ്മയെ ശകാരിക്കുന്നു. ജീവിതത്തിലൊരിക്കലും മറക്കാത്ത ആ രാത്രി 'ഈ ബഷീറിനെന്തൊരു വെളിച്ച'മെന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ അദ്ഭുതപ്പെട്ടു.   

'അവന്‍ പല രൂപത്തിലും വരും. പുനലൂര്‍ രാജന്റെ രൂപത്തിലും!' കേവലം മനുഷ്യര്‍ക്ക് ഉന്മാദം എന്നു തോന്നിപ്പിച്ച, അഭൗമമായ ആത്മപ്രകാശനത്തിന്റെ നാളുകളില്‍, ഊരിപ്പിടിച്ച കഠാരയുമായി ബഷീര്‍ പറഞ്ഞ ഈ വാചകത്തിന്റെ തുമ്പില്‍ പിടിച്ചാണ് രാമേട്ടന്‍ എന്ന വലിയ വായനക്കാരന്‍ ഒരിക്കലെന്നെ കോഴിക്കോട്ടേക്ക് കൂട്ടിക്കൊണ്ടുപോയത്. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ബേപ്പൂര്‍ സുല്‍ത്താനെ, അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അയല്‍ക്കാരനായി അറിയപ്പെടുന്ന പുനലൂര്‍ രാജന്‍ എന്ന ഫോട്ടോഗ്രാഫറിലൂടെ ഞങ്ങള്‍ അടുത്തറിഞ്ഞു. അന്ന് അദ്ദേഹം സമ്മാനിച്ച പ്രശസ്തമായ ഏതാനും ബഷീര്‍ച്ചിത്രങ്ങളുടെ കോപ്പികള്‍ പ്രളയത്തെ അതിജീവിച്ചുകൊണ്ട്, എക്കാലത്തേക്കും എനിക്കു ലഭിച്ച അമൂല്യനിധികളിലൊന്നായി അവശേഷിക്കുന്നു.

ചെറുപ്പത്തിലെന്നപോലെ പരിസരം മറന്ന് പൊട്ടിച്ചിരിച്ചുകൊണ്ടേ ഇപ്പോഴും ബഷീര്‍ക്കഥകള്‍ വായിക്കാനാകൂ. ആ ജീവിതവും എഴുത്തും വിസ്മയിപ്പിച്ചയത്രയും മറ്റൊരാളും മലയാളിയെ വിസ്മയിപ്പിച്ചുകാണില്ല. അനുഭവങ്ങളുടെ എത്രയെത്ര മഞ്ഞുമലകളാണ് ബഷീര്‍ എന്ന മഹാസമുദ്രത്തിലൂടെ അനായാസം ഒഴുകിനടന്നത്. അഹന്തയുടെ എത്രയെത്ര മഹായാനങ്ങളാണ് അവയിലിടിച്ച് സ്വയം ഉടഞ്ഞുപോയത്. 

ഞാനും ഞാനും ചേരുമ്പോള്‍ ഇമ്മിണി ബല്യ ഞാനല്ല, ചെറുതായിച്ചെറുതായി തീര്‍ത്തും ഇല്ലാതാകുന്ന പുതിയൊരു ഞാന്‍ ഉണ്ടാകുമെന്നു തെളിയിച്ച എന്റെ എക്കാലത്തെയും വലിയ മനുഷ്യന്, ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന് സലാം. 

'ഞാന്‍ മരിച്ചു. ഇനി എന്നെ ആരെങ്കിലും ഓര്‍മിക്കണമോ. എന്നെ ആരും ഓര്‍മിക്കണ്ട എന്നാണ് എനിക്കു തോന്നുന്നത്. എന്തിനോര്‍മിക്കുന്നു? കോടാനുകോടി, അനന്തകോടി സ്ത്രീപുരുഷന്മാര്‍ മരിച്ചുപോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓര്‍മിക്കുന്നുണ്ടോ?'

ജീവിച്ചിരിക്കെ അങ്ങ് എഴുതിവച്ച ഈ വാചകങ്ങളോടുമാത്രം ജീവനുള്ള കാലമത്രയും ഞങ്ങള്‍ വായനക്കാര്‍ വിയോജിച്ചു കൊണ്ടേയിരിക്കും. 

 

Follow Us:
Download App:
  • android
  • ios