Asianet News MalayalamAsianet News Malayalam

ആദ്യരാത്രിയിൽ തന്നെ എന്റെ ഭർത്താവ് എനിക്കൊരു വിവാഹസമ്മാനം തന്നു - 'സിഫിലിസ്'

എന്റെ കൂടെ കിടന്ന പോലെ, അവൻ അതിനുമുമ്പ് മറ്റേതോ പെണ്ണിന്റെ കൂടെ കിടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നത് എനിക്ക്  ഏറെ വേദന പകരുന്ന ഒന്നായിരുന്നു.  ഒരിക്കലല്ല, ഒന്നിലധികം തവണ.

In my first night itself, my husband gave me a wedding gift, Syphilis, Blog post of Taslima Nasrin
Author
Dhaka, First Published Jan 21, 2020, 6:44 PM IST
  • Facebook
  • Twitter
  • Whatsapp

'ഫ്രീ തോട്ട്സ് ബ്ലോഗ്' എന്ന വെബ് സൈറ്റിനുവേണ്ടി തസ്ലിമ നസ്രീൻ എഴുതിയ ബ്ലോഗ് പോസ്റ്റിന്റെ സ്വതന്ത്രവിവർത്തനം 

അത് ഞങ്ങളുടെ വിവാഹശേഷമുള്ള ആദ്യരാത്രിയായിരുന്നു.  വാക്കുകൾ കൊണ്ടെന്നെ വല്ലാതെ പ്രലോഭിപ്പിക്കാൻ നോക്കി രുദ്ര, " നല്ല കുട്ടീ... നീയിങ്ങനെ ബലം പിടിച്ചിരുന്നാലോ. ദേഹം ഒന്നയച്ചു നിർത്ത്..." എന്നെ സ്പർശിക്കാൻ തുടങ്ങിയ അവൻ പതുക്കെ വഴി കണ്ടെത്തിത്തുടങ്ങിയിരുന്നു. വെളിച്ചമില്ലാത്ത ആ  മുറിക്കുള്ളിൽ, ഞാൻ കണ്ണുകൾ ഇറുകെ പൂട്ടുകയും ചെയ്തതോടെ ഇരുട്ട് ഇരട്ടിച്ചു. ആ കൂരിരുട്ടിലിരുന്നുകൊണ്ട്, രുദ്ര എന്റെ ദേഹത്തിന് സമ്മാനിച്ചുകൊണ്ടിരുന്ന കൊടിയ വേദന ഞാൻ പല്ലുകൾ ഇറുകെക്കടിച്ചുകൊണ്ട് സഹിക്കുകയായിരുന്നു. എന്റെ തൊണ്ടയിൽ നിന്ന് നേർത്ത കരച്ചിലുകൾ പുറപ്പെട്ടുകൊണ്ടിരുന്നു. 

പെട്ടെന്ന്, ആ ദേഹം നുറുങ്ങുന്ന വേദനയ്ക്കിടയിൽ എപ്പോഴോ, അളവില്ലാത്ത ആനന്ദത്തിന്റെ ഒരു മിന്നൽക്കൊടി എന്റെ ദേഹത്തിലൂടെ പാഞ്ഞു. പതുക്കെ അവാച്യമായ സുഖത്തിന്റെ നീലസർപ്പങ്ങൾ ദേഹത്തെ ചുറ്റിവരിയാൻ തുടങ്ങി. നെറുക മുതൽ കാൽവിരൽത്തുമ്പുവരെ പറഞ്ഞറിയിക്കാനാകാത്ത രോമാഞ്ചം. ഒടുവിൽ ആ സുഖം അതിന്റെ കൊടുമുടി കയറിയപ്പോൾ ഞാൻ രുദ്രയുടെ പുറത്ത് എന്റെ പത്തുവിരലിലെയും നീളൻ നഖങ്ങളാൽ ശോണരേഖകൾ പോറിയിട്ടു. അവ തിണർത്തു പൊന്തി വന്നുകൊണ്ടിരിക്കെ, ശ്വാസം കിട്ടാതെ കിതച്ചുകൊണ്ടിരിക്കെ, ഞാനവനോട് ചോദിച്ചു, " എന്താ, എന്തുപറ്റി ?"

എന്താണ് പറ്റിയതെന്ന് രുദ്ര പറഞ്ഞില്ല. കാമാതുരമായി കഷ്ടിച്ച് ഒന്നോ രണ്ടോ വാക്കുകൾ മൊഴിഞ്ഞുകൊണ്ട്, അവൻ എന്റെ ദേഹത്തേക്ക് തളർന്നുവീണു. അന്ന് ഒരുവട്ടമല്ല, പലവട്ടം അവനെന്നെ ദേഹസുഖത്തിന്റെ പരമകാഷ്ഠയിലെത്തിച്ചു. ആ സുഖം, ആദ്യം അവൻ പകർന്ന കടുത്ത വേദനയ്ക്ക് ശമനമുണ്ടാക്കി. പതിയെ എന്റെ ഞരമ്പുകൾ ക്ഷീണിച്ചുതളർന്ന്, അർദ്ധസുപ്താവസ്ഥയിലെത്തി. നേരിയൊരു കരച്ചിൽ എന്റെ തൊണ്ടയിൽ നിന്ന് ഇപ്പോഴും പുറപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് വേദനയുടേതായിരുന്നില്ല, പരമാനന്ദത്തിന്റേതായിരുന്നു. ഞാൻ ആ പരമസുഖം ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ സുഖം കൊണ്ട് ഞരങ്ങിക്കൊണ്ടിരിക്കെ, അവൻ അടുത്തില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. അവൻ അടുത്തില്ലാതായിട്ട് നേരം കുറച്ചായി എന്നുതോന്നുന്നു.
" നീയെവിടെയാ..?"
ആ കൂരിരുട്ടിൽ പെട്ടെന്നൊരു ചുവന്ന കനൽവെട്ടം തെളിഞ്ഞു. ആ കനൽ പതുക്കെ ഉയർന്നുതാണു.
"ഉറങ്ങാൻ പ്ലാനൊന്നുമില്ലേ..?"
"ഉണ്ട്, ഞാനിതാ വരുന്നു..."
 ആ ചെങ്കനൽ കെട്ടു. അവന്റെ സിഗരറ്റുവലി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എന്താണ് രുദ്ര തിരിച്ച് കിടക്കയിലേക്ക് എത്താത്തത്..? എന്റെ അടക്കമില്ലാത്ത, കുറുമ്പുള്ള ശരീരത്തിന് അവനെ ഇനിയും വരിഞ്ഞുമുറുക്കാൻ തോന്നുന്നുണ്ടായിരുന്നു. അവൻ തിരിച്ചെത്തിയാൽ അറിയാൻ, വന്നപാടെ അവനെ കെട്ടിപ്പിടിച്ച് ദേഹത്തോടുചേർക്കാൻ, രാത്രിമുഴുവൻ ആ ദേഹത്തിന്റെ മദഗന്ധം നുകർന്ന് അവനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ, അതിനുവേണ്ടി മാത്രം ഞാൻ എന്റെ ഒരു കൈ അവന്റെ തലയിണയ്ക്കുമേൽ വെച്ചുകിടന്നു. അവനെ കാണാഞ്ഞപ്പോൾ ഞാൻ വീണ്ടും വിളിച്ചു, " വരുന്നില്ലേ നീ..? "

അപ്പോഴേക്കും ഡെറ്റോൾ ലോഷന്റെ മനം മുറിക്കുള്ളിൽ പരന്നുതുടങ്ങി.

" എന്തുപറ്റി..? എന്താണിവിടെ ഒരു ഡെറ്റോൾ മണം..? "
" ഞാൻ ഡെറ്റോൾ പുരട്ടുകയാണ്" ഇരുട്ടിന്റെ ആഴങ്ങളിൽ നിന്ന് രുദ്രയുടെ സ്വരം.
"എന്തേ..? എന്തുപറ്റി?"
" എനിക്ക് ചൊറിയുന്നുണ്ട്..."
" ചൊറിച്ചിലിന് ആരാണ് ഡെറ്റോൾ പുരട്ടുക..?"
"ഇല്ല, ഞാൻ ഓയിന്റ്മെന്റും പുരട്ടുന്നുണ്ട്"
"എന്ത് ഓയിന്റ്മെന്റ്..?"
"എനിക്കറിയില്ല..."
" സ്വിച്ച് ഓൺ ചെയ്തേ. ഞാൻ നോക്കട്ടെ. എവിടെയാണ് നിന്റെ ചൊറിച്ചിൽ എന്നും, എന്ത് ഓയിന്റ്മെന്റാണ് നീ പുരട്ടുന്നത് എന്നും"
രുദ്ര ലൈറ്റിട്ടു. " ഇതാ വരുന്നു" എന്നും പറഞ്ഞ് നേരെ ടോയ്‌ലെറ്റിനുള്ളിലേക്ക് കയറി. വെളിച്ചം വീണപ്പോൾ ഉലഞ്ഞു കിടന്ന സാരി നേരെയാക്കി ഞാൻ അവനെ കാത്തിരുന്നു.
രുദ്ര തിരിച്ചു വന്നപ്പോൾ ഞാൻ അവന്റെ കയ്യും കാലും ഒക്കെ പരിശോധിച്ചു. അവിടെങ്ങും തന്നെ ചൊറിച്ചിലിന്റെയോ ചിരങ്ങിന്റെയോ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല.
" ഒന്നും കാണുന്നില്ലല്ലോ, എവിടെയാണ് നിന്റെ ചൊറിച്ചിൽ ..?"
എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ രുദ്ര ലൈറ്റണച്ചു, എന്റെയടുത്ത് കിടന്നു. അവന്റെ നെഞ്ചത്തെ രോമങ്ങളിൽ വിരലൊടിച്ചുകൊണ്ട് ഞാൻ ആത്മഗതം നടത്തി, " ഞാൻ നോക്കിയിട്ട് ഒരു ചൊറിയും കണ്ടില്ല"
"ഉണ്ട്, ചൊറിച്ചിലുണ്ടെനിക്ക്..."
"എവിടെ?"
"അവിടെ"
"അവിടെ എന്നുവെച്ചാൽ എവിടെ?"
"എന്റെ ജനനേന്ദ്രിയത്തിൽ"
"എന്നിട്ട് അവിടെ ഡെറ്റോൾ ആണോ അതിനു പുരട്ടുക..?"
"പുരട്ടുമ്പോൾ ഒരു ആശ്വാസമുണ്ട്, അതാ..."
"ഏത് ഡോക്ടറാണ് നിന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞത്..?"
"ഡോക്ടറൊന്നും പറഞ്ഞതല്ല.."
" പിന്നെ നിനക്കീ ഓയിന്റ്മെന്റ് എവിടുന്ന് കിട്ടി..? വല്ല ഡോക്ടർമാരും പറഞ്ഞുതന്നതോ?"
"അല്ല, മെഡിക്കൽ ഷോപ്പിൽ നിന്ന് ഞാൻ തന്നെ വാങ്ങിയതാ"
"ഇതുകൊണ്ട് ചൊറിച്ചിൽ മാറുമോ?"
"ആവോ, എനിക്കറിയില്ല"
"പിന്നെന്തിനാണ് നീയത് തേക്കുന്നത്? പെർമെത്രിൻ ഓയിന്റ്മെന്റ് ചിരങ്ങിനു തേയ്ക്കുന്ന മരുന്നല്ലേ? അത്രയ്ക്കധികം ചൊറിച്ചിലുണ്ടോ നിനക്ക്..?"
"ഉണ്ട്.. അവിടെ വലിയൊരു കുരുവും വന്നിട്ടുണ്ട്..."
"ചെറുതോ?"
" അത്ര ചെറുതൊന്നുമല്ല.."
" എത്ര വലുതാകും ഏറിയാൽ? അങ്ങനെ അവിടെ വലിയ കുരു വരാൻ..?"
"നല്ല വലിപ്പമുണ്ട് ആ കുരുവിന്.."

ഒരു ഡോക്ടർ എന്ന നിലയിലുള്ള എന്റെ ജിജ്ഞാസയും ആവേശവും കാരണം പിന്നെ എനിക്ക് അറിയാതെ ഒരു നിമിഷം ഇരിക്കാൻ പറ്റില്ലായിരുന്നു. ഞാൻ എഴുന്നേറ്റ് ലൈറ്റിട്ടു. " കാണിച്ചേ... നോക്കട്ടെ, ഇതെന്തു ചൊറിയും കുരുവുമാണെന്ന്.."

രുദ്ര അവന്റെ ലുങ്കി പതുക്കെ താഴ്ത്തിക്കൊണ്ടു പോയി. ലുങ്കി താഴ്ന്നുതാഴ്ന്നു പോകുന്തോറും അവന്റെ രോമങ്ങൾക്ക് കട്ടിയേറി വന്നു. ഒടുവിൽ അവന്റെ ജനനേന്ദ്രിയത്തിന്റെ കടയ്ക്കൽ ഞാനാ ചുവന്ന പുഷ്പം കണ്ടു. അവനുമൊത്തുള്ള എന്റെ ആദ്യരാത്രിയായിരുന്നു അത്. ഞങ്ങൾക്ക് മണിയറ ഒരുക്കുവാനോ, കിടക്കയിൽ പൂക്കൾ വിരിക്കുവാനോ ഞങ്ങൾക്ക് ആരുമുണ്ടായിരുന്നില്ല. പനിനീർപ്പൂവോ, ചേമന്തിയൊ, ചെമ്പരത്തിയോ, മുല്ലയോ ഒന്നും ഉണ്ടായിരുന്നില്ല എന്റെ പട്ടുമെത്തയിൽ. രുദ്രയുടെ പുരുഷത്വത്തിന്റെ കടയ്ക്കൽ പൂത്തുനിന്ന ആ രക്തപുഷ്പം എന്റെ മണിയറയിൽ ഞാൻ കണ്ട ആദ്യപുഷ്പമായിരുന്നു.

അല്ല, അങ്ങനെയൊരു ജനനേന്ദ്രിയം ഞാൻ ആദ്യമായി കാണുകയൊന്നുമായിരുന്നില്ല. അങ്ങനെയുള്ള പല ലിംഗങ്ങളും ഞാൻ കണ്ടിട്ടുണ്ട്. ഏതാണ്ട് അതുപോലെ തന്നെ ഇരിക്കുന്ന പല വ്രണങ്ങളും. അത് എനിക്ക് ഏറെ പരിചയമുള്ള ഒരു രോഗത്തിന്റെ സകല ലക്ഷണങ്ങളും പേറിനിൽക്കുന്നൊരു പുണ്ണായിരുന്നു. എന്റെ ആശുപത്രിയിലെ ത്വഗ്രോഗ വിഭാഗത്തിന്റെ ഒപിയിൽ, ലൈംഗിക ബന്ധത്തിൽ നിന്നുണ്ടാകുന്ന പുണ്ണുകൾ പലതും, ഇതാ ഈ സിഫിലിസ് എന്ന ഗുഹ്യരോഗവ്രണം പോലും ഞാൻ എത്ര വട്ടം കണ്ടിരിക്കുന്നു. അന്നൊക്കെ സുരക്ഷിതമായ ഒരു അകലത്തിൽ നിന്നുമാത്രം കണ്ടിട്ടുള്ള ആ രോഗത്തിന്റെ പുണ്ണാണോ ഇത് ? ഏയ്.. നിർദോഷമായ മറ്റെന്തൊക്കെ അസുഖങ്ങളുണ്ട്. ഇത് അതാവണമെന്നില്ല. രുദ്രയ്ക്ക് സിഫിലിസ് തന്നെ ആവണമെന്നില്ല.
"എന്നാണിത് ആദ്യം കണ്ടത്..?"
"പത്തുപന്ത്രണ്ടു ദിവസമായി"
" ചോര വരാറുണ്ടോ..?"
"ഇല്ല"

രുദ്രക്ക് വന്നുപെട്ടിരിക്കുന്ന അസുഖം മറ്റെന്തുതന്നെ ആയാലും ശരി. അത് സിഫിലിസ് ആകാൻ വഴിയില്ല. അത് ആകാൻ സാധ്യതയുള്ള പരശ്ശതം മറ്റുരോഗങ്ങളെപ്പറ്റി ഞാൻ അപ്പോൾ മനസ്സിലിട്ട് ചികഞ്ഞുകൊണ്ടിരുന്നു. എക്സിമയാണോ? അതോ സോറിയായിസോ? ചിലപ്പോൾ ഇത് പേർളി പെനൈൽ പാപ്യൂൾ ആകുമോ? അതോ റെയ്റ്റെർസ് സിൻഡ്രമോ? അല്ലെങ്കിൽ ചിലപ്പോൾ ഫെംഫിഗസ് ആവും.
"വേദനയുണ്ടോ നിനക്ക്?"
"ഇല്ല" രുദ്ര തല വെട്ടിച്ചു.
ആ നിഷേധം ഞാൻ നേരത്തെ ആലോചിച്ച സകല സാധ്യതകളെയും ഒറ്റയടിക്ക് റദ്ദാക്കി .സിഫിലിസിന്റെ വ്രണങ്ങൾക്കും വേദനയുണ്ടാകാറില്ല.
"നേരിയ ഒരു വേദന പോലുമില്ലെന്നാണോ?"
രുദ്ര ആലോചനയിലാണ്ടു. രുദ്രാ.. നല്ലപോലെ ആലോചിക്ക്.. എന്നിട്ടുപറ. നല്ലപോലെ ആലോചിച്ചാൽ നിനക്ക് ഓർമ്മവരും, നിനക്ക് വേദന ഉണ്ടായിരുന്നു എന്ന കാര്യം.
പക്ഷേ, ആലോചനയുടെ ആ ഇടവേളക്ക് ശേഷവും അവന്റെ ഉത്തരം,"ഇല്ല" എന്നുതന്നെ ആയിരുന്നു.
" നീ പരിചയമില്ലാത്ത വല്ലവരുടെയും കിടക്കയിൽ കിടന്നിരുന്നോ? അപരിചിതരായവരുടെ വല്ലവരുടെയും ടവൽ ഉയയോഗിച്ച് കുളിച്ചിരുന്നുവോ?"
രുദ്ര വീണ്ടും ആലോചനയ്ക്കു ശേഷം "ഇല്ല " എന്നുതന്നെ പറഞ്ഞു.

റസിയ ബീഗം എന്ന നോവലിസ്റ്റ് തോട്ടം തൊഴിലാളികളെപ്പറ്റിയുള്ള അവരുടെ നോവൽ എഴുതാൻ വേണ്ടി മൂന്നുമാസക്കാലം ഒരു തേയിലത്തോട്ടത്തിൽ ചെന്ന് താമസിച്ചിട്ടുണ്ട് എന്ന് കേട്ടിരുന്നു ഞാൻ. ഇനി രുദ്ര അവന്റെ ഏതെങ്കിലും കവിതയ്‌ക്കോ നോവലിനോ വേണ്ടി ഏതെങ്കിലും വേശ്യാലയത്തിൽ ചെന്ന് പാർത്തിട്ടുണ്ടാകുമോ? അവിടുള്ള വല്ല ടവ്വലോ മറ്റോ ഉപയോഗിച്ചപ്പോൾ കിട്ടിയതാകുമോ ഇത്? അല്ലെങ്കിൽ, അവിടത്തെ ടോയ്‌ലെറ്റിലോ മറ്റോ സിഫിലിസ് ബാക്ടീരിയ ഉള്ള വല്ലതിലും പോയി തൊട്ടപ്പോൾ കിട്ടിപ്പോയതാകുമോ?' ട്രിപ്പൊനീമ പാലിഡം' അതാണ് സിഫിലിസിനു കാരണമായ ബാക്ടീരിയ . അത് അവന്റെ കയ്യിലൂടെയോ മറ്റോ അവന്റെ ദേഹത്തെത്തിയതാകുമോ? ഇല്ല, അങ്ങനെ വരില്ല, എന്നിലെ ഡോക്ടർ ഓർമിപ്പിച്ചു. അങ്ങനെ തൊട്ടാലും പിടിച്ചാലുമൊന്നും പകരുന്ന അസുഖമല്ല സിഫിലിസ്. അല്ല, ഇനി കഷ്ടകാലത്തിനെങ്ങാനും അങ്ങനെ സംഭവിച്ചുകാണുമോ എന്ന് ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ. ബാക്ടീരിയ വല്ല ദ്വാരത്തിലൂടെയോ, ഓട്ടയിലൂടെയോ വന്നുകേറിക്കാണുമോ?
"നീ എന്നെങ്കിലും വേശ്യകളുള്ളിടത്ത് പോയിട്ടുണ്ടോ ? എഴുത്തിന്റെ വല്ല ആവശ്യത്തിനുമായി? എന്നെങ്കിലും?"
"ഇല്ല, അങ്ങനെയൊന്നും ഉണ്ടായിട്ടില്ല"
"ഒരിക്കലുമില്ല?"
"ഇല്ല"
ഞാൻ അവന് അങ്ങനെ ഒരു അസുഖം വരാനുള്ള മറ്റുകാരണങ്ങൾ അന്വേഷിക്കാൻ തുടങ്ങി. കാണാൻ സിഫിലിസ് പോലുള്ള അസുഖങ്ങൾ മറ്റെന്തൊക്കെ ആവും? ഇത് രുദ്രയുടെയും ആദ്യത്തെ ശാരീരിക ബന്ധമാണ്. എന്റെയും. അത് അങ്ങനെ തന്നെയാണ് ആകേണ്ടിയിരുന്നതും. നമ്മൾ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് നമ്മൾ നമ്മളെ കാത്തുസൂക്ഷിക്കുന്നത്. ഞാൻ അവന്റെ ആ വ്രണത്തിലേക്ക് തുറിച്ചു നോക്കി. പിന്നെങ്ങനെ അവനീ വ്രണം? ഈ വ്രണം കണ്ടിട്ടാണെങ്കിൽ സിഫിലിസ് അല്ലാതെ മറ്റൊന്നുമായി തോന്നുന്നുമില്ല. വേണമെങ്കിൽ മറ്റേതെങ്കിലും ഗുഹ്യരോഗമാകാം. ഹെർപിസ് സിംപ്ലെക്സ് ആകാം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന മറ്റേതു രോഗവുമാകാം.  ഇത് സിഫിലിസ് ആണെങ്കിൽ, രുദ്ര ഇന്നോളം ഒരു വേശ്യാലയം സന്ദർശിച്ചിട്ടില്ല എങ്കിൽ, പിന്നെ എവിടെ നിന്നാണ് ഇത്തവണ കിട്ടിയത്.

ഞാൻ ഗഹനമായ ആലോചനയിലായി. ആ വ്രണത്തെ തൊട്ടുനോക്കി.അതിനെ ഞാൻ ഇടത്തുനിന്നും വലത്തുനിന്നും പരിശോധനയ്ക്ക് വിധേയമാക്കി. അതിന്റെ നിറം സൂക്ഷിച്ചു നോക്കി. അത് ഞാൻ പുസ്തകങ്ങളിലും, ഒപിയിലും കണ്ടിട്ടുള്ള സിഫിലിസ് വ്രണങ്ങൾ പോലെ തന്നെയുണ്ടായിരുന്നു. എന്റെ കണ്ണ് അത് ഉറപ്പിച്ചു. അങ്ങനെ ഉറപ്പിക്കാൻ മനസ്സ് തയ്യാറാകുന്നുണ്ടായിരുന്നില്ല. അവന് സിഫിലിസ് വരാൻ യാതൊരു സാധ്യതയുമില്ല. പിന്നെ എങ്ങനെ അത് അവനു വന്നു. എന്റെ കൺപുരികങ്ങൾക്കിടയിൽ ഒരു ചുളിവ് പ്രത്യക്ഷപ്പെട്ടു.  

"നിനക്ക് മുമ്പെത്തെങ്കിലും സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു?"
" നീയിതെന്ത് അസംബന്ധമാണ് പറഞ്ഞുവരുന്നത്..?""
രുദ്ര അവന്റെ ലുങ്കി വലിച്ചുകയറ്റി, അവന്റെ വ്രണം ലുങ്കിക്കുള്ളിൽ മറഞ്ഞു.
"പോയിക്കിടന്നുറങ്ങു, നേരം ഒരുപാട് വൈകി, ഉറങ്ങിക്കോളൂ"
നേരം ഏറെ വൈകിക്കാണും. പക്ഷേ, എന്റെ ഉറക്കം അതോടെ പോയിക്കിട്ടിയിരുന്നു. ആ പുണ്ണ് അവന് എങ്ങനെ വന്നു എന്നറിയാതെ എനിക്കിനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. അവൻ ആരോടും ബന്ധപ്പെട്ടിട്ടില്ലെങ്കിൽ പിന്നെങ്ങനെ അവന് പറങ്കിപ്പുണ്ണുവന്നു.
"നിങ്ങളിത് അച്ഛനെ കാണിച്ചിരുന്നു?"
"ഇല്ല"
" വന്നിട്ട് രണ്ടാഴ്ചയായി എന്നല്ലേ പറഞ്ഞത്? ഇതുവരെ ഡോക്ടറെ കാണിക്കാതിരുന്നത് എന്താ?"
"കാണിച്ചില്ല..."
"ഇങ്ങനെ ഡോക്ടറെ കാണാതെ ചുമ്മാ കണ്ട ഓയിന്റ്മെന്റും തേച്ചുകൊണ്ടിരുന്നാൽ അസുഖം മാറില്ല"
രുദ്ര അവന്റെ തല ചൊറിഞ്ഞുകൊണ്ടേയിരുന്നു. അവൻ എന്തോ ഓർത്ത് ഉള്ളിൽ വേവുന്നതുപോലെ എനിക്ക് തോന്നി.
ഞാൻ പെട്ടെന്ന് അവനോട് പറഞ്ഞു," വേശ്യകളുമായി ബന്ധപ്പെട്ടാൽ ഇങ്ങനെയുള്ള അസുഖങ്ങൾ വരും എന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾ എന്നോട് പറയാതിരിക്കുകയാണ്, മിക്കവാറും നിങ്ങൾ ഏതെങ്കിലും വേശ്യകളുടെ അടുത്ത് പോയിക്കാണും "
"ഇല്ല" ഏറെ നിസ്സംഗമായിരുന്നു അവന്റെയാ മറുപടി .
"സത്യമായിട്ടും നീ പോയിട്ടില്ലേ? നീയിന്ന് ആദ്യമായിട്ടല്ലേ ഒരു പെണ്ണുമായി ബന്ധപ്പെടുന്നത്? അത് ഞാനല്ലേ? പറ... "
അവന്റെ മുഖം പെട്ടെന്ന് മാറി. അവന്റെ കട്ടിപ്പുരികങ്ങൾ തമ്മിൽ കൂട്ടിമുട്ടി. അവന്റെ ഉടലിനുള്ളിൽ എവിടെയോ വല്ലാത്തൊരു സങ്കടമുണ്ട് എന്നമട്ടിൽ അവൻ എന്നെ ഉറ്റുനോക്കി. ഏറെ നേരത്തേക്ക് അങ്ങനെ നോക്കിക്കൊണ്ട് അവനിരുന്നു. ഞാൻ ശ്രമിച്ചിട്ടും ആ കണ്ണുകൾ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്നറിയാൻ എനിക്ക് സാധിച്ചില്ല. ഏറെ നേരം ഞങ്ങളിരുവരും ഒന്നും മിണ്ടാതെ അങ്ങനെയിരുന്നു. പെട്ടെന്ന് അവൻ മൗനം ഭഞ്ജിച്ചു, " പിന്നെ, ഒരു കാര്യം, ഞാൻ ആ ഏരിയയിലേക്ക് ഒരിക്കൽ പോയിട്ടുണ്ട്"
"ഏത് ഏരിയ ?"
"റെഡ് ലൈറ്റ് ഏരിയ"
"നീയോ? എന്തിന് ?"
"മറ്റുള്ളവർ പോവുന്നതിനുതന്നെ.."
" എന്തിന് ?"
രുദ്ര പിന്നൊന്നും പറഞ്ഞില്ല. എന്റെ തലയിലെ ഞരമ്പ് കിടന്ന് പിടച്ചതെന്തിനായിരുന്നു? എന്റെ നെഞ്ചിനുള്ളിൽ പെട്ടെന്ന് വല്ലാത്തൊരു വിങ്ങൽ വന്നു നിറഞ്ഞുവോ? അത് കേട്ടപ്പോൾ എനിക്ക് വീർപ്പുമുട്ടാൻ തുടങ്ങിയോ? പിന്നെ ഞാൻ പറഞ്ഞതൊക്കെയും വളരെ പതുക്കെയായിരുന്നു. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
"അപ്പോൾ നീ ഏതോ വേശ്യയുടെ കൂടെ കിടന്നിട്ടുണ്ട് അല്ലേ?"
അവൻ മറുപടിയൊന്നും പറഞ്ഞില്ല. ആ കണ്ണുകൾ കരിങ്കല്ലുപോലെ കനത്തു.
" നീ എന്താണ് മറുപടി പറയാത്തത്? പറ, എന്തെങ്കിലുമൊന്ന് പറ..."
എന്റെ കണ്ണുകളിൽ വല്ലാത്തൊരു ഉത്കണ്ഠ വന്നു നിറഞ്ഞു. " ഇല്ലെന്ന് പറ, രുദ്ര.. ദയവുചെയ്ത് നീ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറ..." ഞാൻ വശ്യം ചെയ്യപ്പെട്ടവളെപ്പോലെ അവന്റെ മറുപടിക്ക് കാത്തു.

" ഉവ്വ്..."രുദ്ര പറഞ്ഞു.
" എന്ത്..? നീ അവരുമായി ബന്ധപ്പെട്ടുവോ?"
എനിക്ക് എന്റെ ശബ്ദം തന്നെ തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ശബ്ദമേയല്ല എന്ന് തോന്നി എനിക്ക്. ഒരു യന്ത്രത്തിൽ ഏതോ ബട്ടൺ അമർത്തിയപ്പോൾ അത് യാന്ത്രികമായി എന്തോ പറയുന്നതുപോലെ.
"ഉവ്വ്"
 മുറിയിൽ വെളിച്ചമുണ്ടായിരുന്നു അപ്പോൾ. എന്നിട്ടും എന്റെ കണ്ണുകളിൽ ഇരുട്ടുകേറാൻ തുടങ്ങി. എനിക്ക് ശ്വാസം ഉള്ളിലേക്കെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഏറെ നേരത്തേക്ക് അങ്ങനെയായിരുന്നു. ഇത്, ആശുപത്രിയിലെ ഒപിയാണോ? എന്റെ മുന്നിലിരിക്കുന്നത് അപരിചിതനായ ഒരു ഗുഹ്യരോഗിയാണോ? അതോ എന്റെ രുദ്ര തന്നെയോ? എന്റെ പ്രാണസ്നേഹിതൻ, ഇപ്പോൾ എന്റെ ഭർത്താവ്. അത് അവൻ, രുദ്ര തന്നെയാണ് എന്ന് വിശ്വസിക്കാൻ എനിക്കായില്ല. ഞാൻ വർഷങ്ങളായി പ്രണയിച്ചുകൊണ്ടിരുന്നവൻ, ആരുടേതാകാനാണോ എന്റെ വീട്ടുകാരോട് തല്ലുകൂടി ഞാനിറങ്ങി വന്നത്, അവനാണിതെന്ന് എനിക്ക് ഒട്ടും തോന്നിയില്ല.
" നീ എന്നാണ് പോയത്?"
"രണ്ടാഴ്ച മുമ്പ്"
"ഒരിക്കലേ പോയുള്ളു..?"
"അതേ..."
" മുമ്പൊരിക്കലും പോയിട്ടില്ലേ ?"
" വ്രണം വന്നിട്ട് രണ്ടാഴ്ചയായി എന്നല്ലേ പറഞ്ഞത്?"
"നിങ്ങൾ ബന്ധപ്പെട്ടത് രണ്ടാഴ്ച മുമ്പാണ് എന്ന് പറഞ്ഞു, ബന്ധപ്പെട്ട അന്ന് തന്നെ വ്രണം വരില്ല. അതിന് സമയമെടുക്കും. നല്ലപോലെ ഓർത്തുനോക്ക്, അതിന് മുമ്പെപ്പോഴെങ്കിലും ?"
എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട്, ഇമ വെട്ടാതെ അവൻ പറഞ്ഞു," ഉണ്ട്, അതിനു മുമ്പും പോയിട്ടുണ്ട്"
എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല. രുദ്രയുടെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് ഞാനല്ല എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ടായിരുന്നു. ഏറെ നേരത്തേക്ക് ആകെ മരവിച്ചപോലെ ഞാൻ ഇരുന്നു പോയി.
"എന്നോട് മുമ്പൊന്നും ഇതേപ്പറ്റി പറയാഞ്ഞത് എന്താ?"
"ഇല്ല, പറയാൻ പറ്റിയില്ല"
"എന്തേ പറഞ്ഞില്ല ?"
അതിനുള്ള മറുപടി നെടുകെയുള്ള ഒരു നിശ്വാസം മാത്രമായിരുന്നു. മുറിയുടെ വെള്ളച്ചുവരിലേക്ക് ഉറ്റുനോക്കി, അവിടെ അവൻ മാത്രം കണ്ട എന്തിനെയോ നോക്കി അവനിരുന്നു, ഒരക്ഷരം പറയാതെ.
" റെഡ് ലൈറ്റ് ഏരിയ എന്നല്ലേ പറഞ്ഞത്, എവിടെയാണത്?"
"ബനിശാന്തയിൽ.."
"ബനിശാന്ത എവിടെ ?"
"തുറമുഖത്തിനടുത്ത്"
"നീ എന്തിനവിടെപ്പോയി..? എന്നോട് തരിമ്പും ഇഷ്ടമില്ലായിരുന്നോ?"
" എനിക്ക് നിന്നെ ഇഷ്ടം തന്നെയാണ്"
"എന്നോട് ഇഷ്ടമുണ്ടായിരുന്നു എങ്കിൽ നിനക്കെങ്ങനെയാണ് മറ്റൊരു പെണ്ണിനോട് ബന്ധപ്പെടാൻ സാധിക്കുക ? എന്നോട് ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നതൊക്കെയും പച്ചക്കള്ളങ്ങളായിരുന്നു അല്ലേ ? 'ഇന്നോളം നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ കൈകൊണ്ടു തൊട്ടിട്ടുപോലുമില്ല...' ഒക്കെ കല്ലുവെച്ച നുണകളായിരുന്നു അല്ലേ? എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല"

രുദ്ര എന്റെ കൂടെ കിടന്ന പോലെ, അതിനുമുമ്പ് മറ്റേതോ പെണ്ണിന്റെ കൂടെ കിടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുക എന്നെ സംബന്ധിച്ചിടത്തോളം ഏറെ വേദന പകരുന്ന ഒന്നായിരുന്നു.  ഒരിക്കലല്ല, പലവട്ടം. എന്റെ മുഖവും മുലക്കണ്ണുകളും ചുംബിച്ച പോലെ അവൻ മറ്റൊരു പെണ്ണിന്റേതും... എന്നിലേക്ക് ആഴ്ന്നിറങ്ങിയ പോലെ അവൻ മറ്റൊരുവളിലേക്കും. നടുക്കടലിൽ വഞ്ചിമുങ്ങിയ അവസ്ഥയിലായി ഞാനപ്പോൾ. ഞാനും കൂടെ മുങ്ങിയപോലെ. നോക്കെത്തും ദൂരം വരെ ശൂന്യത മാത്രം. ഞാൻ മുങ്ങിമരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ആകാശം ഇടിഞ്ഞു വീണുകഴിഞ്ഞിരുന്നു. എന്റെ ലോകം സ്ഫടികഗോളം പോലെ നിലത്തുവീണ് ഒരായിരം കഷ്ണങ്ങളായി ചിതറിത്തെറിച്ചു കഴിഞ്ഞിരുന്നു. ആ കഷ്ണങ്ങൾ ഇപ്പോൾ കടലിന്റെ അടിത്തട്ടിലെത്തിക്കഴിഞ്ഞു. ആ അന്തമില്ലാത്ത സമുദ്രത്തിലെങ്ങും ഒരു വൈക്കോൽത്തുറു പോലും കാണാനുണ്ടായിരുന്നില്ല. ഞാൻ മുങ്ങി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഞാനല്ലാതായ പോലെ, മറ്റാരോ ആയിക്കഴിഞ്ഞ പോലെ. എന്റെ തലയിൽ നിന്ന് തുടങ്ങിയ വേദന ഒടുവിൽ നെഞ്ചിൽ വന്നടിഞ്ഞുകൂടി. ഈ ലോകത്തെ എല്ലാ പാറക്കല്ലുകളും കൂടി ഒന്നിച്ചുവന്ന് എന്റെ നെഞ്ചുംകൂട്ടിൽ വന്നുകേറിയിരിക്കുന്നപോലെ. ഒരു വാക്കുപോലും മിണ്ടാനുള്ള ത്രാണി എന്നിൽ അവശേഷിച്ചിരുന്നില്ല. എന്റെ സകല ശക്തിയും നശിച്ച് ഞാൻ അന്നുരാത്രി മുഴുവൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. തലയിണയും, സാരിയും, വിരിപ്പുമെല്ലാം എന്റെ കണ്ണീരിൽ കുതിർന്നു.

ഞാൻ രുദ്രയുടെ കാലിൽ കെട്ടിപ്പിടിച്ചു കിടന്നു പട്ടിയെപ്പോലെ മോങ്ങി," പറ... നീ നുണ പറയുകയാണെന്ന് പറ... നീ വേറെ എങ്ങും പോയിട്ടില്ലെന്ന് പറ... നീ മറ്റാരുടെയും കൂടെ കിടന്നിട്ടില്ല എന്നുപറ... ഒന്ന് പറയെടാ.."

അവന്റെ മൗനം കരിങ്കല്ലിന്റേതുപോലെയായിരുന്നു. വിളറിയ മുഖത്തോടെ അവൻ രാത്രിമുഴുവൻ ഉണർന്നിരുന്ന് എന്റെ കരച്ചിൽ കണ്ടു, കേട്ടു. അടുത്ത ദിവസം രാവിലെയും, ഉച്ചക്കും, വൈകുന്നേരവും ഊണും ഉറക്കവുമില്ലാതെ ഞാൻ കരയുന്നത് അവൻ കണ്ടു. എന്നിട്ടും അവൻ എഴുന്നേറ്റു കുളിച്ചു, ഉണ്ടു. അത് അവന് മറ്റേതൊരു ദിവസവും പോലെ താനെയായിരുന്നു. എനിക്ക് ഒന്നുറങ്ങിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. ഒന്നുറങ്ങിയെണീറ്റ് ഒക്കെ ഒന്ന് മറക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അതുമാത്രം വരില്ല. ഉറക്കഗുളിക വേണം എന്ന് പറഞ്ഞപ്പോൾ, രുദ്ര അവന്റെ അച്ഛന്റെ ഗുളികകളിൽ രണ്ടു സ്ട്രിപ്പ് എനിക്ക് കൊണ്ടുവന്നു തന്നു. രണ്ടു സ്ട്രിപ്പിലുണ്ടായിരുന്ന ഇരുപത് ഗുളികകളിൽ ഒരെണ്ണം മാത്രമാണ് ഞാൻ കഴിച്ചത്. ഒരെണ്ണമേ കഴിക്കാവൂ. എങ്കിലേ ആ രണ്ടു സ്ട്രിപ്പുകൊണ്ട് ഇരുപതു ദിവസം എനിക്കുറങ്ങാനാകൂ. എനിക്കറിയാമായിരുന്നു. എന്നിട്ടും, രുദ്ര കാണാതെ അന്ന് വൈകുന്നേരം ഞാൻ ആ രണ്ടു സ്ട്രിപ്പിലെയും ഗുളികകൾ ഒന്നിച്ച് വാരിയെടുത്ത് വായിലിട്ടു. "ഞാൻ നിന്നിൽ നിന്ന് ദൂരേക്ക് പോവുകയാണ്, എന്നാലും എന്നെ മറന്നുപോകാൻ നിന്നെ ഞാൻ അനുവദിക്കില്ല" എന്റെ മനസ്സിൽ ആ രണ്ടു വരികൾ മാത്രമിങ്ങനെ കിടന്നു കറങ്ങുകയായിരുന്നു.
എനിക്ക് സത്യത്തിൽ എത്ര ദൂരേക്ക് പോകാമോ അത്രയും ദൂരേക്ക് പോയാൽ കൊള്ളാമെന്നുണ്ടായിരുന്നു. രുദ്ര എന്നെ മറക്കണം എന്നുണ്ടായിരുന്നു. തസ്ലീമയെന്നൊരാൾ അവന്റെ ജീവിതത്തിന്റെ ഭാഗമേ ആയിരുന്നില്ല ഒരിക്കലും എന്നവൻ കരുതണം എന്നുണ്ടായിരുന്നു. എന്റെ അസ്തിത്വം തന്നെ എനിക്കിനി താങ്ങാനാകും എന്നെനിക്ക് അപ്പോൾ തോന്നിയിരുന്നില്ല. എന്റെ ജീവിതത്തിന് ഇനി എന്തെങ്കിലും വിലയുണ്ട് എന്നും എനിക്ക് തോന്നിയില്ല. ആ അസഹ്യമായ വേദനയും,  അസഹനീയമായ അപമാനവും ഇനിയും എനിക്ക് ഒരു നിമിഷത്തേക്ക് പോലും താങ്ങാനാകും എന്നെനിക്ക് തോന്നിയില്ല. അനിവാര്യമായ ആ മരണത്തിലേക്ക് ഞാനിങ്ങനെ നടന്നുകൊണ്ടിരിക്കെ ആരോ എന്നെ പിന്നിൽ നിന്ന് കടന്നുപിടിച്ചു. എന്നെ തടഞ്ഞു. ജീവിതത്തിലേക്ക് തിരികെ വലിച്ചുകയറ്റി. മരണത്തിലേക്കുള്ള നടത്തത്തിൽ നിന്ന് തിരികെ വന്നശേഷം കണ്ണുതുറന്നപ്പോൾ ഞാൻ കണ്ടത് ആശുപത്രിക്കിടക്കയിൽ മൂക്കിലൂടെ പൈപ്പിട്ട് കിടക്കുന്ന എന്നെത്തന്നെയാണ്. തൊട്ടടുത്ത് നിൽക്കുന്ന രുദ്രയുടെ ഡോക്ടറായ അച്ഛനെയാണ്. ഞാൻ വിഴുങ്ങിയ വിഷം എന്റെ ദേഹത്തുനിന്ന് അവർ ഇറക്കിക്കഴിഞ്ഞിരുന്നു. എങ്കിലും, എന്റെ ഹൃദയത്തിൽ നിന്ന് അതൊരു തുള്ളി പോലും തിരിച്ചിറക്കാൻ അവർക്കായില്ല. എന്റെ കണ്മുന്നിൽ കിടന്ന് ഈ  ഹൃദയം മരണവെപ്രാളത്താൽ പിടച്ചു. ചത്തുമലച്ച ഹൃദയത്തെയും അടുത്തുകിടത്തി ഞാൻ ആ രാത്രി ഒരുപോള കണ്ണടക്കാതെ കഴിച്ചുകൂട്ടി.

അന്നെനിക്ക് വയസ്സിരുപതായിരുന്നു പ്രായം.  ഒന്നിച്ചു ചിലവിട്ട ഞങ്ങളുടെ ആദ്യരാത്രിയിൽ തന്നെ എന്റെ ഭർത്താവിനിക്കൊരു വിവാഹസമ്മാനം തന്നു. അതിന്റെ പേര് സിഫിലിസ് എന്നായിരുന്നു. അതേ, അയാൾ സ്വന്തം ഗുഹ്യരോഗം എനിക്കും പകർന്നുതന്നു..

Follow Us:
Download App:
  • android
  • ios