തിരുവെഴുത്തുകളുടെ തത്വവിചാര ശാസ്ത്രത്തോടൊപ്പം അത് അനുഭവപ്പെടുത്തുന്ന സര്‍ഗ്ഗാത്മക അനുഭൂതികളെ അന്വേഷിച്ചറിയുക എന്നതാണ് എഴുത്തിന് പിറകില്‍ സംഗതമാകുന്ന കര്‍മം. ദൈവവചനത്തിലെ സ്ഥലകാല പരിധികള്‍ പുന:സംവിധാനം ചെയ്യുന്ന എഴുത്തുകാരന്‍ ബൈബിളിനെ സംഭവങ്ങളുടെ ശ്രേണിയും തലമുറയുടെ പരമ്പരയുമായല്ല അറിയുന്നത്. വേദപുസ്തകം അവര്‍ക്ക് ഭാവന തളച്ചിടാനുള്ള അത്താണിയുമല്ല. മിത്തും വചനങ്ങളും നല്‍കുന്ന മരക്കുരിശില്‍ മനുഷ്യനെ ചേര്‍ത്തുവെക്കുകയാണ് എഴുത്തുകാര്‍. വേദപുസ്തകത്തിന്റെ സംസ്‌കാര, ജൈവസമ്പത്തുകള്‍ എഴുത്തുകാരന്റെ ഭാവനയ്ക്കാകാരമാകുന്നു.

 

 

വേദപുസ്തകത്തെ ദൈവവചനങ്ങളുടെ സമഗ്രരൂപമെന്ന നിലയില്‍ വായിച്ചെടുക്കുകയെന്നത് താരതമ്യേന ലളിതമായ കൃത്യമാണ്. തിരുവെഴുത്തുകളുടെ തത്വവിചാര ശാസ്ത്രത്തോടൊപ്പം അത് അനുഭവപ്പെടുത്തുന്ന സര്‍ഗ്ഗാത്മക അനുഭൂതികളെ അന്വേഷിച്ചറിയുക എന്നതാണ് എഴുത്തിന് പിറകില്‍ സംഗതമാകുന്ന കര്‍മം. ദൈവവചനത്തിലെ സ്ഥലകാല പരിധികള്‍ പുന:സംവിധാനം ചെയ്യുന്ന എഴുത്തുകാരന്‍ ബൈബിളിനെ സംഭവങ്ങളുടെ ശ്രേണിയും തലമുറയുടെ പരമ്പരയുമായല്ല അറിയുന്നത്. വേദപുസ്തകം അവര്‍ക്ക് ഭാവന തളച്ചിടാനുള്ള അത്താണിയുമല്ല. മിത്തും വചനങ്ങളും നല്‍കുന്ന മരക്കുരിശില്‍ മനുഷ്യനെ ചേര്‍ത്തുവെക്കുകയാണ് എഴുത്തുകാര്‍. വേദപുസ്തകത്തിന്റെ സംസ്‌കാര, ജൈവസമ്പത്തുകള്‍ എഴുത്തുകാരന്റെ ഭാവനയ്ക്കാകാരമാകുന്നു. കഥയുടെ കാല്‍പനികാരാമങ്ങള്‍ക്കപ്പുറം വേദപുസ്തകത്തിലെ മുള്‍പ്പാതകളാണ് കഥയെഴുത്തുകാര്‍ നടന്നുതീര്‍ക്കുന്നത്. മലയാളകഥയുടെ ചരിത്രരേഖയിലും കഥനശൈലിയിലും വേദപുസ്തകത്തിന്റെ സജീവസാന്നിധ്യം പതിഞ്ഞു കിടപ്പുണ്ട്.

മലയാളിയുടെ സംവേദനശീലത്തെ തലോടി, ചിലപ്പോള്‍ വേദനിപ്പിച്ചും കടന്നുപോകുന്ന കഥകളില്‍ നിന്നും അടിസ്ഥാനപരമായി ജീവിതത്തിന്റെ വികല്‍പങ്ങളിലേക്കും അന്തരീന്ദ്രിയ ദര്‍ശനത്തിലേക്കും മലയാളകഥയെ മാറ്റി വരച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. സാമൂഹികഭൂമികയില്‍ വ്യക്തികളെ ചേര്‍ത്തുവെച്ച ബഷീറിന്റെ രചനാലോകത്ത് കുരിശിന്റെ സാന്നിധ്യമുണ്ട്. 'സ്ഥലത്തെ പ്രധാനദിവ്യനി'ല്‍ കഥാകാരന്‍ തോമയെ പേരിട്ടു വിളിക്കുന്നത് 'പൊന്‍കുരിശു തോമ' എന്നാണ്. മനുഷ്യസ്വഭാവ വൈചിത്ര്യത്തെ തൊട്ടുകാണിച്ച 'ആനവാരിയും പൊന്‍കുരിശും' എന്ന കൃതിയിലും ബഷീറിന്റെ ആഖ്യാനരേഖയില്‍ വേദപുസ്തകത്തിന്റെ പ്രകാശമുണ്ട്. പേരും ആനമോഷണകഥയും ചിന്താപരതകൊണ്ട് നിയന്ത്രിക്കാനും സൗന്ദര്യാത്മകമായ ഒകരലം സൃഷ്ടിക്കാനും എഴുത്തുകാരന് കഴിഞ്ഞു. ആത്മോപാസനയില്‍ നിന്നു മോചനം നേടി പ്രമേയങ്ങളെ മിത്തുകളാക്കുന്ന ശൈലിയുടെ കരുത്ത് ബഷീറിന്റെ രചനകള്‍ അനുഭവപ്പെടുത്തുന്നു.

 

ബഷീര്‍ പെയിന്റിംഗ്: മുരളി നാഗപ്പുഴ
 

'ആര്? ഞാനാണോ? ഞാനാണോ? പണ്ട് യൂദാസും മറ്റും ക്രിസ്തുവിനോടെന്നപോലെ അവര്‍ ഓരോരുത്തരും ചോദിച്ചു'- എന്നിങ്ങനെ പൊന്‍കുന്നം വര്‍ക്കിയുടെ 'എടാ റിസീവര്‍ വരുമേ' എന്ന കഥയില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. യുഗദൈര്‍ഘ്യങ്ങളിലേക്ക് നീണ്ടു ചെല്ലുന്ന വംശസ്മൃതി സഞ്ചയത്തില്‍ നിന്നും പിറവികൊള്ളുന്ന വാക്കുകള്‍ അദൃശ്യമായ ശക്തിധാരയായി മാറുന്നു.  എഴുത്തുകാരന്‍ വചനധാരയില്‍ കണ്ടെടുക്കുന്നതും മറ്റൊന്നല്ല. ദൈവവചനം സൃഷ്ടിച്ചവയെ  ജീവിതദുരന്തത്തോടു ചേര്‍ത്തിനിര്‍ത്തി വിചാരണ ചെയ്യുന്ന കാഴ്ച പോഞ്ഞിക്കര റാഫിയുടെ 'ബാബേല്‍ ബാബേല്‍' എന്ന കഥയിലുണ്ട്. അകാല മൃത്യവടഞ്ഞവരുടെ ആത്മാവുകള്‍ മൂകമായി പറയുന്നുണ്ടായിരുന്നു. ''ഇന്നു ഞാന്‍ നാളെ നീ... നാളെ ...നീ.. നാളെ'' മോക്ഷരഹിതമായ ജന്മങ്ങളുടെ ധൂസര നൈരാശ്യത്തിലേക്ക് കഥാകൃത്ത് ഇറങ്ങിനില്‍ക്കുന്നു. 

മനുഷ്യന് അടിസ്ഥാനപരമായി രണ്ടു മുഖമാണുള്ളത്. വേട്ടക്കാരന്റേയും ഇരയുടേയും. വേദപുസ്തകത്തിന്‍ന്റെ ജലരാശിയില്‍ നിന്നും ഉറൂബിന്റെ പ്രതിഭ അനുഭവിക്കുന്നതും മനുഷ്യന്റെ ദൈന്യതയാണ്. വിഹ്വലബോധങ്ങള്‍ കലാസൃഷ്ടിയിലെ തീക്ഷ്ണജ്വാലകളായി പെയ്തിറങ്ങുന്ന 'സഖറിയാസ് എന്ന പുണ്യവാളനെ' കുറിച്ചുള്ള കഥയില്‍ ഉറൂബ് ഇങ്ങനെ എഴുതി: ''സഖറിയാസ് തേങ്ങിക്കരഞ്ഞു. അവനെ ഞാന്‍ കൊന്നു. എന്റെ ചേട്ടനെ ഞാന്‍ കൊന്നു.'' പാപം ജീവാസക്തിപോലെ സഹജമാണെന്ന് വിനീതാര്‍ദ്രഭാവത്തില്‍ ഉറൂബ് രൂപപ്പെടുത്തിയിട്ടുണ്ട്.

 

എം ടി വാസുദേവന്‍ നായര്‍
 

കാരുണ്യത്തിന്റെയും സ്നേഹത്തിന്റേയും കരുത്തില്‍ മൂടുപടം ഉരിഞ്ഞുപോകുന്ന മനുഷ്യന്റെ പ്രശ്നം അവതരിപ്പിക്കുന്ന സന്ദര്‍ഭം സുവിശേഷത്തിലുണ്ട്. ബൈബിള്‍ ഭാഷ്യം സംഗീതത്തിന്റെ മാന്ത്രിക വ്യാപ്തിയാക്കി 'അക്കല്‍ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍' എന്ന കഥ എം.ടി വാസുദേവന്‍ നായര്‍ അനുഭവിപ്പിക്കുന്നു. കഥയിലൊരിടത്ത് എം.ടി ഇങ്ങനെ എഴുതി: ''യേശു വേദനയോടെ മന്ദഹസിച്ചു. യൂദാസേ കേള്‍ക്ക, പുണ്യവാന്റെ രക്തം ഇനിയും ലോകത്തിന് ആവശ്യമുണ്ട്. ഇതു പിതാവിന്റെ വചനമത്രേ-'' ഇങ്ങനെ പറഞ്ഞ് സമര്‍പ്പിത ചേതസ്സുകളുടെ ആത്മവിലയനങ്ങളിലേക്ക് കഥാകാരന്‍ എത്തിനോക്കുന്നു.

പരാജയത്തിന്റെ കഥകള്‍ ജീവിതപരിസരങ്ങളില്‍ ഇടയ്ക്കിടെ കൂടുവെച്ചുപോകാറുണ്ട്. അവ ചരിത്രത്തിന്റെയും ജീവിതത്തിന്റെയും തിരുത്തെഴുത്തുകൂടിയാണ്. ദുരന്തം വ്യത്യസ്ത വടിവുകളില്‍ പൂക്കുന്നത് കാക്കനാടന്റെ 'ബാബേല്‍' എന്ന കഥയില്‍ നിറഞ്ഞുനില്‍പ്പുണ്ട്. ''സര്‍വ്വനാശത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി, എങ്ങോട്ടെന്നറിയാതെ ഞങ്ങള്‍ വീണു. ഞങ്ങളില്‍ പലര്‍ക്കും ബോധമറ്റു.'' എന്നിങ്ങനെ വരച്ചുചേര്‍ക്കുന്ന കഥാകാരന്‍ തിരുവചനത്തെ കടുത്ത നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. എയ്തു മുറിക്കുന്ന ചോദ്യത്തെ വായനക്കാരന് മുമ്പില്‍ ഉന്നയിക്കപ്പെടുന്ന കലാസൃഷ്ടി തീവ്രമഥനത്തിന്റെ പരിച്ഛേദമാണ്. ഇതു നമ്മെ നയിക്കുക പൂര്‍വ്വനിര്‍ദ്ദിഷ്ടമല്ലാത്ത വഴിയിലേക്കാണ്. 

തിരുപിറവിയെ തൊട്ടുകൊണ്ട് സക്കറിയ എഴുതിയ 'ആര്‍ക്കറിയാം' എന്ന കഥ അധികാരത്തെ നിരാലംബതയുടെ കണ്ണുകൊണ്ട് നോക്കുന്നു.'' ദൈവരാജ്യം എപ്പോള്‍ വരുമെന്ന ചോദ്യത്തിന് അതു നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ടെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.'' എന്ന വചനം ലൂക്കോസിന്റെ വ്യാഖ്യാനരേഖയിലുണ്ട്. 

 

സക്കറിയ
 

കലാകാരന്റെ അന്തസംവേദനത്തിന്റെ രക്തസിരകളായി ലൂക്കോസ് വചനത്തെ വായിച്ചറിയുന്ന കഥപറച്ചിലുകാരനായിരുന്നു ജോണ്‍ എബ്രഹാം. 'പ്ലാസ്റ്റിക് കണ്ണുള്ള അല്‍സേഷന്‍ പട്ടി' എന്ന കഥയില്‍ കേന്ദ്രകഥാപാത്രത്തെ വിചാരണയുടെ അഗ്‌നിപാതയില്‍ നിറുത്തിയിരിക്കുന്നു.''പട്ടി തലയുയര്‍ത്തി നാക്കും നീട്ടി ജോണിയുടെ ഭാവപ്പകര്‍ച്ചകള്‍ നോക്കിയിരുന്നു.... അവന്‍ എന്റെ അവസാനത്തെ ന്യായാധിപനായി എന്റെ മുമ്പിലിരിക്കുന്നു. ഇനി എനിക്കു രക്ഷയില്ല.'' എന്നെഴുതിയ ജോണ്‍ എബ്രഹാം കഥയുടെ അതിരുകളില്‍ കൊഴിഞ്ഞു വീണ സൂചനകളില്‍ വിഷാദാത്മകമെങ്കിലും സുന്ദരമായ ദൃശ്യതലമൊരുക്കിയിരിക്കുന്നു.

എഴുത്തുകാരന്‍ കാലത്തെ ഉള്‍ക്കാഴ്ചയുടെ നക്ഷത്രവെളിച്ചത്തില്‍ അനുഭവിക്കുന്നു. ക്രൈസ്തവ ദര്‍ശനത്തില്‍ കാലം ദിവ്യാനുഭൂതി ചേര്‍ന്ന് പെയ്തിറങ്ങുന്ന വരപ്രസാദമാണ്. ജോര്‍ജ് ജോസഫ് കെ.യുടെ 'ആഴ്ചവട്ടത്തിലെ ഒന്നാം നാള്‍' എന്ന കഥ നോക്കുക.''പ്രഭാതമായി ഇലത്തുമ്പിലെ മഞ്ഞുതുള്ളികള്‍ ഭൂമിയിലേക്കു വീണു. കപ്യാര്‍ ലോന കുരിശുമണി കൊട്ടി. ആഴ്ചവട്ടത്തിലെ ഒന്നാം നാള്‍ കുര്‍ബ്ബാനയ്ക്ക വന്നവര്‍ ആ  കാഴ്ച കണ്ടു. അച്ചന്‍ കുരിശില്‍ കയറിയിരിക്കുന്നു.'' ഇവിടെ കഥാകൃത്ത് വരച്ചെടുത്ത അച്ചന്റെ ചിത്രത്തില്‍ പിതൃബിംബത്തിന്റെ സാത്വിക പരിവേഷം ചോദ്യം ചെയ്യുന്നു. കടുത്ത ഫലിതം  സ്പര്‍ശിച്ചുള്ള കഥാന്ത്യം ശ്രദ്ധേയമാണ്.

 

ടി വി കൊച്ചുബാവ
 

പ്രണയജലധിയില്‍ മുങ്ങിനില്‍ക്കുന്ന ഹൃദയങ്ങളുടെ സാന്നിധ്യം ബൈബിളിലുണ്ട്. ജീവിതഗന്ധിയായ സ്നേഹതീരത്തിന്റെ തൂവല്‍സ്പര്‍ശം സോളമന്റെ ഗീതത്തില്‍ നിറഞ്ഞിരിക്കുന്നു. തിരുവെഴുത്തിന്റെ സമുദ്രസംഗീതത്തില്‍ കഥകള്‍ വായിച്ചറിയുന്ന എഴുത്തുകാര്‍ മലയാളത്തിലുണ്ട്. കാലയളവിന്റെയും സ്നേഹദൂരത്തിന്റെയും സുഭഗതയില്‍ ഇതള്‍വിരിഞ്ഞ കഥയാണ് ടി.വി.കൊച്ചബാവയുടെ 'കന്യക, വി.ആര്‍.സുധീഷിന്റെ 'നിന്നോട് നിലവിളിക്കുന്നു' എന്നീ കഥകള്‍. ''പറയൂ എന്താണ് യഥാര്‍ത്ഥ സ്നേഹം'' എന്നൊരു ക്രൂരമായ ചോദ്യം കൊച്ചുബാവയുടെ കന്യകയില്‍ വീണുകിടപ്പുണ്ട്.'' ''എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ'' എന്ന ആര്‍ത്തനാദത്തിലാണ് സുധീഷിന്റെ കഥ ഒഴുകി എത്തുന്നത്.

വ്രണിതമായ ഹൃദയത്തില്‍ വേദന പുകച്ച് പ്രണയത്തെ എതിരേല്‍ക്കുകയാണ് സി.വി ബാലകൃഷ്ണന്റെ' ആയുസ്സിന്റെ പുസ്തകം. ബാലകൃഷ്ണന്റെ 'അവന്‍ ശരീരത്തില്‍ സഹിച്ചു' മരണവും കാലവും വേട്ടയാടുന്ന മനുഷ്യപുത്രന്റെ ജീവിതം വരച്ചിടുന്നു.

 

സി വി ബാലകൃഷ്ണന്‍
 

അതിസൂക്ഷ്മമായ ആന്തരാനുഭൂതിയെ വചനത്തിന്റെ ഉപ്പുനീരില്‍ അനുഭവിപ്പിക്കുന്ന കഥയെഴുത്തുകാരനാണ് എന്‍.പി മുഹമ്മദ്. 'ശലമോന്‍ രാജാവും ശേബാരാഞ്ജിയും' എന്ന കഥ വായിക്കുക. പ്രണയനിറവിനെ വാക്കുകളുടെ ചെപ്പില്‍ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ് കഥാകൃത്ത്.'' പ്രേമം മരണംപോലെ ബലമുള്ളത് എന്നു മാത്രം വിചാരിച്ച് അവന്‍ അപ്പനായ ദാവീദിനെപ്പോലെ നിദ്ര പ്രാപിച്ചു.'' സ്നേഹം, മോചനത്തിനുള്ള സാഗരസംഗീതമാണ്. സ്നേഹപ്രവാഹം തണല്‍വിരിക്കുന്നു. മരണത്തെ തണലായി കണ്ടെത്തുകയാണ് കഥാകാരന്‍.

അനുഗ്രഹം ശാപമായിത്തീരുന്ന, അശുദ്ധിതന്നെ വിശുദ്ധിയായി നിറം മാറുന്ന പരിഹാരമില്ലാത്ത വിരോധാഭാസത്തെ സൃഷ്ട്യുന്മുഖമായ പ്രജ്ഞയുടെ ദീപ്തിയില്‍ ഇളവേല്‍ക്കുകയാണ് പി.സുരേന്ദ്രന്‍ ' ജീവിതത്തിന്റെ ചരിത്രഭൂമിക'യില്‍. മിക്കപ്പോഴും ഈ കഥാകൃത്ത് നമ്മെ ക്രൂശിതമായ ക്രിസ്തുവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ആത്മദാനത്തിലും സ്വയം ശൂന്യവത്ക്കരണത്തിലും കുറഞ്ഞതൊന്നുമല്ല കഥ എന്ന് ഇതു വ്യക്തമാക്കുന്നു. ആത്മരക്തത്തിലും അഗ്‌നിപ്പടര്‍പ്പിലുമുള്ള ജ്ഞാനസ്നാനംപോലെയാണ് തോമസ് ജോസഫിന് ബൈബിള്‍ പ്രവേശം.' ജീര്‍ണ്ണഭവനത്തിലെ യേശു' എന്ന കഥയില്‍ ''ദു:ഖം ഉറഞ്ഞുകൂടി പ്രതിമപോലെ നിശ്ചലമായ മനുഷ്യരൂപത്തെ സ്വപ്നം കണ്ട് പൂമ്പാറ്റ ഉറക്കമുണരുന്നു.'' ചിത്രപംക്തികളുടെ വര്‍ണനൂലില്‍ തളിര്‍ത്ത കഥനപഥം മേഘപാളികളില്‍ നിന്നും ഇറങ്ങിവരുന്ന യേശുവിന്റെ ജീവിതത്തെ സര്‍ഗവൈഭവത്തിന്റെ വെളിച്ചത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

ദൈവത്തിനു  മാത്രം കാണാന്‍ കഴിയുന്ന അമ്മയുടെ ചിത്രം അഷിതയുടെ ''പെസഹതിരുനാള്‍' എന്ന കഥയിലുണ്ട്. കഥ എന്ന കര്‍മത്തിലൂടെ ക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കാന്‍ ഒരുങ്ങുമ്പോള്‍ ജീവിതത്തിന്റെ നേര്‍ക്കുള്ള എഴുത്തുകാരന്റെ മനോഭാവം നിര്‍ണ്ണയിക്കപ്പെടുന്നു. ആ മനോഭാവത്തിന്റെ ഉത്സവം കൊള്ളലാണ് ബാബു കുഴിമറ്റത്തിന്റെ 'അവള്‍ മഹിതയാം ബാബിലോണ്‍', പി.എഫ്.മാത്യൂസിന്റെ 'ആങ്ങള', മനോജ് ജാതവേദരുടെ 'പെസഹ' തുടങ്ങിയ കഥകള്‍. ഇരുട്ടിന്റെ സഞ്ചാരപഥത്തില്‍ വെളിച്ചം തടസ്സമാകാത്ത കാലത്തില്‍ നമുക്ക് നമ്മെ ഒറ്റിക്കൊടുക്കാന്‍ കഴിയുന്നു. വിലപേശുന്നത് നമ്മുടെ വില തന്നെ. കഥയെഴുത്തിന്റെ വജ്രമുന കൊണ്ട് തിരുവചനത്തെ സംഘഗാഥയാക്കി മാറ്റുന്നു. 

ബൈബിള്‍ക്കഥയുടെ വ്യതിരിക്തത സാധ്യമാക്കുന്ന എന്‍.എസ് മാധവന്‍ 'എനിക്കുമാത്രം ' എന്ന കഥയില്‍ വ്യക്തിയുടെ ഉഭയചരിത്രത്തിലേക്ക് കണ്ണയക്കുന്നു. ''അത്യുന്നതങ്ങളില്‍ കൂടി ഇതാ കോട്ടയം- സുല്‍ത്താന്‍ ബത്തേരി ബസ് പാഞ്ഞു പോകുന്നു. ''അന്ത്യകാലം വരെ അനേകര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടും'!'' എന്ന ദാനിയേലിന്റെ വചനബിംബത്തെ വി.പി. ശിവകുമാര്‍ 'കോട്ടയം-സുല്‍ത്താന്‍ബത്തേരി ബസ്' എന്ന കഥയില്‍ പറഞ്ഞുവെച്ചു.

കഥ അനുഭവരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് അതിനുപിറവി നല്‍കി സ്നാനം ചെയ്യിച്ച് കലയാക്കിമാറ്റുന്ന അതിന്റെ ധ്വനി പരിസരത്തെയാണ്. കഥപോലെ വേദപുസ്തകവും വിചാര-വികാര പ്രക്ഷേപണത്തില്‍ വ്യത്യാസം നിര്‍ണയിക്കുന്നു. സര്‍ഗാത്മക ജൈവരൂപം എന്ന നിലയില്‍ വേദപുസ്തകം എഴുത്തുകാരന്റെ പുനര്‍വായനയില്‍ തളിര്‍ത്ത സ്ഥലരാശിയുടെ ചിഹ്നങ്ങളാണ് അയ്മനം ജോണിന്റെ 'ബൈബിള്‍', സാറാ ജോസഫിന്റെ 'വരാനിരിക്കുന്ന സുവിശേഷം' ഗ്രേസിയുടെ 'വിതയ്ക്കുന്നവന്റെ ഉപമ' എന്നിവ. മനുഷ്യന്റെ പ്രതീക്ഷയെ തൊട്ടുര്‍ത്തുന്ന അനേകം അടയാളങ്ങള്‍ വെളിപാടുപുസ്തകത്തിലുണ്ട്. 

ഏകാന്തത മാത്രം കൂട്ടിനായി നേടിയെടുക്കുന്ന മനുഷ്യന്‍ ഭൂതവും ഭാവിയും ഇടകലര്‍ത്തുന്ന തന്റെ വിധിയുടെ സമസ്യകളിലൂടെ നടന്നുപോകുന്നതിന്റെ സ്പര്‍ശാനുഭവം പകരുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ 'രണ്ടുസാക്ഷികള്‍',  ഫാസിലിന്റെ 'യോസേഫും കഴുതയുമില്ലാതെ,' എബ്രഹാം മാത്യുവിന്റെ 'കൊയ്ത്തും വിതയും' തുടങ്ങിയ കഥകള്‍. വേദപുസ്തകത്തിന്റെ സൂക്ഷ്മരൂപമായ മനോധാതുക്കള്‍ പരോക്ഷമായി അനുഭവപ്പെടുത്തുന്ന കഥകള്‍ ആനന്ദ്, എം.മുകുന്ദന്‍, ഒ.വി വിജയന്‍ തുടങ്ങിയ എഴുത്തുകാരും നല്‍കിയിട്ടുണ്ട്.

സ്വപ്ന സംബന്ധമായ ജീവിതത്തിന് സൃഷ്ടിയില്‍ മാത്രമാണ് സ്ഥലകാലരാശിയുള്ളത്. സക്കറിയുടെ 'കണ്ണാടികാണ്‍മോളവും' അര്‍ത്ഥഘടന പിളരുന്നത് കഥ കാഴ്ചയെ കുറിയ്ക്കുന്ന ഉല്‍പന്നം കൂടിയായതു കൊണ്ടാണ്. വായനയുടെ വ്യവസ്ഥാപിത നിയമത്തെ ദൂരെ നിറുത്തി, കഥയുടെ തട്ടകത്തില്‍ വേദപുസ്തകത്തെ തൊട്ടുരുമി ജീവത്തായ ബിംബകല്‍പനകളെ വിലയിരുത്താനുള്ള തിരിച്ചറിവുകളുടെ അനുബന്ധം അനിവാര്യമാണ്.