Asianet News MalayalamAsianet News Malayalam

നീന്തല്‍താരം ഐസൂട്ടന്‍

കഥ പറയും കാലം. സാഗാ ജെയിംസ് എഴുതിയ കുട്ടികളുടെ നോവല്‍ ഭാഗം അഞ്ച് 
 

katha parayum kaalam kids novel by Saga james part 5
Author
Thiruvananthapuram, First Published Jun 7, 2021, 7:15 PM IST

പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

katha parayum kaalam kids novel by Saga james part 5

 

'വല്യമ്മച്ചിയേ... വല്യമ്മച്ചിയേ..'

ഉറക്കെയുള്ള വിളികേട്ട് അന്നാമ്മ തിരിഞ്ഞു നോക്കി മുത്തും ജോക്കുട്ടനുമാണ്.

'ഉം... എന്തോ പണി ഒപ്പിച്ചു കൊണ്ട് വന്നേക്കുവാണല്ലേ?'

'അല്ലാന്നേ. ഇച്ചിരെ തണുത്ത വെള്ളം തായോ.'

'എന്നാത്തിനാ ഇപ്പോ തണുത്ത വെള്ളം?'

'വല്യപ്പച്ചന്റെ കൂട്ടുകാരന് കുടിക്കാനാ'- മുത്ത് പറഞ്ഞു.

'ഏത് കുട്ടുകാരന്‍?'- അന്നാമ്മ ചോദിച്ചു.

'വല്യപ്പച്ചന്റെ ബെസ്റ്റ് ഫ്രണ്ട്.' മുത്ത് ചിരിച്ചു.

'ആഹാ... ബാലന്‍ മാഷ് വന്നോ? എന്നിട്ട് മാഷ് എവിടെ?'

'ഈ വല്യമ്മച്ചിയുടെ ഒരു കാര്യം. ദേ അവിടെ ഇറയത്ത് വല്യപ്പച്ചനൊപ്പം ഇരിപ്പുണ്ടെന്നേ.'- മുത്ത് പറഞ്ഞു.

'തണുത്ത വെള്ളം ഇല്ലല്ലോ. നിങ്ങളെ പേടിച്ചിട്ടാണ് ഫ്രിഡ്ജില്‍ വെള്ളം തണുക്കാന്‍ വെയ്ക്കാത്തത്. ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിച്ച വെള്ളം തരാം. അത് കൊടുക്കൂ.'

'വേണ്ട. ഈ ചൂടില്‍ തണുത്ത വെള്ളം മതീന്ന് ബാലന്‍ മാഷ് പ്രത്യേകം പറഞ്ഞു. ഐസ് ട്രേയില്‍ ഐസുണ്ടോന്ന് നോക്കട്ടെ.'

മുത്ത് ഫ്രീസര്‍ തുറന്ന് ഐസ് ട്രേ എടുത്തു.

'ഇതില്‍ ഐസുണ്ട് വല്യമ്മച്ചീ. ഒരു ഗ്ലാസ്സ് വെള്ളം തരൂ. അതില്‍ ഐസിട്ട് കൊടുക്കാം.'

അന്നാമ്മ ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് മുത്തിന് നല്‍കി. മുത്ത് അതിലേക്ക് രണ്ടു ഐസ് കട്ട ഇളക്കിയിട്ടു.

'ഇതാ... കൊണ്ടുപോയി ബാലന്‍ മാഷിന് കൊടുക്കൂ ജോക്കുട്ടാ. ഞാന്‍ ഐസ് ട്രേയില്‍ വെള്ളം നിറച്ചുവെക്കട്ടെ.'

ജോക്കുട്ടന്‍ മുത്തിന്റെ കൈയില്‍ നിന്നും വെള്ളം നിറച്ച ഗ്ലാസ്സ് വാങ്ങി.

'മുത്ത് ചേട്ടാ...'

'എന്തേ?'

'ഐസ് കട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതെന്തുകൊണ്ടാണ്?'

'ങ്ഹാ... അതങ്ങനെയാ. ഐസ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുമെന്ന് നീ പഠിച്ചിട്ടില്ലേ?'

'ഇല്ല. അതുകൊണ്ടല്ലേ ചോദിച്ചത്.'

'ഐസിന് വെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ് കുട്ടീ.'

മുത്ത് കൂസലില്ലാതെ പറഞ്ഞു.

'എന്നുവെച്ചാലെന്താ മുത്ത്‌ച്ചേട്ടാ?'

'അതെന്താണെന്ന് എനിക്കുമറിയില്ല. നീ ചേട്ടായിയോട് ചോദിക്ക്. അതിനു മുമ്പ് ഈ വെള്ളം മാഷിന് കൊണ്ടുകൊടുക്കൂ.'

ജോക്കുട്ടന്‍ വെള്ളവുമായി ഉമ്മറത്തെത്തുമ്പോള്‍ കണ്ണനും ബാലന്‍ മാഷിന്റെ അടുത്തിരുപ്പുണ്ടായിരുന്നു. വെള്ളം മാഷിന് കൊടുത്തശേഷം ജോക്കുട്ടന്‍ ആകാംക്ഷയോടെ കണ്ണനെ നോക്കി.

'എന്താ കുട്ടാ? കുട്ടന് ചേട്ടായിയോട് എന്തോ ചോദിക്കാനുണ്ടല്ലോ. ശരിയല്ലേ?'

'അതേന്നേ ചേട്ടായീ...'

ഗ്ലാസ്സിലെ തണുത്ത വെള്ളം ബാലന്‍ മാഷ് കുടിക്കുന്നതും നോക്കി നിന്നുകൊണ്ട് ജോക്കുട്ടന്‍ പറഞ്ഞു.

'എന്താ കാര്യം. പറയൂ കുട്ടാ.'

'ഒരു സംശയമാന്നേ. കല്ല്  വെള്ളത്തില്‍ വീണാല്‍ താഴ്ന്നു പോകില്ലേ?'

'ഉം. താഴ്ന്നുപോകും.'

'പിന്നെന്താ ഐസ്‌കട്ട വെള്ളത്തില്‍ താഴ്ന്നു പോകാതെ പൊങ്ങിക്കിടക്കുന്നത്?'

'ആഹാ... നല്ല ചോദ്യമാണല്ലോ. പറഞ്ഞുതരാം. വാ  ഇവിടിരിക്കൂ.'

 കണ്ണന്‍ ജോക്കുട്ടനെ തനിക്കൊപ്പം അരമതിലില്‍ പിടിച്ചിരുത്തി.

'കല്ലിന് വെള്ളത്തേക്കാള്‍ സാന്ദ്രത (denitsy) കൂടുതലാണ് കുട്ടാ. അതിനാലാണ് കല്ല് വെള്ളത്തില്‍ താഴ്ന്നു പോകുന്നത്. ഐസ്‌കട്ടയ്ക്കാവട്ടെ വെള്ളത്തേക്കാള്‍ സാന്ദ്രത കുറവും. അതുകൊണ്ട് ഐസ്‌കട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കും. 

സാന്ദ്രത  (denitsy) എന്നാലെന്താണെന്ന് അറിയാമോ കുട്ടാ?'

'അറിയില്ല ചേട്ടായീ.'

'ഒരു വസ്തുവിന്റെ പിണ്ഡവും  (Mass) അതിന്റെ വ്യാപ്തവും  (Volume)  തമ്മിലുള്ള അനുപാതമാണ് അതിന്റെെ സാന്ദ്രത  (denitsy). ഒരു വസ്തുവിന്റെ സാന്ദ്രത അതിന്റെ മര്‍ദ്ദം, താപനില എന്നിവയിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറുന്നു. ഖരവസ്തുക്കള്‍ക്ക് ദ്രാവകത്തേക്കാള്‍ സാന്ദ്രത കൂടുതലാണ്.
 

'വെള്ളത്തിന്റെ ഖരാവസ്ഥയല്ലേ ഐസ്?'

ജോക്കുട്ടന്‍ ആകാംക്ഷയോടെ ചോദിച്ചു.

'അതെ കുട്ടാ.'

'അങ്ങനെയെങ്കില്‍ ഐസിനല്ലേ വെള്ളത്തേക്കാള്‍ സാന്ദ്രത കൂടുതല്‍?'

'കുട്ടന്റെ സംശയം ന്യായമാണ്. പക്ഷേ ഐസ്‌കട്ടയ്ക്ക് വെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ്. കുട്ടന് അതിന്റെ കാരണമല്ലേ അറിയേണ്ടത്?'

'ഉം' ജോക്കുട്ടന്‍ തലയാട്ടി.

'ഒരു ഓക്‌സിജന്‍ ആറ്റവും രണ്ട് ഹൈഡ്രജന്‍ ആറ്റവും ചേര്‍ന്നിട്ടാണ് ഒരു ജലതന്‍മാത്ര രൂപം കൊണ്ടിരിക്കുന്നതെന്ന് കുട്ടനറിയാമോ?'

'അറിയാമല്ലോ.'

'അടുത്തടുത്ത ജലതന്‍മാത്രകള്‍ തമ്മില്‍ ഹൈഡ്രജന്‍ ആറ്റത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ജലം ദ്രാവകാവസ്ഥയിലായിരിക്കുമ്പോള്‍ ജലതന്‍മാത്രകളുടെ വേഗത്തിലുള്ള ചലനം മൂലം ഈ ഹൈഡ്രജന്‍ ബന്ധനം തകര്‍ക്കപ്പെടുകയും പുതിയ  ഹൈഡ്രജന്‍ ബോണ്ടുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ജലം ദ്രാവകാവസ്ഥയില്‍ നിന്നും ഖരാവസ്ഥയിലേക്ക് മാറുമ്പോള്‍ താപനില താഴുന്നതിനാല്‍ തന്‍മാത്രകളുടെ ചലനാത്മകത കുറയുന്നു. അതിന്റെ ഫലമായി ഹൈഡ്രജന്‍ ബോണ്ടിംഗ് ദൃഢമാകുന്നു. തന്‍ൂലം ഐസ്‌കട്ടയിലെ ഓരോ തന്‍ാത്രയും ദ്രവാവസ്ഥയിലെ ജലതന്‍മാത്രകളെ അപേക്ഷിച്ച് കൂടുതല്‍ അകലത്തിലും സ്ഥിരതയിലും ആകുന്നു. അതിനാല്‍ ഐസിന്റെ സാന്ദ്രത വെള്ളത്തേക്കാള്‍ കുറയുകയും അവ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു.

അതായത് തണുക്കുമ്പോള്‍ മറ്റ് പദാര്‍ത്ഥങ്ങളുടെ വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ജലം തണുക്കുമ്പോള്‍ ജലതന്‍മാത്രകള്‍ അകലത്തില്‍ ക്രമീകരിക്കപ്പെടുകയും അതിന്റെ ഫലമായി വ്യാപ്തം കൂടുകയും സാന്ദ്രത കുറയുകയും ചെയ്യുന്നു. ഇപ്പോള്‍ മനസ്സിലായോ കുട്ടാ?'

'മനസ്സിലായേ...'

'എന്ത് മനസ്സിലായെന്ന്? ഒന്നു പറഞ്ഞേ കള്ളക്കുട്ടാ.'

കണ്ണന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

'ഈ ഐസൂട്ടനൊരു നീന്തല്‍താരമാണെന്ന്. ഹ്ഹാഹ്ഹാ...'

ജോക്കുട്ടന്‍ പൊട്ടിച്ചിരിച്ചു.

ബാലന്‍മാഷും തോമാച്ചനും ആ ചിരിയില്‍ പങ്കാളികളായി.

 

Follow Us:
Download App:
  • android
  • ios