കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍, രാമചന്ദ്ര ഗുഹ നയിച്ച 'പാട്രിയോട്ടിസം Vs ജിംഗോയിസം' എന്ന സെഷന്‍ തുടങ്ങുമ്പോള്‍ അവതാരകന്‍,  ഖാദര്‍ മൊഹിയുദ്ദീന്‍ എന്ന തെലുഗു കവിയുടെ 'പുട്ടുമച്ച' ('മറുക്') എന്ന കവിതയില്‍ നിന്നുള്ള ചില വരികള്‍ ഉദ്ധരിക്കുകയുണ്ടായി. ഇന്ത്യയിലെ ഇന്നത്തെ
 മുസ്‌ലിം ജീവിതാവസ്ഥ പ്രതിഫലിപ്പിക്കുന്ന വരികളാണ് ഈ കവിതയിലേത്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായതും.  'ഇരുപതാം നൂറ്റാണ്ടിലെ തെലുഗു കവിത' എന്ന സമാഹാരത്തില്‍ പ്രൊഫ. വി നാരായണ റാവു ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത തെലുഗു കവിതയുടെ മലയാളം മൊഴിമാറ്റമാണിത്. വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍

 

 

മറുക്

ഒരു കെട്ടുകഥ, 
ഒരു വളച്ചൊടിക്കല്‍, 
ഒരു ആക്ഷേപം... 
അതെന്നെ വല്ലാതെ
മുറിവേല്‍പ്പിച്ചു.

1955 ഓഗസ്റ്റ് 10 -
അന്നാണ് ഞാന്‍ ജനിച്ചത്.
കൃഷ്ണാ ജില്ലയിലെ
ഒരു വിദൂരഗ്രാമത്തില്‍
ഞാന്‍ പിറന്നുവീഴുന്നതിനു മുമ്പുതന്നെ
എന്റെ പേര്
രാജ്യദ്രോഹികളുടെ പട്ടികയില്‍
എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു.

പുത്രനെ ദത്തുപുത്രനെന്നു വിളിച്ച,
സഹോദരങ്ങളെത്തമ്മില്‍ പിരിച്ച,
ചരിത്രവും എന്നെ ഒറ്റപ്പെടുത്തിക്കഴിഞ്ഞിരുന്നു.

എന്നെ നോക്കി
കളിയാക്കിച്ചിരിക്കുന്ന
പാഠപുസ്തകങ്ങള്‍,
കണ്ടാണ് വളര്‍ന്നത്.

കണ്ണും കാതും
ഉറച്ചുതുടങ്ങിയ കാലത്തുതന്നെ
ചരിത്രം വല്ലാത്ത ഭീതികള്‍
എന്റെ ഉള്ളിലേക്ക് കുടഞ്ഞിട്ടിരുന്നു.
പീഡിപ്പിച്ചു മതിയായപ്പോള്‍  
ചൂളംകുത്തുന്ന കാറ്റിലേക്കെന്നെ
വലിച്ചെറിഞ്ഞിരുന്നു.

ഇന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും
കണ്ടിട്ടില്ലാത്ത പലതിനും
ഞാന്‍ ഉത്തരവാദിയായിരിക്കുന്നു. 

എനിക്കുചുറ്റുമിന്ന്
സംശയത്തിന്റെ നിഴലുകളാണ്.
തലക്കുമീതെ നിന്ന്
ആ നിഴലുകള്‍
എന്റെ ഓരോ നീക്കവും, കൃത്യമായി
നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴും, എല്ലാ വഴിക്കും..!

എന്റെ അസ്തിത്വത്തെ
അവര്‍ ചില നമ്പറുകളിലേക്ക്
ചുരുക്കിക്കഴിഞ്ഞു.

എന്റെ വീട്ടില്‍
പെറ്റുവീണു ചൂടുമാറാത്ത
പിഞ്ചുകുഞ്ഞിന്റെ
ചോരനനവുള്ള പൊക്കിള്‍ക്കൊടിയില്‍
അവര്‍ കാണുന്നത് 1947 ആണ്.
'ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍,
മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാന്‍...'
അങ്ങോട്ടല്ലെങ്കില്‍, പിന്നെ
എനിക്ക് പോകാവുന്നിടം, നരകമാണ്..!

മുദ്രാവാക്യങ്ങളുടെ
കൊട്ടിക്കലാശങ്ങള്‍ക്കിടയില്‍
നിസ്സഹായനായി എല്ലാം കേട്ടുനില്‍ക്കയാണ്
ഞാനിന്നെന്റെ വര്‍ത്തമാനത്തില്‍.

ഒരു ഭരണഘടനയും
എന്നെ ഒന്നാശ്വസിപ്പിക്കാനില്ല.
മേല്‍മീശക്കിടയിലൂടെ
ഊറിച്ചിരിക്കുന്ന മൂന്നു സിംഹങ്ങളുള്ള
ആ സിംഹാസനവും 
എന്നെ ഗൗനിക്കുന്നില്ല 

ഞാന്‍ ഇന്ന് മനുഷ്യന്‍ പോലുമല്ല...
ഏറിവന്നാലൊരു അന്യഗ്രഹ ജീവി !
ഒരു ഒന്നാംകിട പൗരന്റെയുള്ളിലെ
1947 -ന്റെ ഓര്‍മയുടെ സ്മാരകം.

ഇവിടെ ഞാനൊരു ഗൂഢാലോചനക്കാരനാണ്,
അല്ലാതെന്താണ്?

'ഇസ്ലാം' എന്നുകേള്‍ക്കുമ്പോള്‍
'ഇസ്ലാമാബാദ്' എന്നോര്‍മ്മവരുന്നത്
ഇവിടെ ഗൂഢാലോചനയല്ല...
എന്റെ കാല്‍ക്കീഴിലെ മണ്ണ്
കുഴിച്ചു നോക്കുന്നതും
ഇവിടെ ഗൂഢാലോചനയല്ല...
എന്നെ എന്റെ ജന്മനാട്ടില്‍ തന്നെ
ഒരു അഭയാര്‍ത്ഥിയാക്കി മാറ്റുന്നതും
ഇവിടെ ഗൂഢാലോചനയല്ല...
ഞാന്‍ ശ്വസിക്കുന്ന പ്രാണവായുവിലും
ജീവിക്കുന്നിടങ്ങളിലും
വിഷം കലര്‍ത്തുന്നതും
ഇവിടെ ഗൂഢാലോചനയല്ല...
എന്നെ കഷ്ണങ്ങളാക്കി
വെട്ടിപ്പിരിച്ചിട്ട്
അഖണ്ഡഭാരതം സ്വപ്നം കാണുന്നതും
ഇവിടെ ഒരു ഗൂഡാലോചനയേയല്ല...
 
എന്നാല്‍
എന്റെ മതം ഒരു ഗൂഢാലോചനയാണ്,
പ്രാര്‍ത്ഥനായോഗങ്ങള്‍
ഗൂഢാലോചനയാണ്,
ഞാന്‍ ഉറങ്ങിക്കിടന്നാല്‍
അത് ഗൂഢാലോചനയാണ്,
ഉണര്‍ന്നെണീറ്റാല്‍
അതും ഗൂഢാലോചനയാണ്...
എനിക്ക് കൂട്ടുകൂടാന്‍ തോന്നിയാല്‍
അത് ഗൂഢാലോചനയാണ്,
എന്റെ ജീവിതം പോലും
ഒരു ഗൂഢാലോചനയാണ്.
എന്റെ അജ്ഞത, ദാരിദ്ര്യം
ഒക്കെ ഗൂഢാലോചനകളാണ്...!

ഒരു നേരത്തെ ആഹാരം
കഴിക്കാന്‍ വേണ്ടി,
ഞാന്‍ തെരുവോരത്ത് പൂക്കള്‍ വില്‍ക്കുന്നു,
പഴക്കച്ചവടം നടത്തുന്നു,
കപ്പലണ്ടി വറുത്തു വില്‍ക്കുന്നു,
കുട നന്നാക്കുന്നു, വാച്ച് റിപ്പയര്‍ ചെയ്യുന്നു,
കടവരാന്തകളിലിരുന്നു തുന്നല്‍പ്പണി ചെയ്യുന്നു,
നൂല്‍ നൂല്‍ക്കുന്നു,
ഒക്കെ മനസ്സമാധാനത്തോടെ
ജീവിക്കാന്‍ വേണ്ടി മാത്രം.

പക്ഷേ, ഒരു സുപ്രഭാതത്തില്‍
തെരുവുകളിലൂടെ
എന്റെ ചോര
പുഴകണക്കിന് ഒഴുകുന്നു,
അവയെ കഴുകി വെളുപ്പിക്കാനെന്നോണം...
 
തിരഞ്ഞെടുപ്പുകള്‍ക്ക്
തൊട്ടുമുമ്പായി,
മുഖ്യസംഭവങ്ങള്‍ക്കൊക്കെ
മുന്നോടിയായി,
എന്റെ ചോരയൊഴുകുന്നു. 

അത് ഈ രാജ്യത്തിന്റെ
ഭാവിയെത്തന്നെ നിര്‍ണ്ണയിക്കുന്നു. 

സ്ഥാനാര്‍ത്ഥികളെ
മണ്ഡലങ്ങളില്‍ നിന്ന്
പാര്‍ലമെന്റിന്റെ അകത്തളത്തിലേക്ക്
നേരിട്ട് കൊണ്ടുചെന്നെത്തിക്കുന്ന
മാന്ത്രികസ്പര്‍ശമാണ്
എന്റെ ചോര..!

അത് ഭൂമാഫിയക്ക്
വഴി തെളിച്ചു നല്‍കും,
അത് രാഷ്ട്രീയശക്തിയുടെ
പടച്ചട്ടയാണ്.
അവരെ ഉന്നതങ്ങളിലേക്കെത്തിക്കുന്ന
അദൃശ്യകരമാണ്.

ഭാരതമാതാവിന്റെ നെറുകയിലെ
സിന്ദൂരമാണ് എന്റെ ചോര.
പൂജനീയമായ ചെന്താമര...

ഞാന്‍ ചവിട്ടുന്നിടമെല്ലാം
ചോരക്കളമാവുകയാണ്... 

പൂര്‍വികര്‍
ചരിത്രത്തിന്റെ കൂട്ടിനുള്ളില്‍
വരും തലമുറയ്ക്കായി
കാത്തുവച്ച പ്രാവിന്‍മുട്ടകള്‍
ചവിട്ടിയരയ്ക്കപ്പെട്ടിരിക്കുന്നു.
പിറന്നമണ്ണിന്റെ വാരിയെല്ലുകള്‍
ഒടിഞ്ഞു നുറുങ്ങുന്ന ഒച്ച
ഞാന്‍ അവസാനമായി കേള്‍ക്കുന്നു.

ഇന്നുഞാന്‍
എന്റെ മാതൃഭാഷയില്‍
സ്വപ്നം കാണാറില്ല... 
ഏമാന്മാരുടെ ഭാഷയിലാണ്
ചിന്തകള്‍ പോലും.
ഇന്നാട്ടിലെ ക്രിക്കറ്റ് മത്സരങ്ങള്‍
എന്റെ ദേശഭക്തിയുടെ അളവുസൂചികളാണ്.
സ്വന്തം രാജ്യത്തെ സ്‌നേഹിച്ചാലുമില്ലെങ്കിലും,
അയല്‍രാജ്യത്തെ വെറുക്കുക
എനിക്ക് നിര്‍ബന്ധമാണ്..!

വെള്ളിത്തിരയില്‍, നാടകശാലകളില്‍
കോമാളിയായൊരു സാത്താന്റെ
വേഷമണിഞ്ഞ് ആളുകളെ
രസിപ്പിക്കുന്നതിനിടെ
അംഗഭംഗം വരുന്നത് 
എനിക്കാണ്...
 
പൊന്നു സ്‌നേഹിതരെ
എന്നോട് പൊറുക്കണം,
എന്നെ കോലംകെട്ടിക്കാന്‍
പുതിയൊരു വാക്കുത്പാദിപ്പിക്കുന്ന  
നിങ്ങളുടെ പ്രിയകവിയെ
ബഹുമാനിക്കാന്‍ എനിക്കാവുന്നില്ല.

മുഗളന്മാരെയും
ദരിദ്രരായ മുസ്ലീങ്ങളെയും
ഒരേകണ്ണുകൊണ്ടുകാണുന്ന
നിങ്ങളുടെ ജനപ്രിയഗായകന്റെ
വികാരത്തോടൊത്തും എനിക്ക്
തുള്ളാനാകുന്നില്ല.
 
അവരെന്നെ
അക്രമത്തിന്റെ പര്യായമാക്കുമ്പോള്‍
അസഹിഷ്ണുതയുടെ പ്രതീകമാക്കുമ്പോള്‍
എനിക്ക് ചിരിയാണ് വരുന്നത്.

എന്റെ പൂര്‍വികരെപ്പറ്റി
ഇല്ലാക്കഥകള്‍ പറഞ്ഞുതന്ന്,
'എന്നെ കരുതിയിരിക്കണം'
എന്നവര്‍ പറയുമ്പോഴും
എനിക്ക് ചിരിയാണ് വരുന്നത്.

എന്നാല്‍, പിന്നെയും
എനിക്കുകേള്‍ക്കേണ്ടി വരുന്നത്
ആക്ഷേപങ്ങള്‍ മാത്രമാണ്.

അല്ല, നിങ്ങളിപ്പോള്‍ കേട്ടത്
എന്റെ ചിരിയല്ല..!
അത് അടക്കിപ്പിടിച്ച വേദന, 
നിനച്ചിരിക്കാതെ
തേങ്ങലായി പുറത്തുവന്നുപോയതാണ്.

ആര്‍ട്ടിക്കിള്‍ 370,
വ്യക്തിനിയമങ്ങളുടെ മുള്‍വേലികള്‍
ഒക്കെ എന്നെ ശ്വാസം മുട്ടിക്കുന്നു,
ഇര ഞാനാണ്...

പേരിനു മാത്രമുള്ള,
പ്രവൃത്തിയില്‍ മരുന്നിനുപോലും
കാണാന്‍ കിട്ടാത്ത
നിങ്ങളുടെ മതേതരത്വം
എന്നെ കൊല്ലാതെ കൊല്ലുന്നു,
അതെ, ഇര ഞാന്‍ തന്നെയാണ്...

എന്റെ ജന്മം
കളങ്കപ്പെട്ടതാണ് എന്ന് നിങ്ങള്‍ പറഞ്ഞു.
ആ കളങ്കം
എനിക്ക്‌പെറ്റുവീണപ്പോള്‍തന്നെ കിട്ടിയ മറുകാണ്...


ഭരിക്കുന്നവരുടെ നയങ്ങളും
എന്റെ കഴുത്തില്‍ മുറുകുന്ന
കയറും തമ്മില്‍, നോക്കൂ
എന്തൊരിണക്കമാണ്..!

ഉഭയസമ്മതത്തോടെ, 
അതിരഹസ്യമായി വരച്ചിട്ട
വിഭജനരേഖ കൊണ്ട്
പരസ്പരം പകുത്തുകഴിയുന്ന
രണ്ടു രാജ്യങ്ങള്‍ക്കിടയിലൂടെ
എന്റെ ചോരയിങ്ങനെ
നില്‍ക്കാതെ ഒഴുകുന്നതെന്തിനാണ് ?

ത്രിശൂലങ്ങളുടെ മുനകളില്‍,
പൊലീസിന്റെ ബയണറ്റുകളില്‍,
ബാലറ്റുപെട്ടികളില്‍,
 ചോര ചിന്തുകയാണ്
എന്റെ മറുക്..!  
 
എന്തിനെന്ന് ചോദിക്കാന്‍
എനിക്കവകാശമില്ല...!

അതേ, എന്റെയീ മറുക്
ഞാന്‍ തന്നെയാണ്,
എന്റെ നിലനില്‍പ്പാണ്,
എന്റെ പൗരത്വമാണ്...

അത്, 
ചവിട്ടിനില്‍ക്കുന്ന ഈ ഭൂമിയില്‍ നിന്ന്,
തലക്കുമുകളിലുള്ള ആകാശത്തില്‍ നിന്ന്,
പാര്‍ക്കുന്ന ചുറ്റുപാടുകളില്‍ നിന്ന്,
ഞാനാര്‍ജ്ജിച്ച പൂര്‍വികസ്വത്താണ്...
 
അത് ഒരിക്കലും ആറാത്തൊരു പുണ്ണാണ്..!

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം