Asianet News MalayalamAsianet News Malayalam

വലിയ അശുദ്ധികളെ നാമുയര്‍ത്തുന്നു, ഉമ്പാച്ചി എഴുതിയ അഞ്ച് കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് ഉമ്പാച്ചിയുടെ അഞ്ച് കവിതകള്‍

Literature festival five poems by Umbachy
Author
Thiruvananthapuram, First Published Dec 2, 2019, 5:22 PM IST

വാക്കു തൊടുമ്പോള്‍, 'സാന്റ് പേപ്പര്‍' തൊട്ടാലെന്നപോലെ, ഓര്‍മ്മയുടെ അടരുകള്‍ ഉരിഞ്ഞുരിഞ്ഞുവരുന്ന മാന്ത്രികതയുണ്ട് ഉമ്പാച്ചിയുടെ കവിതകള്‍ക്ക്.  ഓര്‍മ്മ എന്ന വാക്ക് ചെന്നുവീഴാനിടയുള്ള ഗൃഹാതുരതയുടെ പഞ്ഞിക്കെട്ടുകളിലേക്കല്ല ആ കവിതയുടെ പോക്കുവരവുകള്‍. കാല്‍പ്പനികതയുടെ കുത്തൊഴുക്കിലേക്കു ചെന്നുപതിക്കുംമുമ്പേ, പാമ്പിനെപ്പോലെ, പിടിച്ച ഇടത്തുനില്‍ക്കാതെ അത് കുതറി സ്വന്തം വഴിക്കു പായുന്നു. കണ്ടുകണ്ട് പുതുമയറ്റ സാധാരണ ജീവിതത്തിന് ഭാവനയുടെ ഒരധികച്ചിറക് നല്‍കുന്നു. നാടും വീടും ഉറ്റവരുമെല്ലാം നിറയുന്ന ജൈവികതയുടെ ഒരാവാസവ്യവസ്ഥയായിരിക്കെത്തന്നെ, ആ കവിതകള്‍  ഉന്‍മാദത്തിന്റെയും സ്വപ്‌നത്തിന്റെയും കുപ്പായങ്ങള്‍ എടുത്തണിയുന്നു. കവിതയ്ക്കു മാത്രം കഴിയുന്ന ഗഗനസഞ്ചാരങ്ങള്‍ സാദ്ധ്യമാക്കുന്നു. കേവലയുക്തിയുടെ വരട്ടുസാദ്ധ്യതകളെപ്പോലും നൃത്തം ചെയ്യിക്കുന്നു. ഒതുക്കമുള്ള, കുറുകിയ, സൂക്ഷ്മാര്‍ത്ഥങ്ങളിലേക്ക് പടരുന്ന ജൈവികതയാണ് ഈ കവിതകളിലെ ഭാഷ. വായനക്കാരന്റെ യുക്തികളെ ആഖ്യാനവഴിയില്‍ അത് നിഷ്പ്രഭമാക്കുന്നു. 

 

Literature festival five poems by Umbachy

 

കണ്ണുപൊത്തിക്കളി

വീതി കുറഞ്ഞ ഒരിടവഴി കഴിഞ്ഞാല്‍
ഇപ്പോഴുമുണ്ട് ആ വീടു നിന്നിടത്ത്
ആടു മേഞ്ഞ പൊന്തക്കപ്പുറം
ഇട്ടേച്ചുപോയ കളിയൊച്ചകള്‍

ആരു ചോദിച്ചാലും കൊടുക്കാതെ വച്ച
മുക്കു കമ്മലുകള്‍
വീണുപോയതും തിരഞ്ഞുപോയതും
മറന്ന മണ്‍തരികള്‍,
നിറമുള്ളതെന്തു കണ്ടാലും
എടുത്തു നോക്കിയ പായ്യാരങ്ങള്‍
എത്ര വട്ടമാണ് അടി ചോദിച്ചുനടന്നത്.

ഇതാ ഇവിടെയെന്ന്
കൈ പിടിച്ചുവലിച്ച പൂക്കൈതകള്‍
അരിപ്പൂ കാട്ടിലെ മുള്ളു മേനികള്‍
കാലില്‍ കേറി കളിച്ച കട്ടുറുമ്പുകള്‍

തെങ്ങിനു പിന്നില്‍
കവുങ്ങിന്‍പാള വീണുമറഞ്ഞ
കല്ലുവെട്ടു കുഴിയില്‍,
വിറകുപുരയുടെ ചുമരിനപ്പുറം,
വീട്ടിനുള്ളിലൊളിക്കരുതെന്ന് വിലക്കിയ
കോന്തലയ്ക്കുള്ളില്‍,
മറഞ്ഞിരുന്നവരൊക്കെ
കണ്ടേ കുറ്റിയടിച്ചേന്ന് ഓടിയെത്തുന്നു
കണ്ണുപൊത്തിക്കളി നിര്‍ത്തി
മുതിര്‍ന്നു പോയല്ലോ നമ്മളെന്ന് കണ്ണുനിറയുന്നൂ.

പൊട്ടിയ ബക്കറ്റിന്റെ
മണ്ണില്‍ പൂണ്ട കഷണമുണ്ട്
ഇസ്തിരിക്ക് ചിരട്ട കത്തിച്ച പാടുണ്ട്
വെള്ളം കോരാതെ തുരുമ്പിച്ച കപ്പിയുണ്ട്
ഞങ്ങളെ കണ്ടോ ഞങ്ങളെ കണ്ടോ
ഒളിഞ്ഞു നോക്കുന്നു,
ഞാനുമനിയത്തിയും
കളി നിര്‍ത്തി പോയതറിയാതെ.

 


നാം മരുഭൂമിയിലായിരുന്നപ്പൊള്‍

നാം മരുഭൂമിയിലായിരുന്നു,
നിലാവിനു വെളിച്ചം നല്‍കിയ കണ്ണുകള്‍ തൊട്ടപ്പോള്‍
കുടിച്ചു കൊണ്ടിരുന്ന പച്ച വെള്ളം വീഞ്ഞായി മാറി.

മരുഭൂമി പൂത്ത് വാനമായി,
വേണ്ടത്ര നക്ഷത്രങ്ങളെ നാം നുള്ളിയെടുത്തു,
നാം പൂ എന്നു കരുതിയപ്പോള്‍
അവ പൂക്കളായതായിരുന്നൂ സത്യത്തില്‍.

ആകാശം പഴുത്ത് പാകമായി
അദൃശ്യമായൊരു ഉദ്യാനത്തില്‍ തൊട്ടു തൊട്ടിരുന്ന്
നാമതിനെ അല്ലി അല്ലിയായി കഴിക്കാന്‍ തുടങ്ങി.

മണലിന്റെ രാജ്യത്ത് ഈ തമ്പ്
പണികഴിപ്പിച്ചതാരെന്നു നാമതിശയിച്ചു
നിനക്കായ് ഞാനെന്ന് നീയും
എനിക്കായ് നീയെന്ന് ഞാനും കള്ളം പറഞ്ഞു,
നമ്മള്‍ അതു വിശ്വസിക്കാറുണ്ട് എപ്പോഴും.

ഭൂമിയില്‍ നിന്നും അതിന്റെ നിയമാവലികളില്‍ നിന്നും
പുറത്താക്കപ്പെട്ട രണ്ട് പേരെന്ന് നമുക്കു തോന്നി.
എന്റെ ശരീരത്തെ നോക്കുന്ന
അതേ കണ്ണു കൊണ്ട് നിന്റെ ശരീരത്തേയും കണ്ടു.
നാം പാട്ടുപാടി, നൃത്തം ചെയ്തു,
പ്രസന്നതയും ഉല്ലാസവും നമ്മുടെ മുമ്പിലൂടേ
കുട്ടികളെ പോലെ ഓടിക്കളിച്ചു.
അവരെ ശ്രദ്ധിക്കേണ്ടതില്ല എന്നറിഞ്ഞു
അന്യോന്യം മുഴുകുന്ന ദമ്പതികളെ പോലെ
നാം ഇരുന്ന ഇരുപ്പിലലഞ്ഞു,
സ്വര്‍ഗ്ഗത്തില്‍ നിന്നും അന്നേരം പുറപ്പെട്ട
ഒരു കാറ്റ് തട്ടി നമ്മളുലഞ്ഞു.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനു മധുരമിട്ട ചുണ്ടു തൊട്ടപ്പോള്‍
കുടിച്ചു കൊണ്ടിരുന്ന പച്ച വെള്ളം വീഞ്ഞായി മാറി,
വേറെയും പാനപാത്രങ്ങള്‍ നിറക്കപ്പെട്ടിരുന്നു,
തോഴിമാരാല്‍ അവ കൊണ്ടു വരപ്പെട്ടു
ഒന്നും കുടിക്കരുതെന്നും
രുചിക്കുക മാത്രം മതിയെന്നും നീ പറഞ്ഞു
മതിമറന്നു പോകുമോ ഞാനെന്ന
നിന്റെ പേടി എനിക്കു ആഹ്ലാദമായി,
അതേ പേടിയില്‍
ചില കനികള്‍, പഴച്ചാറുകള്‍ നിന്നെ ഞാനും മറച്ചുവെച്ചു.

ഒഴിയാബാധകള്‍ അരുതെന്ന ശാഠ്യമുള്ള നീ
എന്നെ അറിയിക്കാതെ ഒറ്റക്കലഞ്ഞു,
ഒറ്റക്കൊളിച്ചു.
എനിക്കു വേദനിക്കാതിരിക്കാനുള്ള
നിന്റെ പാഴ്വേലകളോര്‍ത്ത് ഞാന്‍ ചിരിച്ചു,
നിന്റെ വിനോദങ്ങളെ അളവറ്റ് സ്തുതിച്ചു.

വേദനയും വിനോദവും
നിലാവും അതിന്റെ ചങ്ങാതിയുമാണ്,
രണ്ടുറ്റ മിത്രങ്ങള്‍.

നാം മരുഭൂമിയിലായിരുന്നു,
നിലാവിനെ ഉയരത്തില്‍ നിര്‍ത്തിയ
കൈകള്‍ തൊട്ടപ്പോള്‍
കുടിച്ചു കൊണ്ടിരുന്ന
പച്ച വെള്ളം നമ്മുടെ വീഞ്ഞായി മാറി,
അകാരണമായൊരു ഭീതിയില്‍
അതിനെ തിരികെ ജലമാക്കിയാലോ എന്നു നീ.

അരുത്,
പിന്നെ വീഞ്ഞപ്പെട്ടി
കുതിര്‍ന്നൊഴുകുന്ന ചോരയാവും
എന്റെ ഹൃദയപത്രം നിറയെ.

 


ആദ്യപകല്‍

ആദ്യരാത്രി കണക്കു പേരെടുത്തിട്ടില്ല
അവിവാഹിതരായ ചെറുപ്പക്കാരെ
കൊതിപ്പിച്ചും
പ്രതിശ്രുത വധുക്കളെ
പേടിപ്പിച്ചും കഥകളില്‍ വളര്‍ന്നിട്ടില്ല

നേരം വെളുത്ത കാരണം
രഹസ്യത്തിന്റെ
മൂടുപടവുമില്ല മുഖത്ത്

പുലരും മുമ്പെണീറ്റ്
അഴിഞ്ഞ മുടിക്കെട്ടുമൊതുക്കി
അവള്‍ പുറത്തു കടന്നിരിക്കും

ഇന്നു കൂടി കഴിഞ്ഞിട്ട്
പോകാമെന്ന്
ഉമ്മ പിടിച്ചു നിര്‍ത്തിയ
കുടുംബക്കാരൊക്കെ
പോകാനൊരുങ്ങുകയാവും
അലക്കിനും തുടപ്പിനുമുള്ള
തിടുക്കത്തിലാവും വീട്

പിറ്റേന്നെങ്ങും പോക്ക്
നടപ്പില്ലാത്തതിനാല്‍
കുറച്ചധികം ഉറങ്ങാം
അതും കഴിഞ്ഞാല്‍ പിന്നെ,
എഴുന്നേറ്റ് എങ്ങനെ
പൂമുഖത്തു വരും

കള്ളച്ചിരി കത്തിച്ചു
നില്‍ക്കുന്ന പകല്‍വെളിച്ചത്തെ
എങ്ങനെ എതിരേല്‍ക്കും,
ആദ്യപകല്‍ ഒരൊത്തുകളിയാണ്.

 


വലിയ അശുദ്ധികളെ നാമുയര്‍ത്തുന്നു

''ഞാന്‍ നിന്നെ ഉമ്മ വച്ചതിനേക്കാട്ടിലും
പല ആയിരം വട്ടം
ഞാന്‍ നിന്നെ ഉമ്മവച്ചിട്ടുണ്ട്''
ഉള്ളതാണോന്നോള്‍
ഉള്ളാലായിരുന്നെന്നോന്‍.

അവന്‍ ഞാനും അവള്‍ നീയുമാണ്

വിശന്നപ്പോഴെല്ലാം
ഉള്ളു ചീഞ്ഞപ്പോഴെല്ലാം
മദം പൊട്ടിയ നേരത്തെല്ലാം
'വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കിലും'
ഞാന്‍ നിന്നെ ഉമ്മവച്ചു
വലിയ അശുദ്ധികളെ ഉയര്‍ത്തി

നിന്നെയുമ്മ വെക്കുമ്പോള്‍,
ഉദിച്ച സൂര്യന്‍
മൂന്നാലു മുഴമുയര്‍ന്ന് വരുന്നേരം
മണിമല വെളിച്ചത്തിലേക്കു മുഖമുയര്‍ത്തി
കഴുത്തു പൊക്കി നില്‍ക്കുന്ന അതേ കാഴ്ച.

കറിക്കു ചക്കക്കുരു നുറുക്കിയതിന്റെ
നടുവിരലിന്റെ ഉച്ചനേരത്തുള്ള
മോതിരമിട്ട അതേ ഒട്ടല്‍.

നീ പോറ്റുന്ന രണ്ട് മുയല്‍ക്കുഞ്ഞുങ്ങളുടെ
കുടുക്കഴിക്കും നേരത്തെ
മുരിക്കിലകള്‍ മടുത്ത ഓട്ടം ഉച്ചതിരിഞ്ഞ്.

ചപ്പു ചവറുകളിട്ട
കക്കുഴിയുടെ അടിവയറിലേക്ക്
വെട്ടുകല്ലിന്റെ അട്ടികള്‍ തുരന്നു പോയ
മരവേരുകളുടെ താഴ്ച വൈകുന്നേരം

പതിനാലാം രാവ്
ഇശാ നിസ്‌കാരത്തിന്
'ഒളു'വര്‍പ്പിക്കുമ്പോള്‍ ചിതറിയ
നിലാ ബിംബത്തിന്റെ കലക്കം രാത്രി.

നിന്നിലേക്ക് പ്രവേശിച്ച നേരത്തെ
പാളംമാറിയ എന്റെ രാത്രി വണ്ടിയുടെ
ഇടവിട്ട ചൂളംവിളി ഇടക്കിടെ.

നിന്നെ ഉമ്മ വെക്കുമ്പോള്‍
ഞാന്‍ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു
നീയെന്നെ ഉമ്മവെക്കുമ്പോള്‍ ഞാന്‍
വിശുദ്ധരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു
എനിക്കായി കത്തിക്കപ്പെടുന്ന
തീയടുപ്പിലെ വിറകുകൊള്ളികള്‍
നരകമന്നേരം കുത്തിക്കെടുത്തുന്നു.

നാമന്നേരം
കഴിഞ്ഞ കാലത്തിന്റെയും
വരുന്ന കാലത്തിന്റെയും
ഇടക്കുള്ള സമയത്തിന്റെ ഒരു കണികയെ
നാലു ചുണ്ടുകളാല്‍ അരിച്ചെടുക്കുന്നു.

ഉമ്മ വെക്കുമ്പോള്‍
പുറത്താക്കപ്പെട്ട സ്വര്‍ഗത്തിലേക്ക്
നമ്മള്‍ മയക്കയാത്ര തുടങ്ങുന്നു,
നീ ഹവ്വ ഞാന്‍ ആദം.

ഓരോ വാക്കുച്ചരിക്കുമ്പോഴും
പരസ്പരം ചുംബിച്ചു പിരിയുന്ന
മേല്‍ചുണ്ടിനെയും
കീഴ്ചുണ്ടിനെയും
മലക്കു വന്നൊട്ടിക്കുന്നതു വരേക്കും
നീയെന്റെ യാത്രാസഹായി.

 


പഴയ പോസ്റ്റ് കാര്‍ഡുകള്‍

അഥവാ നീ വന്നാലോ..:
ഒറ്റക്കാകുമ്പോള്‍ നിന്നില്‍,
കൂട്ടത്തിലാകുമ്പോള്‍ ആളിരിക്കാത്തൊരു
കസേരയുടേ തൊട്ട് ഞാനിരിക്കുന്നു.

മരത്തുള്ളി:
പഴയ പൂവിടലുകളെ
ഒന്നു കൂടി പുറത്തെടുക്കുന്നതിനു
വഴിയില്‍ മോഹിച്ചും
ഓര്‍മ്മിച്ചും നില്‍ക്കുന്ന
ഒരു മരത്തുള്ളിയാണ് ഞാന്‍.

നിന്റെ പുരികങ്ങള്‍:
എടുത്തു കുലച്ചാല്‍ എന്റെ വില്ലുകളാവും,
ഞാനെയ്യും അമ്പുകളാകും നിന്റെ നോട്ടങ്ങള്‍,
എനിക്കു പിടിച്ചു തരും ഏതു കലമാനിനെയും
കാട്ടാറിനേയും ജീവനോടെ.

സുഖംവിധം:
കാലു കിട്ടിയാലും മതി.
അരയൊത്താല്‍ മതി വന്നു.
മുക്കാലാണേല്‍ പിന്നെ പറയാനില്ല
ഒരുവിധം എന്നതൊക്കെ ധൂര്‍ത്ത്.

അപേക്ഷ:
മേഘങ്ങളേ
എന്നെയും കൂട്ടത്തില്‍ കൂട്ടുമോ
ഒന്നിനുമല്ല,
നിങ്ങളൊളിപ്പിക്കുകയും
വെളിപ്പെടുത്തുകയും ചെയ്യുന്ന
നിലാവിന്റെ വിവരങ്ങള്‍ അറിയുന്നതിനാണ്.

അറിവ്:
കരുണയുടെ കടലാണെന്നൊക്കെ
ഓരോരുത്തരു പറയും,
തന്നില്‍ വന്നു വീണവന്റെ
മയ്യത്തെങ്കിലും കരക്കെത്തിക്കുന്ന
കടലിന്റെ കരുണ പോലുമില്ലെന്ന്
എനിക്കല്ലേ അറിയൂ.

അഹംകോരി:
എന്നെ തൂത്തുകളയാന്‍
കാട്ടംകോരി മതിയാവില്ല,
അതിനു വേണം ഒരഹംകോരി.
എങ്കിലേ നിന്നെ
ഉള്‍ക്കൊള്ളാനെനിക്കാകൂ
ഞാനൊഴിഞ്ഞ ഒരകം നിനക്ക്.

ദുഖമേ...:
നിന്റെയാഴങ്ങളില്‍ നിന്നു
മുത്തു വാരുന്ന വിദ്യ കാട്ടിത്തരാമെന്നു
ചൊല്ലിയെന്നെ കൂട്ടി വന്നൊരെന്‍ കൂട്ടുകാരനെ
ഏതു നോവിന്‍ കയത്തിലൊളിപ്പിച്ചു നീ
നോവു താനഖിലമൂഴിയിലെന്ന സാരം
കാത്തിരിപ്പിന്‍ വ്യര്‍ത്ഥതയിലറിയുന്നു ഞാന്‍

വായനക്കാലത്തെ പ്രണയം:
നീ ഫെര്‍മിന ഡാസ
ഞാന്‍ നിന്റെ
ഫ്ളോറന്റിന അരിസ.

ഉന്ത്:
എന്നെ ഒരൊറ്റ ഉന്തു വെച്ചു തരട്ടെ
നിന്റെ ഒരുറ്റ ഉദരത്തിലേക്ക്..?!

നടപ്പുവശം:
നേരെ തിരിച്ചാണു കാര്യം
ഒരു കാലത്തും നീയാവില്ല
നിന്നെ കുറിച്ചുള്ള എന്റെ ഒരുപമയും.

ഇരിപ്പുവശം:
അവളും നിലാവും
ഊറിച്ചിരിക്കുന്നു,
അവനും ആകാശവും
ഊഹിച്ചിരിക്കുന്നു.

Follow Us:
Download App:
  • android
  • ios