വാക്കും വരയുമാണ് അരുണ ആലഞ്ചേരിയുടെ ഇരുകരകള്‍. ചിത്രങ്ങളില്‍ അരുണ കവിതയുടെ വേരുതേടുന്നു. കവിതകളില്‍, അപാരമായ ദൃശ്യസമൃദ്ധിയുടെ വഴികളും. ഇരുകരകള്‍ക്കുമിടയില്‍ തഴയ്ക്കുന്ന ഗാഢമായ അനുഭവരാശികളായി അരുണയുടെ സര്‍ഗാത്മകലോകത്തെ സമീപിക്കാനാവും. സ്‌നേഹമാണ് ഭാവനകൊണ്ടുതീര്‍ക്കുന്ന ആ കരകളെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍. മനുഷ്യര്‍ക്കിടയിലും മനുഷ്യര്‍ക്കും മറ്റു ജീവശാലങ്ങള്‍ക്കുമിടയിലും ഒളിഞ്ഞുകിടക്കുന്ന സ്‌നേഹത്തിന്റെ കുഞ്ഞുകുഞ്ഞിടങ്ങള്‍ അന്വേഷിക്കുകയാണ്, പ്രമേയപരമായി അരുണയുടെ കവിതകള്‍. വറ്റിപ്പോയ ജലാശയങ്ങളുടെ ദാഹങ്ങളില്‍നിന്ന് സ്‌നേഹത്തിന്റെ ആര്‍ദ്രസ്ഥലികളിലേക്കുള്ള യാത്രകള്‍. അതൊരര്‍ത്ഥത്തില്‍ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ്. എങ്ങനെയാണ്, മനുഷ്യര്‍ അവരവരെ കണ്ടെത്തുന്നതെന്ന സന്ദേഹങ്ങള്‍. ഏത് മരുഭൂമികളിലാണ് സ്വയം നഷ്ടപ്പെട്ടുപോവുന്നതെന്ന വിങ്ങല്‍. അതിലേക്ക് വാക്കുംവരയും കൊണ്ട് പണിയുന്ന പാലങ്ങളായി അരുണയുടെ സൃഷ്ടികള്‍ മാറുന്നു.

 


കൂട്ടിരിപ്പ്

ഒറ്റയോളമൊറ്റയാകുമ്പോള്‍
വെയില്‍ നക്കും ബെഞ്ചിനെ, 
ആഞ്ഞുപിടിക്കുന്നു മരം, 
നിഴലിന്റെ തണലു കൊണ്ട്.. 

ഞാനതിലിരിക്കുന്നു. 

മഞ്ഞയിലകള്‍ക്കൊപ്പം, 
പൊഴിഞ്ഞു വീണൊരു കാറ്റിന്റെ, 
തെണ്ടിമണം പൊതിയുന്നു. 

നാലഞ്ചു വാക്കിന്റെ പാലം കൈഫോണില്‍ കെട്ടുന്നു, 
കെട്ടിമറിയുന്നു, 
മറ്റൊരാളെ നുണയുന്നു. 

ഇത്തിരി നേരം ചവച്ച്, 
ഊതിവീര്‍പ്പിച്ച്, 
പൊട്ടിച്ചു കളയുമ്പോള്‍, 
കയ്ക്കുന്നു നീയെന്നു, ഞാനെളുപ്പം
തുപ്പിക്കളയുന്നു. 

ആളിയ വെയിലും നിഴലിന്റെ തണലും
ഒന്നിച്ചു പിരിഞ്ഞ വൈകുന്നേരം, 
മഞ്ഞിച്ചടര്‍ന്ന മരത്തിന്റെ ഓര്‍മകള്‍ക്കൊപ്പം, 
എന്റെ മൂളിപ്പാട്ട് പാറിപ്പോകുന്നു. 

 

 

കഥയില്‍ നിന്നും
ഇറങ്ങി നടന്ന ഒരു കുട്ടി 

ഉരുണ്ടു പോയ നൂലുണ്ടയ്ക്കുപിറകെ 
കഥയില്‍ നിന്നും
ഇറങ്ങി നടക്കുന്ന ഒരു കുട്ടി. 
കറുപ്പിലും വെളുപ്പിലും 
വരച്ച കഥയില്‍ നിന്ന് നടന്ന് നടന്ന്, 
പേജിന്റെ വിളുമ്പില്‍ നിന്നും
മറിഞ്ഞൊരു വീഴ്ചയാണ്. 

'പ്ധും' 

കറുപ്പിലും വെളുപ്പിലും വരച്ച
കഥയില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടി, 
നിറങ്ങളുള്ള പ്രതലത്തില്‍
ചേരാതെ വിളര്‍ത്തു നിന്നു. 

ഒടുക്കത്തെ പേജിലേക്ക്
തിരിച്ചു കയറി, 
ഒന്നുമറിയാത്ത പോലെ
മരിച്ചു കിടന്നു. 

നനഞ്ഞ കണ്ണില്‍ നിന്ന്
കുതിര്‍ന്നിറങ്ങിയ മഴവില്ല്, 
അവസാനിച്ചു, എന്ന അവസാനവരി
മായ്ച്ചു കളഞ്ഞു. 

 


വെറിമരം

ചുവരിടുക്കില്‍ കാറ്റു കുത്തിയിട്ടതാണ്
ചൊറിയുന്ന ചേരുവിത്ത്. 
മഴച്ചാറ്റലില്‍ 
കുതിര്‍ന്നു പൊട്ടി
അതിന്റെ വേരുകള്‍ 
വീടിന്റെ അടിവയറ് 
തുളച്ചിറങ്ങി. 
അകന്നു പോകുന്ന
ചുവരുകള്‍ക്കിടയില്‍
വളര്‍ന്നു പൊങ്ങുന്ന
വെറിമരം. 

നാടു നീളെ
വീടു നീളെ
വളര്‍ന്ന് പടരുന്നു. 

 

തൊടുക എന്നതിലും വലിയ മരുന്നില്ല

പണ്ടാരം പിടിച്ച ഉറക്കം
തിരിഞ്ഞു നോക്കാന്‍ വരില്ല, 
വേദനയുടെ പൂച്ചനഖങ്ങള്‍
മാന്തുന്ന പ്രാന്തന്‍ രാത്രിയില്‍. 
മഴയില്‍ തണുപ്പില്‍
മാംസം ചതയ്ക്കുന്ന വേദന
ആളുന്നു. 
കട്ടിപ്പുതപ്പുപോലെ 
ഓര്‍മയില്‍ നിന്നുമെടുത്തു പുതയ്ക്കുന്നു നിന്നെ 
വേദനയ്ക്ക് മേല്‍ എന്നെ അമര്‍ത്തിയുടയ്ക്കൂ. 

ചിപ്പി പോലെ നീയെന്നെ
പൊതിയൂ ഞാനുറങ്ങട്ടെ. 

ഗര്‍ഭപാത്രത്തിന്റെ കണ്ണീരെന്നും മറ്റും
പറഞ്ഞ് കാല്പനികര്‍ ഈ വഴി വരും
അടുപ്പിക്കരുത്. 

മുട്ടുകാലിലടിച്ച് ഓടിക്കണം..
ഇളം ചൂടുള്ള കൈ
എന്റെ അടിവയറ്റില്‍ വെക്കുക. 
മുലകളില്‍ മുഖമമര്‍ത്തുക. 

തൊടുക എന്നതിലും വലിയ മരുന്നില്ല.