സ്ഥല/ദേശങ്ങളെയോ ഭാവനാരാഷ്ട്രങ്ങളെയോ അടിസ്ഥാനപ്പെടുത്തി എഴുതുന്ന ഫിക്ഷനുകളെക്കാള്‍ സൂക്ഷ്മതയുള്ള ആഖ്യാനമാവണം ഇത്തരം നോവലുകള്‍ക്കും കഥകള്‍ക്കും. ഒരാളുടെ വീക്ഷണത്തെ മറ്റൊരാള്‍ പഠിക്കുന്നതിലൂടെ അയാള്‍ എന്താണെന്നു കൂടുതല്‍ ബോധ്യമാവുകയാണ്. രാഷ്ട്രത്തിന്റെയും കാലത്തിന്റെയും ഭാഷയില്‍ പറഞ്ഞ കാര്യങ്ങളെ പുനരവതരിപ്പിക്കുക എന്നതാണ് സാഹിത്യത്തിന്റെ  ലക്ഷ്യമെന്ന് ബോര്‍ഹസ് പറഞ്ഞിട്ടുണ്ട്. മറ്റൊരു എഴുത്തുകാരന്‍ /കലാകാരന്‍  അദ്ദേഹത്തിന്റെ  അനുഭവമണ്ഡലങ്ങളെ എങ്ങനെയാണ് നോക്കിക്കണ്ടിരുന്നത് എന്ന് വ്യക്തമാക്കുന്ന  ഫിക്ഷനുകള്‍ ചില നിലപാടുകളെ സുതാര്യമാക്കുന്നു

 

 

1

എഴുത്തും വായനയും എപ്പോഴും പരസ്പരപൂരകങ്ങളാണ്. വായനയിലൂടെ സ്വായത്തമാക്കുന്ന ലോകത്തിന്റെ  വിപുലീകരണമാണ് എഴുത്ത്  എന്ന പ്രക്രിയ.  എഴുത്തിന്റെ സൂക്ഷ്മതയ്ക്കു വേണ്ടി വായനയുടെ പുതിയ ഭൂഖണ്ഡങ്ങളെ തേടുന്നതും സ്വാഭാവികമാണ്. ഇത്തരത്തിലുള്ള  സംലയനമാണ് മഹത്തായ പല കൃതികളുടെയും ജീവന്‍. എന്നാല്‍ എഴുത്തിനേക്കാള്‍ വായനയ്ക്ക് പ്രാധാന്യം കല്‍പിച്ചിരുന്ന എഴുത്തുകാരും ഉണ്ട്.  വായനയാണ് എഴുത്തിനേക്കാള്‍ പരമപ്രധാനമെന്നു വിശ്വസിച്ച റോബര്‍ട്ടോ ബൊലാനോ എഴുത്തുകാരെ കുറിച്ചാണ് കൂടുതലും എഴുതിയിട്ടുള്ളത്.താന്‍ എഴുതിയ ഫിക്ഷനുകളില്‍ വരെ എഴുത്തിനെയും എഴുത്തുകാരെയും  ആയിരുന്നു അദ്ദേഹം   സ്മരിച്ചിരുന്നത്. എഴുതുക എന്ന അനുഭവം ആനന്ദകരമായ അവസ്ഥയായി കണ്ട ബൊലാനോ എഴുത്തിനെ 'കാത്തിരിപ്പ്' ആയി കണക്കാക്കിയിരുന്നു. ഒരാള്‍ തന്നെ സ്വാധീനിച്ച ചില വ്യക്തികളെയോ/ എഴുത്തുകാരെയോ കുറിച്ച് എഴുതാന്‍ തീരുമാനിക്കുകയാണെങ്കില്‍ സ്വാഭാവികമായും ആദ്യം ചിന്തിക്കേണ്ടത് അത്തരം എഴുത്തിലൂടെ തങ്ങള്‍ക്ക് പ്രസ്തുത വ്യക്തിയോടുള്ള ബഹുമാനം പുനഃസൃഷ്ടിക്കാന്‍ സാധിക്കുമോ എന്നതാണ്.

വായനയുടെ ഉപോത്പന്നമായി എഴുത്തിനെ കാണുന്ന എഴുത്തുകാരുണ്ട്. അവരുടെ എഴുത്തുജീവിതത്തില്‍ ചില എഴുത്തുകാരുടെ പ്രചോദനവും കാണാന്‍ സാധിക്കും. ദസ്തയേവ്സ്‌ക്കിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി പ്രശസ്ത നോവലിസ്റ്റ് ജെ എം കൂറ്റ്സി എഴുതിയ 'മാസ്റ്റര്‍ ഓഫ് പീറ്റേഴ്സ്ബര്‍ഗ്' ഇതിന്റെ ഒരുദാഹരണമാണ്. ഹെന്റി ജെയിംസിനെ കുറിച്ച് Colm Tóibín എഴുതിയ 'ദ മാസ്റ്റര്‍' , ചിത്രകാരനായ പോള്‍ ഗോഗിന്റെ ജീവിതത്തിലെ ചില ഘട്ടങ്ങള്‍ ഉപജീവിച്ച്  മരിയോ  വര്‍ഗാസ് യോസ എഴുതിയ 'വേ ടു പാരഡൈസ്' തുടങ്ങിയവയും ഈ ഗണത്തില്‍ ഉള്ളതാണ്. പ്രതിഭാധനരായ വ്യക്തികളുടെ ജീവിതം അധിഷ്ഠിതമാക്കി നോവലുകള്‍ രചിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ഇര്‍വിങ് സ്റ്റോണിനെയും ഈ ഒരു തലത്തില്‍ പരാമര്‍ശിക്കേണ്ടതാണ്. വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ കേന്ദ്രീകരിച്ച 'Lust for Life', ഫ്രോയിഡിനെ കുറിച്ചുള്ള 'The Passions of the Mind', മൈക്കല്‍ ആഞ്ജലോയെ പറ്റിയുള്ള 'The agony and the ecstacy' എന്നീ നോവലുകള്‍ ശ്രദ്ധേയമാണ്.

ആന്റണ്‍ ചെക്കോവ്  എന്ന വിശ്രുത കഥാകൃത്തിന്റെ രചനാലോകം നമുക്ക് സുപരിചിതമാണ്. ജീവിതത്തിന്റെ കാഠിന്യം നിറഞ്ഞ വഴികളിലൂടെയുള്ള സഞ്ചാരമാണ് അദ്ദേഹത്തിന്റെ കഥകള്‍. അണിഞ്ഞിരിക്കുന്ന    വസ്ത്രങ്ങളുടെ വിയര്‍പ്പുഗന്ധത്തെയും, അഴുക്കുകളെയും മൂടിവെക്കാതെ തന്നെ അവതരിപ്പിക്കുന്ന രീതിയാണ് ചെക്കോവിന്റെ കഥകളിലുള്ളത്. സാമൂഹികാവസ്ഥകളുടെ തീവ്രത ഒട്ടും കുറയാതെ തന്നെ കഥാപാത്രങ്ങളിലേക്ക് നിവേശിപ്പിച്ചു കൊണ്ടുള്ള രചനാരീതിയാണ് അദ്ദേഹത്തിന്റേത്. വിശപ്പിന്റെ വിളിയായിരുന്നു ചെക്കോവിന്റെ എഴുത്തുജീവിതത്തിന്റെ പ്രേരണ. ഒരു അടിമയുടെ പൗത്രനായ ചെക്കോവ്  വൈദ്യപഠനം നടത്തിയത് മോസ്‌കോ സര്‍വകലാശാലയിലായിരുന്നു. റഷ്യയിലെ ആഭ്യന്തര സ്ഥിതിഗതികള്‍  കലുഷിതമായ ഒരു കാലമായിരുന്നു ആയിരത്തി എണ്ണൂറുകളുടെ അവസാനപാദം. സാര്‍ ചക്രവര്‍ത്തി അലക്സാണ്ടര്‍ രണ്ടാമന്‍ 1881 ല്‍  വധിക്കപ്പെടുകയും അതേത്തുടര്‍ന്ന് മാധ്യമസ്വാതന്ത്ര്യത്തിനു കടുത്ത വിലക്കുകള്‍ നിലവില്‍ വരികയും ചെയ്തു. ഇതിനു ശേഷമുള്ള ഒരു വ്യാഴവട്ടമായിരുന്നു ചെക്കോവിന്റെ സാഹിത്യജീവിതം ജ്വലിച്ചു നിന്നത്. രാഷ്ട്രീയകുറ്റവാളികളുടെ ജീവിതം പഠിക്കാനായി അദ്ദേഹം സൈബീരിയയിലേക്ക് പോയതും ഇക്കാലത്ത് ആയിരുന്നു. മൂവായിരം മൈല്‍ കുതിരവണ്ടിയിലും രണ്ടായിരം മൈല്‍ തീവണ്ടിയിലുമായി നടത്തിയ ഈ യാത്രയിലായിരുന്നു പല തരത്തിലുള്ള മനുഷ്യരെയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെയും അദ്ദേഹം അടുത്തറിഞ്ഞത്. ജീവിതമെന്ന  വിസ്മയം നിറഞ്ഞ അധ്യായത്തെ  സര്‍ഗരചനയ്ക്കു വിഷയമാക്കിയ എഴുത്തുകാരനായി ചെക്കോവ്  ഉരുവപ്പെട്ടു. ആത്മീയതയ്ക്ക് ജീവിതത്തിന്റെ പ്രശ്‌നങ്ങളെ സംബോധന ചെയ്യാനാവില്ലയെന്നും അദ്ദേഹം വിശ്വസിച്ചു. അതു കൊണ്ടു തന്നെ ദസ്തയോവ്‌സ്‌കിയുടെയും ടോള്‍സ്‌റ്റോയിയുടെയും ആത്മീയതാളം ചെക്കോവിനുണ്ടായിരുന്നില്ല. സാധാരണക്കാരന്റെ ആന്തരിക സംഘര്‍ഷത്തിനാണ് ചെക്കോവ്  പ്രാധാന്യം കൊടുത്തിരുന്നത്. വാങ്കയിലും , ബെറ്റിലും ബെഗ്ഗറിലും തുടങ്ങി ഒട്ടനവധി കഥകളില്‍ ഇതു പ്രകടമാണ്. ഹ്രസ്വകാലം  മാത്രമേ ചെക്കോവിന് ആയുസുണ്ടായിരുന്നുള്ളൂ. നാല്‍പത്തിനാലാം വയസ്സില്‍ അദ്ദേഹം കഥകളെയും കഥാപാത്രങ്ങളെയും വിട്ടു യാത്രയായി.

ലോകകഥയുടെ ഭൂപടത്തെ പുതുക്കി വരച്ചവരില്‍ മുന്‍പന്തിയിലുള്ള റെയ്മണ്ട് കാര്‍വറുടെ കഥാപ്രപഞ്ചത്തിന് ചെക്കോവിന്റേതുമായി അടുപ്പമുണ്ടായിരുന്നു. അമേരിക്കയിലെ കാര്‍വറുടെ ജീവിത പശ്ചാത്തലം ചെക്കോവിന്റെ റഷ്യയില്‍ നിന്നും ഭിന്നമായിരുന്നു.എന്നാല്‍ അവര്‍ പ്രതിനിധാനം ചെയ്തത് സാധാരണക്കാരന്റെ പ്രശ്‌നങ്ങളെയായിരുന്നു. തടിമില്ലിലിലെ ഒരു ജോലിക്കാരന്റെ മകനായി ജനിച്ച കാര്‍വര്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയും ഇടത്തരക്കാരെയും കുറിച്ചാണ് കൂടുതലായി എഴുതിയത്. ഇരുപതാം  നൂറ്റാണ്ടിലെ കഥാചരിത്രത്തില്‍  കാര്‍വാര്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.   അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകൗമാരങ്ങള്‍ പിന്നീടുള്ള സാഹിത്യജീവിതത്തിനു കരുത്തേകി. ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത മുത്തച്ഛന്റെ അനുഭവങ്ങളെ പറ്റി അച്ഛന്‍ പറഞ്ഞു കൊടുത്ത കഥകളില്‍ നിന്നായിരുന്നു  കഥകള്‍ കേള്‍ക്കാനും പറയാനുമുള്ള ശീലം കാര്‍വര്‍ ആര്‍ജിച്ചത്. ലളിതമായ ഭാഷയിലൂടെ, അലങ്കാരപ്രയോഗങ്ങളില്ലാതെ മാനുഷികബന്ധങ്ങളെ വൈകാരികമായി   രേഖപ്പെടുത്തിയ കാര്‍വറുടെ ശൈലി വിഖ്യാതമാണ്. ഇതിന്റെ മികച്ച ഉദാഹരണമാണ് കത്തീഡ്രല്‍ എന്ന കഥ. കാര്‍വറിന്റെയും ആയുസ്സ് കുറവായിരുന്നു. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ അന്‍പതാമത്തെ  വയസ്സില്‍ അദ്ദേഹത്തിന്റെ കഥാഘടികാരം  നിശ്ചലമായി.   

ലോകസാഹിത്യവൃത്തത്തില്‍ കാര്‍വറിനെ 'അമേരിക്കന്‍ ചെക്കോവ്' എന്ന് വിളിക്കാറുണ്ട്. അലഞ്ഞു തിരിയുന്നവരുടെയും, മദ്യപിക്കുന്നവരുടെയും, ജോലിയില്‍ സ്ഥിരതയില്ലാത്തവരുടെയും പരാജയപ്പെടുന്ന വിവാഹജീവിതമുള്ളവരുടെയും കഥകള്‍ കാര്‍വര്‍  ധാരാളമായി പറഞ്ഞിട്ടുണ്ട്. രണ്ടു ദമ്പതികള്‍ അവരുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന അദ്ദേഹത്തിന്റെ ' What do we talk when  we talk about love' എന്ന കഥ ഇതിന്റെ ഉദാഹരണമാണ് .സാധാരണ രീതിയിലുള്ള  സംഭാഷണങ്ങളിലൂടെ  സ്ത്രീ-പുരുഷ ബന്ധത്തിന്റെ സങ്കീര്‍ണതകളെ അവതരിപ്പിച്ചിരിക്കുന്നു.

 

ആന്റണ്‍ ചെക്കോവ്

 

2

വായനയെ സംബന്ധിച്ചും എഴുത്തുകാരെ പറ്റിയും ആവേശത്തോടെ എഴുതിയ സാഹിത്യകാരനായിരുന്നു റോബര്‍ട്ടോ ബൊലാനോ. ഒരു പക്ഷെ, ബോര്‍ഹെസിന് ശേഷം വായനയെ ഇത്ര കണ്ടു സ്‌നേഹിച്ച മറ്റൊരെഴുത്തുകാരന്‍ ലോകസാഹിത്യത്തിലില്ല എന്നു തന്നെ പറയണം. 'Advice on the art of writing short stories' എന്ന പേരില്‍ ബൊലാനോ ഒരു ലേഖനം എഴുതിയിട്ടുണ്ട്. 'Between Parenthesis' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഈ ലേഖനത്തില്‍ ചെക്കോവിനെയും കാര്‍വറിനെയും കഥാകൃത്തുക്കള്‍ വായിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞിട്ടുണ്ട്. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥാകൃത്ത് ഇവരില്‍ ഒരാളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. കാര്‍വര്‍ ചെക്കോവിനെ പറ്റി എഴുതിയ കഥയാണ് എറന്‍ഡ് (Errand). കാര്‍വര്‍ എഴുതിയ അവസാന കഥയായ ഇത്, ചെക്കോവിന്റെ മരണവുമായി ബന്ധപ്പെട്ടതാണ്. ക്ഷയ രോഗ ബാധിതനായ ചെക്കോവ് അവസാനനാളുകള്‍ കഴിച്ചു കൂട്ടാനായി ജര്‍മനിയിലെ ബാഡന്‍വെയിലര്‍ എന്ന പട്ടണത്തിലേക്ക് പോയിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന രാത്രിയിലെ സംഭവങ്ങളാണ് കാര്‍വര്‍ 'എറന്‍ഡ് ' എന്ന കഥയില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്.

മാര്‍ച്ച് 22, 1897 എന്ന ദിവസത്തിലും ജൂലൈ 2, 1904 എന്ന ദിവസത്തിലും  ചെക്കോവിന്റെ ജീവിത്തില്‍ നടക്കുന്ന  സംഭവങ്ങളെയാണ് കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനിടയിലുള്ള ചെക്കോവിന്റെ ജീവിതത്തെ കഥാകൃത്ത് അധികം പരാമര്‍ശിക്കുന്നില്ല. തന്നെക്കാള്‍ പത്തു വയസ് താഴെയുള്ള നടിയായ ഓള്‍ഗയെ വിവാഹം ചെയ്തതും, ചെറി ഓര്‍ച്ചാര്‍ഡ് എന്ന നാടകം എഴുതിയതും ഇതിനിടയില്‍ സംഭവിച്ചു എന്ന് പരാമര്‍ശിച്ചു കൊണ്ട് ഏഴു കൊല്ലത്തെ ഇടവേളയെ കാര്‍വര്‍   ചുരുക്കി പറഞ്ഞിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ നടന്ന സംഭവവും ഭാവനയും കൂടെ കലര്‍ത്തി എഴുതിയ ഈ കഥയില്‍ കാര്‍വര്‍ ചെക്കോവിനോടുള്ള ആദരം സൂചിപ്പിക്കുന്നുണ്ട് ജീവചരിത്രവും പലരുടെ ഓര്‍മ്മകുറിപ്പുകളിലും നിന്നും വികസിപ്പിച്ച ഫിക്ഷന്‍ എന്ന നിലയ്ക്ക് എറന്‍ഡ് ഒരു പരീക്ഷണമാണ്. Henry Troyat എഴുതിയ ജീവചരിത്രവും, ചെക്കോവിന്റെ കൃതികളും, ടോള്‍സ്റ്റോയിയുടെ ഡയറിയും, ചെക്കോവിന്റെ ഭാര്യയായ ഓള്‍ഗയുടെ ഓര്‍മക്കുറിപ്പുകളും മറ്റും വിശകലനം ചെയ്തായിരുന്നു കാര്‍വര്‍ ഈ കഥ എഴുതിയത് ചെക്കോവിന്റെ സഹോദരിയായ  മരിയ,  ഒരു പത്ര റിപ്പോര്‍ട്ടര്‍ തുടങ്ങിയവരുടെ വിവരണങ്ങളും കഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  ടോള്‍സ്റ്റോയിയെ ഒരു കഥാപാത്രമാക്കിയതിലൂടെ, ടോള്‍സ്റ്റോയിക്ക് ചെക്കോവിനോടുള്ള മനോഭാവം എന്താന്നെന്നു വ്യക്തമാക്കാന്‍ കാരവറിനു സാധിച്ചു. ചെക്കോവിന്റെ നാടകങ്ങള്‍ ടോള്‍സ്‌റ്റോയിക്ക് ഇഷ്ടമായിരുന്നില്ല. സ്വീകരണമുറിയിലെ സോഫയില്‍ നിന്നും സ്‌റ്റോര്‍ റൂമിലേക്കും തിരിച്ചും കഥാപാത്രങ്ങള്‍ നടത്തുന്ന യാത്രയാണ് അദ്ദേഹത്തിന്റെ നാടകത്തില്‍ പ്രധാനമായി ഉള്ളതെന്നായിരുന്നു ടോള്‍സ്‌റ്റോയിയുടെ പരാതി. അകത്തളങ്ങളിലെ മാനുഷികവിനിമയങ്ങളില്‍ മാത്രം അദ്ദേഹത്തിന്റെ ലോകം ഒതുങ്ങി  നിന്നിരുന്നുവെന്ന സൂചനയാണ് ഇതിലൂടെ ടോള്‍സ്റ്റോയ് പങ്കു വെച്ചത്. എന്നാല്‍ ചെക്കോവിന്റെ ചെറുകഥകളില്‍ അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നു. ചെക്കോവ് എന്ന വ്യക്തിയെ  കുറിച്ചുള്ള ടോള്‍സ്‌റ്റോയിയുടെ  നിരീക്ഷണം  കാര്‍വര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ചെക്കോവിനെ ഒരു വ്യക്തി എന്ന നിലയിലും ടോള്‍സ്‌റ്റോയ് ഏറെ ബഹുമാനിച്ചിരുന്നു. മരണം പടിവാതില്‍ക്കല്‍ എത്തിയപ്പോഴും യാത്രകള്‍ക്കും മറ്റും ഉത്സുകനായിരിക്കുന്ന ചെക്കോവിനെ കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജീവിതാന്ത്യത്തിലെ എഴുത്തുകാരന്റെ ജീവിതം തന്നെ ഫിക്ഷന്‍ ആയി മാറുന്നു എന്ന സങ്കല്‍പ്പമാണ് ഇതിന്റെ അടിസ്ഥാനം. ചെക്കോവ് എന്ന സാധാരണക്കാരനായ മനുഷ്യന്റെ സാന്നിധ്യത്തെയും മരണത്തെയും  ചെക്കോവ് എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ അസ്തിത്വത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന  ഈ കഥയില്‍ മനുഷ്യന്റെ നശ്വരതയെയും  എഴുത്തുകാരന്റെ അനശ്വരതയെയും  കുറിച്ചാണ്  പ്രതിപാദിക്കുന്നത്

 

റോബര്‍ട്ടോ ബൊലാനോ

 

3

ആഖ്യാതാവിനെ മാറ്റിപ്രതിഷ്ഠിച്ചു കൊണ്ട് ആഖ്യാനത്തിന്റെ രീതി കഥാഗാത്രത്തില്‍ ഒന്നില്‍ക്കൂടുതല്‍ തവണ എറന്‍ഡില്‍ മാറ്റിയിട്ടുണ്ട്. കഥാകൃത്ത് നേരിട്ട് കഥ (പത്രറിപ്പോര്‍ട്ടുകളും  ഡയറിക്കുറിപ്പുകളും  മറ്റും ഉപയോഗിച്ച്) പറയുന്ന സമ്പ്രദായത്തില്‍ നിന്നും ഒരു ഘട്ടത്തില്‍ ഓള്‍ഗ ആഖ്യാതാവായി പരിണമിക്കുന്നുണ്ട്. രോഗശാന്തിയ്ക്കായി ബാഡന്‍വെയിലറിലെ സുഖവാസകേന്ദ്രത്തില്‍ ഓള്‍ഗയ്‌ക്കൊപ്പം എത്തിയ ചെക്കോവിന്റെ അസുഖം ഒരു രാത്രി  മൂര്‍ച്ഛിച്ചു. ഷോറര്‍ എന്ന ഡോക്ടര്‍ അദ്ദേഹത്തെ ചികില്‍സിക്കാനായി എത്തി. ഡോക്ടര്‍ക്ക് ചെക്കോവിനെ പറ്റി നേരത്തെ കേട്ടറിവുണ്ടായിരുന്നു. ചെക്കോവിന്റെ ഭൂമിയിലെ സമയം  തീരാറായി  എന്ന് ബോധ്യപ്പെട്ടവണ്ണമായിരുന്നു ഡോക്ടര്‍ ഷോറര്‍ പെരുമാറിയത്. മരണം അടുത്തെത്തി എന്നുറപ്പായ ഡോക്ടര്‍  ഒരു കുപ്പി ഷാമ്പയിനും മൂന്ന് ഗ്‌ളാസ്സുകളും കൊണ്ടു വരാന്‍ ഹോട്ടലില്‍ വിളിച്ചു പറഞ്ഞു. ഷോറര്‍ ആവശ്യപ്പെട്ട പ്രകാരം ഷാമ്പയിനും മൂന്നു ഗ്‌ളാസുകളുമായി ഒരു പരിചാരകന്‍ ചെക്കോവിന്റെ മുറിയില്‍ എത്തി ചേര്‍ന്നു.  രാത്രി വളരെ വൈകി ആണിത് നടന്നത്.

ഷാമ്പയിനുമായി എത്തിയ പരിചാരകന്‍ ആണ് പിന്നീട് കഥയിലെ പ്രധാന കഥാപാത്രമാവുന്നത്. പരിചാരകന്റെ അപ്പോഴത്തെ വേഷം വളരെ പരിതാപകരമായിരുന്നു. കലുഷിതമായ അന്തരീക്ഷത്തെ പ്രതിനിധീകരിക്കാനെന്ന വിധത്തില്‍ ആയിരുന്നു പരിചാരകന്റെ വേഷവും ശരീരഭാഷയും. ആ മുറിയുടെ അവസ്ഥ പോലെ തന്നെ അലങ്കോലപ്പെട്ടതായിരുന്നു അയാളുടെ ബാഹ്യരൂപം. മരണത്തിലേക്ക് നീങ്ങുന്ന ഒരാളുടെ അവസ്ഥയെ പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് ഈ ഒരു മാര്‍ഗത്തിലൂടെ. ഏറെ  വൈകാതെ  ഷാമ്പയിന്‍ പൊട്ടിച്ചു ചെക്കോവ് കുടിച്ചു, മരണത്തെ സ്വാഗതം ചെയ്യാനെന്ന പോലെയായിരുന്നു അത്, ഒന്നോ രണ്ടോ നിമിഷങ്ങള്‍ക്കു  ശേഷം അദ്ദേഹം ലോകത്തെ വിട്ടു യാത്രയായി. . ഡോക്ടര്‍ക്ക് എന്തെങ്കിലും ചെയ്യാനാവും മുന്‍പേ അദ്ദേഹം അന്ത്യശ്വാസം വലിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഓള്‍ഗ ഒരാവശ്യം ഡോക്ടറുടെ മുമ്പാകെ ഉന്നയിച്ചു. കഴിയുമെങ്കില്‍ ആ രാത്രി ഈ ദുഃഖവാര്‍ത്ത ആരെയും അറിയിക്കരുതെന്നായിരുന്നു അവര്‍ അപേക്ഷിച്ചത്.

പിറ്റേന്ന് പ്രഭാതത്തില്‍ വളരെ നല്ല വേഷവിധാനത്തോടും വൃത്തിയോടും പ്രസന്നതയോടും കൂടി തലേ രാത്രിയില്‍ വന്ന പരിചാരകന്‍ വീണ്ടുമെത്തി. മൂന്നു മഞ്ഞ പനിനീര്‍ പുഷ്പങ്ങള്‍ വെച്ച ഒരു പൂപ്പാത്രവും അയാളുടെ കയ്യിലുണ്ടായിരുന്നു. ജനനം, മരണം, ഇതിനിടയില്‍ ജീവിതം എന്ന ത്രിത്വത്തെ സൂചിപ്പിക്കാനാവണം മൂന്നു പുഷപങ്ങളെ തെരഞ്ഞെടുത്തത്. മരണാന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്തയാളായിരുന്നു ചെക്കോവ് എന്നത് നേരത്തെ കഥയില്‍ സ്ഥാപിച്ചത് കൊണ്ടു തന്നെ ജനനം, മരണം, പുനര്‍ജ്ജന്മം എന്നതാവില്ല മൂന്നു പുഷ്പങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. തലേ രാത്രിയില്‍ നിന്നും വിഭിന്നമായി മുറിയും വളരെ അടുക്കും ചിട്ടയോടും കൂടെ വൃത്തിയാക്കിയിരുന്നു.  മരണവിവരമൊന്നും അയാള്‍ അറിഞ്ഞിരുന്നില്ല. ഇവിടെ വെച്ചായിരുന്നു ഓള്‍ഗ കഥാഗതിയെ ഏറ്റെടുക്കുന്നത്. മരിച്ചു പോയ ഭര്‍ത്താവിന്റെ ശവം ശുശ്രുഷിക്കാനായി ഒരു ശവശുശ്രുഷകനെ വിളിച്ചു കൊണ്ടു വരാന്‍ അവര്‍ പരിചാരകനോട് ആവശ്യപ്പെട്ടു. ആ നഗരത്തിലെ ഏറ്റവും നല്ല ശവശുശ്രുഷകന്‍ ആരാണെന്നു  കണ്ടു പിടിക്കണമെന്നും അവര്‍ ഓര്‍മിപ്പിച്ചു.. ആ  ദൗത്യം അയാള്‍ക്ക് ഏറ്റെടുക്കേണ്ടി  വരുമോ അതില്‍ എന്ത് സംഭവിക്കും  എന്നതിലേക്കാളുപരിയായി  പരിചാരകന്റെ അപ്പോഴത്തെ മനോവിചാരത്തിനായിരുന്നു കാര്‍വര്‍ പ്രാധാന്യം കല്‍പ്പിച്ചത്. എഴുത്തുകാരന്‍ എന്ന നിലയില്‍ കാര്‍വറുടെ ശ്രദ്ധ പരിചാരകനിലേക്ക്  തിരിയുന്നത് ഇവിടെ വെച്ചാണ്.  പരിചാരകന്റെ ശ്രദ്ധ മുഴുവനും വേറെ ഒരിടത്തായിരുന്നു. ഷാമ്പയിന്‍ കുപ്പിയുടെ കോര്‍ക്ക് ആ മുറിയുടെ നിലത്തു വീണു കിടക്കുന്നുണ്ടായിരുന്നു. കോര്‍ക്ക് എന്ന വസ്തുവില്‍ പരിചാരകന്റെ കണ്ണുടക്കിയതിനു വസ്തുനിഷ്ഠമായ വ്യാഖ്യാനമുണ്ട്. മുറിയുടെ ശുചിത്വവും ഭംഗിയും കാത്തു സൂക്ഷിക്കേണ്ട കടമ പരിചാരകന്‍ എന്ന നിലയില്‍ അയാളില്‍ നിക്ഷിപ്തമായിരുന്നു. അയാളുടെ പ്രാഥമിക ധര്‍മം അയാളുടെ തൊഴില്‍ ആയിരുന്നു; ചെക്കോവിന്റെ മരണം അയാളെ സ്പര്‍ശിച്ചിരുന്നില്ല. അങ്ങനെ സാധാരണക്കാരനായ കഥാപാത്രത്തിലേക്ക് കഥാന്ത്യത്തില്‍ ശ്രദ്ധയൂന്നുകയായിരുന്നു കാര്‍വര്‍. ചെക്കോവിന്റെ അന്ത്യദിനത്തെ കുറിച്ചുള്ള കഥയ്ക്ക് എറന്‍ഡ് (ദൂത് അല്ലെങ്കില്‍ ദൗത്യം) എന്ന് പേരിട്ടതിലൂടെ ചെക്കോവ് എന്ന മഹാനായ എഴുത്തുകാരന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാര്‍വറിനെയാണ് നാം കാണുന്നത്.

 

റെയ്മണ്ട്  കാര്‍വര്‍

 

4.

സമൂഹത്തിന്റെ പരിതോവസ്ഥകളിലൂടെ കടന്നു പോയ കഥാപാത്രങ്ങളെയായിരുന്നു ചെക്കോവ് എന്നും പ്രതിനിധാനം ചെയ്തത്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കണ്ടി വന്ന കഥാപാത്രങ്ങളുടെ വ്യഥകള്‍ കാര്‍വറും ആവിഷ്‌കരിച്ചിട്ടുണ്ട്. ചെക്കോവിയന്‍ കഥകളുടെ മുഖമുദ്രകളായ പരോക്ഷമായ പ്രതീകാത്മകത, ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ബിംബങ്ങള്‍, വ്യഥിതാനുഭവങ്ങളുടെ  പ്രതലങ്ങള്‍ എന്നിവ കാര്‍വറിന്റെ കഥകളിലും പ്രകടമാണ്.  മണിക്കൂറിനു ചുരുങ്ങിയ വേതനത്തിന് പല ചെറിയ ജോലികളും ചെയ്തിരുന്ന കാര്‍വറിനു കഥയിലെ പരിചാരകന്റെ സ്ഥിതിയും അയാളുടെ ചിട്ടവട്ടങ്ങളും നേരിട്ടറിഞ്ഞത് ആയിരുന്നുവെന്നു ഉറപ്പാണ്.  അത്തരം കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ ധ്വനിപ്പിക്കാനായിരുന്നു ചെക്കോവും ഉത്സാഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ  'Errand' ലെ പരിചാരകനെ ചെക്കോവും ഹൃദയത്തിലേറ്റിയിട്ടുണ്ടാവും,

ചെക്കോവിനെ കുറിച്ചാണ് കഥയെങ്കിലും ആഖ്യാനവീക്ഷണങ്ങള്‍ മാറ്റിക്കൊണ്ടുള്ള പരീക്ഷണത്തിന് ആയിരുന്നു തന്റെ അവസാനത്തെ കഥയില്‍ കാര്‍വര്‍ ശ്രമിച്ചത്.   ഓള്‍ഗയിലേക്കും പിന്നീട് പരിചാരകനിലേക്കും  ദൃഷ്ടികേന്ദ്രത്തെ സ്ഥാപിക്കുന്ന കഥാകൃത്ത് സാധാരണക്കാരന്റെ ലോകത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ചെക്കോവിനോടുള്ള ബഹുമാനം  നിലനിര്‍ത്തി അദ്ദേഹത്തിന്റെ  മരണത്തെപ്പറ്റി സവിസ്തരം വിവരിച്ചു കൊണ്ട് തന്നെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. 'A History of reading' എന്ന ഗ്രന്ഥത്തില്‍ Alberto Manguel അടയാളപ്പെടുത്തിയത് പോലെ, 'ഒരു വായനക്കാരന് പുസ്തകത്തെ , എഴുത്തുകാരന്‍ ഉദ്ദേശിച്ച തലത്തില്‍ നിന്നും പല മടങ്ങു മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും, അയാളുടെ ഭാവന എഴുത്തുകാരന്റെ സങ്കല്‍പ്പത്തേക്കാളും വേഗത്തിലാകും സഞ്ചരിക്കുക' എന്ന ആശയം തീര്‍ത്തും പ്രസക്തമാണ്. ഏറന്‍ഡിന്റെ കാര്യത്തില്‍ ഇതിനെ  മറ്റൊരു തരത്തില്‍ ചിന്തിക്കാവുന്നതാണ്. ചെക്കോവിന്റെ രചനാരീതിയും  കാര്‍വറുടെ രീതിയും വായിച്ചു പരിചയിച്ചിട്ടുള്ള ഒരാള്‍ക്ക് ഈ കഥയുടെ ഘടനയെ പല തരത്തില്‍ വ്യാഖ്യാനിക്കാനാവും. ചെക്കോവിന് വേണ്ടി കാര്‍വര്‍ എഴുതിയ കഥയായിട്ടാവും അയാള്‍ ഇതിനെ പ്രാഥമികമായി വിലയിരുത്തുന്നത്. കാര്‍വറുടെ മറ്റു  കഥകളില്‍ ഇല്ലാത്ത തരത്തിലുള്ള പരീക്ഷണം ഇതിലുണ്ട് എന്നായിരിക്കും പിന്നീടുള്ള നിരീക്ഷണം. ചെക്കോവ് എഴുതിയാലും ഏതാണ്ടിതേ വിധത്തില്‍ തന്നെയാവും എന്നത് അതിശയോക്തി കലര്ന്ന മറ്റൊരു നിരീക്ഷണമാണ്. പരിചാരകന്‍ കേന്ദ്രകഥാപാത്രം ആവുന്നതിലൂടെ അത്തരമൊരു കാഴ്ചപ്പാടിന് സാധൂകരണവുമുണ്ട്.

 

ദസ്തയെവ്‌സ്‌കി

 

5

ദസ്തയെവ്‌സ്‌കിയുടെ വേദനയും വ്യഥയും നിറഞ്ഞ ജീവിതത്തിന്റെ ആവിഷ്‌കാരമാണ്  പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍.  ദസ്തയെവ്‌സ്‌കിയുടെയും അന്നയുടെയും കഥ പറഞ്ഞ ഈ നോവലില്‍ അദ്ദേഹത്തിന്റെ ദുരിതാനുഭവങ്ങളുടെ അധ്യായങ്ങളില്‍ ആയിരുന്നു നോവലിസ്റ്റ് ഊന്നല്‍ കൊടുത്തത്. ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനാവേളയെ കേന്ദ്രീകരിച്ചാണ് 'ഒരു സങ്കീര്‍ത്തനം പോലെ' മുന്നോട്ട് പോകുന്നത്. നോവല്‍ പകര്‍ത്തിയെഴുതാനായി ദസ്തയേവ്‌സ്‌കിയുടെ അടുത്തെത്തിയതായിരുന്നു അന്ന. തന്നെക്കാള്‍ പ്രായം കൊണ്ട് വളരെ ചെറുപ്പമായ അന്നയോട് അദ്ദേഹത്തിന്റെ കലശലായ പ്രണയം തോന്നുകയും ഒടുവില്‍ വിവാഹം കഴിക്കുകയും ചെയ്തു. സ്വതവേ ആരോടും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ദസ്തയേവ്‌സ്‌കിക്ക്. അദ്ദേഹത്തിന്റെ സംഘര്‍ഷം നിറഞ്ഞ പരിസരത്തെയായിരുന്നു പെരുമ്പടവം ശ്രീധരന്‍ അവതരിപ്പിച്ചത്. ദസ്തയെവ്‌സ്‌കിയുടെ വീട്ടുജോലിക്കാരി ഫെദോസ്യയും നോവലില്‍ ഒരു പ്രധാന കഥാപാത്രമായിരുന്നു.

ഇര്‍വിങ് സ്റ്റോണിന്റെ പോലെ ജീവചരിത്രങ്ങളെ ആധാരമാക്കി മലയാളത്തില്‍ നോവലുകള്‍ എഴുതിയത് കെ സുരേന്ദ്രന്‍ ആണ്. ശ്രീനാരായണഗുരുവിനെയും  (ഗുരു), കുമാരനാശാനെയും (മരണം ദുര്‍ബലം), കേസരിയെയും (ജ്വാല) അദ്ദേഹം കഥാപാത്രങ്ങളായി അവതരിപ്പിച്ചു.  ആശാന്റെ കല്‍ക്കത്താജീവിതം വിഷയമാക്കിയ 'കുമാരു' എന്ന നോവല്‍ സി ആര്‍ ഓമനക്കുട്ടനാണ് എഴുതിയത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍   എഴുത്തച്ഛന്റെ    ജീവിതം ചിത്രീകരിക്കുന്ന നോവലാണ് സി രാധാകൃഷ്ണന്റെ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം'. പാപനാശിനിയുടെ കരയിലിരുന്ന് എഴുത്തച്ഛന്‍ ജീവിതത്തെ ഓര്‍ത്തെടുക്കുന്ന  രൂപത്തിലാണ്  നോവലിന്റെ ഘടന. കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തിനെ വേറിട്ട രീതിയില്‍ ആവിഷ്‌കരിച്ച പി മോഹനന്റെ 'ദൈവഗുരുവിന്റെ ഒഴിവുകാലം' എന്ന നോവലും ഇതേ തരത്തില്‍ പെടുത്താവുന്നതാണ്.

ജീവചരിത്രപരമായ നോവലുകള്‍/ കഥകള്‍ എഴുത്തുകാരന്റെ വീക്ഷണത്തിന് അനുസരിച്ച് രൂപപ്പെടുത്തുന്നതാണ്. അത് കൊണ്ട് അവയില്‍ സര്‍ഗാത്മക സ്വഭാവം ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. മണ്മറഞ്ഞു പോയ എഴുത്തുകാരനെയോ കലാകാരനെയോ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഇത്തരം നോവലുകള്‍ ചരിത്രത്തെയോ വസ്തുതകളെയോ തെറ്റായി രേഖപ്പെടുത്തരുത്. സ്ഥല/ദേശങ്ങളെയോ ഭാവനാരാഷ്ട്രങ്ങളെയോ അടിസ്ഥാനപ്പെടുത്തി എഴുതുന്ന ഫിക്ഷനുകളെക്കാള്‍ സൂക്ഷ്മതയുള്ള ആഖ്യാനമാവണം ഇത്തരം നോവലുകള്‍ക്കും കഥകള്‍ക്കും. ഒരാളുടെ വീക്ഷണത്തെ മറ്റൊരാള്‍ പഠിക്കുന്നതിലൂടെ അയാള്‍ എന്താണെന്നു കൂടുതല്‍ ബോധ്യമാവുകയാണ്. രാഷ്ട്രത്തിന്റെയും കാലത്തിന്റെയും ഭാഷയില്‍ പറഞ്ഞ കാര്യങ്ങളെ പുനരവതരിപ്പിക്കുക എന്നതാണ് സാഹിത്യത്തിന്റെ  ലക്ഷ്യമെന്ന് ബോര്‍ഹസ് പറഞ്ഞിട്ടുണ്ട്. മറ്റൊരു എഴുത്തുകാരന്‍ /കലാകാരന്‍  അദ്ദേഹത്തിന്റെ  അനുഭവമണ്ഡലങ്ങളെ എങ്ങനെയാണ് നോക്കിക്കണ്ടിരുന്നത് എന്ന് വ്യക്തമാക്കുന്ന  ഫിക്ഷനുകള്‍ ചില നിലപാടുകളെ സുതാര്യമാക്കുന്നു . ഈ ശ്രേണിയിലുള്ള ഫിക്ഷനുകള്‍ നില കൊള്ളേണ്ടതും അത്തരമൊരു കാഴ്ചപ്പാടിലാവണം.

Reference

Errand-Where I'm calling from-Collected Stories-Raymond Carver-Random House India 

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം