Asianet News MalayalamAsianet News Malayalam

അന്നന്നത്തെ അപ്പം, ബിജു റോക്കി എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ബിജു റോക്കിയുടെ കവിതകള്‍

Literature five poems by Biju Rocky
Author
Thiruvananthapuram, First Published Mar 6, 2020, 5:17 PM IST
  • Facebook
  • Twitter
  • Whatsapp

മാധ്യമപ്രവര്‍ത്തനം, കോപ്പി റൈറ്റിംഗ്, കവിത. ഈ മൂന്നു വഴികളിലുള്ള നടത്തങ്ങളാണ് ബിജു റോക്കിയുടെ എഴുത്തുകള്‍. മാധ്യമപ്രവര്‍ത്തനത്തിലെത്തുമ്പോള്‍ മറ്റെല്ലാവരെയും പോലെ വസ്തുനിഷ്ഠതയിലാണ് ബിജുവിന്റെ കണ്ണ്. ഭാവനയും വിപണി താല്‍പ്പര്യങ്ങളും ജനപ്രിയതയും പരസ്യമെഴുത്തിനെ നിര്‍ണയിക്കുന്നു. എന്നാല്‍, കവിതയിലെത്തുമ്പോള്‍ ബിജു മറ്റൊരാളാണ്. അവിടെ ബാഹ്യഘടകങ്ങള്‍ തീര്‍ക്കുന്ന ചതുരക്കള്ളികളില്ല. സമയപരിധിയോ ഔട്ട്പുട്ടിനുമേലുള്ള അദൃശ്യസമ്മര്‍ദ്ദങ്ങളോ ഇല്ല. ഏറ്റവും സ്വാഭാവികമായി, ഏറ്റവും സൂക്ഷ്മമായി ബിജു അവിടെ താന്‍ ജീവിക്കുന്ന കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നു.  എവിടെയും രേഖപ്പെടുത്താതെ പോവുന്ന വിങ്ങലുകളും സ്വാസ്ഥ്യം കെടുത്തുന്ന കാഴ്ചകളും ഉള്ളു പൊള്ളിക്കുന്ന അനുഭവങ്ങളും ഭാവനയുടെ ഉന്‍മാദങ്ങളും അവിടെ നിറയുന്നു. ഭാഷയുമൊത്തുള്ള പല മാതിരി വിനിമയങ്ങള്‍, ആഖ്യാനത്തിലേക്ക് ഒളികണ്ണിട്ടെത്തുന്ന കുറുമ്പുകള്‍, നിര്‍മമതയോടെ ലോകം കാണുന്നവര്‍ക്ക് സഹജമായ നോട്ടങ്ങള്‍ എന്നിങ്ങനെ കവിത അതിനുമാത്രം തൊടാനാവുന്ന ഇടങ്ങള്‍ തേടുന്നു. കോപ്പിയെഴുത്തിനൊപ്പം വന്നു ചേരുന്ന ഭാഷാസൂക്ഷ്മത കവിതയെ കൂടുതല്‍ കൂര്‍പ്പിച്ചു നിര്‍ത്തുന്നു. മറ്റാരും കാണാത്തത് തേടിക്കൊണ്ടിരിക്കുന്ന ജേണലിസ്റ്റിന്റെ കണ്ണുകള്‍ പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകളെ സവിശേഷതലങ്ങളിലേക്ക് വളര്‍ത്തുന്നു. ബിജുവിന്റെ കവിത പുതുകാലത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്നു. 

 

Literature five poems by Biju Rocky

 

മരണഘടന


കാറ്റ്  ആട്ടിപ്പായിച്ച മഴ 
വളഞ്ഞുകുത്തി നടന്ന രാത്രി. 
നനഞ്ഞ ടാര്‍ പുതപ്പ് തലമുഴുവന്‍ മൂടി
വഴികളുറങ്ങുന്നു.
മരങ്ങളുറങ്ങുന്നു.
ജീവജാലങ്ങളെല്ലാം
ഉറങ്ങുന്നു. 

എംജി റോഡില്‍
മൊബൈല്‍ ടവറിന് കീഴെ
മിന്നാമിന്നി അന്തിവെട്ടത്തില്‍
ഒരനക്കം മാത്രം ജീവനോടെ  
മൂടിവെച്ച ഏതോ രഹസ്യംപോല്‍
ഇഴഞ്ഞുപോകുന്നു. 

അടുത്തെത്തിയപ്പോള്‍,
മേല്‍ക്കോരിയേറ്റു.  
കുഞ്ഞാമ!
റോഡ് മുറിച്ചുകടക്കുകയാണ്
ഒരരുകില്‍ നിന്ന് 
മറുവശത്തേക്ക് ,
മെല്ലേ.

റോഡിന്റെ നടുവില്‍ എത്തിയപ്പോള്‍
ആമ
തലപൊക്കി  നോക്കി.
കണ്ണുകളില്‍,
ഇറ്റുവെള്ളമിറക്കാതെ
മണ്ണടിഞ്ഞുപോയ
അപ്പനപ്പൂപ്പന്മാരുടെയും
അമ്മയമ്മൂമ്മമാരുടെയും
ദാഹം .

മുതുകില്‍ തടവറകള്‍ വരഞ്ഞ
മരണഘടനയുടെ
പരസ്യചിത്രം. 

കേറ്റിവെച്ച കരിങ്കല്ലിന്റെ 
കനത്തില്‍
പുളയുന്ന 
പാമ്പായി,
ചില്ലകളൊടിഞ്ഞ
അശോകമരചോട്ടിലൂടെ,
ത്രിവര്‍ണ ട്രാഫിക് സിഗ്‌നലിലൂടെ
ആമയുടെ ലോംഗ് മാര്‍ച്ച്.

 


കിക്കിളി

വായുവില്‍ പ്രണയം വരച്ച്
രണ്ട് കിളികള്‍.
കിക്കിളിയായി. 

 

പൊന്മ

ചുണ്ടോട് ചുണ്ട് ചേര്‍ത്ത്
തണുത്ത ജീവരക്തം
ഊറ്റിക്കുടിച്ച്
ആ പൊന്മയെ*
കാറില്‍ നിന്ന് 
വലിച്ചെറിഞ്ഞു. 
മീനിനെ കൊത്തിയുയരും
വേഗത്തില്‍ 
പൊന്മ
പുറത്തേക്ക് പാഞ്ഞു. 
പൊടിച്ചിയെ കൊത്തി
പറന്നുയര്‍ന്നില്ല.
കല്ലില്‍
ചിറകുകളുടെ
ചില്ലുകള്‍ വീണുടഞ്ഞിരിക്കാം.
തലത്തല്ലിച്ചത്തിരിക്കാം. 
കാറിന്റെ വിന്‍ഡോ ഗ്ലാസ്
കേറി കേറിവന്നു. 

*കിംഗ്ഫിഷര്‍ ബിയര്‍

 


പാറ്റയുടെ 
തലകീഴ്മറിഞ്ഞ ലോകം

സിങ്കില്‍ വീണ പാറ്റയെ കണ്ടപ്പോള്‍
വെറുപ്പ് തോന്നി.
കുനുകുനാ മുള്ളുരോമങ്ങളുമായി
കാലിട്ടടിക്കുന്ന അശ്രീകരം. 
ഓടിവന്ന് കാലില്‍ കയറില്ലല്ലോ 
എന്നാലോചിച്ചപ്പോള്‍
തെല്ലാശ്വാസം തോന്നി. 

സിങ്കില്‍ വീണ പാറ്റ തലക്കീഴായി കിടക്കുകയാണ്.
അതുമാത്രമാണ് സത്യം. 
വായുവില്‍ ചക്രം ചവിട്ടുന്നു.
വെള്ളത്തില്‍ ഒട്ടിക്കിടക്കുന്ന
സ്്പര്‍ശിനികളെ
ഉയര്‍ത്തിയെടുക്കാന്‍ നോക്കുന്നു. 
ചിലപ്പോള്‍ രാത്രിമുഴുവന്‍
ചവിട്ടിക്കേറാന്‍ ശ്രമിച്ചിരിക്കാം. 
കഴിഞ്ഞ ജന്മത്തില്‍
ചക്രംചവിട്ടി 
പാടത്തേക്ക് വെള്ളം മറിച്ച
കര്‍ഷകനാണോ ഈ പാറ്റ? 

ചപ്പാത്തിപ്പിടി തൊടുമ്പോള്‍
തെല്ലിട ചത്ത് കിടക്കുന്നു.
ആളനക്കം മുറിയുമ്പോള്‍
പിന്നെയും തുഴച്ചില്‍ തുടരുന്നു.
സ്വല്‍പ്പം തലകീഴ് മറിഞ്ഞ ലോകം.
അതേ കാണുന്നുള്ളൂ.
മച്ചിന്റെ ഒരു തുണ്ട്.
അത്രയും വാവട്ടമേയുള്ളൂ.
ചിറകിലൂടെ സുതാര്യമായി
പറയുകയാണെങ്കില്‍
കിണറ്റിലെ തവളയല്ലേ ഈ പാറ്റ. 

ആദ്യമായിട്ടാണോ ഈ പാറ്റ ലോകത്തെ ഇങ്ങനെ 
തലകീഴായി കാണുന്നത്? 
സത്യത്തില്‍ ഈ പാറ്റ പുതിയ ലോകം കണ്ട്
സന്തോഷിച്ച് ചിരിക്കുകയാണോ? 
ഇനി മേലില്‍ ഇങ്ങനെ കിടക്കാന്‍ മാത്രം
ഇഷ്ടം വന്നിരിക്കുമോ? 
സിങ്കില്‍ വീണ പാറ്റയെ കണ്ട് അലിവൊന്നുമില്ല.
സിങ്കില്‍ വീണ പാറ്റ, പാറ്റ മാത്രമാണ്.
സിങ്കില്‍ വീണ പാറ്റ അത്ര മാത്രമാണ്.
സിങ്കില്‍ വീണ പാറ്റയെ കൂടുതലായി എന്തിന് കാണണം? 

 

അന്നന്നത്തെ 
അപ്പം

വെട്ടാന്‍ കൊണ്ടുവന്ന പോത്തായിരുന്നു. 
കുടുക്കിക്കെട്ടി
നിറന്തലയില്‍ കൂടംകൊണ്ടടിച്ച്
വെട്ടിമലര്‍ത്താനായിരുന്നു പ്ലാന്‍. 
കത്തി രാകിപറക്കുംനേരം
അയ്യോ അരുതേയെന്ന അശരീരി മുഴങ്ങി. 
കണ്ണുകളിലെ നനവില്‍
മിന്നായം പോലെ 
ഇണ, 
കുത്തുകൂടി കളിക്കുന്ന കുട്ടികള്‍..
അമ്മ..

കയറൂരി വിടാന്‍ തോന്നി. 
പോത്തിന് പോത്തിന്റെ മേച്ചില്‍പ്പുറം.
പച്ചപരമാര്‍ത്ഥമായ പുല്‍ത്തകിടികള്‍. 
ഇടച്ചിറത്തോട്.
കട്ടിച്ചെളി.
ഇച്ചകള്‍.
വാലെത്താത്തിടത്തെ
ചെള്ളിന്റെ പെരുക്കങ്ങള്‍ക്ക്
കുത്തിക്കലാശം കൊട്ടുന്ന
കിളികള്‍. 
പാടത്തിന് മേലാപ്പിലെ
മുഴുവന്‍ ആകാശവും.
തീവണ്ടി കളിച്ചുവരുന്ന കാറ്റും.

ഓന്‍ ഹാപ്പിയാണ്.
എന്റെ കാര്യമാണണ്ണാ കഷ്ടം.
എന്തു തിന്നാന്‍ എടുക്കുമ്പോഴും
അവന്‍,
ആ അശരീരി
കഴുത്ത് പീച്ചാനെത്തുന്നു. 

നെല്ലിന്റെ 
കിടാങ്ങളാണത്രേ അരിമണികള്‍.
ചെന്തുണിയില്‍ കിടാങ്ങളെ ഒളിപ്പിച്ച
പടവലങ്ങ, പാവയ്ക്ക.
പൊടിച്ചോരക്കുഞ്ഞന്മാരുമായി കോവയ്ക്ക.
മുക്കണ്ണന്‍ തേങ്ങ.
എന്തിലും ജീവന്റെ തുള്ളിച്ചാട്ടം. 

എന്നെ ഒറ്റമുറിയിലടച്ചിട്ട്
പട്ടിണി
ആളെ കൂട്ടാന്‍ പോയിരിക്കുകയാണ്. 
ഭൂമിയെ  ഒറ്റയുരുളയായി വിഴുങ്ങാനുള്ള വിശപ്പ് വരുന്നു.
ഒട്ടി,
ഞരമ്പ് പിടച്ച,
എന്റെ നടുവിരലിലാണ്
ഇപ്പോഴെന്റെ കൊതിക്കണ്ണ്

Follow Us:
Download App:
  • android
  • ios