ഫ്യൂഡലിസവും ക്യാപിറ്റലിസവും കഴിഞ്ഞ് കോര്‍പറേറ്റ് തലത്തിലെ മുന്നേറ്റത്തില്‍ സാങ്കേതികബിരുദവുമായി അഭ്യസ്തവിദ്യര്‍ കടല്‍ കടക്കുകയും നാട്ടില്‍ തന്നെയുള്ളവര്‍ വെള്ളക്കോളര്‍ ജോലിയ്ക്ക് മാത്രമായി ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഉത്തര -പൂര്‍വ സംസ്ഥാനങ്ങളില്‍ നിന്നുള്ള  തീവണ്ടികള്‍ കേരളത്തിലൂടെ നിറഞ്ഞോടി. പ്രാന്തവല്‍കൃതജനതയുടെ സ്വപ്നനിരാസങ്ങള്‍ അഭിസംബോധന ചെയ്തു കൊണ്ട് പുതിയ ഇടങ്ങള്‍ പ്രത്യക്ഷമായതും ഇതിന്റെ അനുബന്ധമായി കാണാവുന്നതാണ്. ഈ ചുറ്റുപാടില്‍ സമൂഹത്തില്‍ വന്ന ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാഹിത്യകൃതികളും ഭാഷയിലുണ്ടായി.

 

 

 കുടിയേറ്റം ഒരു പ്രതിഭാസം അല്ലാതാവുകയും ദൈനംദിന ജീവിതത്തിലെ മറ്റേതൊരു വിനിമയം പോലെയും അത്  മാറിക്കൊണ്ടിരിക്കുകയുമാണ്. കുടിയേറ്റത്തെ കുറിച്ചും പ്രവാസത്തെ പറ്റിയും ധാരാളം എഴുത്തും വായനയും ഉണ്ടായിട്ടുണ്ട്. വിഖ്യാത സ്പാനിഷ് എഴുത്തുകാരനായ റോബര്‍ട്ടോ ബൊലാനോയുടെ പ്രവാസത്തെക്കുറിച്ചുള്ള ചിന്താശകലം ഏറെ കേള്‍വി കേട്ടതാണ്. പ്രവാസമെന്നത് ഇല്ലാതാകല്‍ അല്ലെന്നും ചുരുങ്ങി ചുരുങ്ങി ശരിയായ ഉയരത്തിലേക്കെത്തുന്ന സ്ഥിതിവിശേഷമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആശയം. സ്വദേശത്തു കണ്ടു പിടിക്കാന്‍ സാധ്യമാവാത്ത ജീവിതസൗഭാഗ്യങ്ങളെ തേടി മറുദേശങ്ങളിലേക്കുള്ള കുടിയേറിപ്പാര്‍ക്കല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജീവിതത്തിന്റെ  സമാന്തരരേഖകള്‍  കൂട്ടി മുട്ടിക്കുവാന്‍ വേണ്ടി ഭാഷയും സംസ്‌കാരവും ശൈലികളും മറന്നു കൊണ്ട്, ഉറ്റവരെ പിരിഞ്ഞു കൊണ്ട്    അന്യദേശത്തേക്കു മാനവവംശം  യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു. കരകാണാക്കടലിന്റെ ഏതോ അറ്റത്തുള്ള പ്രദേശത്തേക്ക് ഉരുവില്‍ കയറി സഞ്ചരിച്ച മലയാളിയുടെ കടല്‍ച്ചൊരുക്ക് പറഞ്ഞ് പഴകിയ ഗൃഹാതുരത മാത്രമായി അവശേഷിക്കുന്നു. ബാബു ഭരദ്വാജ് 'പ്രവാസിയുടെ കുറിപ്പുകളി'ലും വി മുസഫര്‍ അഹമ്മദ് 'കുടിയേറ്റക്കാരന്റെ വീടി'ലും പറഞ്ഞ പ്രവാസനൊമ്പരങ്ങള്‍ നമ്മുടെ സാഹിത്യത്തിലെ പ്രധാനപ്പെട്ട അടയാളങ്ങളാണ്.

ഐക്യകേരളമെന്ന ഭൂമിശാസ്ത്രരൂപീകരണത്തിന് മുമ്പ് തന്നെ തിരു-കൊച്ചി- മലബാര്‍ ഭാഗത്തു നിന്നു കുടിയേറ്റങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂറില്‍ നിന്നും ''അയല്‍രാജ്യത്തിനുമപ്പുറത്തുള്ള'' മലബാറിലേയ്ക്കുള്ള കുടിയേറ്റത്തോടൊപ്പം ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം മലയ, ബര്‍മ, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു അടിമകളെ കൊണ്ടുപോയ  യാത്രകളും തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് ശേഷം ബോംബേയിലേയ്ക്കും ഗുജറാത്തിലേയ്ക്കും മറ്റുമായിരുന്നു കുടിയേറ്റങ്ങള്‍ നടന്നത്. എന്നാല്‍ ഗള്‍ഫ് പ്രവാസം കേരളത്തിന്റെ തലക്കുറി മാറ്റിമറിച്ചു. ആയിരത്തിതൊള്ളായിരത്തി എഴുപതുകളില്‍ കരുത്താര്‍ജ്ജിച്ച ഗള്‍ഫ് പ്രവാസത്തിന്റെ നാള്‍വഴികള്‍ കാലക്രമമനുസരിച്ച് രേഖപ്പെടുത്തിയിരുന്നെങ്കില്‍ മറ്റൊരു സാഹിത്യരൂപത്തിന്റെ ഉദയത്തിനു തന്നെ അത് വഴിയൊരുക്കുമായിരുന്നു. സാമൂഹികാവസ്ഥകളെ കരുതലോടെ വീക്ഷിച്ചിരുന്ന സാഹിത്യം എന്നാല്‍ പ്രവാസത്തെ  കൂടുതലും ഗൃഹാതുരതമായിട്ടാണ് അടയാളപ്പെടുത്തിയത്. സങ്കരസംസ്‌കാരത്തിന്റെ ഉണര്‍ച്ചയും തളര്‍ച്ചയും വിഷയമായി സ്വീകരിക്കുന്ന പ്രവാസസാഹിത്യത്തില്‍ മുഖ്യമായും രണ്ടു വിഭാഗമാണുള്ളത്. പ്രവാസികളായ കഥാപാത്രങ്ങളുടെ സാക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന നോവലുകളും കഥകളും രണ്ടാം തലമുറ പ്രവാസികളുടെ വീക്ഷണങ്ങളവതരിപ്പിക്കുന്ന സാഹിത്യരൂപങ്ങളും ആണ് മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍.  പ്രവാസത്തെയും കുടിയേറ്റത്തെയും പറ്റി പരാമര്‍ശിക്കുമ്പോള്‍ സമകാലസാഹചര്യത്തിലെ കേരളത്തിലേക്കുള്ള അന്തര്‍സംസ്ഥാനതൊഴിലാളികളുടെ കുടിയേറിപ്പാര്‍പ്പിനെ നിയതമായ അര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുക എന്നത് സാമൂഹിക സൂചികയുടെ അളവുകോല്‍ തന്നെയാണ്.

ചുരുക്കിപ്പറഞ്ഞാല്‍  മധ്യവര്‍ഗമലയാളിയുടെ കായികാധ്വാനം  സ്പര്‍ശവേദ്യമല്ലാതെ, ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ കണ്ണാടിച്ചുമരുകളില്‍  അടക്കി നിര്‍ത്തുമ്പോള്‍  തൊഴിലാളിത്തത്തിന്റെ ശരീരഭാഷ ദീര്‍ഘദൂര തീവണ്ടികളില്‍ വന്നിറങ്ങുന്ന അന്തര്‍ സംസ്ഥാനതൊഴിലാളികളുടേതായി മാറി.  സ്വാഭാവികമായും സാഹിത്യത്തിനും അവരെക്കുറിച്ച് അടയാളപ്പെടുത്തണ്ടി വന്നു. ആഗോളീകരണത്തിനു ശേഷം നിലവില്‍ വന്ന കമ്പോളവ്യവസ്ഥകളെയും നവസാമ്പത്തികക്രമങ്ങളെയും മറ്റും കഥകളിലൂടെ അഭിസംബോധന ചെയ്ത സാഹിത്യത്തിനു സമൂഹത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രവണതകളെ കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല.

2

കേരളീയജീവിതത്തിന്റെ പരിച്ഛേദത്തിന് കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ പ്രകടമായ മാറ്റമാണുണ്ടായത്. ആഗോളീകരണത്തിന്റെ വേരുകള്‍ കൂടുതല്‍ കരുത്തോടെ ആഴ്ന്നിറങ്ങിയ ഈ കാലത്ത്, മുമ്പെങ്ങുമില്ലാത്ത പോലെ മധ്യവര്‍ഗത്തിന്റെ സ്ഥാനം പ്രസക്തമായി. വിപണിയുടെ പുത്തന്‍ നയങ്ങള്‍ പ്രാബല്യത്തില്‍ വന്ന തൊണ്ണൂറുകളില്‍ കേരളത്തിന്റെ സാമൂഹ്യ പരിതസ്ഥിതിയില്‍  വന്ന മാറ്റത്തെ തൊഴില്‍വ്യവസ്ഥയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. കാര്‍ഷികരംഗത്ത്  വന്ന തളര്‍ച്ചയും പരമ്പരാഗത വ്യവസായങ്ങള്‍ക്കേറ്റ തിരിച്ചടിയും   നിര്‍മാണമേഖലയില്‍ ധനനിക്ഷേപത്തിനു വ്യവസായികളെ പ്രേരിപ്പിച്ചു. വിവരസാങ്കേതികതയുടെ കടന്നുവരവോടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിലും യൂറോപ്പിലും തൊഴിലവസരങ്ങള്‍ വര്‍ധിക്കാനും അഭ്യസ്തവിദ്യരായ മലയാളി ചെറുപ്പക്കാര്‍ ആ സാധ്യതയെ വേണ്ടവണ്ണം ഉപയോഗിക്കാനും ആരംഭിച്ചു. രൂപയുടെ വിനിമയമൂല്യത്തില്‍ വന്ന വ്യതിയാനം പടിഞ്ഞാറന്‍ വന്‍കരകളില്‍ ഐ ടി മേഖലയില്‍ ജോലിയെടുക്കുന്നവരുടെ നിക്ഷേപത്തിന്റെ ബലത്തില്‍ കേരളത്തിലെ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ക്രമാതീതമായി വളരുകയും കെട്ടിട നിര്‍മ്മാണം തകൃതിയായി നടക്കാനും തുടങ്ങി.  സ്വാഭാവികമായി അവിദഗ്ദ്ധ തൊഴിലാളികളെ കൂടുതല്‍ ആവശ്യവുമായി വരികയും  മെച്ചപ്പെട്ട ജീവിതരീതി പ്രതീക്ഷിച്ച് കൊണ്ട്  മറ്റു സംസ്ഥാനത്തുള്ള തൊഴിലാളികള്‍ കൂട്ടമായി ഇങ്ങോട്ടേക്ക് വരികയും ചെയ്യാന്‍ തുടങ്ങി. അന്തര്‍സംസ്ഥാനതൊഴിലാളികള്‍ എന്ന വര്‍ഗനിര്‍വചനം അങ്ങനെയാണ് ഉരുവപ്പെട്ടു തുടങ്ങുന്നത്.

മധ്യവര്‍ഗത്തിന്റെ താഴത്തെ ശ്രേണിയിലുള്ളവര്‍ സ്ഥലത്തിന്റെ  ഊഹക്കച്ചവടം, ആംവേ പോലെയുള്ള ഡയറക്റ്റ് മാര്‍ക്കറ്റിങ്, മുതല്‍ ഓണ്‍ലൈന്‍ ലോട്ടറി വരെയുള്ള ഉപജീവനമാര്‍ഗ്ഗം സ്വീകരിച്ചപ്പോള്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് ആളെ കിട്ടാതായി.  നിര്‍മാണരംഗത്തെ കുതിച്ചുകയറ്റം  'അടച്ചിട്ട വീടുകളുടെ' ഒരു ശൃംഖല തന്നെ കേരളത്തില്‍ സൃഷ്ടിച്ചു. ആള്‍ത്താമസമില്ലാത്ത ബഹുനിലക്കെട്ടിടങ്ങളിലേക്ക് കാവല്‍ക്കാരെയും നിയോഗിക്കേണ്ടി വന്നു. നവസാമ്പത്തികക്രമത്തോടനുബന്ധിച്ച്  ഉത്പാദനത്തിലും തൊഴില്‍ വിതരണത്തിലും ഉണ്ടായ സമ്പ്രദായങ്ങളുടെ ഭാഗമായി ശാരീരികാധ്വാനം മുടക്കുമുതലായ ജോലിയ്ക്ക് തദ്ദേശീയരെ കിട്ടാതായി തുടങ്ങി. ഫ്യൂഡലിസവും ക്യാപിറ്റലിസവും കഴിഞ്ഞ് കോര്‍പറേറ്റ് തലത്തിലെ മുന്നേറ്റത്തില്‍ സാങ്കേതികബിരുദവുമായി അഭ്യസ്തവിദ്യര്‍ കടല്‍ കടക്കുകയും നാട്ടില്‍ തന്നെയുള്ളവര്‍ വെള്ളക്കോളര്‍ ജോലിയ്ക്ക് മാത്രമായി ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഉത്തര -പൂര്‍വ സംസ്ഥാനങ്ങളില്‍ നിന്നുള്ള  തീവണ്ടികള്‍ കേരളത്തിലൂടെ നിറഞ്ഞോടി. പ്രാന്തവല്‍കൃതജനതയുടെ സ്വപ്നനിരാസങ്ങള്‍ അഭിസംബോധന ചെയ്തു കൊണ്ട് പുതിയ ഇടങ്ങള്‍ പ്രത്യക്ഷമായതും ഇതിന്റെ അനുബന്ധമായി കാണാവുന്നതാണ്. ഈ ചുറ്റുപാടില്‍ സമൂഹത്തില്‍ വന്ന ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാഹിത്യകൃതികളും ഭാഷയിലുണ്ടായി.

ഒരു പരിധി വരെ സമകാലലോകത്തിന്റെ ഉള്‍പ്പിരിവുകള്‍ ഖനനം ചെയ്തു നോക്കിയാല്‍ വ്യക്തിത്വങ്ങള്‍ നഷ്ടമാവുന്ന കാഴ്ച്ചകള്‍ ദൃശ്യമാകാറുണ്ട്. സ്വത്വവിചാരം  കാല്‍ക്കീഴില്‍ നിന്നും ഒലിച്ചു പോകുന്നതിന്റെ കദനഭാരം സാര്‍വലൗകികമായ രംഗമാണ്. അതോടൊപ്പം അന്യഥാബോധം പതഞ്ഞു പൊങ്ങുകയും മനുഷ്യര്‍ ഇതിനു കീഴ്‌പ്പെടുകയും ചെയ്യുന്ന സ്ഥിതി വിഷാദാത്മകമെന്നേ പറയാനാവൂ. സ്വാഭാവികമായി ഭാഷയെ മൂകവും  ധാരണകളെ സംവേദനരഹിതവുമാക്കുന്ന ചുറ്റുപാടുകള്‍ ഉരുണ്ടുകൂടുകയും ചെയ്യുന്നു.  ഭാഷയും  ശീലങ്ങളും വ്യത്യസ്തമായ തൊഴിലാളിവിഭാഗം പൊതുസമൂഹത്തിന്റെ ധാരയില്‍ നിന്നും വിഭിന്നമായി കമ്മ്യുണുകള്‍ സൃഷ്ടിച്ച് കൊണ്ട് 'പൊരുത്തമില്ലാത്തവരാവുന്ന' വ്യവസ്ഥിതിക്കു  ജന്മം നല്‍കിയിട്ടുണ്ട്.  ഈ അന്തര്‍സംസ്ഥാനതൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടത്തിന്റെ ചില ഉദാഹരണങ്ങളാണ്  ഇ പി ശ്രീകുമാറിന്റെ 'മാനവവിഭവം', വി എം ദേവദാസിന്റെ 'ബാബേല്‍' എന്നീ കഥകളും യമയുടെ 'പിപീലിക' എന്ന നോവലും.

'മാനവവിഭവം' എന്ന കഥയിലെ മുഖ്യകഥാപാത്രമായ  തപന്‍ ജീവിതദാരിദ്ര്യം മാറ്റാന്‍ ഷാലിമാര്‍ എക്‌സ്പ്രസ്സില്‍ കയറി പശ്ചിമബംഗാളില്‍ നിന്നു കേരളത്തിലെത്തിയവനായിരുന്നു. കഷ്ടപ്പാടിന്റെ നാളുകളില്‍ നിന്നും  കൊട്ടാരസദൃശമായ ബംഗ്‌ളാവിന്റെ കാവല്‍ക്കാരനായിക്കൊണ്ട് സ്വപ്നസന്നിഭമായ ഒരു ലോകത്തില്‍ എത്തിയ തപന്റെ വിഭ്രമങ്ങളാണ് ഈ കഥയുടെ ദൃഷ്ടികേന്ദ്രം.. വിദേശത്ത് ജോലി ചെയ്യുന്ന ധനാഢ്യന്‍ പണി കഴിപ്പിച്ചതായിരുന്നു ഈ സ്വപ്നസൗധം വീടുപണി പൂര്‍ത്തിയാക്കിയതിനു  ശേഷം താമസിക്കാതെ  അടച്ചിടുക എന്ന പതിവ് രീതി തന്നെയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. ചൈനീസ് നിര്‍മ്മാണരീതിയില്‍ തീര്‍ത്ത, ആറ് ആഡംബര കിടപ്പുമുറികളും , മിനി തീയേറ്ററും അടങ്ങിയ ബംഗ്‌ളാവിന്റെ ഗൃഹനാഥന്‍ അദൃശ്യനാണ്. ലോകത്തിന്റെ മറ്റൊരു കോണില്‍ ജീവിക്കുന്ന അയാളെ തപന്‍ കണ്ടിട്ടു തന്നെയില്ല. തൊട്ടറിയാന്‍ കഴിയാത്ത അനേകം നിയന്ത്രണരേഖകള്‍ സ്ഥാപിച്ചിട്ടുള്ള  ബംഗ്‌ളാവില്‍ രഹസ്യ ക്യാമറകള്‍ വഴി തപന്റെ ചെയ്തികള്‍ ഓരോന്നും ഒപ്പിയെടുത്തിരുന്നു. സുഖലോലുപതയുടെ ധാരാളിത്തത്തിലും സദാ നിരീക്ഷണവലയത്തില്‍ കഴിയുന്ന തപന്റെ ആത്മസംഘര്‍ഷങ്ങളാണ് 'മാനവവിഭവത്തിന്റെ' അടിസ്ഥാനം. സുഖശീതളിമയില്‍ അലസമായ ജീവിതം നയിക്കുക എന്നതില്‍ക്കവിഞ്ഞ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത തപനില്‍  നിന്ന് വ്യത്യസ്തമാണ് ഗൃഹനാഥന്‍ എന്ന മുതലാളി. ഉടമ മനോഭാവത്തോടെ അവന്റെ ശരീരത്തിലും (ബുദ്ധിയിലും) മേധാവിത്വം സ്ഥാപിക്കുന്ന, അടിമത്തത്തിന്റെ അതാര്യമായ ചങ്ങലകള്‍ കൊരുത്തിടുന്ന ഗൃഹനാഥന്‍ വേറേതോ ലോകത്ത്, മറ്റൊരു തൊഴില്‍ വ്യവസ്ഥയില്‍ ജീവിതസന്ധാനം ചെയ്യുന്ന 'അടിമ'യാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബംഗ്‌ളാവിന്റെ നോട്ടക്കാരന്‍ എന്ന നിലയ്ക്ക് അതിന്റെ ഉടയോന്‍ ആയി സ്വയം അവരോധിക്കുന്ന തപനും, ബംഗ്‌ളാവിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായിരിക്കെ വേറിട്ടയിടത്ത് വേറൊരു സ്വത്വത്തിന്റെ ഉടല്‍രൂപമായ ഗൃഹനാഥനും ഉടമ-അടിമ ദ്വന്ദ്വത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ഭൂതകാല ജീവിതത്തിന്റെ പുഴുക്കുത്തുക്കള്‍ നിറഞ്ഞ വഴിയിലൂടെ വീണ്ടും യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത തപന്‍ തന്നിഷ്ടപ്രകാരം അടിമജീവിതത്തിന്റെ ഇരയായിക്കൊണ്ട് ഉടമവ്യവസ്ഥിതിയുടെ തൃഷ്ണകളിലൂടെ വിഹരിക്കാന്‍ ആഗ്രഹിക്കുകയാണ്.

ഉടമയായും അടിമയായും വേഷപ്പകര്‍ച്ച നടത്തുന്ന ഗൃഹനാഥന്റെ മാനസികസങ്കീര്‍ണതകള്‍ക്ക് അനുസരിച്ച് ജീവിത സമൃദ്ധമെങ്കിലും നിശ്ചലമായിപ്പോയ അടിമയാണ് തപന്‍. ബംഗ്‌ളാവില്‍ നിന്ന് പുറത്ത് പോകാനോ സ്വദേശത്തു പോകാനോ. തയ്യാറാവുന്നില്ല.'സ്വാതന്ത്ര്യം എന്ന സംജ്ഞ തൃഷ്ണയായി അവന്റെ മനസ്സില്‍ അസ്വസ്ഥമായി ഓടിനടന്നു.' വിവാഹം  പോലും ഈ 'സുഖജീവിതത്തിനായി' തിരസ്‌കരിക്കുന്ന തപന്റെ ജൈവസത്തയെ തന്നെ നിഷേധിക്കുന്ന തലത്തിലേക്കു ഈ തൊഴില്‍ പരാവര്‍ത്തനം ചെയ്യിക്കുന്നു.  സൗഹൃദങ്ങളും പ്രണയവുമെല്ലാം വേണമെന്ന് തോന്നുന്നുണ്ടെങ്കിലും അതെല്ലാം ഈ 'സൗകര്യങ്ങള്‍' ഇല്ലാതാക്കുമെന്ന ഭയം അയാളെ അതില്‍ നിന്നും പിന്‍വലിപ്പിക്കുന്നു.  കായികമായ തൊഴിലെടുക്കാനുള്ള ശേഷിയില്ലായ്മയും താല്പര്യക്കുറവും അയാളെ ബാധിക്കുന്നു.   രാജകീയമായ സൗകര്യങ്ങളോട് കൂടിയ വീടുകള്‍ കെട്ടിയുയര്‍ത്തുന്ന പുത്തന്‍പണക്കാരുടെ അടിമയായിക്കൊണ്ട് തങ്ങളുടെ ശരീരത്തിന്റെ കൊഴുപ്പ് കൂട്ടുന്ന തപന്‍മാരുടെ എണ്ണം കൂടുന്നത് അന്തര്‍സംസ്ഥാനതൊഴിലാളി എന്ന സ്വത്വഭാവത്തില്‍ നിന്നും 'പ്രച്ഛന്ന മുതലാളിത്ത'ത്തിലേക്കുള്ള നാള്‍വഴികളെയാണ് അടയാളപ്പെടുത്തുന്നത്. ഫോര്‍ബിസന്‍ ബംഗ്‌ളാവിന്റെ ഉടയോന്‍ അല്ലാഞ്ഞിട്ടും അയാള്‍ക്ക് ആ സുഖലോലുപജീവിതം ഉപേക്ഷിക്കാന്‍ സാധിക്കാത്തത് 'ഉടമസ്ഥന്‍' എന്ന വ്യക്തിത്വം ചോദ്യങ്ങളില്ലാതെ അയാളില്‍ രൂഢമൂലമാവുന്നത് കൊണ്ടാണ്. വിദേശത്തുള്ള ഗൃഹനാഥനാകട്ടെ സ്വന്തം അധ്വാനത്തിന്റെ വിയര്‍പ്പ് ഫലം തപന്റെ ഇപ്പോഴത്തെ ജീവിതം ഒളിഞ്ഞു നോക്കിക്കൊണ്ട് സായൂജ്യമടയുകയാണ്

3

വര്‍ഗം എന്ന സങ്കല്‍പ്പത്തിന് ഉണ്ടായിരുന്ന കരുത്ത് നഷ്ടമായിരിക്കുന്നുവെന്ന് സാമൂഹികശാസ്ത്രജ്ഞനായ സതീശ് ദേശ്പാണ്ഡെയുടെ  നിരീക്ഷണം (Satheesh Deshpande-Contemporary India-2003) ഈ ഒരു തലത്തില്‍ പ്രസക്തമാണ്. അവിദഗ്ധ തൊഴിലാളി സംഘടിതമായി ദുര്‍ബലമാവുന്നതോടെ അവന്റെ ജൈവികമായ ഇടം ഇല്ലാതാവുകയും ആ ജോലി കുറഞ്ഞ വേതനത്തിന് ചെയ്യാന്‍ മറ്റൊരാള്‍ക്ക് അവസരം ഉണ്ടാവുകയും ചെയ്യുന്നു. ഉദാരമായ സമ്പദ്വ്യവസ്ഥയും  ഉറപ്പില്ലാത്ത  നിയന്ത്രണങ്ങളും മറ്റു പല മേഖലകളുടെയും തുറവിക്ക് കാരണമായി. നമുക്ക് പരിചയമില്ലാത്ത ഔഷധസസ്യ കൃഷി ചെയ്യാനായി പ്രണയം വരെ ഉപേക്ഷിച്ചു പോകുന്ന മുന്‍ വിപ്ലവകാരിയെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച എം സുകുമാരന്റെ 'ജനിതകം' എന്ന നോവലില്‍ കാണാം. ദരിദ്രരും പരമ്പരാഗത തൊഴില്‍ ചെയ്തിരുന്നവരും നവസമ്പദ്ഘടനയുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് സഞ്ചാരപഥങ്ങളെ വ്യതിചലിപ്പിച്ചതോടെ സംസ്ഥാനാതിര്‍ത്തികള്‍ വിട്ടുള്ള പുതിയ തരം സമവാക്യങ്ങള്‍ തൊഴില്‍ മേഖലയില്‍ ചുവടുറപ്പിച്ചു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തൊഴില്‍ തേടിയുള്ള ഈ കുടിയേറ്റത്തില്‍ ബംഗാളികളും ബീഹാറികളും   അടങ്ങുന്ന അന്യദേശക്കാര്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാതെയാണ് 'വിശപ്പ്' ശമിപ്പിക്കാന്‍ കേരളത്തില്‍ എത്തുന്നത് എന്ന വസ്തുത വി എം ദേവദാസിന്റെ 'ബാബേല്‍' എന്ന കഥയില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഒരപകടമോ അത്യാഹിതമോ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനമൊന്നും വേണ്ട വിധത്തില്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളൊന്നുമില്ല എന്നതും ചിന്തിക്കേണ്ട വിഷയമാണ്.

കുഗ്രാമങ്ങളില്‍ വല വീശി തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന തൊഴില്‍ മാഫിയകള്‍, അസുഖം വന്നാല്‍ പോലും അത് പറഞ്ഞു ഫലിപ്പിക്കാനുള്ള ഭാഷയറിയാത്തവരുടെ ദേശാന്തരം. തൊഴില്‍തര്‍ക്കങ്ങളും വേതനകുടിശ്ശികയും തീര്‍ക്കാന്‍ സമരങ്ങളോ ചെറുത്തുനില്‍പ്പുകളോ ഇല്ലാത്ത തൊഴിലിടങ്ങള്‍ , ചിട്ടയുള്ള ജോലി സമയമോ , താമസസൗകര്യമോ ഇല്ലാത്ത ചുറ്റുപാടുകള്‍ എന്നിവ അന്തര്‍സംസ്ഥാനതൊഴിലാളികള്‍ അംഗീകൃത തൊഴില്‍ നയങ്ങളില്‍ നിന്നും എത്രയോ കാതം അകലെയാണെന്നു തെളിയിക്കുന്നു. രാഷ്ട്രീയ-സാമ്പത്തിക വിദഗ്ദ്ധനായ ജോണ്‍ സ്മിത്തിനെപ്പോലുള്ളവര്‍  (John Smith- Imperialism in the Twenty First Century-2016) പുതിയ നൂറ്റാണ്ടിലും എങ്ങനെയാണ് ചൂഷണം കൂടുതല്‍ രൂക്ഷമായി നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നതിന്റെ, അനുഭവവേദ്യമായ ഉദാഹരണമാണ് കേരളത്തില്‍ ഈ തൊഴിലാളികള്‍ നേരിടുന്ന ചൂഷണം. മൊബൈല്‍ ഫോണിന്റെയോ ടെലിവിഷന്റെയോ കണക്കുകള്‍ കാണിച്ച് ചൂഷണം ഇല്ലെന്ന് വാദിക്കാന്‍ ശ്രമിക്കുന്ന പാരമ്പര്യവാദമല്ല, മറിച്ച് ചൂഷണം പെരുകുന്നതിന്റെയും വ്യാപിക്കുന്നിതിന്റെ ദൃശ്യദൃഷ്ടാന്തങ്ങളാണ് പ്രവാസ തൊഴിലും പ്രവാസ തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍പരവും ജനാധിപത്യപരവും വംശീയവുമായ വിവേചനങ്ങളും വരച്ചുകാട്ടുന്നത്.

'ബാബേല്‍' ഊട്ടിയുറപ്പിക്കുന്ന തര്‍ക്കപരമായ വാദങ്ങള്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍സ്ഥലങ്ങള്‍ പീഡനപ്രദേശങ്ങള്‍ ആവുകയാണെന്ന ഉത്ക്കണ്ഠ ജനിപ്പിക്കുന്നതാണ്. പ്രത്യേക സാമ്പത്തിക മേഖലയിലെ ( Special Economic Zone) തൊഴില്‍ പ്രശ്‌നങ്ങള്‍ പുറംലോകം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നവ സാമൂഹിക മാധ്യമങ്ങളിലൂടെയും പുറംലോകത്തെത്തുംപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളുടെ പീഡനപര്‍വം ആരും അറിയുന്നില്ല. തൊണ്ണൂറുകള്‍ക്ക് ശേഷം പ്രബലമായ മധ്യവര്‍ഗ സ്വത്വബോധം ചില ജോലികളെടുക്കാന്‍ ധനികരോ പാവപ്പെട്ടവരോ അല്ലാത്ത പ്രസ്തുത വിഭാഗത്തെ  വിലക്കി. ഇത്തരമൊരവസ്ഥയാണ് ബഹുസ്വരതയുടെ ചിഹ്നങ്ങള്‍ ഭാഷയിലും സംസ്‌കാരത്തിലും ജീവിതരീതികളും പ്രദര്‍ശിപ്പിച്ചു കൊണ്ട് നമ്മുടെ ജീവിതവട്ടങ്ങളുടെ  ഭൂപടത്തിലും  അതിരുകളിലും അന്തര്‍സംസ്ഥാനതൊഴിലാളികള്‍ നിലയുറപ്പിച്ചു തുടങ്ങാനിടയാക്കിയത്.

 ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാരരീതിയും ഉണ്ടായിരുന്ന കാലത്ത് ആകാശം   മുട്ടുന്ന  ഗോപുരം തീര്‍ത്ത മനുഷ്യരെ ദൈവം ചിന്നി ചിതറിപ്പിച്ച കഥ ബൈബിളിലുണ്ട്.  ദൈവം അവരുടെ ഭാഷ ഭിന്നിപ്പിക്കുകയൂം അവരെ നാടാകെ ചിന്നി ചിതറിപ്പിക്കുകകയും ചെയ്തു. ആദികാലത്ത് സംഭവിച്ച ഈ ചിതറല്‍ തന്നെയായിരുന്നു പ്രവാസചരിത്രത്തിലെ ആദ്യ താളുകള്‍. പിന്നീട് ബാബേല്‍ എന്ന പേരിലറിയപ്പെട്ട ആ സ്ഥലത്തെ ഓര്‍മിപ്പിക്കുന്ന പേരുള്ള വി എം ദേവദാസിന്റെ കഥയില്‍ ഭാഷ അറിയാത്തതിലുള്ള വിഷമാവസ്ഥകളെ തൊഴിലാളികള്‍ മറി കടക്കുന്നുണ്ട്. ഇതിനു ദൃഷ്ടാന്തമായി  കഥയിലെ ഈ ഭാഗം എടുത്തുപറയണം.

''നാഗര്‍കോവിലുകാരന്‍ ശെന്തില്‍  താഴെ നിന്ന് തല മുകളിലേക്കുയര്‍ത്തി കൈയ്യും കലാശവും കാണിച്ച് പല നിലകളിലായി തട്ടടിച്ചതിന്മേല്‍ കാലുറപ്പിച്ചു പണിയെടുക്കുന്നവരോട് തമിഴും മലയാളവും ഹിന്ദിയും കലര്‍ത്തി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. കെട്ടിടത്തിന്റെ പല നിലകളിലേയ്ക്ക് ആ സങ്കരഭാഷ നിര്‍ദ്ദേശങ്ങളായി എത്തി. മലയാളിയും, തമിഴനും, ബീഹാറിയും, ബംഗാളിയും, ഒറീസ്സക്കാരനുമെല്ലാം അവനവന്‍ ഭാഷകളില്‍ അതു മനസിലാക്കി പണി തുടരുകയാണ്''-

അന്തര്‍സംസ്ഥാന  തൊഴിലാളികളെ ഈ അവസ്ഥ രൂക്ഷമായി ബാധിക്കുന്നുവെന്ന് രണ്ടു കഥകളും വ്യക്തമാക്കുന്നു.  കരിങ്കല്ല്മടയിലെ പാറമുകളില്‍ നിന്ന് താഴെ വീണു മരിച്ച ബബ്ലുവിന്റെ മൃതദേഹം എവിടെ അപ്രത്യക്ഷമായി എന്ന് കൂടെ ജോലി ചെയ്തവര്‍ക്ക് അജ്ഞാതമായിരുന്നു. തൊഴിലിടത്ത് വെച്ച് മരിക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം വരെ വിറ്റഴിക്കുന്ന സമ്പ്രദായത്തെ പറ്റി 'മാനവവിഭവത്തിലും  ' പറയുന്നുണ്ട്. കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിനെ നെഞ്ചു വേദന വന്ന് ആശുപത്രിയില്‍ കൊണ്ട് പോയവരുടെ പരിഭ്രമം ബാബേലില്‍ വായിക്കാം. 'എഴുത്തും വായനയും പോയിട്ട്  അസുഖം വന്നാല്‍ കൂടിയും അതു പറഞ്ഞു ഫലിപ്പിക്കാനുള്ള സംസാര ഭാഷയറിയാത്തവരുടെ ദേശാന്തരത്തെ' കുറിച്ച് പരാമര്‍ശിച്ച് കൊണ്ട് ഭാഷ ഭിന്നിക്കുന്നതിന്റെ ക്ലേശങ്ങള്‍ കഠിനമാണെന്നു 'ബാബേല്‍' സ്ഥാപിക്കുന്നു. പേര് മാത്രം അറിഞ്ഞു കൊണ്ട് ജോലിക്ക് ചേര്‍ത്തവര്‍ക്കു എന്തെങ്കിലും അപകടം പിണഞ്ഞു മരണപ്പെട്ടാല്‍ തൊഴില്‍സ്ഥലത്ത് തന്നെ ശവമടക്കുന്ന മറ്റൊരു സംഭവവും പ്രസ്തുത കഥയിലുണ്ട്. അത്യന്തം ദാരുണമായ ഈ സ്ഥിതിയുടെ ഏറ്റക്കുറച്ചില്‍ നിറഞ്ഞ ഉദാഹരണങ്ങള്‍ നമ്മുടെ നാട്ടില്‍ ഇന്ന് കാണാവുന്നതാണ്.

പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മിക്കതും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കെതിരെയുള്ളതാണ് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. പരിസ്ഥിതിയെ തകര്‍ത്തു കൊണ്ടുള്ള പണികള്‍ക്കായി വരുന്ന അന്തര്‍സംസ്ഥാനതൊഴിലാളികള്‍ ഒരു നല്ല ജീവിതം കെട്ടിയുയര്‍ത്തണം എന്ന സ്വപ്നവുമായിട്ടാണ് ഇവിടെ വരുന്നത്. എന്നാല്‍ തൊഴിലിടങ്ങളിലെ കുഴികളില്‍ ജീവിതം അവസാനിക്കുന്നതോടെ അവരുടെ സ്വപ്നവും ഇല്ലാതാവുകയാണ്. ഭരണകൂടത്തിന്റെ സാമൂഹിക ഉത്തരവാദിത്തം തങ്ങള്‍ തന്നെ നിര്‍വഹിക്കേണ്ടി വരുന്ന അവസ്ഥാവിശേഷമാണ് ഈ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. താമസത്തിനും ആരോഗ്യത്തിനും സര്‍ക്കാര്‍ വക പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും അവ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് ആലോചിക്കേണ്ട മറ്റൊരു വിഷയമാണ്. കുടിയേറ്റക്കാരന്റെ അയല്‍ബന്ധ വിനിമയങ്ങള്‍   സുതാര്യവും കാര്യക്ഷമവും കുറ്റവിമുക്തവുമാകണമെങ്കില്‍  അവന്റെ ആവാസവ്യവസ്ഥ വിലക്ഷണമാനമുള്ളതാവരുത്.

4

ഭാഷയിലും സംസ്‌കാരത്തിലും വ്യതിയാനമുള്ള   മുതലാളി-തൊഴിലാളി വിനിമയത്തിന്റെ  രാഷ്ട്രീയമാണ്  'മാനവവിഭവ'വും 'ബാബേലും' പങ്കു വെക്കുന്നത്. വൈലോപ്പിള്ളി 'ആസാം പണിക്കാരി'ല്‍ സങ്കല്‍പ്പിച്ചതിനു കടകവിരുദ്ധമായി  ആസാമില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള തൊഴിലാളിക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് കേരളം. അധ്വാനത്തിനു താല്പര്യമില്ലാത്ത വിധം   മലയാളികള്‍ മാറിയോ എന്ന ആശങ്ക സൃഷ്ടിക്കുന്ന   വിധത്തില്‍ സമസ്ത മേഖലയിലുമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സാങ്കേതിക വൈദഗ്ധ്യം   ആവശ്യമില്ലാത്ത പണികളും അന്തര്‍സംസ്ഥാനതൊഴിലാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.  ഭാഷയും രാഷ്ട്രീയവും വേര്‍തിരിച്ചു കൊണ്ടുള്ള കൂട്ടായ്മകളാണ് ഇവരുടെ സമൂഹത്തില്‍ ചാലകശക്തിയാവുന്നത്. തന്മാബോധം ഉപരിതലസ്പര്‍ശിയായ വികാരം മാത്രമാകുന്ന ജീവിതസാഹചര്യത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാതെ അസംഘടിതരായി ജോലിയെടുക്കേണ്ടി വരുന്നവര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വരെ ധാരണയില്ലെന്നു വരുന്നു. സുരക്ഷിതത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത തൊഴിലിടങ്ങളില്‍ മൃതദേഹങ്ങള്‍ക്കാണ് ജീവനുള്ള ശരീരങ്ങളേക്കാള്‍ വിപണനമൂല്യം എന്ന നഗ്‌നസത്യവും 'മാനവവിഭവ'ത്തില്‍ സൂചിപ്പിക്കുന്നു. 'പണി നടക്കുന്നതിനിടെ അപകടം പറ്റി ചത്തു ജീവിക്കുന്നവര്‍, മേല്‍നോട്ടക്കാരുടെ ക്രൂരത സഹിക്കാന്‍ വയ്യാതെ തിരിച്ചു നാട്ടിലേക്കു പോകാനും നിവൃത്തിയില്ലാത്തതുകൊണ്ട് കെട്ടിത്തൂങ്ങി ചാകുന്നവര്‍, അറപ്പും സംശയവും കാരണം നാട്ടുകാരു ചേര്‍ന്ന് തല്ലിക്കൊല്ലുന്നവര്‍, ഉള്ളതും ഇല്ലാത്തതുമായ രോഗങ്ങള്‍കൊണ്ട് ഒരാശ്രയവുമില്ലാതെ അലയുന്നവര്‍' - ബാബേലില്‍ പറയുന്ന  പട്ടിക വലുതാണ്. ഉടല്‍വിഭവശേഷി തീര്‍ന്നു ചപ്പുചണ്ടിയാവുന്നതോടെ കാലം വിടേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് പകരം തീവണ്ടിയില്‍ നിന്നും പുതിയ യാത്രക്കാര്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന അനുസ്യൂതപദ്ധതിയാണ് ഈ സാമൂഹിക പരിസരത്ത് നിലവിലുള്ളത്

ബാബേല്‍ ഗോപുരത്തില്‍, സ്രഷ്ടാവ് ഭാഷ ചിതറി തെറിപ്പിച്ചത് മാനവരാശിയെ ഭിന്നിപ്പിക്കാനായിരുന്നു. എന്നാല്‍ മറ്റുസംസ്ഥാങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വിവിധ ഭാഷകള്‍ ഒരു കവചമായി വര്‍ത്തിക്കുന്നതായി കാണാം. ചിലപ്പോള്‍ രക്ഷാകവചമായും അല്ലാത്ത പക്ഷം രക്ഷയ്ക്കുള്ള അവസരം  നിഷേധിച്ച് കൊണ്ടും കവചം നില കൊണ്ടു. മതസംഘടനകള്‍ക്കും  രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ആ കവചം കടിഞ്ഞാണിടുകയും ചെയ്തു. എന്നാല്‍ പ്രണയത്തിനു മാത്രം ഭാഷ വേണ്ടെന്നു തെളിയിച്ച 'മാനവവിഭവ'ത്തിലെ ഫിറോസും ഇതിനിടയിലുണ്ട്.

5

തിരക്കുകളുടെ ലോകത്തില്‍ അടുത്ത മുറിയില്‍ താമസിക്കുന്നയാള്‍ പോലും  അപരിചിതനാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ ചുറ്റുപാടിലാണ് അന്തര്‍സംസ്ഥാനതൊഴിലാളികളുടെ സാമൂഹികസ്ഥിതിയെ വിശകലനം ചെയ്യേണ്ടത്. അത്ര നല്ലതല്ലാത്ത ഭൗതികാവസ്ഥയില്‍ നിന്നും മോചനം തേടാന്‍ 'കൂലി' കൂടുതല്‍ ലഭിക്കുന്ന കേരളത്തില്‍ എത്തിച്ചേര്‍ന്ന ബംഗാളിയായ മഹാദേവിന്റെയും മറ്റും ജീവിതത്തിലേക്കാണ് യമ എഴുതിയ 'പിപീലിക' എന്ന നോവല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. 'ഇന്ന് ഇവിടെ വരുന്നതും നാളെ പോകുന്നതുമായ' അന്തര്‍സംസ്ഥാനതൊഴിലാളികളുടെ ഏറിയ പങ്കിനും 'ഇന്ന് വരികയും നാളെ സ്ഥിരമായി താമസം ആരംഭിക്കുകയും' ചെയ്യുന്ന അപരിചിത (പ്രവാസ) വിഭാഗത്തിനും തമ്മില്‍ അന്തരമുണ്ട്. അതു കൊണ്ട് തന്നെ തദ്ദേശീയരുമായി ഇടപെടുന്ന എല്ലാ വ്യവഹാരങ്ങളിലും ഈ തൊഴിലാളികളെ സംശയത്തോടെയാണ് കാണുന്നത്. 'കടയില്‍ എത്ര തന്നെ തിരക്കുണ്ടെങ്കിലും അവരെ സാധനം കൊടുത്തു പറഞ്ഞയയ്ക്കാന്‍ കടക്കാരന്‍ എപ്പോഴും തിടുക്കം കാണിച്ചിരുന്നു . ഒരു തരം ഭയം, അത് കടക്കാരന്റെ നോട്ടത്തില്‍ നിന്നു വ്യക്തമാണ്' എന്ന് പിപീലികയില്‍ വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കണം.

സാമ്പത്തികമായ അസമത്വവും പരാധീനതകളും ആഭ്യന്തരവും വൈദേശികവുമായ കുടിയേറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. എന്നാല്‍ വിശേഷാവകാശമുള്ളവരുടെ (തദ്ദേശീയരുടെ) കൂട്ടം ഇങ്ങനെ കുടിയേറി വരുന്നവരോട് സൗഹൃദ മനോഭാവത്തോടെയല്ലാ മിക്കവാറും  പെരുമാറുന്നത്. പൊതുസമൂഹത്തിന്റെ ഈ സ്വഭാവം അമ്പരപ്പിക്കുന്നതല്ലെന്നു അതിന്റെ സൈദ്ധാന്തികതലത്തെ പഠിച്ചവര്‍ മനസിലാക്കിയിരുന്നു (Zygmunt Bauman, Strangers at our Door-2016). രാഷ്ട്രീയവും സ്വാര്‍ത്ഥവുമായ ലാഭങ്ങള്‍ക്ക് വേണ്ടി സദാചാരബോധത്തെ തന്നെ മന:പൂര്‍വം തകിടം മറിച്ചു കൊണ്ടുള്ള പൊതുസമൂഹത്തെയാണ് സിഗ്മണ്ട് ബൊമാന്‍ അപലപിക്കുന്നത്.  അതിജീവനത്തിനായി യത്‌നിക്കുന്നവരോട്, അപരിചിതത്വത്തിന്റെ കാരണം സൂചിപ്പിച്ചു കൊണ്ട് അസഹിഷ്ണുത കാണിക്കുന്നത് രാഷ്ട്രീയകൃത്യതയായി കാണാനാവില്ല. പുറംദേശങ്ങളില്‍ നിന്നും എത്തുന്നവരെ അകറ്റി നിര്‍ത്തുന്നത് അവരുടെ സാമൂഹികസ്ഥാനത്തെ കൂടി അടിസ്ഥാനമാക്കിയാണ് എന്നത് നിര്‍ഭാഗ്യകരവും ഹീനവും ആണ്. 'മണ്ണിന്റെ ആവരണം അണിഞ്ഞു കൊണ്ട് ജനിച്ചു വീഴുന്ന മനുഷ്യരുടെ' ബാഹ്യരൂപത്തെ മിക്കപ്പോഴും അറപ്പോടെയാണ് കാണുന്നത്. മഹാദേവ് ഇങ്ങനെയുള്ള ഒരാളായിരുന്നു. 'മരണത്തെക്കാളും കടക്കാരന്‍ ഭയപ്പെടുന്നത് അഴുക്ക് പുരളുമെന്ന സാധ്യതയെയാണ്'. സ്ഥലരാശിക്കനുസരിച്ച് രൂപഭാവങ്ങള്‍ മാറാന്‍ കഴിയുമായിരുന്നെങ്കില്‍ മഹാദേവിന് ഈ സ്ഥിതിയില്‍ നിന്ന് കര കയറാമായിരുന്നു. നമുക്ക് അന്യമായ രൂപഭാവങ്ങളുള്ള മനുഷ്യര്‍ക്ക് അയിത്തം കല്പിക്കുന്നത് ഭൂതകാലത്തിന്റെ അനാചാരങ്ങളിലേക്ക് പോകുന്നത് പോലെയാണ്. ദുരിതങ്ങള്‍ കുറയ്ക്കുവാന്‍ വേറൊരു ദേശത്തേക്ക് കുടിയേറിയ ആളുകളെ 'അപരിചിതര്‍'/'അപരര്‍ ' എന്നൊക്കെ പറഞ്ഞുകൊണ്ട് അവഗണിക്കുന്നത് നീതികേടാണ്.

കുടിയേറുന്ന നാട്ടിലെ / രാജ്യത്തെ ഭൂരിപക്ഷമായ തദ്ദേശീയര്‍ക്ക്  മുന്നില്‍ അന്തര്‍സംസ്ഥാനതൊഴിലാളികള്‍ 'ന്യൂനം'  (Minor) എന്ന ആശയത്തിന്റെ പ്രചാരകര്‍ ആയി മാറിയേക്കാം. തന്മൂലം പല വിധത്തിലുള്ള വിവേചനം ഇപ്പറഞ്ഞ 'അന്തര്‍സംസ്ഥാന' തൊഴിലാളികളും നേരിടേണ്ടി വന്നേക്കാം. നാല്‍പത് ലക്ഷത്തോളം (2017ലെ ഏകദേശകണക്ക് -Wikipedia-Migrant Labourers in Kerala) അന്തര്‍സംസ്ഥാനതൊഴിലാളികള്‍ കേരളത്തിലുണ്ട് എന്ന് കണക്കുകള്‍ പറയുന്നുണ്ട്.  എന്നാല്‍ അവരുടെ സാമൂഹിക-മാനസിക തലത്തിലുള്ള ആവാസവ്യവസ്ഥയെ കുറിച്ച് നാം ഗൗരവമായി ചിന്തിക്കുന്നുണ്ടോ എന്ന് സംശയമാണ്. മഹാദേവിന്റെയും ഭോലയുടെയും അവരുടെ അയല്‍വാസിയായ പെണ്‍കുട്ടിയുടെയും എല്ലാം കഥകള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു  കാഴ്ചപ്പാടിന്റെ അനിവാര്യതയെ പറ്റിയാണ്.

ഓരോരുത്തരെയും നിരീക്ഷിക്കുന്ന വിധത്തില്‍ ഭരണകൂടം ശ്രദ്ധ പതിപ്പിക്കുന്ന കാലമാണിത്. നിരീക്ഷണവിധേയരായവര്‍ തന്നെ മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലെ യുക്തി ബോധ്യമാവാത്തതാണ്. അങ്ങനെയൊരു സാഹചര്യമാണ് അന്തര്‍സംസ്ഥാനതൊഴിലാളികളെ ബോധപൂര്‍വം നിരീക്ഷിക്കുന്നതിലൂടെ സംഭവിക്കുന്നത്. ജീവിതനിലവാരം  മെച്ചപ്പെടുത്താന്‍  വേണ്ടി നാട് വിടേണ്ടി വന്നവര്‍  അനുഭവിക്കുന്ന വ്യഥയുടെ പകര്‍പ്പുകള്‍ 'പിപീലിക'യിലെ കഥാപാത്രങ്ങളില്‍ അനുഭവിച്ചറിയാം. അഭയത്തിനായി രാജ്യത്തു നിന്നു പലായനം ചെയ്യുന്നവര്‍ അഭിമുഖീകരിക്കുന്ന അതേ പ്രതിസന്ധി ആണ് നിത്യവൃത്തിക്കായി കുടിയേറുന്നവര്‍ക്കും അനുഭവപ്പെടുന്നത് എന്നത് ദു:ഖകരമാണ് അപരത്വത്തിന്റെ തീക്ഷ്ണതകള്‍ എത്രമേല്‍ ഭീകരമാണെന്നിത് തെളിയിക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തെ നേരിടുന്ന മഹാദേവ് ഉള്‍പ്പെടെയുള്ളവര്‍ അപകര്‍ഷതാബോധത്തിലേക്കും   വിഷാദത്തിലേക്കും  വീഴാനുള്ള  സാധ്യത വളരെയധികമാണ്

സ്വത്വനഷ്ടത്തിന്റെ അലകളുയര്‍ത്തിക്കൊണ്ട് തൊഴില്‍സ്ഥലങ്ങള്‍ 'അപര'യിടങ്ങളാവുന്ന സന്ദര്‍ഭങ്ങള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു.  ഇത്തരം വെല്ലുവിളികള്‍ തരണം ചെയ്തു കൊണ്ട് ജീവിതത്തെ പ്രതീക്ഷയുടെ കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ആത്മസംഘര്‍ഷങ്ങള്‍ക്ക് എഴുത്തുരൂപം ഉണ്ടാകുകയെന്നത് സാഹിത്യത്തിന്റെ നവസമീപനമായി കണക്കാക്കാം.  ഇതു പോലെയുള്ള സമൂഹത്തിന്റെ മാറുന്ന രീതികളെ അഭിസംബോധന ചെയ്യുന്ന സമകാലസാഹിത്യം ഒരേ സമയം നവീനവും വേറിട്ടതുമായ ഭാവുകത്വത്തെയാണ് രൂപപ്പെടുത്തുന്നത്. സ്വത്വബോധത്തിന്റെ തനതായ ആവിഷ്‌കാരത്തിനു വേണ്ടി അന്യദേശത്തെ തൊഴിലനുഭവങ്ങള്‍ പ്രവാസികള്‍ എഴുതുന്നത് പോലെ കേരളത്തെ പറ്റി അന്തര്‍സംസ്ഥാനതൊഴിലാളികള്‍ പേനയെടുക്കുന്ന കാലം അതിവിദൂരമല്ല.

References

1.   മാനവവിഭവം -കഥ- ഇ പി ശ്രീകുമാര്‍ (ഡി സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച  'അധ്വാനവേട്ട' എന്ന കഥാസമാഹാരത്തില്‍ ഈ കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്)

2. ബാബേല്‍- കഥ വി എം ദേവദാസ്- (ശലഭജീവിതം എന്ന കഥാസമാഹാരം), ചിന്ത പബ്ലിഷേഴ്‌സ്

3. പിപീലിക-നോവല്‍  -യമ-,മാതൃഭൂമി ബുക്‌സ്

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം