ചില്ലയിലേക്കുള്ള സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും. 

 

 

ചില്ല

ഇലകള്‍  പൊതിഞ്ഞ
വനഹൃദയത്തില്‍
സ്വര്‍ണ നിറമുള്ള ഒരുറുമ്പ്
അരിച്ചു പോകുന്നു.
നാമതിനെ കെ.എസ്.ആര്‍.ടി.സി ബസ്
എന്ന് വിളിക്കുന്നു.

വൈകിയെണീറ്റ്
മഞ്ഞേത്, നിന്റെ തട്ടമേത്
എന്ന് തിരിച്ചറിയാതെ
സൂര്യന്‍ കണ്ണ് തിരുമ്മുന്നു.
സൈഡ് വിന്‍ഡോകളിലെ
കമ്പികളില്‍
മഴവിരലുകള്‍ ടപ്പ് ടപ്പാന്ന്
നമ്മുടെ ഹൃദയ താളത്തെ
മീട്ടുന്നു .

എവിടേക്കാണെന്ന കണ്ടക്ടറുടെ
ചോദ്യത്തില്‍
രണ്ടു പ്രണയരാജ്യമെന്നു
ചുണ്ടുകള്‍  വിടര്‍ന്നു.
ഉടനെ അയാളുടെ കൈകള്‍
ചില്ലകളും
ടിക്കറ്റുകള്‍ പൂക്കളുമായി. 

നിന്റെ കണ്ണുകളിലേക്ക്
റോഡ് മുറിച്ചു കടക്കുന്നു
മാന്‍പേടകള്‍.
ഞാന്‍ നോക്കിയിരിക്കെ
നിന്റെ കാതുകളില്‍
പക്ഷിച്ചിലപ്പുകള്‍
കൂടൊരുക്കുന്നു.

നമ്മുടെ പൊട്ടിച്ചിരിയെ
ഒരു വെള്ളച്ചാട്ടം
അരുവിയിലേക്കൊഴുക്കുന്നുണ്ട്.
ഓരോ ഹെയര്‍പിന്‍ വളവിലും
കാടിറങ്ങി പോകുന്നു
ചുണ്ടുകള്‍.
ഉമ്മകളെ പൂക്കളില്‍ നിന്ന്
വേര്‍തിരിക്കാനാവാതെ
നാം തണല്‍ കൊണ്ട
മരങ്ങള്‍..
 

അത്രയൊന്നും നേരമില്ലെങ്കിലും
ആദ്യത്തെ ചുരവും കാടും
പൊഴിച്ച ഇലകളും
പൂക്കളും ,
ഇല്ലായിരുന്നെങ്കില്‍,
ഒഴുക്ക് മറന്ന അരുവിയായ്
മെലിഞ്ഞുണങ്ങിയേനെ നാം.