ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

കണ്ണ്, പൂക്കള്‍, കടല്‍

1.
ചിത്രശലഭങ്ങള്‍ വട്ടമിടുന്ന ഓടം
ഏതു പുഴയിലാണ്
നാം കണ്ടത്?
ജലത്തില്‍ നിന്ന്
വീണ്ടെടുക്കാനായില്ല
അവ പിന്‍തുടര്‍ന്ന
പൂക്കളുടെ നഗ്‌നത.

 2.
നിഗൂഢ രഹസ്യങ്ങളുടെ
താക്കോല്‍
മത്സ്യകന്യകയുടെ സുതാര്യമായ ഉദരത്തില്‍.
അതില്‍ നാം കണ്ടു
തിരകളില്ലാത്ത ഭൂമദ്ധ്യം
പീഠഭൂമിയിലെ ചിത
മണലില്‍ ഒറ്റപ്പെട്ട
പാവം മുള്‍ച്ചെടി.

3.
അനവസരത്തില്‍
ജലോപരി 
ഒരു കുതിര
അറിഞ്ഞുകൊണ്ടു മാത്രമുള്ള
അടിവയ്പുകള്‍ക്കടിയില്‍
ഞെരിഞ്ഞമരുന്ന കാലം

4.
കണ്ണില്‍
മൊരിയുന്ന ശവം കണ്ട്
നാം
നട്ടുച്ച പോലെ പഴുത്തു
കാറ്റില്‍ ഇല്ലാതായി
പൂക്കളുടേയും
ഇലകളുടെയും വാരിയെല്ലില്‍
ശലഭങ്ങള്‍ 
വിടരുന്നു.

5. 
നിറമില്ലാതായ നിമിഷത്തിന്
ചിത്രശലഭങ്ങളുടെ വേഗം.
ആകാശത്ത് വട്ടമിട്ടു
ലവണദൂരങ്ങള്‍ തുഴഞ്ഞു വന്ന
പടുകൂറ്റന്‍ മേഘത്തിമിംഗലം.


ഒരു സാധാരണ മുങ്ങിമരണത്തെ കുറിച്ച് 

തീയ്യിന്റെ വെളിച്ചത്തില്‍ 
മുങ്ങിമരിച്ചവനേ
വിഭ്രാന്തിയുടെ പിശാചേ
നിന്റെ പതിനാറിന്
ആണ്ടിന്
പന്തീരാണ്ടിന്
ഇരുട്ടത്ത് ആയിരം തിരിവെച്ച്
ഞാന്‍ പ്രാര്‍ത്ഥിക്കും 
അതു കേള്‍ക്കാന്‍
നരക സുഖങ്ങളില്‍ നിന്ന് 
അരൂപികളായ അതിഥികള്‍ 
ഈയലുകളായി പറന്നു വരും.

അവര്‍ നിന്നെക്കുറിച്ച്,
നീ വിചാരിയ്ക്കുന്ന ഇടങ്ങളെക്കുറിച്ച്,
നേരിയ ശബ്ദത്തില്‍ എന്നോടു വിവരിക്കും.
ഒരു കാലത്തും പോയിട്ടില്ലാത്ത 
ഇടങ്ങളുടെ സാന്നിദ്ധ്യം
അങ്ങനെ ഞാനനുഭവിക്കും.

നിന്നോടുള്ള ചോദ്യങ്ങളെല്ലാം
എന്റെ ഭാഷ
അവരോടു ചോദിക്കും;
അവര്‍ക്ക് മടുക്കും വരെ,
അവര്‍ പോകാന്‍ ധൃതിപ്പെടും വരെ. 

അന്ന്
പാതാളഗര്‍ത്തത്തിന്റെ നിഗൂഢതയില്‍നിന്ന് സുഗന്ധവും സംഗീതവും
മുകളിലേക്ക് ഒഴുകി വരും
അവരുടെ നിഴലും ഗന്ധവും
അവര്‍ പൊയ്ക്കഴിഞ്ഞാലും
ഈയല്‍ച്ചിറകുകള്‍ മണ്ണിനു മുകളില്‍ എന്നപോലെ
ബോധത്തില്‍ പരന്നു കിടക്കും.
ഉറുമ്പുകള്‍ക്കു മുമ്പേ ഞാനവയെ കാതുകളിലേക്കു വലിച്ചെടുത്ത്
ഉള്ളംകൈയിലേയ്ക്ക് കൊട്ടും.

എന്നാലവ 
തുള്ളിപ്പിടഞ്ഞ്
മീനുകളെപ്പോലെ മുകളിലേക്കു ചാടും.
പിന്നെ 
അനന്തതയിലേക്ക് ഉയര്‍ന്ന് 
മിന്നും.
ഇരുട്ടു തുളച്ച്
വേഗത്തില്‍ പറന്നു മറയും.
ഞാന്‍ എല്ലാം മറന്ന് പഴയ പോലെ
ഓര്‍മകളില്‍ വിവശനാവും.
നീ പോയ ദിവസത്തിന്റെ അലമുറ
ഒരിക്കല്‍ക്കൂടി തൊണ്ടയിലേക്ക് കയ്ച്ചിറങ്ങും.
അങ്ങനെ ഒരിക്കല്‍ക്കൂടി
വീണ്ടെടുക്കപ്പെടും- 
അന്നത്തെ ഇടര്‍ച്ചയില്‍
നീ മുങ്ങിത്താഴ്ന്ന നിമിഷം.



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...