Asianet News MalayalamAsianet News Malayalam

വെളിച്ചത്തില്‍ നഗ്നമാവുന്നവ, ഷീജ അരീക്കല്‍ എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് ഷീജ അരീക്കല്‍ എഴുതിയ അഞ്ച് കവിതകള്‍

Malayalam poems by Sheeja Areekkal
Author
Thiruvananthapuram, First Published Jun 26, 2020, 3:15 PM IST

പെണ്‍മയുടെ ഏകാന്തനിലങ്ങളില്‍നിന്ന് ഭാവനയുടെ പല കരകളിലേക്കുള്ള ഗതികിട്ടാത്ത പാച്ചിലുകളാണ് ഷീജ അരീക്കലിന്റെ കവിതകള്‍. തൊണ്ട വറ്റിയൊരു പക്ഷിയെപ്പോലെ ചിന്തയുടെ, ഭ്രമാത്കതയുടെ, യാഥാര്‍ത്ഥ്യത്തിന്റെ, സ്വപ്‌നത്തിന്റെ  ഇറ്റുനനവുകള്‍ തേടി അതലയുന്നു. നോക്കിനില്‍ക്കെ അപ്രത്യക്ഷമായ കടലിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. ഒന്നായി മെടഞ്ഞിട്ട പകലുകളുടെ തിരോധാനത്തില്‍ ആടിയുലയുന്നു. ഉടുത്തുടുത്ത് നഗ്‌നമായിപ്പോയ ഉടുപ്പുകളെ ചൊല്ലി വേവുന്നു. പിടികിട്ടാത്ത സമസ്യകളെ കവിതയുടെ ഭൂതക്കണ്ണാടിയിലൂടെ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ഉണങ്ങാത്ത മുറിവുകളെ കവിത കൊണ്ടുണക്കാന്‍ ശ്രമിക്കുന്നു. ആ അര്‍ത്ഥത്തില്‍, ഷീജയ്ക്ക് കവിത ഒരേ സമയം പ്രതിസന്ധിയും അതിജീവനവുമാണ്. ഈ വൈരുദ്ധ്യത്തെ മെരുക്കാനുള്ള ശ്രമങ്ങളായി ഷീജയുടെ കവിത മാറുന്നത് അങ്ങനെയാണ്.

 

Malayalam poems by Sheeja Areekkal

 

വെളിച്ചത്തില്‍ നഗ്നമാവുന്നവ      

ഉടുത്തുടുത്ത് ഉടുതുണികളിലധികവും
നഗ്നമായിപ്പോയിരിക്കുന്നു

അതാരും കാണാതിരിക്കാന്‍
വേണ്ടിയാണിപ്പോള്‍
വീടിനെ മൂടിവെയ്ക്കുന്നത്

അലമാരയിലേയ്ക്കോരോന്നോരോന്നായി
അടുക്കി വെയ്ക്കുമ്പോളായിരിക്കും
നഗ്നമായിപ്പോയ
ഉളുപ്പില്ലാതെ കിടക്കുന്ന
തുണികളിലേയ്ക്ക് നോക്കി
ജാള്യത തോന്നുക
കണ്ണുകള്‍ നിറയുക

എന്നിട്ടും ഇടയ്ക്കെല്ലാം
ഇരുട്ടിലിരുന്ന്
വല്ലാതെ ശ്വാസം മുട്ടുന്നുവെന്ന്
തോന്നുമ്പോള്‍
വീടിനെ മൂടിയിട്ട 
അടപ്പെടുത്ത് മാറ്റും
പുറത്തേയ്ക്കതിനെ തുറന്നിടും

വെളിച്ചത്തില്‍ നഗ്നമാവില്ല എന്ന്
എനിയ്ക്കത്രയ്ക്കും ഉറപ്പുള്ള
തുണികളാവും ഉടുക്കുക
വെളിച്ചത്തിന്റെ കൊളുന്തുകള്‍
നുള്ളിക്കൊണ്ടിരിക്കെ
ഞാനറിയാതെ തന്നെ
എന്റെ ഉടുതുണികള്‍
നഗ്നമായിപ്പോവുകയാണ്

അപ്പോള്‍ വീണ്ടും
വാതിലുകളേയും ജനാലകളേയും
പുറത്തേക്കിറക്കി
വീടിനോടകത്തു കയറാന്‍ പറഞ്ഞ്
അതിനെ വീണ്ടും
മൂടിയിടുന്നു ഞാന്‍.

 

....................................

Read more: മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്
....................................

 

ഉപ്പശ

ഉപ്പ് തിന്നാല്‍ വെള്ളം കുടിയ്ക്കും
എന്നറിയാമായിരുന്നിട്ടും
പുല്ലിംഗം എന്ന് പേരുള്ള
ഒരു പൊഴ ഉപ്പു തിന്നു

ഉപ്പ് തിന്ന് തിന്ന്
പുല്ലിംഗപ്പൊഴ പൊഴയിലുള്ള
വെള്ളം മുഴുവനും
കുടിച്ച് വറ്റിയ്ക്കാറാക്കി

പോരാത്തതിന്
തിന്ന ഉപ്പു മുഴുവന്‍
പുല്ലിംഗപ്പൊഴയുടെ തൊണ്ടയില്‍
ഉപ്പശയായി പറ്റിക്കിടന്നു വലുതായി

ശ്വാസമെടുക്കാന്‍ പോലും
തൊണ്ടയിലെ ഉപ്പശ
സമ്മതിക്കാതെ വന്നപ്പോള്‍ 
കടലില്‍ ചാടി 
ആത്മഹത്യ ചെയ്താലോന്ന് വരെ
തോന്നി പുല്ലിംഗപ്പൊഴയ്ക്ക്

ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ
പൊരിവെയിലില്‍ പുല്ലിംഗപ്പൊഴ
തളര്‍ന്നു കിടക്കുമ്പോളാണ്
സ്ത്രീലിംഗം എന്ന പേരുള്ള മഴ
അതിലൂടെ കടന്നുപോയത്!

പുല്ലിംഗപ്പൊഴയുടെ കോലം കണ്ട്
പാവം തോന്നിയ സ്ത്രീലിംഗ മഴ
നേര്‍ത്തു നീണ്ട
തന്റെ വിരലുകളിലെ
മുഴുവന്‍ ശതാവരിപ്പൂക്കളും
കൊരുത്ത് കോര്‍ത്ത്
പുല്ലിംഗപ്പൊഴയ്ക്കണിയിച്ചു
ഓരോ ശതാവരിപ്പൂവിലും
കാര്‍മേഘ നിറത്തില്‍
സൂര്യമുഖമുള്ള 
പൂമ്പാറ്റകളെ വെയ്ക്കാനും
അവള്‍ മറന്നില്ല

പുല്ലിംഗപ്പൊഴയുടെ
ഉപ്പശ പതിയെ
ഇറങ്ങുമായിരിക്കും ഇനി.
      

....................................

Read more: വെയില്‍, സുജീഷ് എഴുതിയ കവിതകള്‍
....................................

 

കഥ ബാക്കി വച്ച ഓളങ്ങള്‍

വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന
ഒരു കടലിനെ ഇന്നു രാവിലെ
കാണാതായി!
ഇന്നലെ രാത്രി വരെ
വീടിന്റെ കോലായില്‍
കിടന്നുറങ്ങിയതാണ്.

ഇറച്ചിക്കടയില്‍
ചോരയിറ്റുന്ന മാംസങ്ങള്‍
കെട്ടിത്തൂക്കിയിട്ടത്
ആവശ്യക്കാര്‍ വന്ന്
വാങ്ങിക്കൊണ്ടു പോയാല്‍
അതവിടെ ഉണ്ടായിരുന്നെന്ന
ഒരു തെളിവും
ശേഷിക്കാത്തത് പോലെ,

കടലിന്റെ പൊടിപോലും
അവശേഷിക്കാതെ...
അതിനെ കാണാതായി!

ഉച്ചയ്ക്ക്
വീടൊന്ന് പുറത്തു പോയി
കറങ്ങിത്തിരിഞ്ഞു
തിരിച്ചെത്തിയപ്പോള്‍
വീട്ടുമുറ്റത്തതാ
കടല് കിടക്കുന്നു,
എന്നെ കെട്ടിയിടൂ
എന്നും പറഞ്ഞ്

തീര്‍ച്ചയായും
എവിടെയോ എന്തോ
കുഴപ്പമുണ്ട്.

 

....................................

Read more: ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍
....................................

 

അപരിചിതനായ മിന്നാമിന്നി

ഞാനെന്റെ
ഒന്നാമത്തെ നിലയിലെ
ഇരുട്ടില്‍ നിന്നും
രണ്ടാമത്തെ നിലയിലെ 
ഇരുട്ടിലിരിക്കവേ,
പഴയ 
അതേ വെളിച്ചത്തിന്റെ
അതേ ഉടുപ്പിട്ട 
അതേ മിന്നാമിന്നി
എന്റെ ജനാലയില്‍ വന്ന്
വെളിച്ചമിറ്റിക്കുന്നു...
അതിന്റെ നീലവെളിച്ചം
കൈയ്യെത്തിപ്പിടിക്കാന്‍
ആയവേ,
അത് അതിന്റെ
കുപ്പായമുപേക്ഷിച്ച്
എന്റെ മിച്ചം വെച്ച
വെളിച്ചവുമായി 
പറന്നകലുന്നു...
ഞാനെന്റെ
ഒന്നാമത്തെ നിലയിലെ
ഇരുട്ടിലേക്ക്
തിരിച്ചു നടക്കുന്നു...

 

....................................

Read more: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
....................................

 

സൂര്യകാന്തീ, നിന്നെ വീണ്ടും ഓര്‍ക്കുകയാണ്

പണ്ടൊക്കെ ഞങ്ങള്‍
ഞങ്ങള്‍ടെ രണ്ടു പകലുകളെ
ഒറ്റ ഒന്നായി
മെടഞ്ഞിടാറുണ്ടായിരുന്നു...
നീട്ടിക്കുടഞ്ഞൊരു പുലരിയെ 
വിശാലമായി വിരിച്ച്...

പകലിന്റെ
നേര്‍ത്ത നാരുകളാല്‍
അവനായിരിക്കുമതില്‍
ഒരു മീനിനേയോ
ഒരു കടലിനേയോ
ഇട്ട് മെടയാനിരിക്കുന്നത്...

ഞാനതിലേക്കൊരു 
സൂര്യനെയോ
സൂര്യകാന്തിപ്പൂവിനെയോ
ചേര്‍ത്ത്
മെടഞ്ഞ് മെടഞ്ഞ് ഞങ്ങളത്
പല ആകൃതികളുള്ള
ഉച്ചയാക്കും

വൈകുന്നേരമാവുമ്പോളേക്കും
മെടഞ്ഞിട്ട പകല്‍,
വെയില്‍ വെളിച്ചത്തില്‍
നിറയെ പൂത്ത
കൊന്നമരം 
പോലെയിരിക്കുമായിരുന്നു

എന്നോ
എങ്ങനെയോ
പകലിന്റെ നാരൊന്നു
വിട്ടു പോയി
അവന്റെ വിരല്‍ത്തുമ്പില്‍ നിന്നും..
അതിനു ശേഷമാണ്
അടുക്കി വെച്ച
ഞങ്ങളുടെ പകല്‍ക്കൂടിന് 
തീപിടിച്ചതും

പിന്നീടിന്നുവരെ 
പകലിരുന്ന് തന്നിട്ടേയില്ല
ഞങ്ങള്‍ക്ക് മെടയാന്‍

അവനിപ്പോള്‍
സ്വന്തമായി കുരിശുണ്ടാക്കുകയും
മറ്റുള്ളവരെ കുരിശിലേറ്റാന്‍
സഹായിക്കുകയും ചെയ്ത്
ഉപജീവനം കഴിക്കുന്നു...

ഞാന്‍
സെമിത്തേരിയില്‍
ശവങ്ങള്‍ക്ക് മെഴുകുതിരി വിറ്റ്
ജീവിതം തള്ളിനീക്കുന്നു

Follow Us:
Download App:
  • android
  • ios