ശാസ്ത്രമാണ് ടി പി വിനോദിന്റെ ഒരു ലോകം. മറ്റൊന്ന് കവിതയും. ഇതു രണ്ടിനുമിടയിലുള്ള, തത്വചിന്തയുടെയും സാമൂഹികതയുടെയും സാഹിത്യത്തിന്റെയുമൊക്കെ  ഇടങ്ങളിലാണ് വിനോദിന്റെ കവിതകള്‍ സഞ്ചരിക്കുന്നത്. മിനിമലിസം എന്നു വിളിക്കാവുന്ന ഭാഷയുടെ, ആഖ്യാനത്തിന്റെ ചെത്തിത്തേച്ച ഘടനയാണ് ആ കവിതകള്‍ക്ക്. എന്നാല്‍, എല്ലാത്തിനെക്കുറിച്ചും ആഴത്തിലങ്ങ് സംസാരിച്ചുകളയാം എന്നു കരുതുന്ന ഒരാളേയല്ല ഈ കവിതയില്‍. പകരം, ഏറ്റവും നിസ്സംഗതയോടെ, ഒട്ടും ഒച്ചയില്ലാതെ, സൗമ്യമായി വായനക്കാരോട് സംവദിക്കുന്ന ഒരാളാണ്. സൗന്ദര്യത്തിന്റെയും ഭാവനയുടെയും രൂപപരതയുടെയും ഉറപ്പുള്ള ഫ്രെയിമുകള്‍ക്കുള്ളിലല്ല അതു സംഭവിക്കുന്നത്. രാഷ്ട്രീയവും സാമൂഹ്യാവസ്ഥകളുമൊക്കെ തീര്‍ക്കുന്ന ഒരടിനൂല്‍ അതിനുണ്ട്. ധൈഷണികമായ സാദ്ധ്യതകളിലേക്ക് ഊളിയിട്ട് തിരിച്ചുപൊന്തുന്ന ഒരു മീന്‍കൊത്തിയുടെ സൂക്ഷ്മത.

 

 

രണ്ട് ഉപമകളില്‍ ഒരു വിശദീകരണക്കുറിപ്പ്


ഉറക്കമെണീറ്റൊരാള്‍
വിരിപ്പ് തട്ടിക്കുടഞ്ഞ്
നേരെയാക്കി വിരിക്കുന്നതുപോലെ
സ്‌നേഹത്തില്‍
ഞാന്‍
എന്നെ

അബോധം കൊണ്ട്
ചെയ്തുതീര്‍ത്ത ഒന്നിനോട്
ബോധത്തിന്റെ
പരിചരണം പോലെ.

 

.............................................

Read more: പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത 
.............................................

 


കണ്ടുപിടുത്തം

കൊതുക് കടിച്ചതുകൊണ്ട്
ഉറക്കം ഞെട്ടി.

ദേഷ്യം വന്നു.

എന്തെങ്കിലും ചെയ്ത്
ലോകത്തെ ഞെട്ടിക്കാനുള്ള
ഉത്ക്കടമായ
(ഉത്ക്കടത്തിലെ കടം, പലിശ, തിരിച്ചടവ്
എന്നിവയെപ്പറ്റി വേറൊരു കവിത
എഴുതാനുദ്ദേശിക്കുന്നുണ്ട്,
വേറെയാരും എഴുതിയേക്കരുത്)
തോന്നലുണ്ടായി.

അതേത്തുടര്‍ന്ന്
ഇന്നത്തെ ദിവസം
ഇത്ര പ്രായമായ
പുതിയലോകത്തെ
ഞാനായിട്ട്
കണ്ടുപിടിക്കുകയാണുണ്ടായത്.

ഞാനിത് കണ്ടുപിടിച്ച കാര്യം
കണ്ടുപിടിക്കാനുള്ള അവസരം
ദയാലുവായ ഞാന്‍
നിങ്ങള്‍ക്ക് തരുന്നു.