Asianet News MalayalamAsianet News Malayalam

വീനസ് ഫ്ലൈ ട്രാപ് , മനോജ് വെള്ളനാട് എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് മനോജ് വെള്ളനാട് എഴുതിയ കഥ

Malayalam short story by Manoj Vellanad
Author
Thiruvananthapuram, First Published Mar 12, 2021, 7:36 PM IST

വൈദ്യശാസ്ത്രവും സാഹിത്യവുമാണ് ഡോ. മനോജ് വെള്ളനാടിന്റെ രണ്ട് ഇടങ്ങള്‍. ഒന്ന്, മെഡിക്കല്‍ പ്രൊഫഷണല്‍ എന്ന ഇടം. മറ്റേത്, കുട്ടിക്കാലം മുതല്‍ കൂടെയുള്ള ഭാഷയുടെ, എഴുത്തിന്റെ, ഭാവനയുടെ ഇടം. ഈ രണ്ടു ഇടങ്ങളും മനോജിന്റെ ചെറുകഥകളില്‍ ദൃശ്യ, അദൃശ്യ സാന്നിധ്യമാണ്. മനുഷ്യ ജീവിതങ്ങളുടെ ആഴങ്ങളും കലക്കങ്ങളും തിരഞ്ഞുപോവുന്നൊരാളെ ആ കഥകളില്‍ കാണാം. അയാള്‍ ചെന്നുപെടുന്ന പല കരകള്‍. കണ്ടെത്തുന്ന ജീവിതസത്യങ്ങള്‍.  ആഴ്ന്നു മുങ്ങുന്ന ജീവിതാവസ്ഥകള്‍. അസാധാരണമായ സൂക്ഷ്മതയോടെയാണ് മനോജ് അവ വാക്കുകളിലേക്ക് പകര്‍ത്തുന്നത്. അരികിലും അകലെയുമായി നിന്ന് ജീവിതങ്ങളെ ചെറുചിരിയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരാളുടെ നിര്‍മമത ഉണ്ട് ആ എഴുത്തില്‍. കൂട്ടത്തില്‍ പെടാതെ മാറിനില്‍ക്കുന്ന ഒരു കഥ പറച്ചിലുകാരന്റെ അവധാനത. ആഖ്യാനത്തിലും പ്രമേയസ്വീകരണത്തിലുമെല്ലാം മനോജ് ഈ സൂക്ഷ്മത കാത്തുസൂക്ഷിക്കുന്നുണ്ട്.

 

Malayalam short story by Manoj Vellanad

 

നഗരത്തിലെ ഏറ്റവും ഉയരമുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ലോബിയില്‍, സെക്യൂരിറ്റി ഗാര്‍ഡ് തുറന്നുവച്ച അതിഥിപുസ്തകത്തില്‍ പേരെഴുതി അലക്‌സ് മാത്യു ലിഫ്റ്റിനടുത്തേക്ക് നടന്നു. ഔദ്യോഗിക വേഷത്തിലല്ലെങ്കിലും തന്റെ ബൂട്ട്‌സ് കണ്ടു താനൊരു പോലീസുകാരനാണെന്ന് സെക്യൂരിറ്റി മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് അയാള്‍ മനസ്സില്‍ കരുതി. 19 എന്ന ബട്ടണമര്‍ത്തി പുറകോട്ട് മാറി ലിഫ്റ്റിനകത്തെ ചുമരില്‍ ഘടിപ്പിച്ച തടിച്ച ലോഹവടിയില്‍ കൈകള്‍ പുറകോട്ടു പിണച്ചുപിടിച്ചുനിന്നു.

19 A എന്നെഴുതിയ വാതിലിന്റെ വശത്തെ വിളിമണിയുടെ സ്വിച്ചില്‍ വലതുകയ്യുടെ തള്ളവിരല്‍ അമര്‍ത്തി കാത്തുനിന്നു. സ്വിച്ചിനു മുകളില്‍ സ്വര്‍ണപ്രതലത്തില്‍ കറുത്ത അക്ഷരങ്ങളിലുള്ള നാമസൂചിക ആദ്യം കാണുന്നയാളെപ്പോലെ നോക്കി. Mrs.ROOPA. ആദ്യകേള്‍വിയില്‍ തന്നെ അലക്‌സില്‍ കൗതുകമുണര്‍ത്തിയ ഒന്നായിരുന്നു ആ പേര്. അത്ര അപൂര്‍വ്വമൊന്നുമല്ലെങ്കിലും ദുരൂഹമായതെന്തോ ആ പേരിലുണ്ടെന്ന് അലക്‌സിന് തോന്നിയിരുന്നു. പോലീസുകാരന്‍, ഒരെഴുത്തുകാരന്‍ കൂടിയാകുമ്പോള്‍ കൗതുകങ്ങളില്‍ കമ്പമേറുമെന്ന് ചില സഹപ്രവര്‍ത്തകര്‍ ഇക്കാര്യം പറഞ്ഞ് കളിയാക്കുകയും ചെയ്തിരുന്നു. അലക്‌സിപ്പോഴും അതുതന്നെ ഓര്‍ത്തു, ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്‍െയോ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങാത്ത ഒരു പേര്. ഒരു രൂപവും നല്‍കാത്ത ഒന്ന്.

ആ സമുച്ചയത്തിലെ ഏറ്റവും മുകളിലത്തെ ഫ്‌ലാറ്റാണിത്. രൂപ തനിച്ചാണിവിടെ താമസം. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ആദ്യമായി മാത്യൂസ് ഇവിടെ വരുന്നത്. പലപ്പോഴായി ചോദ്യം ചെയ്യാനായി വിളിക്കുമ്പോഴുണ്ടായ സംഭാഷണങ്ങളിലൂടെയും, തുടര്‍ന്ന് മൊബൈലിലൂടെയും ഫേസ്ബുക്കിലൂടെയും ആ സൗഹൃദം വളരുകയായിരുന്നു. ആദ്യമായാണ് ഒറ്റയ്ക്കീ ഫ്‌ലാറ്റില്‍ വരുന്നത്. അന്വേഷണസംഘത്തിലെ ഒരു കീഴുദ്യോഗസ്ഥന്‍ മാത്രമായ തനിക്ക് അന്വേഷണത്തിന് സഹായകരമാകുന്ന കാതലായ തെളിവുകള്‍ കണ്ടെത്തി നല്‍കാനുള്ള ആത്മാര്‍ത്ഥത കൊണ്ടല്ല ഇന്നത്തെ ഈ വരവെന്ന് രൂപയ്ക്ക് തീര്‍ച്ചയായും ധാരണയുണ്ടാകുമെന്ന് അലക്‌സപ്പോള്‍ ഓര്‍ത്തു.

രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് രൂപയുടെ അഞ്ചുസുഹൃത്തുക്കളെ അവരവരുടെ വ്യത്യസ്ത താമസസ്ഥലങ്ങളില്‍ ഒരേ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. 25-ഉം 26-ഉം വയസ്സുമാത്രം പ്രായമുള്ള അര്‍ജുന്‍, ദീപക്, ഡൊമിനിക്, ഷാജു, ഫൈസല്‍ എന്നിവരെ കിടപ്പുമുറിയില്‍ നിലത്തും കട്ടിലിലും ഒരാളെ ബാത്ത്‌റൂമിലുമായി. എല്ലാവരും നഗരത്തിലെ പ്രമുഖ സോഫ്റ്റ്വെയര്‍ നിര്‍മാണസ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍. മരണസമയത്ത് അഞ്ചുപേരും മദ്യപിച്ചിരുന്നു. മുറികള്‍ അകത്ത് നിന്നും പൂട്ടിയസ്ഥിതിയിലായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്നുതന്നെ ആരും പറയും. പക്ഷെ അഞ്ചുപേരും ഒരു ദിവസം, എന്തിന് എന്ന സംശയമായിരുന്നു അന്വേഷണത്തിന്റെ കാതല്‍.
ഫ്‌ലാറ്റിനകത്തുനിന്നും പതിഞ്ഞ കാലടിയുടെയും നിലത്തിഴയുന്ന വസ്ത്രത്തിന്റെയും ശബ്ദം വാതിലിനടുത്തേക്ക് വരുന്നത് മാത്യൂസ് അറിഞ്ഞു. അപ്രതീക്ഷിതമായി, അതും ഈ സമയത്ത് തന്നെ കാണുമ്പൊള്‍ രൂപ എങ്ങനെ പ്രതികരിക്കും എന്നോര്‍ത്തയാള്‍ ഒരുനിമിഷത്തെക്ക് ആകുലപ്പെട്ടു. അടുത്തേക്ക് വന്ന ശബ്ദം നിലച്ചിട്ടും വാതില്‍ തുറക്കാന്‍ പിന്നെയും വൈകി. തിളങ്ങുന്ന സ്ലീവ്‌ലെസ്സ് നൈറ്റിയില്‍ അതീവ സുന്ദരിയായി , പാതിതുറന്ന വാതിലില്‍ ചാരിനിന്നു ഒരു കുസൃതിച്ചിരിയോടെ രൂപ ചോദിച്ചു, 'ഈ രാത്രിയിലുമുണ്ടോ ചോദ്യം ചെയ്യല്‍, പ്രിയ പോലീസുകാരാ?'

'ഹേയ്.. മറ്റൊരാവശ്യവുമായി.. ഞാന്‍..'

അയാളെ പറഞ്ഞുമുഴുമിപ്പിക്കാന്‍ അനുവദിക്കാതെ രൂപ ഇടയ്ക്ക് കയറിപ്പറഞ്ഞു,

'ഒഫീഷ്യല്‍ ഡ്യൂട്ടി അല്ലെങ്കില്‍ ബൂട്‌സ് അഴിച്ചു വച്ചിട്ടു കയറി വാ..'

ബൂട്‌സ് അഴിച്ചുവച്ച് അകത്തേയ്ക്ക് കടക്കുന്നതിനിടയില്‍ അയാള്‍ ഓര്‍ത്തത്, അപ്രതീക്ഷിതമായി തന്നെ കണ്ടിട്ടും രൂപയുടെ മുഖത്ത് ഞെട്ടലിന്റെ ഒരു ലാഞ്ചന പോലും കാണാത്തതെന്ത് എന്നായിരുന്നു. മാത്യൂസിന്റെ കണ്ണുകള്‍ വാതില്‍ പലകയില്‍ രഹസ്യസുഷിരങ്ങള്‍ തിരഞ്ഞു. തന്റെ വരവ് അവള്‍ പ്രതീക്ഷിച്ചിരുന്നോ..?

സാധാരണ ഫ്‌ളാറ്റുകളുടേതിനെക്കാള്‍ ഇരട്ടിയോളം ഉയരമുള്ളതായിരുന്നു ആ ഫ്‌ളാറ്റിന്റെ ചുമരുകള്‍. ഇത്രയും ഉയരമെന്തിനെന്നു ആദ്യം വന്ന ദിവസം തന്നെ മാത്യൂസ് അതിശയിച്ചിരുന്നു. ചുമരുകളില്‍ അവിടവിടെ വിദേശങ്ങളില്‍ മാത്രം കാണുന്ന ചില പ്രത്യേകതരം ചെടികളുടെ ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് തൂക്കിയിരുന്നു. ഒരു വശത്തെ കണ്ണാടി അടപ്പിട്ട കാഴ്ച്ചപ്പെട്ടിയില്‍ ട്രോഫികള്‍, മെഡലുകള്‍, ചില ചിത്രങ്ങള്‍ എന്നിവ ഭംഗിയായി അടുക്കി വച്ചിരുന്നു. കൂട്ടത്തില്‍ പാവയുടെ ആകൃതിയിലുള്ള സ്ഫടികക്കുപ്പികളില്‍ ഒന്നില്‍ ചോറിന്റെ വലിപ്പത്തിലുള്ള മുക്കാലും ചുമപ്പും ബാക്കി കറുപ്പും നിറങ്ങള്‍ പൂശിയ കുരുക്കളും, മറ്റൊന്നില്‍ മഞ്ചാടിക്കുരുക്കളും നിറച്ചു വച്ചിരുന്നു. പാവകള്‍ക്ക് പേടിപ്പിക്കുന്ന തുറിച്ച കണ്ണുകളായിരുന്നു. ആദ്യത്തെ പാവയ്ക്കുള്ളില്‍ കണ്ടത് കുന്നിക്കുരുവാണെന്ന് ഓര്‍ത്തെടുക്കാന്‍ മാത്യൂസിന് കുറച്ചു നിമിഷങ്ങള്‍ വേണ്ടിവന്നു.

 

.............................

Read more: വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
.............................

 

'ഞാനെന്റെ ചെടികള്‍ക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. അതാ വാതില്‍ തുറക്കാന്‍ വൈകിയത്..'

രൂപ ഒരു ഗ്ലാസില്‍ ജ്യൂസുമായി വരികയായിരുന്നു. അത് കൈമാറുമ്പോള്‍ മാത്യൂസിന്റെ കണ്ണുകള്‍ തോളില്‍ നിന്നു താഴേക്ക് നഗ്‌നമായ അവളുടെ കൈത്തലങ്ങളിലായിരുന്നു. അതിനിടയിലും സ്വാഭാവികമായി തന്നെ മാത്യൂസ് ചോദിച്ചു,

'ചെടികള്‍ക്ക് ഭക്ഷണം കൊടുക്കുകയോ?! എന്ത് ഭക്ഷണം?!'

'അതിപ്പൊ ഇവിടെ ഈസിയായി കിട്ടുന്നതെന്തും കൊടുക്കും. ഈച്ച, ചത്തപല്ലി, പല്ലിയുടെ വാല്‍, ഈയലുകള്‍, അങ്ങനെ എന്തെങ്കിലുമൊക്കെ.'

രൂപ കബോര്‍ഡ് തുറന്നു ഒരു മദ്യക്കുപ്പി പുറത്തെടുക്കുന്നതിനിടയില്‍ തുടര്‍ന്നു,

'ചിലപ്പോ മനുഷ്യരേം കൊടുക്കും.. ബട്ട് ഇറ്റ്‌സ് വെരി ഹാര്‍ഡ് റ്റു ഗെറ്റ്'

അവളുടെ ചുണ്ടുകളില്‍ വശ്യവും നിഗൂഢവുമായ ഒരു ചിരി പടര്‍ന്നു. മാത്യൂസ് അതിശയത്തോടെ അവളുടെ ചെയ്തികള്‍ കണ്ടു നിന്നു. ഹാളിനകത്തെയും ബാല്‍ക്കണിയിലെയും വിവിധ കോണുകളില്‍ നിന്നുള്ള വെളിച്ചസ്രോതസ്സുകള്‍ രൂപയ്ക്ക് പല രൂപത്തിലും വലിപ്പത്തിലുമുള്ള നിരവധി നിഴലുകള്‍ സമ്മാനിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന ഒരു പെണ്ണിന് നിരവധി നിഴലുകള്‍ കൂട്ടുകാരായുണ്ടാകുന്നത് ഒരു കഥയ്ക്കു പറ്റിയ തീമാണല്ലോയെന്ന് മാത്യൂസ് ഓര്‍ക്കുകയും ചെയ്തു.

'നിങ്ങളെപ്പോലുള്ള എഴുത്തുകാര്‍ക്ക് അതൊരു നല്ല തീം ആയിരിക്കും.. മനുഷ്യനെ തിന്നുന്ന ചെടികള്‍.. അതിനെ വളര്‍ത്തുന്ന പെണ്ണ്..'

രൂപ അപ്പോളത് പറഞ്ഞപ്പോള്‍ മാത്യൂസ് ശരിക്കും അതിശയിച്ചുപോയി. അവള്‍ ഉറക്കെ ചിരിച്ചു. മാത്യൂസും ചിരിക്കാന്‍ കൂടെക്കൂടി. എങ്കിലും ആ ചെടികള്‍ക്കിവള്‍ തന്നെയും ഭക്ഷണമാക്കുമോയെന്നൊരു ഭയം ചെറുതായിട്ടെങ്കിലും മാത്യൂസിന് തോന്നാതിരുന്നില്ല. അയാള്‍ ജ്യൂസ് പതിയെ ഡൈനിംഗ് ടേബിളിലേയ്ക്ക് നീക്കി വച്ചു.

'താങ്കള്‍ ഒരു പോലീസുകാരനാവുന്നതിലും നല്ലത്, കഥാകൃത്ത് ആയിരിക്കുന്നതാണ്. കഥകളത്ര മെച്ചമുള്ളതല്ലെങ്കിലും യുണിഫോമില്‍ മാത്യൂസിനൊട്ടും മെച്ചുറിറ്റിയില്ല..'

അവള്‍ പിന്നെയും ഉറക്കെ ചിരിച്ചു. മാത്യൂസ് അവിടെക്കിടന്ന ചില മാസികകള്‍ എടുത്ത് മറിച്ചുനോക്കി മിണ്ടാതിരുന്നു.

'മാത്യൂസ് വന്നത് നന്നായി. ഞാനൊരു കമ്പനി ഇല്ലാതെ ഇരിക്കുവായിരുന്നു. മദ്യപിക്കുമ്പോ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ആളില്ലെങ്കില്‍ കുറച്ചു കഴിയുമ്പൊ ഞാനാകെ ഡിപ്രസ്ഡാകും..  അതങ്ങനെ കേറിക്കേറി ചിലപ്പോ മരിക്കണമെന്നുവരെ തോന്നും.. യു നോ, അയാമേ ബൈപോളാര്‍ പേഷ്യന്റ്.'

ലപോള എന്ന് നീല അക്ഷരങ്ങളില്‍ എഴുത്തുള്ള ഒരു ഗ്ലാസ്സെടുത്ത് ഊണുമേശയില്‍ വച്ചു. ഫ്രിഡ്ജ് തുറന്ന് രണ്ടു നാരങ്ങ എടുത്ത് രണ്ടായി മുറിച്ചു. ഒരു പച്ച മുളക് രണ്ടായി പിളര്‍ന്ന് അതിനടുത്ത് വച്ചു. അടുക്കളയില്‍ പോയി ഉപ്പ് പകര്‍ന്ന് ഒരു പാത്രത്തിലാക്കി വരുന്നതിനിടയില്‍ ചോദിച്ചു,

'മാത്യൂസിനറിയാമോ ഈ ബൈപ്പോളാറെന്നാല്‍ ശരിയ്ക്കും രണ്ടു പോളിലേത് പോലെ തന്നെയാണ്. വ്യത്യസ്തരായ, തീര്‍ത്തും ഓപ്പോസിറ്റ് ചിന്തകളും ചെയ്തികളുമുള്ള രണ്ടു മനുഷ്യര്‍, ഒരാളില്‍ തന്നെയുണ്ടാവുന്നത്. ഇന്ററസ്റ്റിംഗ് അല്ലേ? ബട്ട് ഇറ്റ്‌സ് എ വെരി കോമണ്‍ തിംഗ്. പലര്‍ക്കുമുള്ളതാണ്. നമ്മളറിയാത്തതാ.'

രൂപ എന്തെങ്കിലും സംസാരിക്കാനൊരാളെ കാത്തിരുന്ന പോലെ ഒരൊഴുക്കിലങ്ങ് പറഞ്ഞോണ്ടിരുന്നു. മാത്യൂസ് മാസികയുടെ പേജുകള്‍ക്കിടയിലൂടെ രൂപയുടെ കണങ്കാലിന്റെ ഭംഗിയില്‍ നോക്കിയിരുന്നു.

'മാത്യൂസ് കഴിക്കില്ലല്ലോ? അതോ വെറുതെ പറഞ്ഞതോ?'

നെറ്റിയിലെ ചുളിവുകള്‍ക്ക് ചോദ്യചിഹ്നത്തിന്റെ ആകൃതി നല്‍കി അവള്‍ മാത്യൂസിനെ നോക്കി. അയാളുടെ ദൃഷ്്ടി ആ ചോദ്യചിഹ്നത്തിന്റെ വാലിലൂടെ സഞ്ചരിച്ച് അവളുടെ ചുണ്ടുകളിലെത്തി, അവിടെത്തന്നെ സീറ്റുറപ്പിച്ചു. മാത്യൂസ് ഒരു കസേര വലിച്ചിട്ട് അതിലിരുന്നു.

'എന്റെ സി.ഐ സാറിന് സംശയമുണ്ടായിരുന്നു, ഈ മരിച്ചവര്‍ അഞ്ചുപേര്‍ക്കും നീയുമായി.. എന്തെങ്കിലും.. അവിഹിതമായിട്ട്...'

അയാള്‍ മടിച്ചു മടിച്ചു പറഞ്ഞുവന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവള്‍ ഇടയ്ക്ക് കയറി പറഞ്ഞു, 'നിങ്ങടെ കൂട്ടത്തില്‍ തന്നെ എത്രയോ പേര്‍, എത്രയോ വട്ടം എന്നോടിത് ചോദിച്ചിരുന്നു.'

അവളത് പറയുമ്പോള്‍ ആ ചുണ്ടുകള്‍ ആര്‍ത്തിയോടെ വലിച്ചു കുടിക്കുന്ന നിമിഷത്തെ പറ്റിയായിരുന്നു മാത്യൂസ് ഓര്‍ത്തുകൊണ്ടിരുന്നത്.

'ആത്മഹത്യ തന്നെയെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. ഇന്നുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്‌റ്റൊമക്കില്‍ വിഷാംശം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. എന്ത് വിഷമാണെന്നറിയാന്‍ കൂടുതല്‍ ടെസ്റ്റുകള്‍ വേണമെന്നവര്‍ പറയുന്നു. അത്ര കോമണല്ലാത്ത എന്തേലുമായിരിക്കും.'

രൂപ വിലയേറിയ വിദേശനിര്‍മ്മിത വോഡ്ക ഗ്ലാസ്സിലേക്ക് പകര്‍ന്നു. പിളര്‍ന്ന നാരങ്ങയുടെ നീരിറ്റുന്ന മുറിവ് ഉപ്പില്‍ മുക്കിയെടുത്ത് വോഡ്കയിലേക്ക് പിഴിഞ്ഞൊഴിച്ചു. ശേഷം മൂന്ന് ഐസ്‌കട്ടകള്‍ ഓരോന്നായി എടുത്തിട്ടു. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പഴിച്ചു നുരയുന്ന സോഡ അതിന് മീതേക്കൊഴുക്കി.

'പക്ഷെ ഒരാത്മഹത്യാക്കുറിപ്പ് പോലുമില്ലാതെ അവരഞ്ചുപേരും എന്തിനായിരിക്കും?'

രൂപയെന്തെങ്കിലും മറുപടി പറയുമെന്ന് മാത്യൂസ് പ്രതീക്ഷിച്ചുനിന്നു. പക്ഷെ അവളൊന്നും മിണ്ടാതെ രണ്ടായി പിളര്‍ന്ന ഒരു പച്ചമുളകിന്റെ ഞെട്ടില്‍ പിടിച്ചു ഗ്ലാസിലെ മദ്യത്തില്‍ വേഗത്തില്‍ ഇളക്കിക്കൊണ്ടിരുന്നു. ചെറുകുമിളകള്‍ ഗ്ലാസ്സിനുള്ളിലെ ചുഴിയില്‍ അതിവേഗത്തില്‍ ചുറ്റുകയും ചിലത് മുകളിലേക്ക് പൊന്തിവന്ന് പൊട്ടുകയും ചെയ്തു. ഒരു ചെറു സീല്‍ക്കാരം ഗ്ലാസ്സിനുചുറ്റും തളംകെട്ടി നിന്നു. മാത്യൂസ് രൂപയുടെ ചെയ്തികളെയും ശരീരത്തെയും ഒരേ ആവേശത്തോടെ നോക്കിക്കൊണ്ട് സംസാരം തുടര്‍ന്നൂ,

'അവരഞ്ചും മറ്റേതാണോ എന്നുവരെ അന്വേഷിച്ചു..'

കസേരയില്‍ ഇരുന്നുകൊണ്ടുതന്നെ മാത്യൂസ് അല്പം മുന്നോട്ടാഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു,

'പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോഴും അതൊക്കെ പരിശോധിക്കുമല്ലോ. പക്ഷെ പോസിറ്റീവായിട്ടൊന്നും കണ്ടില്ലാന്നായിരുന്നു..'

രൂപ മാത്യൂസിനെ ഒന്നു പാളിനോക്കിയ ശേഷം ഗ്ലാസ് കയ്യിലെടുത്ത് ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. മദ്യത്തിന്റെ ചവര്‍പ്പേറ്റ് ചുളുങ്ങിയ മുഖപേശികള്‍ നേരെയാക്കി, ഗ്ലാസ് മേശപ്പുറത്ത് വച്ച്, ഉടന്‍ തന്നെ അടുത്ത പെഗ്ഗൊഴിക്കുന്നതിനിടയില്‍ പറഞ്ഞൂ,

'മദ്യത്തിന്റെ ടേസെ്‌റ്റെനിക്ക് പറ്റില്ല മാത്യൂസ്. പക്ഷെ ചിലപ്പോഴെങ്കിലും ഇതില്ലാതെയും പറ്റില്ലാന്നായിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ രണ്ടെണ്ണം ഒറ്റവലിക്ക് കുടിക്കണം. പെട്ടന്ന് ഫിറ്റാകണം. എന്നാലും ഞാനൊരു സ്ഥിരം മദ്യപാനിയാകാതെ പിടിച്ചു നില്‍ക്കുന്നുണ്ട് കേട്ടോ.'

അവളൊരു വലിയ തമാശ പറഞ്ഞപോലെ  പൊട്ടിച്ചിരിച്ചു.

'മാത്യൂസ് പറഞ്ഞോളൂ. ഞാന്‍ കേള്‍ക്കുന്നുണ്ട്, മദ്യപിക്കാത്ത പോലീസുകാരാ.. മദ്യപിക്കാതെയും താങ്കളെങ്ങനെ കഥകളെഴുതുന്നു? എപ്പോഴും ഗൗരവക്കാരനായ നിങ്ങള്‍ ഈ കാര്യത്തില്‍ ഒരു തമാശക്കാരന്‍ തന്നെ.'

അവള്‍ പിന്നെയും ഉറക്കെ ചിരിച്ചു. പിന്നെ അടുത്ത പെഗ്ഗും അതെ വേഗതയില്‍ അകത്താക്കി. ഇടതുകൈ കൊണ്ട് ചുണ്ടുകള്‍ അമര്‍ത്തിത്തുടച്ചു. ദീര്‍ഘമായി നിശ്വസിച്ചു. മദ്യ ലഹരിയില്‍ സുന്ദരി, ഒഴിഞ്ഞ ഫ്‌ളാറ്റ്. തന്റെ അരക്കെട്ടിന്റെ ഭാരം താനറിയാതെ കൂടി വരുന്നതായി മാത്യൂസ് അറിഞ്ഞു. അയാളെണീറ്റ് രൂപയുടെ അടുത്തേക്ക് നടന്നു. അവള്‍ മൂന്നാമത്തെ പെഗ്ഗില്‍ സോഡാ പകരുന്നതിനിടയില്‍ ചോദിച്ചു,

'നിങ്ങളീ പറഞ്ഞു വന്ന ഫോറന്‍സിക് സയന്‍സിലെ ഏറ്റവും വലിയ അശ്ലീലമെന്താന്നറിയാമോ?'

മാത്യൂസ്, മേലുദ്യോഗസ്ഥന്റെ ഏതോ കണിശമായ ചോദ്യത്തിനുത്തരം പറയാനില്ലാതെ വിഷമസന്ധിയിലകപ്പെട്ടു നില്‍ക്കുന്നപോലെ നിന്നു. രൂപ തുടര്‍ന്നു,

''ഇറ്റ് ഈസ് ദി അസസ്‌മെന്റ് ഓഫ് ദി ഇന്റാക്റ്റ്‌നെസ് ഓഫ് വെര്‍ജിനിറ്റി ഇന്‍ എ ഗേള്‍. റബ്ബിഷ്!'

രൂപ നാരങ്ങയില്‍ അമര്‍ത്തി ഞെരിച്ചുകൊണ്ട് പറഞ്ഞു,

'പെണ്ണിന്റെ കന്യകാത്വം പരിശോധിക്കാനല്ലേ നിങ്ങള്‍ക്ക് വകുപ്പും നിയമവുമുള്ളൂ. ആണൊരുത്തന്‍ എത്രപേരെ ഭോഗിച്ചിട്ടുണ്ടെന്നു കണ്ടുപിടിക്കാന്‍ നിങ്ങടെ ഫോറന്‍സിക് സയന്‍സിനു പറ്റ്വോ?'

മാത്യൂസിന്റെ അടിവയറ്റില്‍ നിന്നും ഒരു വൈദ്യുതപ്രവാഹം നെഞ്ചിലൂടെ തലച്ചോറിലേക്ക് പാഞ്ഞുപോയി. ഓര്‍ക്കാപ്പുറത്ത് അടികിട്ടിയ പോലെ അയാള്‍ സ്തബ്ധനായി നിന്നു. അന്ധാളിച്ചു നില്‍ക്കുകയായിരുന്ന മാത്യൂസിന്റെ തോളില്‍ അവള്‍ ഒരു കൈകൊണ്ട് താങ്ങി നിന്നു. രൂപക്ക് തല ചുറ്റുന്നുണ്ടായിരുന്നു. വാക്കുകള്‍ കുഴഞ്ഞു തുടങ്ങി.

'സോറി മാത്യൂസ്.. ഐ ഡോണ്‍ നോ വാട്ട് ഷുഡ് ഐ സെ വൈല്‍ ഐ ഡ്രങ്ക്.. സോറി..'

അവള്‍ മാത്യൂസിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. മൂന്നാമത്തെ പെഗ്ഗില്‍ നിന്നും ഒരു കവിള്‍ കുടിച്ച ശേഷം ചോദിച്ചു,

'എന്റെയൊരു ഫേസ്ബുക്ക് ഫ്രണ്ടുണ്ട്. നന്നായി കഥകളെഴുതുന്ന ഒരു പോലീസുകാരന്‍. സത്യം പറഞ്ഞാ വിഷമം തോന്നരുത് കേട്ടോ. മാത്യൂസിനെക്കാളുമൊക്കെ നന്നായി എഴുതും. കൂട്ടിലടയ്ക്കപ്പെട്ട പോലീസ് നായ്ക്കളുടെ കണ്ണിലെ വിഷാദം കലര്‍ന്ന കാമനകളെകുറിച്ച് പുള്ളിയൊരു കഥ എഴുതിയിട്ടുണ്ട്. അറിയാമോ?'  

'ഇല്ല.. ഞാന്‍ കേട്ടിട്ടില്ല.'

'ഈ പോലീസ് പട്ടികള്‍ക്കൊക്കെ സര്‍ക്കാര്‍ വക വി.ഐ.പി. പരിഗണനയൊക്കെയാണെങ്കിലും, ഇണ ചേരാനുള്ള യോഗമില്ലല്ലോ. ഈ പട്ടികളുടെ ജീവിതത്തില്‍ ആകെയുള്ളൊരു എന്റര്‍ടൈമെന്റ് അതല്ലേയുള്ളൂ. അതൂടിയില്ലെങ്കിപ്പിന്നെ..' 

മാത്യൂസ് വെറുതെ ഒന്ന് ചിരിച്ചെന്ന് വരുത്തി മിണ്ടാതെ നിന്നു.

'ചില പോലീസുകാരെ കാണുമ്പോഴൊക്കെ ഞാനാ കഥയോര്‍ക്കും!'- രൂപ പറഞ്ഞുകൊണ്ടിരിന്നു.

അതു കേട്ടപ്പോള്‍ മാത്യൂസ് ഒന്നു വിളറി. രൂപ മദ്യ ഗ്ലാസുമായി പതിയെ ബാല്‍കണിയിലേക്ക് നടന്നു. ആദ്യം മടിച്ചു നിന്നെങ്കിലും പിറകേ മാത്യൂസും. നൈറ്റിക്കുള്ളില്‍ ഉയര്‍ന്നുതാഴുന്ന രൂപയുടെ മാറിടങ്ങളിലേക്ക് ദൃഷ്ടി പാഞ്ഞെങ്കിലും നോക്കാനയാള്‍ക്ക് ധൈര്യം തോന്നിയില്ല. മദ്യം രൂപയുടെ നാക്കും നടപ്പും ചിന്തയും ഉലയ്ക്കാന്‍ തുടങ്ങിയിരുന്നു.

'മാത്യൂസിനറിയാമോ ഈ ഫ്‌ളാറ്റിനെന്താ ഇത്രയും ഉയരമെന്ന്?'

മാത്യൂസ് അവളെ ആകാംക്ഷാപൂര്‍വ്വം നോക്കി. രൂപ ഒരു കവിള്‍ മദ്യം ആസ്വദിച്ചകത്താക്കി കണ്ണുകള്‍ അടച്ചു നിന്നു.

'എനിക്ക് തൂങ്ങി മരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്. ഞാനങ്ങനെ ചെയ്‌തേക്കുമോ എന്ന് എനിക്ക് തന്നെ ഭയമായിരുന്നു. അതുകൊണ്ട്, പണിയുമ്പോള്‍ പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതാണ്. പിന്നെ ചാവണോന്ന് നിര്‍ബന്ധമാണെങ്കില്‍ ദെയര്‍ ആര്‍ ലോട്ട് ഓഫ് അദര്‍ ഓപ്ഷന്‍സ് അല്ലേ. ബട്ട് ഹാംഗിംഗ്, ഹോ! ആലോചിക്കാനേ വയ്യ.'

മാത്യൂസ് കൂടുതല്‍ വിളറി. ബാല്‍ക്കണിയില്‍ ചെടിച്ചട്ടികളില്‍ വളരുന്ന പ്രത്യേകതരം ചെടികളുടെ അടുത്തേക്ക് രൂപ ചേര്‍ന്നുനിന്നു. കൂട്ടത്തില്‍ രണ്ടിഞ്ചുനീളമുള്ള വൃത്താകൃതിയിലുള്ള ഇലകളോടുകൂടിയ ഒരു ചെടിയുണ്ടായിരുന്നു. ആ ഇലകളുടെ അരികുകളില്‍ നിന്നും ചെറിയ ഇടവേളകളില്‍ കൂര്‍ത്ത മുള്ളുകള്‍ പോലുള്ള നാരുകള്‍ പുറത്തേക്കുന്തി നിന്നു. മാത്യൂസ് നോക്കിനില്‍ക്കേ ഒരീച്ച പറന്നുവന്ന് ആ ഇലകളിലിരുന്നു. ഇലകളുടെ മിനുസമുള്ള പ്രതലത്തില്‍ അത് തത്തിത്തത്തി നീങ്ങുന്നതിനിടയില്‍ പൊടുന്നനെ ഇലമടങ്ങി. ഈച്ച അതിനുള്ളില്‍ കുടുങ്ങിപ്പോയി. മുള്ളുകള്‍ തീര്‍ത്ത വേലിക്കിടയിലെ വിടവിലൂടെ രക്ഷപ്പെടാനുള്ള പ്രാണിയുടെ പാഴ്ശ്രമംകണ്ട് മാത്യൂസ് അറിയാതെ ചോദിച്ചുപോയി,

'ഇതെന്താണ്?! ഈ ചെടി!'

ഇത്രയ്ക്ക് അസാധാരണവും ഭീകരവുമായ രീതിയില്‍ പ്രകൃതി തയ്യാറാക്കിയ ഒരു ഈച്ചക്കെണി മാത്യൂസ് ആദ്യമായി കാണുകയായിരുന്നു.

'ഇതെല്ലാം എന്റെ കളക്ഷന്‍സാണ് മാത്യൂസ്. ഐ വാസ് ഡൂയിംഗ് മൈ റിസര്‍ച്ച് ഇന്‍ കാര്‍ണിവോറസ് ആന്‍ഡ് പോയിസണസ് പ്ലാന്റ്‌സ്. സ്‌റ്റോപ്ഡ് എവരിതിംഗ് ആഫ്റ്റര്‍ ഹിസ് ഡെത്ത്. ദിസ് ഈസ് വീനസ് ഫ്‌ളൈ ട്രാപ്. ഞാന്‍ വളര്‍ത്തുന്ന മാംസപ്രിയരായ ചെടികളിലൊന്ന്.'

 

Malayalam short story by Manoj Vellanad

 

അവളുടെ ശബ്ദം കുഴഞ്ഞു വരുന്നു. വാക്കുകളില്‍ അനാവശ്യമായ നീട്ടല്‍ കടന്നുകൂടുകയും ചെയ്തു. അടുത്തുതന്നെ നിന്ന മറ്റൊരു ചെടിയെ രൂപ മാത്യൂസിന് പരിചയപ്പെടുത്തി. ഓരോ ഇലകളുടെയും അറ്റത്ത് നിന്നും മടിശീലപോലെ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നതായി മാത്യൂസ് കണ്ടു. മാത്യൂസിനത് കണ്ടപ്പോള്‍ ഊതിവീര്‍പ്പിക്കപ്പെട്ട ഒരു കോണ്ടം പോലെ തോന്നി. അതിന്റെ വായഭാഗത്ത് ഇലകൊണ്ടുള്ള ചെറിയൊരു അടപ്പുണ്ടായിരുന്നു.

'ദിസ് വണ്‍ ഈസ് നെപ്പെന്തസ്. പിച്ചര്‍ പ്ലാന്റെന്നും പറയും. ഇതിനു പക്ഷേ മറ്റേതിനെക്കാളും വിശപ്പ് കൂടുതലാണ്.'

രൂപയുടെ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി തങ്ങിനിന്നിരുന്നു. മാത്യൂസിന്റെ കണ്ണുകളില്‍ അപരിചിതത്വവും ആശ്ചര്യവും ആകാംക്ഷയും നിറഞ്ഞു. രൂപ മാത്യൂസിന്റെ മുഖത്തേക്ക് നോക്കി. അവളുടെ ചുണ്ടുകളില്‍ നിന്നും ശരിക്കും തേന്‍ വഴിയുന്നുണ്ടോ എന്ന് മാത്യൂസ് സംശയിച്ചു.

'ഇവയോരോന്നും സ്ത്രീശരീരത്തിന്റെ പകര്‍പ്പാണെന്നു തോന്നുന്നില്ലേ മാത്യൂസ്..?'

മാത്യൂസ് അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. ശരിയാണ്. കണ്‍പോളകള്‍ വീനസ് ഫ്‌ളൈ ട്രാപ്പിന്റെ ഇലകളാണെന്നും ഇടതൂര്‍ന്ന കണ്‍പീലികള്‍ അതിന്റെ മുള്ളുകളാണെന്നും അയാള്‍ക്ക് തോന്നി. തന്റെ മനസ്സ് അതിനുള്ളില്‍ കുടുങ്ങിയ പ്രാണിയെപ്പോലെ പിടയ്ക്കുന്നുണ്ടല്ലോ.

'ഇവയ്ക്ക് ഒരു പെണ്ണിന്റെ ഗുഹ്യഭംഗിയല്ലേ മാത്യൂസ്? വീനസ് ഫ്‌ലൈ ട്രാപ്പിന്റെ വിടര്‍ന്ന ദളങ്ങളും നെപ്പന്തസിന്റെ ആഴവുമല്ലേ ഓരോ പെണ്ണിനും..'

'എന്താ!'- മാത്യൂസിന്റെ വായില്‍നിന്നും ആശ്ചര്യത്തിന്റെ തുപ്പല്‍ തെറിച്ചു. കണ്ടറിവില്ലാത്ത കാഴ്ചവസ്തുക്കള്‍ക്കും പെണ്ണുടലിന്റെ വശ്യതയ്ക്കും അപ്രതീക്ഷിതമായ വാക്ശരങ്ങള്‍ക്കും ഇടയില്‍ കാറ്റിലുലയുന്നൊരു ചെടി പോലെ അയാള്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് നോക്കി. തല ചുറ്റുന്നുണ്ടോ? ബാല്‍ക്കണിയുടെ ഒരറ്റത്ത് പിങ്ക് പൂക്കളുള്ള അരളിച്ചെടി തന്റെ നിഴലിനൊപ്പം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. രൂപ തന്നെത്തന്നെ നോക്കി നില്‍ക്കുന്നു. അവള്‍ അടുത്തേക്കടുത്തേക്ക് വരുന്നു. അവള്‍ രണ്ടുകൈകളും മാത്യൂസിന്റെ തോളിലേക്ക് ചായ്ച്ചുനിന്നു. അയാളുടെ മുഖം വിളറിത്തന്നെയിരുന്നുവെങ്കിലും തന്റെ വികാരങ്ങള്‍ക്ക് ഭാരം വയ്ക്കുന്നതായി അയാള്‍ അറിഞ്ഞു. താനാഗ്രഹിക്കാത്തവിധം ഒരു പെണ്ണ് തന്നെ കീഴ്‌പ്പെടുത്തുമെന്നു അയാള്‍ ഭയന്നു.

'ശരിയല്ലേ? മാംസപ്രിയരായ ചെടികള്‍ക്ക് പെണ്ണിന്റെ ഗുഹ്യചേതന നല്‍കിയ പ്രകൃതിയുടെ ഭാവന വിചിത്രമല്ലേ മാത്യൂസ്?'

അവള്‍ തന്റെ ശരീരഭാരം പൂര്‍ണ്ണമായും അയാളുടെ ശരീരത്തില്‍ ചേര്‍ത്തുനിര്‍ത്തി. മാത്യൂസിന്റെ വിളറിയ മുഖത്തേക്ക് രക്തയോട്ടം കൂടുകയായിരുന്നു. അത് നിമിഷങ്ങള്‍ക്കകം ചുവന്നുവന്നു.

'നിങ്ങള്‍ എന്ത് ഭാവനാശൂന്യനായ എഴുത്തുകാരനാണ് മാത്യൂസ്. നിങ്ങള്‍ക്കൊരെഴുത്തുകാരന്റെ കുപ്പായവും...'

മാത്യൂസ് അതിനകംതന്നെ അവളെ ഗാഢമായി ചുംബിച്ചു. ചുണ്ടുകള്‍ കടിച്ചെടുത്തു. തലയാകെ രണ്ടുകൈകള്‍ കൊണ്ടും ചേര്‍ത്തുപിടിച്ചു. അവളുടെ കയ്യില്‍നിന്നും മദ്യത്തോടെ ആ ചില്ലുഗ്ലാസ് താഴെ വീണു ചിതറി. ആ ഞെട്ടലില്‍ ഇരുവരും കുതറിമാറി. തെല്ലും പതറാതെ അകത്തേക്ക് നീങ്ങിയ രൂപയെ മാത്യൂസ് കടന്നുപിടിച്ചു സോഫയിലേക്ക് വലിച്ചിട്ടു. ബാല്‍ക്കണിയില്‍ അപ്പോള്‍ നെപ്പെന്തസ്സിന്റെ മടിശീലയിലേക്ക് ഒരീച്ച പറന്നിറങ്ങുകയും അതിന്റെ വായ മൂടപ്പെടുകയും ചെയ്തു. തന്നിലേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മാത്യൂസിനെ ശാന്തഭാവത്തില്‍ നോക്കി അവള്‍ ചെറുചിരിയോടെ കിടന്നു.

'മാത്യൂസ്, ശരിക്കും നിങ്ങളാരാണ്? ഒരു കഥാകൃത്തോ, പോലീസുകാരനോ, അതോ താങ്കളുടെ തന്നെ ഏതെങ്കിലും കഥാപാത്രമാണോ?'

അയാള്‍ ആ കുതിപ്പില്‍ തെല്ലൊന്നു നിന്നു. പക്ഷെ ആര്‍ത്തിയുടെ വിഭ്രാന്തി മുഖത്ത് വിയര്‍ത്ത് കിടന്നു.

'ഞാനൊരു സാധാരണക്കാരന്‍. എല്ലാ വികാരങ്ങളും ആഗ്രഹങ്ങളും ആസക്തിയുമൊക്കെയുള്ള ഒരു സാധാരണക്കാരന്‍..'-പറഞ്ഞുകൊണ്ടയാള്‍ രൂപയിലേക്ക് ചായാന്‍ തുടങ്ങുകയായിരുന്നു,

'ലോകം മുഴുവന്‍ നിങ്ങളെപ്പോലുള്ള സാധാരണക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു മാത്യൂസ്.. അതിലഞ്ചു പേരെ മാത്രമേ, വെറും അഞ്ചുപേരെ മാത്രമേ എനിക്ക് കൊല്ലാന്‍ കഴിഞ്ഞുള്ളൂ..!'

'വാട്ട്..'- മാത്യൂസ് സോഫയുടെ ഉളുമ്പില്‍ തട്ടി താഴെവീണു. അയാളുടെ കണ്ണുകളപ്പോള്‍ ഷോകേസിലിരിക്കുന്ന സ്ഫടികപ്പാവയുടേത് പോലെ തുറിച്ചു നിന്നു. രൂപ സോഫയില്‍ എഴുന്നേറ്റിരുന്ന് തറയില്‍ മലര്‍ന്നുകിടക്കുന്ന മാത്യൂസിന്റെ കൈകള്‍ കോര്‍ത്ത് പിടിച്ചു.

'പ്രണയത്തിനും കാമത്തിനും മഞ്ചാടിമണികളുടെ ചുമപ്പും മിനുപ്പുമാണ് മാത്യൂസ്. കാലം കഴിയുമ്പോള്‍ ചുമപ്പ് മങ്ങും. മിനുസമുള്ളതെന്ന് കരുതിയതെല്ലാം പരുപരുത്തതാകുകയും ചെയ്യും. പക്ഷെ ആ മിനുപ്പിനകത്ത് ആരുടേയും ഹൃദയതാളം തെറ്റിക്കുന്നൊരു വിഷക്കൂട്ട് പ്രകൃതിതന്നെ ഒരുക്കി വച്ചിട്ടുണ്ട്.'

മാത്യൂസിന്റെ വികാരങ്ങള്‍ തണുത്തുറഞ്ഞു പോയിരുന്നു. താനിപ്പോള്‍ ആ സമുച്ചയത്തിന്റെ ഏറ്റവും മുകളിലാണല്ലോ എന്നയാള്‍ പെട്ടെന്നോര്‍ത്തു. ഷോകേസിലെ കണ്ണാടിപ്പാവകള്‍ക്കുള്ളില്‍ നിറഞ്ഞിരുന്ന വിഷക്കുരുക്കളെ അയാള്‍ പാളിനോക്കി. രൂപ അയാളുടെ തണുത്തശരീരത്തിലേക്ക് ഒരു വള്ളിച്ചെടി പോലെ വീണ്ടും പടര്‍ന്നു കയറുകയായിരുന്നു.

'അവരതര്‍ഹിക്കുന്നുണ്ടായിരുന്നു മാത്യൂസ്.. എനിക്ക് വേണ്ടിയല്ല, ഭാവിയില്‍ അവരുടെ ഭാര്യമാരായേക്കാവുന്ന അഞ്ചു പെണ്‍കുട്ടികള്‍ക്ക് വേണ്ടി, എന്റെ ഭര്‍ത്താവിനു വേണ്ടി, ഞാനെന്റെ റിസര്‍ച്ച് വിജയകരമായി ചെയ്തു തീര്‍ത്തു. അത്രേയുള്ളൂ..'

അവള്‍ മാത്യൂസിനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ഗാഢമായി പുണര്‍ന്നു. ചുണ്ടുകളില്‍ ചുംബിക്കാനായി തുനിഞ്ഞു. പെട്ടന്നവള്‍ അയാളുടെ പാന്റിന്റെ ബട്ടണും സിബ്ബും വലിച്ചു തുറന്നു. അയാള്‍ക്കത് തടയാനായില്ല. അയാളുടെ  അടിവസ്ത്രവുമവള്‍ വലിച്ചു താഴ്ത്തി. മാത്യൂസിന്റെ മുഖത്തേക്കും അരക്കെട്ടിലേക്കും അവള്‍ മാറിമാറി നോക്കി. എന്നിട്ടുറക്കെ  ചിരിച്ചുകൊണ്ടിരുന്നു. ചിരിക്കുന്നതിനിടയിലും അവള്‍ പറയുന്നുണ്ടായിരുന്നു,

'എനിക്കറിയാമായിരുന്നു.. എനിക്കറിയാമായിരുന്നു..'

മാത്യൂസ് അവളെ തള്ളിമാറ്റിയിട്ട് വസ്ത്രങ്ങള്‍ പഴയതുപോലാക്കി. അയാള്‍ ഒരു പട്ടിയെപോലെ നിന്ന് കിതച്ചു. രൂപയപ്പോഴും ചിരിച്ചുകൊണ്ടിരുന്നു.

'എന്റെ ശവം പോലും ഭോഗിച്ചവരുണ്ട്. പക്ഷെ ആണിന്റെ ശവത്തെ ഭോഗിക്കാന്‍ പറ്റില്ല. ഉദ്ധരിക്കാത്ത പുരുഷനും അവന്റെ ശവവും ഒരുപോലെയാണ്.. പെണ്ണൊന്നു പേടിപ്പിച്ചാല്‍ തീരുന്നതേയുള്ളൂ, ആണിന്റെ ഉശിര്. ഇതുപോലെ..'

അവള്‍ പിന്നെയും ഏറെനേരം ക്രൂരതയോടെ ചിരിച്ചുകൊണ്ടിരുന്നു. മാത്യൂസ് ആകെ വിയര്‍ത്ത്, വിളറി ഇരുകൈകളും നെറ്റിയില്‍ താങ്ങി കുനിഞ്ഞിരുന്നു.  രൂപ മറ്റൊരു ഗ്ലാസെടുത്ത് മദ്യം പകര്‍ന്നു ഒറ്റവലിക്ക് കുടിച്ചു. പിന്നെ പതിയെ നടന്ന് മാത്യൂസിന്റെ അടുത്തുപോയിരുന്നു. ഫ്‌ലാറ്റിനുള്ളില്‍ ഭീതി കലര്‍ന്ന നിശ്ശബ്ദത നിറഞ്ഞുനിന്നു. മാംസഭുക്കുകളായ സസ്യങ്ങള്‍, വിഷക്കുരുക്കള്‍ നിറച്ച തുറിച്ച കണ്ണുള്ള പാവകള്‍, ഒന്നിലധികം നിഴലുകളുള്ള സ്ത്രീ, ആടിയുലയുന്ന അരളിച്ചെടി, ഭീകരമായ നിശ്ശബ്ദത അപകടകാരിയായ ആ മൗനത്തെ ഏറെ കഴിഞ്ഞപ്പോള്‍ രൂപ തന്റെ സ്‌നിഗ്ധസ്വരത്താല്‍ ഭേദിച്ചു.

'ഞാന്‍ പറഞ്ഞില്ലേ മാത്യൂസ്.. മദ്യപിച്ചാപ്പിന്നേ.. ഐ ലോസ്റ്റ് ആള്‍ മൈ ഇന്‍ഹിബിഷന്‍സ്.. പക്ഷെ, അതുകൊണ്ടു മാത്രമൊന്നുമല്ല കേട്ടോ..'

രൂപ അയാളുടെ ചുമലില്‍ അമര്‍ത്തിപ്പിടിച്ചു. അയാളവളെ ആദ്യമായി കാണുന്ന പോലെ നോക്കി, ആ പ്രാണിപിടിയന്‍ ചെടിയുടെ ഇലകള്‍ കൊണ്ടുള്ള കണ്ണുകളിലേക്ക്.

'മാത്യൂസ്, നിങ്ങള്‍ എന്നെപ്പറ്റിയും കഥയെഴുതുമോ? എന്നെങ്കിലും..? എന്നെങ്കിലും..?'

മാത്യൂസിന്റെ മനസ്സപ്പോള്‍ മരിച്ചുകിടക്കുന്ന അഞ്ചുയുവാക്കളുടെ എഫ്.ഐ.ആര്‍ തയ്യാറാക്കുകയായിരുന്നു. മദ്യത്തിലോ ഭക്ഷണത്തിലോ വിഷം ചേര്‍ത്ത് കഴിച്ചതാകാമെന്ന് ആദ്യമേ ഊഹിച്ചിരുന്നു. പക്ഷെ വിഷം പകര്‍ന്ന കുപ്പിയോ പാത്രമോ ഒന്നും അവിടില്ലായിരുന്നു.

അവളപ്പോഴും  ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ചോദ്യം പിന്നെയും ആവര്‍ത്തിച്ചു.

'മാത്യൂസ്, എഴുതുമോ? എപ്പോഴെങ്കിലും..?'

വോഡ്കയുടെ ഗന്ധം കലര്‍ന്ന സുഖകരമായൊരു ചുടുനിശ്വാസം അയാളുടെ കവിളിലൂടെ നാസാരന്ധ്രങ്ങളിലേയ്ക്ക് പടര്‍ന്നുകയറി.

'ആ അഞ്ചുപേരുടെ ആത്മഹത്യയ്ക്ക് എനിക്കൊരു കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍.. ഞാനെഴുതാം'

രൂപ അവിശ്വാസ്യതയോടെ മാത്യൂസിനെ നോക്കി. ഇരുവരും ഏറെനേരം നിശ്ശബ്ദരായി നോക്കിയിരുന്നു. പിന്നെയവള്‍ അയാളുടെ മുഖം കരഗതമാക്കി നെറ്റിയില്‍ ചുംബിച്ചു.

'രൂപാ, എനിക്കറിയാം. നീയും..'

അതിനകം അവള്‍ അയാളുടെ ചുണ്ടില്‍ ചുണ്ടമര്‍ത്തി. അയാള്‍ പറഞ്ഞു വന്നത് ഉമിനീരിലൂടെ അവളിലേക്ക് സംവേദനം ചെയ്യപ്പെട്ടു. ഏറെനേരം മുറി നിറഞ്ഞുനിന്ന നിശ്വാസങ്ങള്‍ക്കിടയില്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നു,ഓരോ ആത്മഹത്യയും അവനവനോട് തന്നെയുള്ള വലിയ കുമ്പസാരങ്ങളാണ് മാത്യൂസ്. അവര്‍ക്ക് പശ്ചാത്താപം തീരെയില്ലായിരുന്നു.. അതുകൊണ്ട് ഞാനവരെ കൊന്നു. പക്ഷെ എനിക്ക്, എനിക്ക് വെറുതേയങ്ങ് മരിക്കുന്നത് ഇഷ്ടമേയല്ല മാത്യൂസ്. നിനക്കറിയാമോ എനിക്കെന്താണിഷ്ടമെന്ന്? എനിക്ക്.. എനിക്ക്.. എന്റെ മനസ്സും ശരീരവും ഒരുപോലെ ആഗ്രഹിക്കുന്ന ഒരാളോടൊപ്പം മരിച്ചുകിടക്കണം. ഈ  മഴത്തുള്ളികള്‍ പുതച്ചു വഴിവക്കില്‍ വീണു മരിച്ചുകിടക്കുന്ന വാകപ്പൂക്കള്‍ കണ്ടിട്ടില്ലേ. എവിടെക്കാണാനല്ലേ. നീയതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ലാന്നെനിക്കറിയാം. എന്തായാലും അങ്ങനെയൊക്കെയുണ്ട് പലതും, നമുക്ക് ചുറ്റും. അതുപോലെ, ഒരു പൂ പോലെ മരിച്ചുകിടക്കണം.. ദേ.. നോക്കിയേ, ഈ വീനസ് ഫ്‌ളൈ ട്രാപ് വീണ്ടും വിടരുന്നുണ്ട്.. അടുത്ത ഇര പിടിക്കാനാണ്. വിശപ്പിന്റെ ആശാത്തിയാണ്..

 

മലയാളത്തിലെ ഏറ്റവും മികച്ച കഥകള്‍ 
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios