Asianet News MalayalamAsianet News Malayalam

മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരേക്കുറിച്ച്, വിവേക് ചന്ദ്രന്‍ എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് വിവേക് ചന്ദ്രന്‍ എഴുതിയ കഥ. മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരേക്കുറിച്ച്

malayalam short story by vivek chandran
Author
Thiruvananthapuram, First Published Jan 21, 2021, 2:58 PM IST

നാം ജീവിക്കുന്ന ലോകത്ത്, നമ്മളുരുകുന്ന അതേ കാലത്ത് ജീവിക്കുന്നൊരാള്‍, നാമറിയാതെ ചെന്നുപറ്റുന്ന അതീന്ദ്രിയ ദേശങ്ങളാണ് വിവേക് ചന്ദ്രന്റെ ആഖ്യാനഇടങ്ങള്‍. നാം കാണാത്ത കാഴ്ചകള്‍ അയാളുടെ കണ്ണിലെ മോണിറ്ററില്‍ മാത്രം തെളിയുന്നു. നമുക്ക് കേള്‍ക്കാനാവാത്ത ആവൃത്തികളിലുള്ള ശബ്ദങ്ങള്‍ അയാളുടെ കാതകത്ത് കൂട്ടിരിക്കുന്നു. നമ്മുടെ മൂക്കുകള്‍ക്ക് പിടി തരാത്ത ഗന്ധങ്ങള്‍ അയാളെ വലയം ചെയ്യുന്നു. അങ്ങനെയൊരാളെക്കുറിച്ച് പറയാന്‍ പുതിയ കാലം നമുക്കൊരു വിശേഷണ പദം തന്നിട്ടുണ്ട്, 'കിളി പോയൊരാള്‍'. എന്നാല്‍, നാം കളിചിരിയോടെ പറയുന്ന മുറയ്ക്ക് പറന്നുപോവുന്ന ഒന്നല്ല 'വിവേകിന്റെ കിളി'. അതിന് യുക്തിയുടെയും ചിന്തയുടെയും സവിശേഷമായ കരുത്തുണ്ട്. മണ്ണുറപ്പുണ്ട്. അതുകൊണ്ടാണ്, 'കിളിപോയ' മനുഷ്യര്‍ക്കു മാത്രം കാണാനാവുന്ന ഭ്രമാത്കതയുടെയും മാന്ത്രികതയുടെയും അപരലോകങ്ങളെക്കുറിച്ച് നമ്മോട് സൂക്ഷ്മമായും കണിശമായും പറയാന്‍ അയാള്‍ക്ക് കഴിയുന്നത്. അയാളുടെ കഥകള്‍ വായിക്കുമ്പോള്‍ നമ്മുടെ കിളികളും അല്‍പ്പനേരത്തേക്ക് ആകാശംതൊട്ടു മടങ്ങിവരുന്നത്.

പല കാലങ്ങളുടെ കഥത്തീവണ്ടികള്‍ പാഞ്ഞുപോയിട്ടും മലയാളി അനുഭവിക്കാത്ത ഭാവനയുടെ, വിഭ്രമാത്മകതയുടെ മാന്ത്രിക പരിസരങ്ങളാണ് വളരെച്ചുരുക്കം കഥകളിലൂടെ വിവേക് പങ്കുവെയ്ക്കുന്നത്. പ്രമേയസ്വീകരണത്തിലെ അസാധാരണത്വം, ആഖ്യാനത്തിലെ അതിസൂക്ഷ്മത, ഭാഷയുടെയും ശില്‍പ്പത്തിന്റെയും തികവ്, യാഥാര്‍ത്ഥ്യത്തെയും അയഥാര്‍ത്ഥ്യത്തെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അടിമറച്ചുകളയുന്ന സമയ,കാല ബോധം എന്നിങ്ങനെ പല ചേരുവകള്‍ ചേര്‍ന്നാണ് ആ കഥയെ നമ്മുടെ കാലത്തെക്കുറിച്ചെടുത്ത അന്തംവിട്ട സിനിമയോടുന്ന തിരശ്ശീലയാക്കുന്നത്. ഫിക്ഷനു മാത്രം അനുഭവിപ്പിക്കാന്‍ കഴിയുന്ന അപരലോകങ്ങളുടെ നിര്‍മ്മിതിയായി ആ കഥാലോകത്തെ മാറ്റുന്നത്. കാമനകളുടെയും ചോദനകളുടെയും നമുക്കൊട്ടും പരിചയമില്ലാത്ത സങ്കീര്‍ണ്ണ, ആന്തരിക ഇടങ്ങളിലേക്ക് വായനക്കാരെ വലിച്ചെറിയുന്നത്. അയാളുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന അന്തമറ്റ ഏകാന്തതയുടെ ഗുഹാവാടങ്ങളിലേക്ക് ഏകാന്തതടവുകള്‍ക്കയക്കുന്നത്. കഥപറച്ചിലുകള്‍ കൊണ്ട് വിവേക് ചന്ദ്രന്‍ പറത്തുന്നത് റിയലിസത്തിന്റെ കേവലയുക്തികള്‍ കൊണ്ട് നമ്മുടെ ഫിക്ഷന്‍ തീര്‍ത്ത 'കിളികളെ' അപ്പാടെയാണ്.

 

malayalam short story by vivek chandran

 

പ്രഭാതത്തില്‍ മഴയൊന്ന് തോര്‍ന്ന ചെറിയ ഇടവേളയിലാണ് ഞാന്‍ നാഷണല്‍ അക്കാദമിയുടെ മതില്‍ക്കെട്ടിനു മുന്നില്‍ ബസ്സിറങ്ങുന്നത്. എട്ടുമണി കഴിഞ്ഞിട്ടും മരച്ചില്ലകളില്‍ നിന്നും വെയിലിറങ്ങിവരാതെ തളര്‍ന്നുപോയൊരു പകലായിരുന്നു അത്. അക്കാദമിയുടെ ഗെയിറ്റില്‍ നില്‍ക്കുന്ന സെക്യൂരിറ്റി പരിചയഭാവത്തില്‍ ചിരിച്ചുവെങ്കിലും അടുത്ത നിമിഷം അബദ്ധം മനസ്സിലാക്കി തലതാഴ്ത്തിനിന്നു. ഞാനയാളുടെ തോളില്‍ 'അത് സാരമില്ലെ'ന്ന് തട്ടി പതിയെ കറുത്ത് തിളങ്ങുന്ന ടാര്‍ നിരത്തിലൂടെ നടന്നുതുടങ്ങി.ഇതിപ്പോള്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അക്കാദമിയില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ പകലുകളിലായി പെയ്ത മഴയില്‍ അശോകമരങ്ങളുടെ മറവില്‍ നില്‍ക്കുന്ന ക്ലാസ്സ്‌റൂം കെട്ടിടങ്ങളൊക്കെ ഒന്നുകൂടി നിറംമങ്ങിയിരിക്കുന്നു.

നിറയെ ജാമുന്‍ മരങ്ങളുള്ള മൈതാനം ചുറ്റിപ്പോകുന്ന വിജനമായ നിരത്തിലെത്തിയപ്പോഴേക്കും അറിയാതെ കണ്ണുനിറഞ്ഞു. അക്കാദമിയില്‍ നിന്നും ക്ലാസ്സുകഴിഞ്ഞ് രാധികയോടൊപ്പം പഴുത്ത ജാമുന്‍ കറ ഒട്ടുന്ന ചെരുപ്പുകളുമായി ക്വാര്‍ട്ടേഴ്‌സിലേക്ക് നടക്കാറുള്ള വഴിയായിരുന്നു അത്. പാതയോരത്ത് റിബ്ബണുകള്‍ പോലെ വിടര്‍ന്നുകിടന്ന നീളന്‍പുല്ലുകള്‍ക്കിടയില്‍ തങ്ങിനിന്നിരുന്ന ജാമുന്‍ പഴങ്ങള്‍ ചിലപ്പോഴൊക്കെ രാധികപെറുക്കിയെടുത്ത് ലാപ്‌ടോപ്പ് ബാഗില്‍ സൂക്ഷിക്കുമായിരുന്നു. 

''മടിക്കേരിയിലെ വീടിനുമുന്നിലുള്ള ജാമുന്‍ മരത്തിന്റെ കൊമ്പില്‍ തൂങ്ങിയാണ് അമ്മ ആത്മഹത്യ ചെയ്തത്'',ഒരിക്കല്‍ ഫ്രിഡ്ജിലെ മില്‍ക്ക് ട്രേയിലേക്ക് അന്ന് വീണുകിട്ടിയ ജാമുന്‍ പഴങ്ങള്‍ കുടഞ്ഞിടുന്നതിനിടയില്‍ അവള്‍ പറഞ്ഞു.

''അന്ന് കാലത്ത് ഞാന്‍ സ്‌കൂളിലേക്കിറങ്ങുമ്പോള്‍ അമ്മ പിന്‍മുറ്റത്തെ അടുപ്പിനരികില്‍ പലകയിട്ടിരുന്ന് അക്കിറൊട്ടി ചുടുകയായിരുന്നു. അപ്പോഴൊക്കെ അമ്മയില്‍ നിന്നും വല്ലാത്തൊരു മണം പ്രസരിച്ചിരുന്നു. മരിച്ചുതുടങ്ങുന്ന മനുഷ്യര്‍ അങ്ങനെയാണ്, ആകാവുന്നത്രയും തീക്ഷണമായി സ്വയം പ്രകാശിക്കും. മരത്തില്‍നിന്നും കയറഴിച്ച് അമ്മയെ നിലത്തിറക്കിക്കിടത്തിയപ്പോഴേക്കും മുറ്റത്ത് നിറയെ കറുത്ത നക്ഷത്രങ്ങള്‍ പോലെ ജാമുന്‍ പഴങ്ങള്‍ !''

 

............................................

മരത്തില്‍നിന്നും കയറഴിച്ച് അമ്മയെ നിലത്തിറക്കിക്കിടത്തിയപ്പോഴേക്കും മുറ്റത്ത് നിറയെ കറുത്ത നക്ഷത്രങ്ങള്‍ പോലെ ജാമുന്‍ പഴങ്ങള്‍ !''

malayalam short story by vivek chandran

 

മൈതാനത്തിന്റെ പടവുകളില്‍ ഷൂട്ടിംഗ് കിറ്റുമായി ഊഴം കാത്തിരുന്ന പുതിയ ബാച്ചിലെ കേഡറ്റുകള്‍ അകലെ നിന്നും എന്നെ കണ്ടതും സംസാരം നിര്‍ത്തി എഴുന്നേറ്റു നിന്നു.

''കണ്ടോളന്‍സസ് സര്‍''

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് കണ്ടുപരിചയമുള്ള മുഖങ്ങളാണ് പലതും, രാധികയുടെ കുട്ടികള്‍. ആ കൂട്ടത്തിലെ ഉയരമുള്ള പെണ്‍കുട്ടി അല്‍പ്പം മടിയോടെ ചോദിച്ചു,

''സമീര്‍ സര്‍, രാധിക മേമിന്റെ പാവവീടുകള്‍ ഇനി സിലബസ്സിലുണ്ടാവില്ലേ ?''     

പതിമൂന്നുവര്‍ഷത്തിലേറെയായി രാധിക അക്കാദമിയില്‍ 'ക്രൈം സീന്‍ അനാലിസിസ്' പഠിപ്പിക്കുന്നു.അവള്‍ ലെക്ച്ചറിന്റെ ഭാഗമായി 'പാവവീടു'കള്‍ എന്നുവിളിക്കുന്ന മരണം നടന്ന മുറിയുടെ ചെറുമാതൃകകള്‍ ഉപയോഗിച്ചിരുന്നു. ഈ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ നല്ലൊരു പങ്കും തെളിയാതെ പോകുന്നത് മരണം നടന്ന മുറിയില്‍ ആദ്യം പരിശോധനയ്‌ക്കെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധപ്പിഴവുമൂലമാണെന്നാണ് രാധിക പറയാറ്. മനുഷ്യരെപ്പോലെത്തന്നെ നമ്മള്‍ ജീവിക്കുന്ന ഇടങ്ങള്‍ക്കും കഥ പറയാനിഷ്ടമാണ്, ഒരു കൊലപാതകം നടന്ന പരിസരത്തേക്കാള്‍ ശക്തയായൊരു ഒന്നാം സാക്ഷി ഒരു കേസിന് കിട്ടാനില്ലെന്ന് അവള്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. 

ഒരു വിചിത്രമായ സംഭവം നടന്ന ചുറ്റുപാട് അത് കാണാന്‍ വരുന്ന ഓരോ മനുഷ്യനോടും അവിടെയുണ്ടായ കാര്യങ്ങള്‍ വിവരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. നല്ല ക്ഷമയുള്ള കാഴ്ച്ചക്കാരനുമായി അത് വേഗത്തില്‍ ചങ്ങാത്തത്തിലാവുമെന്നും ഏറെ നേരം സംവാദത്തിലേര്‍പ്പെടുമെന്നും അവള്‍ കരുതിപ്പോന്നു. പക്ഷെ ഇങ്ങനെയൊരാശയം അന്വേഷണത്തില്‍ ഒട്ടുംതന്നെ മുന്‍പരിചയമില്ലാത്ത അക്കാദമിയിലെ ട്രെയിനികള്‍ക്ക് വിവരിച്ചുകൊടുക്കാന്‍ രാധിക വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

''ട്രെയിനികളില്‍ അന്വേഷണത്തിനുള്ള വാസനയുണ്ടാക്കിയെടുക്കുകയല്ലേ ആത്യന്തികമായി ക്ലാസിന്റെ ഉദ്ദേശം? ഇപ്പൊ ഒരു മരണം നടന്ന മുറിയുടെ മാതൃക നമ്മള്‍ കൃത്രിമമായുണ്ടാക്കി ഇവരുടെ മുന്നില്‍വെച്ചെന്ന് കരുതുക. നീയീ പറയുന്ന തിയറി ഒന്നും മനസ്സിലായില്ലെങ്കില്‍ കൂടി അവരില്‍ ചിലരെങ്കിലും ചുറ്റുപാടിനെ നിശ്ശബ്മായി ചോദ്യം ചെയ്ത് കേസു തെളിയിക്കാന്‍ വേണ്ട സൂചനകള്‍ കണ്ടെടുത്തെന്നിരിക്കും.'' 

ഞാനത് പറയുമ്പോള്‍ രാധികയുടെ മുഖത്ത് ചിരി വിടര്‍ന്നുവന്നു. അന്നുമുതല്‍ അവള്‍ മരണം നടന്ന മുറിയുടെ മാതൃക കൃത്രിമമായി നിര്‍മ്മിക്കാനായി ഒന്‍പതുമാസത്തെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചു.

ആദ്യത്തെ ഒരാഴ്ചകൊണ്ട് തന്നെ രാധിക ട്രെയിനികളുടെ സഹായത്തോടെ അക്കാദമിയുടെ ആര്‍ക്കൈവ്‌സില്‍ നിന്നും വര്‍ഷങ്ങളായി തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരു വിചിത്രസ്വഭാവമുള്ള കൊലപാതകക്കേസ് തപ്പിയെടുത്തു.ഒരു തണുത്ത പ്രഭാതത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലുള്ള നവകുഞ്ച് അപ്പാര്‍ട്ടുമെന്റ്‌സിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ സ്വപ്ന തിലകന്‍ എന്ന് പേരുള്ള മലയാളി നേഴ്‌സും അവരുടെ നാലുവയസ്സുകാരി മകളും മരിച്ചനിലയില്‍ കാണപ്പെട്ടതായിരുന്നു കേസ്. രാധിക ദിവസങ്ങളെടുത്ത് ആ കേസിന്റെ സാധ്യതകള്‍ പഠിച്ചു, പിന്നെ എഫ്.ഐ.ആറിലുള്ള നിറം മങ്ങിയ പടങ്ങളില്‍ നിന്നും പരിചയമുള്ളൊരു ശില്‍പ്പിയുടെ സഹായത്തോടെ സംഭവത്തിന്റെ ത്രിമാനചിത്രം വികസിപ്പിച്ചെടുത്തു.

 

.............................................

ഈ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ നല്ലൊരു പങ്കും തെളിയാതെ പോകുന്നത് മരണം നടന്ന മുറിയില്‍ ആദ്യം പരിശോധനയ്‌ക്കെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധപ്പിഴവുമൂലമാണെന്നാണ് രാധിക പറയാറ്.

malayalam short story by vivek chandran

Image courtesy: Pixabay

 

നിര്‍മ്മിക്കാന്‍ പോകുന്ന മാതൃകയ്ക്ക് ഒരു മേശപ്പുറത്ത് ഒതുങ്ങി നില്‍ക്കാവുന്ന വലിപ്പമേ പാടുള്ളൂ എന്നൊരു ധാരണ രാധികയ്ക്ക് ആദ്യമേ ഉണ്ടായിരുന്നു. പിന്നെ വന്ന ദിവസങ്ങളില്‍ അവള്‍ കൈയ്യുളി കൊണ്ട് മുള മിനുക്കി ചിത്രത്തിലുള്ളത് പോലെയുള്ള വാതിലുകളും, മേശയും, കസേരകളും നിര്‍മ്മിച്ചു, ചില്ലുപാളികള്‍ മുറിച്ചെടുത്ത് ജനല്‍ച്ചട്ടം പൂരിപ്പിച്ചു, കൈപ്പിടി നിറയെ പഞ്ഞി നിറച്ച് കുഞ്ഞുമൃതദേഹങ്ങള്‍ തുന്നി. ചുമരില്‍ തെറിച്ച ചോരത്തുള്ളികളും ജാലകവിരികളില്‍ പതിഞ്ഞ കുഞ്ഞിന്റെ കൈവിരല്‍പ്പാടുകളും കൂടി സൂക്ഷ്മതയോടെ പകര്‍ത്തിയതോടെ കിഴക്കന്‍ ഡല്‍ഹിയിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്ന ആ അമ്മയുടെയും മകളുടെയും ആയുസ്സിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസം രാധികയുടെ മേശപ്പുറത്ത് അതുപോലെ പുനര്‍ജ്ജനിച്ചുവന്നു.

ആദ്യത്തെ പാവവീടിന്റെ പണികഴിഞ്ഞ ദിവസം രാധിക ചോര ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു. അക്കാദമിയുടെ ഹെല്‍ത്ത് സെന്ററില്‍ ഒരു പകലുമുഴുവന്‍ അവള്‍ മയങ്ങിക്കിടന്നു. മയക്കത്തിലുടനീളം അവള്‍ ഊണുമേശയിലെ തളംകെട്ടിയ ചോരയിലേക്ക് തലചായ്ച്ചുവെച്ച് മരിച്ചുകൊണ്ടിരിക്കുന്ന സ്വപ്ന തിലകന്‍ എന്ന മലയാളി നേഴ്‌സിനെ സ്വപ്നംകണ്ടു. ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയതുമുതല്‍ അവള്‍ വലിയ കറുത്ത കണ്ണട ധരിച്ചു തുടങ്ങി. ലീവ് അവസാനിച്ചിട്ടും അവള്‍ പകല്‍ മുഴുവന്‍ കട്ടിയുള്ള സ്വെറ്റര്‍ ധരിച്ച് ബാല്‍ക്കണിയിലെ ചെടിച്ചട്ടികള്‍ക്കിടയിലുള്ള ഇത്തിരിവിടവില്‍ കൂനിക്കൂടിയിരുന്നു. എണ്ണിയാലൊടുങ്ങാത്ത ദുര്‍മ്മരണങ്ങളുടെ ചോരയില്‍ നിന്നും ഉയിര്‍ത്തുവന്ന തുമ്പികള്‍ അവളുടെ തലയ്ക്കകത്ത് നിരന്തരം പാറി. അക്രിലിക്ക് പശയുടെയും ചായത്തിന്റെയും മണം തങ്ങിനിന്ന വിരലുകള്‍ അവള്‍ ദിവസത്തിലുടനീളം കഴുകിക്കൊണ്ടിരുന്നു. പകല്‍ മുഴുവന്‍ നീറി സന്ധ്യയോടെ കരിഞ്ഞുപോകുന്ന ചെറിയ മുറിവുകള്‍ ആയിടയ്ക്ക് പതിവായി അവളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. 

വൈകാതെ രാധികയുടെ ആദ്യത്തെ പാവവീടിന് അക്കാദമി അംഗീകാരം നല്‍കി അത് സിലബസ്സില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കൊടുത്തു. അതവളില്‍ വല്ലാത്തൊരു തെളിച്ചമുണ്ടാക്കി. പതിയെ അവളെത്തേടി വീണ്ടും ആര്‍ക്കൈവ്‌സ് ഡിവിഷനില്‍ നിന്നും ചുവന്ന പുറംചട്ടയുള്ള പഴയ കേസ് ഡയറികള്‍ വന്നുതുടങ്ങി. അങ്ങനെ പന്ത്രണ്ട് പാവവീടുകള്‍ കൂടി പിന്നെ വന്ന വര്‍ഷങ്ങളില്‍ അവള്‍ നിര്‍മ്മിച്ചു. മുറ്റത്ത് പറങ്കിമാവുകളുടെ ഇലച്ചാര്‍ത്തുകള്‍ വീണുകിടക്കുന്ന ലീഗല്‍ മെഡിസിന്‍ വിഭാഗത്തിന്റെ കെട്ടിടത്തില്‍ രാധികയുടെ ചേമ്പറിനു തൊട്ടുള്ള ജാലകങ്ങളില്ലാത്ത തണുത്ത മുറിയില്‍ ജീവന്‍ മിടിയ്ക്കുന്ന പതിമൂന്ന് പാവവീടുകള്‍ നിരത്തിവെച്ച് പ്രദര്‍ശിപ്പിച്ചുതുടങ്ങി.

''ചേമ്പറിന്റെ ചുവരില്‍ ചെവി ചേര്‍ത്തുവെച്ചാല്‍ ഇപ്പോഴെനിക്ക് മരിച്ചു തുടങ്ങുന്ന മനുഷ്യരുടെ കരച്ചില്‍ കേള്‍ക്കാം സമീര്‍.''

ഞാനവളെ മടിയില്‍ കിടത്തി നെറ്റിയിലേക്ക് വീണുകിടക്കുന്ന നരച്ച മുടിയിഴകളില്‍ തലോടി.

''രാത്രി സ്വപ്നത്തില്‍ അമ്മ വരാറുണ്ട്. അമ്മയുടേത് പടുമരണമായിരുന്നു.''

''അമ്മയേക്കുറിച്ചും മടിക്കേരിയിലെ വീടിനേക്കുറിച്ചും ഒക്കെ ഒരിക്കലെന്നോട് വിശദമായി പറയണം. സത്യത്തില്‍ നീ അക്കാദമിയിലെത്തി നമ്മള്‍ കണ്ടുമുട്ടിയത് മുതലുള്ള കാര്യങ്ങളെ ഇപ്പോഴും എനിക്ക് അറിയുള്ളൂ.''   
 
ഞാനത് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് രാധിക മരിക്കുന്നത്. 

''സമീര്‍ സര്‍, ആര്‍ യു ആള്‍റൈറ്റ് ?''

പൊടുന്നനെയുള്ള വിളികേട്ട് ഞാന്‍ ഞെട്ടി തലയുയര്‍ത്തി. ഷൂട്ടിംഗ് കിറ്റും തോളത്തിട്ട് അമ്പരപ്പോടെ എന്നെ നോക്കിക്കൊണ്ടുനില്‍ക്കുന്ന ഒരുപറ്റം ട്രെയിനികള്‍ക്കിടയിലായിരുന്നു ഞാനപ്പോള്‍, സമയം എത്രയോ കഴിഞ്ഞു കാണണം.

''അയാം ഗുഡ്. നടക്കട്ടെ, തിരക്കുണ്ട്''     
 
''ജയ്ഹിന്ദ് സര്‍''

''ജയ്ഹിന്ദ്''

ഞാന്‍ തിടുക്കത്തില്‍ മൈതാനത്തിന്റെ അതിര്‍ത്തിയിലെ വിക്കറ്റ് ഗെയിറ്റും കടന്ന് ക്വാര്‍ട്ടേഴ്‌സുകള്‍ നില്‍ക്കുന്ന നെടുമ്പാതയിലേക്ക് നടന്നുകയറി. ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ വഴുക്കുന്ന മേല്‍ക്കൂരകളിലിരുന്ന് ആ നേരത്തും പ്രാവുകള്‍ മഴ നനഞ്ഞുകൊണ്ടിരുന്നു. ഒന്നാം നിലയിലെ ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സ് മുറിയുടെ മുന്നിലെ നിരപ്പല്ലാത്ത നിലത്ത് അഴുക്കുശീല പോലെ കനാല്‍ജലം വിരിഞ്ഞുകിടന്നിരുന്നു. മുന്‍വാതിലിലെ വഴങ്ങാത്ത പൂട്ട് സമയമെടുത്ത് തുറന്ന് പാളികള്‍ വിടര്‍ത്തിയിട്ടു. അന്നേരം വരെ അകത്ത് കെട്ടിനിന്ന ഈര്‍പ്പത്തിന്റെ പച്ചമണം പൊടുന്നനെ ബാല്‍ക്കണിയില്‍ വന്നു നിറഞ്ഞു. ദിവസങ്ങളുടെ മഴത്തണുപ്പില്‍ വീടകം മുഴുവന്‍ നേര്‍ത്ത വെളുത്ത പാട പോലെ പൂപ്പല്‍ വന്നു മൂടിയിരുന്നു. ഞായറാഴ്ച പകല്‍ ടിവി കണ്ടിരുന്ന നേരത്ത് രാധികയുടെ അരക്കെട്ടിന്റെ അളവില്‍ രൂപപ്പെട്ട സെറ്റിയിലെ കുഷ്യന്‍ചുളിവില്‍ ഞാന്‍ ഏറ്റവും സ്‌നേഹത്തോടെ കൈയ്യോടിച്ചു. രാധിക മരിക്കുന്നതിന് തൊട്ടുമുന്‍പ് അവളോടൊപ്പം ചിലവഴിച്ച വൈകുന്നേരത്തേക്കുറിച്ചാണ് അന്നേരം ഓര്‍ത്തത്.'

 

..........................................

''ഒരാള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും അവസാനമായി ഇറങ്ങിപ്പോകുന്നതിനെയാണ് മരണം എന്നുവിളിക്കുന്നത്. പിന്നെ ഞങ്ങള്‍ അച്ഛനെ കണ്ടിട്ടില്ല.''  

malayalam short story by vivek chandran

Image courtesy: Pixabay

 

പെരുമഴയില്‍ മരം കടപുഴങ്ങിവീണ് വൈദ്യുതിമുറിഞ്ഞൊരു വൈകുന്നേരമായിരുന്നു അത്. ബാല്‍ക്കണിയിലെ ചെടിച്ചട്ടികളിലായി പടര്‍ന്നുകിടക്കുന്ന കൃഷ്ണതുളസിയുടെ ചില്ലകള്‍ തണുത്ത അസ്തമയക്കാറ്റില്‍ പതിയെ ഇളകിക്കൊണ്ടിരുന്നു. എന്റെ മടിയില്‍ കിടന്നുകൊണ്ട് രാധിക ക്ഷീണിച്ച ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങി, ''ചെറുപ്പത്തില്‍ ശ്വാസംമുട്ടലുള്ള കുട്ടിയായിരുന്നു ഞാന്‍. സ്വസ്ഥമായ ഉറക്കം എനിക്ക് ഉണ്ടായിട്ടേയില്ല. രാത്രികളില്‍ തക്കംപാര്‍ത്തിരുന്ന് കഫത്തിന്റെ തണുത്ത നൂലുകള്‍ എന്റെ തൊണ്ടയില്‍ കുരുക്കിട്ടുകളയും. ഉറക്കത്തിനിടയ്ക്ക് ജീവവായുവിനു വേണ്ടി പിടഞ്ഞുകൊണ്ട് ഞാന്‍ കാണിക്കുന്ന പരാക്രമങ്ങളൊക്കെ ദിവസവും കണ്ടിരുന്നത് എന്റെ അമ്മ മാത്രമായിരുന്നു. ആ കാലത്തൊക്കെ അച്ഛന്‍ വടക്കുള്ള ഒരു കല്‍ക്കരിഖനിയില്‍ കാവല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു. അച്ഛന്‍ വര്‍ഷങ്ങളോളം ഇരുണ്ട ഭൂഗര്‍ഭഗുഹകളില്‍ നിരാശയോടെ കാവല്‍നിന്നു, രാത്രിയും പകലും ബള്‍ബിന്റെ തേന്‍വെളിച്ചത്തില്‍ തിളങ്ങിക്കിടന്ന കല്‍ക്കരിത്തുണ്ടുകളും അതില്‍ പണിയെടുക്കുന്ന കരിപിടിച്ചു വാടിയ മനുഷ്യരെയും മാത്രം കണ്ടു. വര്‍ഷങ്ങളായി പലതരം കറുപ്പുകള്‍ മാത്രം കണ്ടുശീലിച്ച അച്ഛന്റെ കൃഷ്ണമണി പതിയെ ചുരുങ്ങി ഒരു കറുത്ത തുള്ളിയായി മാറി. പൂര്‍ണ്ണമായും കാഴ്ച നശിച്ചിട്ടും അത് ആരെയും അറിയിക്കാതെ അച്ഛന്‍ മാസങ്ങളോളം ഖനിയിലെ ജോലിയില്‍ തുടര്‍ന്നു. എന്നാല്‍ പതിയെ അച്ഛന്റെ ചിന്തകള്‍ക്ക് മുകളിലും കരിക്കാറ്റ് വന്ന് മൂടി. ഖനിയില്‍ നിന്നും മോഷ്ടിക്കുന്ന കരികൊണ്ട് ''പൂവമ്മ'' എന്ന അമ്മയുടെ പേര് ഓഫീസ് ചുവരിലും കങ്കാണികളും തൊഴിലാളികളും ഉപയോഗിക്കുന്ന മൂത്രപ്പുരയിലും എഴുതിത്തുടങ്ങിയതോടെ അടുത്തുള്ള പട്ടണത്തില്‍ നിന്നും തുരുമ്പിച്ച ഒംനിവാന്‍ വന്ന് അച്ഛനെ കയറ്റിക്കൊണ്ടുപോയി. 

പലതവണ അയച്ച കത്തുകള്‍ക്കൊന്നും മറുപടി കാണാതായപ്പോഴാണ് അമ്മയും ഞാനും കൂടി തീവണ്ടികയറി ഖനിയിലെത്തി അവിടെനിന്നും അന്വേഷിച്ചുപിടിച്ച് ആ നശിച്ച ഭ്രാന്താശുപത്രിയില്‍ ചെന്നുകയറുന്നത്. തെരുവുനായ്ക്കള്‍ അലഞ്ഞുനടന്ന ഇടനാഴിയിലെ തൂണില്‍ ചങ്ങലയില്‍ കുരുങ്ങിക്കിടന്ന അച്ഛനെ കണ്ടപ്പോള്‍ പൊടുന്നനെ അമ്മയുടെ മുഖത്ത് 'ഇതിനായിരുന്നെങ്കില്‍ ശ്രമപ്പെട്ട് വരേണ്ടിയിരുന്നില്ല' എന്നൊരു ഭാവം തെളിഞ്ഞു. ഉച്ചയോടെ നാട്ടിലേക്ക് യാത്ര തുടങ്ങുന്ന തീവണ്ടിയുടെ തറയില്‍ ഞങ്ങള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.അച്ഛനെ കെട്ടാനുപയോഗിച്ചിരുന്ന ചങ്ങല അമ്മ അഴിച്ച് സഞ്ചിയിലിട്ടു പിടിച്ചിരുന്നു. ബോഗിക്കകത്ത് തിരക്ക് കൂടിയപ്പോള്‍ അമ്മ കുളിത്തോര്‍ത്തുകൊണ്ട് അച്ഛന്റെ വലതുകൈ ആളുകള്‍ പെട്ടെന്ന് ശ്രദ്ധിക്കാത്ത മട്ടില്‍ അടുത്തിരിക്കുന്ന തൂണിലേക്ക് പിടിച്ചുകെട്ടി. അച്ഛന്‍ പ്രസന്നമായ ശബ്ദത്തില്‍ ഖനിയിലേക്കിറങ്ങുന്നതിനുമുന്‍പ് തൊഴിലാളികള്‍ ചൊല്ലുന്ന പ്രാര്‍ഥന ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എനിക്കന്നേരം അച്ഛനോട് വല്ലാത്ത സ്‌നേഹം തോന്നി. ഞാന്‍ പതിയെ അച്ഛന്റെ തല ചെരിച്ച് എന്റെ മടിയില്‍ വെച്ചിട്ട് ''രാധിക'' എന്ന് ചെവിയില്‍ പറഞ്ഞു. 

അച്ഛന്‍ ആ നിമിഷം മുതല്‍ ''രാധിക'' എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് പൊടുന്നനെ ചുമ വന്നപ്പോള്‍ അച്ഛന്‍ എഴുന്നേറ്റിരുന്ന് തൂണിനോട് ചേര്‍ത്തുകെട്ടിയ കൈകൊണ്ട് വായപൊത്താന്‍ ശ്രമിച്ചു. എനിക്കപ്പോള്‍ കണ്ണുനിറഞ്ഞു, ഞാന്‍ വേഗം ഇരട്ടക്കെട്ടിന്റെ തുമ്പില്‍ വലിച്ച് കെട്ടഴിച്ചുകൊടുത്തു. ചുമയൊന്നടങ്ങിയപ്പോള്‍ അമ്മ വാശിയോടെ വീണ്ടും അച്ഛന്റെ കൈ തൂണില്‍ കെട്ടി മുകളില്‍ സാരിത്തലപ്പ് വിരിച്ചിട്ടു.

അമ്മ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പതിയെ അച്ഛന്റെ ഇടതുകൈയ്യെടുത്ത് ഇരട്ടക്കെട്ടിന്റെ തുമ്പില്‍ പിടിപ്പിച്ച് വലിപ്പിച്ചു. കെട്ടഴിഞ്ഞപ്പോള്‍ അച്ഛന്റെ മുഖത്ത് നേര്‍ത്ത ചിരി തെളിഞ്ഞു. ഞാന്‍ വീണ്ടും അച്ഛന്റെ കൈ കെട്ടി. അച്ഛന്‍ ഇടതുകൈകൊണ്ട് പരതി കെട്ടിന്റെ തുമ്പില്‍ തൊട്ടു, പിന്നെ പതിയെ വലിച്ചു. ഇത്തവണ കെട്ടഴിഞ്ഞപ്പോള്‍ അച്ഛന്‍ കൂടുതല്‍ വിടര്‍ന്നു ചിരിച്ചു. ഞാന്‍ അച്ഛന്റെ ഞരമ്പുകള്‍ പായുന്ന ചൂടുള്ള നെറ്റിയില്‍ സ്‌നേഹത്തോടെ ഉമ്മവെച്ചു. പിന്നെയും ഒരുപാട് നേരം ഞങ്ങള്‍ കെട്ടിയും അഴിച്ചും കളിച്ചു. അന്നേരമൊക്കെ തളര്‍ന്നു മുഷിഞ്ഞ മുഖത്തോടെ അമ്മ ഞങ്ങളെ നോക്കിക്കൊണ്ടിരുന്നു.  

ഇരുട്ട് പരന്നുതുടങ്ങിയതോടെ പുറംകാഴ്ചകളില്‍ നിന്നും കണ്ണെടുത്ത്   അമ്മ സഞ്ചിതുറന്ന് തുണിയില്‍ കെട്ടി സൂക്ഷിച്ച മധുരമുള്ള ഹോളിഗെ പുറത്തെടുത്തു. ഞാനത് പൊട്ടിച്ച് ചെറിയ കഷ്ണം അച്ഛന്റെ വായില്‍ വെച്ചുകൊടുത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പെന്നോ അറിഞ്ഞ രുചി പൊടുന്നനെ നാവില്‍ വന്നു തൊട്ടപ്പോള്‍ അച്ഛന്‍ കുറച്ചുനേരം കണ്ണടച്ചിരുന്നു. ഒരു ഹോളിഗെ മുഴുവനായി കഴിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനെ എഴുന്നേല്‍പ്പിച്ച് ബേസിനില്‍ കൊണ്ടുപോയി വായ കഴുകിച്ചു. ബാക്കിവന്നതൊക്കെ പങ്കിട്ടുകഴിച്ച് ഞാനും അമ്മയും ഊഴമിട്ട് പോയി കൈ കഴുകിവന്നു. അച്ഛനെ തൂണിനോട് ചേര്‍ത്ത് ഭദ്രമായി കെട്ടിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ജാലകത്തിലൂടെ പിന്നിലേക്ക് ഓടിമറയുന്ന മരങ്ങളെയും നക്ഷത്രങ്ങളെയും നോക്കിക്കൊണ്ടിരുന്നു. തീവണ്ടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലേക്ക് കയറിയപ്പോള്‍ മുഖത്തേക്ക് തണുത്ത കാറ്റ് വീശിത്തുടങ്ങി. ഇടയ്‌ക്കെപ്പോഴോ അറിയാതെ കണ്ണടഞ്ഞുപോയി.

അലറിക്കരയുന്ന അമ്മയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. ഒരു നിമിഷം തരിച്ചുനിന്ന് ഞാന്‍ ഭയത്തോടെ അച്ഛനിരുന്ന തൂണിലേക്ക് നോക്കി, അവിടെയാ കുളിത്തോര്‍ത്ത് കെട്ടഴിഞ്ഞ് കിടപ്പുണ്ടായിരുന്നു.''

അസ്തമയവെയിലില്‍ രാധികയുടെ കണ്ണുതിളങ്ങി. 

''ഒരാള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും അവസാനമായി ഇറങ്ങിപ്പോകുന്നതിനെയാണ് മരണം എന്നുവിളിക്കുന്നത്. പിന്നെ ഞങ്ങള്‍ അച്ഛനെ കണ്ടിട്ടില്ല.''  

കരഞ്ഞുകലങ്ങിയ രാധികയെ ഞാന്‍ നെഞ്ചിലേക്ക് ചേര്‍ത്തുകിടത്തി. പൊടുന്നനെ ഇരുട്ടത്തേക്ക് നീട്ടിവെച്ച കാല്‍ അവള്‍ ഞെട്ടി പിന്നോട്ടു വലിച്ചു, അടുത്ത നിമിഷം കാലിന് വല്ലാത്ത കടച്ചിലുണ്ടെന്നവള്‍ പരാതി പറഞ്ഞു. മെഴുകുതിരിവെളിച്ചത്തില്‍ വ്യക്തമായൊന്നും കാണാഞ്ഞപ്പോള്‍ ഞാന്‍ ഹെല്‍ത്ത് സെന്ററിലേക്ക വിളിച്ച് ആംബുലന്‍സിന് പറഞ്ഞു. വിഷം തീണ്ടി നീലിച്ച കാല് ഇളക്കം തട്ടാതെ ആംബുലന്‍സില്‍ നിന്നും സ്‌ട്രെച്ചറിലേക്കെടുത്ത് വെക്കുമ്പോള്‍ ഞാനവളുടെ ചെവിയില്‍ ചോദിച്ചു, 

''നീയെന്തിന ാഅന്ന് അച്ഛനെ ഇരട്ടക്കെട്ടഴിക്കാന്‍ പഠിപ്പിച്ചത് ?''

അവളെന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, പിന്നെ ചെവിയില്‍ പറഞ്ഞു.

''അവസാനമായി ഞാന്‍ കെട്ടിയത് ഇരട്ടക്കെട്ടായിരുന്നില്ല സമീര്‍, അത് ഊരാക്കുടുക്കായിരുന്നു. എനിക്കത് നല്ല ഓര്‍മ്മയുണ്ട്.''

''അപ്പോള്‍ നീയെന്താ പറഞ്ഞുവരുന്നത് ?''

''ഇത്ര തിരക്കുപിടിച്ച് ഇതിപ്പോള്‍ത്തന്നെ എന്നോട് ചോദിക്കുന്നതെന്തിന്, ഞാന്‍ ജീവനോടെ മടങ്ങി വരില്ലെന്ന പേടിയുണ്ടോ നിനക്ക് ?''

അവള്‍ കുസൃതിയോടെ ചിരിച്ചു, എന്റെ തൊണ്ട വരണ്ടുപോയി. ഞാനവളുടെ നെറ്റിയില്‍ ഒരായുസ്സിന്റെ ഉമ്മവെച്ചു.   
   
''ശരി, നീ തിരിച്ചുവന്നിട്ട് പറഞ്ഞുതന്നാല്‍ മതി.''

രാധിക മരിച്ച് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ തീവണ്ടിയില്‍ നിന്നും പാതിയിലിറങ്ങിപ്പോയ അവളുടെ അച്ഛനേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു.

അന്ന് രാത്രിയില്‍ ബാല്‍ക്കണിയിലിരുന്ന് രാധിക എനിക്കുമുന്നില്‍ വാക്കുകള്‍കൊണ്ട് അവളുടെ അവസാനത്തെ പാവവീട് നിര്‍മ്മിക്കുകയായിരുന്നു എന്നെനിക്കപ്പോള്‍ തോന്നി. അന്നേരം ബാല്‍ക്കണിയിലെ ചെടിച്ചട്ടികള്‍ക്കിടയിലുള്ള ഇത്തിരിവിടവില്‍ ഒരു നിഴലനങ്ങുന്നത് പോലെ തോന്നി. ഞാന്‍ തിടുക്കത്തില്‍ ജാമുന്‍ കറ വീണ ചെരുപ്പില്‍ കാല്‍കടത്തി എഴുന്നേറ്റു. നടന്നുതുടങ്ങിയപ്പോള്‍ ചോരയില്‍ ചവിട്ടിയതുപോലെ പോലെ എന്റെ കാലുകള്‍ ഒട്ടുന്നുണ്ടായിരുന്നു. 

 

....................................

Read more: വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
 

Follow Us:
Download App:
  • android
  • ios