ആള്‍ ഒരു തടിയന്‍ പുസ്തകം തന്നു. കിടിലന്‍ ടൈറ്റിലാണ്. അന്തര്‍ദേശീയ പ്രസാധകരും. ഇന്ത്യയിലെ സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ചുള്ള വലിയ പുസ്തകമാണ്. പലതും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍. കണ്ണു മിഴിച്ചു . പ്രസാധകന്‍ അതിന്റെ അവസാനമായി ചേര്‍ത്തിരിക്കുന്ന അനുബന്ധം നിവര്‍ത്തി കാണിച്ചു. കണ്ണു തള്ളി . സ്വവര്‍ഗ്ഗാനുരാഗികളായ പെണ്ണുങ്ങളുടെ അനുഭവങ്ങളാണ്.  ഇതാണു മലയാളപ്പെടുത്തേണ്ടത്. പദാനുപദമൊന്നും വേണ്ട. വിത്സന്റെ ഭാവന ചേര്‍ക്കുകയുമാവാം. പ്രസ്സില്‍ നിന്നുള്ള ഒരു വശം അച്ചടിച്ച ഒരു കെട്ട് പേപ്പറും കൂടി തന്നു പ്രസാധകന്‍ .

 

കുഴൂര്‍  വില്‍സന്‍

1999 ലാണു സംഭവം. അപ്പന്‍ മരിച്ച വര്‍ഷം. 'ഉറക്കം ഒരു കന്യാസ്ത്രീ'യെന്ന ആദ്യപുസ്തകം ഇറങ്ങിയിട്ടുണ്ട്. കവിയെന്ന ലേബല്‍ ചെറുതായി പതിഞ്ഞ് കിട്ടിയിട്ടുണ്ട്. ചന്ദ്രികയിലെ ട്രെയിനിംഗ് കാലം കഴിഞ്ഞ് ജോലി തിരഞ്ഞ് കൊച്ചിയില്‍ നടക്കുന്ന കാലമാണ്. 

അപ്പന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍. ശ്വാസം മുട്ട്. ഇടയ്‌ക്കേ വരൂ. അല്ലാത്തപ്പോള്‍ ഒക്കെ അപ്പന്‍ നമ്മളേക്കാള്‍ നോര്‍മ്മല്‍. മുറിയില്‍ ടിവിയും ഉണ്ട്. കൂട്ട് ഇരിക്കാന്‍ ചെല്ലുന്നവര്‍ക്ക് കാര്യമായ പണികളൊന്നുമില്ല. ഭക്ഷണം എടുത്ത് കൊടുക്കണം. മരുന്നും. അല്ലാത്ത സമയം അപ്പന്‍ കിടക്കുകയോ ടി വി കാണുകയോ ചെയ്യും. 

പ്രസാധകന്റെ പേരിപ്പോള്‍ പറയുന്നില്ല. അന്നൊക്കെ മസാല കലര്‍ത്തിയ പുസ്തകങ്ങള്‍ക്ക് നല്ല ഡിമാന്റുള്ള സമയമാണ് . വിവര്‍ത്തനം ചെയ്തും അല്ലാതെയും ഇക്കിളിപ്പുസ്തകങ്ങള്‍ ധാരാളം വില്‍ക്കപ്പെടുന്ന കാലം. ഒരു പ്രസാധകന്‍ പറഞ്ഞു. വിത്സനിപ്പോള്‍ പണിയൊന്നുമില്ലല്ലോ. ഇതൊന്ന് വിവര്‍ത്തനം ചെയ്ത് തരുമോ. വശമില്ലാത്ത പണിയാണ്. എന്നാലും  നോക്കാമെന്ന് പറഞ്ഞു. 

ആള്‍ ഒരു തടിയന്‍ പുസ്തകം തന്നു. കിടിലന്‍ ടൈറ്റിലാണ്. അന്തര്‍ദേശീയ പ്രസാധകരും. ഇന്ത്യയിലെ സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ചുള്ള വലിയ പുസ്തകമാണ്. പലതും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍. കണ്ണു മിഴിച്ചു . പ്രസാധകന്‍ അതിന്റെ അവസാനമായി ചേര്‍ത്തിരിക്കുന്ന അനുബന്ധം നിവര്‍ത്തി കാണിച്ചു. കണ്ണു തള്ളി . സ്വവര്‍ഗ്ഗാനുരാഗികളായ പെണ്ണുങ്ങളുടെ അനുഭവങ്ങളാണ്.  ഇതാണു മലയാളപ്പെടുത്തേണ്ടത്. പദാനുപദമൊന്നും വേണ്ട. വിത്സന്റെ ഭാവന ചേര്‍ക്കുകയുമാവാം. പ്രസ്സില്‍ നിന്നുള്ള ഒരു വശം അച്ചടിച്ച ഒരു കെട്ട് പേപ്പറും കൂടി തന്നു പ്രസാധകന്‍ .

കാപ്പിക്കാശ് കിട്ടുമല്ലോ എന്നോര്‍ത്ത് പണി തുടങ്ങി. അതിനിടയിലാണു അപ്പന്റെ ആശുപത്രി വാസം. പണിയില്ലാത്ത എനിക്ക് കൂട്ടിരിക്കാന്‍  ക്വട്ടേഷന്‍ വീണു. എഴുതാനുണ്ട്. ഞാന്‍ പറഞ്ഞു. അവിടെയും പറ്റുമല്ലോ എന്നായി വീട്ടുകാര്‍. 

 

ഉറക്കം ഒരു കന്യാസ്ത്രീ. കുഴൂര്‍  വില്‍സന്റെ ആദ്യ പുസ്തകത്തിന്‌രണ്ട് കാലങ്ങളില്‍ ഇറങ്ങിയ രണ്ട് പതിപ്പുകളുടെ കവര്‍ ചിത്രങ്ങള്‍.

ഇക്കിളി മസാലയിലേക്ക് പരുവപ്പെടുത്തിയ കുറച്ച് വിവര്‍ത്തനം കൂടെ കൂട്ടി ലിറ്റില്‍ ഫ്‌ലവറിലെത്തി. അവിടെ മറ്റ് പണികളൊന്നുമില്ല. എഴുത്തോടെഴുത്താണ്. ഇടയ്ക്ക് സിഗരറ്റ് വലിക്കാന്‍ പുറത്ത് പോകും. അപ്പോഴെല്ലാം സ്ഥാവര ജംഗമ വസ്തുക്കള്‍ ഒളിപ്പിച്ചിട്ടാണു പുറപ്പാട്. 

ഇടയ്ക്ക് അപ്പനു മരുന്ന് കൊടുക്കാന്‍ വരുന്ന നഴ്‌സ് കുട്ടികള്‍ കൗതുകത്തോടെ ഈ അന്യഗ്രഹജീവിയെ നോക്കും. ജേര്‍ണലിസം കഴിഞ്ഞ, പുസ്തകം ഒന്ന് പ്രസിദ്ധീകരിച്ച യൗവന ആരംഭക്കാരന്‍ പലപ്പോഴും അവരോട് ബലം പിടിച്ചിരിക്കും .

അങ്ങനെയിയിരിക്കെ ബന്ധുക്കളില്‍ ആരോ അപ്പനെ കാണാന്‍ വന്നു. മുറിയിലേക്കുള്ള വഴി അറിയില്ല. ഞാനവരെ കൂട്ടാന്‍ താഴേക്ക് പോയി. പോകുന്നതിനിടയില്‍ നമ്മുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ മറന്ന് പോയി.

തിരിച്ച് മുറിയിലെത്തുമ്പോള്‍ രണ്ട് നഴ്‌സ് കുഞ്ഞുങ്ങള്‍ മലയാളത്തിന്റെ ആക്രാന്തത്തിലേക്ക് പരിഭാഷപ്പെട്ട ആ പേജുകള്‍ മറിക്കുകയാണു കൂട്ടരേ, മറിക്കുകയാണ്.  

ഹോ, നിന്ന നില്‍പ്പില്‍ ലോകം അവസാനിച്ചെങ്കിലെന്ന് ആദ്യമായി തോന്നിയത് അന്നാകണം. അന്ന് തന്നെയാകണം. 

 

കുഴൂര്‍ വില്‍സന്‍. അക്കാലത്തെ ചിത്രങ്ങള്‍
 

അന്നത്തെ ഭാവനകള്‍ രതിയുടെ രണ്ട് മന്ദാരപുഷ്പ്പങ്ങള്‍ എന്ന പേരില്‍ ഇറങ്ങി എന്നറിഞ്ഞു. അപ്പോഴേക്കും നാട് വിട്ടിരുന്നു. വിവര്‍ത്തനം ചെയ്തതിന്റെ കാശൊന്നും കിട്ടിയില്ല. 

ആര്‍ക്കെങ്കിലും ആ പുസ്തകം കിട്ടിയാല്‍ മാമനോടൊന്നും തോന്നല്ലേ മക്കളേ, അതെഴുതിയത് ഞാനല്ല. എന്റെ ഭാവന അങ്ങനെയല്ല.

അന്നത്തെ ആ വിവര്‍ത്തനം വായിച്ച് ബോധം മറിഞ്ഞ നഴ്‌സുമാര്‍ക്കും, ജീവിതത്തില്‍ പലപ്പോഴായി സ്‌നേഹവും കരുണയും നല്‍കിയ എല്ലാ നഴ്‌സുമാര്‍ക്കും ആദരം.