ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയ അനേകം പ്രശസ്തമായ പുസ്തകങ്ങൾ രചിച്ച മിലാൻ കുന്ദേരയുടെ ഭാഷ, കഥാപരിസരങ്ങൾ, കഥ പറച്ചിലിന്റെ രീതി തുടങ്ങി എല്ലാം എല്ലായ്പ്പോഴും വ്യത്യസ്തം തന്നെയായിരുന്നു.

മലയാളികൾക്ക് മലയാളികളേക്കാൾ പ്രിയപ്പെട്ട ചില എഴുത്തുകാരുണ്ട്. അതിലൊരാളാണ് ഇന്ന് 94 -ാമത്തെ വയസിൽ, എഴുത്തുകൾ മാത്രം ഈ ലോകത്തിന് വിട്ടുനൽകി മരണത്തിലേക്ക് നടന്നുമറഞ്ഞ വിശ്വ പ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേര. സാഹിത്യത്തെയും എഴുത്തിനെയും സ്നേഹിച്ചവരെല്ലാം മിലൻ കുന്ദേരയെയും സ്നേഹിച്ചു. അവർക്ക് അവ​ഗണിക്കാൻ സാധിക്കാത്തത്രയും കരുത്തുറ്റ എഴുത്തുകാരനായിരുന്നു അദ്ദേഹം എന്ന് സാരം. 

വിശ്വ പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു 

1929 -ൽ ചെക്കോസ്ലോവാക്യയിൽ ജനിച്ച അദ്ദേഹം 1975 മുതൽ ജീവിക്കുന്നത് ഫ്രാൻസിലാണ്. വിമർശിച്ചു എന്ന പാതകം ചുമത്തി കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തിന്റെ സൃഷ്ടികൾ സ്വന്തം നാട്ടിൽ നിരോധിച്ചു. പാർട്ടിയിൽ തിരുത്തലുകൾ വേണമെന്നാവശ്യപ്പെട്ടതിന് പലതവണ പാർട്ടി അദ്ദേഹത്തെ പുറത്താക്കി. ഒടുവിൽ, 1979 -ൽ പ്രാ​ഗ് വസന്തത്തിൽ പങ്കെടുത്തതിന് പിന്നാലെ പൗരത്വവും റദ്ദ് ചെയ്തു. അങ്ങനെയാണ് അദ്ദേഹം ഫ്രാൻസിൽ അഭയം തേടുന്നത്. പിന്നീട് അദ്ദേഹത്തിനും ഭാര്യയ്ക്കും ഫ്രഞ്ച് സർക്കാർ പൗരത്വം നൽകുകയായിരുന്നു. 

എന്നാൽ, വളരെ വർഷങ്ങൾക്ക് മുമ്പ് ചെയ്ത ആ തെറ്റുകളെല്ലാം ചെക്ക് മായ്ക്കാൻ ശ്രമിച്ചത് നാല് വർഷം മുമ്പായിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ഫ്രാന്‍സിലെ അംബാസഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയ്ക്ക് അന്ന് ഒരിക്കൽ റദ്ദ് ചെയ്ത പൗരത്വം തിരികെ നൽകി. വികാരഭരിതമായി ലോകം അത് കണ്ടുനിന്നു. 

എഴുത്തിന്റെ വഴികളിൽ കുന്ദേരയ്ക്ക് പകരക്കാരനില്ല. 'ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങി'ന്റെ എഴുത്തുകാരനെന്നാണ് ചില അന്തർദേശീയ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചു കൊണ്ടുള്ള തലക്കെട്ടിലെഴുതിയത്. മിലൻ കുന്ദേരയുടെ ഏറ്റവും പ്രശസ്തമെന്ന് ലോകം വാഴ്ത്തുന്ന പുസ്തകവും ഒരുപക്ഷെ അത് തന്നെ ആവണം. 'ഉയിരടയാളങ്ങൾ' എന്ന പേരിൽ മലയാളത്തിലേക്കും പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാ​ഗ് വസന്തമായിരുന്നു ഇതിന്റെ പശ്ചാത്തലം.

ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയ അനേകം പ്രശസ്തമായ പുസ്തകങ്ങൾ രചിച്ച മിലൻ കുന്ദേരയുടെ ഭാഷ, കഥാപരിസരങ്ങൾ, കഥ പറച്ചിലിന്റെ രീതി തുടങ്ങി എല്ലാം എല്ലായ്പ്പോഴും വ്യത്യസ്തം തന്നെയായിരുന്നു. ഇനിയുമത്തരത്തിലെഴുതാൻ ഇവിടെ കുന്ദേരയില്ല. എന്നാൽ, വായിച്ചിട്ട് മറന്നു കളയാനാവാത്തത്രയുമാഴത്തിൽ ഒരുപാടെഴുതിയാണ് അദ്ദേഹം ലോകത്തോട് വിട ചൊല്ലിയിരിക്കുന്നത്.