Asianet News MalayalamAsianet News Malayalam

വയലാറിന്‍റെ ജീവിതദര്‍ശനം അന്വേഷിക്കേണ്ടത് അദ്ദേഹത്തിന്‍റെ കവിതകളിലാണ്- കവി റഫീക്ക് അഹമ്മദ് സംസാരിക്കുന്നു

വയലാറിന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹം പുരോഗമന പക്ഷത്ത് നിലയുറപ്പിച്ച ഒരു കവിയായിരുന്നു എന്നാണ്.

poet Rafeeq Ahamed remembering Vayalar Ramavarma
Author
Thiruvananthapuram, First Published Oct 27, 2019, 2:17 PM IST

സർഗ്ഗധനനായ കവി, ജനപ്രിയനായ സിനിമാ/നാടക ഗാനരചയിതാവ്- ഇതുരണ്ടുമായിരുന്നു വയലാർ എന്നറിയപ്പെട്ടിരുന്ന വയലാർ രാമവർമ്മ. മലയാള സിനിമാഗാനങ്ങളുടെ സാഹിത്യാംശമേറ്റുന്നതിൽ വയലാറിന്റെ രചനകൾ വഹിച്ച പങ്ക് ചെറുതല്ല. 1975 ഒക്ടോബർ 27 -ന്, തന്റെ നാല്പത്തെട്ടാം വയസ്സിൽ  ഒരു ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ സങ്കീർണതകളെത്തുടർന്ന് അകാലത്തിൽ ഇഹലോകവാസം വെടിയുന്നതിനു മുമ്പായി അദ്ദേഹം 1200 -ൽ പരം സിനിമാഗാനങ്ങളും ഇരുന്നൂറിലധികം നാടകഗാനങ്ങളും മലയാളികൾക്ക് സമ്മാനിച്ചിരുന്നു. 

സമകാലിക മലയാള ചലച്ചിത്രഗാനരചനയിൽ ഇന്നും കവിതയുടെ മുഗ്ദ്ധസൗന്ദര്യത്തെ ആവാഹിച്ചുപിടിക്കുന്ന അപൂർവം പാട്ടെഴുത്തുകാരിൽ ഒരാളാണ് കവി റഫീക്ക് അഹമ്മദ്. തോരാമഴ, പ്രണയമില്ലാതെയായ നാൾ തുടങ്ങിയ നിരവധി മനോഹരമായ കവിതകളിലൂടെ മലയാളികളെ സ്വാധീനിച്ചിട്ടുള്ള റഫീക്ക് അഹമ്മദ് മലയാളികൾ എന്നുമോർത്തിരിക്കുന്ന നിരവധി ചലച്ചിത്രഗാനങ്ങളും രചിച്ചിട്ടുണ്ട്. വയലാർ രാമവർമയുടെ ഗാനങ്ങളോട് മാനസികമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന റഫീക്ക് അഹമ്മദുമായി  വയലാറിന്റെ ഓർമദിവസത്തിൽ ബാബു രാമചന്ദ്രൻ നടത്തിയ അഭിമുഖം.

poet Rafeeq Ahamed remembering Vayalar Ramavarma

 'ആസക്തനായ പുരുഷന്റെ അനിരുദ്ധകാമനകളെ പാട്ടുകളിൽ പടർത്തിയ ' വയലാറിനെയാണ് കൂടുതൽ ആസ്വദിച്ചിരുന്നത് എന്ന് അങ്ങ് പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വയലാറിനെ കൂടുതൽ ഇഷ്ടപ്പെടാൻ? 

ചലച്ചിത്രഗാനങ്ങളുമായി മാത്രം ബന്ധപ്പെട്ടു നടത്തിയ ഒരു അഭിപ്രായപ്രകടനമായിരുന്നു അത്. വയലാർ - ദേവരാജൻ ടീമിന്റെ ഗാനങ്ങളിലെ മദിപ്പിക്കുന്ന യൗവ്വനോർജ്ജം വാക്കും ഈണവും ചേരുന്ന മാന്ത്രികത ഇവ അന്നത്തെ യുവതലമുറയെ മാത്രമല്ല ഇന്നത്തെ തലമുറയെക്കൂടി ത്രസിപ്പിക്കുന്നതാണ്. പുരുഷ / സ്ത്രീ കാമനകളുടെ മദഗന്ധവാഹിയായ രതിബിംബങ്ങളാൽ സമ്പന്നമാണവ.

ചില പാട്ടുകളിൽ വയലാർ തികഞ്ഞ നാസ്തികനാണ്. ഉദാ. 'ശബരിമലയിലും കല്ല്... ശക്തീശ്വരത്തും കല്ല്...' എന്ന ഗാനം. എന്നാൽ അദ്ദേഹത്തിന്റെ തന്നെ 'ഗുരുവായൂരമ്പലനടയിൽ' പോലുള്ള ചില പാട്ടുകൾ തികച്ചും ഭക്തിസാന്ദ്രവുമാണ്. ഇതിൽ ഏതാണ് ശരിക്കുള്ള വയലാർ?

വലിയ ഒരു തെറ്റിദ്ധാരണയിൽ നിന്നു വരുന്ന സന്ദേഹമാണത്. ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം പരിഗണിക്കേണ്ട ഒരു കാര്യം അവ അടിസ്ഥാനപരമായി സിനിമയുടെ കഥയ്ക്കും കഥാപാത്രത്തിനും വേണ്ടി എഴുതുന്നവ ആണെന്നതാണ്. കഥാപാത്രം നാസ്തികനോ ഭക്തനോ ദരിദ്രനോ ദുഃഖിതനോ എന്നതൊക്കെ അനുസരിച്ച് അയാളുടെ വിചാരമണ്ഡലം വെളിപ്പെടുത്തുക എന്നതാണ് ഗാനരചയിതാവിന് സിനിമയിൽ നിർവ്വഹിക്കേണ്ട കർമ്മം. കവിയായിരിക്കുമ്പോഴുള്ള ആവിഷ്കാരത്തിന്റെ സമ്പൂർണ സ്വതന്ത്രത അവിടെ കിട്ടില്ല. വയലാറിന്റെ കവിതകളിലാണ് അദ്ദേഹത്തിന്റെ ജീവിത ദർശനം അന്വേഷിക്കേണ്ടത്. അവിടെ ഒരൊറ്റ ഭക്തി കവിതയും ഞാൻ കണ്ടിട്ടില്ല.

സവർണ ബിംബങ്ങളിൽ അഭിരമിച്ചിരുന്ന കവിയാണ് വയലാർ എന്നൊരു ആക്ഷേപം പ്രദീപൻ പാമ്പിരിക്കുന്നിനെപ്പോലുള്ള വിമർശകർ ഉന്നയിച്ചിട്ടുണ്ട്. പ്രകൃതിയെപ്പോലും കണ്ടിരുന്നത് നാലുകെട്ടായിട്ടാണ്. അതിന്റെ പടിപ്പുരമുറ്റത്ത് ഒരു മുറികൂടി പണിയിച്ചോട്ടെ എന്നാണ് കവി ചോദിക്കുന്നത്. ആധുനിക മനുഷ്യനെ മനസ്സിലാക്കുന്നതിൽ വയലാർ പരാജയപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ?
 
ഈ വിഷയത്തിൽ അഭിപ്രായം പറയാനുള്ള സൈദ്ധാന്തിക ബലം എനിക്കില്ല. ഒരു അനുവാചകൻ എന്ന നിലയ്ക്ക് തോന്നിയിട്ടുള്ളത് ഇതാണ്. ഒരാൾ അയാൾക്ക് പരിചിതമായ സംസ്കാരത്തിനകത്തുനിന്നു കൊണ്ട് തന്റെ സർഗാവിഷ്കാരങ്ങൾ നടത്തുന്നു. ഇന്നിന്ന വസ്തുക്കൾ സവർണം, അവർണം എന്നൊക്കെ നിശ്ചയിച്ചു കൊണ്ടുള്ള കാവ്യാസ്വാദനം ബൗദ്ധിക വ്യായാമത്തിനു കൊള്ളാം എന്നേയുള്ളൂ. നിലവിളക്കിന് അതിന്റേതായ സൗന്ദര്യമുണ്ട്. മൺവിളക്കിനും ചന്തമുണ്ട്. ഇതിൽ ഒന്നിനെക്കുറിച്ചു മാത്രമേ മിണ്ടാവൂ എന്ന് നിയമമില്ല. സവർണ ബിംബങ്ങൾ എന്ന് ആക്ഷേപിക്കപ്പെടുന്നവ എല്ലാം ഉപേക്ഷിക്കുക വഴി പ്രത്യേകിച്ചൊന്നും നേടാനില്ല. അതേസമയം പ്രമേയപരമായി ആ ബിംബങ്ങൾ എന്തിനുവേണ്ടി നിലകൊള്ളുന്ന എന്ന രാഷ്ട്രീയമാണ് പ്രധാനം. ഉദാഹരണമായി, 'പുതിയൊരു പുരുഷാർത്ഥത്തിനെ യാഗപ്പുരകളിൽ വെച്ചു വളർത്താം' എന്ന വരിയിലെ സവർണതയല്ല അത് ഉന്നയിക്കുന്ന രാഷ്ട്രീയമാണ് പ്രധാനം.

വയലാർ ഒരു കമ്യൂണിസ്റ്റായിരുന്നോ? ഒരിക്കൽ വയലാർ രക്തസാക്ഷി ദിനത്തിൽ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം 'മധുരമനോഹര മനോജ്ഞ ചൈന' എന്ന വാഴ്ത്തുപാട്ടിനെ 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈന' എന്ന് തിരുത്തിപ്പാടിയ ചരിത്രമുണ്ടല്ലോ, അതുകൊണ്ട് ചോദിക്കുകയാണ്.

വയലാറിന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹം പുരോഗമന പക്ഷത്ത് നിലയുറപ്പിച്ച ഒരു കവിയായിരുന്നു എന്നാണ്. പ്രധാനമായും പി ഭാസ്കരനും ഒ എൻ വി യും വയലാറും മനുഷ്യപക്ഷത്ത്, മർദ്ദിത പക്ഷത്ത് നിലകൊണ്ട നീതിബോധമുള്ള കവികൾ ആയിരുന്നു. അവർ ഒരു പാർട്ടി ചട്ടക്കൂടിന്റെ അതിരും മൂലകളും സംരക്ഷിച്ചിരുന്നവർ ആയിരുന്നില്ല. തങ്ങളുടെ ധാരണകളും വിശ്വാസങ്ങളും ഉലഞ്ഞ സമയങ്ങളിൽ അവർ പ്രതികരിച്ചിട്ടുണ്ടാവാം. അത് കവി ധർമ്മവുമാണ്.

'ഇന്ന് വയലാറിനെപ്പോലെയോ ഭാസ്കരൻ മാഷെപ്പോലെയോ എഴുതാനാവില്ല '  എന്ന് അങ്ങൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണമെന്താണ്?
 
അതും സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടു പറഞ്ഞതാണ്. സിനിമാഗാനങ്ങൾ സിനിമയുടെ ഭാഗമാണ്. സിനിമയുടെ രൂപഭാവങ്ങൾ മാറുന്നതിനനുസരിച്ച് അവയ്ക്കും മാറാതെ തരമില്ല. സംവേദനത്തിലും ഭാവുകത്വത്തിലും വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാതെ രചന നിർവ്വഹിക്കാൻ കഴിയില്ല. പുളിയിലക്കര മുണ്ടും കാമദേവനും തങ്കഭസ്മക്കുറിയും മറ്റും പുനരാനയിക്കുക ഉചിതമാവില്ല. ഭർത്താവിനെ അവിടുന്നേ, നാഥാ എന്നും മറ്റും വിളിക്കുന്ന ഭാര്യമാർ ഇല്ലാത്ത നിലയ്ക്ക് പാട്ടുകളിലും അത്തരം പ്രയോഗങ്ങൾ വരില്ല.

വയലാറിന്റെ ഏറ്റവും ഇഷ്ടമുള്ള വരികൾ ചോദിച്ചാൽ ഏത് പാട്ടാകും ഓർത്തെടുക്കുക?

വയലാറിന്റെ ഒട്ടുമിക്ക പാട്ടുകളും എനിക്ക് ഇഷ്ടമാണ്. പെട്ടെന്ന് ഒരെണ്ണം  പറയാൻ ആവശ്യപ്പെട്ടാൽ കുഴങ്ങിപ്പോകും.  'ഈ യുഗം കലിയുഗം', 'പാരിജാതം തിരുമിഴി തുറന്നു, ഇന്ദ്രവല്ലരി പൂ ചൂടി വരും...' തുടങ്ങിയ ചിലത് പെട്ടെന്ന് ഓർമ്മിക്കാം.
 

 

 

Follow Us:
Download App:
  • android
  • ios