'ഗോദറേജിനേക്കാള്‍ മികച്ച ഒരു വിദേശസോപ്പും എനിക്കറിയില്ല... ഇതുപയോഗിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.' ഇത് ഒരു പഴയ സോപ്പിന്‍റെ പരസ്യമാണ്. അതിമനോഹരമായ ഒരു സ്ത്രീയായിരിക്കും പരസ്യത്തില്‍ എന്ന് കരുതിയെങ്കില്‍ തെറ്റി. ആദ്യമായി സാഹിത്യത്തിന് നൊബേല്‍ പുരസ്‍കാരം ലഭിച്ച, ഇന്ത്യയുടെ ദേശീയഗാനം തന്നെ എഴുതിയ രബീന്ദ്രനാഥ ടാഗോറാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നീണ്ട താടിയുള്ള, മുഖത്ത് ഒരു സന്യാസിയുടെ ഭാവവും ശാന്തതയുമുള്ള രബീന്ദ്രനാഥ ടാഗോര്‍ സോപ്പുകളുടെയും ഹെയര്‍ ഓയിലുകളുടെയും എന്തിന് ബോണ്‍വിറ്റയുടെ പോലും പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നത് അസാധാരണമായി തോന്നാമെങ്കിലും സത്യമാണ്. ആ നൊബേൽ സമ്മാന ജേതാവ് അഞ്ച് പതിറ്റാണ്ടിനിടയിൽ നൂറുകണക്കിന് പരസ്യങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. 

അദ്ദേഹത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവും വിശാലവുമായ സാഹിത്യ-സംഗീത രംഗത്തെപ്പോലെ തന്നെ, പരസ്യലോകത്തിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം കാണാനാകും. പുസ്തകങ്ങൾ, സ്റ്റേഷനറി, മരുന്നുകൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങളുടെ പരസ്യത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.

ബസുമതി, കൊൽക്കത്ത മുനിസിപ്പൽ ഗസറ്റ്, ഭന്ദർ, സാധന തുടങ്ങിയ മാസികകളിലും ജേണലുകളിലും, ആനന്ദ ബസാർ പത്രിക, അമൃതബസാർ പത്രിക, സ്റ്റേറ്റ്‌സ്മാൻ തുടങ്ങിയ പത്രങ്ങളിലും അദ്ദേഹമുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പല മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ പുസ്‍തകത്തെ കുറിച്ച് അന്വേഷിക്കുകയാണ് ആദ്യം ചെയ്‍തിരുന്നത്. എന്നാല്‍, അതിനുശേഷം അവരുടെ ഉത്പന്നത്തെ കുറിച്ച് കുറച്ച് വാക്കുകള്‍ പറയാന്‍ ആവശ്യപ്പെടും. അത് പിന്നീട് ഒരു ട്രെന്‍ഡായി മാറുകയും മറ്റുള്ളവരും പരസ്യത്തിനായി അദ്ദേഹത്തെ സമീപിക്കുകയുമായിരുന്നു. ടാഗോറിനെ കുറിച്ച് ഗവേഷണം നടത്തിയിരുന്ന അരുണ്‍ കുമാര്‍ റോയ് IANS -നോട് പറഞ്ഞിരുന്നു. 1989 -ല്‍ സ്വന്തം ഗാനങ്ങളുടെ പ്രൊമോഷന്‍ സമയം തൊട്ട് 1941 -ല്‍ മരിക്കുന്നതുവരെയായി എത്രയോ പരസ്യങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും റോയ് പറയുന്നു. 

വലിയ തുകകള്‍ വാങ്ങുന്ന ആധുനിക കാലത്തെ ബ്രാൻഡ് അംബാസഡർമാരിൽ നിന്ന് വ്യത്യസ്തമായി, ടാഗോർ വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ തേടിയിട്ടുണ്ടോ എന്ന് അറിയില്ല, പകരം അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗത്തെയും വില്‍പ്പനയേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നുവെന്നും ഇതിനെ കുറിച്ച് പഠിച്ചവര്‍ പറയുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങളെ കുറിച്ച് വളരെ മനോഹരമായ പരസ്യങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. 

ടാഗോറിനെ കുറിച്ച് പഠിക്കുന്ന മറ്റൊരു ഗവേഷകയായ പബിത്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിലെ ദേശീയതയാണ്. 'അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്ന പരസ്യങ്ങളിലെ ഉത്പന്നങ്ങളെല്ലാം നിര്‍മ്മിച്ചിരുന്നത് ഇന്ത്യയിലെ തന്നെ കമ്പനികളാണ്. അവ വിദേശ കമ്പനികളുമായി പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. സ്വന്തം രാജ്യത്തെ (സ്വദേശി) ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സ്വന്തം കടമയായിട്ടാണ് രബീന്ദ്രനാഥ ടാഗോര്‍ കണ്ടിരുന്നത്' എന്നും പബിത്ര പറയുന്നു. ഇങ്ങനെയൊക്കെ പറയുമ്പോഴും, അന്ന് ബ്രിട്ടീഷ് മൾട്ടിനാഷണൽ കാഡ്‌ബറി നിർമ്മിച്ച ബോൺവിറ്റയുടെ പരസ്യത്തിലും ടാഗോർ പ്രത്യക്ഷപ്പെട്ടതായി കാണാനാകും. 

ഉത്പന്നങ്ങളുടെ പരസ്യത്തില്‍ മാത്രമല്ല വിവിധ ആളുകള്‍ക്ക് വേണ്ടിയും അദ്ദേഹം സംസാരിച്ചിരുന്നുവെന്നാണ് പറയുന്നത്. ഉദാഹരണത്തിന്, 1935 -ല്‍ റിസര്‍വ് ബാങ്കിന്‍റെ ലോക്കല്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അമര്‍ കൃഷ്‍ണ ഘോഷ്, ടാഗോറിന്‍റെ അനുഗ്രഹമടങ്ങിയ പരസ്യവുമായാണ് ആളുകളിലേക്കിറങ്ങിയത്. 'റിസര്‍വ് ബാങ്കിന്‍റെ ലോക്കല്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ അമര്‍ കൃഷ്‍ണ ഘോഷ് വിജയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു' എന്നാണ് ഇതിലെഴുതിയിരുന്നത്. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട് ആളുകള്‍ തങ്ങളുടെ ബ്രാന്‍ഡ് പേരെടുക്കുന്നതിനായി ടാഗോറിനെ ഉപയോഗിച്ച് പരസ്യം തയ്യാറാക്കിയതിന്‍റെ. 

1919 -ൽ ജാലിയൻവാല ബാഗ് കൂട്ടക്കൊലയ്ക്ക് മറുപടിയായി ടാഗോർ തന്റെ നൈറ്റ് പദവി (knighthood) ഉപേക്ഷിച്ചയുടനെ, നഗരത്തിലെ ഒരു ഫ്രൂട്ട് ജ്യൂസ് കച്ചവടക്കാരൻ അദ്ദേഹത്തിന്‍റെ പേര് ഉപയോഗിച്ച് രസകരമായ ഒരു പരസ്യം നൽകി. 'ടാഗോർ തന്റെ നൈറ്റ് പദവി ഉപേക്ഷിച്ചു. പക്ഷേ, ഞങ്ങളുടെ പഴച്ചാറുകൾ കുടിക്കുന്നത് നിങ്ങൾക്ക് ഉപേക്ഷിക്കാൻ കഴിയുമോ?' എന്നതായിരുന്നു പരസ്യം. ഏതായാലും ഈ പഞ്ച് ലൈൻ ജനങ്ങൾക്കിടയിൽ വലിയ കോളിളക്കം തന്നെ അന്ന് സൃഷ്ടിച്ചിരുന്നു എന്നും റോയ് പറഞ്ഞിരുന്നു.