കുഴുര്‍ വില്‍സന്‍ എഴുതിയ 'ഇന്ന് ഞാന്‍ നാളെ നീയാന്റപ്പന്‍' സമാഹാരത്തിന് ഒരു സഹകവിയുടെ വായന. ജിഷ കെ എഴുതുന്നു 

കുഴുര്‍ കവിതകള്‍ വേദനയുടെ വിറങ്ങലിച്ച മൃതദേഹവുമായി നിങ്ങളില്‍ അനുതാപമോ മറ്റെന്തെങ്കിലും വികാരങ്ങളോ ഉണര്‍ത്താന്‍ ഒരുമ്പെടുന്നില്ല. അത ഹൃദയ വേദനകള്‍ തന്നില്‍ നിന്നും അടര്‍ത്തി ഒരു കയ്യകലം ദൂരേയ്ക്ക് മാറ്റി പിടിച്ചിരിക്കുന്നു. അതിനെ ഭാഷ കൊണ്ട് വാക്കുകളുടെ ധൂര്‍ത്തു കൊണ്ട് അതി മനോഹരമായി അലങ്കരിച്ചിരിക്കുന്നു.


No, two persons ever read the same book.
അതിനാല്‍ ഞാന്‍ വായിച്ച പുസ്തകം നിങ്ങള്‍ക്ക് വായിക്കാന്‍ ഒരിക്കലും വിട്ടു തരില്ല..

'ഇന്ന് ഞാന്‍ നാളെ നീയാന്റപ്പന്‍' ഒറ്റ നോട്ടത്തില്‍ അതിലളിതമാണെന്നു കരുതിപ്പോവുമെങ്കിലും ദീര്‍ഘിപ്പിച്ച്, വിസ്തരിച്ചു, വിശദീകരിച്ച്, അവിടവിടങ്ങളില്‍ വന്നെത്തി നോക്കി, ആര് മുഖവിലയ്ക്കെടുത്തില്ലെങ്കിലും എന്റെ തുടിപ്പുകള്‍ ഞാന്‍ ഇതാ പകര്‍ത്തി വെയ്ക്കുന്നു എന്ന് പറയാതെ പറയുന്നുണ്ട്.

ജീവിതത്തിന്റെ മടുപ്പിക്കുന്ന നൈരന്തര്യം, ആവര്‍ത്തനവിരസത. അതിന്റെ കൂടിക്കലര്‍പ്പുകളിലേക്ക് ഒരിക്കലെങ്കിലും സ്വയമറിയാതെ ഒന്നെത്തി നോക്കാതെ കവിതവായന പൂത്തിയാക്കാന്‍ അനുവാദം നല്‍കപ്പെട്ടിട്ടില്ല.

ജീവിതവും മരണവും കവിതയില്‍ ഉള്ളതിനേക്കാള്‍ ഏറെ യാഥാര്‍ഥ്യത്തില്‍, മഴയും വെയിലുമെന്ന പോലെ കണ്ണു പൊത്തിക്കളിക്കുന്നിടങ്ങളില്‍ കവിത തോര്‍ച്ചയിലേക്കുള്ള ഒറ്റ നിമിഷത്തെ കയറി നില്‍പ്പാണ്. മരുഭൂമിയില്‍ ആരോ ഒരാള്‍ ഏറെ ദാഹിക്കുമ്പോള്‍ സ്വയം ഭൂവാകുന്ന മരീചിക. ശൈത്യത്തിന്റെ മഞ്ഞു പലകകളില്‍ കാത്തിരിപ്പെന്ന പോലെ ഒരു ശിശിരത്തിന്റെ ഓര്‍മയില്‍ അത് വെളുത്തു വിളറുന്നത് പോലെ. അതിജീവനത്തിന്റെ പ്രളയ സ്മരണകള്‍ പോലെ കുത്തൊഴുക്കില്‍ പെടുത്തുന്നത്.

അതില്‍ ആശ്ചര്യപ്പെടാം. ഭയപ്പെട്ട് നോക്കാം, വിഷാദിയോ ഉന്മാദിയോ ആവാം. പരിഭ്രമിച്ചേക്കാം. പരാതിപ്പെടാം. നൂറു നുറുങ്ങുകളായി നുറുങ്ങുകയോ ശിലപോലെ ഉറഞ്ഞു പോവുകയോ ചെയ്യാം.

പക്ഷേ, കുഴുര്‍ കവിതകള്‍ വേദനയുടെ വിറങ്ങലിച്ച മൃതദേഹവുമായി നിങ്ങളില്‍ അനുതാപമോ മറ്റെന്തെങ്കിലും വികാരങ്ങളോ ഉണര്‍ത്താന്‍ ഒരുമ്പെടുന്നില്ല. അത ഹൃദയ വേദനകള്‍ തന്നില്‍ നിന്നും അടര്‍ത്തി ഒരു കയ്യകലം ദൂരേയ്ക്ക് മാറ്റി പിടിച്ചിരിക്കുന്നു. അതിനെ ഭാഷ കൊണ്ട് വാക്കുകളുടെ ധൂര്‍ത്തു കൊണ്ട് അതി മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അത് കൊണ്ട് അനുവാചകനൊരു മൃദുലമായ പുതപ്പ് തീര്‍ക്കുകയാണ്. ഒറ്റപ്പെട്ട രാത്രികളുടെ കറുത്ത മേനിയിലേക്ക് ഇരുട്ട് പോലെ പതുപതുത്ത ഒരു കമ്പളം. അങ്ങനെ ചെയ്യുമ്പോഴും സ്വന്തമല്ലാത്ത ഒന്നിനെ മാറി നോക്കി കാണും വിധം കവി തന്നെ വായനയ്ക്കു ഉറക്കമിളച്ചു കൂട്ടിരിക്കുകയും ചെയ്യുന്നു.

അയത്‌നലളിതമാണ് കുഴുര്‍ വില്‍സന്റെ ഭാഷ. ദുര്‍ഗ്രാഹ്യമായ വാക്കുകളോ പദാവലികളോ കൊണ്ട് മസ്തിഷ്‌കവള്ളികളെ അത് ഉലച്ചു കെട്ടുന്നില്ല. പകരം ദൈവ വചനം പോലെ, അത് അത്യധികം ലളിതവും എളുപ്പത്തില്‍ സംവദിക്കപ്പടുന്നു. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുക എന്ന വിധം.

സ്വതബോധമെന്നുള്ള വാഞ്ചയില്‍ തന്റെ കല്ലറയിലേക്കുള്ള കൊത്തു പണികള്‍ നടത്തുന്നു കവിതയിലെ ആന്റപ്പന്റെ ചിരി.

ഉദ്ധരണികള്‍ കൊണ്ട് ജീവിതമെന്നു വേര്‍തിരിച്ചു എഴുതാമെന്നുള്ള വിഫല ശ്രമത്തോടുള്ള ഐകദാര്‍ഢ്യമാണ് 'ഇന്ന് നീ നാളെ ഞാന്‍ ആന്റപ്പന്‍' എന്ന കവിത. ജീവിതം മുഴുക്കെ മരണത്തിന്റെ കുഴിയെടുപ്പുകാരനായ ആന്റപ്പന്‍ ജീവിതത്തെക്കാളേറെ മരണത്തെ ആശ്ലേഷിച്ചു കഴിഞ്ഞത് പോലെ നിശ്ശബ്ദമായി വീണ്ടും ചിരി തുടരുന്നു. നിലവിളികളും കരച്ചിലുകളും തീരാവേദനകളും കൊണ്ട് വികൃതമായി അലങ്കരിക്കപ്പെട്ട മരണത്തിനു ഇതാദ്യമായാവണം ഒരു വിവാഹസല്‍ക്കാരത്തിന്റെ ഊഷ്മളത കൈ വരുന്നത്. അത് കൂട്ടിക്കുഴയലുകളാണ്, കലര്‍പ്പുകളാണ്. മുറുകിയ ഇഴയടുപ്പങ്ങളാണ് ജീവിതവും മരണവുമെന്നു എറ്റവും ശാന്തനായ ഒരാള്‍ സ്വയം മന്ത്രിക്കുന്നത് പോലെ.

മരണവുമായി വീണ്ടുമൊരഭിമുഖം എന്ന കവിതയില്‍, പകപ്പോടെ, അമ്പരപ്പോടെ, ഭീതിയോടെ, ഭയത്തോടെ, മരണത്തെ സമീപിക്കുന്ന ഒരാളെയല്ല കാണാന്‍ കഴിയുക. നന്നേ ക്ഷീണിതനായ മരണം, മനുഷ്യനെപ്പോലെ വിരസ നേരങ്ങളില്‍ ക്രിക്കറ്റ് കാണുന്നു. മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന അവരുടെ ഓരോ ചലനങ്ങളും ആസ്വദിക്കുന്നു.

ആ ലാഘവത്വമാവണം മരണത്തിനു മുന്‍പില്‍ ചോദ്യങ്ങള്‍ എമ്പാടും ശൂന്യമായത് പോലെ ജീവിതത്തിനു തോന്നാന്‍ കാരണം. അവസാന നിമിഷം വരെ അതാവും മരണവും ഗോപ്യമായി തുടരുന്നത്. മറവി എന്നൊരു ഒറ്റ വാക്കില്‍ കവി അതിനെ സമര്‍ത്ഥിച്ചിരിക്കുന്നു.

കുഴൂര്‍ വില്‍സന്‍

ആത്മാവിലേക്കൊരാള്‍ ഉരുകിയൊലിച്ചെത്തുന്നതാണ് പ്രണയം. മടക്കമില്ലാത്ത ഒരു യാത്ര പോലെ. പതം പറഞ്ഞു നിശ്ശബ്ദരാക്കുന്ന അലമുറകള്‍ ഇല്ലായിവിടെ. പകരം മുറിവുകളിലൂടെ ഒലിച്ചിറങ്ങി വീണ്ടും ചുണ്ടുകളിലേക്ക് തിരിച്ചെത്തുന്ന കണ്ണുനീര്‍ത്തുള്ളി പോലെ ഒന്ന്. ഉപ്പു കൂട്ടി മാത്രം കഴിക്കേണ്ടത്.

ജീവിത സമവാക്യങ്ങളോട് സമരസപ്പെട്ടു പോവുന്ന പരിപൂര്‍ണ്ണനായ ഒരു മനുഷ്യനല്ല കവി. കാര്യങ്ങളും കാരണങ്ങളും അയാള്‍ക്ക് പ്രിയപ്പെട്ടതാവുന്നു. ചില ഒളിച്ചോട്ടങ്ങളും പലായനങ്ങളും അല്പമാത്രമെങ്കിലും ജീവിതത്തെ സ്വപ്നഗന്ധിയാക്കുന്നു.

ചിത്രകാരിയുടെ ആട്ടിന്‍കുട്ടിയെ വില്‍ക്കാന്‍ ഒരുമ്പെടുകയാണ് കവി. നിര്‍ദ്ദയനോ നിഷ്ഠൂരനോ ആവുന്നില്ല അയാള്‍. അയാള്‍ക്കാവശ്യം ഊഷ്മളമായ, ഏറ്റവും ആര്‍ദ്രമായ ചിത്രകാരിയുടെ വിരല്‍ തുമ്പിലെ ചിത്രസമന്വയമാണ്. അതിലുമേറെ മുഗ്ധമായ അവളുടെ ഓമന സങ്കല്‍പങ്ങളെയാണ്. അതില്‍ മുഴച്ചുനില്‍ക്കുന്ന ചിത്രത്തിന്റെ നിഷ്‌കളങ്കതയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആവശ്യപൂര്‍ത്തി കഴിഞ്ഞാല്‍ നിരുപാധികം അതിനെ തിരിച്ചു കൊടുക്കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും കരുതലോടെ അതയാള്‍ തിരിച്ചേല്‍പ്പിച്ചേക്കാം. അത് വരേക്കും അവളുടെ വിരലുകളില്‍ ചായം ഇറ്റു വീണു കൊണ്ടേയിരിക്കണം എന്നയാള്‍ ആഗ്രഹിച്ചു പോവുന്നു. അതിജീവനത്തിന്റെ ചുരുക്കം ചില ദിവസങ്ങള്‍ക്കു വേണ്ടി അഭയാര്‍ത്ഥിയാവുന്നു കവി. കവിതകള്‍ അയാള്‍ക്ക് താമസിക്കാനുള്ള വിശ്രമമന്ദിരങ്ങളും. 

സ്ഥായിയായ പക്വതയാര്‍ന്ന ഒരു സ്വത്വം വെളിപ്പെടുന്നുണ്ടോ കവിതയില്‍? 

കൊച്ചു ബാലനാണോ അയാ? അരക്ഷിതത്വങ്ങളില്‍ പകച്ചു പേടിച്ചരണ്ട് നില്‍ക്കുന്നൊരാള്‍. അല്ലെങ്കില്‍ അധോമുഖനായ കാമുകന്‍.. അതുമല്ലെങ്കില്‍ അവഗണിക്കപ്പെട്ട, തിരസ്‌കാരങ്ങളുടെ തെമ്മാടിക്കുഴി വെട്ടുന്നവന്‍. ആരായിരിക്കണം കവി?

...............................

Read more: എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
...............................



ഉത്തരമില്ല എന്നാണ് ഇതിന് ഉത്തരം. 

ഒറ്റ ഋതുവിനെയല്ല, ഋതു ഭേദങ്ങള്‍ ഓരോന്നിനേയും കവിതയെന്ന് വിളിക്കുകയാണ് കവി. അവിടം കുഞ്ഞു ബാലന്റെ കണ്ണീര്‍ക്കനലുകള്‍ മിന്നി മായുന്നു. അവന്റെ സ്വകാര്യ സംഭാഷണങ്ങള്‍. മരങ്ങളോടും പൂക്കളോടുമുള്ള കൗതുകങ്ങള്‍. ആത്മഗതങ്ങള്‍. ഒറ്റപ്പെട്ട ഒരു തുരുത്തിനെ പേര് ചൊല്ലി വിളിക്കുമ്പോള്‍ നിറയുന്ന മരങ്ങള്‍. അതിന്റെ സമ്പുഷ്ടമായ സാന്നിധ്യം. ഭാവനയേറ്റിട്ടും നേര്‍ക്കാത്ത ജൈവികത.

അതാണ് 'വസന്തം എന്റെ കവിതകളോട് പേര് ചോദിച്ചപ്പോള്‍' എന്ന കവിതയില്‍ അടയാളപ്പെടുന്നത്. ജീര്‍ണ്ണതയുടെ അടച്ചു പൂട്ടലുകള്‍ ഇല്ലാത്ത, പച്ചപ്പിന്റെ ഒരു അത്ഭുത ലോകം തുറക്കപ്പെടുന്നു. കൂടുതല്‍ തഴപ്പുകളും വന്യതയും പെരുകുന്ന ചിട്ടപ്പെടുത്തലുകളാല്‍ പരിമിതപ്പെടാത്തൊരിടം. അപകടകരമാം വിധം മരം കോച്ചുന്ന കവിതകളുടെ കൂപ്പ്.

..................................

Read more: തിന്താരു, കുഴൂര്‍ വിത്സന്റെ മൂന്ന് കവിതകള്‍
..................................



ഒരേ സമയം അതികാല്പനികവും അകാല്പനികവുമെന്നു തോന്നിയേക്കാം, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ജീവിതം പോലെ ആസ്വാദ്യമാക്കുകയാണ്,, 'രണ്ടു പേര് ലോകം ഉണ്ടാക്കി കളിക്കുന്ന പതിനൊന്നര മണി' എന്ന കവിത. യാഥാര്‍ഥ്യം എന്നത് അവനവന്റെ പേര് പോലെ മുഷിപ്പിക്കുകയും മടുപ്പിക്കുകയും ഒരു പക്ഷേ ഞെട്ടിച്ചു കളഞ്ഞേക്കുകയും ചെയ്തേക്കും. സുന്ദരമായ ഒരു സ്വപ്നത്തില്‍ നിന്നും പൊടുന്നനെ അത് നമ്മളെ വിളിച്ചിറക്കും. സകലതും ഉടഞ്ഞു പോകും.

അങ്ങനെയുള്ള ഇടത്താണ് രണ്ടു പേര് പരസ്പരം തങ്ങളില്‍ തങ്ങളില്‍ ഇറങ്ങി ചെല്ലുന്നത്. അവിടം കളിപ്പാട്ടങ്ങള്‍ കൊണ്ട് നിറയുന്നു. കളിപ്പേരുകള്‍ കൊണ്ടും. ഇണങ്ങിയും പിണങ്ങിയും ആത്മാവിന്റെ വീണ്ടെടുപ്പുകളാവുന്നു. 'ഞാന്‍... പിന്നെ നീ' എന്ന് തുടങ്ങി അവസാനം പലതിലും അവര്‍ വ്യാപിക്കുന്നു. ജീവനും പിന്നെ നിര്‍ജീവവുമാവുന്നു. ചുറ്റുപാടുകളാവുന്നു. എന്തുമാവുന്നു. തങ്ങള്‍ അല്ലാത്ത..
വാക്കുകളാല്‍ സുന്ദരമാക്കപ്പെടുന്ന ഒരു ഭാവനാ ലോകത്തിന്റെ സ്രഷ്ടവാകുന്നു ഇവിടെ കവി.

ഒരു സ്വാതന്ത്ര്യ പ്രഖ്യാപനവും കവിതകളിലൂടെ അയാള്‍ നടത്തുന്നില്ല. തുടര്‍ച്ചയായ ഇടമുറിയാത്ത എന്തോ ഒന്ന്. അതിന്റെ അസാന്നിധ്യം മാത്രം അയാള്‍ ഉറക്കെ ഉറക്കെ പറയുന്നു ഇല്ലാത്ത ആ ഒന്നിനെ തന്‍േറത് മാത്രമാക്കി അഹങ്കരിക്കുക എന്നല്ലാതെ. അതിനിടയില്‍ കവിത വന്നു പോകുന്നു.. ഹൃദ്യമായ ഒരു ആശ്ലേഷത്തില്‍ കവി അപ്പോള്‍ കവിതയാകുന്നു. വായനയ്ക്ക് ചൂട്ട് പിടിച്ചു മുന്നിട്ടിറങ്ങുമ്പോഴും തന്നിലേക്ക് തന്നെ പടരുന്ന ആയിരം കാലുകള്‍ കൊണ്ട് കവിതയേ വീണ്ടും വീണ്ടും അടയാളപ്പെടുത്തുന്നു. 

ഈ സമാഹാരം, വായനയില്‍ അനുവാചകന്റെ പൂര്‍ണ്ണ പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. താളുകള്‍ മറിയുന്ന ദ്രുതഗതിയില്‍ വായന മറിഞ്ഞു പോയേക്കും എന്ന് ഭ്രമിപ്പിക്കുന്ന വിധം കവിതകള്‍ ഒരുക്കപ്പെട്ടിരിക്കുന്നു.

എങ്കിലും പല ഇടങ്ങളിലും അവനവനു പാകമാകുന്ന ഉടുപ്പുകള്‍ പരിചയിക്കുന്നതു പോലെ ഓരോരുത്തരും കവിതയിലേക്ക് ഇറങ്ങി വരേണ്ടതുണ്ട്. പരസ്യ ഫലകങ്ങളോ ആകര്‍ഷണീയങ്ങളായ മോഹന സമ്മാനങ്ങളോ കുഴുരിന്റെ കവിതകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല
കള്ളി മുള്ളിന്റെ ചെറുത്തു നില്‍പ്പാണതിന്. വിധേയത്വമെന്നത് വിദൂര സ്വപ്നങ്ങളില്‍ പോലും വഴങ്ങാത്തത്. വന്നു പോകുന്നവര്‍ ഒരു വരി കുറിക്കൂ എന്നാവശ്യ പ്പെടും വിധം അത് കവിതയുടെ രാജ്യം സ്വപ്നം കാണുന്നു. അവിടെ കവിത്വത്തിന്റെ നൈതികത മാത്രം; ഇതിനാല്‍ ഇവിടെ ഞാന്‍ സമത്വപ്പെടുന്നു എന്നാര്‍ക്കും ചിന്തിക്കാവുന്നത്.

വായിച്ചു കഴിഞ്ഞപ്പോള്‍ എഴുതാതിരിക്കുന്നത് ആത്മഹത്യയെന്ന് ഒരു പക്ഷേ എന്റെ മാത്രം തോന്നല്‍ ആവുമോ?

അതിനാല്‍ 
ഞാന്‍ വാക്കുകളിലൂടെ സഞ്ചരിച്ചു. 
ലോകമതിനെ ആദ്യത്തേതെന്നോ 
അവസാനത്തേതെന്നോ 
അടയാളപ്പെടുത്തില്ലായിരിക്കും. 
യാത്ര എന്റേത് മാത്രമായിരുന്നു 
ഞാന്‍ യാത്രയുടെതും.

.............................

Read more: തിരികെ നടക്കുമ്പോള്‍, ജിഷ കെ എഴുതിയ കവിതകള്‍ 
.............................