Asianet News MalayalamAsianet News Malayalam

ഗാബോ തന്റെ മനസ്സിന്റെ കൂടുതുറന്ന് ഏകാന്തതയുടെ നൂറുവർഷങ്ങളെ കടലാസ്സിലേക്കിറക്കിവിട്ട നാൾ


ഈ വിഖ്യാത നോവൽ പൂർത്തിയാക്കാനെടുത്ത പതിനെട്ടുമാസം കൊണ്ട് മാർക്കേസ് പുകച്ചു തള്ളിയത് 30,000 സിഗററ്റുകളാണ് 

the day Gabo released one hundred years of solitude to the readers
Author
Macondo, First Published May 5, 2020, 10:04 AM IST

മെയ് 5 1967, ഇന്നേക്ക് 53 വർഷം മുമ്പാണ് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ 'Cien Años de Soledad' എന്ന പ്രഥമനോവൽ സ്പാനിഷ് ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്നത്. ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ നാഴികക്കല്ലുകളിൽ ഒന്നായ ഈ നോവൽ പുറത്തിറങ്ങിയ അന്നു തൊട്ട് എല്ലാവർഷവും മുടങ്ങാതെ മാർക്കേസ് നോബൽ സമ്മാനത്തിനുള്ള പരിഗണനകളിൽ ഒന്നായി മാറി. നീണ്ടുനീണ്ടൊടുവിൽ 1982 -ൽ അത് അദ്ദേഹത്തെ തേടിയെത്തി. മാജിക്കൽ റിയലിസത്തിന്റെ പള്ളിപ്പെരുന്നാളായ ആ കൃതി മക്കോണ്ടോ എന്ന സാങ്കല്പിക പട്ടണത്തിലെ ബുവണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥ പറഞ്ഞു നമ്മളെ മയക്കി. ആ നോവലിന്റെ പിറവിയെക്കുറിച്ച്, അതിനു പിന്നിൽ നടന്ന ജൈവപ്രവത്തനങ്ങളെപ്പറ്റിയാണ് ഇനി.

മെക്സിക്കോയുടെ ശാന്തമായ പ്രാന്തങ്ങളിലൊന്നിൽ, ഒരു കൊച്ചുവീട് സങ്കൽപ്പിക്കുക. അതിനുള്ളിലെ സാധാരണ കെട്ടിലും മട്ടിലും തന്നെയുള്ള ഒരു സാധാരണ വായനാമുറി. അതിനുള്ളിൽ ഒരു നോവലിസ്റ്റ് തന്റെ ജീവിതത്തിൽ ആദ്യമായി ഏകാന്തതയുടെ സൗന്ദര്യമറിഞ്ഞു.  അതിനെ അയാൾ തന്റെ ടൈപ്പ് റൈറ്ററിലൂടെ കടലാസുകളിലേക്ക് പകർത്തിക്കൊണ്ടേയിരുന്നു. സിഗരറ്റു പാക്കറ്റുകൾ വർക്കിങ് ടേബിളിൽ തങ്ങളുടെ ഊഴം കാത്ത് വിശ്രമിച്ചു. ദിവസവും അറുപത് സിഗരറ്റ് എന്നതായിരുന്നു മാർക്കേസിന്റെ കണക്ക്. കൈകൾ ടൈപ്പ് റൈറ്ററിൽ താളം പിടിക്കുമ്പോൾ, അതിന് എൽപി റിക്കാഡ് പ്ലെയറിലെ പതിഞ്ഞ സംഗീതം പശ്ചാത്തലമൊരുക്കി. ഡിബസ്സി, ബാർട്ടോക്ക്, എ ഹാർഡ് ഡെയ്‌സ് നൈറ്റ്... എന്നിങ്ങനെ പലതും ആ മുറിക്കുള്ളിൽ പതിഞ്ഞ സ്വരത്തിൽ മുഴങ്ങി. ചുവരിൽ അയാൾ മക്കോണ്ടോ എന്ന് വിളിച്ചിരുന്ന ഒരു കരീബിയൻ പട്ടണത്തിലെ ബുവണ്ടിയ എന്ന കുടുംബത്തിന്റെ സന്തതി പരമ്പരകളെക്കുറിച്ചുള്ള ചാർട്ടുകൾ തറച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ മുറിക്ക് പുറത്ത് കാലം അറുപതുകളുടെ അവസാനത്തോടടുത്തിരുന്നു എങ്കിൽ, മുറിക്കുള്ളിൽ അയാൾ പടർത്തിനിർത്തിയത് ആധുനിക പൂർവ അമേരിക്കയായിരുന്നു.

 

the day Gabo released one hundred years of solitude to the readers

മാർക്കേസ് 


മക്കോണ്ടോയിലെ ജനങ്ങൾക്ക് മേൽ അയാൾ നിദ്രാവിഹീനതയുടെ മഹാമാരി വിതച്ചു. മഞ്ഞ ചിത്രശലഭങ്ങളുടെ സംഘത്തെ തുറന്നുവിട്ടു. ആഭ്യന്തര യുദ്ധത്തിന്റെയും കൊളോണിയലിസത്തിന്റെയുമൊക്കെ നടുവിലൂടെ ജനങ്ങളെ  തേരാപ്പാരാ നടത്തിച്ചു. അവരുടെ പിന്നാലെ കിടപ്പറകളിൽ കടന്നുകയറി അവിടത്തെ കാമകേളികളുടെ രോമാഞ്ചം പകരുന്ന വർണ്ണനകൾ നടത്തി, "എന്റെ സ്വപ്നങ്ങളിൽപ്പോലും ഞാൻ സാഹിത്യം കണ്ടെടുക്കുകയായിരുന്നു ആ ദിനങ്ങളിൽ " എന്നാണ് മാർക്കേസ് പിന്നീട് തന്റെ അന്നത്തെ എഴുത്തിനെപ്പറ്റി പറഞ്ഞത്. മാസങ്ങൾ കഴിയുന്തോറും ടൈപ്പുചെയ്ത കടലാസുകൾ കൂമ്പാരമായിത്തുടങ്ങി.

1966 അവസാനമായപ്പോഴേക്കും നോവലിന്റെ എഴുത്ത് ഏതാണ്ടൊക്കെ പൂർത്തിയാക്കി മാർക്കേസ്. പബ്ലിഷ് ചെയ്തത് മെയ് അഞ്ചിനെന്ന് പുസ്തക ചരിത്രരേഖകൾ പലതും പറയുന്നു. മാർക്കേസിന്റെ പുസ്തകം വായനാ ലോകത്തുണ്ടാക്കിയ പ്രതികരണം സംഗീതലോകത്തെ ബീറ്റിൽ മാനിയയ്ക്ക് സമമോ അതിലപ്പുറമോ ആയിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ പുസ്തകം ഇംഗ്ലീഷ് വിവർത്തനത്തിൽ അച്ചടിച്ചു വരുന്നു. അധികം താമസിയാതെ തിളച്ചുമറിയുന്ന സൂര്യബിംബത്തോടു കൂടിയ ഒരു പേപ്പർബാക്ക് പതിപ്പും. കോപ്പികൾ 'മധുരനാരങ്ങകൾ പോലെ' വിറ്റുപോകുന്നു.  അങ്ങനെ പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോൾ, 1982 ലെ നൊബേൽ സമ്മാനവും ഗാബോയെ തേടിയെത്തുന്നു.

വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു അതിനുശേഷം. ഇന്നും മാർക്കേസിന്റെ എഴുത്ത് അത്രമേൽ കുതൂഹലം തന്നെ പുതുവായനക്കാരിലും, പഴമക്കാരിലും ഉണ്ടാക്കുന്നു. ഏകാന്തതയുടെ നൂറു വര്ഷങ്ങളുടേതടക്കമുള്ള ടൈപ്പ്സ്ക്രിപ്റ്റുകൾ ലേലത്തിനുവെച്ചപ്പോൾ അതിനുവേണ്ടി 'ഹാരി റാൻസം' സെന്റർ എന്ന ലേലസ്ഥാപനം ചെലവിട്ടത് രണ്ടു മില്യൺ ഡോളറിൽ അധികമാണ്. ടോണി മോറിസനും, സൽമാൻ റുഷ്ദിയും അടക്കമുള്ള പിൽക്കാല നോവലിസ്റ്റുകളിലെല്ലാം തന്നെ മാർകേസിന്റെ സ്വാധീനം ദൃശ്യമാണ്. ചൈന ടൌൺ എന്ന എഴുപതുകളിലെ പൊളൻസ്കി ജാക്ക് നിക്കോൾസൻ സിനിമയുടെ കഥനടക്കുന്ന എസ്റ്റേറ്റിന്റെ പേര് എൽ മക്കോണ്ടോ അപ്പാർട്ട്മെന്റ്സ് എന്നാണ്.

ലാറ്റിൻ അമേരിക്കൻ ഫിക്ഷനിലെ ഏറ്റവും നിഗൂഢമായ ഗ്രാമത്തിന്റെ സ്രഷ്ടാവ് പക്ഷെ ഒരു നഗരവാസിയായിരുന്നു. 1927 -ൽ കൊളംബിയയിലെ കരീബിയൻ തീരദേശഗ്രാമമായ അറകട്ടാകയിൽ ജനിച്ച്, ബൊഗോട്ടയുടെ പ്രാന്തപ്രദേശങ്ങളിൽ പഠിച്ചുവളർന്ന മാർക്കേസ്, നിയമവിദ്യാഭ്യാസം പാതിവഴി ഉപേക്ഷിച്ച് ജേർണലിസ്റ്റ് ആയതാണ്. നാട്ടിൽ സ്വേച്ഛാധിപത്യം ജീവിതം അസഹ്യമാക്കിയപ്പോൾ നാടുവിട്ട് യൂറോപ്പിലെത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടായിരുന്നു അവിടെ. പാരീസിൽ ലുബ്ധിച്ച് ജീവിച്ച്, റോമിൽ ഫിലിം മേക്കിങ്ങിൽ ക്‌ളാസുകളെടുത്ത്, ലണ്ടനിൽ തണുത്തു വിറച്ച്, കിഴക്കൻ ജർമനിയിൽ നിന്ന് കത്തുകളെഴുതി, ചെക്കോസ്ലോവാക്യയിലും, സോവിയറ്റ് യൂണിയനിലും കാലം കഴിച്ചുകൂട്ടി ഒടുവിൽ വെനിസ്വേലയിൽ ചെന്നുപെട്ടു മാർക്കേസ്. അവിടെ വെച്ച് ഒരു പതിവ് പരിശോധനയ്ക്കിടെ പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്നുണ്ട് അദ്ദേഹം. അവിടെ നിന്ന് ഊരിപ്പോന്ന ശേഷം ക്യൂബയിൽ കോമ്രേഡ് ഫിദൽ കാസ്ട്രോ അധികാരത്തിലേറിയപ്പോൾ കുറേക്കാലം ഹവാനയിൽ അവിടത്തെ സർക്കാർ പ്രസ് ഏജൻസി ആയ പ്രെൻസ ലാറ്റിനയിൽ ലാവണം. പിന്നീട്, 1961 ഭാര്യ മെഴ്സിഡസിനും മകൻ റോഡ്രിഗോയ്ക്കുമൊപ്പം ന്യൂയോർക്കിലേക്കുള്ള പറിച്ചു നടൽ. ആകെ മൊത്തം നഗരജീവിതം മാത്രം.


the day Gabo released one hundred years of solitude to the readers

ഫിദലിനോടൊപ്പം മാർക്കേസ് 


ന്യൂയോർക്കിലെത്തി അധികനാൾ കഴിയും മുമ്പ് കോമ്രേഡിന്റെ നാട്ടുകാരുമായി തെറ്റി പ്രെൻസ ലാറ്റിന വിടുന്നു. അവിടെനിന്ന് സ്വയം മെക്സിക്കോയിലേക്ക് പറിച്ചുനടുന്നു. ഇടക്കാലത്ത് ദാരിദ്ര്യം അലട്ടിയ സമയത്ത് ലാ ഫാമിലിയ എന്നൊരു വിമൻസ് മാഗസിൻ എഡിറ്റ് ചെയ്തിട്ടുണ്ട് മാർക്കേസ്. അതുകൂടാതെ ക്രൈം, സ്കാൻഡൽ എന്നിവയിൽ ശ്രദ്ധിക്കുന്ന മറ്റൊരു പാപ്പരാസി മാസികയും. അങ്ങനെ തട്ടിയും മുട്ടിയും കഴിയുന്നതിനിടെയാണ് 1965 -ൽ കാർമെൻ ബോൾസെൽസ് എന്ന ഒരു ലിറ്റററി ഏജന്റുമായി സന്ധിക്കുന്നത്. അവർ വഴി ഹാർപ്പർ ആൻഡ് റോയുമായി എഴുതുന്ന കോൺട്രാക്ട് ആണ് മാർക്കേസിന്റെ ആദ്യത്തെ പ്രധാനകരാർ.

ഏജന്റ് തിരികെ ബാഴ്‌സലോണയ്ക്ക് പോയ ശേഷം സകുടുംബം അക്കാപുൽക്കോയിൽ ഒരു ബീച്ച് ഹോളിഡെക്ക് സ്വന്തം ഓപ്പൽ കാറിൽ ഡ്രൈവ് ചെയ്ത പൊയ്ക്കൊണ്ടിരിക്കെയാണ് തന്റെ നോവലിന്റെ ഉൾവിളി മാർക്കേസിന്റെ തേടിയെത്തുന്നത്. ഒരു കൊച്ചു ഗ്രാമത്തിൽ അധിവസിക്കുന്ന വലിയൊരു കൂട്ടുകുടുംബത്തിലെ കഥ. അയാൾക്ക് അത് ആ നിമിഷം എഴുതിത്തുടങ്ങിയേ പറ്റൂ എന്നായി. അവധി റദ്ദാക്കി, വണ്ടി തിരിച്ച് തിരികെപ്പോന്നു മാർക്കേസ്. തിരികെ മെക്സിക്കോയിലെ തന്റെ വീട്ടിലെത്തിയ മാർക്കേസ് തന്റെ വായനമുറിയിൽ ടൈപ്പ് റൈറ്ററിന്റെ മുന്നിൽ ചെന്നിരുന്നു. "പിന്നെ ഞാൻ അടുത്ത പതിനെട്ടു മാസത്തേക്ക് എഴുന്നേറ്റതേയില്ല..." എന്നാണു മാർക്കേസ് തന്നെ പിന്നീട് അതേപ്പറ്റി ഓർത്തത്. മക്കോണ്ടോയിലെ തന്റെ വർക്ക്‌ഷോപ്പിൽ ഒളിച്ചിരിക്കുന്ന ഒറേലിയാനോ ബുവണ്ടിയയെപ്പോലെ മാർക്കേസും കുത്തിയിരുന്ന് എഴുതി. ടൈപ്പ് ചെയ്ത പ്രതികൾ വായിച്ചു നോക്കി തിരുത്തുകൾ പേനയാൽ അടയാളപ്പെടുത്തി വീണ്ടും ടൈപ്പ് ചെയ്തെടുക്കാം ടൈപ്പിസ്റ്റിനടുത്തേക്ക് കൊടുത്തുവിട്ടു. എഴുതിത്തീർന്ന അധ്യായങ്ങൾ വായിക്കാൻ സ്നേഹിതരെ വിളിച്ചുവരുത്തി.

 

the day Gabo released one hundred years of solitude to the readers

മാർക്കേസും മെഴ്സിഡസും 

ഭർത്താവ് ഭ്രാന്തമായി എഴുതിക്കൊണ്ടിരിക്കെ മെഴ്സിഡസ് കുടുംബം പുലർത്തി. എഴുതിത്തീർന്നാൽ സേവിക്കാൻ വേണ്ടി അവർ മാർക്കേസിന്റെ അലമാരയിൽ സ്കോച്ച് നിറച്ചുവെച്ചു. കടക്കാർ മാർക്കേസിന്റെ അടുത്തെത്താതെ സൂക്ഷിച്ചു. ഫലമോ, വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നൊന്നായി അപ്രത്യക്ഷമാകാൻ തുടങ്ങി. ടെലിഫോൺ, റേഡിയോ, ഫ്രിഡ്ജ്, പണ്ടങ്ങൾ... ഒടുവിൽ നിൽക്കക്കള്ളിയില്ലാതായ ഒരു ദിവസം മാർക്കേസ് തന്റെ പ്രിയപ്പെട്ട 1962 മോഡൽ ഓപ്പൽ കാറും വിറ്റു. ഒടുവിൽ പതിനെട്ടു മാസങ്ങൾക്കു ശേഷം നോവലിന്റെ ആദ്യത്തെ റ്റൈപ്പ്ഡ് പ്രതി തയ്യാറായി. അതുമായി മാർക്കേസും മെഴ്സിഡസും തപാലാപ്പീസിലേക്ക് പോയി. അത് എഡിറ്റോറിയൽ സുഡാമെറിക്കാനാ എന്ന പ്രസാധകന് അയച്ചു. പാതി കടലാസ്സ് അയക്കാൻ വേണ്ട പണമേ അവരുടെ കയ്യിലുണ്ടായിരുന്നുള്ളൂ. അത് ആദ്യമയച്ചു. രണ്ടാമത്തെ പാതി അടുത്തുള്ള ഒരു കടയിൽ ചെന്ന് ആഭരണം പണയം വെച്ച് കുറച്ച് കാശു സംഘടിപ്പിച്ച ശേഷം വേറെ അയച്ചു. 

പ്രകൃതിനിയമങ്ങളെ കലകൊണ്ട് അട്ടിമറിക്കുന്ന മാർക്കേസിന്റെ വിനോദത്തിന്റെ ആസ്വാദകർ മാജിക്കൽ റിയലിസം എന്നുവിളിച്ചു. മാർക്കേസിന്റെ നോവൽ ബമ്പർ ഹിറ്റായി. ആദ്യത്തെ ഒരാഴ്ചകൊണ്ട് അർജന്റീനയിൽ മാത്രം വിറ്റുപോയത് എണ്ണായിരം കോപ്പികളായിരുന്നു. അത് ഒരു ലാറ്റിനമേരിക്കൻ നോവലിനെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ വില്പനയായിരുന്നു. എല്ലാത്തരം വായനക്കാരും മാർക്കേസിന്റെ വായിച്ചു. പ്രണയിച്ചു. കൂലിത്തൊഴിലാളികൾ, പ്രൊഫസർമാർ, വീട്ടുവേലക്കാരി, തെരുവുവേശ്യകൾ എല്ലാവരും ആ നോവലിനെ ഇഷ്ടപ്പെട്ടു. സുന്ദരികളായ തരുണീമണികൾ അദ്ദേഹത്തിന് മുന്നിൽ സ്വന്തം ഫോട്ടോകളും ശരീരങ്ങൾ തന്നെയും സമർപ്പിച്ചു.

 

the day Gabo released one hundred years of solitude to the readers

നെരൂദയും മാർക്കേസും 


അത്തരം പ്രലോഭനങ്ങൾ എഴുത്തിനെ ബാധിക്കാതിരിക്കാൻ മാർക്കേസ് മെക്സിക്കോയിൽ നിന്ന് ബാഴ്സലോണയിലേക്ക് സ്വയം പറിച്ചു നട്ടു. അവിടെ വെച്ചാണ് പാബ്ലോ നെരൂദ മാർക്കേസിനെ കണ്ടുമുട്ടുന്നതും മാർക്കേസിനെപ്പറ്റി കവിത എഴുതുന്നതുമൊക്കെ. ഗ്രീൻ ഹൗസ് എന്ന തന്റെ നോവലിലൂടെ അതിനകം തന്നെ പ്രസിദ്ധിയാർജിച്ചിരുന്ന മരിയോ വർഗാസ് ലോസ മാർക്കേസിന്റെ നോവലിനെപ്പറ്റി ഒരു ഡോക്ടറൽ പ്രബന്ധം തയ്യാറാക്കുന്നതും അതിനു ഇറ്റലിയിലെയും ഫ്രാൻസിലെയുമൊക്കെ പ്രസിദ്ധസാഹിത്യപുരസ്‌കാരങ്ങൾ കിട്ടുന്നതുമൊക്കെ അക്കാലത്തായിരുന്നു. ഒരർത്ഥത്തിൽ സ്പാനിഷ് സാഹിത്യത്തിന്റെ ഐക്യത്തിന് തന്നെ ഈ നോവലിന്റെ ജനപ്രീതി കാരണമായി. ഹൂലിയോ കോർത്തസാറിന്റെ 'ഹോപ്പ്‌സ്‌കോച്ച്' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ഗ്രിഗറി റബാസ്സയാണ് ഏകാന്തതയുടെ നൂറുവർഷങ്ങൾ,  'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിട്യൂഡ്' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. മാർക്കേസ് തന്റെ സ്നേഹിതനായ കോർത്തസാറിനോട് ഒരു വിവർത്തകന്റെ പേര് നിർദേശിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹമാണ് റബാസ്സയുടെ പേര് മാർക്കേസിന് നിർദേശിക്കുന്നത്.  വിവർത്തനം ചെയ്യുക എന്ന ഉദ്ദേശം മനസ്സിലില്ലാതെ തന്നെ ഒന്നിലധികം വട്ടം മാർക്കേസിന്റെ നോവൽ വായിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു റബാസ്സ അപ്പോഴേക്കും.

1970 മാർച്ചിലായിരുന്നു 'ഏകാന്തതയുടെ നൂറുവർഷങ്ങളു'ടെ ആദ്യത്തെ ഇംഗ്ലീഷ് എഡിഷൻ പുറത്തുവരുന്നത്. വെറും അയ്യായിരം ഡോളറിന്, നഷ്ടമാണെന്നറിഞ്ഞു കൊണ്ടുതന്നെ മാർക്കേസ് ഒപ്പിട്ട,  'പീസ് ഓഫ് ഷിറ്റ്' എന്ന് മാർക്കേസ് തന്നെ വിളിച്ച,  ആ കോൺട്രാക്ടിൽ പുറത്തിറങ്ങിയ പുസ്തകം വിറ്റഴിഞ്ഞത് 5 കോടിയിലധികം പ്രതികളാണ്. തന്റെ സ്പാനിഷ് നോവലിന് റബാസ്സ നൽകിയ ഇംഗ്ലീഷ് പരിഭാഷ വായിച്ച ഗാബോ പറഞ്ഞത് അത് തന്റെ സ്പാനിഷ് ഒറിജിനലിനേക്കാൾ നല്ലതാണ് എന്നായിരുന്നു. 'ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ലാറ്റിനമേരിക്കൻ എഴുത്തുകാരൻ' എന്നാണ് മാർക്കേസ് റബാസ്സയെപ്പറ്റി പറഞ്ഞത്.

നോവൽ സിനിമയാക്കാൻ പലരും ശ്രമിച്ചു. മാർക്കേസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. ചിലരോട് ഗാബോയും ഏജന്റും ഒരിക്കലും നടക്കാത്ത തുകകൾ പറഞ്ഞു. മറ്റുള്ളവരോട് പ്രാവർത്തികമാക്കാൻ പറ്റാത്ത ഉപാധികളും. ഹാർവി വെയ്ൻസ്റ്റെയ്ൻ ആണ് കുറച്ചെങ്കിലും പുരോഗതി ഉണ്ടാക്കിയത്. അദ്ദേഹത്തോട് മാർക്കേസിന്റെ ഉപാധി ഇങ്ങനെ, "ഞാൻ പറയും പോലെ സിനിമ പിടിക്കണം, ഞാൻ പറയുംപോലെ റിലീസും ചെയ്യണം. മുഴുവൻ നോവലും സിനിമയാക്കണം. എന്നിട്ട് രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഓരോ അദ്ധ്യായം വെച്ച്, വർഷത്തിൽ ഓരോന്നുവീതമായി, നൂറുവർഷം കൊണ്ട് സിനിമ റിലീസ് ചെയ്ത തീർക്കണം"

ഈ വിഖ്യാത നോവൽ പൂർത്തിയാക്കാനെടുത്ത പതിനെട്ടുമാസം കൊണ്ട് മാർക്കേസ് പുകച്ചു തള്ളിയത് 30,000 സിഗററ്റുകളാണ്. എഴുത്തുകാലം അവർക്കുണ്ടാക്കിയത് അന്നത്തെ പതിനായിരം ഡോളറിന്റെ സാമ്പത്തികബാധ്യതയും. മെഴ്സിഡസിന്റെ ആശങ്ക ഒന്നുമാത്രമായിരുന്നു. " നമ്മൾ ഇത്രയൊക്കെ മെനക്കെട്ടിട്ട്, നിങ്ങളുടെ ഈ നോവൽ അഞ്ചു കാശിനു കൊള്ളില്ലെങ്കിലോ? "



കടപ്പാട് : വാനിറ്റി ഫെയർ മാസികയിൽ 2016 -ൽ പോൾ ഏലി എഴുതിയ 'ദ സീക്രട്ട് ഹിസ്റ്ററി ഓഫ് വൺ ഹൺഡ്രഡ്' ഇയേഴ്സ് ഓഫ് സോളിട്യൂഡ്' എന്ന ലേഖനത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങളാണിത്. വിവർത്തനം. ബാബു രാമചന്ദ്രൻ.

Follow Us:
Download App:
  • android
  • ios