സംസ്ഥാനത്തിന്റെ പലഭാഗത്തും ജനം ലോക്ക് ഡൌൺ കാരണം വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുന്ന ഈ കൊവിഡ് കാലത്ത്  പുതുമയാർന്നൊരു കൊറോണക്കവിതയുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജി സുധാകരൻ. ജി സുധാകരൻ എന്ന തീപ്പൊരി നേതാവിന്റെ അമ്ലരുചിയുള്ള ജിഹ്വയെ പരിചയിച്ചിട്ടുള്ള പലർക്കും പക്ഷേ, സാഹിത്യത്തിൽ അദ്ദേഹത്തിനുള്ള അനന്യമായ അഭിരുചിയെപ്പറ്റി ധാരണയുണ്ടാകാൻ വഴിയില്ല. ഏറെക്കാലമായി കവിത എഴുതുന്നുണ്ട് ജി സുധാകരൻ.  ആരാണ് നീ ഒബാമ, ഉണ്ണീ മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകൾ, ഇന്ത്യയെ കണ്ടെത്തൽ, പയ്യാമ്പലം, ഉന്നതങ്ങളിലെ പൊള്ളമനുഷ്യർ, അറേബ്യൻ പണിക്കാർ തുടങ്ങി പത്തോളം സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി അച്ചടിമഷി പുരണ്ടിട്ടുണ്ട്.  കവിതകളോട് പ്രിയം തോന്നി വായനക്കാരിൽ ചിലർ തന്നെ ഈണം കൊടുത്തു ചൊല്ലിയ സുധാകരന്റെ അപൂർവം ചില കവിതകൾ യുട്യൂബിലും ലഭ്യമാണ്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയെപ്പറ്റി ജി സുധാകരൻ അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്ത് എഴുതിയ 'ആരാണ് നീ ഈ ഒബാമ' എന്ന കവിത, ചെങ്ങന്നൂർ നിന്നുള്ള ഒരു ഇംഗ്ലീഷ് പ്രൊഫസർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സാക്ഷാൽ ഒബാമക്ക് തന്നെ അയച്ചു നൽകുകയും, പരിഭാഷാനന്തരം അഭിനന്ദനപ്രവാഹത്തിനു കാരണമാവുകയും ചെയ്ത ഒന്നാണ്.

 

 

2018 -ൽ ഷാർജ ബുക്ക് ഫെയറിൽ വെച്ച് സുധാകരന്റെ പൂച്ചേ പൂച്ചേ എന്ന സമാഹാരം പുറത്തിറങ്ങിയിരുന്നു. 'പൂച്ചേ പൂച്ചേ', 'വീണ്ടും ഞങ്ങള്‍ കാത്തിരിക്കുന്നു', 'എന്‍ കവിതേ', 'മണിവീണ മന്ത്രിക്കുന്നു', 'വിശ്വാസികളോടും വിദ്വേഷികളോടും', 'ഉണരുന്ന ഓര്‍മ്മകള്‍', 'കൊയ്ത്തുകാരികള്‍' തുടങ്ങിയ പന്ത്രണ്ടു കവിതകൾ അടങ്ങിയ സമാഹാരം പുറത്തിറക്കിയത് കണ്ണൂര്‍ കൈരളി ബുക്ക്സായിരുന്നു. കഴിഞ്ഞ മാർച്ച് 20 -ന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിപാല്‍ സംഗീത സംവിധാനം ചെയ്ത് പ്രശസ്തഗായകര്‍ ആലപിച്ച് മനോരമ മ്യൂസിക് തയ്യാറാക്കിയ ജി.സുധാകരന്‍റെ തെരഞ്ഞെടുത്ത കവിതകളുടെ സി.ഡി പ്രകാശനവും നടക്കാനിരിക്കയായിരുന്നു കൊവിഡിന്റെ കെടുതി സംസ്ഥാനത്തെ ആവേശിക്കുന്നത്. 'കനൽ വഴികൾ' എന്നായിരുന്നു ആ കാവ്യോപഹാരത്തിന് കവി ഇട്ടിരുന്ന പേര്.  തിരുവനന്തപുരം സ്റ്റുഡന്‍റ്സ്   സെന്‍ററില്‍ വച്ച് നടത്താനിരുന്ന ആ പരിപാടി കോറോണവൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് താത്കാലികമായി മറ്റൊരു ദിവസത്തേക്ക് അന്ന് മാറ്റിവെച്ചത്. 

“കവിത നമുക്ക് എന്തായി ഭവിക്കണം എന്ന് നമ്മുടെ ബോധമനസ്സിനെ താക്കീത് ചെയ്യുന്ന രചനകളാണ് സുധാകരകവിതകള്‍.” എന്ന് കഥാകൃത്തായ യു എ ഖാദര്‍ എഴുതിയിട്ടുണ്ട്. പ്രളയമുണ്ടായകാലത്ത് പ്രകൃതിയെ യക്ഷീരൂപിണിയായി കണ്ടുകൊണ്ട് കവിത എഴുതിയിട്ടുള്ളകവി തന്റെ കവിതകളുടെ ഉറവിടം കടലാണ് എന്ന് ഒരു പുസ്തകത്തിന്റെ ആമുഖത്തിൽ കുറിച്ചിട്ടുണ്ട്. തിരക്കിട്ട ജീവിതത്തിനിടെ, അവസരം കിട്ടുമ്പോഴൊക്കെ, കിട്ടിയ പ്രതലങ്ങളിലൊക്കെ കവിതയെഴുതിയിട്ടുണ്ട് സുധാകരൻ. ചിലപ്പോൾ തുണ്ടുകടലാസിൽ, ചിലപ്പോൾ നോട്ടീസിന്റെ പുറത്ത്...! നിയമസഭയിൽ വരെ ഇരുന്നു കവിതയെഴുതിയിട്ടുണ്ട് എന്ന് കവി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടൊരിക്കൽ. മന്ത്രി എന്ന നിലയ്ക്ക് സദാ യാത്രകൾ ആയതുകൊണ്ട് കാറിൽ സഞ്ചരിക്കുമ്പോഴും, ട്രെയിനിലിരുന്നും, എന്തിന് പൊതുയോഗങ്ങളിൽ തന്റെ ഊഴം കാത്തു സ്റ്റേജിൽ ഇരിക്കുമ്പോൾ വരെ ജി സുധാകരൻ എന്ന ജനനേതാവ് കവിതകൾ കുറിച്ചിട്ടുണ്ട്. 

കഴിഞ്ഞ കവിതകളിൽ സ്വീകരിച്ചിരിക്കുന്ന പതിവ് ശൈലികളിൽ നിന്ന് വഴിമാറി നടക്കുന്ന കവിയെയാണ് കലാകൗമുദി പ്രസിദ്ധീകരിച്ച ഈ കവിതയിൽ വായനക്കാർക്ക് കാണാനാവുക. "കാലമിങ്ങെന്നെ മറന്നാൽ മറന്നോട്ടെ, കാലകേയന്മാർക്കെല്ലാം വിശ്രമം ലഭിക്കട്ടെ" എന്ന ആത്മഗതത്തോടെ തുടങ്ങുന്നകവിത, കാലകേയന്മാർക്കൊപ്പം കലാകേയിമാറുണ്ടോ എന്ന അത്ഭുതവും, ഉണ്ടെങ്കിൽ അവർക്കൊക്കെയും നന്മ ഭവിക്കട്ടെ എന്ന ശുഭോദർക്കമായ ചിന്ത മുന്നോട്ടുവെച്ചുകൊണ്ട് തുടങ്ങുന്നു. 

നമുക്കെല്ലാം ആടുവാൻ മഹാശക്തി ഒരുക്കിവെക്കുന്ന വേഷങ്ങളാണ് ഈ ജീവിതങ്ങൾ എന്ന് കവി കവിതയിലൂടെ പറയുന്നു. എല്ലാം കാണാനും അറിയാനുമായി പഞ്ചേന്ദ്രിയങ്ങളും, ചിന്തിക്കാൻ ചിത്തവും മനീഷയും മനുഷ്യൻ മഹാശക്തിയാൽ ലഭിച്ചിട്ടുണ്ട്. അവൻ നശിക്കാൻ പുറപ്പെട്ടാൽ നശിക്കും, മനസ്സ് ജീവിക്കാൻ തുനിഞ്ഞകാല അതിനുള്ള ജീവിതജയാരവവും പ്രതീക്ഷിക്കാം. 

അറിവുള്ളവർ ചോന്ന അമൃത നിഷ്യന്തിയായ ചൊല്ലുകൾക്ക് കാതോർത്താൽ കൊറോണയെ തടയാം എന്ന് കവി പറയുന്നു. അറിയാതഹങ്കരക്കടലിൻ തിരമാലയതിലായ് കയറിനിന്നുന്മാദനൃത്തം ചെയ്യാൻ പുറപ്പെട്ടാൽ ആർക്കാവും രക്ഷിക്കാൻ കഴിയുക" കവി വേവലാതിപ്പെടുന്നിടത് കവിത അതിന്റെ ഔന്നത്യം പ്രാപിക്കുന്നു. 

കൊറോണ മാനവരാശി നേരിടേണ്ടി വന്നേക്കാവുന്ന ആദ്യത്തെ ദുർവിധിയല്ല എന്നൊരു പ്രവചനാത്മകമായ വരിയും ഈ കവിതയിലുണ്ട്. മനനം ചെയ്യുക എന്നത് മനുഷ്യന്റെ പ്രാഥമിക ധർമം ആണെന്നും, സമയം അശ്വവേഗത്തിൽ പറക്കുന്ന ഒന്നാണെന്നും കവി കവിതയിലൂടെ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്. 'വഴിയേ പോകുന്ന ദുരന്തത്തെ വിളിച്ചിറയത്തിരുത്തുന്ന ബുദ്ധി ഹാ..! കഷ്ടം..! കഷ്ടം..!' എന്ന കവിയുടെ വിലാപത്തിലാണ്  കവിത അവസാനിക്കുന്നത്.