ടര്‍ക്കി പതാകയെയും ആധുനിക ടര്‍ക്കിയുടെ സ്ഥാപകനായ മുസ്തഫാ കമാല്‍ അത്താതുര്‍ക്കിനെയും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവായത്.

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ലോകപ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക്കിനെതിരെ ടര്‍ക്കിയില്‍ കേസ്. പാമുക്കിന്റെ പുതിയ നോവലായ നൈറ്റ്‌സ് ഓഫ് പ്ലേഗില്‍ ടര്‍ക്കിഷ്് സംസ്‌കാരത്തിന് എതിരായ പരാമര്‍ശമുണ്ടെന്ന് ആരോപിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ടര്‍ക്കി പതാകയെയും ആധുനിക ടര്‍ക്കിയുടെ സ്ഥാപകനായ മുസ്തഫാ കമാല്‍ അത്താതുര്‍ക്കിനെയും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവായത്. രാഷ്രട സ്ഥാപകനെ അപമാനിക്കുന്നതിന് എതിരായ നിയമപ്രകാരമാണ് കേസ് എടുത്തത്. കുറ്റം തെളിഞ്ഞാല്‍, പാമുക്കിന് മൂന്ന് വര്‍ഷമെങ്കിലും തടവില്‍ കിടക്കേണ്ടി വരും. 

1900-കളിലെ പ്‌ളേഗ് മഹാമാരിയുടെ കാലത്ത് ഒരു സാങ്കല്‍പ്പിക ഓട്ടോമാന്‍ ദ്വീപില്‍ നടക്കുന്ന സംഭവങ്ങളാണ് പാമുക്കിന്റെ പുതിയ നോവലായ നൈറ്റ്‌സ് ഓഫ് പ്ലേഗിന്റെ പ്രമേയം. മാര്‍ച്ച് മാസത്തിലാണ് നോവല്‍ ടര്‍ക്കിയില്‍ പ്രസിദ്ധീകരിച്ചത്. ഏപ്രില്‍ മാസം ഭരണകക്ഷിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്‍ പാമുക്കിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തുടര്‍ന്ന്, തെളിവില്ലെന്ന കാരണം പറഞ്ഞ് കോടതി കേസ് തള്ളി. തുടര്‍ന്നാണ് ഈ അഭിഭാഷകന്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. അതിനു ശേഷമാണ്, കേസ് എടുത്ത് അന്വേഷണം നടത്തുന്നതിന് കോടതി ഉത്തരവിട്ടത്. 

വിവാദം ഉണ്ടായ ഏപ്രില്‍ മാസത്തില്‍ തന്നെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാമുക്ക് വ്യക്തമാക്കിയിരുന്നു. കേസെടുക്കാന്‍ കോടതി ഉത്തരവിട്ട പുതിയ സാഹചര്യത്തില്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. അത്താ തുര്‍ക്കിനെയോ ദേശീയ പതാകയെയോ നോവലില്‍ അനാദരവോടെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ആരോപണങ്ങള്‍ക്ക് വിരുദ്ധമായി, അങ്ങേയറ്റം വീരോചിതവും ആദരവോടും കൂടിയാണ് രാഷ്ട്രത്തിന്റെ സ്ഥാപകനെ നോവലില്‍ സമീപിച്ചതെന്നും പാമുക്ക് വ്യക്തമാക്കി. 

പാമുക്കിന് പിന്തുണയുമായി ലോകമെങ്ങുമുള്ള എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംഘടനകള്‍ രംഗത്തുവന്നു. പാമുക്ക് ടര്‍ക്കിയുടെ അമൂല്യ നിധിയായിട്ടുപോലും ടര്‍ക്കി ഭരണകൂടം അദ്ദേഹത്തെ ലക്ഷ്യമിടുകയാണെന്ന് ടര്‍ക്കി എഴുത്തുകാരില്‍ പ്രമുഖനും പെന്‍ ഇന്റര്‍നാഷനല്‍ പ്രസിഡന്റുമായ ബുര്‍ഹാന്‍ സോന്‍മസ് പ്രസ്താവനയില്‍ പറഞ്ഞു. പാമുക്കിനെ കേസില്‍ കുടുക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അര്‍മീനിയക്കാര്‍ക്കും കുര്‍ദ് വിഭാഗക്കാര്‍ക്കും എതിരെ ടര്‍ക്കി നടത്തിയ വംശഹത്യയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞതിന്റെ പേരില്‍ ടര്‍ക്കി സംസ്‌കാരമില്ലെന്ന് ആരോപിച്ച് നേരത്തെയും കോടതി പാമുക്കിനെ വിചാരണ ചെയ്തിരുന്നു. 2006-ല്‍ പാമുക്കിന് നൊബേല്‍ സമ്മാനം കിട്ടിയതോടെയാണ് കേസ് ഉപേക്ഷിച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. 

എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ടര്‍ക്കി ഭരണകൂടം അടിച്ചമര്‍ത്തല്‍ നടത്തുന്നതായി നേരത്തെ ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 25 എഴുത്തുകാരെ ടര്‍ക്കിയില്‍ ജയിലിലടച്ചതായി പെന്‍ അമേരിക്ക പ്രസ്താവനയില്‍ പറഞ്ഞു.