Asianet News MalayalamAsianet News Malayalam

ഒരിന തിരുമണം, സജിന്‍ പി. ജെ എഴുതിയ കവിത

വാക്കുല്‍സവത്തില്‍ ഇന്ന് സജിന്‍ പി ജെ എഴുതിയ കവിത. 

vaakkulsavam malayalam poem by Sajin PJ
Author
First Published Jan 27, 2023, 6:38 PM IST

കഞ്ഞി മുക്കിയ മുണ്ട് പോലെ
ചുളിവു വീണ തേയിലത്തോട്ടം.
ഓരം പറ്റി ഒഴിഞ്ഞു നില്‍ക്കും
ചോലക്കാടിന്റെ സമോവര്‍.
പതംപറഞ്ഞു കുത്തിയിരിക്കുന്ന
സൂര്യകാന്തിയും കൊങ്ങിണിയും.
അടിയിലീര്‍പ്പമുറഞ്ഞുകൂടുന്ന
സത്യപ്പുല്ലിന്റെ പഞ്ഞി മെത്ത.
നമ്മള്‍ മുങ്ങിക്കിടന്നുറങ്ങുന്ന
പതാല്‍ തണുപ്പ്, 
പാറക്കൂട്ടം.

നീ മരിച്ച ദിവസം മുഴുക്കനേ
ബീഡി വലിക്കുന്ന ഫാക്റ്ററി.
ഒച്ചുകള്‍ സ്വയം ചുമ്മിവരുന്ന
ഓര്‍മ്മപ്പൂവിട്ട റീത്തുകള്‍.
സാമ്പ്രാണികളുടെ ബൊക്ക 
കുത്തിനിര്‍ത്തിയ മുള്ളന്‍പന്നി.
സങ്കടത്തിന്റെ കട്ടിക്കണ്ണട 
തൂത്തു നില്‍ക്കുന്ന കേഴമാന്‍.
ഉടലില്‍ ഉടലഴിഞ്ഞ പാടുകള്‍,
നിന്റെ അരക്കെട്ടു നോക്കും
മനുഷ്യര്‍.
അവരെ നോക്കി ഒച്ചയില്ലാതെ
കൂവിയാര്‍ക്കുന്ന കാട്ടുകോഴി.

കൈയ്യെത്താത്ത ഉയരത്തില്‍
മേഘങ്ങള്‍
തൂക്കിയിട്ട കരിമ്പന.
നിലപ്പനകള്‍ പൂത്ത മഞ്ഞ,
വെയിറ്റിങ് ഷെഡ്ഡ്,
വീങ്ങിവീര്‍ത്ത കമത്തോടുകള്‍.
താണുവരുന്ന സൂര്യന്‍, കൂടെ
ഇറക്കൈകള്‍ കൊണ്ട വണ്ടി.
കാറ്റുവരുന്നു ചെറുങ്ങനെ,
നീയതില്‍ ഏറിപ്പോകുന്നു
മെതുവാ.

 

...........................

Also Read: ടി പി രാജീവന്റെ രണ്ട് കവിതകള്‍
Also Read: എട്ടാമ്പലുകള്‍ ഒരു കുളം നിര്‍മ്മിയ്ക്കുവാന്‍ പോകും വിധം, ബൈജു മണിയങ്കാല എഴുതിയ കവിതകള്‍
Also Read: മാരക സ്മാരകങ്ങള്‍, ഷാജു വിവിയുടെ കവിത

vaakkulsavam malayalam poem by Sajin PJ

Also Read: മൃഗപൗരാവലി, ഷീജ വക്കം എഴുതിയ കവിതകള്‍
Also Read: ഈ കാടിന് പേരിട്ടതാരാ...,സുകുമാരന്‍ ചാലിഗദ്ധയുടെ കവിതകള്‍

Also Read: ജാതിമരം, വിപിത എഴുതിയ കവിതകള്‍
...............................

 

ആകാശം പൊട്ടിയൊരു തുടം 
നീല
മരച്ചില്ലയില്‍ തട്ടിത്താഴേയ്ക്ക്.
തുരിശുവീണ ഇലകളെപോലെ
കുളിച്ചു നില്‍ക്കുന്ന പതാല്‍.
ഒരു പറവയുടെ നിഴലില്‍
തിര 
ഇളകിയാര്‍ക്കുന്ന ജലപടം.
കൊളുന്തു നുള്ളും ചേച്ചിമാര്‍,
അവരുടെ കൂടയില്‍ നിന്നും 
തമിഴ് മൊഴി.
'എന്ന തമ്പി, സൗഖ്യമാ ഇരിക്കിര്‍കിളാ?'
തേയിലച്ചെടിയിന്‍ കോര്‍മ്പല്ലില്‍ തട്ടി 
ചോരപൊടിയും തുടകള്‍!

കാട്ടിലവിന്റെ ചില്ലയില്‍ 
തൂങ്ങിയ 
കൂട്ടുകാരന്റെ ദേഹം.
കാറ്റിലാടുമ്പോള്‍ 
പതുക്കെപ്പൊഴിയും
ചെഞ്ചുവപ്പാര്‍ന്ന പൂക്കള്‍.
അവന്റെ മണം നിന്നെത്തേടി
അവിടമാകെ അലഞ്ഞ്.
വായില്‍ നിന്നുമൊഴുകും നുര,
നുരയില്‍ മുഴുക്കെ പ്രേമം.
നീ വരാത്ത വഴികളെ നോക്കി
കണ്ണിറുക്കുന്ന ഡാലിയ!

'നമ്മ ഊര്‍ പക്കത്തിലെ മുരുകന്‍ കോവിലില്ലയാ?'
'ആമാ...'
'അന്ത കോവിലിലെ തിരുവിഴാ വന്തിരിച്ച്.'
'അപ്പടിയാ?!'
'ആമാ, അണ്ണന്‍ കണ്ടിപ്പാ വരവേണം.'

പടികളെത്രയോ, പടരും കോട,
മുനിഞ്ഞു നില്‍ക്കും കോവില്‍.
നടകളിറങ്ങി ഇറങ്ങി വരുന്നുണ്ട്
സൗന്ദരരാജന്‍ കോളാമ്പി.
'ആന്‍ട്രു കേട്പവന്‍ അരശന്‍ 
മറന്താല്‍
ഇന്‍ട്രു കേട്പവന്‍ ഇരൈവന്‍.'

എന്റെ മടിയില്‍ തല ചായ്ച്ച്
മാനം നോക്കുന്ന മീനുകള്‍.
കണ്ണിണകളില്‍ തിളങ്ങിനില്‍ക്കുന്ന
കുന്നിന്‍ ചെരിവിലെ ആകാശം.
അവിടെ മേയും കലമാനുകള്‍,
പിന്നിലെരിഞ്ഞു കത്തും തീക്കട്ട.
നിന്റെ പിന്നാലെയുമിതുപോല്‍
എത്രയെത്രയോ കണ്ണുകള്‍!
പാര്‍ക്കില്‍, ബസ്സില്‍, 
പള്ളിക്കൂടത്തില്‍
വളവില്‍, തിരിവില്‍, പരപ്പിലും!
നിനക്കെന്നെങ്കിലും അയാളെയൊന്നു-
മ്മവെക്കാന്‍ കഴിഞ്ഞുവോ?

 

...........................
Also Read : തിന്താരു, കുഴൂര്‍ വിത്സന്റെ മൂന്ന് കവിതകള്‍
Also Read  കടൽകാക്ക: ഡി. അനിൽകുമാറിന്റെ കവിതകൾ
Also Read :ഏതിരുട്ടിലും, എം.പി. പ്രതീഷിന്റെ കവിതകള്‍
 

vaakkulsavam malayalam poem by Sajin PJ

Also Read :  പി രാമന്‍ എഴുതിയ കവിത, കുത്തബുദ്ധീന്‍ മാഷിന്  ഒരാശംസാഗാനം
Also Read :  ചത്തകവികളുടെ കാട്, വിഷ്ണു പ്രസാദ് എഴുതിയ ആറ് കവിതകള്‍
Also Read : ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
....................

 

പാല പൂത്തൊരിരവ്,
സെക്കന്‍ഡ് ഷോ
കഴിഞ്ഞു കൊഴിയുന്ന നേരം.
ഒരു തുള്ളി നിലാവ്, പൊരുന്തി 
ഒരു കലം നിറയെ ഇരുട്ടും.
വഴിയരുകില്‍ കലുങ്കില്‍ 
പോത്തിന്‍കാലുള്ളൊരു മനുഷ്യന്‍.
പന്തമെരിയുന്ന പോലെ നമ്മള്‍
അയാള്‍ക്ക് കൊടുത്ത ജ്യോതിമാന്‍.
പേടി തട്ടാത്ത നീ,
പേടികൊണ്ട് ചുളിഞ്ഞ ഞാനും.
'പയപ്പട വേണ്ട അണ്ണാ
അവര്‍ നമ്മ ആള്‍ താനെ!'
മാരാമണ്‍ കണ്‍വന്‍ഷന്‍,
ചെങ്ങന്നൂര്‍ 
തീവണ്ടിയാപ്പീസ്,
പെണ്ണൊരുത്തിയെ കണങ്കാലില്‍ തല്ലി
ഓടിച്ചു വിടുന്ന പോലീസ്.
'എന്ന സാര്‍ ഇത്! 
ഇപ്പടി അടിക്ക അവര്‍ 
ഒരു മനിതന്‍ അല്ലവാ?'
കട്ടന്‍ കുടിച്ചിരിക്കും ക്രിസ്മസ് പാപ്പ,
അടുത്തിരിക്കുന്ന പെട്രോള്‍മാക്‌സ്.
മാന്റിലില്‍ ചീറ്റി നക്ഷത്രം
കൂടെ ചൂട് കായുന്ന സൈഡ്രം.
കുളിര്‍ ഇരവ്, 
മുഴുമയാന അമൈതി,
പൂക്കള്‍ മീതു പനിവിഴും ചത്തം.
കുഞ്ഞുപൈതങ്ങള്‍ അമ്മയെ കാത്ത്,
അവര്‍ക്കു ചുറ്റും കടല്‍ത്തിര.
'ഇവങ്കളും നമ്മ താന്‍ അണ്ണാ.'

നിന്നരയിലെ പെണ്ണ്, മൂക്കിന്‍താഴ
കിളിച്ചു നില്‍ക്കുന്ന ആണ്.
ഇവയ്ക്കിടയില്‍ എവിടെയോ
മറഞ്ഞിരിക്കുന്ന നീ.
'റൊമ്പ വലിക്കിത് അണ്ണാ!'
നിന്റെ ഏങ്ങലിന്റെ ക്ലാര്‍നെറ്റ്.
മൂടല്‍മഞ്ഞില്‍ നിന്നും 
വെയിലിലേക്ക് 
ചുരമിറങ്ങുന്ന ബസ്സ്.
ചേര്‍ന്നിരിക്കുന്ന നമ്മള്‍,
വഴിയില്‍ ക്രിസ്തുവെപ്പോലെ 
പുളികള്‍.

കവല, കാളവണ്ടി, കഴുത
പിന്നില്‍ തെരു കടക്കുന്ന പാത. 
കോവില്‍ കഴിഞ്ഞാല്‍ കുന്ന്,
കുന്നിലേയ്ക്കേറിപ്പോവും വഴി.
'മഞ്ചള്‍ എപ്പടി അണ്ണാ
മൂഞ്ചി നിറയെ ഇറുക്കിറതാ, പാറ്?'
തോട്ടിറമ്പിലെ പന്നല്‍ 
വിറച്ചു നില്‍ക്കും നിന്റെ പുരികം.
അരക്കെട്ടിലെ തോര്‍ത്ത്,
പനച്ചൊഴുകി നനയുന്ന ചോര.

'അന്‍പേ, അന്‍പേ, അന്‍പേ,
പോക വേണാ അന്‍പേ!'
'റൊമ്പ വലിക്കിത് അണ്ണാ!'
'എന്ന സെയ്വോം മകനെ?!'
'നീങ്ക കലമ്പുങ്കോ, 
ആനാല്‍ യാരിടവും സൊല്ലാതെ.
ഊരിലെ നാന്‍ ഉന്നെ വിട്ടു
ഓടി പോയാച്ച്, അത് പോതും.'

മലയിറങ്ങിയ സന്ധ്യ,
കശാപ്പുകഴിഞ്ഞവനെ പോലെ
ചുവപ്പ്!
നേരം വഴിയരുകില്‍ കലുങ്കില്‍
കാല്‍തൂക്കി അവസരപ്പെടാമല്‍.
അവസാന ശ്വാസത്തിന്റെ തൂവല്‍ 
പാറിപ്പോവുന്ന നേരം
നീ നോക്കിയൊരാ നോട്ടം!

 

മലയാളത്തിലെ മികച്ച കവിതകള്‍ ഇവിടെ വായിക്കാം


 

Follow Us:
Download App:
  • android
  • ios